ഇന്ന് ഈസ്‌റ്റർ പ്രഭാതത്തിലെ വെയിലിലേക്ക് ഉണർന്നപ്പോൾ ഞാൻ വിചാരിക്കുകയായിരുന്നു: പെസഹാ വ്യാഴം (21) ഈസ്‌റ്റർ ഞായറിലെത്തി! പക്ഷേ, 'അവസാനത്തെ അത്താഴം' ഓർമ്മിപ്പിക്കാതെ ആ വ്യാഴത്തിൽ നിറഞ്ഞുനിൽക്കാൻ കാലത്തിന് കഴിയുമായിരുന്നോ? കുരിശിൽ തറയ്ക്കപ്പെട്ടവർക്ക് മാത്രം അവകാശപ്പെട്ട വിഹിതമല്ലേ ഉയിർത്തെഴുന്നേൽപ്പ്? ദുഃഖവെള്ളിയിലേക്കുള്ള സൂചനകൾ നിറഞ്ഞതല്ലേ പെസഹാ രാത്രിയിലെ അത്താഴം? തീർച്ചയായും ഞാൻ സൂചിപ്പിക്കുന്നത് ലിയനാർദോ ദ വിൻചിയുടെ ചിത്രമാണ്. 

To advertise here,

മാർറ്റിൻ കാപ്പ് (പത്രപ്രവർത്തകൻ, കലാചരിത്രകാരൻ) ഈയ്യിടെ ഒരിടത്ത് പറഞ്ഞിരുന്നു, "രേഖകളുടെ ചരിത്രം രേഖീയമൊഴികെ മറ്റെന്തുമാണ്." സത്യം! മിത്തുകൾക്ക് പുറത്ത് മൗലിക കഥാഖ്യാനവും രേഖീയമൊഴികെ മറ്റെന്തുമാണ്.  മനസ്സിൻ്റെ ചരിത്രവും ഓർമ്മകളുടെ വസ്‌തുവിവരപ്പട്ടികയും ഇതിനു ചുവട്ടിൽ കയ്യൊപ്പിടുന്നു. 

ബൈബിളികമായ പശ്ചാത്തലത്തിലെ പരിഗണനയിൽ എത്തും മുൻപ്, ദ വിൻചിയുടെ 'അവസാനത്തെ അത്താഴം' (The Last Supper) എൻ്റെ മനസ്സിൽ വരച്ചിട്ട പിൻരേഖകളുണ്ട് — ഭൂതത്തിലേക്ക്, ഈ പംക്തിയിലേക്ക്‌  പോലും! ഉദാഹരണം: മേശപ്പുറത്തെ കുതിര (19). 

placeholder
കടപ്പാട്://twitter.com/CoffeewClassics

ചുറ്റുമുള്ളവർ കണ്ടില്ലെന്ന് നടിച്ചുകൊണ്ടിരിക്കേ അത്താഴമേശപ്പുറത്ത് നിൽക്കുന്ന ഈ കുതിര മരണചർച്ചയാണെന്ന് നാം കണ്ടു. ഈസ്‌റ്റർ രാത്രിയിൽ മേശക്ക് ചുറ്റും ഇരിക്കുന്നവർക്ക് ഈ കുതിരയെ കണ്ടില്ലെന്ന് ഭാവിക്കേണ്ടതില്ല; കുതിരയെ പുറത്തേക്കോടിക്കാം. പെസഹാ രാത്രിയിലെ നിഗൂഢതയിലേക്കും, ദുഃഖ വെള്ളിയിലെ ചാവിലേക്കും, ദുഃഖ ശനിയിലെ അടക്കത്തിലേക്കും വിശ്വാസികൾക്ക് ധൈര്യപൂർവ്വം തിരിഞ്ഞു നോക്കാം. 

