രാവിലെ ഒന്‍പത് മണിയോടെ പുസ്തകശാലയുടെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കട തുറക്കാന്‍ വന്ന എന്നെ കണ്ടപാടെ മാടിക്കുത്തിയ മുണ്ട് അഴിച്ച് ഭവ്യതയോടെ അയാള്‍ നിന്നു. ആരാണെന്നു ചോദിച്ചപ്പോള്‍ പറഞ്ഞു: 'സാര്‍ കട തുറന്നോ, ന്നിട്ട് സംസാരിക്കാം'. 
ഞാന്‍ പൂട്ട് തുറന്നു ഷട്ടര്‍ പൊക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെന്നെ സഹായിച്ചുകൊണ്ട് എന്റെ അരികില്‍ തന്നെ നിന്നു. വീണ്ടും ചോദിച്ചു: 

To advertise here,

ആരാണ് നിങ്ങള്‍? എന്താണാവശ്യം?
''പറയാം സാര്‍, പറയാം...സാറിന്റെ തിരക്ക് കഴിഞ്ഞോട്ടെ. ഞാന്‍ കുറച്ചുനേരമായി എത്തീട്ട്.''
''തിരക്കില്ല, നിങ്ങള്‍ കാര്യം പറയൂ.'' 
''ഞാന്‍ ഷാജി, തെരുവോര കച്ചോടക്കാരനാണ്. ഇപ്പൊ ചെരിപ്പിന്റെ കച്ചോടാണ് ചെയ്യണത്.''
''അതിനെന്താ നല്ലതല്ലേ. ഞാനും ഒന്ന് വാങ്ങണോ?''
''അയ്യോ, അതല്ല സാര്‍, ഞാന്‍ കച്ചോടവുമായി ബന്ധപ്പെട്ട ഒരു കാര്യം ചോദിക്കാന്‍ വന്നതാണ്.''
''എന്താണ്?''
''നിങ്ങളെ ബുക്ക് സ്റ്റാളിന്റെ പുറത്തെ പാര്‍ക്കിംഗ് ചെയ്യാന്‍ പറ്റാത്ത സ്ഥലത്ത് തല്‍ക്കാലത്തേക്ക് ഒരു ഷീറ്റ് വിരിച്ച് അതില്‍ ഞാന്‍ ചെറിയ തോതില്‍ കച്ചോടം നടത്തിക്കോട്ടേ?''
പുസ്തകശാലയുടെ മുറ്റത്ത് പാര്‍ക്കിങ്ങിന്റെ ഓരം ചേര്‍ന്ന് ഒരു തെങ്ങും രണ്ടു മീറ്റര്‍ മാറി അടുത്ത കെട്ടിടത്തിന്റെ മതിലും ആയിരുന്നു. അതിനിടയിലെ സ്ഥലമാണ് കക്ഷി ചോദിച്ചത്.
''നിങ്ങക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കൂല. മാത്രല്ല വേറെ വണ്ടി ആരെങ്കിലും പാര്‍ക്കുചെയ്യുന്നതും ഞങ്ങള്‍ നോക്കിക്കൊള്ളാം.''
ആദ്യമേ പറ്റില്ല എന്ന് പറയാനാണ് തോന്നിയതെങ്കിലും, അവിടം ഉപയോഗശൂന്യമായ സ്ഥലമായതുകൊണ്ടും അയാളുടെ നില്‍പ്പും എന്ന അതില്‍നിന്നു വിലക്കി.
'ഇത് ഞങ്ങളുടെ ബില്‍ഡിങ് അല്ല, ബില്‍ഡിങ്ങിന്റെ ആളുകളുമായി സംസാരിക്കൂ. അവിടെ സെക്യൂരിറ്റി ഉണ്ട്.'
എന്റെ വാക്കുകേട്ട് ''ശരി സാര്‍, അത് ഞാനേറ്റു'' എന്നും പറഞ്ഞ് ഷാജി അവിടെനിന്നും ഇറങ്ങി.
പിന്നെ ഞാന്‍ കാണുന്നത് ഷാജി കയ്യില്‍ ഒരു കവറും പിടിച്ച് സെക്യൂരിറ്റിയുമായി സംസാരിക്കുന്നതും കയ്യിലെ കവര്‍ അയാള്‍ക്ക് കൈമാറുന്നതുമാണ്. ഷാജി എനിക്കുനേരെ കൈ ചൂണ്ടിയപ്പോള്‍ സെക്യൂരിറ്റി എന്റെയടുത്ത് വന്ന് കാര്യങ്ങള്‍ തിരക്കി. 
 
''പാര്‍ക്കിങ് പ്രശ്‌നമില്ലാത്തോണ്ട് ചെയ്തോട്ടെ, ല്ലേ'' സെക്യൂരിറ്റി എന്നെ നോക്കി.
സെക്യൂരിറ്റിയുടെ കയ്യിലെ കവറില്‍ രണ്ടു ജോഡി പുതിയ ചെരിപ്പുകള്‍ പുറത്തേക്ക് തള്ളിനിന്നു.

പിറ്റേന്ന് കാലത്ത് 10 മണിയോടെ ഷാജിയുള്‍പ്പെടെ നാല്‍വര്‍ സംഘം നീലനിറത്തിലുള്ള ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് മൂന്ന് ചാക്ക് ചെരിപ്പുകള്‍ അതില്‍ കുടഞ്ഞിട്ടു. കാണാന്‍ ഭംഗിയുള്ള കറുപ്പ് നിറത്തില്‍ തിളങ്ങുന്ന ചെരുപ്പുകളായിരുന്നു അവ. ഒരു കെട്ട് ന്യൂസ് പേപ്പറും കറുത്ത പ്ലാസ്റ്റിക് കവറുകളും കൂടെ ഉണ്ടായിരുന്നു. നിരത്തിവെക്കല്‍ കഴിഞ്ഞ് ഷാജിയൊഴികെ മൂന്നു പേര്‍ അവിടെനിന്നു ബസ്സ്റ്റോപ്പ് ഭാഗത്തേക്ക് നടന്നു. 

ഞാന്‍ പുസ്തകശാലയിലെ പ്രാഥമിക ജോലികള്‍ തീര്‍ത്ത് ചായ കുടിക്കാന്‍ ഇറങ്ങി. വെയിറ്റിങ് ഷെഡ്ഡില്‍ നിര്‍ത്തിയ ബസ്സില്‍നിന്ന് കുറെ ആളുകള്‍ ഇറങ്ങിവരുന്നു, അവര്‍ക്കു മുന്നിലായി ഷാജിയുടെ സഹായികള്‍ മൂന്നു പേരും. അവര്‍ മൂവരും നേരെ വന്ന് പുസ്തകശാലയുടെ മുറ്റത്തെ ഷാജിയുടെ മൊബൈല്‍ ചെരിപ്പുകടയ്ക്ക് മുന്നില്‍ നിന്നു. ഉടന്‍ ഷാജി ചെരിപ്പിന്റെ ഗുണഗണങ്ങളെപ്പറ്റി ഉറക്കെ പറയുന്നു.

'നാട്ടില്‍ കിട്ടാത്ത ജാതി... എവര്‍ ലാസ്റ്റിംഗ് ചെരിപ്പുകള്‍ ചെറിയ വിലയില്‍...വന്നോളി...കണ്ടോളി...കൊണ്ടോയ്‌ക്കോളീ...'

പൊതുജനത്തില്‍നിന്ന് നാലഞ്ചുപേര്‍ അവര്‍ക്കൊപ്പം നിന്ന് ചെരിപ്പുകള്‍ നോക്കാന്‍ തുടങ്ങി. ആള്‍ക്കൂട്ടത്തിനൊപ്പം നടന്നുവന്ന ഷാജിയുടെ കൂട്ടാളികളില്‍ ഒന്നാമന്‍ ഒപ്പം നില്‍ക്കുന്ന മാറ്റുരണ്ടു കൂട്ടാളികളോടായി പറയുന്ന ഭാവത്തില്‍ പറഞ്ഞുതുടങ്ങി. അതിങ്ങനെയായിരുന്നു:

'എടാ ഞാനേ കഴിഞ്ഞ പ്രാവശ്യം ഇവന്റടുത്തുന്ന് ഒരു ജോഡി വാങ്ങീനി. വല്യ കൊയപ്പൊന്നൂല്യ. ഒരു കൊല്ലത്തിലും മേലെ കിട്ടീനി. മറ്റേ പീട്യെലൊക്കെ അഞ്ഞൂറും അറുന്നൂറും മിനിമം കൊടുക്കണ്ടേ. ഇതിന് കഴിഞ്ഞ പ്രാവശ്യം നൂറ്റിഅയിമ്പതോ ഇരുനൂറെറ്റോ ഏനി ഞാന്‍ കൊടുത്തത്. ഓന്‍ ബല്യ വെലയൊക്കെ പറയും മയിന്റാക്കണ്ട.''

