
ചങ്ങമ്പുഴയ്ക്കു ലഭിച്ച ഏറ്റവും മികച്ച കാവ്യധന്യവാദം വൈലോപ്പിള്ളിയുടേതാണ്,' സുല്‍ത്താനും കവിയും' എന്ന കവിത. കവിക്കു ലഭിച്ച ഗദ്യാഞ്ജലികളില്‍ ഏറ്റവും മികച്ചതോ? അത്, എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ 'രമണതരംഗം' എന്ന കുറിപ്പാണ്. ചങ്ങമ്പുഴയുടെ കാല്പനികകവിത്വത്തോട്, ദമിതമായ കാല്പനികതയും ദമിതമായ കവിത്വവും കൈമുതലായുള്ള ഒരു വലിയ എഴുത്തുകാരന്‍ പ്രതികരിച്ച വിധമാണത്. എം ടി യുടെ ലേഖനങ്ങള്‍ എന്നല്ല, ഉപന്യാസങ്ങള്‍ എന്നാണ് പറയേണ്ടത്. ആത്മസ്പര്‍ശമുള്ള, കാവ്യാത്മകഗദ്യമാണത്. കഥനത്തിന്റെയും കവിതയുടെയും ഗദ്യരൂപത്തിലുള്ള ആശയാവിഷ്‌കാരത്തിന്റെയും തന്ത്രികള്‍ ഒരുമിച്ചു സ്പന്ദിതമാകുന്ന ഒരപൂര്‍വ്വവാദ്യമാണ് മീട്ടുന്നത് എം.ടി. തന്റെ ഉപന്യാസരചനകളില്‍. അതിന്റെ മികച്ച മാതൃകകളില്‍ ഒന്ന് എന്ന നിലയിലാണ് ഇവിടെ അദ്ദേഹമെഴുതിയ 'രമണതരംഗം' എന്ന ചേതോഹരമായ ഉപന്യാസം എടുത്തുകാട്ടുന്നത്.
എന്തിനെയും വ്യക്തിഗതമായ ഒരു സൂക്ഷ്മാനുഭൂതിയായി മാറ്റുന്നതാണ് എം.ടി.യുടെ രീതി. ആ കിളിവാതിലിലൂടെ കടന്നുവരുന്ന വെയില്‍നാളങ്ങള്‍ക്കാണ് കൂടുതല്‍ തിളക്കവും മിനുക്കവും വൈകാരികമായ ഊഷ്മളതയുമെന്ന് ഈ എഴുത്തുകാരനറിയാം. കഥകളില്‍ കഥാപാത്രങ്ങളെക്കൊണ്ടു ചെയ്തത്, ഇവിടെ ചില സ്വകാര്യാനുഭവങ്ങളുടെ പങ്കുവെയ്ക്കലിലൂടെ സാധിക്കുകയാണ് എം.ടി.'രമണതരംഗം' എന്ന് താന്‍ വിശേഷിപ്പിക്കുന്ന(എന്തൊരു ശബ്ദഭംഗിയാണ് ആ പദച്ചേര്‍പ്പിന്! അതു മാത്രമല്ലാതാനും) ആ കാവ്യതരംഗമോ ലാവണ്യതരംഗമോ തന്റെ ഗ്രാമത്തിലും അങ്ങനെ തന്റെ വീട്ടിലുമെത്തിയതിനെപ്പറ്റിയാണ് എം ടി പറയുന്നത്.' അച്ചടിച്ചു തീരുമ്പോഴേയ്ക്ക് വിറ്റുപോവുന്നതു കൊണ്ട് പുസ്തകമന്വേഷിച്ച് തൃശ്ശൂരിലേയ്ക്ക് തീര്‍ത്ഥയാത്ര പോയ ജ്യേഷ്ഠന്‍ വെറുംകയ്യോടെ വന്നു' എന്ന തുടക്കവാക്യത്തിലെ ,' തീര്‍ത്ഥയാത്ര' എന്ന വാക്കാണ് ശ്രദ്ധേയം. കാവ്യപുസ്തത്തിനായുള്ള അന്വേഷണം തീര്‍ത്ഥാടനമാകുന്നു, തീര്‍ത്ഥാടകന്‍ മടങ്ങിവന്നത് വെറുംകയ്യോടെയാണെങ്കിലും!
തുടര്‍ന്ന്, അയല്‍ഗ്രാമത്തില്‍ നിന്ന് ഒരു നാളേയ്ക്ക് കടംവാങ്ങിക്കൊണ്ടുവന്ന 'രമണന്‍'(അതും ആരോ പകര്‍ത്തിയ ഒരു കയ്യെഴുത്തുപ്രതിയായിരുന്നു!) പകര്‍ത്തിയെഴുതിയെടുത്തതിനേപ്പറ്റിയും പറയുന്നു. ഏട്ടനും ഓപ്പുവും കൂടിയാണതു ചെയ്തത്. പത്തു വയസ്സുകാരനായ എം ടിയും കൂടെക്കൂടാന്‍ സന്നദ്ധനായെങ്കിലും അയാളുടെ പ്രായക്കുറവും അവരുടെ സമയക്കുറവും മൂലം ആ സേവനം അവര്‍ നിരസിക്കുകയാണുണ്ടായത്. ഇവിടെയുമുണ്ട്, ചങ്ങമ്പുഴയോടുള്ള ആരാധനയൊളിപ്പിച്ച ഒരു സൂക്ഷ്മവാക്യം-' ഒരു കവിതാപുസ്തകം പകര്‍ത്തിയെഴുതല്‍ അവിടെ പത്തായപ്പുരയുടെ മുകളില്‍ ഒരു യജ്ഞമായി മാറിയിരിക്കുന്നു'. മുകളില്‍ സൂചിപ്പിച്ച 'തീര്‍ത്ഥയാത്ര'യ്ക്കു പിന്നാലെയാണ് ഈ 'യജ്ഞം'. പവിത്രതാസൂചകമായ രണ്ടു പദങ്ങള്‍. അത് കവിതയെ തീര്‍ത്ഥമായും കവിയെ ആരാധകരുടെ ആത്മഹവ്യമേറ്റുവാങ്ങുന്ന ദേവസമാനനായും മാറ്റുന്നു.
ചങ്ങമ്പുഴയുടെ 'രമണന്‍' നേടിയ സാര്‍വത്രികപ്രചാരത്തെക്കുറിച്ചും അത് നിരക്ഷരര്‍ പോലുമായ ആസാം പണിക്കാരുടെ കൂടി ആത്മഗാനമായി മാറിയതിനെക്കുറിച്ചും പറഞ്ഞതിനു ശേഷം ആ രമണതരംഗത്തെ, കാലം നല്‍കിയ ദൂരദര്‍ശിനിയിലൂടെ, ഒന്നടുത്തും അകന്നും നിന്ന് കാണാന്‍ ശ്രമിക്കുകയാണ് എം ടി. ചങ്ങമ്പുഴയില്‍ നിന്ന്, ചങ്ങമ്പുഴയെത്തുടര്‍ന്നു വന്ന കാല്പനികരായ പിന്‍തലമുറയിലെ എഴുത്തുകാര്‍ക്കു കൈവന്ന കാവ്യമുരളിയെക്കുറിച്ചാണു പറയുന്നത്, ഈ ലേഖനഭാഗത്ത്. 'ഞങ്ങള്‍' എന്ന ബഹുവചനമുപയോഗിച്ചു കൊണ്ടാണ് എം ടി അങ്ങനെ ചെയ്യുന്നത്. അപ്പോഴും അത്, ആത്മബന്ധം പോലെ തീവ്രമായ ഒരു ഭാവുകത്വബന്ധത്തെക്കുറിച്ചുള്ള എഴുത്തായി മാറുന്നു. വരണ്ട നിരൂപണഗദ്യമല്ല എം ടി എഴുതുന്നത്. ഭാവഗാനം പോലെ മനോഹരമായ ഗദ്യത്തില്‍ മലയാളം കണ്ട ഏറ്റവും വലിയ ഭാവഗായകനെക്കുറിച്ചെഴുതുകയാണ് തൊട്ടുപിന്‍തലമുറയിലെ ഒരെഴുത്തുകാരന്‍. തീരെച്ചെറിയ വാക്യങ്ങള്‍. അവ, കവിതയെക്കുറിച്ചു പറഞ്ഞുകൊണ്ടു കവിത സൃഷ്ടിക്കുന്നതു കാണണമെങ്കില്‍ താഴെക്കൊടുത്ത ഗദ്യഖണ്ഡത്തിലൂടെ ഒന്നു കടന്നുപോയാല്‍ മതി -'അതിനു മുമ്പ് ഒരോടക്കുഴല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. വൃന്ദാവനത്തില്‍ കേട്ട ഓടക്കുഴല്‍. അത് ദിവ്യമുരളിയായിരുന്നു. ഈശ്വരാംശമായി ഞങ്ങളതിനെ വണങ്ങിപ്പോന്നു.
ഇപ്പോള്‍ തൊട്ടയല്‍പക്കത്ത്, മനസ്സിന്റെ കാനനച്ചോലയില്‍, എത്തിയ ഇടയയുവാവിന്റെ കൈയില്‍ ഒരോടക്കുഴല്‍. മലയാളത്തിന്റെ മുളങ്കാട്ടില്‍ നിന്ന് വെട്ടിയെടുത്ത പാഴ്ത്തണ്ടിലൂടെ മധുരതരഗാനം.
ഞങ്ങളോരോരുത്തരും പുല്ലാങ്കുഴലിന്റെ ഉടമയായിത്തീരുന്നു.'
ഇനിയും ഇവിടെ എടുത്തെഴുതാന്‍ പ്രലോഭിക്കുന്നുണ്ട്, ഇതിനെത്തുടര്‍ന്നുവരുന്ന വാക്യങ്ങള്‍. അങ്ങനെ ചെയ്യുന്നില്ല. എങ്കിലും അക്കൂട്ടത്തില്‍ നിന്നൊരു വാക്യം ഇവിടെ എടുത്തെഴുതാതെ വയ്യ.
'പാട്ടില്‍ പറഞ്ഞ പോലെ, അജ്ഞാതകാമിനി ഒരു സുന്ദരരാഗമായി അതില്‍ വന്ന് ഒളിച്ചിരിക്കുമെന്ന് യൗവനാരംഭത്തില്‍ പ്രതീക്ഷിച്ചു' എന്നതാണാ വാക്യം. ഇത് ചങ്ങമ്പുഴയ്ക്കു മാത്രമല്ല,' ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നൂ' എന്ന് പാട്ടില്‍ (വടക്കന്‍ പാട്ടിലല്ല, സിനിമാപ്പാട്ടില്‍) പറഞ്ഞ പി. ഭാസ്‌കരനു കൂടിയുള്ള ആദരവും അംഗീകാരവുമാണ്. ഇത് പി.ഭാസ്‌കരന്റെ ജന്മശതാബ്ദിവര്‍ഷം. ചങ്ങമ്പുഴയുടെ ചരമത്തിനും മുക്കാല്‍നൂറ്റാണ്ടു തികയുന്നു. ഈയവസരത്തില്‍, ആ മഹാകവിക്ക് നമ്മുടെ ഭാഷയില്‍ കൈവന്നിട്ടുള്ള ഏറ്റവും കാവ്യാത്മകവും കാമ്പുറ്റതുമായ ഒരു ഗദ്യാഭിവാദ്യത്തിന് വാക്കുകള്‍ കൊണ്ട് അടിവരയിടുക എന്നതു മാത്രമാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. ലേഖനത്തില്‍ എം ടി, ജയിംസ് ജോയ്‌സിനെയും ഒക്ടാവ്യോ പാസിനെയും ഹൈഡഗറെയും അന്റോണിയോ സ്‌കാര്‍മീഡയെയുമൊക്കെ ഉദ്ധരിക്കുകയും ചങ്ങമ്പുഴക്കവിതയുടെ അനന്യതയെന്തെന്ന് നിപുണമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും അത് നിറപ്പകിട്ടുളള ഒരു സ്വപ്നത്തെക്കുറിച്ചുള്ള, നിറം വാര്‍ന്നുപോയ വിരസവര്‍ണ്ണനയായി മാറുന്നില്ല. ഒരു സ്വപ്നത്തിന് മറ്റൊരു സ്വപ്നം കൊണ്ടുള്ള പ്രത്യഭിവാദനമാണത്; ഗദ്യകാരനായ എം ടിയുടെ മികച്ച രചനാമാതൃകകളില്‍ ഒന്ന്.
Content Highlights: Mashipacha, Sajay KV, Changampuzha, Ramanan, MT Vasudevan Nair, Mathrubhumi
Published: 16 Jun 2023, 02:15 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented