ഭക്തികാവ്യങ്ങളും കൃഷ്ണഭക്തികാവ്യങ്ങളും ഏറെയുണ്ടായിട്ടുള്ള ഭാഷയാണ് നമ്മുടേത്. എഴുത്തച്ഛനു മുമ്പു തന്നെ ചെറുശ്ശേരി, 'കൃഷ്ണഗാഥ'യിലൂടെ ആ ലീലാലോലമായ ബാല്യത്തെയും യൗവനത്തെയും ഗാഥാവൃത്തത്തില്‍ മലയാളിയുടെ ഞരമ്പുകളുടെ ഹിന്ദോളമാക്കി മാറ്റി. 

To advertise here,

'ഹരിനാമകീര്‍ത്തന'ത്തിലൂടെ എഴുത്തച്ഛനും 'ജ്ഞാനപ്പാന'യിലൂടെ പൂന്താനവും ആ കൃഷ്ണാകൃതിക്ക് തത്ത്വചിന്താപരമായ ആഴം പകര്‍ന്നു. ആ കൃതിയുടെ മുഴുവന്‍ സൗന്ദര്യസാരഥ്യം വഹിക്കാനുള്ള ഭാവശോഭയും ഭാഷാശോഭയുമുണ്ടായിരുന്നു എഴുത്തച്ഛന്റെ പാര്‍ത്ഥസാരഥീവര്‍ണ്ണനത്തിന് (മഹാഭാരതം കിളിപ്പാട്ട്). 'അന്നനട'യിലായിരുന്നു ഭാഷാപിതാവിന്റെ കൃഷ്ണന്‍ നിറന്ന പീലികള്‍ നിരക്കവേ കുത്തി, തിറമൊടു കൂട്ടി നെറുകയില്‍ കെട്ടി ഭാഷാരഥമേറിയത്. ആ ദ്രാവിഡവൃത്തത്തിന്റെ കൂടി മികച്ച സാഫല്യങ്ങളിലൊന്നായിരുന്നു ആ കാവ്യഭാഗം. പൊതുവേ ഒരു ശൈവനായിരുന്ന നാരായണഗുരു കൂടി, തന്റെ ശ്രീകൃഷ്ണദര്‍ശനത്തെ ഇങ്ങനെ കാവ്യവല്‍ക്കരിച്ചു-

'ഭൂയോ വൃത്തി നിവൃത്തിയായ് ഭുവനവും
സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനിലീനമായ് ച്ചുഴലവും ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണിഗ്രീവന്റെ ദിവ്യോത്സവം.'

'ശ്രീവാസുദേവാഷ്ടകം' എന്ന ഗുരുദേവകൃതി ശ്രദ്ധേയമാകുന്നത് അതിലെ , അഷ്ടപദിയോടടുത്തു നില്‍ക്കുന്ന, പദസംഗീതത്തിന്റെ മാസ്മരികതയാലാണ് -

'മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ'.

'അമ്പാടിയില്‍ ചെല്ലുന്ന അക്രൂര'നിലാണ് വള്ളത്തോള്‍ തന്റെ സൗന്ദര്യലോലുപമായ കൃഷ്ണഭാവനയ്ക്ക് ചിറകുകള്‍ കണ്ടെത്തിയത്. മഹാകവിയുടെ മസൃണഭാഷയും ഭാവനയും അതിന്റെ പരമാവധി വിനിയോഗം നടത്തിയിട്ടുണ്ട് ഈ കവിതയില്‍ എന്ന് നിസ്സംശയം പറയാം. ഉദാഹരണത്തിന്, വീഞ്ഞുകോപ്പയുടെ വക്കില്‍ നുരകള്‍ ഇമ ചിമ്മുന്നതായിപ്പറയുന്ന കീറ്റ്‌സിന്റെ ഐന്ദ്രിയഭാവനയോട് ചാര്‍ച്ച പുലര്‍ത്തുന്ന ഈ ഈരടികള്‍ നോക്കൂ -

'നീലക്കാര്‍വര്‍ണ്ണന്റെ പുഞ്ചിരിപ്പാല്‍ക്കുഴ -
മ്പോലും തിരുമുഖം ധ്യാനിക്കായും
'വീരനപ്പാല്‍വെണ്ണക്കള്ളനെങ്ങെ'ന്നു പേര്‍-
ത്താരാഞ്ഞുകൊള്‍കയും ചെയ്യുമ്പോലേ,
നേത്രമിമച്ചു മിഴിക്കുന്നു ദോഹന -
പാത്രത്തിന്‍ വക്കത്തിപ്പാല്‍പ്പതകള്‍'.

നാസ്തികമായിരുന്നു ചങ്ങമ്പുഴയുടെ കൃഷ്ണഭാവനകള്‍. നാസ്തികനായ ജയദേവനെപ്പോലെ ആ കവി, 'ഗീതഗോവിന്ദ' ത്തിന്റെ ഏറ്റവും സംഗീതസാന്ദ്രമായ മലയാളപരിഭാഷ നിര്‍വ്വഹിച്ചു. അങ്ങനെയൊന്നും ചെയ്യാത്തപ്പോഴും ചങ്ങമ്പുഴയുടെ ഭാവനയ്ക്ക് ഒരു 'വൃന്ദാവനമുരളീരവപശ്ചാത്തല'മുണ്ടായിരുന്നു. ചങ്ങമ്പുഴയുടെ കാല്പനികകവിത്വത്തിന്റെ പീതാംബരത്വം തിരിച്ചറിഞ്ഞ എം.ടി.വാസുദേവന്‍ നായര്‍, പില്ക്കാലം, കവിയെക്കുറിച്ചുളള ലേഖനത്തില്‍ ഇങ്ങനെയെഴുതി -

'അതിനു മുമ്പ് ഒരോടക്കുഴല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. വൃന്ദാവനത്തില്‍ കേട്ട ഓടക്കുഴല്‍. അത് ദിവ്യമുരളിയായിരുന്നു. ഈശ്വരാംശമായി ഞങ്ങളതിനെ വണങ്ങിപ്പോന്നു.

ഇപ്പോള്‍ തൊട്ടയല്‍പക്കത്ത്, മനസ്സിന്റെ കാനനച്ചോലയില്‍, എത്തിയ ഇടയയുവാവിന്റെ കൈയില്‍ ഒരോടക്കുഴല്‍. മലയാളത്തിന്റെ മുളങ്കാട്ടില്‍ നിന്ന് വെട്ടിയെടുത്ത പാഴ്ത്തണ്ടിലൂടെ മധുരതരഗാനം'.

 ഭക്തിയുടെയും സൗന്ദര്യത്തിന്റെയും രണ്ടു നിറങ്ങളുള്ള മഷികളുടെ കലര്‍പ്പായിരുന്നു പി.യുടെ കൃഷ്ണഭാവന. 'പ്രീതിപ്പൊലിമ തന്‍ പൊന്‍തിടമ്പാം മഹാജ്യോതിസ്വരൂപന്‍' എന്ന് 'കളിയച്ഛ'നില്‍. 'ലോലപീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം/പീലിമുടിവനമാലകള്‍ക്കപ്പുറ' മാണ് ഈ ജ്യോതിസ്സ്വരൂപനെ കവി/കവിതയിലെ കഥകളിക്കാരന്‍ കാണുന്നത്. കഥകളിയിലെ കൃഷ്ണവേഷത്തെക്കൂടി ഗാഢമായോര്‍മ്മിപ്പിക്കുന്നു ഈ അവ്യക്തമോഹനമായ കൃഷ്ണചിത്രം. പാപിയുടെ കൃഷ്ണഭാവനയായിരുന്നു പി.യുടേത്; 'പാപി' എന്നതില്‍ നിന്ന് ഒരക്ഷരം കിഴിച്ചാല്‍ ശേഷിക്കുന്നത് പി.യാണെന്നതു പോലെ.