ഇത് കേട്ടപാടെ കൂട്ടാളികളില്‍ രണ്ടാമനും മൂന്നാമനും ഓരോ ജോഡി ചെരിപ്പ് ചൂണ്ടിക്കാണിച്ച് ഷാജിയോട് അതെടുത്തുകൊടുക്കാന്‍ പറഞ്ഞു. ഷാജി രണ്ടുപേര്‍ക്കും ഓരോ ജോഡി വച്ച് കൊടുത്ത് ഒരു ഡയലോഗും.

'ഇപ്പത്തെ ട്രെന്‍ഡാ ഈ മോഡല്.' ആള്‍ക്കൂട്ടത്തില്‍നിന്നു മൂന്നുപേര്‍ അതേ മോഡല്‍ തന്നെ ചോദിക്കുന്നു, ഷാജി കൊടുക്കുന്നു. 
മൂന്നാമന്‍ വിലചോദിക്കുന്നു. 
അപ്പോള്‍ ഷാജി: ശരിക്കും 400 ആണ് നിങ്ങളൊരു 350 കൊടുത്തേക്കി. 
ഒന്നാമന്‍: അത് കൂടുതലാണെടാ 200-250 മാക്‌സിമം പേശിക്കൊ.
രണ്ടാമന്‍: (കുറച്ച് ഉച്ചത്തില്‍) അത് ഭയങ്കര കൂടുതലാ. ഷോപ്പിലെ വിലകൊടുത്ത് എന്തിനാപ്പൊ ഫുട്പാത്തിന്ന് വാങ്ങുന്ന്.

'അതെന്നെ ന്ന്.' ആവശ്യക്കാരായ ആള്‍ക്കൂട്ടവും ശരിവെയ്ക്കുന്നു.

മൂവര്‍ സംഘത്തിലെ ഒരുവന്‍ ചെരുപ്പുകള്‍ കയ്യിലേന്തി നില്‍ക്കുന്ന എല്ലാരേയും നോക്കി ഷാജിയോട് 'ഒര് 200 ന് കൊടുത്തേക്കി അഞ്ചെട്ടാള് വാങ്ങുന്നില്ലേ.'

ഷാജിയുടെ ഗംഭീര മറുപടി 'ഇങ്ങള് വാങ്ങീല്യേങ്കിലും കൊയപ്പല്യാ 200-ന് എനിക്ക് മൊതലാവൂല.'

സംഘത്തിലെ ആവശ്യക്കാരനായി അഭിനയിക്കുന്ന രണ്ടാമന്‍ 'അവസാനായിട്ട് ചോദിക്കാണ് 250 ന് തരുവെങ്കില്‍ താ ഇല്ലേല്‍ ഞമ്മള് പോവാണ.്'
ഷാജി ഒന്നൊന്നര അഭിനയപാടവം പുറത്തെടുത്തുകൊണ്ട് പറയുന്നു:'എടങ്ങേറക്കല്ലീ... ഇങ്ങക്ക് മാത്രല്ല ഈ എടുത്ത എല്ലാര്ക്കും ഞ്ഞി പ്പോ ഇതേ പൈസക്ക് കൊടുക്കേണ്ടേ... ശരി... ഒന്നും കിട്ടൂലെങ്കിലും കച്ചോടം നടക്കട്ടെ.''

കേള്‍ക്കണ്ട താമസം കൂട്ടാളികള്‍ രണ്ടുപേരും കാശുനീട്ടി. കൂടി നില്‍ക്കുന്നവരില്‍നിന്ന് അഞ്ചുപേരും ആദായ വില്പനയില്‍ പങ്കാളികളായി ചെരുപ്പ് മേടിച്ചു. ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കറുത്ത കവറിലിട്ടു നല്‍കി കാശും മേടിച്ച് ഇനി ആര്‍ക്കാ... നി ആര്‍ക്കാ.. ഈ ആദായം ഇപ്പം മാത്രം എന്ന് മറ്റുള്ളവരെ നോക്കികൊണ്ട് തുടര്‍ന്നു....! നാലാമന്റെ അവസാന ഡയലോഗ് 'മെച്ചം തന്നയാടാ.' ചെരിപ്പ് വാങ്ങിയവര്‍ അതീവ സന്തുഷ്ടരായി അവിടെനിന്നു നടന്നുനീങ്ങി.

കൂട്ടുകച്ചവടക്കാരായ മൂന്നുപേരും കെട്ടിടത്തിന്റെ അരികിലൂള്ള റോഡിലൂടെ തിരിഞ്ഞ് 10 മിനിട്ടിന് ശേഷം ലാഭം കൊയ്ത കറുത്ത കവറുകളുമായി ഷാജിയുടെ മുന്നില്‍ തിരിച്ചെത്തി. കവറുകള്‍ തിരിച്ചേല്‍പ്പിച്ചു കവറിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് ചെരിപ്പുകള്‍ വീണ്ടും ടാര്‍പോളിന്‍ പായയില്‍ ഷാജി കുടഞ്ഞിട്ടു. അവ അടുത്ത ഇരകളെ പാര്‍ത്തുകിടന്നു. അടുത്ത കച്ചവടത്തിനായി 250 രൂപ തിരിച്ചും നല്‍കി.

കുറച്ചുനേരത്തെ ഇടവേളയ്ക്കു ശേഷം ബസ്റ്റോപ്പില്‍നിന്നു വരുന്ന അടുത്ത ആള്‍ക്കൂട്ടത്തിനു മുന്നിലേക്കായി മൂവര്‍ സംഘം വീണ്ടും നടന്നുവരുന്നത് പുസ്തകശാലയിലെ ഷെല്‍ഫില്‍ വില്‍ക്കുവാനായി നിരത്തിവെച്ച ഗാര്‍സ്യ മാര്‍കേസിന്റെയും മിലന്‍ കുന്ദേരയുടെയും ഉംബെര്‍ട്ടോ എക്കോയുടെയും പുസ്തകങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ കണ്ടു.

കച്ചവടം നല്ലരീതിയില്‍ തന്നെ മുന്നോട്ടു നീങ്ങി. ഷാജി എന്റെയടുത്തും ചില ഡയലോഗുകള്‍ ഇടയ്ക്കിടെ വന്നുപറയുമായിരുന്നു: 'ഇങ്ങളില്ലെങ്കില്‍ ഞാന്‍ പെട്ട് പോയേനെ... ഇതോണ്ട് ഇപ്പൊ മൂന്നാലു പൊര കഴിഞ്ഞൂടുന്നുണ്ട്.'

കുറച്ചുദിവസം കഴിഞ്ഞപ്പോ ഒരു ഉന്തുവണ്ടിക്കാരന്‍ ഷാജിയുടെ ചെരിപ്പ് വില്‍പ്പനക്ക് സമീപം വന്നു. പഴുത്ത മാങ്ങയായിരുന്നു വില്പന ചരക്ക്. മൂന്നു സൈക്കിള്‍ ചക്രമുള്ള  ഉന്തുവണ്ടിക്ക് മുകളില്‍ പിരമിഡ് ഷെയ്പ്പില്‍ മാങ്ങകള്‍. ത്രാസ്സും തൂക്കക്കട്ടികളും മൂന്നു കുട്ടകളും കുറച്ചു ന്യൂസ് പേപ്പറും ഒരു കത്തിയും പൈസ ഇടുന്ന ഒരു പ്ലാസ്റ്റിക് പാത്രവും ആണ് ഇദ്ദേഹത്തിന്റെ കച്ചവടത്തിനായുള്ള സെറ്റപ്പ്. ത്രാസ്സില്‍ എപ്പോഴും ഒരു കിലോയുടെ ഒരു തൂക്കക്കട്ടിയും ത്രാസ്സിന്റെ മറുവശത്ത് സ്റ്റീല്‍ അളവുപാത്രത്തിന് മുകളില്‍ കുട്ടയും ആ കുട്ടയ്ക്കകത്ത് ഒരു ന്യൂസ് പേപ്പറും കാണാം.

കച്ചവടത്തില്‍ വല്യ അഗ്രസ്സീവ് ഒന്നുമല്ലെങ്കിലും അരികില്‍ നില്‍ക്കുന്ന ചെരിപ്പ് കസ്റ്റമേഴ്‌സിനോട് 'നല്ല മാമ്പഴാ കൊണ്ടോയ് ക്കോളീ' എന്നിടക്കിടെ പറയും. മുറിച്ചുവെച്ച ഒരു മാമ്പഴം മാങ്ങാ പിരമിഡിന്റെ മുകളില്‍ ഉണ്ടാവും. കസ്റ്റമേഴ്‌സ് മുന്നിലെത്തിയാല്‍ അതില്‍നിന്ന് ഒരു ചെറുകഷ്ണം മുറിച്ചുനല്‍കും. പിന്നെ 'എത്രയാ എടുക്കണ്ടേ, രണ്ടു കിലോ പോരെ?' എന്നൊരു ചോദ്യവും. മിക്കവാറും പേര്‍ ഒരു കിലോ മതി എന്നായിരിക്കും പറയുക. അദ്ദേഹവും ഒരുകിലോയില്‍ താഴെ ആവാതിരിക്കാനാണ് രണ്ടു കിലോ പോരെ എന്നാദ്യം ചോദിക്കുന്നത്.

അയാള്‍ ഒരു കുട്ട ആവശ്യക്കാരന് നല്‍കും. അയാള്‍ നിധി തേടുമ്പോലെ മാങ്ങാ പിരമിഡില്‍നിന്ന് ഏറ്റവും നല്ലത് മാന്താന്‍ തുടങ്ങും. മിക്കവാറും അഞ്ചോ ആറോ മാങ്ങകള്‍ ആയിക്കഴിഞ്ഞ് കുട്ട വില്പനക്കാരന് കൈമാറും.

വില്‍പനക്കാരന്‍ അത് ത്രാസ്സിലുള്ള കുട്ടയിലേക്ക് ചെരിയും. മിക്കപ്പോഴും കസ്റ്റമര്‍ കൊടുത്തത് കൂടുതലായിരിക്കും. അതില്‍നിന്ന് രണ്ടോ മൂന്നോ എണ്ണം പുറത്തേക്ക് വച്ച് കുട്ടയിലെ മാമ്പഴങ്ങള്‍ കറുത്ത കവറിലേക്ക് ചെരിച്ചു വീഴ്ത്തി കവര്‍ ഒരു കെട്ടും കെട്ടി തിരിച്ചു നല്‍കും. കസ്റ്റമേഴ്‌സ് സംതൃപ്തിയോടെ പോകും ഇതാണ് പതിവ്.

അപ്പുറത്ത് നടക്കുന്ന കച്ചോടത്തിനെ അനുകരിക്കാന്‍ ഇയാള്‍ക്ക് കൂട്ടാളികളോ വ്യത്യസ്ത മോഡലുകളോ ഇല്ലാത്തോണ്ട് എനിക്ക് ഇദ്ദേഹത്തോട് പാവം തോന്നുമായിരുന്നു.

ഒരു ദിവസം ഞാനും കുറച്ചു മാമ്പഴം വാങ്ങിക്കാനായി മൂപ്പരുടെ അടുത്തെത്തി. എന്നോടുതന്നെ എടുത്തോളാന്‍ പറഞ്ഞു. ഞാനും തരക്കേടില്ലാത്ത ഒരു തിരച്ചില്‍ നടത്തി. നാലഞ്ചെണ്ണം കണ്ടുപിടിച്ച് ത്രാസ്സിലെ കുട്ടയിലേക്ക് ചൊരിയാന്‍ പോകുമ്പോ അതിലിടണ്ട ഇങ്ങു തന്നേക്കൂ എന്ന് പറഞ്ഞ് ഞാന്‍ കൊടുത്ത മാമ്പഴക്കുട്ട ത്രാസില്‍ വച്ചു തൂക്കം നോക്കി ഒരു മാമ്പഴം അധികവും തന്നു. അയല്പക്കത്ത് പുസ്തകക്കച്ചോടം നടത്തുന്നവന് കിട്ടിയ പ്രിവിലേജെന്നു കരുതി എനിക്കും സന്തോഷമായി.

പിറ്റേന്നും പതിവുപോലെ പുസ്തകക്കച്ചോടം, ചെരിപ്പ് കച്ചോടം, മാങ്ങാക്കച്ചോടം തുടര്‍ന്നു. ഉച്ചക്ക് തിരക്കുകുറഞ്ഞ സമയത്ത് ഞാന്‍ മാങ്ങാക്കച്ചോടക്കാരനെ നോക്കി വെറുതെയിരുന്നു. അദ്ദേഹം ഉന്തുവണ്ടിയുടെ അടിയിലെ അറയില്‍നിന്നു മാമ്പഴങ്ങള്‍ കുറച്ച് പുറത്തെടുത്ത് ഒരു തുണികൊണ്ട് തുടച്ച് പിരമിഡ് നിര്‍മിച്ചുകൊണ്ടിരുന്നു.

കൂട്ടത്തില്‍ ചെറുതും ഞളുങ്ങിയതും അദ്ദേഹത്തിന്റെ അരികില്‍ തന്നെ വച്ചു. ഒരു ചെറുതും ഒരു ഞളുങ്ങിയതും ത്രാസ്സിന്മേലുള്ള കുട്ടയിലും ഇട്ട് അതിന് മേലെ ഒരു ന്യൂസ്പേപ്പര്‍ അലസമായിട്ടു.അടുത്ത കസ്റ്റമര്‍ വരുന്നു, പിരമിഡില്‍നിന്നു കല്ലുകള്‍ അടര്‍ത്തുമ്പോലെ നല്ല മുഴുത്തവ തിരഞ്ഞെടുത്ത് കുട്ടയിലിട്ട് കൊടുക്കുന്നു. അദ്ദേഹമത് ഏറ്റുവാങ്ങി ത്രാസ്സിന്മേലിരിക്കുന്ന കുട്ടയിലേക്ക് കമിഴ്ത്തുന്നു. തൂക്കമധികമായതിനാല്‍ മൂന്നെണ്ണം പുറത്തേക്കിടുന്നു. പ്ലാസ്റ്റിക് കവറില്‍ ചൊരിഞ്ഞ് കെട്ടി അയാള്‍ക്ക് കൊടുക്കുന്നു.

അയാളും ഹാപ്പി കച്ചോടക്കാരനും ഹാപ്പി. വീട്ടിലെത്തി കെട്ടഴിച്ച് മാങ്ങ കാണുമ്പൊ തന്റെ സെലക്ഷനെ അയാള്‍ പഴിച്ചേക്കാമെങ്കിലും ഒരിക്കലും കച്ചവടക്കാരനെ പഴിക്കാന്‍ ഇടയില്ല.

അടുത്ത കസ്റ്റമര്‍ വരുന്നതിനു മുന്‍പേ അടുത്ത ചെറിയ മാങ്ങയും ചളുങ്ങിയതും ത്രാസ്സിലെ കുട്ടയില്‍. ഞാന്‍ ശരിക്കും അന്തിച്ചു നിന്നുപോയി.
ചെറുവരുമാനം കൊണ്ട് വീടുപുലര്‍ത്തുന്ന ഇവരുടെ ഇത്തരം കച്ചവടതന്ത്രങ്ങളില്‍ എനിക്ക് എതിര്‍പ്പോ അമര്‍ഷമോ സ്വാഭാവികമായും തോന്നിയിട്ടില്ല. ഈ എഴുത്ത് വായിച്ച് വല്ലവരും ഈ തന്ത്രങ്ങള്‍ കണ്ടെത്തിയാല്‍ ഇതിനെക്കാളും മികച്ച തന്ത്രങ്ങളുമായി അവര്‍ കച്ചവടം ചെയ്യുമെന്നും എനിക്കുറപ്പാണ്. പുസ്തകശാലയിലെ എണ്ണമറ്റ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന്‌ ഇറങ്ങി വന്ന് എന്നോട് സംവദിക്കുന്ന കഥാപാത്രങ്ങളെ പോലെ അവരും!