സോണിയയെ ഗർഭിണിയായിരിക്കുമ്പോഴാണ് ഞങ്ങൾ ഒരു സിംഗിൾ ഫാമിലി ഹൗസ് വാങ്ങിക്കുന്നത്. ചുറ്റും ചെടികളും പൂക്കളുമൊക്കെയുള്ള ഒരു ബംഗ്ലാവ്‌പോലുള്ള വീടായിരുന്നു അത്. ഇന്നും എനിക്കേറെ ഇഷ്ടമുള്ള വീടായിരുന്നു അത്. അതൊരു അതിഥിമന്ദിരം തന്നെയായിരുന്നു. അമേരിക്കയിലെ കേരളാഹൗസ് എന്നായിരുന്നു കൂട്ടുകാർ കളിയാക്കിയിരുന്നത്. വിവിധമേഖലയിലെ പ്രതിഭകൾ ഉൾപ്പെടെയുള്ളവർ ആരെങ്കിലുമൊക്കെയായി എപ്പോഴും വീട്ടിലുണ്ടാവുമായിരുന്നു. പെട്ടെന്ന് എന്തെങ്കിലും പരിപാടികൾ നടത്തേണ്ടിവരുമ്പോൾ മലയാളിഗസ്റ്റിനെ വത്സലയുടെയും ശേഖറിന്റെ വീട്ടിൽ പോയി നോക്കിയാൽ കിട്ടും എന്നവർ കളിയാക്കുമായിരുന്നു. റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരാണ് വീട് വാങ്ങിക്കാനും വിൽക്കാനും ഇടനിൽക്കുന്നത്. വീടിനകത്തെ സൗകര്യങ്ങളും ഉപകരണങ്ങളുമാണ് വീടിന്റെ ബഡ്ജറ്റ് നിശ്ചയിക്കുന്നത്. ഉപയോഗിച്ച വീടുകളാണ് വിൽപനയ്ക്കുവെച്ചിരിക്കുക. പുതിയ വീടുകൾ വാങ്ങുക എന്നത് സാമ്പത്തികമായി വലിയ ബാധ്യതയാണ്. മിഡിൽ ക്ലാസുകാരുടെ മുഖ്യതിരഞ്ഞെടുപ്പ് ഉപയോഗിച്ച വീടുകൾ തന്നെയായിരിക്കും. ഇവിടുത്തെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് അതിസങ്കീർണമാണ്. അതുപോലെ എളുപ്പവുമാണ്; കൈയിൽ പണമുള്ളവർക്ക്. നമ്മുടെ ജീവിതനിലവാരവും പ്രായവും മാറുന്നതിനനുസരിച്ച് വീടിന്റെ വലിപ്പവും സാങ്കേതികത്വവുമൊക്കെ മാറുന്നത് ഇവിടെ പതിവാണ്. ബാങ്കുമായിട്ടാണ് ജീവിതകാലമുടനീളമുള്ള കരാറുകളും ഇടപാടുകളും.

To advertise here,

ഏകദേശം ഒമ്പത് വർഷത്തോളം പ്രഭയുടെ മകൻ രാകേഷ് ഞങ്ങൾക്കൊപ്പമാണ് താമസിച്ചത്. എല്ലാവരെയും ഉൾക്കൊള്ളാൻ പറ്റുന്ന തരത്തിൽ വലിയൊരു വീടുതന്നെയായിരുന്നു അന്ന് ഞങ്ങൾ തിരഞ്ഞെടുത്തത്. മക്കൾ വലുതായി അവർക്കെല്ലാം കുടുംബമായപ്പോൾ വീട് പരിപാലിക്കാൻ ആളില്ലാതായി. അപ്പോൾ വീണ്ടും മിതമായ സൗകര്യമുള്ള ഒരു വീട് നോക്കി കണ്ടുപിടിച്ചു. ഇനി ഇതിൽ നിന്നും മാറില്ലെന്നാണ് ഇതുവരെയുള്ള ഞങ്ങളുടെ നിലപാട്.