വൈലോപ്പിള്ളിക്കവിതയില്‍ കൃഷ്ണനും ഓടക്കുഴലും മയില്‍പ്പീലിയും നന്നേ വിരളമാണെങ്കിലും, ഹലായുധനായ കൃഷ്ണസഹോദരനായിരുന്നു ആ കവിയുടെ മൂര്‍ത്തി എങ്കിലും, 'കൃഷ്ണാഷ്ടമി' എന്ന അനന്യരചന വിസ്മരിക്കുന്നതെങ്ങനെ?;'മാമ്പഴ'ത്തിലെ, കൂടും വിട്ടു പരലോകത്തെപ്പൂകിയ  'മാതാവിന്റെ പൂങ്കുയില്‍',
'വരിക, കണ്ണാല്‍ക്കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ;
തരസാ നുകര്‍ന്നാലും
തായ തന്‍ നൈവേദ്യം നീ' എന്നാണ് ഒടുവില്‍ ദീനമായി ക്ഷണിക്കപ്പെടുന്നത്.

ഇടശ്ശേരിയുടെ 'ഉണ്ണികൃഷ്ണനോട്' ആണ് നിസ്തുലമെന്നു പറയാവുന്ന മറ്റൊരു കൃഷ്ണകവിത. പഴുത്ത പട്ടകളാടുന്ന പച്ചക്കൈകളുള്ള വാഴയില്‍പ്പോലും തെളിയുന്ന, അത്രമേല്‍ അനലംകൃതവും അത്രയ്ക്കത്രയ്ക്ക് സമീപസ്ഥവുമായ കൃഷ്ണഭാവനയാണ് കവിതയിലേത്. സ്ഥാപനവല്‍ക്കൃതമായ ആത്മീയതയുടെ ദുശ്ശാഠ്യങ്ങളേതുമില്ലാതെ, കവി എഴുതുന്നു -

'പഴുത്ത പട്ടയും ചുറ്റി -
പ്പച്ചവാഴകളാടവേ
എന്തു കാട്ടിത്തരായ് വാനോ
നീയൊളിക്കുന്നിതച്യുതാ?'
കഷായത്തിനു കടവേരു  കിളയ്ക്കുന്ന യോഗി/ രോഗികളോടൊപ്പമല്ല, ആ നീലക്കരിമ്പിന്റെ തണ്ടൊന്നു കൊണ്ടു മാത്രം തൃപ്തനാകുന്ന 'അരോഗ'നായ കവി!

ഈ കൃഷ്ണകവിതാപാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്താണ് സുഗതകുമാരിയും കമലാദാസും,' കൃഷ്ണ, നീയെന്നെയറിയില്ല' എന്ന കവിതയും 'ഘനശ്യാം' പോലുള്ള ആംഗലഗീതികളും. കവിയുടെ പേരുവയ്ക്കാതെ എടുത്തെഴുതിയാല്‍ ഏതു കാലത്തിന്റേതും ഏതു കവിയുടേതുമാകാവുന്ന ഈ വരികള്‍ എഴുതിയത് ഡി.വിനയചന്ദ്രനാണ് -

'നവനവോന്മേഷമഭിനവംകാവ്യം
വിനയമായെന്നും വിരചിക്കാന്‍
അമൃതമായെന്റെയകമേയാടുന്ന
കുതുകമാനന്ദശ്രീകൃഷ്ണാ
അവിടെ ഞാനലിഞ്ഞ വിടുന്നാകുമ്പോള്‍
അവിടെയാണെന്റെ ഗുരുവായൂര്‍'.

ഇനിയും ഇത്തരം സൗന്ദര്യമേദുരവും ശ്യാമഭാവനാസമ്പന്നവുമായ കൃഷ്ണകവിതകളുണ്ടാകുമോ നമ്മുടെ ഭാഷയില്‍? സംശയമാണ്. കാരണം, ആ കൃഷ്ണന്‍ അപഹരിക്കപ്പെട്ടിരിക്കുന്നു!