To advertise here,

സെല്‍ഫികള്‍ എല്ലാവര്‍ക്കും പരിചിതമാകയാല്‍, അഹത്തെ/സ്വയത്തെ സൂചിപ്പിക്കുന്ന 'സെല്‍ഫ്' (self) ഒരു മലയാളപദം പോലെ ഉപയോഗിക്കാമെന്ന് ഞാന്‍ കരുതുന്നു. ആംഗലത്തില്‍ സെല്‍ഫ് മറ്റൊരു സ്വത്വതലത്തില്‍ എത്തുന്നു: 'ഇറ്റ്സെല്‍ഫ്' (itself). അചേതനങ്ങളോടും, മനുഷ്യേതര സചേതനങ്ങളോടും ഇത് ഒരേ പോലെ ഒത്തു പോകും. മഴ പെയ്യുമ്പോള്‍ ഒരു ജനാലയിലൂടെ തൊടിയിലേക്ക് നോക്കിയാല്‍ പോലും ഇവക്കെല്ലാം ഉദാഹരണങ്ങള്‍ കിട്ടും —  ഒരു പക്ഷേ, ഒരു തിരക്കഥയാകാവുന്ന ഒരൊറ്റ ഷോട്ടില്‍.

The stone itself bled the malice of ancient things.
The rain itself is explaining to the poet about its origin.
The leaf itself determines what happens to the water droplets.
The snake itself ins't an inherently negative symbol.

ധൃതിപ്പെട്ട് ഞാന്‍ അവിടന്നും ഇവിടന്നുമായി സംഭരിച്ചതാണ് ഈ വാക്യങ്ങള്‍ (random collection). പക്ഷേ ഈ പംക്തിയില്‍ അസാധാരണമാംവിധം സാധാരണമായ യാദൃച്ഛികത്വത്തില്‍ ഒരു ഛായാപട സന്ദര്‍ഭത്തിലെന്നതു പോലെ അന്വയിക്കുന്നു ഈ ഉദാഹരണങ്ങള്‍. ഇവയിപ്പോള്‍ ഒരു കാലഘട്ടത്തിന്റെ  'സ്‌പെസമെന്‍' ഭൂദൃശ്യം ആവുന്നു —  ഭാവിയിലെ കുഴിക്കലുകള്‍ക്കായി ഒരു ഫോസല്‍!   
  
ഭാഷയിലെ സൗകര്യത്തിനായി നാം വ്യാകരണത്തിലൂടെ ആരോപിക്കുന്ന സത്തയാണ് ഈ നാലു വരികളിലെയും 'ഇറ്റ്സെല്‍ഫ്'. കല്ലോ മഴയോ (അചേതനം), ഇലയോ പാമ്പോ (സചേതനം) ഈ ഷോട്ടില്‍ സ്വയം കേന്ദ്രീയമാകാന്‍ ശ്രമിക്കില്ല. ജനാലയിലൂടെ നിങ്ങള്‍ക്ക് കാണാവുന്നേടത്തോളം ഭൂദൃശ്യത്തിന്റെ പരിമിതിയില്‍ പോലും അങ്ങനെയൊരു ശ്രമം ഉണ്ടാവില്ല. 'കേന്ദ്രീയമാകല്‍' എന്ന സങ്കല്പത്തിന്റെ സങ്കീര്‍ണത ആവശ്യപ്പെടുന്നൊരു സ്വത്വം/സത്ത കല്ലിനും മഴക്കും ഇല്ല; ഇലക്കും പാമ്പിനും ഇല്ല —  അഭാവം. 

ഒരു ഷോട്ടിലെ ഈ അഭാവത്തെ സെല്‍ഫികളുടെ പ്രകട ഉദ്ദേശ്യവുമായി താരതമ്യപ്പെടുത്താനല്ല ഞാന്‍ ശ്രമിക്കുന്നത്. അതൊരു പഴയ വിഷയം. പുതിയ വിഷയം മാനുഷികതയുടെ സെല്‍ഫിയാണ്. ഇനി അഞ്ചാറ് നൂറ്റാണ്ടോളമെങ്കിലും തിരോഭവിക്കാതെ ഭൂമിയില്‍ തുടരണമെങ്കില്‍ മനുഷ്യവംശത്തിന് ആവശ്യമായ പുതിയ 'പുറപ്പാട്' (Exodus) തുടങ്ങുമ്പോള്‍, ഞാന്‍ സൂചിപ്പിച്ച അഭാവം നമുക്കൊരു വെളിപാട് പോലെ തെളിഞ്ഞിരിക്കണം.

സത്യത്തില്‍ ഈ കുറിപ്പിലെ മുഖ്യ ആശയങ്ങള്‍ എന്റെ മനസ്സില്‍ ഉണര്‍ന്നത് സെല്‍ഫികളുടെയും സെല്‍ഫോണുകളുടെ വരവിനു മുന്‍പാണ് —  എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചില വിദേശയാത്രകള്‍ക്കിടയില്‍. സഞ്ചാര ഭൂപടത്തിലെ ആശയങ്ങളുടെ മാധ്യമം ഇപ്പോള്‍ മനസ്സിലെ ചില സീനറിയോകളാണ്. 

മൂന്നു തിരക്കഥകള്‍: നാലാമത്തേതില്‍ ഒന്നിക്കാന്‍  

ഒരു സീനറിയോ. ഇന്ത്യക്കാരനായൊരാള്‍ ഇക്വഡോറിലേക്ക് പറക്കുന്നു; പിന്നെ കൊളംബിയയിലേക്ക്, പിന്നെ വെനസ്വേലയിലേക്ക്... എവിടെയെത്തിയാലും, ആ രാജ്യത്തിന്റെ ആത്മദ്രവ്യത്തിലെ ഒരു കണിക പോലും മനസ്സില്‍ പേറാതെ, ഒന്നും സ്വാംശീകരിക്കാതെ, യാത്ര തുടങ്ങും മുന്‍പുണ്ടായിരുന്ന ഇന്ത്യക്കാരനായിത്തന്നെ ഇയാള്‍ തിരിച്ചെത്തുന്നു. വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ ബാക്ക്പാക്കിന്റെ തൂക്കം കൂട്ടിയിരിക്കും; മോബല്‍ ഫോണില്‍ സെല്‍ഫികളുടെ എണ്ണം കൂടിയിരിക്കും. അത്രയും സഫലമീ യാത്ര. 

മറ്റൊരു സീനറിയോ. ഇന്ത്യക്കാരനായൊരാള്‍... ഇത് ഞാന്‍ തന്നെയാണ്. യാത്രാവിവരണങ്ങള്‍ എഴുതുന്നതില്‍ എനിക്ക് താത്പര്യമുണ്ടായിട്ടില്ല. വളരെ വിചിത്രമായൊരു തോന്നലുണ്ടായിരുന്നു. ഒരു നിലയ്ക്ക് യാത്രാവിവരണത്തിലെ സഞ്ചാരി 'ആത്മകഥ ആവാത്ത ഞാന്‍' അല്ലേ? എത്തുന്നത് ഇക്വഡോറിലായാലും കൊളംബിയയിലായാലും സഞ്ചാരത്തില്‍ കേന്ദ്രീയം ഞാന്‍ അല്ലേ? യാത്രകളില്‍ സ്വാംശീകരിച്ചതെല്ലാം പല രാജ്യങ്ങളിലെ അന്തരീക്ഷത്തിലും നിവാസികളിലും വിതരണം ചെയ്യുന്നൊരു കഥാപരമ്പര ('ആല്‍ബട്രോസിന്റെ കരച്ചില്‍') എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ ചോദ്യങ്ങളാണ്.  

മൂന്നാമതൊരു സീനറിയോയില്‍, യക്ഷിയുടെ ചൂലാണ് ഏറ്റവും ഇഷ്ടപ്പെട്ട എര്‍ലൈനെന്ന് പറയുന്ന ഇന്ത്യക്കാരന്‍ എന്റെയൊരു കഥാപാത്രമാണ്. ഒരു രാജ്യം ആദ്യമായി സന്ദര്‍ശിക്കുന്നത് നിങ്ങളുടെ മനസ്സില്‍ ഇതേ വരെ നിങ്ങള്‍ പോലും തിരിച്ചറിഞ്ഞിച്ചിട്ടില്ലാത്തൊരു അറ തുറക്കുന്നതു പോലെയാണെന്ന് ഇദ്ദേഹം പറയുന്നു. ഒരു ഇക്വഡോര്‍ അംശം നിങ്ങളില്‍ ഇല്ലെങ്കില്‍ ആ രാജ്യത്തേക്കുള്ള യാത്ര വിഫലം: ഒന്നാം സീനറിയോയിലെ യാത്രികനെപ്പോലെ മനസ്സില്‍ ഒന്നും പേറാതെ നിങ്ങള്‍ തിരിച്ചെത്തും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ഇക്വഡോര്‍ നിങ്ങള്‍ക്കുള്ളതല്ല!  

മൂന്നു സീനറിയോകളിലൂടെ പരിണമിച്ച് എന്റെ വിചാരങ്ങള്‍ എത്തിച്ചേര്‍ന്നത് നാലാമതൊരു സീനറിയോയിലാണ്. ഇതില്‍ ആവശ്യമായ സഞ്ചാരം ഏതെങ്കിലും ഇന്ത്യക്കാരനുള്ളതല്ല, മനുഷ്യവംശത്തിനു മുഴുവനായുമുള്ളൊരു നിയോഗമാണ്. അതെ, നിയോഗം. സ്വയം കേന്ദ്രീയമാകാതിരിക്കല്‍, ചെല്ലേണ്ട ഇടത്തിന്റെ ഒരംശം മുന്‍കൂട്ടി ഉള്ളിലുണ്ടാവല്‍ എന്നീ സങ്കല്പങ്ങള്‍ ഓര്‍മ്മിപ്പിച്ച് പറഞ്ഞാല്‍, നമുക്ക് ഏറെ അപ്പുറത്തേക്ക് പോകേണ്ടിയിരിക്കുന്നു- സ്ഥലപരമായല്ലാതെ. 

ചുവപ്പുതൊലിയില്ലെങ്കിലും ചുവപ്പിന്ത്യക്കാരെന്ന് വിളിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ നവാഹോ ഗോത്രത്തില്‍ പിറന്ന നറ്റാലി ഡിയാസ് നമുക്ക് ദിശാബോധം നല്‍കുന്നു: 'അപ്പുറത്തേക്ക്, നാം ഒരിക്കലും കേന്ദ്രം അല്ലാതിരുന്ന ഒരിടത്തേക്ക്, കേന്ദ്രമേ ഇല്ലാത്ത ഒരിടത്തേക്ക് — നമ്മെ ആവശ്യമില്ലാത്തതും, എങ്കിലും നമ്മെ ഉളവാക്കുകയും ചെയ്യുന്നേടത്തേക്ക്.' 

കല്ലിനും മഴക്കും ഇലക്കും പാമ്പിനും അനായാസമായി അവിടെയെത്താം. നമുക്കോ? ആ 'അപ്പുറ'ത്തിന്റെ ഒരംശം നമ്മിലുണ്ടോ? മനുഷ്യര്‍ എന്നെങ്കിലും ഭൂമിയെ സ്വാംശീകരിച്ചിട്ടുണ്ടോ? 

ഇത്രയും ഒരു സെല്‍ഫ്- സ്റ്റോറി. ഭൂമിയുടെ കഥ ഇല്ലാത്തൊരു ആത്മകഥ എനിക്കുണ്ടാവുമോ! ആത്മകഥയാവുന്ന ഞാനാണ് ഈ കുറിപ്പെഴുതുന്നത്. ഈ നിലയ്ക്ക് ഞാന്‍ എന്റെ അന്ത്യം വരെയും, ഭൂമിയില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ അന്ത്യം വരെയും, പിന്നെ ഭൂമിയുടെ അന്ത്യം വരെയും മനസ്സിലൂടെ സഞ്ചരിച്ചിട്ടുണ്ട്. എന്റെ പംക്തിയുടെ പേരിന്റെ പൊരുളെന്തെന്ന് നേരിട്ടും അല്ലാതെയും അന്വേഷിച്ച എല്ലാ വായനക്കാരുടെയും അറിവിനായാണ് ഞാന്‍ ഇത്രയും കൂട്ടിച്ചേര്‍ത്തത്.

placeholder
ചിത്രീകരണം : കെ ഷെരീഫ്‌

പെണ്‍കുട്ടി: ഒരു കര്‍ത്തവ്യം നിര്‍വഹിക്കല്‍  

ഡാലിയയുടെ അച്ഛന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്ന  വസ്തുതയിതാണ്: ചിന്തയില്‍ അന്ത്യം വരെ സഞ്ചരിക്കാന്‍ (14) ഡാലിയക്ക് ഒരു പക്ഷേ സാധിച്ചിരിക്കണം. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവാം. പതിന്നാലാമത്തെ കീമോ പതിവിലധികം നേരത്തേ പൂര്‍ത്തിയായതിലെ സന്തോഷത്തോടെ ഫ്ളാറ്റില്‍ തിരിച്ചെത്തിയതിനു ശേഷം വീണ്ടും ഹോസ്പിറ്റലിലേക്കു പോകാന്‍ ഡാലിയ നിര്‍ബദ്ധയായി —  പെട്ടെന്നൊരു തളര്‍ച്ചയുടെ ആക്രമണം (15). 

അച്ഛന്‍ കുടുംബസുഹൃത്തായ താത്രിയെ വിളിച്ചു. ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ താത്രി എത്തുന്നതിനു മുന്‍പ്, അത്ര പരിസരബോധം ഇല്ലാത്ത കിടപ്പില്‍, ഡാലിയ ചെയ്‌തൊരു കൃത്യത്തിലെ മനഃസാന്നിദ്ധ്യം ഇപ്പോള്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നു. പിന്നീട് ചില സംഭാഷണങ്ങളില്‍  ഡാലിയ വെളിപ്പെടുത്തിയ കാര്യങ്ങള്‍ 'അന്ത്യം വരെ സഞ്ചരിക്കല്‍' എന്ന ക്രിയ സ്ഥിരീകരിക്കുന്നു. ആദ്യം ആ ആശ്ചര്യം വിവരിക്കട്ടെ.

ഒരേ ഫ്ളാറ്റില്‍ താമസിക്കുന്ന മകള്‍ക്കും അച്ഛനും ഇടയില്‍ ഇ-തപാല്‍ വിനിമയങ്ങള്‍ ആവശ്യമില്ല. പക്ഷേ, പോയ ചില വര്‍ഷങ്ങളില്‍ ഡാലിയ അയച്ച ചില ലിങ്കുകളും അറ്റാച്ച്മന്റ്‌റുകളും ഡാഡിയുടെ ജിമെയിലില്‍ കാണാം  - ആധാര്‍, പാന്‍ കാഡ്, ബാങ്ക് പാസ്ബുക്കുകള്‍, ഗാസ് സിലന്‍ഡര്‍ കാര്‍ഡുകള്‍, വാടകക്കരാര്‍ കടലാസുകള്‍ ഇത്യാദികളുടെ തനിപ്പകര്‍പ്പുകള്‍; തന്നെ ബാധിച്ച അര്‍ബുദം ഉള്ളില്‍ തിരിച്ചറിയാന്‍ പോലും സമയമില്ലാതെ ഒറ്റക്കൊരു വാടകവീട് തേടിയലഞ്ഞ ദിവസങ്ങളില്‍ ഡാലിയ എടുത്ത ഫോട്ടോകള്‍;  ആമസോണില്‍ താന്‍ കണ്ട അടുക്കള സാമഗ്രികള്‍ ഡാഡിക്കും ഇഷ്ടപ്പെട്ടോ എന്നറിയാന്‍ അയച്ച ഹൈപര്‍ലിങ്കുകള്‍... 

സ്വന്തമായൊരു വീടില്ലാതെ താത്കാലിക താവളങ്ങളെ ആശ്രയിക്കുന്ന നാടോടികള്‍ ദൈനദിന ജീവിതത്തില്‍ നേരിടുന്ന സങ്കീര്‍ണതയുടെ ഹ്രസ്വ ചരിത്രമായി ഈ വിവരണത്തെ കാണാം. പക്ഷേ ഡാഡി ഒരിക്കല്‍ പറഞ്ഞത് ഡാലിയ ഒരിക്കലും മറക്കില്ല: 'നാം ജിപ്സികളാണ്, നമുക്കെവിടെയും കെട്ടിക്കിടക്കേണ്ടതില്ല.' 

ആറു ദിവസം  മുന്‍പാണ് ജിമെയിലില്‍ താന്‍ എങ്ങനെയോ വിട്ടുപോയൊരു സന്ദേശം ഡാലിയയുടെ ഡാഡി കണ്ടത്. അടുത്ത ഹോസ്പിറ്റല്‍ സന്ദര്‍ശനങ്ങളുടെ സമയപ്പട്ടികയില്‍ കുടുങ്ങിക്കിടക്കുന്ന മനസ്സ് - വ്യക്തികള്‍, വാഹനങ്ങള്‍...തിടുക്കപ്പെട്ട ഏകോപനപ്പണിക്കിടയില്‍, ഒറ്റ നോട്ടത്തില്‍, പഴയൊരു ബാങ്കുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണെന്ന് തോന്നി. അല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി.

ഓണ്‍ലൈനില്‍ മറ്റൊരാള്‍ക്ക് (മറ്റാര്‍ക്ക്? ഡാഡിക്ക്!) തന്റെ ബാങ്ക് അകൗന്റ്റ് ഉപയോഗിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രം അടങ്ങുന്നൊരു സന്ദേശമാണ് ഡാലിയ അയച്ചിരിക്കുന്നത്. തീയതി? സമയം? ഡാഡിയുടെ ഒന്നാമത്തെ ഊഹം കൃത്യമായിരുന്നു: ഫെബ്രുവരി 2, 19:02. താത്രി എത്തും മുന്‍പ്, ലാപ്‌റ്റോപ്പിനു മേല്‍ ഒരു കൈ വെച്ച് കിടക്കയില്‍ തളര്‍ന്നു കിടക്കുമ്പോളാണ് ഡാലിയ ഈ ഇമെയില്‍ വിക്ഷേപിച്ചിരിക്കുന്നത് - ഒരു സമയപേടകത്തിലേക്കെന്നതു പോലെ! 

വിവരം അറിഞ്ഞ സൂസന്‍ വില്‍സന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'എന്തൊരു കര്‍ത്തവ്യ നിര്‍വ്വഹണം!' 

ഡാലിയ പൂര്‍വ്വസ്ഥിതിയില്‍ എത്തിയതിനു ശേഷമാണ് അച്ഛന്‍ ഈ ലോല വിഷയത്തിലേക്ക് കടന്നത്: 'ശരിക്കും മരിക്കുമെന്ന് നിനക്ക് തോന്നിയിരുന്നോ? നീയന്ന് ഭയന്നിരുന്നോ?' / ക്‌ളിനിക്കല്‍ കൃത്യതയോടെ ഡാലിയ പറഞ്ഞു: 'ഞാന്‍ മരിക്കുകയാണെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷേ ഭയം തോന്നിയിരുന്നില്ല. എനിക്ക് മരണത്തെ പേടിയില്ല, ഡാഡി.' 

'ആത്മകഥ ആവാതെ ഞാന്‍' ഇതുവരെയുള്ള അധ്യായങ്ങള്‍ ഇവിടെ വായിക്കാം