55 പ്ലസ് എന്നൊരു കൺസെപ്റ്റിൽ നിർമിക്കപ്പെടുന്ന വീടുകൾ അമേരിക്കയിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വീൽചെയർ കടക്കുന്ന വാതിലുകൾ, റാംപുകൾ, മുകൾനിലയിലേക്ക് ലിഫ്റ്റ്, ബാത് റൂമിൽ പിടിക്കാനും ഇരിക്കാനുമുള്ള പ്രത്യേക സംവിധാനങ്ങൾ തുടങ്ങിയവയൊക്കെ ഉൾപ്പെടുത്തിയുള്ള വീടുകളാണ് 50 പ്ലസ് കൺസെപ്റ്റിൽ വരുന്നത്. അത്തരത്തിൽ ഒന്നിലാണ് ഇപ്പോൾ താമസം. തൊട്ടടുത്ത വീടുകളിൽ അധികം പേരും റിട്ടയേഡ് ആയിട്ടുള്ളവരാണ്.

വീട് നമ്മൾക്ക് വളരെ വൈകാരികമായ ഒന്നാണല്ലോ. ആദ്യകാലത്തൊക്കെ സ്വന്തമായൊരു വീട് എന്ന മോഹത്തിന് പിന്നാലെ ധാരാളം അധ്വാനിച്ചുവെങ്കിലും പിന്നീടുള്ള എന്റെ പരിഗണനകളെല്ലാം ജോലിയും ജീവിതവും ഒന്നിച്ചുകൊണ്ടുപോകാനുള്ള സൗകര്യത്തിനായിരുന്നു. ആ സൗകര്യം പരിഗണിക്കുന്നതിനായി വീടുകളിൽ നിന്ന് വീടുകളിലേക്ക് മാറി. എന്റെ കറിവേപ്പിനും മുല്ലയ്ക്കും സൗകര്യപ്രദമായി ജീവിക്കാനുള്ള സ്ഥലവും സാഹചര്യവുമുണ്ടായിരിക്കണം എന്നുമാത്രമേ എനിക്ക് നിർബന്ധമുണ്ടായിരുന്നുള്ളൂ. അതിഥികളെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ട ജീവിതമാണ് ഞങ്ങളുടേത്. ഒരുപാട് പേർ ഞങ്ങൾക്കൊപ്പം താമസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്നവർക്ക് കൂടി താമസിക്കാനുള്ള വീടായിരിക്കണം എന്നതായിരുന്നു വീടിനെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കല്പം. ഒരിക്കലും കണ്ടിട്ടില്ലാത്ത, പിന്നീടിങ്ങോട്ട് ഇതുവരെ കണ്ടുമുട്ടാത്ത ആളുകൾപോലും വീട്ടിൽ പല സഹാചര്യങ്ങളിൽ വന്ന് താമസിച്ച് പോയിട്ടുണ്ട്. എത്രയോ എഴുത്തുകാർ, സിനിമാക്കാർ, രാഷ്ട്രീയക്കാർ...

അമ്പത് കുടുംബാംഗങ്ങളായിരുന്നു ഞങ്ങൾ വരുമ്പോൾ അസോസിയേഷനിൽ ഉണ്ടായിരുന്നതെന്ന് പറഞ്ഞല്ലോ. വർഷങ്ങൾ പോകെപ്പോകെ അസോസിയേഷൻ വലുതായി. ഞങ്ങളുടെ വാർഷികാഘോഷങ്ങൾ വിപുലപ്പെടുത്തി. അന്നൊക്കെ ഞങ്ങൾക്ക് അതിജീവനമായിരുന്നു വലുത്. എല്ലാ മലയാളികളും സാഹോദര്യം പുലർത്തിയിരുന്നു. ഇന്ന് നായർ അസോസിയേഷൻ, ഈഴവ അസോസിയേഷൻ, ക്രിസ്ത്യൻ അസോസിയേഷൻ, അതിൽത്തന്നെ വിവിധ വിഭാഗങ്ങൾ.… അങ്ങനെയങ്ങനെ പിളർന്ന് വളർന്നു. ആദ്യമൊക്കെ അസോസിയേഷൻ പ്രസിഡണ്ടിന്റെ യോഗ്യത എന്നത് മികച്ച സംഘാടനമായിരുന്നെങ്കിൽ ഇന്നത് ഒരു വർഷം ഹിന്ദുവാണെങ്കിൽ അടുത്ത വർഷം ക്രിസ്ത്യൻ എന്ന നിലയിലായി. കേരള അസോസിയേഷൻ അംഗബലം കൂടിയപ്പോൾ രണ്ട് അസോസിയേഷനുമായി.

പെൻസിൽവാനിയയിലെ പിറ്റ്‌സ്ബർഗിൽ ഒരേയൊരു ക്ഷേത്രമേ ഉണ്ടായിരുന്നുള്ളൂ അക്കാലത്ത്. നല്ല മനോഹരമായ ഒന്ന്. സോണിയയെ ചോറു കൊടുക്കാൻ കൊണ്ടുപോയത് അവിടെയായിരുന്നു. ഇവിടെ സ്ഥലം വാങ്ങി ഔദ്യോഗികമായ അനുവാദം നേടിയാൽ ഷോപ്പിങ് കോംപ്ലക്‌സുകൾ പോലെത്തന്നെ നമുക്ക് ആരാധനാലയങ്ങളും പണിയാം. ഓരോന്നിനും സോണിങ് ഉണ്ട്. ഹൗസിങ് സോണിങ്, സ്‌കൂൾ സോണിങ്, ഷോപ്പിങ് സോണിങ് അങ്ങനെ... അതിനിടയിൽ കൊണ്ടുപോയി ആരാധനാലയങ്ങൾ പണിയാൻ പാടില്ല.

പിറ്റ്‌സ്ബർഗിലേക്കുള്ള യാത്രാദൂരം കാരണം വാഷിങ്ടണിൽ ഒരു ക്ഷേത്രം അത്യാവശ്യമാണെന്ന് ദൈവവിശ്വാസികൾക്ക് തോന്നി. തമിഴരും തെലുങ്കരും മലയാളികളുമടങ്ങുന്ന ദക്ഷിണേന്ത്യക്കാരായിരുന്നു മുൻകൈയെടുത്തത്. ഏതുദൈവത്തെ പ്രതിഷ്ഠിക്കും എന്ന പല തവണ കൂടിയാലോചനയ്ക്കുശേഷം ശിവ-വിഷ്ണുക്ഷേത്രം നിർമിക്കാൻ തീരുമാനമായി. അങ്ങനെ വമ്പൻ പണപ്പിരിവ് നടത്തി. പത്മനാഭസ്വാമി ക്ഷേത്രത്തിലുള്ളവരുമായി ആലോചിച്ചശേഷം തിരുവിതാംകൂർ രാജകുമാരിയാണ് അനന്തപത്മനാഭ വിഗ്രഹപ്രതിഷ്ഠ സമ്മാനിച്ചത്. ക്ഷേത്രമുണ്ടായി കുറച്ചുകഴിഞ്ഞപ്പോൾ അസ്വാരസ്യങ്ങൾ ഉടലെടുത്തു. മലയാളികളുടെ ആരാധനാരീതിയല്ല തമിഴരുടേത്. തെലുങ്കരുടേത് അതിലും വ്യത്യസ്തം. കൂട്ടത്തിൽ ബ്രാഹ്‌മണ മേൽക്കോയ്മ തലയുയർത്തി. മലയാളികളുടെ കൂട്ടത്തിൽ ബ്രാഹ്‌മണരൊന്നുമുണ്ടായിരുന്നില്ല ഈ പ്രശ്‌നം ഏറ്റെടുക്കാൻ. ക്ഷേത്ര നടത്തിപ്പുകൾ ഏറ്റെടുക്കാൻ മിടുക്കർ തെലുങ്കരായിരുന്നു. അവർ ക്ഷേത്ര നടത്തിപ്പ് കൈക്കലാക്കി. തമിഴ്‌നാട്ടിലെ ബ്രാഹ്‌മണരും വൈശ്യരും തമ്മിലുള്ള ജാതിപ്രശ്‌നം വേറെ നിലനിൽക്കുന്നുമുണ്ട്. വൈശ്യർ കുറച്ചടുത്തുതന്നെ സ്ഥലം വാങ്ങി മുരുകക്ഷേത്രം പണിതു. ഒട്ടും താമസിയാതെ തന്നേ മുരുകക്ഷേത്രത്തിനോടടുത്ത് അയ്യപ്പക്ഷേത്രവും ഉയർന്നു. വിശ്വാസികൾക്ക് പോകാൻ അമ്പലങ്ങൾ രണ്ടായി. അയ്യപ്പന്റെ കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമായതിനാൽ അധികം താമസിയാതെ തന്നെ ഒരു അയ്യപ്പക്ഷേത്രവും കുറച്ചുമാറി ഉയർന്നു. അവിടെ കാര്യമായ ഭാഷാ-ജാതി പ്രശ്‌നമുണ്ടായില്ല. ശബരിമലയ്ക്കുപോകാൻ മാലയിടുന്നവർ അവിടെ പോയി മാലയിടും, തിരികെ വന്നാൽ അവിടെ വന്ന് മാലയൂരും. ഇപ്പോൾ വാഷിങ്ടൺ ഏരിയയിൽ മാത്രം പത്തോളം ക്ഷേത്രങ്ങളുണ്ട്. ആ ക്ഷേത്രങ്ങളെല്ലാം നിറഞ്ഞുകവിയുന്ന വിശ്വാസികളുമുണ്ട്.

ക്രിസ്ത്യാനികൾ ആദ്യമാദ്യം തദ്ദേശീയരുടെ പള്ളികളിലായിരുന്നു പോയിരുന്നത്. പക്ഷേ, അവർക്കിടയിലും പലതരം വിഭാഗീയതകളാണല്ലോ. മലയാളികളുടെ ക്രിസ്ത്യൻ കമ്യൂണിറ്റികൾ ഇവിടത്തേതുപോലല്ലോ. ഇവിടെ പ്രിസിബിറ്റീരിയൻസും സെവൻത് ഡേ അഡ്വന്റിസ്റ്റും, കത്തോലിക്കരുമാണ് കൂടുതൽ. ഇവിടുത്തുകാർക്ക് പള്ളിയൊന്നും അത്ര ഗൗരവുള്ള കാര്യമല്ല. മലയാളികൾക്ക് അങ്ങനെയല്ലല്ലോ. യാക്കോബൈറ്റ്‌സ് ഒരു ഭാഗത്ത്, ഓർത്തഡോക്‌സുകാർ വേറൊരുഭാഗത്ത്, മാർത്തോമക്കാർ, യഹോവക്കാർ അങ്ങനെ… ഇവിടുത്തെ ചെറിയ പള്ളികൾ പണം കൊടുത്ത് വാങ്ങിച്ച് അതത് വിഭാഗക്കാർ തങ്ങളുടെ ആരാധനാലയമാക്കി മാറ്റുകയാണ് ചെയ്തത്. ഗൾഫ്‌നാടുകളിൽ നിന്നും വന്ന് സ്ഥിരതാമസമാക്കിയ ധാരാളം മുസ്ലിങ്ങൾ ഇവിടെയുള്ളതിനാൽ പളളികൾക്കും യാതൊരു പഞ്ഞവുമില്ല. ഹിന്ദുദൈവങ്ങൾ തമ്മിലുള്ള ഭാഷാപ്രശ്‌നമൊന്നും മുസ്ലിം പള്ളിയിലില്ല. പോരാത്തതിന് കറുത്തവർഗക്കാരിൽ ഒരു വലിയ ശതമാനം ഇസ്ലാം മതസ്ഥരുമുണ്ടല്ലോ. അടിമത്തയുഗം അവസാനിച്ചകാലത്ത് കുറേപ്പേർ ഇസ്ലാം മതം സ്വീകരിച്ചിരുന്നുവല്ലോ. അമേരിക്കയിൽ നിന്നുള്ളവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന് കുടിയേറിയവരുമായ മുസ്ലിങ്ങൾക്കായി ഒരുപാട് ആരാധനാലയങ്ങൾ ഇവിടെയുണ്ട്.

ഓണം, ക്രിസ്തുമസ്, പിക്‌നിക്… ഇതായിരുന്നു കേരള അസോസിയേഷന്റെ മുഖ്യവിഭവങ്ങൾ. അതല്ലാതെ നാട്ടിൽ നിന്നുള്ള സിനിമാ-സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ കൊണ്ടുവന്ന് വലിയ പ്രോഗ്രാമുകൾ നടത്തുമായിരുന്നു. സ്റ്റാർനൈറ്റ് ആയിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്. ന്യൂയോർക്കിലെ എൻജിനീയറായിരുന്ന വിജയൻ മേനോൻ താരാ ആർട്‌സ് എന്നൊരു സാംസ്‌കാരിക സംഘടനയ്ക്ക് തുടക്കമിട്ടിരുന്നു. നമ്മുടെ നാട്ടിലെ എല്ലാ ആർടിസ്റ്റുകളെയും ഇവിടെ കൊണ്ടുവരാനും പരിപാടികൾ സംഘടിപ്പിക്കാനുമായിരുന്നു താരാ ആർട്‌സ് സ്ഥാപിച്ചത്. അടൂർഭാസി മുതൽ ഇങ്ങോട്ടുള്ളവരെ അതിഥികളായി സത്ക്കരിക്കാൻ കഴിഞ്ഞത് അങ്ങനെയാണ്.

താരങ്ങൾ വന്നാൽ ഹോട്ടലുകളിൽ താമസിക്കാൻ ബുദ്ധിമുട്ടായിരുന്നു. കേരളീയ ഭക്ഷണം തന്നെയായിരുന്നു പ്രധാന കാരണം. അമേരിക്കൻ മലയാളികളുടെ വീടുകളുടെ സൗകര്യത്തിനനുസരിച്ച് താരങ്ങളെ താമസിപ്പിക്കുകയായിരുന്നു പതിവ്. അക്കാലത്ത് ഒന്നോ രണ്ടോ എയർലൈൻസ് മാത്രമേ നാട്ടിൽ നിന്നും അമേരിക്കയിലേക്ക് സർവീസ് നടത്തിയിട്ടുണ്ടായിരുന്നുള്ളൂ. ടിക്കറ്റ് നിരക്ക് നമുക്ക് സങ്കല്പിക്കാൻ പോലുമാവാത്തതായിരുന്നു. ഇന്നത്തെ അതേ ടിക്കറ്റ് നിരക്ക് അന്നും കൊടുത്തുകൊണ്ടിരുന്നു. ഇന്ന് വിമാനങ്ങളുടെ എണ്ണം കൂടി എന്നുമാത്രം. അന്ന് ഞങ്ങൾ നാട്ടിൽ പോയിരുന്നത് ഇവിടെ നിന്ന് ക്രെഡിറ്റ് കാർഡ് ചാർജ് ചെയ്തിട്ടായിരുന്നു. താരങ്ങളെ കൊണ്ടുവന്ന് പരിപാടി അവതരിപ്പിക്കാൻ നല്ല പണം മുടക്കുണ്ടായിരുന്നു.

നല്ല തമാശകൾ നടക്കുമായിരുന്നു അക്കാലക്ക് മക്കൾ തീരെ ചെറുതാണ്. അവർ ഈ നാട്ടിലെ ശീലങ്ങൾ കണ്ടുവളർന്നവരാണല്ലോ. മുണ്ടുമടക്കിക്കുത്തി ഷർട്ടിടാതെ വീടിനകത്തുകൂടി നടക്കുന്നവരെ കാണുമ്പോൾ അവർക്ക് അത്ഭുതമായിരുന്നു. പല്ലുതേയ്ക്കലായിരുന്നു കുട്ടികളെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന്. അവർ വളരെ അച്ചടക്കത്തോടെ വാഷ്‌ബേസിനു മുന്നിൽ നിന്ന് ആ കർമം ശീലിച്ചവരാണ്. ഒരുപാട് നേരം നടന്നുകൊണ്ട് പല്ലുതേക്കുന്നതും വളരെ ഉച്ചത്തിൽ കാർക്കിച്ച് വായ കഴുകുന്നതുമൊക്കെ അവർ അന്തംവിട്ട് നോക്കിനിൽക്കുമായിരുന്നു. ഒരുപക്ഷേ അവരുടെ കുട്ടിക്കളികളിൽ ഈ പല്ലുതേപ്പും അനുകരിക്കപ്പെട്ടിരിക്കാം. മലയാളം പഠിപ്പിക്കാനായി വെക്കേഷനിൽ നാട്ടിൽകൊണ്ടുനിർത്തിയതോടെ അനുകരണം ഏതാണ്ട് പൂർണമായി. അതോടെ കൂടുതൽ അതിശയങ്ങൾ അവരുടെ മുഖത്ത് വരുന്നത് ഒഴിവായിക്കിട്ടി. അതിഥികളുടെയും കുട്ടികളുടെ ഇടയിൽ ഞാൻ പലപ്പോഴും വിമ്മിട്ടപ്പെട്ട് നിന്നുപോകുമായിരുന്നു. കുട്ടികൾക്ക് അത്തരത്തിൽ ഒരു കൾച്ചറൽ ഇൻക്ലൂസീവ്‌നെസ്സിന് വീടുതന്നെ സാഹചര്യമൊരുക്കിയതിൽ ഇന്നും എനിക്ക് അഭിമാനമുണ്ട്. അന്ന് അവർക്കറിയില്ലായിരുന്നു അവരുടെ വീട്ടിൽ വന്നു താമസിച്ചവരുടെ മഹത്വമെന്തായിരുന്നുവെന്ന്.

സാധാരണ ഗൾഫുകാർ പണം സമ്പാദിച്ച് നാട്ടിൽ പോകുമ്പോൾ ഞങ്ങൾ പണം കടമെടുത്ത് നാട്ടിൽ പോയി, അമേരിക്കൻ സമ്മാനങ്ങൾ ആളെണ്ണം മുടക്കാതെ കൊടുത്ത് എല്ലാവരെയും തൃപ്തിപ്പെടുത്തി തിരികെ വന്ന് പണിയെടുത്ത് കടം വീട്ടുകയാണ് പതിവ്. കടം തീർന്നുവെന്ന് കണ്ടാൽ അടുത്ത കടം തരമാക്കി പിന്നെയും നാട്ടിലെത്തും. ഇതൊരു ചക്രം പോലെ തിരിഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴായിരുന്നു നാട്ടിലേക്കൊന്നു വിളിക്കാറ്. അതിനിടയിൽ ഞങ്ങൾ കണ്ടെത്തുന്ന സന്തോഷമായിരുന്നു കേരളാ അസോസിയേഷന്റെ ആഘോഷങ്ങൾ.

താരാ ആർട്‌സ് വിജയൻ മേനോൻ നിർമാതാവ് കൂടിയായിരുന്നു. അക്കരെ അക്കരെ അക്കരെ എന്ന സിനിമ അദ്ദേഹമാണ് നിർമിച്ചത്. എല്ലാവർഷവും സ്റ്റാർ നൈറ്റ് സംഘടിപ്പിച്ചിരുന്നത് വിജയൻ മേനോനായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളെയെല്ലാം അണിനിരത്തി വലിയ സ്റ്റേജ് ഷോ തന്നെയായിരുന്നു അത്. മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക ആളുകളുമായും പരിചയപ്പെടുന്നത് അങ്ങനെയാണ്. പ്രേം നസീർ മുതലുള്ള അഭിനേതാക്കളെ കേരളാ അസോസിയേഷൻ സ്‌പോൺസർ ചെയ്ത് കൊണ്ടുവന്നു. ഹോട്ടലുകളിൽ താമസിപ്പിക്കാനുള്ള പാങ്ങൊന്നും നമുക്കില്ലായിരുന്നു. ഞങ്ങളുടെയൊക്കെ വീടിന്റെ സൗകര്യമനുസരിച്ചാണ് അതിഥികളെ താമസിപ്പിച്ചിരുന്നത്. ഇന്നത്തേതുപോലെ ധാരാളം ഹോട്ടലുകളും അന്ന് ഇല്ലായിരുന്നു. പ്രേം നസീർ, ബഹദൂർ, അടൂർ ഭാസി, തോപ്പിൽ ഭാസി, കെ.പി.എസി ലളിത തുടങ്ങി ഒരുപാട് പേർക്ക് ആതിഥ്യമരുളാനായി. പ്രേംനസീറിനെപ്പോലെ അത്രമേൽ ഭവ്യതയോടെ, തെളിച്ചമോടെ, സംസാരിക്കുന്ന മനുഷ്യനെ പിന്നെ കണ്ടിട്ടില്ല. കെ.പി.എ.സി ലളിതയുടെ ഛായയുണ്ട് എനിക്ക് എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു.

പ്രേംനസീർ എന്ന മനുഷ്യൻ എന്റെ സ്വന്തം സഹോദരനായി മാറിയ ഒരു സംഭവം ഓർക്കുകയാണ്. അന്ന് ഞാൻ സോണിയയെ ഗർഭിണിയാണ്. വലിയ വയറും താങ്ങിയാണ് സ്റ്റാർനൈറ്റ് പ്രോഗ്രാമുകൾ കോ-ഓർഡിനേറ്റ് ചെയ്യുന്നത്. ഞാൻ അസോസിയേഷന്റെ എന്റർറ്റൈയ്ൻമെന്റ് കമ്മറ്റി ചെയർപേഴ്‌സണാണ്. താരങ്ങളുടെ സ്‌റ്റേജ് ഷോ നിയന്ത്രിക്കുകയാണ് പ്രധാന ചുമതല. നടി സുമലത കത്തിനിൽക്കുന്ന കാലമാണ്. വളരെ കഷ്ടപ്പെട്ടാണ് അവരെ കൊണ്ടുവന്നിരിക്കുന്നത്. പ്രേം നസീർ പരിപാടികൾ അവതരിപ്പിക്കുന്നില്ല, അനൗൺസ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. സ്റ്റേജിന്റെ എതിർവശത്താണ് ഇവർക്കുള്ള കാപ്പിയും ബിസ്‌കറ്റുകളും മറ്റും ഒരുക്കിയിരിക്കുന്നത്. പ്രേം നസീറിന് അനൗൺസ്‌മെന്റ് ക്യൂ കൊടുക്കേണ്ടത് എന്റെ ചുമതലയാണ്. എതിർവശത്ത് നിൽക്കുന്ന താരങ്ങൾ അതനുസരിച്ചാണ് സ്റ്റേജിൽ എത്തുന്നത്. ഇടയ്ക്ക് സുമലത ചൂണ്ടുവിരൽ ഒരു പ്രത്യേക ആക്ഷനിൽവെച്ച് എന്നെ വിളിക്കും. ഞാനവിടെ ചെന്ന് കാര്യമന്വേഷിക്കുമ്പോൾ അവർക്ക് കാപ്പി വേണം. ഫ്‌ളാസ്‌കിൽ നിന്നും കാപ്പി ഒഴിച്ചുകൊടുത്ത് അവരെ കംഫർട്ടാക്കി ഞാൻ പിന്നെയും വയറും വലിച്ച് സ്റ്റേജിനുപിറകിലെത്തും. അല്പസമയം കഴിയുകയേ വേണ്ടൂ സുമലത വീണ്ടും ചൂണ്ടുവിരൽ കാണിക്കുകയായി. മേശപ്പുറത്ത് എല്ലാം റെഡിയാക്കി വെച്ചിരിക്കുകയാണ്. ഒഴിച്ചുകൊടുക്കുകയേ വേണ്ടൂ. എന്റെ വയർ മുമ്പിലും പിന്നാലെ ഞാനും നടന്ന് അവിടെയെത്തി ചായ ഒഴിച്ചുകൊടുത്ത് തിരികെ നസീറിന്റെയടുക്കലെത്തി. മൂന്നാമതും അവരുടെ ചൂണ്ടുവിരൽ എനിക്കുനേരെ ചലിച്ചപ്പോൾ എഴുന്നേൽക്കാനാഞ്ഞ എന്റെ ചുമലിൽ നസീർസാർ പിടിച്ചു. അവിടെ ഇരിക്കാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അദ്ദേഹം എഴുന്നേറ്റ് നേരെ എതിർവശത്തുപോയി സുമലതയുടെ അടുക്കലെത്തി ഒന്നും മിണ്ടാതെ ഫ്‌ളാസ്‌കിൽ നിന്നും ഗ്ലാസിലേക്ക് ചായ ഒഴിച്ചു അവർക്കുനേരെ നീട്ടി. അവർ ആകെ വല്ലാതായിപ്പോയി. നസീർ സാർ ഒന്നും സംഭവിക്കാത്തമട്ടിൽ അവർക്ക് ഒരു പ്ലേറ്റിൽ സ്‌നാക്‌സും എടുത്തു മുന്നിലേക്ക് വെച്ചു. സുമലതയുടെ മുഖമാകെ രക്തം വാർന്ന അവസ്ഥയിലായി. കണ്ടുനിന്ന ഞാനും വല്ലാതെയായി. അദ്ദേഹം ഒന്നും സംഭവിക്കാത്തതുപോലെ തിരികെയെത്തി അരികിലിരുന്ന് അനൗൺസ്‌മെന്റ് തുടർന്നു.

നസീർ സാറിന് എന്റെ വീട്ടിലായിരുന്നു താമസമൊരുക്കിയിരുന്നത്. വീട്ടിലെത്തിയാൽ അദ്ദേഹം എന്നോട് എത്രകണ്ട് സഹകരിക്കാമോ അത്രയും സഹകരിക്കുമായിരുന്നു. ബെഡ്ഷീറ്റ് മാറ്റാൻ ഞാൻ ശ്രമിച്ചാൽ അദ്ദേഹം സമ്മതിക്കില്ലായിരുന്നു. വയറുകുനിച്ചുള്ള എന്റെ സാഹസം അദ്ദേഹം ഒരു സഹോദരിയുടെ അവസ്ഥയെന്നപോലെ മാനിച്ചു. വെള്ളിത്തിരയിൽ എന്റെ തലമുറ ആരാധനയോടെയും ബഹുമാനത്തോടെയും നോക്കിനിന്ന മനുഷ്യൻ എന്തൊരു ലാളിത്യത്തോടെയാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പോയി.