ബാല്യകാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എപ്പോഴും രണ്ട് കാര്യങ്ങളാണ് മനസ്സില്‍ വരാറുള്ളത്. 1962-ല്‍ കണ്ണൂര്‍ ജില്ലയിലെ അടുത്തില എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അമ്മയുടെ അച്ഛന്‍ അമ്മയുടെ ജനനത്തിനുമുമ്പ് തന്നെ മരിച്ചുപോയിരുന്നു. അമ്മയ്ക്ക് ഏഴു വയസ്സുള്ളപ്പോള്‍ അമ്മയുടെ അമ്മയും മരിച്ചു. അങ്ങനെ മറ്റ് ബന്ധുക്കളുടെ കൂടെയാണ് അമ്മ വളര്‍ന്നത്. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തില്‍ അമ്മയെ കല്യാണം കഴിപ്പിച്ചയച്ചു.

To advertise here,

കേരളത്തില്‍ തണുപ്പ് ആരംഭിക്കുന്ന ജനുവരി മാസത്തിലെ ഒരു രാത്രി. അടുത്തില മുച്ചിലോട്ട് കാവില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കളിയാട്ടം നടത്തിയിരുന്നത്. അന്നവിടെ കളിയാട്ടമായിരുന്നു. എല്ലാവര്‍ക്കും തെയ്യം കാണാന്‍ പോകണം. പക്ഷേ, പൂര്‍ണഗര്‍ഭിണിയായ അമ്മയെ ഒറ്റയ്ക്ക് വീട്ടിലാക്കി എങ്ങനെ പോകും? അങ്ങനെ ഒരാള്‍ മാത്രം വീട്ടില്‍നിന്നിട്ട് മറ്റുള്ളവരെല്ലാം തെയ്യത്തിന് പോയി. മുച്ചിലോട്ട് കാവില്‍ തെയ്യം നടക്കുന്ന ആ രാത്രിയില്‍ ആണത്രേ എന്റെ ജനനം. തെങ്ങോല ചൂട്ടുമായി ആരോ കാവില്‍ പോയി ബന്ധുക്കളെ വിളിച്ചുകൊണ്ടുവന്നു. തെയ്യത്തിന്റെ ആഘോഷത്തോടൊപ്പം തന്നെ എന്റെ ജനനവും നാട്ടുകാര്‍ ആഘോഷിച്ചു. ഈ ഒരു കാരണം കൊണ്ട് തന്നെ എനിക്ക് ഓരോ 12 വയസ്സ് കൂടുമ്പോഴും അടുത്തില നാട്ടുകാര്‍ക്കെല്ലാം അതറിയാം.

മറ്റൊരു കാര്യം അമ്മ പറയാറുള്ളത് ആ വര്‍ഷം നടന്ന ഇന്ത്യ-ചൈന യുദ്ധത്തെപ്പറ്റിയായിരുന്നു. യുദ്ധം ഏത് അര്‍ത്ഥത്തിലും ഭയാനകമായ ഒരു കാര്യമാണ്. മാസങ്ങള്‍ മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ സുരക്ഷയെപ്പറ്റി എല്ലാവരും ഉത്കണ്ഠാകുലരായിരുന്നു. യുദ്ധത്തിന്റെ കഥ കേട്ട് വളര്‍ന്നതുകൊണ്ടായിരിക്കും പിന്‍കാലത്ത് ആര്‍മിയില്‍ ചേരണം എന്നുള്ള മോഹം എന്നില്‍ ഉദിച്ചത്. കൂടാതെ എന്റെ അച്ഛനും രണ്ടാം ലോകമഹായുദ്ധത്തിലൊക്കെ പങ്കെടുത്ത ഒരു പഴയ പട്ടാളക്കാരനായിരുന്നു.

വളര്‍ന്നത് അച്ഛന്റെ നാടായ കല്യാശ്ശേരിയിലെ അഞ്ചാം പീടികയില്‍ ആയിരുന്നെങ്കിലും ചെറുപ്പകാലത്തിന്റെ ഓര്‍മയില്‍ എപ്പോഴും അടുത്തില നാടും പരിസരങ്ങളും തന്നെയായിരുന്നു. വയല്‍ തീരത്തുള്ള ഓലയും പുല്ലും മേഞ്ഞ ചെറിയ ഒരു കുടില്‍. ചുമരുകളും നിലവും ചാണകംകൊണ്ട് മെഴുക്കിയെടുത്തത്. വെള്ളം കെട്ടിക്കിടക്കുന്ന വയലില്‍ തല കുനിച്ച് നില്‍ക്കുന്ന നെല്ലിന്റെയും അതിനു ചുറ്റുമുള്ള പഴയ പായലിന്റെയും ഗന്ധം കാറ്റിലൂടെ വന്ന്, ശങ്കരാന്തിക്ക് പുതുതായി തേച്ചെടുത്ത ചാണകമുറ്റത്ത് എത്തുമ്പോള്‍ തരുന്ന ആ സമ്മിശ്രഗന്ധം ബാല്യത്തിന്റെ ഓര്‍മയില്‍ ഇന്നും എവിടെയോ കിടക്കുന്നുണ്ട്. കാക്കയെയും കുയിലിനെയും തിരിച്ചറിയാന്‍ പഠിച്ചത് ആ മുറ്റത്തുനിന്നായിരുന്നു. വര്‍ത്തമാനം പറയാന്‍ പഠിച്ചതേ ഉള്ളൂ. ആ കൊഞ്ഞിച്ച നാവിലൂടെ അന്ന് ഞാന്‍ പറയുമായിരുന്നത്രേ 'കാക്കക്കും കുയിലിനും കുപ്പായം ഔ പോലെ'. ഒരുപോലെ എന്നാണ് ഉദ്ദേശിച്ചത്. ഒരേ കളറിലുള്ള രണ്ട് പക്ഷികള്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയ ഒരു ഒന്നാം വയസ്സുകാരന്‍.

രാത്രികാലങ്ങളില്‍ വയല്‍കിളികളുടെ നിര്‍ത്താതെയുള്ള പശ്ചാത്തല സംഗീതത്തില്‍, കൂട്ടത്തോടെ വരുന്ന മിന്നാമിനുങ്ങുകളെ പിടിക്കാന്‍ അവയുടെ പിന്നാലെ പോകുമായിരുന്നു. വലിയ മാവിന്‍ചുവട്ടില്‍, പഴുത്ത മാങ്ങ വീഴ്ത്താന്‍ വരുന്ന കാറ്റിനെയും പ്രതീക്ഷിച്ച് കുറേസമയം ഇരിക്കും. കുറേ ഇരുന്ന് മടുക്കുമ്പോള്‍ ഞങ്ങള്‍ ഉറുമ്പിനെ മാവിന്റെ മുകളിലേക്ക് കയറ്റും. ഉറുമ്പ് മേലെ പോയിട്ട് മാങ്ങ പറിച്ചിടും എന്ന് ആരോ പറഞ്ഞുതന്ന ഒരു വിശ്വാസം. അങ്ങനെ കാറ്റത്ത് വീഴുന്ന മാങ്ങയെ ലക്ഷ്യംവെച്ചുള്ള നമ്മുടെ കുട്ടികളുടെ ഓട്ടമത്സരത്തില്‍ പലരും വീഴുകയും മറ്റുള്ളവര്‍ ചിരിക്കുകയും ചെയ്യുമായിരുന്നു. വീണാല്‍ ചിരിക്കാത്തവന്‍ ബന്ധു അല്ലല്ലോ! 

placeholder
സിയാച്ചിനില്‍ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ | Photo: Special arrangement

പില്‍കാലത്ത്, വഴിയില്‍ കാണുന്ന മുള്‍ച്ചെടിയില്‍നിന്നും പറിച്ചെടുത്ത പൂവിന്റെ ദളത്തില്‍ സ്വന്തം കൈനഖംകൊണ്ട് രൂപമാറ്റം വരുത്തിയുണ്ടാക്കിയ പൊട്ടും നെറ്റിയില്‍ വച്ചിട്ട് സ്വന്തം വീട്ടിലേക്ക് അതിഥിയായി കടന്നുചെല്ലുന്ന അമ്മയോടൊപ്പം കൈപിടിച്ച് പലപ്പോഴും ഞാനും ഉണ്ടാകാറുണ്ടായിരുന്നു. അപ്പോഴൊക്കെ അവിടുത്തെ ചേച്ചിമാര്‍ എന്നെ കളിയാക്കും. 'കാക്കക്കും കുയിലിനും കുപ്പായം ഔ പോലെ.' അവര്‍ക്ക് അത് തമാശയാണെങ്കിലും കാക്കയേയും കുയിലിനെയും തിരിച്ചറിഞ്ഞ ഒരു വയസ്സുകാരനായ ആ ഗവേഷകനെപ്പറ്റി ആലോചിച്ച് ഞാന്‍ അഭിമാനിക്കുമായിരുന്നു.

അച്ഛന്റെ വീട്ടില്‍നിന്നും അമ്മയുടെ തറവാട്ടിലേക്ക് പോകാന്‍ അത്ര എളുപ്പമായിരുന്നില്ല. കൊല്ലത്തിലൊരിക്കല്‍ കെട്ടിയാടുന്ന തറവാട്ട് ക്ഷേത്രത്തിലെ ഭഗവതിയെയും, വിഷ്ണുമൂര്‍ത്തിയേയും, ഗുളികനെയും കാണാന്‍ എങ്ങനെയായാലും പോകണം. അവധി ദിവസങ്ങളിലാണെങ്കില്‍ അമ്മയുടെകൂടെ ഞങ്ങള്‍ എല്ലാവരും ഒന്നിച്ചുപോകും. അല്ലാത്തപക്ഷം ഞാന്‍ ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ നിന്നും അവധിയെടുത്ത് ഒറ്റയ്ക്ക് പോകും. ചിലപ്പോള്‍ ജ്യേഷ്ഠനും അനുജത്തിമാരും കൂടെയുണ്ടാകും. ആകെ ഒരു 'മീനാക്ഷി' ബസ് ആണ് അന്ന് ഉണ്ടായിരുന്നത്. അതിന്റെ സമയം നോക്കി വീട്ടില്‍ നിന്നും പോകണം. 50 പൈസയോ മറ്റോ ആയിരുന്നു ടിക്കറ്റ് എന്ന് തോന്നുന്നു. അതില്‍ പോയിട്ട് പഴയങ്ങാടി ഇറങ്ങണം. അവിടുന്ന് പിന്നെ ഒരു പുഴയാണ്. പുഴ കടക്കാന്‍ തോണിയോ വലിയ ചങ്ങാടങ്ങളോ കാണും. അത് മറുകരയില്‍ ആണെങ്കില്‍ അതിനായി കാത്തിരിക്കണം. തോണിയില്‍ പോകുമ്പോള്‍ തോണിക്കാരന്‍ കാണാതെ, ഇരിക്കുന്ന വശത്തുള്ള കൈ വെള്ളത്തിലിട്ട് ആസ്വദിച്ചുതന്നെ പോകുമായിരുന്നു. പുഴയിലേക്ക് ചൂണ്ടയിട്ടിരിക്കുന്ന ചെറുപ്പക്കാരോടൊപ്പം, ഇടയ്ക്ക് പൊങ്ങിവരുന്ന മീനുകളെ ആഹാരമാക്കാന്‍ വേണ്ടി പുഴക്കരയില്‍ കാത്തുനില്‍ക്കുന്ന കൊക്കിനെയും, പുഴയ്ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്ന പരുന്തിനെയും, പുഴക്കരയിലെ മീന്‍ വില്‍പനക്കാരനെയും, അയാളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന തടിച്ചുകൊഴുത്ത കരിമ്പൂച്ചയെയും പിന്നിലാക്കിക്കൊണ്ട് അക്കരെ കാത്തുനില്‍ക്കുന്ന യാത്രക്കാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള തോണിക്കാരന്റെ തുഴയല്‍. ഞങ്ങളുടെ ബോട്ടിങ്ങും പിക്‌നിക്കും ഒക്കെ അതുതന്നെയായിരുന്നു. പുഴ കടന്നുകഴിഞ്ഞാല്‍ റോഡുകളിലൂടെയും ഇടവഴികളിലൂടെയും പിന്നെ വയല്‍ വരമ്പുകളിലെയുമൊക്കെ മൂന്ന് കിലോമീറ്ററോളം നടന്നുവേണം വീട്ടിലെത്താന്‍. 

പക്ഷേ ആ നടത്തം ഒരിക്കലും വിരസത തോന്നിക്കാത്തതായിരുന്നു. ചങ്ങാടത്തിലൂടെ പുഴ കടക്കുമ്പോള്‍ പുഴക്ക് മുകളിലുള്ള റെയില്‍ പാലത്തിലൂടെ കല്‍ക്കരി തിന്നുകൊണ്ട് ഓടുന്ന തീവണ്ടിയും, അത് കഴിഞ്ഞ് മാടായിപ്പാറയിലൂടെ നടന്നുപോകുമ്പോള്‍, അസ്തമയ സൂര്യന്‍ തന്റെ ബാക്കിവന്ന നിറങ്ങള്‍ ഉപയോഗിച്ച് ആകാശത്തെയും കാര്‍മേഘങ്ങളെയും കുന്നുകളെയും മിനുക്കി എടുത്തപ്പോള്‍, പ്രകൃതിയെ ആസ്വദിക്കുന്നതിനോടൊപ്പം എന്നില്‍ ഒരു എഴുത്തുകാരന്‍ ജനിക്കുകയായിരുന്നു. അന്നെഴുതിയ ഒരു പ്രകൃതി വര്‍ണന ഇങ്ങനെയായിരുന്നു: 
'അന്തരീക്ഷത്തിന് അന്തരമുണ്ടായി, 
അന്തി അന്തംവിട്ടു നിന്നു. 
അന്ധകാരം ധരണിയെ അന്ധയാക്കാന്‍ തുടങ്ങി.' കൂട്ടുകാര്‍ പ്രോത്സാഹനം തന്നപ്പോള്‍ കുറച്ചൊക്കെ വീണ്ടും എഴുതാന്‍ തുടങ്ങി. 'സൃഷ്ടി',' സ്ഥിതി', 'സംഹാരം' എന്നീ നാടകങ്ങള്‍ രചിച്ച പ്രശസ്ത നാടകരചയിതാവായ എന്‍.എന്‍. പിള്ളയുടെ പുതിയ നാടകം'സാക്ഷാത്കാരം' നാട്ടില്‍ അരങ്ങേറിയപ്പോള്‍ കേട്ട ആ പരസ്യവാചകത്തില്‍നിന്നും പ്രചോദിതനായി, അങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയ ഒരു കൊച്ചുപയ്യന്‍ തന്റെ കൂട്ടുകാര്‍ക്കായി എഴുതിയ നാടകങ്ങള്‍ ആയിരുന്നു 'പശ്ചാത്താപം','പ്രതികാരം','പ്രതിഫലം' എന്നിവ. നാലാമത് എഴുതിയ നാടകത്തിന് 'പ' എന്ന് തുടങ്ങുന്ന പേര് കിട്ടാത്തതുകൊണ്ട് അടുത്തവീട്ടിലെ രാഘവേട്ടനോട് ചോദിച്ചിട്ട് 'പര്‍ഡന്‍ മി' എന്ന ഇംഗ്ലീഷ് പേരിട്ടു. എന്നാല്‍ ആ നാടകങ്ങള്‍ക്കൊന്നും അധികകാലം ആയുസ്സ് ഉണ്ടായിരുന്നില്ല. എപ്പോഴും ഞാനുമായി തല്ലു കൂടാറുണ്ടായിരുന്ന എന്റെ ജ്യേഷ്ഠന്‍ ഒരു ദിവസത്തെ വഴക്കിനുശേഷം, നോട്ടുബുക്കില്‍ ഞാന്‍ എഴുതിവെച്ച നാടകങ്ങളൊക്കെ കീറിയെടുത്ത് എഴുതാത്ത പേജില്‍ ഇങ്ങനെ എഴുതി വച്ചു. 'പശ്ചാത്താപം പശുവിന്‍ കുടലില്‍'. അന്ന് നമ്മുടെ വീട്ടിലെ, അമ്മയുടെ പ്രിയങ്കരിയായ പശുവിന് കടലാസ് ഇഷ്ടഭോജനം ആയിരുന്നു. ഏതായാലും ജ്യേഷ്ഠനിലും ഒരു എഴുത്തുകാരന്‍ ഉണ്ടെന്ന് ഞാന്‍ അന്ന് മനസ്സിലാക്കി.

പ്രായത്തിനേക്കാള്‍ കൂടുതല്‍ തോന്നിക്കുന്നതായിരുന്നു എന്റെ ശരീര പ്രകൃതം. അതുകൊണ്ടുതന്നെ ഞാനും ജ്യേഷ്ഠനും ഒന്നിച്ചുപോകുമ്പോള്‍ 'ആരാണ് മുതിര്‍ന്ന ആള്‍' എന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. ഒരു ദിവസം പഴയങ്ങാടി പുഴയും കടന്ന് വീട്ടിലേക്ക് തനിച്ചുനടക്കുന്ന വഴിയില്‍വെച്ച് സമപ്രായക്കാരനായ ഒരു പയ്യന്‍ എന്റെ കൂടെക്കൂടി. സംസാരിച്ച് തുടങ്ങിയപ്പോള്‍ അവന്‍ ചോദിച്ചു 'ഞാന്‍ ഏത് കോളേജിലാണ് പഠിക്കുന്നത്' എന്ന്. കോളേജില്‍ അല്ല ഞാന്‍ എട്ടാം ക്ലാസിലാണ് എന്ന എന്റെ ഉത്തരം അവനെ പെട്ടെന്ന് അത്ഭുതപ്പെടുത്തേണ്ടെന്ന് കരുതി 'കോളേജില്‍ അല്ല ഞാന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്' എന്ന് പറഞ്ഞു. അവന്റെ അടുത്ത ചോദ്യത്തില്‍ നിന്നും എനിക്ക് മനസ്സിലായി ആ കുട്ടി പത്താംക്ലാസില്‍ ആയിരിക്കണം പഠിക്കുന്നത്. കോളേജിനെ പറ്റി അറിയാനുള്ള ജിജ്ഞാസ കൊണ്ടായിരിക്കണം അവന്‍ അത് ചോദിച്ചത്. അന്നൊക്കെ പത്താം ക്ലാസ് കഴിഞ്ഞാല്‍ പ്രീ ഡിഗ്രിക്ക് കോളേജിലാണല്ലോ പോകുന്നത്. പത്താം ക്ലാസിലെ ഏതോ ഒരു പാഠത്തെ കുറിച്ചായിരുന്നു പിന്നീട് അവന്റെ ചോദ്യം. 'ആ പാഠം നമുക്ക് എടുത്തില്ല' എന്ന ഉത്തരം പറഞ്ഞുകൊണ്ട് അടുത്ത ചോദ്യം വരുന്നതിനുമുമ്പ് തന്നെ ഞാന്‍ ഒളിമ്പിക്‌സിലെ നടത്തമത്സരാര്‍ത്ഥിയെ പോലെ ലക്ഷ്യസ്ഥാനം ഉന്നംവെച്ചുകൊണ്ട് നടന്നുനീങ്ങി. 

placeholder
ചിത്രീകരണം: മദനന്‍

റോഡുകളും ഇടവഴികളും കഴിഞ്ഞ് വയലിലൂടെയുള്ള യാത്രയില്‍ ഋതുഭേദത്തിനനുസരിച്ച് പലപ്പോഴും പല കാഴ്ചകളും കാണാന്‍ കഴിയുമായിരുന്നു. ജെമിനി സര്‍ക്കസില്‍ കണ്ട കലാകാരന്‍ തന്റെ ശരീരത്തെ ബാലന്‍സ് ചെയ്തുകൊണ്ട് കമ്പി പാലത്തിലൂടെ കടന്നുപോകുന്നതുപോലെ വേണം വഴുവഴുപ്പുള്ള വയല്‍ വരമ്പുകളിലൂടെ നടന്നുപോകാന്‍. ചില സമയങ്ങളില്‍, പ്രസവിക്കാന്‍ കാത്തിരിക്കുന്ന പൂര്‍ണ ഗര്‍ഭിണികളെ പോലെ സ്വര്‍ണനിറത്തിലുള്ള നെല്‍ക്കതിരുകളെയും പേറിനില്‍ക്കുന്ന നെല്‍ച്ചെടികള്‍ ആണെങ്കില്‍, ചില സമയങ്ങളില്‍ താമരപ്പൂവ് എന്ന് തോന്നിപ്പിക്കുന്ന പൂത്താലി പൂക്കളും, ചിലപ്പോള്‍ പാടങ്ങളെ മുഴുവന്‍ നീല വയലാക്കി മാറ്റുന്ന കാക്കപ്പൂവെന്നും കൃഷ്ണപൂവെന്നും വിളിക്കുന്ന നീല പൂക്കളുടെയും ആധിപത്യം ആയിരിക്കും. മഴയേയും വെയിലിനേയും ഗൗനിക്കാതെ, തലയില്‍ ഓലക്കുടയോ തൊപ്പിപ്പാളയോ വെച്ചുകൊണ്ട് വെള്ളവും ചെളിയും നിറഞ്ഞ പാടങ്ങളെ അടുത്ത വര്‍ഷത്തേക്കുള്ള വിളവിന് വേണ്ടി പാകപ്പെടുത്താന്‍ തന്റെ സ്വന്തം വളര്‍ത്തുമൃഗങ്ങളായ കാളകളെ ഉപയോഗിച്ച് 'കാളപൂട്ടുന്ന'കര്‍ഷകരെയോ, നാടന്‍ പാട്ടും പാടിക്കൊണ്ട് ഞാറ് നടുകയോ നെല്ല് കൊയ്യുകയോ ചെയ്യുന്ന കര്‍ഷകസ്ത്രീകളെയോ ആയിരിക്കും ചിലപ്പോള്‍ കാണാന്‍ കഴിയുക. അവരില്‍ പലരും നമ്മുടെ വീടിനടുത്തുള്ളവരും ബന്ധുക്കളും ആയതുകൊണ്ട് തന്നെ കുറച്ച് നേരത്തേക്ക് പണി നിര്‍ത്തി നമ്മളോട് കുശലം ചോദിക്കുമായിരുന്നു. നെല്‍പ്പാടങ്ങള്‍ കഴിഞ്ഞ ഉടനെ തന്നെ കശുവണ്ടി മാവും കവുങ്ങുകളും നിറഞ്ഞുനില്‍ക്കുന്ന വീട്ടുപറമ്പിലേക്കുള്ള വഴി. വീണുകിടക്കുന്ന കശുവണ്ടിയോ അടയ്ക്കയോ ഒക്കെ ശേഖരിച്ചുകൊണ്ടായിരിക്കും വീട്ടിലേക്കുള്ള പ്രവേശനം.

വീട്ടിലെത്തിയ ഉടനെ തന്നെ 'തോര്‍ത്ത്മുണ്ടും' എടുത്ത് നേരെ പോകുന്നത് വയല്‍ക്കരയിലുള്ള കുളത്തിലേക്ക് ആയിരിക്കും. നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് അവിടുത്തെ കുളത്തിലും അച്ഛന്റെ നാട്ടിലെ 'ഇടത്തിലെ' കുളത്തിലുമായിട്ടായിരുന്നു. ഏത് കുളത്തിലായാലും ചെറിയ നത്തോലി മീനുകള്‍ നമ്മുടെ ചുറ്റും കൂടുമായിരുന്നു. നീന്തലും കുളിയുമൊക്കെ കഴിഞ്ഞുവരുമ്പോള്‍, ഉടുത്ത തോര്‍ത്ത് മുണ്ടിന്റെ ഒരു ഭാഗം ഉയര്‍ത്തിപ്പിടിച്ച് മീനുകളെ നമ്മുടെ വലയിലാക്കി 'താളിന്റെ' ഇലയില്‍ ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു. കുറച്ചുദിവസം ഏതെങ്കിലും പാത്രത്തില്‍ വെള്ളം ഒഴിച്ച് അത് നീന്തുന്നത് കണ്ട് ആസ്വദിക്കുമായിരുന്നു. അതൊക്കെ കഴിഞ്ഞാല്‍ പിന്നെ അതിനെ പുതിയ പാര്‍പ്പിടമായ വീട്ടുമുറ്റത്തെ കിണറ്റില്‍ നിക്ഷേപിക്കും. ഇത് ഇടയ്ക്കിടയ്ക്ക് ചെയ്യുന്ന ജോലിയായിരുന്നു. ചിലപ്പോള്‍ മഴക്കാലങ്ങളില്‍ ഇടവഴികളിലൂടെ ഒഴുകി പോകുന്ന വെള്ളത്തിലും ഈ കലാപ്രയോഗം നടത്താറുണ്ട്. 

കള്ള് ചെത്താന്‍ പോകുന്ന ചെത്തുകാരനെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ള, രണ്ട് ഉണക്ക തേങ്ങകള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ 'പേട്ടട' അരയില്‍ കെട്ടിയിട്ടാണ് നീന്തലറിയാത്ത ഞങ്ങളെ ആദ്യകാലങ്ങളില്‍ നീന്തല്‍ പഠിപ്പിച്ചിരുന്നത്. ആ 'ലൈഫ്ജാക്കറ്റില്‍'നിന്നും ധൈര്യം കിട്ടിക്കഴിഞ്ഞാല്‍ ഒറ്റയ്ക്ക് വിടാന്‍ തുടങ്ങും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ വീട്ടിലുള്ള മുഷിഞ്ഞ തുണികള്‍ എല്ലാം എടുത്ത് അമ്മമാര്‍ തുണി കഴുകാന്‍ വേണ്ടി ഈ കുളങ്ങളിലേക്ക് വരും. അപ്പോള്‍ നീന്തല്‍ പഠിക്കാന്‍ ഞങ്ങള്‍ മക്കളും. ഒരു ദിവസം മുങ്ങിത്താഴാന്‍ പോയ എന്നെ രക്ഷിച്ചത് അടുത്ത് തന്നെ കുളിച്ചുകൊണ്ടിരുന്ന ഒരു ചേച്ചിയായിരുന്നു. അമ്മ കഴുകാന്‍ കൊണ്ടുവന്നിരുന്ന ഒരു തുണിസഞ്ചിയുമായി ഞാന്‍ കളിക്കുകയായിരുന്നു. സഞ്ചിയോടൊപ്പം ഞാന്‍ വെള്ളത്തിനടിയിലേക്ക് പോയി. സഞ്ചിയില്‍ വെള്ളം നിറഞ്ഞപ്പോള്‍ മുകളിലേക്ക് വരാന്‍ തീരെ പറ്റാതെയായി. സഞ്ചി അവിടെ ഉപേക്ഷിച്ചിരുന്നെങ്കില്‍ എനിക്ക് വെള്ളത്തിന് മേലോട്ട് വരാമായിരുന്നു. പക്ഷേ അതിനുതോന്നിയില്ല. അന്ന് ആ ചേച്ചി എന്നെ കണ്ടില്ലായിരുന്നെങ്കില്‍! അതിനുപകരമെന്നോണം മറ്റൊരു അവസരത്തില്‍ നീന്തല്‍ പഠിച്ചതിനുശേഷം, ഇതുപോലെ മുങ്ങിത്താണുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ ഞാനും രക്ഷിച്ചത് ഓര്‍ക്കുന്നു.