പക്ഷേ, ആദ്യമായി കുതിരയെ വിവരിക്കുമ്പോൾപ്പോലും എൻ്റെ മനസ്സിൽ വേറൊരു കുതിരയുണ്ടായിരുന്നു: ദ വിൻചിയുടെ കുതിര. രേഖാചിത്രങ്ങളിലെ കുതിര — പഠനങ്ങൾ, സ്‌റ്റഡികൾ. വർഷങ്ങൾക്ക് മുൻപ് 'നാഷണൽ ജീയഗ്രാഫിക്' മാസികയിൽ ആദ്യമായി ഈ രേഖകൾ കണ്ടപ്പോൾ എൻ്റെ ഉടൻപ്രതികരണം ഒരൊറ്റ വാക്കായിരുന്നു: "അനാറ്റമി!". ശരീരഘടനാശാസ്ത്രം. ദൃശ്യകലകളിൽ ഈ ശാസ്ത്രശാഖയുടെ വ്യാപക സ്വാധീനമായിരുന്നു നവോത്ഥാന (റെനസാൻസ്) മുന്നേറ്റം സാധ്യമാക്കിയൊരു അപൂർവ്വസംഭവം.  

placeholder
ഭീമാകാരന്‍ കുതിരയെ നിര്‍മിക്കാനായി ലിയനാർദോ നടത്തിയ വരകള്‍( ബ്രിട്ടിഷ് റോയല്‍ കളക്ഷനില്‍ നിന്നും)/ ഫോട്ടോ എ എഫ് പി

സ്‌റ്റഡികളിലെ വരകളുടെ വളവും ദിശയും പിടിച്ചെടുത്ത് ദ വിൻചിയുടെ ആദ്യത്തെ മാതൃകയായിരുന്ന കൂറ്റൻ കളിമൺശില്‌പം മനഃദൃഷ്ടമാക്കാനാവില്ല 

(രേഖകളുടെ ചരിത്രം രേഖീയമല്ല!). 1499ൽ മിലാനിൽ എത്തിയ ഫ്രഞ്ച്‌ പട ഒരു ട്രോജൻ കുതിരയായാവും അതിനെ കണ്ടതെന്ന് ദ വിൻചി സൈൻസ് സെൻറ്റർ (ഡിഎസ്എസ്) പറയുന്നു. പരിശീലനങ്ങളിൽ ഫ്രാൻസിലെ വില്ലാളികൾ ഉന്നമായി ഉപയോഗിച്ചതിനാൽ ആ കളിമൺകുതിര വെറുമൊരു മൺകൂനയായി. 

ജാപ്പനീസ്-അമേരിക്കൻ കലാകാരിയായ നീന അകാമു സ്വാംശീകരിച്ച  മാതൃകയിൽ 1999ൽ ഉയർന്ന വെങ്കല പ്രതിമ ആ പഴയ കളിമൺകൂനയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു (ഫ്രഞ്ച് പട്ടാളം നശിപ്പിച്ച കളിമൺകുതിരയുടെ ഓർമ്മ മരണം വരെ ലിയനാർദോയുടെ തീവ്രവേദനയായിരുന്നു). 

placeholder
നീന അകാമു

ദ വിൻചിയുടെ സ്വപ്‌നം വസ്‌തുവൽക്കരിക്കാൻ (നൂറ്റാണ്ടുകളിലൂടെയുള്ള  നഷ്‌ടങ്ങൾക്കു ശേഷം അവശേഷിക്കുന്ന നോട്ടുപുസ്‌തകളിലെ വരപ്പുകളെയും കുറിപ്പുകളെയും ഒരു വെങ്കല മാധ്യമത്തിലൂടെ പ്രത്യക്ഷതയിൽ എത്തിക്കാൻ) തൻ്റെ ജീവിതത്തിലെ അവസാനത്തെ പതിനേഴ് വർഷങ്ങളോളം അശ്രാന്തമായി പ്രവർത്തിച്ച ചാൾസ് ഡി. ഡെൻറ്റ് ഇപ്പോൾ ഡിഎസ്എസിൻ്റെ കടലാസുകളിൽ നിറഞ്ഞു നിൽക്കുന്നു: "He took up the horse’s reins and remained at full gallop for the rest of his life." 

ഏറെ വർഷങ്ങൾക്ക് മുൻപ്  'നാഷണൽ ജീയഗ്രാഫിക്' മാസികയിൽ എന്നെ ആശ്ചര്യപ്പെടുത്തിയ അതേ ലക്കത്തിലെ രേഖാചിത്രങ്ങളാണ് ഒരു അമേരിക്കൻ വൈമാനികനായ ഡെൻറ്റിനെ ആകർഷിച്ചതെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. വ്യോമയാന തന്ത്രത്തിലെ ആദ്യ രൂപരേഖകളുടെയും പരീക്ഷണങ്ങളുടെയും സന്ദർഭങ്ങളിലും പൂർവ്വഗാമിയായിരുന്നില്ലേ ദ വിൻചി! 

ഞാൻ പറയും, നിരന്തര സവാരിയിലൂടെ ലിയനാർദോയുടെ വരപ്പുകളെ  കുതിരയാക്കുകയാണ് ചാൾസ് ഡെൻറ്റ് ചെയ്‌തത്. സവാരി തുടങ്ങിയാൽ മാത്രം വാഹനമാകുന്ന ആശയമാണ് അസ്സൽ കല.    

തീൻമേശ: ഒരു അപരിചിത മത്സ്യത്തെ വിവരിക്കൽ  

ഈസ്‌റ്ററിൽ ഏതു അത്താഴമേശക്ക് ചുറ്റും പഴയൊരു കളിമൺകുതിരയുടെ ഉയിർപ്പിൻ്റെ കഥ ദീർഘസംഭാഷണങ്ങളുടെ പിൻതലത്തിൽ കുളമ്പടികളാവാം. 

ഒരു വസ്‌തുത ഇവിടെ കൂട്ടിച്ചേർക്കാം. മനസ്സ് തൻ്റെ കളിമൺ മാതൃകയിലേക്ക്‌ തുടരുന്ന കാലത്ത്, ദേശീയപ്രാധാന്യവും അപാരമായ വൈവിധ്യവുമുള്ള ഏറെ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നതിന്നിടയിലാണ് ലിയനാർദോ ദ വിൻചി 'അവസാനത്തെ അത്താഴം' ഒരു ചുവർച്ചിത്രത്തിലാക്കിയത്. ഡാൻ ബ്രൗണിൻ്റെ ജനപ്രീതി നേടിയ കൃതി (The Da Vinci Code) ചരിത്രതുല്യം  വിശ്വസനീയമാക്കിയ അഭ്യൂഹങ്ങൾ അപ്പടി (ലോക്ക്, സ്‌റ്റോക്ക്‌  ആൻഡ് ബാറൽ) വിഴുങ്ങാതിരിക്കുക! ഞാൻ ഈ എഴുത്തുകാരനെ അവഹേളിക്കുകയല്ല. 

ഇറ്റലിയിലെ രണ്ട് ഗവേഷകർ (ഓൺലൈൻ സുഹൃത്തുക്കൾ) ഈ കുറിപ്പിൻ്റെ   ആവശ്യത്തിനായി ദ വിൻചിയുടെ ചിത്രത്തിൻ്റെ ഒരു 'ഹൈ-റെസ്' രൂപാന്തരം എനിക്ക് കാണിച്ചു തന്നിരുന്നു. ഇതിലെ സൂക്ഷ്‌മമായ വിശദാംശങ്ങൾ സാധാരണ ഓൺലൈൻ ചിത്രങ്ങളിൽ തെളിയണമെന്നില്ല. ഇവയെ നേരിടുമ്പോൾ അഭ്യൂഹം ഒരു പ്രലോഭനമല്ല, വെല്ലുവിളിയാണ്. 'അവസാനത്തെ അത്താഴം' പറയുന്നു, പ്രതിഭയിൽ ഒരു വികൃതിയുണ്ട്!   

ഒരു കാര്യത്തിൽ ബ്രൗണിന് തീർച്ചയായും തെറ്റ് പറ്റിയിട്ടില്ല. വിവക്ഷയിൽ അന്യോന്യം ഇടഞ്ഞുനിൽക്കുന്ന ബിംബങ്ങൾ ചിത്രത്തിലെ ബോധപൂർവമായ വെയ്‌പുകളാണ്, സംശയമില്ല. ഇരട്ടപ്പൊരുളുകൾ ധ്വനിപ്പിച്ച് ദ വിൻചി കാഴ്‌ചയെ  ആശയക്കുഴപ്പത്തിലാക്കുന്നു. ദൃശ്യ വസ്‌തുക്കളെന്നല്ല, അവയെ സൂചിപ്പിക്കുന്ന വാക്കുകൾ പോലും ഇരട്ട സൂചനകളിൽ ചിത്രത്തിന് അനുബന്ധമാവുന്നു.  

എന്തുകൊണ്ടാണ് അപ്പം പുളിപ്പിച്ചിരിക്കുന്നത്? ചിത്രത്തിലെ അപ്പം (റൊട്ടി) പുളിച്ചതാണെന്ന് നാം അറിയില്ല. എന്തിനാണ് റൊട്ടി? എന്തിനാണ് ഉപ്പ്, സിട്രസ്, വീഞ്ഞ്? ബൈബിളിക വലയങ്ങളിൽ ഇവക്കെല്ലാം കിട്ടാവുന്ന ഉത്തരങ്ങൾ വിവാദപരമാവാം. വിവാദം ചിത്രത്തിലേക്ക് കടക്കുന്നു. 

ഉപ്പ് വിതറാനുള്ള പാത്രം (സോൽറ്റ് ഷേകർ) മേശപ്പുറത്ത് യൂദാസിൻ്റെ മുന്നിൽ മറിഞ്ഞുകിടക്കുന്നു. അങ്ങനെ കിടക്കുന്നൊരു ഉപ്പുപാത്രം വിശ്വാസ വായനയിൽ നിർഭാഗ്യത്തിൻ്റെ അടയാളമാണ്. പക്ഷേ, ഇത് നേരിട്ട് തിന്മയെ ചൂണ്ടുന്നുണ്ടോ? ഒരു പക്ഷേ പൂർവ്വാവസ്ഥ പ്രാപിക്കലിനെയാണ് ഇത് സൂചിപ്പിക്കുന്നതെങ്കിലോ? 

ഒറ്റുകാരൻ്റെ വേഷമിടാൻ യൂദാസ് മുൻകൂട്ടി നിയോഗിക്കപ്പെട്ടതാണെങ്കിലോ?  

എന്തുകൊണ്ടാണ് ആ മേശപ്പുറത്ത്  യൂദാസിൻ്റെ മുന്നിലുള്ള കിണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നത്? പെട്ടെന്ന് പറയാം, യൂദാസ് ആഹാരം കഴിച്ചു കഴിഞ്ഞു, പക്ഷേ, അയാൾ ആഹാരമേ കഴിച്ചിട്ടില്ലെങ്കിലോ! ആ അത്താഴച്ചടങ്ങിൽ വിഡ്ഢിയാക്കപ്പെടാത്ത ഒരേയൊരാൾ യൂദാസ് ആണെങ്കിലോ! 

ചിത്രത്തിലെ മത്സ്യം. ജീസസിൻ്റെ അന്തരീക്ഷത്തിൽ വളരെയേറെ  സൂചകമായൊരു ബിംബമാണ് മത്സ്യം. ജീവിതത്തിൻ്റെ ഭൂരിഭാഗവും ജീസസ് കഴിച്ചുകൂട്ടിയത് തിബെരിയാസ് (അഥവാ ഗലീലി) തടാകത്തിന് ചുറ്റുമാണ്; അവിടത്തെ മത്സ്യത്തൊഴിലാളികളെയാണ് അദ്ദേഹം അപ്പോസ്‌തലന്മാരായി തിരഞ്ഞെടുത്തത്. മത്സ്യം ഇങ്ങനെ വ്യക്തമായൊരു ഓർമ്മപ്പെടുത്തലുമാണ്. പക്ഷെ, മത്സ്യത്തെ തിരിച്ചറിയൽ?

മത്സ്യം ഹെറിങ് എന്ന മത്തിയാണോ, അതോ ഈൽ എന്ന ആരലാണോ? കുട്ടിക്കാലം തൊട്ട് മത്സ്യാഹാരം എൻ്റെ മെൻയൂവിൽ ഉണ്ടായിട്ടില്ല. എനിക്ക് തിരിച്ചറിയാൻ കഴിയില്ല. പക്ഷേ 'അവസാനത്തെ അത്താഴം' പഠിക്കാൻ ശ്രമിച്ച പല ഗവേഷകരും തീൻമേശപ്പുറത്തും, അതിനപ്പുറം നിവാസജലങ്ങളിലും ധാരാളമായി മത്സ്യങ്ങളെ പരിചയപ്പെട്ടവരാണ്. ഇവർക്ക് പോലും മത്സ്യത്തെ തിരിച്ചറിയാൻ  കഴിയുന്നില്ല. 

ഓർക്കുക, അനാറ്റമിയുടെ ആശാനായിരുന്നു ദ വിൻചി. അദ്ദേഹത്തിൻ്റെ ഒരു ചിത്രത്തിൽ, അതും ഒരു ചുവർച്ചിത്രത്തിൽ (180" x 350"), "അതോ/ഇതോ" എന്നൊരു അസ്‌തിത്വ സന്ദേഹം ഉണർത്തുന്ന മത്സ്യരൂപം ആരാണ് പ്രതീക്ഷിക്കുക!

ഭാഷയിലേക്ക് കടക്കുക. ഇറ്റാലിയൻ ഭാഷയിൽ ഈൽ (eel) "അരിംഗ" എന്നറിയപ്പെടുന്നു. എന്നാൽ "അറിംഗ" എന്നായാൽ അത് "പ്രബോധനം". അതേ സമയത്ത് വടക്കൻ ഇറ്റലിയിലെ മത്തി (herring) "റെംഗ" എന്നറിയപ്പെടുന്നു. "റെംഗ" എന്നാൽ മതത്തെ നിഷേധിക്കുന്ന ഒരാൾ! ഇതിവൃത്തം കൊഴുക്കുകയാണ്. 

placeholder
ചിത്രീകരണം: കെ. ഷെരീഫ്

തീൻമേശ: ഈസ്റ്ററിൽ എൻ്റെ കിണ്ണത്തിലെന്ത്? 

റോഡ്‌റിഗോയുടെ ഈസ്‌റ്റർ (04) പോലെയായിരുന്നു വർഷങ്ങളോളം എൻ്റെ ഈസ്‌റ്ററും. അദ്ദേഹത്തെപ്പറ്റി മകൾ ഫ്ളോസി പറഞ്ഞത് എന്നെക്കുറിച്ചുമാകാം: “ക്രിസ്‌മസ്‌ ഈവിനേക്കാൾ എൻ്റെ പപ്പ സ്നേഹിക്കുന്നത് ഈസ്‌റ്റർ നാളിനെയാണ്! എന്തുകൊണ്ടെന്നറിയില്ല, പപ്പയുടെ അത്താഴം അന്ന് വെറും റൊട്ടിയും വീഞ്ഞും മാത്രം. നാം ഗോവക്കാരുടെ പ്രിയപ്പെട്ട ഫെനി അന്നു മാത്രം പപ്പ ഒരു വശത്തേക്ക് മാറ്റും.” (ഞാൻ ഗോവക്കാരനല്ലാത്തതിനാൽ, "ഫെനി" ഒഴിവാക്കാം.)

കസാൻസാക്കിസിൻ്റെ ക്രിസ്‌തു (08) എനിക്കൊരു പ്രഭാവം നൽകിയെന്ന് തോന്നിച്ചിരുന്ന നാളുകളെക്കുറിച്ച് ഞാൻ എഴുതിയിരുന്നു —  മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ശ്രമിക്കുമ്പോൾ എൻ്റെ വാക്കുകൾ അനുഗ്രഹം പോലെ പ്രവർത്തിക്കുന്ന അത്ഭുതാവസ്ഥ. ജീവിതത്തിൻ്റെ ഒരു 'സ്‌റ്ററ്റിസ്‌റ്റികൽ' ലീല മാത്രമായാണ് ഞാൻ  ഇതിനെ കണ്ടത്. ഈ അവസ്ഥ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുകയും ചെയ്‌തു. 

ആ വിചിത്ര എപ്പിസോഡുകൾ തൊട്ടു തുടങ്ങുന്ന വർഷങ്ങളിലാണ് എൻ്റെ ഈസ്‌റ്റർ അത്താഴം റൊട്ടിയും വീഞ്ഞുമായത്. ആൽകഹാൽ തികച്ചും വർജ്ജ്യം ആയിരുന്നൊരു കാലഘട്ടത്തിൽ പോലും ഇത് തുടർന്നിരുന്നു. എന്തുകൊണ്ട്? എനിക്കറിയില്ല. എന്തുകൊണ്ടല്ലെന്നേ പറയാൻ കഴിയൂ. ഒരു പക്ഷേ ഇതു പറയേണ്ടത് ഒരാവശ്യവുമാണ്.

തീർച്ചയായും കസാൻസാക്കിസിൻ്റെ നോവൽ (The Last Temptation of Christ) ഈ ആഹാര വിഷയത്തിൽ ഒരു സ്വാധീനമായിരുന്നില്ല. വിശുദ്ധവാരം (Holy Week) എന്ന സങ്കല്‌പം എനിക്ക് പരിചിതമായിരുന്നില്ല. ജീസസിൻ്റെ ജീവിതത്തിലെ ഏറ്റവും നാടകീയമായ നിമ്‌നോന്നതങ്ങൾ വെറും നാലു നാളുകൾക്കുള്ളിൽ ഒതുക്കാമെന്ന്‌ ഞാൻ കൗതുകത്തോടെ ചിന്തിച്ചത്  ഈ പംക്തി എഴുതാൻ തുടങ്ങിയതിനു ശേഷമാണ്.

ഒരു വാർഷികചക്രം ഇതിന്നിടയിൽ എങ്ങനെയെന്നറിയാതെ എൻ്റെ ജീവിതത്തിൽ അച്ചുതണ്ട് പിടിച്ചെടുത്തിരുന്നു: ക്രിസ്‌മസ്‌ നാൾ കഴിഞ്ഞാൽ എന്തെങ്കിലുമൊരു വൻകിട പ്രശ്‌നമുണ്ടാവും; ഈസ്‌റ്റർ എത്തിയാൽ ഈ പ്രശ്‌നം വായുവിൽ ആവി പോലെ ഇല്ലാതാവും! പിന്നീട് ഈ പാറ്റേൺ ഇല്ലാതായി. എന്നിട്ടും തുടർന്നുള്ള വർഷങ്ങളിലും റോഡ്‌റിഗോയുടെ ഈസ്‌റ്റർ പോലെയായിരുന്നു എൻ്റെ ഈസ്‌റ്റർ —  അത്താഴം പെസഹാ നാളിലെ റൊട്ടിയും വീഞ്ഞും! 

ശാരീരിക കാരണങ്ങളാൽ, ഒറ്റക്ക് എൻ്റെ ഇഷ്‌ടമനുസരിച്ച് നഗരത്തിൽ കറങ്ങാനും, ഷോപ്പിംഗ് കേന്ദ്രങ്ങളിലും റെസ്‌റ്ററാൻറ്റുകളിലും കയറിയിറങ്ങാനും   കഴിയാതെ വന്നപ്പോൾ മാത്രമാണ് ഈസ്‌റ്ററിൽ എൻ്റെ അത്താഴം പ്രത്യേകിച്ച് ഒന്നും അല്ലാതെയായത്. 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം