
ആ പത്രപ്രവർത്തകയ്ക്ക് കോടതി വിധിച്ചത് ഡക്കിംഗ് സ്റ്റൂൾ* എന്ന ശിക്ഷയായിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി റിപ്പോർട്ട് ചെയ്തതിന് പൊതു വഴക്കാളി, ശല്യക്കാരി എന്നൊക്കെ മുദ്ര കുത്തി കോടതി ശിക്ഷിച്ച ആൻ റോയൽ എന്ന പത്രപ്രവർത്തക സ്വന്തമായി പത്രം നടത്തിയ ആദ്യത്തെ അമേരിക്കൻ സ്ത്രീയാണ്. തിയോഡോർ റൂസ്‌വെൽറ്റ് "മക്‌റേക്കർ" (അഴിമതി പുറത്തുകൊണ്ടുവരുന്നവർ) എന്ന പദം ഉപയോഗിക്കുന്നതിന് എത്രയോ മുമ്പ് തന്നെ, വാഷിംഗ്ടൺ ഡി.സിയിലെ അധികാര കേന്ദ്രങ്ങളിലുള്ള അഴിമതിക്കാരെ തന്റെ തൂലിക കൊണ്ടു വിറപ്പിച്ചിരുന്ന ആൻ ന്യൂപോർട്ട് റോയൽ (1769–1854) അമേരിക്കയിലെ ആദ്യത്തെ പ്രൊഫഷണൽ വനിതാ പത്രപ്രവർത്തകരിൽ ഒരാളും, മികച്ച യാത്രാ വിവരണക്കാരിയുമായിരുന്നു. എന്നാൽ അവർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് "കോമൺ സ്കോൾഡ്" (പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നവൾ) എന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ അവസാനത്തെ വ്യക്തി എന്ന നിലയിലാണ്.
19-ാം നൂറ്റാണ്ടിലെ അമേരിക്കൻ ജനാധിപത്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ പത്രപ്രവർത്തകയുടെ ജീവിതകഥ. ആൻ റോയലിന്റെ ആദ്യകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. മേരിലാൻഡിൽ ജനിച്ച് പെൻസിൽവാനിയയിലെയും വിർജീനിയയിലെയും കാട്ടുപ്രദേശങ്ങളിൽ വളർന്ന ആൻ വിധവയായ അമ്മയോടൊപ്പം മേജർ വില്യം റോയൽ എന്ന ധനികന്റെ വീട്ടിൽ ജോലിക്ക് പോയതോടെ ജീവിതം മാറി മറിഞ്ഞു. പുസ്തകങ്ങളോടുള്ള ആനിന്റെ താല്പര്യം ശ്രദ്ധിച്ച വില്യം റോയൽ, അവൾക്ക് വിദ്യാഭ്യാസം നൽകി. ചരിത്രവും രാഷ്ട്രീയവും തത്ത്വചിന്തയും പഠിപ്പിച്ചു. അക്കാലത്ത് സ്ത്രീകൾ ഇത്തരം വിഷയങ്ങൾ പഠിക്കുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. വോൾട്ടെയറും ഷേക്‌സ്പിയറും ഉൾപ്പെടെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളുള്ള തന്റെ സ്വകാര്യ ഗ്രന്ഥശാല അദ്ദേഹം അവൾക്കായി തുറന്നുകൊടുത്തു. 1797- ൽ തന്നേക്കാൾ ഇരുപത് വയസ് മുതിർന്ന വില്യം റോയലിനെ ആൻ വിവാഹം കഴിച്ചു.
എന്നാൽ 1812-ൽ മേജർ മരിച്ചതോടെ ആനിന്റെ ജീവിതം വീണ്ടും ഇരുട്ടിലായി. മേജർ വില്യമിന്റെ ബന്ധുക്കൾ കോടതിയിൽ കേസ് കൊടുത്ത് ഭർത്താവ് വില്യമിന്റെ സ്വത്തുക്കളുടെ അവകാശം നേടുന്നതിൽ നിന്ന് അവരെ പുറത്താക്കി. അൻപതുകളിലെത്തിയ ആൻ പട്ടിണിയിലായെങ്കിലും തോറ്റുകൊടുക്കാൻ തയ്യാറായില്ല.
1824-ൽ, തന്റെ അൻപത്തിയഞ്ചാം വയസ്സിൽ അമേരിക്കയിലുടനീളം യാത്ര ചെയ്ത് യാത്രയും പത്രപ്രവർത്തനവും ഒരുമിപ്പിക്കുന്ന പുതിയ ഒരു എഴുത്തുരീതി ആവിഷ്ക്കരിച്ച് അമേരിക്കയിലെ ആദ്യത്തെ യാത്രാവിവരണ എഴുത്തുകാരികളിൽ ഒരാളായി ആൻ റോയൽ മാറി. കാൽനടയായും കുതിരവണ്ടിയിലുമായി രാജ്യം മുഴുവൻ സഞ്ചരിച്ച് പത്ത് വാല്യങ്ങളിലായി യാത്രാവിവരണങ്ങൾ പ്രസിദ്ധീകരിച്ചു. അവ വെറും യാത്രാവിവരണങ്ങൾ ആയിരുന്നില്ല, രാഷ്ട്രീയക്കാരെയും അഴിമതിക്കാരെയും നിശിതമായി വിമർശിക്കുന്നവയും അമേരിക്കയുടെ അന്നത്തെ സാമ്പത്തിക-സാമൂഹിക അവസ്ഥയെക്കുറിച്ചുള്ള പ്രതിപാദിക്കുന്ന മികച്ച റിപ്പോർട്ടുകൾ കൂടിയായിരുന്നു.
എ ട്രാവലർ എന്ന തൂലികാനാമത്തിൽ പ്രസിദ്ധീകരിച്ച സ്കെച്ചസ് ഓഫ് ഹിസ്റ്ററി, ലൈഫ് ആൻഡ് മാനേഴ്സ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് (1826) യാത്രാ പുസ്തകം അന്നത്തെ അമേരിക്കൻ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകളെക്കുറിച്ചും മോശപ്പെട്ട റോഡുകളെക്കുറിച്ചും ആവശ്യമായ ഗതാഗത സംവിധാനങ്ങളെക്കുറിച്ചും അവർ നിരന്തരം എഴുതിക്കൊണ്ടിരുന്നു.
വാഷിംഗ്ടൺ ഡി.സിയിൽ താമസമാക്കിയ ആൻ അവിടുത്തെ ഭരണാധികാരികൾക്ക് തലവേദനയായി മാറി. മതവും സർക്കാരും തമ്മിൽ അകന്നു നിൽക്കണമെന്ന് അവർ നിരന്തരം എഴുതിക്കൊണ്ടിരുന്നു. തന്റെ വീടിനടുത്തുള്ള പള്ളിയിൽ നിന്നു സദാ കേൾക്കുന്ന ബഹളത്തെയും അതിനു കാരണക്കാരായ വിശ്വാസികളെയും ആൻ പരസ്യമായി എതിർത്തു.
ആനിനെ നിശബ്ദയാക്കാനായി ശത്രുക്കൾ കോടതിയിലെത്തി. പത്രപ്രവർത്തക എന്ന നിലയിലുള്ള അവരുടെ അന്തസ്സിനെ തകർക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്തെ പ്രമുഖരായ പലരും അവരെ ഒരു "ഭ്രാന്തി" ആയോ അല്ലെങ്കിൽ "ശല്യക്കാരി" ആയോ ആണ് ചിത്രീകരിച്ചത് . സ്ത്രീകളെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന "കോമൺ സ്കോൾഡ്" എന്ന പഴയ നിയമപ്രകാരം ആനിനെ ശിക്ഷിക്കാൻ അവർ ശ്രമിച്ചു. വെള്ളത്തിൽ മുക്കിയെടുക്കുന്ന "ഡക്കിംഗ് സ്റ്റൂൾ" എന്ന ശിക്ഷയായിരുന്നു വിധിച്ചത്. ആൻ അറുപത് വയസ് പിന്നിട്ടതിനാലും അതി ശൈത്യകാലമായതു കൊണ്ടും ശിക്ഷ പത്ത് ഡോളർ പിഴയായി ചുരുക്കി. അവർക്കുവേണ്ടി രണ്ട് പത്രപ്രവർത്തകരാണ് ആ പിഴ അടച്ചത്.
കോടതി ശിക്ഷ വിധിച്ചതൊന്നും ആനിനെ തളർത്തിയില്ല. 1831-ൽ അവർ പോൾ പ്രൈ (Paul Pry )എന്ന പത്രം ആരംഭിച്ചു. പത്രത്തിന്റെ എഡിറ്ററും റിപ്പോർട്ടറും വിതരണക്കാരിയുമെല്ലാം അവർ തന്നെയായിരുന്നു. രാഷ്ട്രീയത്തിലെ സകലമാന തിന്മകളെയും തുറന്നുകാട്ടാൻ അവർ പത്രത്തെ ഉപാധിയാക്കി. സർക്കാർഭൂമി ഇടപാടുകളിലെയും ഉദ്യോഗസ്ഥ തലത്തിലെയും തട്ടിപ്പുകൾ അവർ പുറത്തുകൊണ്ടുവന്നു.
പോൾ പ്രൈ പത്രത്തിന് ശേഷം ഏകദേശം ഇരുപതു വർഷത്തോളം ആൻ റോയൽ ദി ഹണ്ട്രസ് (The Huntress ) എന്ന പത്രം നടത്തി. മതവും ഭരണകൂടവും ഒന്നാകുന്ന സമ്പ്രദായത്തിനെതിരെ അവർ തന്റെ അവസാന ശ്വാസംവരെ പോരാടി. ആൻ റോയലിന്റെ ശൈലി ഇന്നത്തെ അഗ്രസീവ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന് (Aggressive Investigative Journalism) സമാനമായിരുന്നു. അവരുടെ പത്രപ്രവർത്തന ശൈലിയും അവർ നേരിട്ട കഠിനമായ വെല്ലുവിളികളും അക്കാലത്തെ പുരുഷ പത്രപ്രവർത്തകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വളച്ചൊടിക്കാതെ കാര്യങ്ങൾ നേരിട്ട് ചോദിക്കുന്നതായിരുന്നു അവരുടെ രീതി. പ്രസിഡന്റായാലും സാധാരണക്കാരനായാലും ആൻ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. വാർത്തകൾ വെറുതെ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, പരിഹാസത്തോടെ ( sarcasm) സ്വന്തം അഭിപ്രായം കൂടി കലർത്താൻ അവർക്ക് പ്രത്യേക വൈഭവമുണ്ടായിരുന്നു. കുറ്റം ചെയ്യുന്നവരെ ‘മോശമായി പെരുമാറുന്നവർ' 'അഴിമതിക്കാർ' എന്നൊക്കെ പരസ്യമായി വിളിക്കാൻ അവർ മടിച്ചില്ല. ദരിദ്രർ, വിധവകൾ, സൈനിക സേവനത്തിന് ശേഷം അവഗണിക്കപ്പെട്ടവർ എന്നിവർക്കൊക്കെ വേണ്ടി ആൻ നിരന്തരം സംസാരിച്ചു. താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങൾ അധികാരകേന്ദ്രങ്ങളെ അറിയിക്കാൻ അവർ തന്റെ പത്രത്തെ ആയുധമാക്കി.
രാഷ്ട്രീയക്കാരെ നേരിട്ട് കണ്ട് ചോദ്യങ്ങൾ ചോദിക്കുന്ന രീതി (Political Interview) വികസിപ്പിച്ചെടുത്തവരിൽ ഒരാളാണ് ആൻ റോയൽ. ജെയിംസ് മൺറോ മുതൽ ഫ്രാങ്ക്ളിൻ പിയേഴ്സ് വരെയുള്ള മിക്കവാറും എല്ലാ അമേരിക്കൻ പ്രസിഡന്റുമാരുമായും അവർ അഭിമുഖം നടത്തി. ഔദ്യോഗികമായ രീതിക്ക് പകരം വളരെ തുറന്നതും വ്യക്തിപരവുമായ അഭിമുഖ രീതിയായിരുന്നു അവർ സ്വീകരിച്ചത്.
ആൻ റോയൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ക്വിൻസി ആഡംസിനെ ഇന്റർവ്യൂ ചെയ്തത് പത്രപ്രവർത്തന ചരിത്രത്തിലെ തന്നെ അപൂർവ്വ സംഭവമായിരുന്നു.
അക്കാലത്ത് പ്രസിഡന്റുമാർ മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകുന്ന പതിവ് കുറവായിരുന്നു. എന്നാൽ ആൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. പ്രസിഡന്റ് ജോൺ ക്വിൻസി ആഡംസ് പുലർച്ചെ പോട്ടോമാക് നദിയിൽ വസ്ത്രങ്ങളില്ലാതെ കുളിക്കാൻ (Skinny-dipping) എത്താറുണ്ടെന്ന് ആൻ മനസ്സിലാക്കി. ഒരു ദിവസം അദ്ദേഹം കുളിക്കാൻ ഇറങ്ങിയ സമയം നോക്കി ആൻ അവിടെ എത്തുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾക്ക് മുകളിൽ പോയി ഇരിക്കുകയും ചെയ്തു. തനിക്ക് ഒരു അഭിമുഖം നൽകാതെ അവിടെനിന്ന് മാറില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ വെള്ളത്തിൽ നിൽക്കുന്ന അവസ്ഥയിൽ പ്രസിഡന്റിന് ആനിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നു. ഈ സംഭവത്തിന് ശേഷം ആഡംസ് ആനിനെ ബഹുമാനപൂർവ്വം "മനോഹരമായ പടച്ചട്ടയണിഞ്ഞ ധീരയായ സ്ത്രീ" എന്നും “എനിക്ക് ഇഷ്ടമുള്ള ഒരു ശല്യം” എന്നുമാണ് വിശേഷിപ്പിച്ചത്. ഒരു അമേരിക്കൻ പ്രസിഡന്റിനെ അഭിമുഖം ചെയ്യാൻ അനുമതി ലഭിച്ച ആദ്യ വനിതാ പത്രപ്രവർത്തകയായിരിക്കാം ആൻ റോയൽ.
ഒരു സ്ത്രീ ഒറ്റയ്ക്ക് പത്രം നടത്തുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്താണ് ആൻ തന്റെ പത്രത്തിലൂടെ ധീരമായി പോരാടിയത്. നിരവധി വെല്ലുവിളികൾ നേരിട്ട് കൊണ്ടാണ് അവർ പത്രം നടത്തിയത്. പത്രം അച്ചടിക്കാനുള്ള പണം കണ്ടെത്താൻ അവർ ഏറെ കഷ്ടപ്പെട്ടു. പലപ്പോഴും പഴയ വസ്ത്രങ്ങൾ ധരിച്ചും നേരാം വണ്ണം ഭക്ഷണം കഴിക്കാതെയും അവർ തന്റെ പത്രത്തിനാവശ്യമായ പണം കണ്ടെത്തി. അച്ചടിശാലയിലേക്ക് ആവശ്യമായ ടൈപ്പുകൾ വാങ്ങാൻ പോലും പലപ്പോഴും അവർക്ക് ബുദ്ധിമുട്ടേണ്ടി വന്നു.
ആൻ റോയൽ പത്രത്തിന്റെ എഡിറ്റർ മാത്രമായിരുന്നില്ല. വാർത്തകൾ ശേഖരിക്കുക, എഴുതുക, പ്രൂഫ് റീഡിംഗ് നടത്തുക, പത്രം അച്ചടിക്കുക, വിതരണം ചെയ്യുക എന്നിങ്ങനെ എല്ലാ ജോലികളും അവർ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. അഴിമതികൾ തുറന്നു കാട്ടിയതിനെത്തുടർന്ന് ആൻ റോയലിന് പലതവണ ശാരീരിക ആക്രമണങ്ങൾ നേരിടേണ്ടി വന്നു. ഒരിക്കൽ ഒരു മതതീവ്രവാദി ഗോവണിയിൽ നിന്ന് അവരെ തള്ളിയിട്ടു. ആ വീഴ്ചയിൽ അവരുടെ കാലിന് ഗുരുതരമായ പരിക്കേറ്റു. ഇത്തരം ആക്രമണങ്ങളോ സാമൂഹികമായ ഒറ്റപ്പെടുത്തലോ ഒരിക്കലും അവരുടെ ആത്മവീര്യത്തെ തളർത്തിയില്ല.
മൂന്ന് വാല്യങ്ങളിലായി പുറത്തിറങ്ങിയ ദി ബ്ലാക്ക് ബുക്ക് എന്ന ആനിന്റെ പുസ്തകം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. അഴിമതിക്കാരെന്ന് തനിക്ക് തോന്നിയ ആളുകളുടെ പേരുകൾ അവർ ഇതിൽ "ബ്ലാക്ക് ലിസ്റ്റ്" ചെയ്തിരുന്നു. 1830 ൽ പുറത്തിറങ്ങിയ ലെറ്റേഴ്സ് ഫ്രം അലബാമ എന്ന പുസ്തകം അലബാമ സംസ്ഥാനത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട ചരിത്രരേഖയായി ഇന്നും പരിഗണിക്കപ്പെടുന്നു.
1854-ൽ 85-ാം വയസ്സിൽ മരിക്കുന്നത് വരെ ആൻ തന്റെ പത്രപ്രവർത്തനം തുടർന്നു. സ്ത്രീ എഴുത്തുകാർ പ്രണയകഥകൾ മാത്രം എഴുതിയിരുന്ന കാലത്ത്, രാഷ്ട്രീയത്തിലെയും ഭരണകൂടത്തിലെയും അഴിമതിക്കെതിരെ പേന ചലിപ്പിച്ച ധീരയായ വനിതയായിരുന്നു അവർ. വെറുമൊരു വാർത്താ റിപ്പോർട്ടർ എന്നതിലുപരി ആരെയും കൂസാതെ സത്യം ഉറക്കെ വിളിച്ചുപറഞ്ഞ പത്രപ്രവർത്തകയായിരുന്നു ആൻ റോയൽ . യാത്രയും പത്രപ്രവർത്തനവും കൂട്ടിയിണക്കി, മികച്ച സഞ്ചാരസാഹിത്യകാരിയായും ധീരയായ അന്വേഷണാത്മക പത്രപ്രവർത്തകയായും സ്വയം തെളിയിച്ച ആൻ റോയലിനെ പോലെ ദൃഢനിശ്ചയമുള്ള മറ്റൊരു സ്ത്രീയെ അമേരിക്കൻ പത്രപ്രവർത്തന ചരിത്രത്തിൽ കണ്ടെത്തുക പ്രയാസമാണ്.
വാഷിംഗ്ടൺ ഡി.സിയിലെ കോൺഗ്രഷണൽ സെമിത്തേരിയിൽ അവർ അന്ത്യവിശ്രമം കൊള്ളുന്നു.
xxx
*പഴയകാലത്ത് യൂറോപ്പിലും അമേരിക്കയിലും നിലനിന്നിരുന്ന തികച്ചും വിചിത്രവും അപമാനകരവുമായ ഒരു ശിക്ഷാരീതിയാണ് ഡക്കിംഗ് സ്റ്റൂൾ (Ducking Stool). പ്രധാനമായും സ്ത്രീകളെ ശിക്ഷിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. ഡക്കിംഗ് സ്‌റ്റൂൾ എന്ന് പറയുന്നത് നീളമുള്ള മരത്തടിയിൽ ഘടിപ്പിച്ച കസേരയാണ്. ഒരു നദിയുടെയോ കുളത്തിന്റെയോ കരയിൽ ഈ ഉപകരണം സ്ഥാപിച്ച് കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ ഈ കസേരയിൽ ഇരുത്തി ബലമായി കെട്ടിയിടും. കസേര ഒരു ലിവർ പോലെ പ്രവർത്തിപ്പിച്ച് കുറ്റവാളിയെ വെള്ളത്തിൽ മുക്കുകയും പൊക്കുകയും ചെയ്യുന്നതാണ് ശിക്ഷ.
അയൽക്കാരുമായി വഴക്കിടുകയോ, പൊതുസ്ഥലത്ത് ബഹളം വെക്കുകയോ ചെയ്യുന്ന സ്ത്രീകളെ (ഇവരെ ‘ Common Scolds' എന്ന് വിളിച്ചിരുന്നു) ശിക്ഷിക്കാൻ ഇത് ഉപയോഗിച്ചു. മന്ത്രവാദം ആരോപിക്കപ്പെട്ട സ്ത്രീകളെ പരീക്ഷിക്കാനും ചിലപ്പോൾ ഇത് ഉപയോഗിച്ചിരുന്നു. ശാരീരിക പീഡനത്തേക്കാൾ കുറ്റവാളിയെ പൊതുജനമധ്യത്തിൽ അപമാനിക്കുക എന്നതായിരുന്നു ഈ ശിക്ഷയുടെ പ്രധാന ഉദ്ദേശ്യം. വെള്ളത്തിൽ എത്ര തവണ മുക്കണം എന്നത് കുറ്റത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും. അതിശൈത്യമുള്ള സമയത്ത് വെള്ളത്തിൽ മുക്കുന്നത് മരണത്തിന് വരെ കാരണമാകാറുണ്ടായിരുന്നു.
Content Highlights: Discover Ann Royall, America`s first female professional journalist and travel writer.
Published: 11 Feb 2026, 04:48 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented