എം.ഗോവിന്ദൻ, എസ്. ജോസഫ്, എം.എസ് ബനേഷ്
അനുഭവത്തിന്റെ അയിര് 'ഇതാ, ഇവിടെത്തന്നെ!' എന്നു കരുതുന്നവരാണ് പുതുകവികള്‍.അഫ്ഗാനിസ്താനില്‍ എന്തു നടക്കുന്നു, താലിബാന്‍ എന്തു ചെയ്യുന്നു എന്നതല്ല, തങ്ങളുടെ പൂര്‍വ്വികര്‍ എന്തു ചെയ്തിരുന്നു എന്നും തങ്ങളും തങ്ങളുടെ പെണ്ണുങ്ങളും മക്കളും കൂടപ്പിറപ്പുകളും ദേശത്തെ മറ്റുള്ളവരും എന്തു ചെയ്യുന്നു എന്നുമാണ് അവര്‍ അന്വേഷിക്കുന്നത്. താനുണ്ണുന്ന ചോറിലെ കല്ലെന്നോണം അവര്‍ ജാതിയുടെ കല്ലുകടിക്കുന്നു. വെളുത്ത ചോറിലെ കറുത്ത കല്ലു പോലെയാണ് ജാതിയും ദളിതനുഭവവും പുതുകവിതയില്‍. കല്ലു നീക്കിയ അരിയല്ല, കല്ലരിയാണ് അവര്‍ വയ്ക്കുന്നതും വിളമ്പുന്നതും രുചിക്കുന്നതും. മുമ്പുള്ളവര്‍ ചോറിന്റെ വെളുപ്പുമാത്രം കണ്ടു. ഇവര്‍ കറുപ്പു കാണുന്നു. ഭക്ഷണത്തിന്റെ ഈ രൂപകം മുന്‍പൊരിക്കല്‍ എം.പി.ശങ്കുണ്ണി നായര്‍ ഉപയോഗിച്ചിരുന്നു. ഇടശ്ശേരിയുടെ'പൂതപ്പാട്ടി'നെപ്പറ്റി (കാവ്യവ്യുല്പത്തി) എഴുതുമ്പോഴായിരുന്നു അത്. മലയാള കവിത ഒരു സവര്‍ണസദ്യയാണെന്നും അതില്‍ പൊറോട്ടയും ബിരിയാണിയുമൊന്നും വിളമ്പിത്തുടങ്ങിയിട്ടില്ല എന്നുമാണ് ആ ക്രാന്തദര്‍ശി അന്നെഴുതിയത്.ഇപ്പോഴിതാ മീനും ബീഫും കാന്താരിച്ചമ്മന്തിയുമെല്ലാമുള്ള വിരുന്നായി മലയാള കവിത മാറിയിരിക്കുന്നു. സ്ത്രീകള്‍ അടുക്കളയില്‍ കവിത പാചകം ചെയ്യുന്നു. പുഴുവിനും കിളിക്കും മണ്ണിനും മലയ്ക്കും പുഴയ്ക്കുമെല്ലാം കാവലായി കവിത. ആദിവാസി ഊരിലും മലയിലും കാട്ടിലും പണിയിടങ്ങളിലും തുറകളിലും നിന്ന് കവികള്‍. ട്രാന്‍സ്‌ജെന്ററുകളും എഴുതുന്നു.അവര്‍ക്ക് വായനക്കാരുണ്ടാകുന്നു. ചര്‍ച്ചകള്‍ നടക്കുന്നു. മുമ്പില്ലാത്ത വിധം ഒരു മുഖരമണ്ഡലമായി മാറിക്കഴിഞ്ഞിരിക്കുന്നു മലയാളകവിത.
'മീന്‍ചൂരുള്ള കവിത' എന്നത് മുന്‍പ് എം.ഗോവിന്ദന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടാണ്. കടലും കടല്‍ത്തീരവും കടലില്‍ പോയി മീന്‍ പിടിച്ച് ഉപജീവനം കഴിക്കുന്നവരും മീന്‍ചാറില്‍ ചോറ് കുഴച്ചുണ്ണുന്നവരും മലയാളിക്ക് അന്യമല്ലെങ്കിലും മലയാള കവിതയില്‍ കടലനുഭവം നന്നേ വിരളമാകുന്നതിനെപ്പറ്റിയാണ് ഗോവിന്ദന്‍ പരിതപിച്ചത്. ഇതിന് പരിഹാരമെന്ന നിലയിലാവണം,'ആടുകച്ചവടം',' മീന്‍പിടുത്തം' എന്നിങ്ങനെ ചില കവിതകള്‍ ഗോവിന്ദന്‍ എഴുതി. ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഗോവിന്ദന്‍ സന്തോഷിക്കുമായിരുന്നു, നമ്മുടെ കവിതയിലെ മീന്‍ചൂരും മാപ്പിളച്ചൂരും വാസനിച്ച്. വള്ളക്കാരുടെ മീന്‍ കറി കട്ടുതിന്ന വല്യമ്മാവനെപ്പറ്റി വൈലോപ്പിള്ളി ഒരു കവിതയില്‍ പറഞ്ഞിട്ടുണ്ട്-
'പറയുന്നേട്ടന്‍,'' പണ്ടൊരു കാര്യം പറ്റിച്ചൂ വല്യമ്മാവന്‍
തക്കത്തില്‍ കേവഞ്ചിയിലങ്ങോര്‍
വയ്ക്കത്തേക്കു തിരിക്കുമ്പോള്‍,
രാത്രിയിലൊക്കെ മറന്നരയന്മാര്‍
വേര്‍ത്തു കഴുക്കോലൂന്നുമ്പോള്‍,
കാലേവെച്ചവര്‍ കരുതിയ ചോറും
കടുമണമിയലും മീന്‍കറിയും
ഓര്‍ത്തു സഹിക്കാതങ്ങേരൊടുവില്‍
പാത്തുകിടന്നവ സാപ്പിട്ടു'( കടല്‍ക്കാക്കകള്‍).
കവിതയിലെ ഏട്ടന്‍ അനിയനോട് പറയുന്നതാണിത്. പില്‍കാലം കവിയായിത്തീര്‍ന്ന അനിയന്‍ പരിഹാസപൂര്‍വ്വം ആ ആഢ്യനമ്മാവനെ ഓര്‍ക്കുകയാണ് കവിതയില്‍.
ഇതുപോലൊരു സന്ദര്‍ഭം എസ്.ജോസഫിന്റെ' ഐഡന്റിറ്റി കാര്‍ഡ്' എന്ന കവിതയിലും കാണാം. കലാലയ വിദ്യാര്‍ത്ഥികളായ സവര്‍ണ്ണ യുവതിയും ദളിത്‌ക്രൈസ്തവ യുവാവും. ഒരേ ബെഞ്ചില്‍ അവര്‍ ഒരു 'ഹിന്ദു - ക്രിസ്ത്യന്‍' കുടുംബമായി. അവളുടെ ചോറിലും മീന്‍ കറിയിലും അവരുടെ കൈകള്‍ ഒരുമിച്ചു കുഴഞ്ഞു. എന്നിട്ടും അവന്റെ ഐഡന്റിറ്റി കാര്‍ഡിലെ സ്‌റ്റൈപ്പന്റ് വാങ്ങിയതിന്റെ ചുവന്ന കുറിക്കലുകള്‍ അവളെ അകറ്റിക്കളഞ്ഞതിനെപ്പറ്റിയാണ് കവിത.
ഇങ്ങനെയാണ് കവിതയില്‍ ഭക്ഷണം രാഷ്ട്രീയമാകുന്നത്, ഒരു ഭക്ഷണപരാമര്‍ശം പോലും രാഷ്ട്രീയമായ ധ്വനികളുണര്‍ത്തുന്നതും.
സച്ചിദാനന്ദന്‍ പുഴങ്കരയുടെ' അടുക്കള' ഈ രീതിയുടെ പ്രാരംഭമാതൃകകളിലൊന്നാണ് -
'എല്ലാം പഴയതുപോലെ -
തടവില്‍ കിടക്കുന്ന വെണ്ടയ്ക്ക,
തക്കാളി,
കടുകുമണികളുടെ തിരുക്കുറള്‍ച്ചെപ്പ് ,
നിശ്ശബ്ദരായ സന്ദര്‍ശകരെപ്പോലെ
ഉപ്പും പഞ്ചസാരയും വിളമ്പി ഒഴിയുന്ന
പ്ലാസ്റ്റിക് ഡബ്ബകള്‍,
അനക്കമറ്റ തീ,
ഇനിയും കാലമാകാത്ത പാചകം;
വരച്ചു വച്ചതുപോലെ സകലതും.' ഈ അടുക്കള ഒരു തടവുമുറി പോലെ കണിശമായിരിക്കുന്നു, അടുക്കളയേക്കാള്‍ വലിയ തടവില്ലെന്നും അതു പറയുന്നു.
എം.എസ്.ബനേഷിന്റെ'അണ്ണാറക്കണ്ണോത്സവം', നികത്താന്‍ തുടങ്ങിയ പാടത്തിന്റെ കരയിലിരുന്ന് അണ്ണാറക്കണ്ണന്മാരെ പൊരിച്ചു തിന്നുന്നതോടൊപ്പം നെല്ലുവാറ്റിയ ചാരായം മോന്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരെപ്പറ്റിയാണ്. ഈ പാനോസവത്തിന്റെ വിവരണം സ്വയമൊരു പരിസ്ഥിതികവിതയായി മാറുന്നത് ഭക്ഷണം, ഭാഷണമെന്ന പോലെ, വായിലൂടെ വെളിപ്പെടുന്ന രാഷ്ട്രീയമായതുകൊണ്ടാണ്. ബനേഷിന്റെ തന്നെ 'നല്ലയിനം പുലയഅച്ചാറുക'ളില്‍ ഈ രീതി കുറേക്കൂടി നിശിതമാകുന്നു.
'കോളനിയിലെ കുട്ടികള്‍' എന്നാണ് വി.വി.ഷാജുവിന്റെ ഒരു കവിതയുടെ പേര്. കോളനിയിലെ കുട്ടി തന്റെ സ്‌ക്കൂള്‍ക്കാലം ഓര്‍ക്കുകയാണ് കവിതയില്‍. അവസാനത്തെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് ചൂട്ടാട് കോളനിയിലെ രമേശന്‍ നിന്നത് വിനീത് നമ്പ്യാരുടെ അടുക്കല്‍. അവര്‍ മാത്രമായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയാവും എന്നു പരിഹസിക്കപ്പെട്ടു. മാഷന്‍മാരും ടീച്ചര്‍മാരും അതു കേട്ട് കുലുങ്ങിച്ചിരിച്ചു. കോളനിയിലേയ്ക്കുള്ള മടക്കത്തില്‍ ഇതൊക്കെ ഓര്‍ക്കുകയാണ് രമേശന്‍ ,കൂട്ടത്തില്‍ ഒരോര്‍മ്മ ഇങ്ങനെയും -
'ഉച്ച ചോറ് നേരത്ത്
വീട്ടീന്നു കൊണ്ടന്ന ഓംലറ്റ്
വിനീതന്റെ പാത്രത്തില്‍ ഇട്ടപ്പം
അവന്‍ വിശപ്പില്ലാന്നു പറഞ്ഞ് എണീറ്റു പോയത് ഓര്‍ത്ത്'.
'ഒരു അധോലോക റെസിപ്പി' എന്നാണ് ഷാജുവിന്റെ സമാഹാരത്തിന്റെ പേര്. പുതുകവിതയുടെ അടുപ്പില്‍ ഇപ്പോള്‍ വേവുന്നവയുടെ 'റെസിപ്പി' കൂടിയാകുന്നു, അത്!
Content Highlights ; Mashipacha Sajay KV Casteism in Malayalam Poetry M Govindan S joseph MS Banesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..