പാഠപുസ്തകത്താളില്‍ വേഡ്‌സ് വര്‍ത്തിന്റെ ഡാഫൊഡില്‍പൂക്കള്‍, സ്വര്‍ണ്ണശോഭയോടെ, കാറ്റിലാടി നൃത്തം ചെയ്യുന്നതു കാണുന്നതിനു മുന്‍പു തന്നെ ഞാന്‍ പരിചയപ്പെട്ട വലിയൊരു കവി, എമിലി ഡിക്കിന്‍സണായിരുന്നു. മലയാളകവിതയുമായി കാര്യമായി പരിചയപ്പെടുന്നതിനും മുന്‍പായിരുന്നു അത്. ഏതോ പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനമായിരുന്നു അതിനു നിമിത്തമായത്. മരണാനുരാഗിയായ കവി എന്ന നിലയിലായിരുന്നു ആ ലേഖനം എമിലിയെ പരിചയപ്പെടുത്തിയത്. ഒപ്പം,' മരിച്ചപ്പോള്‍ ഞാനൊരീച്ചയുടെ മൂളക്കം കേട്ടു' എന്ന പ്രസിദ്ധമായ കവിതയും ആ ലേഖനത്തില്‍ എടുത്തെഴുതിയിരുന്നു. ആ വരിയെ അവിസ്മരണീയമാക്കുന്ന മറ്റൊന്നും അതോടൊപ്പം ആ ബാലന്റെ ജീവിതത്തില്‍ സംഭവിച്ചു. എമിലി ഡിക്കിന്‍സണിന്റെ ഈച്ചയോടൊപ്പം അവന്റെ ബാല്യത്തിലേയ്ക്കും കുടുംബത്തിലേയ്ക്കും അന്നേ ദിവസം മൂളിപ്പറന്നെത്തിയ മരണമായിരുന്നു അത്. പിന്നീട് ആ കവിയെ കൂടുതല്‍ അടുത്തറിയുന്നതു വരെ അതായിരുന്നു ഞാന്‍ ഉള്ളില്‍ കൊണ്ടു നടന്ന ഒരേയൊരു എമിലി ഡിക്കിന്‍സണ്‍കവിത - 'I heard a fly buzz when I died...' എന്നാരംഭിക്കുന്നത്.

To advertise here,

അമ്പരപ്പിക്കുന്ന പ്രമേയവൈവിധ്യവും മൗലികമായ ഭാഷാവിന്യാസവും ചേര്‍ന്ന് അനന്യതയുടെ കിരീടമണിയിക്കുന്നവയാണ് എമിലിയുടെ കവിതകള്‍ എന്ന് പിന്നീട് മനസ്സിലാക്കി. പ്രകൃതിയും മരണവും നിത്യതയും പ്രണയവും ആത്മീയതയും പോലുള്ള പ്രമേയങ്ങള്‍. ഏകാകിനിയും അവിവാഹിതയുമായി ക്കഴിയുകയും ജീവിതകാലത്ത് താനെഴുതിയവയില്‍ നിന്ന് വിരലിലെണ്ണാവുന്നവ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തതിലെ അപൂര്‍വ്വത. അസാധാരണമായ ബിംബവിധാനവും അപൂര്‍വ്വപദങ്ങളുടെ ആകസ്മികവിനിയോഗവുമെന്ന പോലെ സംക്ഷിപ്തതയുടെ അധികചാരുതയുമുള്ളവയായിരുന്നു ആ രചനകള്‍. 'ഒരിക്കലും വാറ്റിയിട്ടില്ലാത്ത ഒരു മദ്യം ഞാന്‍ നുകരുന്നു'(I taste a liquer never brewed) എന്നാരംഭിക്കുന്ന ഒരു പ്രകൃതിഗീതമുണ്ട് എമിലിയുടേതായി. ആ കവിത ഏകദേശം ഇങ്ങനെ പരിഭാഷപ്പെടുത്താമെന്നു തോന്നുന്നു-

'ഒരിക്കലും വാറ്റിയിട്ടില്ലാത്ത
ഒരുമദ്യം ഞാന്‍ നുകരുന്നു,
മുത്തുചേര്‍ത്ത മുഴുത്ത
ഭാജനങ്ങളില്‍ നിന്ന്.
ഫ്രാങ്ക്ഫര്‍ട്ടിലെ മുഴുവന്‍
കനികളില്‍ നിന്നും കിനിയാത്തത്.

ഞാന്‍ മന്ദസമീരനാല്‍ മത്തുപിടിച്ചവള്‍.
മഞ്ഞുതുള്ളിയുടെ മദിര
സേവിച്ചവള്‍.
അന്തമറ്റ വേനല്‍പ്പകലുകളില്‍
ഉരുകിയൊലിക്കുന്ന
നീലയുടെ സത്രങ്ങളില്‍ നിന്ന്
കുടിച്ചു കുന്തം മറിയുന്നവള്‍.

മധുശാല നടത്തുന്നവര്‍
കുടിയന്‍തേനീച്ചയെ 
പുഷ്പകവാടമടച്ച് പുറത്താക്കുമ്പോഴും
ചിത്രശലഭങ്ങള്‍ക്ക്
മദിര മടുക്കുമ്പോഴും
ഞാന്‍ കുടിച്ചുകൊണ്ടേയിരിക്കുന്നു.

ആട്ടിടയന്മാര്‍ മഞ്ഞു തൊപ്പികളൂരി വീശുകയും
പുണ്യാളന്മാര്‍ 
ജാലകപ്പിന്നിലേയ്‌ക്കോടിയെത്തുകയും
ചെയ്യുന്നതുവരെ -
സൂര്യനില്‍ ചാരി നില്‍ക്കുന്ന
മുഴുക്കുടിയത്തിയായ
ഒരു കൊച്ചുമദ്യപയെ
കാണുവാന്‍!'

'വേനലിന്റെ കളനീക്കങ്ങള്‍' എന്ന പേരില്‍ മനോഹരമായ ഒരു ചെറുകഥയുണ്ട്, നമ്മുടെ ഭാഷയില്‍. ചെസ്സിലും കവിതയിലും അഭിരമിക്കുന്ന മനസ്സുള്ള ഭര്‍ത്തൃമതിയായ യുവതിയെ വശീകരിക്കാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനെയാണവതരിപ്പിക്കുന്നത്, കഥാകൃത്തായ അനന്തപത്മനാഭന്‍ ഈ കഥയില്‍. എമിലി ഡിക്കിന്‍സണിന്റെ ഹൃദ്യമായ കവിതാവരികള്‍ സുലഭമായി വാരിവിതറിക്കൊണ്ടാണ്, ചെസ്സിലെ കളനീക്കങ്ങള്‍ക്കൊപ്പം, വിലോഭന(seduction) ത്തിന്റെ അടവുകളും പയറ്റുന്നത് അയാള്‍ എന്നതാണ് ഈ രചനയുടെ ചാരുത.

താന്‍ ആദ്യമായി ഒരു ക്രിസ്തീയദേവാലയം സന്ദര്‍ശിച്ച അനുഭവത്തെക്കുറിച്ചെഴുതുമ്പോള്‍ വിമര്‍ശകനായ ആഷാ മേനോനും എമിലിയുടെ ഒരു കവിതാവരി ഓര്‍ത്തു പോകുന്നുണ്ട്. മദിരാശിയിലെ സെന്റ് തോമസ് മൗണ്ടിലുള്ള സാങ്തോം പള്ളിയായിരുന്നു അതെന്നും 'മുറിഞ്ഞു പോയ എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിനിടയ്ക്ക് അനുഭവസ്ഥമായ ഒരു ശാലീനസായാഹ്ന'മായിരുന്നു അതെന്നും അദ്ദേഹം എഴുതുന്നു. തുടര്‍ന്ന് ഇങ്ങനെയും -
'Slant of light
on winter afternoons
that oppresses
like cathedral tunes..

എമിലി ഡിക്കിന്‍സണ്‍ന്റെ ഈ വരികള്‍ പിന്നീടാണ് ഞാന്‍ വായിച്ചത്; അതിന്റെ വിഷാദശ്രുതി ആ വൈകുന്നേരം എന്റെ മനസ്സില്‍ പതിഞ്ഞല്ലോ, പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ.' (കണിശമായും ആഷാ മേനോന്‍ ഉദ്ധരിച്ചതു പോലെയല്ല ആ വരികള്‍, ചില വാക്കുകള്‍ പൊഴിഞ്ഞു പോയിട്ടുണ്ട്. ഓര്‍മ്മയില്‍ അതും സ്വാഭാവികം).

ഇപ്പോഴിതാ മേതില്‍ രാധാകൃഷ്ണന്‍, 'A narrow fellow in the grass' എന്നാരംഭിക്കുന്ന എമിലി ഡിക്കിന്‍സണ്‍കവിതയെ 'നേരിയൊരു പഹയന്‍' എന്നു പരിഭാഷപ്പെടുത്തിക്കൊണ്ട്, ആ കവിതയില്‍ നിന്ന് മറ്റൊരു കവിത നൂറ്റെടുത്തിരിക്കുന്നു. ആ നാഗം(പാമ്പല്ല, നാഗം!) കാലമാണെന്ന് മേതില്‍ എഴുതുന്നു. അതിന്റെ യുക്തിയും എമിലിയുടെ കവിതയില്‍ നിന്നു തന്നെയാണ് മേതില്‍ കണ്ടെത്തുന്നത് -
'The Grass divides as with a Comb,
A spotted Shaft is seen,
And then it closes at your Feet
And opens further on-'

ഒരു ചീപ്പെന്ന പോലെ പുല്ലിനെ പകുത്തുകൊണ്ടാണ് നാഗത്തിന്റെ ഗമനം. അത് ഇഴഞ്ഞുനീങ്ങുന്നതോടെ പുല്ലുകള്‍ വീണ്ടും കൂടിച്ചേര്‍ന്ന് പഴയപടിയാകുന്നു. തനിക്കു മുന്നിലും പിന്നിലും കാലം ഒരു 'സിപ്പു' പോലെ അടയുന്നു എന്നാണ് മേതില്‍ എഴുതുന്നത്; അങ്ങനെ അതൊരു 'പല്‍നിരപ്പൂട്ടാ'യി മാറുന്നു എന്നും.

'വര്‍ത്തമാനത്തില്‍ തളയ്ക്കപ്പെടലാണ് സാക്ഷാത്തായ മരണം' എന്ന തിരിച്ചറിവിലേയ്ക്കാണ് ഈ നാഗവിചാരങ്ങള്‍ ഇഴഞ്ഞെത്തുന്നത്. ഒടുവില്‍ ഇങ്ങനെയും -

'എങ്കിലും എന്റെ ബാക്ക്പാക്ക് ഞാന്‍ പിന്നില്‍ ഉപേക്ഷിക്കുന്നു. 
ഹാ, ഇതിലും ഇല്ലേ നേരിയൊരു പഹയന്‍, ഒരു'സിപ്പ്'?'