ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' വ്യാഴാഴ്ച ആഗോള റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിങ്. ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിന് അകത്തും പുറത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ഇടം നേടി. ചിത്രം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

To advertise here,

പ്രേക്ഷകർ ഏറെ ആവേശത്തോടെയും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന ചിത്രം വ്യാഴാഴ്ച ആഗോള റിലീസായി തിയേറ്ററുകളിലെത്തും.

 

ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ പ്രേക്ഷകർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ബുക്കിങ് ആരംഭിച്ച കേരളത്തിലെ എല്ലാ പ്രദർശന കേന്ദ്രങ്ങളിലും ചിത്രത്തിന് ഗംഭീര അഡ്വാൻസ് ബുക്കിങ്ങാണ് ലഭിക്കുന്നത്. ആദ്യ ദിനത്തേക്കുള്ള ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റുതീരുകയും കൂടുതൽ ഷോകൾ ഫാസ്റ്റ് ഫില്ലിങ് ആവുകയും ചെയ്യുകയാണ്. വളരെ വേഗം ബുക്ക് മൈ ഷോയിലെ ട്രെൻഡിങ് ലിസ്റ്റിൽ ചിത്രം ഇടംപിടിച്ചതിന് പിന്നാലെ, തുടർച്ചയായി ട്രെൻഡിങ്ങിൽ തുടരുന്നതും 'ഐ ആം ഗെയിം' നേടുന്ന വമ്പൻ പ്രേക്ഷക താത്പര്യത്തിന്റെ സൂചനയാണ്. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ ബുക്കിങ് ഓരോ മണിക്കൂറിലും കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർമൂന്നിന് രാവിലെ ഒൻപതുമുതൽ കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കും. നിലവിലെ ബുക്കിങ് ട്രെൻഡ് തുടരുകയാണെങ്കിൽ ശക്തമായ ഓപ്പണിങ് ആണ് ചിത്രം കേരള ബോക്‌സ് ഓഫീസിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് പുറത്തും ചിത്രം മികച്ച ബുക്കിങ് നേടുന്നുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം ആഗോളതലത്തിൽ എത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്ലർ പാൻ- ഇന്ത്യൻ തലത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, വേഗമേറിയ ചേസ് സീക്വൻസുകൾ, ത്രില്ലിങ് മുഹൂർത്തങ്ങൾ എന്നിവയ്‌ക്കൊപ്പം ഗംഭീര വിഷ്വൽ ട്രീറ്റും വാഗ്ദാനം ചെയ്യുന്ന പക്കാ സ്‌റ്റൈലിഷ് ഫാന്റസി ത്രില്ലറായാണ് 'ഐ ആം ഗെയിം' എത്തുന്നത്. ദുൽഖർ സൽമാൻ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ ഏറെ വ്യത്യസ്തവും സ്‌റ്റൈലിഷുമായ കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങൾക്കും ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 'ഹൈ സ്റ്റേക്ക്‌സ്' എന്ന പ്രമോ ഗാനത്തിനും 'മഴവില്ലായേ', 'ലൂസർ' എന്നീ ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ- ഇന്ത്യൻ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'ലോക'യ്ക്ക് ശേഷം വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രം, 'ആർ.ഡി.എക്‌സ്. എന്ന സൂപ്പർവിജയത്തിന് ശേഷം നഹാസ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ഐ ആം ഗെയിമിനുണ്ട്'.

ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമൻ ചാക്കോ, ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്‌സ്, പ്രൊഡക്ഷൻ ഹെഡ്: സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ. ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വി.എഫ്.എക്‌സ്: തൗഫീഖ് (എഗ്വൈറ്റ്), പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണൻ ഗണപത്, സ്റ്റിൽസ്: എസ്.ബി.കെ, മാർക്കറ്റിങ് ഹെഡ്: വിജിത് വിശ്വനാഥൻ, പി.ആർ.ഒ: ശബരി.