
“പുരുഷന്മാർ നേരിടാൻ ഭയക്കുന്ന കാര്യങ്ങൾ തുറന്നുകാട്ടാനും അവരെ വെല്ലുവിളിക്കാനും വേണ്ടിയാണ് ഞാൻ എഴുതുന്നത്.”
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിന്റെ സാമൂഹിക മണ്ഡലങ്ങളിൽ തന്റേടത്തോടെ മുഴങ്ങിക്കേട്ട ഈ വാക്കുകൾ ഡെലരിവിയർ മാൻലേയുടേതാണ്. (1663–1724). കവിതയ്ക്കും കഥയ്ക്കുമപ്പുറം, രാഷ്ട്രീയസ്വാധീനത്തിനുമുള്ള ആയുധമായി പേനയെ മാറ്റിയെടുത്ത ആദ്യകാല വനിതകളിൽ ഒരാളായിരുന്നു ഡെലരിവിയർ മാൻലേ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനവും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കവും ഇംഗ്ലണ്ടിലെ പത്രപ്രവർത്തനചരിത്രത്തിലെ അതിപ്രധാനമായ കാലഘട്ടമായിരുന്ന അക്കാലത്ത് ഒരു സ്ത്രീയുടെ ശബ്ദം പുറത്തു വരുന്നത് അത്യപൂർവമായിരുന്നു. സ്ത്രീകൾ വീടിനുള്ളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന കാലത്ത്, അധികാരത്തിന്റെ അകത്തളങ്ങളിലെ അഴിമതിയും കപടതയും തുറന്നുകാട്ടാൻ മാൻലേ ധൈര്യം കാട്ടി. മൂർച്ചയുള്ള വാക്കുകൾ അവരെ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ പത്രപ്രവർത്തകയും ആക്ഷേപഹാസ്യകാരിയുമാക്കി മാറ്റി.
1663-ൽ ജേഴ്സിയിൽ റോയലിസ്റ്റ് ആർമി ഓഫീസും ചരിത്രകാരനുമായിരുന്ന സർ റോജർ മാൻലേയുടെ ആറ് മക്കളിൽ മൂന്നാമത്തെ പുത്രിയായി ജനിച്ച ഡെലരിവിയർ, സാമൂഹികമായി സ്വാധീനമുള്ള, അതേസമയം സാമ്പത്തികമായി കഷ്ടതകളുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് വളർന്നത്. ഡെലാരിവിയയുടെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു പോയി. ചില പഴയ രേഖകളിൽ ഇവരുടെ പേര് 'മേരി' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അത് തെറ്റാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. മേരി എന്നത് അവരുടെ സഹോദരിയുടെ പേരായിരുന്നു. അവർ എപ്പോഴും തന്നെത്തന്നെ ഡെലരിവിയർ അല്ലെങ്കിൽ ഡെലിയ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ പ്രയാസമുണ്ടായിരുന്ന കാലമായിരുന്നുവെങ്കിലും ഡെലിയക്ക് അതിനുള്ള അവസരം ലഭിച്ചു. വിദ്യാഭ്യാസം വായനയിലേക്കും എഴുത്തിലേക്കും ഡെലിയയെ നയിച്ചു. ജോൺ മാൻലേ എന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനുമായി വിവാഹിതയായെങ്കിലും ആ ബന്ധം നീണ്ടുനിന്നില്ല. ജീവിതത്തിന്റെ അനിശ്ചിതത്വത്തെ എഴുത്തു കൊണ്ടാണവർ നേരിട്ടത്. കവിതയും നോവലുകളും എഴുതി തുടങ്ങിയ മാൻലേക്ക് രാഷ്ട്രീയത്തിൽ അതിയായ താല്പര്യമുണ്ടായിരുന്നു. ഇത് അവരെ എഴുത്തിലേക്കും പത്രപ്രവർത്തനത്തിലേക്കും നയിച്ചു.
ഇംഗ്ലണ്ടിൽ ടോറികളും (Tories) വിഗ്ഗുകളും (Whigs) തമ്മിലുള്ള കടുത്ത രാഷ്ട്രീയ മത്സരം നടക്കുന്ന കാലത്താണ് മാൻലേ ജീവിച്ചത്. രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായ ലഘുലേഖകളെയും പത്രങ്ങളെയും തന്റെ മാധ്യമമായി തിരഞ്ഞെടുത്തു.
ടോറി പാർട്ടിയെ പിന്തുണച്ചുകൊണ്ട് നിരവധി ലഘുലേഖകൾ എഴുതി. വിഗ്ഗുകളുടെ അഴിമതികളെ അതിരൂക്ഷമായി വിമർശിച്ചു. പുരുഷ എഴുത്തുകാരിൽനിന്ന് വ്യത്യസ്തമായി, താനൊരു സ്ത്രീയാണെന്ന ബോധത്തോടെ തന്നെ അവർ സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്തു. കഥാഖ്യാനവും രാഷ്ട്രീയ വിമർശനവും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞതായിരുന്നു അവരുടെ ശൈലി.
സ്ത്രീകളുടെ ശബ്ദം രാഷ്ട്രീയരംഗത്ത് ഇല്ലാത്ത കാലത്താണ് മാൻലേ തന്റെ ശബ്ദം ഉയർത്തിയത്. 'ദി എക്സാമിനർ' (The Examiner) എന്ന പത്രത്തിന്റെ എഡിറ്റർ പദവിയും വഹിച്ചു. 1694 മുതൽ 1696 വരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരന്തരം യാത്രകൾ നടത്തിയ മാൻലേ തന്റെ ആദ്യത്തെ കോമഡി നാടകം “ദി ലോസ്റ്റ് ലവർ, ദി ജെലസ് ഹസ്ബന്റ് “ 1696-ൽ പ്രസിദ്ധീകരിച്ചു. അതേ വർഷം തന്നെ “ദി റോയൽ മിസ് ചീഫ്” എന്ന ട്രാജഡിയും പ്രസിദ്ധീകരിച്ചു. 1709-ൽ പ്രസിദ്ധീകരിച്ച ‘ദി ന്യൂ അറ്റ്ലാന്റിസ്’(The New Atalantis )ആണ് മാൻലേയെ പ്രസിദ്ധിയിലേക്കുയർത്തിയത്. യാത്രാവിവരണത്തിന്റെ രീതിയിൽ എഴുതിയ ഈ കൃതി യഥാർത്ഥത്തിൽ ഇംഗ്ലണ്ടിന്റെ അഴിമതിയുടെയും കപടതയുടെയും നേർചിത്രം തന്നെയായിരുന്നു.
ഇതിൽ ഒരു സാങ്കൽപ്പിക ദ്വീപിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ബ്രിട്ടീഷ് രാഷ്ട്രീയത്തെ അവർ രൂക്ഷമായി പരിഹസിച്ചു. ഈ കൃതി വലിയ വിവാദങ്ങൾക്ക് കാരണമാവുകയും അവഹേളന കുറ്റത്തിന് മാൻലേ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ, തന്റെ കഥാപാത്രങ്ങൾ സാങ്കൽപ്പികമാണെന്ന നിലപാടിൽ അവർ ഉറച്ചുനിന്നതോടെ കുറ്റാരോപണങ്ങൾ ഒഴിവാക്കപ്പെട്ടു. അധികാരികളെ ദേഷ്യം പിടിപ്പിച്ച ഈ പുസ്തകത്തെ വായനക്കാർ ആവേശത്തോടെ സ്വീകരിച്ചു. മാൻലേയെക്കുറിച്ചുള്ള മിക്ക വിവരങ്ങളും അവർ രചിച്ച 'ദ ന്യൂ അററ്ലാന്റിസ്' (The New Atalantis), 'അഡ്വഞ്ചേഴ്സ് ഓഫ് റിവെല്ല' (Adventures of Rivella) എന്നീ കൃതികളിൽ നിന്നാണ് ലഭിക്കുന്നത്.
മാൻലേയുടെ രചനകൾ രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിന്നില്ല. സ്ത്രീകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും മാന്ലി എഴുതുകയും പറയുകയും ചെയ്തു. കേവലം അഭിപ്രായപ്രകടനത്തിലുപരി പ്രതിരോധമായിരുന്നു അവർ സൃഷ്ടിച്ചത്. അഫ്ര ബെൻ, എലിസ ഹേവുഡ് എന്നിവർക്കൊപ്പം മാൻലിയെയും "ബുദ്ധിവൈഭവത്തിന്റെ സുന്ദരത്രയം" (the fair triumvirate of wit) എന്ന് വിളിച്ചിരുന്നു.
സ്ത്രീകൾ രാഷ്ട്രീയഹാസ്യം എഴുതുന്നത് അപൂർവമായിരുന്ന അക്കാലത്ത് മാൻലേ തന്റെ എഴുത്തിലൂടെ അധികാരത്തിന്റെ മുഖംമൂടികൾ വലിച്ചു കീറി. “സ്ത്രീയ്ക്കു യോഗ്യമല്ലാത്ത” ധൈര്യമായി പലരും അവരുടെ എഴുത്തിനെ വിശേഷിപ്പിച്ചു. എന്നാൽ, മാൻലേ അതൊന്നും വകവച്ചില്ല. “സത്യം പറയാനുള്ള അവകാശം” തനിക്കുണ്ടെന്നവർ ശക്തമായി മറുപടി നൽകി. മാൻലേ പലവിധത്തിലുള്ള ആക്രമണങ്ങൾ നേരിട്ടു.
അവരുടെ പല രചനകളും “അച്ചടക്കമില്ലാത്തതായി” വിശേഷിപ്പിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തു. പത്രങ്ങളിലും പൊതുവേദികളിലും മാന്ലി നിന്ദിക്കപ്പെട്ടു. ഭയന്ന് നിശ്ശബ്ദയാകാതെ കൂടുതൽ ശക്തമായ വാക്കുകളിലൂടെ പ്രതികരിക്കുകയാണ് ചെയ്തത്. “എഴുത്ത് തൊഴിൽ മാത്രമല്ല, സാമൂഹിക ഇടപെടൽ കൂടിയാണ്”എന്ന് മാൻലേ തെളിയിച്ചു. പത്രപ്രവർത്തനരംഗത്ത് ധീരമായി തന്നെ നിൽക്കുകയും സ്വന്തം സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിലെ ആദ്യകാല സ്ത്രീ പത്രപ്രവർത്തകയെന്ന നിലയിലും സ്ത്രീകൾക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ടെന്ന് തെളിയിച്ച എഴുത്തുകാരിയെന്ന നിലയിലും മാൻലേ അറിയപ്പെടുന്നു. 1720-ൽ 'ദ പവർ ഓഫ് ലവ് ഇൻ സെവൻ നോവൽസ്' എന്ന അവസാനത്തെ പ്രധാന കൃതി പ്രസിദ്ധീകരിച്ചു. ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ തങ്ങളെ വഞ്ചിച്ച പുരുഷന്മാരോട് പ്രതികാരം ചെയ്യുന്നവരായിരുന്നു.
ഇംഗ്ലണ്ടിലെ ആദ്യത്തെ രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാൾ,രാഷ്ട്രീയം പറയാൻ ആക്ഷേപഹാസ്യം ഉപയോഗിച്ച സമർത്ഥയായ പത്രപ്രവർത്തക, പൊതുവിഷയങ്ങളിൽ സ്ത്രീകൾക്കും ഇടപെടാമെന്ന് തെളിയിച്ച വിപ്ലവകാരി തുടങ്ങി പല തലങ്ങളിൽ മാൻലേ പിൽക്കാല തലമുറകളിൽ കാര്യമായ സ്വാധീനം ചെലുത്തി. മാൻലേയെ മാതൃകയാക്കി അനേകം സ്ത്രീകൾ മാധ്യമരംഗത്തേക്കും സാഹിത്യരംഗത്തേക്കും കടന്നുവന്നു.
1724 ജൂലൈയിൽ മാൻലേ അന്തരിച്ചു. ലണ്ടനിലെ സെന്റ് ബെനറ്റ് പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വളരെ പ്രശസ്തയായിരുന്നുവെങ്കിലും 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒരു പറ്റം വിമർശകർ അവരെ ഒരു "വിവാദ എഴുത്തുകാരി" ആയി മാത്രം കണ്ടു. എന്നാൽ, പിൽക്കാലത്ത് പട്രീഷ്യ കോസ്റ്റർ, ജാനറ്റ് ടോഡ് തുടങ്ങിയവർ മാൻലേയുടെ രചനകളെ പുനർമൂല്യനിർണ്ണയം ചെയ്യുകയും അവരെ ഒരു ആദ്യകാല ഫെമിനിസ്റ്റ് (proto-feminist) ആയി അടയാളപ്പെടുത്തുകയും ചെയ്തു.
എഴുത്ത് രാഷ്ട്രീയ- സാമൂഹ്യ വിമർശനത്തിനുള ആയുധമാക്കാമെന്ന്, സമൂഹത്തെ മാറ്റാനുള്ള പ്രചോദനവുമായി സ്വയം മാറാമെന്ന് ഡെലരിവിയർ മാൻലേ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു.
Content Highlights: One of the first female political journalists in 18th-century England., Used biting satire to expose political corruption and hypocrisy., Authored the controversial and influential work 'The New Atalantis'.
Published: 11 Apr 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented