ബോംബെ ടാറ്റ കാന്‍സര്‍ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞതുപോലെ  കോഴിക്കോട്ടുള്ള  ഹോസ്പിറ്റലില്‍ വെച്ച് തന്നെ കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങി. കാറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ ഡ്രൈവ് ചെയ്ത് കോഴിക്കോട് പോയി കീമോ കഴിഞ്ഞ് അന്നുതന്നെ തിരിച്ച് ഡ്രൈവ് ചെയ്ത് വരും. ചിലപ്പോഴൊക്കെ സുധ ഓടിക്കാറുണ്ടെങ്കിലും പലപ്പോഴും ഞാന്‍ തന്നെയാണ് കാര്‍ ഓടിക്കാറുള്ളത്. രോഗസ്ഥിതി അവലോകനം ചെയ്യാന്‍ മാത്രം ഇടയ്ക്ക് ബോംബെയിലേക്ക് പോകും. ഞാന്‍ എന്റെ ജീവിതരീതിയില്‍ പല മാറ്റങ്ങളും വരുത്തി. കാരണം എനിക്ക് എന്റെ അഞ്ചുകൊല്ലം എന്ന ലക്ഷ്യം നിറവേറ്റണം. അസുഖത്തെ മാനസികമായി തന്നെ നേരിടാന്‍ ഞാന്‍ തീരുമാനിച്ചു.

To advertise here,

'വിഷ്വലൈസേഷന്‍ ആന്‍ഡ് അഫര്‍മേഷന്‍' എന്ന മനഃശാസ്ത്ര സമീപനം ഞാന്‍ സ്വീകരിച്ചു. മലയാളത്തില്‍ പറയുകയാണെങ്കില്‍ ദൃശ്യവല്‍ക്കരണവും സ്ഥിരീകരണവും എന്ന് പറയാം. നമ്മള്‍ ഒന്നിനെ മനസ്സില്‍ കാണുക, അതിനെ വശത്താക്കുവാന്‍ വേണ്ടി നമ്മുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുക. മനക്കോട്ട കെട്ടാതെ സ്വന്തം കഴിവിനെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു സമീപനം ആയിരിക്കണം അത്. ജവാനില്‍ നിന്നും ഓഫീസര്‍ ആകുവാനും നെഞ്ചിലേറ്റ വെടിയുണ്ടയില്‍ നിന്നും തിരിച്ച് ജീവിതത്തിലേക്ക് വരാനും ഈ സമീപനം തന്നെയാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. ഭക്ഷണരീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. പഞ്ചസാര, മൈദ എന്നിവ തീരെ ഉപേക്ഷിച്ചു. പൊടിയുപ്പിന് പകരം കല്ലുപ്പും, ഇന്ദുപ്പും പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയും ഉപയോഗിക്കാന്‍ തുടങ്ങി. കുറെയൊക്കെ പ്രകൃതിദത്തമായ ഭക്ഷണരീതി തുടങ്ങി. ഭക്ഷണത്തിന് തവിടോടുകൂടിയുള്ള അരി മാത്രം. അന്നജാഹാരം കഴിയുന്നതും കുറച്ചു. വേവിച്ച ഭക്ഷണം രണ്ടുനേരമാക്കി കുറച്ചു.  

ബ്രേക്ക്ഫാസ്റ്റിന് പകരം ഫലവര്‍ഗങ്ങള്‍ മാത്രം കഴിച്ചുതുടങ്ങി. ഉച്ചയ്ക്കും രാത്രിയും പകുതി പച്ചക്കറികളുടെ സാലഡും പകുതി സാധാരണ രീതിയിലുള്ള ഭക്ഷണവും. 'ഇന്റര്‍മിറ്റന്റ്  ഫാസ്റ്റിംഗ്' അഥവാ ഇടവിട്ടുള്ള ഉപവാസം എന്ന രീതി പരീക്ഷിച്ചു. അതുപ്രകാരം ദിവസവും 16 മണിക്കൂര്‍  ഉപവസിക്കും. രാത്രി 7 മണിക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ 11 മണിക്ക് മാത്രമേ ഭക്ഷണം കഴിക്കൂ. അതും ഫലവര്‍ഗങ്ങള്‍ മാത്രം. അതുപ്രകാരം ശരീരത്തിനെ സ്വയം നന്നാക്കി എടുക്കാനുള്ള ഒരു രീതിയാണിത്. രാവിലെ വെറും വയറ്റില്‍ ഗോതമ്പ് മുളപ്പിച്ചതിന്റെ പുല്ല്, കറ്റാര്‍വാഴ, ചിറ്റാമൃത്, വേപ്പ്, തുളസി എന്നിവ ചേര്‍ത്തുകൊണ്ടുള്ള ഒരു ജ്യൂസ്  കുടിക്കും. പിന്നീട് അശ്വഗന്ധം തേനില്‍ ചാലിച്ച് കുടിക്കും. അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളും. വൈകുന്നേരം മഞ്ഞള്‍, ഇഞ്ചി, നെല്ലിക്ക, ചെറുനാരങ്ങ എന്നിവ ചേര്‍ത്ത് മറ്റൊരു ജ്യൂസ് ഉണ്ടാകും. ഇത് പണ്ട് കൊറോണ  സമയത്ത് തന്നെ തുടങ്ങിയതാണ്. കുറച്ചുകാലം ഗോമൂത്രം ഭക്ഷണത്തിന്റെ ഭാഗമാക്കിയിരുന്നു. അതിനിടയിലാണ് ഒരു കൂട്ടുകാരന്‍ ഉപദേശിച്ചതനുസരിച്ച്, ജെ.ഡബ്ല്യു. ആംസ്‌ട്രോങ് 'ദി വാട്ടര്‍ ഓഫ് ലൈഫ്' എന്ന പേരില്‍ എഴുതി, ടി. നാരായണന്‍ വട്ടോളി മലയാളത്തില്‍ പരിഭാഷപ്പെടുത്തി 'യൂറിന്‍ തെറാപ്പി' എന്ന ബുക്ക് വായിക്കാന്‍ ഇടയായത്. പിന്നീട് ഗോമൂത്രം മതിയാക്കി യൂറിന്‍ തെറാപ്പി എന്ന ചികിത്സാരീതിയിലേക്ക് വന്നു. ഇപ്പോള്‍ യൂറിന്‍ തെറാപ്പി തുടരുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഒരുപാട് ഗുണം കിട്ടിയിട്ടുണ്ട്. 

അകത്ത് ഉപയോഗിക്കുക എന്നത് മാത്രമല്ല പഴയ യൂറിന്‍ ശരീരത്തില്‍ തടവേണ്ടതുമുണ്ട്. പലരുടെയും അനുഭവങ്ങള്‍ അടങ്ങിയ ഈ പുസ്തകം എല്ലാവരും വായിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. പല അസുഖങ്ങളും മാറ്റി നമ്മളെ ഒരു പുതിയ ലോകത്തേക്ക് കൊണ്ടുവരാന്‍ ഈ പുസ്തകം സഹായിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല. മാസത്തിലൊരിക്കല്‍ മൂന്ന് ദിവസത്തെ ഉപവാസം എടുക്കും. രാവിലെ രണ്ടുമണിക്കൂര്‍ യോഗ, പ്രാണയാമ എന്നിവ ചെയ്യും. ആര്‍ട്ട് ഓഫ് ലിവിങ്ങില്‍ നിന്നും പഠിച്ച ശ്രീ ശ്രീ രവിശങ്കറിന്റെയും, യൂട്യൂബ് വീഡിയോ വഴി മനസ്സിലാക്കിയ ബാബാ രാംദേവിന്റെയും യോഗ ചേര്‍ത്തുകൊണ്ട് ഞാന്‍ എന്റേതായ ഒരു ദിനചര്യ തുടങ്ങി. അറിഞ്ഞുകൊണ്ട് ഒരു നിമിഷം പോലും വെറുതെ കളയാറില്ല. വെറുതെയിരിക്കുമ്പോഴും, ടി.വി. കാണുമ്പോഴും, പുസ്തകം വായിക്കുമ്പോഴും ഒക്കെ ചെയ്യാന്‍ പറ്റുന്ന ചില യോഗകള്‍ ഉണ്ട്. അത് ചെയ്തുകൊണ്ടേയിരിക്കും.

വയറ്റിനുള്ളില്‍ ദ്രാവകം നിറയാന്‍ തുടങ്ങിയിരുന്നു. പല പ്രാവശ്യം വെള്ളം കുത്തിയെടുത്തു. ഒരു പ്രാവശ്യം 5 ലിറ്റര്‍ വെള്ളമാണ് വയറില്‍ നിന്നും എടുത്തത്. വയറ് ഗര്‍ഭിണിയെ പോലെ വീര്‍ത്തു വരാന്‍ തുടങ്ങുമ്പോള്‍ അടിയില്‍ മറ്റു വസ്ത്രങ്ങള്‍ ധരിച്ച് അതിനെ നെഞ്ചിന്റെ ഭാഗത്തേക്ക് മടക്കിവെച്ച് കുടലിന്റെ വലിപ്പം കാണാത്ത വിധത്തില്‍ ആക്കുമായിരുന്നു. ശരീരത്തിന്റെ പ്രകൃതം മനസ്സിലാകാതിരിക്കാന്‍ ചൂടുകാലത്ത് പോലും അടിയില്‍ ഒന്നില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ഒരുകാലത്ത് ശരീരം മെലിഞ്ഞു കിട്ടാന്‍  ചൈനീസ് ബെല്‍റ്റ് ഉപയോഗിച്ചിരുന്ന ഞാന്‍ ഇന്ന് ഈ ശരീരത്തെ എങ്ങനെ പഴയ രീതിയിലാക്കും എന്ന ഒറ്റ ചിന്തയിലാണ്.

34 കീമോതെറാപ്പി കഴിഞ്ഞതിനുശേഷം വീണ്ടും ബോംബെ ടാറ്റ ഹോസ്പിറ്റലില്‍ പോയി ചെക്കപ്പ് നടത്തി. ഇത്രയും കീമോ ചെയ്തിട്ടും ഒരു മാറ്റവും കാണാത്തത് കാരണം അവര്‍ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കീമോതെറാപ്പിയുടെ കൂടെ ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സ കൂടി തുടങ്ങി. ഇമ്മ്യൂണോതെറാപ്പി എന്നാല്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ചുകൊണ്ട് അത് കാന്‍സറിനെ നിയന്ത്രിക്കുക എന്ന ചികിത്സാരീതിയാണ്. നാല് ലക്ഷമാണ് ഒരു ഇമ്മ്യൂണോതെറാപ്പിയുടെ മരുന്നിന്റെ വില. അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഫാര്‍മസ്യൂട്ടിക്കൽ രംഗത്തെ മറ്റൊരു കുത്തക. ഓരോ മൂന്നാഴ്ച കൂടുമ്പോഴും അത് സ്വീകരിക്കണം. ആര്‍മിയില്‍ ആയിരുന്നതുകൊണ്ട് കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോയി. 'എംപാനല്‍ ഹോസ്പിറ്റലുകളില്‍' ചികിത്സ തേടുമ്പോള്‍ ഞങ്ങള്‍ പണം അടയ്‌ക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ പല സാങ്കേതിക കാരണങ്ങളാല്‍ ഹോസ്പിറ്റലുകള്‍ ഇടയ്ക്കിടെ മാറേണ്ടി വന്നിരുന്നു. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആ പട്ടികയില്‍ ഇല്ലെങ്കിലും അവിടുത്തെ ചികിത്സയുടെ ബില്ലുകള്‍ നല്‍കിയാല്‍ ചെലവിട്ട പണം തിരിച്ചുകിട്ടാനുള്ള വകുപ്പുകള്‍ ഉണ്ട്. ഏതായാലും കോഴിക്കോട്ടെ മൂന്ന് ഹോസ്പിറ്റലുകളും കൊച്ചിയിലും ബോംബെയിലും ഉള്ള ഓരോന്നും എന്റെ കാന്‍സര്‍ ചികിത്സ പട്ടികയില്‍ ഉള്‍പ്പെട്ടു.

കീമോതെറാപ്പി 42 എണ്ണമായി. ശ്വാസകോശത്തിനുള്ളില്‍ കിടക്കുന്ന 46 ക്യൂബിക്ക് സെന്റീമീറിലും കൂടുതലുള്ള മുഴ ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഇത്ര വര്‍ഷമായിട്ടും ഇത്രയും കീമോതെറാപ്പി കഴിഞ്ഞിട്ടും അതിനൊരു മാറ്റവും ഇല്ല എന്നതുകൊണ്ട് കീമോതെറാപ്പി നിര്‍ത്തി ഇമ്മ്യൂണോതെറാപ്പി മാത്രമായി തുടര്‍ന്നു. 

42 കീമോതെറാപ്പിക്ക് പുറമേ 28 ഇമ്മ്യൂണോതെറാപ്പി കഴിഞ്ഞു. വെടികൊണ്ടത് കാരണം വലതുകൈയിലെ ഞരമ്പുകള്‍ ശോഷിച്ചതുകൊണ്ട് എല്ലാം ഇടതുകൈയിലൂടെ വേണം ചെയ്യാന്‍. രക്തപരിശോധനയ്ക്കും കീമോ ചെയ്യാനുമൊക്കെയായി നൂറ്റിയമ്പതോളം തവണ കൈയില്‍ സൂചി കയറ്റിക്കഴിഞ്ഞു. ഇപ്പോള്‍ ചികിത്സ തുടരുന്നത് കോഴിക്കോട്ടുള്ള എം.വി.ആര്‍. കാന്‍സര്‍ സെന്ററിലാണ്. കൂടിയത് രണ്ട് വര്‍ഷമാണ് ഇമ്മ്യൂണോതെറാപ്പി ചെയ്യുക. അതുകഴിഞ്ഞാല്‍ വേറെ ചികിത്സ ഒന്നുമില്ല. ഞാന്‍ അതിനോടടുക്കുകയാണ്. അതോടൊപ്പം തന്നെ എന്റെ അഞ്ചുവര്‍ഷം എന്ന ലക്ഷ്യത്തിലേക്കും. ഇത്രയും കാലംകൊണ്ട് ഒരു രോഗി ഒന്നുകില്‍ അസുഖം മാറി തിരിച്ചുവന്നിരിക്കും, അല്ലെങ്കില്‍ അസുഖത്തിന് അടിമപ്പെട്ട് മരണപ്പെട്ടിരിക്കും. എന്നാല്‍ എന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഞാന്‍ സ്റ്റേജ് ഫോര്‍ കാന്‍സറിനെയും കൂടെ കൊണ്ടുനടക്കുകയാണ്. ഇന്ന് ഞങ്ങള്‍ തമ്മില്‍ ഒരു വിട്ടുവീഴ്ചയിലെത്തിയത് പോലെയാണ്. ഇന്ന് ഞാനും എന്റെ കാന്‍സറും സഹപാഠികളെ പോലെയാണ്. അതുതന്നെയാണ് ഞാനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

ഇപ്പോള്‍ ഭക്ഷണരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാരണം നാലുവര്‍ഷംകൊണ്ട് 25 കിലോ ശരീരഭാരം കുറഞ്ഞു. കാണുന്നവരൊക്കെ ചോദിക്കും 'എന്താ ശരീരം ഇങ്ങനെ മെലിഞ്ഞു പോയത്?' എന്ന്. ഞാന്‍ പറയും: 'അസുഖമാണ്'. അപ്പോള്‍ അടുത്ത ചോദ്യം വരും. 'ഷുഗര്‍ ആണോ?'. ഞാന്‍ പറയും 'അല്ല കാന്‍സറാണ്'. എന്റെ ആര്‍മി ജീവിതത്തിന്റെയും, കാന്‍സറിന്റെയും പോരാട്ടത്തിന്റെ കഥ പങ്കിടാനായി 'ആസാദി കീ അമൃത് മഹോത്സവത്തിന്റെ' ഭാഗമായി  സ്വാതന്ത്ര്യദിനത്തിനും, റിപ്പബ്ലിക് ഡേക്കുമായി രണ്ട് മലയാളം ടെലിവിഷന്‍ ചാനലുകള്‍ അവരുടെ 'റിയാലിറ്റി ഷോകളില്‍' എന്നെ അതിഥിയായും മത്സരാര്‍ഥിയായും ക്ഷണിച്ചു. 'സീ കേരളം' എന്ന ടെലിവിഷന്‍ ചാനലില്‍ സരിഗമപ എന്ന കുട്ടികളുടെ ഒരു പാട്ട് മത്സരത്തില്‍ രണ്ടുദിവസം ഞാന്‍ അതിഥിയായി ഉണ്ടായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചന്‍ എന്നെ ആദരിച്ച് അവരുടെ ഉപഹാരം തന്നു. അതിനുശേഷം ഫ്‌ളവേഴ്‌സ് ചാനലില്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന 'ഫ്ളവേഴ്‌സ് ഒരുകോടി' എന്ന മത്സര പരിപാടിയില്‍ പങ്കെടുപ്പിക്കുകയും അതില്‍ ഒന്നര ലക്ഷം രൂപ ജയിക്കുകയും ചെയ്തിരുന്നു. എന്റെ പോരാട്ടത്തിന്റെ കഥ മറ്റുള്ളവരെ അറിയിക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. പ്രോഗ്രാം കണ്ട കേരളത്തിലുടനീളമുള്ള പലരും എന്നെ വിളിച്ച് അനുമോദിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ കാന്‍സര്‍ബാധിതരായ പലര്‍ക്കും എന്റെ രീതിയിലുള്ള കൗണ്‍സിലിംഗ് നടത്തുന്നുണ്ട്.

ഇപ്പോള്‍ ഒഴിവുസമയങ്ങളില്‍ പെയിന്റിംഗ് എന്ന വിനോദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കുറച്ച് പെന്‍സില്‍ ചിത്രങ്ങള്‍ വരച്ചത് അല്ലാതെ പെയിന്റിംഗ് ചെയ്തിട്ടില്ല. വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നി. അതും ചെയ്യുന്നത് ഇടതുകൈകൊണ്ടാണ്. സിയാച്ചിന്‍ ഗ്ലേസിയറില്‍ ഉള്ളപ്പോള്‍ ഞാന്‍ പാകിസ്താനിലേക്ക് വിട്ട റോക്കറ്റ് ഫയറിങ്ങിന്റെ ഫോട്ടോ ഉണ്ടായിരുന്നത് നോക്കി അതുപോലെ ചില പെയിന്റിങ്ങുകള്‍ വരച്ചുണ്ടാക്കി, ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും ഒക്കെ നല്‍കി. അത് വരക്കുമ്പോള്‍ മറ്റ് സാധാരണ പെയിന്റിംഗ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഒരു സംതൃപ്തിയായിരുന്നു. 

നമുക്ക് സ്വപ്നങ്ങള്‍ കാണാനും ഇനിയും എന്തൊക്കെയോ ചെയ്യണമെന്നുള്ള ആഗ്രഹങ്ങളും, അതുപോലെതന്നെ നമ്മളെ സ്‌നേഹിക്കാന്‍ ചുറ്റുപാടും കുറെ ആള്‍ക്കാരും ഉണ്ടെങ്കില്‍ അത് ജീവിതത്തിന്റെ ദൈര്‍ഘ്യം ഒന്നുകൂടി കൂട്ടും. അതുകൊണ്ടുതന്നെ ആയിരിക്കണം 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൂടെ കല്യാശ്ശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ എസ്. എസ്.എല്‍.സി.ക്ക് ഒന്നിച്ച് പഠിച്ചവരെയെല്ലാം ചേര്‍ത്ത് ഒരു ഗ്രൂപ്പ് ആക്കാമെന്നും കൂട്ടായ്മകള്‍ നടത്താമെന്നും ഉദ്ദേശിച്ചത്. ആശയം പഴയ സുഹൃത്ത് രമേശിനുമായി പങ്കിട്ടു. രമേശനെ കൂടെ കൂട്ടി ഞാന്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട്  വത്സല, പുരുഷോത്തമന്‍, ബാബുരാജ് എന്നിവരൊക്കെ ചേര്‍ന്ന് അതിനെ വളര്‍ത്തിയെടുത്തു. എല്ലാവരുടെയും പേര് ഇവിടെ പറയാന്‍ പറ്റില്ല. കുറെ പേരുടെ പരിശ്രമത്തിന്റെ ഫലമായി 350 ഓളം പേരുണ്ടായിരുന്ന ഞങ്ങള്‍, ഗ്രൂപ്പില്‍ എല്ലാവരും ചേര്‍ന്നിട്ടില്ലെങ്കിലും 95 ശതമാനം ആള്‍ക്കാരെയും കണ്ടെത്താന്‍ സാധിച്ചു. രണ്ടു കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. 62-ാം വയസ്സില്‍ പാട്ട് പാടി, നാടകം കളിച്ചു, ഡാന്‍സ് ചെയ്തു. സ്‌കൂളില്‍ പോലും ചെയ്യാന്‍ പറ്റാത്ത കലാപരിപാടികള്‍ ഇപ്പോള്‍ ചെയ്തു. പേരക്കുട്ടികളെ നോക്കി വീട്ടില്‍ ഇരിക്കേണ്ട സമയമല്ല ഇത് എന്നും, സ്‌നേഹിക്കപ്പെടുന്ന കൂട്ടായ്മയിലൂടെയാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നത് എന്നും എല്ലാവരും മനസ്സിലാക്കി. എന്റെ സാന്നിധ്യവും ജീവിതരീതിയും മറ്റുള്ളവര്‍ക്ക് കുറെയൊക്കെ പ്രചോദനം നല്‍കുകയും അവരെല്ലാം എന്റെ ആരോഗ്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.  

എന്നെ ഇതിന് പ്രേരിപ്പിച്ച മറ്റൊരു ഘടകം ഉണ്ടായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ മുതിര്‍ന്നവര്‍ക്കായി യു ത്രീ എ എന്ന ഒരു സംഘടന രൂപീകരിച്ചിരുന്നു. യു ത്രീ എ  എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യൂണിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജ് എന്നാണ്. പഠിക്കുന്ന കാലം, ജോലി ചെയ്യുന്ന കാലം വിരമിച്ചതിനുശേഷം ഉള്ള കാലം എന്ന അര്‍ത്ഥത്തിലാണ് ഇത്. എങ്ങനെയോ ഞാന്‍ അതിന്റെ ഭാഗമായിരുന്നു. ഐശ്വര്യത്തോടെ പ്രായമാകാം അര്‍ത്ഥവത്തായി ജീവിക്കാം എന്ന ആശയത്തിന് പുറമേ ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളും പാഠങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും ഉള്ള ഒരു വേദി. അവിടുത്തെ ശില്പശാലയില്‍ പകര്‍ന്നു തന്ന ശ്രീനാരായണഗുരുവിന്റെ 'ശിലയും നീയെ, ശില്പവും നീയെ, ശില്‍പ്പിയും നീയേ എന്ന ആത്മവാക്യം എന്റെ ജീവിതത്തില്‍ എത്രത്തോളം പ്രായോഗികമായിരുന്നെന്ന് ഞാന്‍ അന്ന്  മനസ്സിലാക്കി. 

ഇപ്പോള്‍ വയസ്സ് 62 ആയി. പുറകോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ കുറ്റബോധങ്ങള്‍ കുറവ് തന്നെയാണ്. ഇത്രയും വിലപ്പെട്ട ഒരു ജീവിതത്തെ വെറും നേരമ്പോക്കായി എടുക്കാതെ മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ മാത്രം എന്തൊക്കെയോ ചെയ്തിട്ടുണ്ട് എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ട്. ഈ പ്രപഞ്ചത്തില്‍ എത്രയോ കോടി മനുഷ്യജന്മങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഓരോ മനുഷ്യനും ഓരോ ജീവിതമാണ്. ഇരട്ടയായി ജനിച്ച കുട്ടികള്‍ക്ക് പോലും ഒരുപോലുള്ള ജീവിതം കിട്ടില്ല. അതുകൊണ്ടുതന്നെ ഒരാളുടെ ജീവിതം മറ്റൊരാളുടേതുമായി താരതമ്യം ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. സുഖവും ദുഃഖവും കൂടിച്ചേര്‍ന്നാണ് ജീവിതം. നമ്മളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്ന് തോന്നുന്നവരുടെ ജീവിതവുമായി നമ്മുടെ ജീവിതം താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് വിഷമം തോന്നുക. എന്നാല്‍ നമ്മള്‍ നോക്കിക്കാണുന്നവരുടെ സന്തോഷമേ നമ്മള്‍ കാണുന്നുള്ളൂ. അവരുടെ ദുഃഖം അവര്‍ക്കേ അറിയൂ. നമ്മളെക്കാള്‍ ദുഃഖിക്കുന്നവരുടെ ജീവിതത്തിലേക്ക് നമ്മള്‍ നോക്കാറില്ല. ഇത് മനുഷ്യസഹജമായ സ്വഭാവമാണ്. ഒരു കൈ നഷ്ടപ്പെട്ടവന്‍ രണ്ട് കൈയും നഷ്ടപ്പെട്ടവരെ പറ്റി ആലോചിക്കാറില്ല, മറിച്ച് എനിക്ക് മറ്റുള്ളവരെപ്പോലെ രണ്ട് കൈകളും ഇല്ലല്ലോ എന്നേ ചിന്തിക്കൂ. സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിക്കാനും  സ്വന്തം കാലില്‍ നടക്കാനും ആഗ്രഹിക്കുന്ന കുറേ പേരുണ്ട് ഈ ലോകത്ത്.

അറിഞ്ഞുകൊണ്ട് ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരു നല്ല വ്യക്തി എന്ന നിലയിലും നല്ല ഓഫീസറെന്ന നിലയിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വഴിതെറ്റാന്‍ തുടങ്ങിയ പല ജവാന്മാരെയും ജീവിതത്തിലേക്ക് നന്നാക്കി കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എന്റെ കീഴില്‍ ജോലി ചെയ്തിരുന്ന നാല് ജവാന്മാര്‍ ഇന്ന് ഓഫീസര്‍മാരാണ്. അതിന് ഞാന്‍ നല്‍കിയ സംഭാവന ഞാനെന്ന വ്യക്തിയില്‍ നിന്ന് അവര്‍ക്ക് കിട്ടിയ പ്രചോദനം മാത്രമാണ്. ഒരു നല്ല ലീഡര്‍ക്ക് തന്റെ കീഴിലുള്ളവരുടെ കഴിവിനെ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നല്‍കേണ്ടത് അത്യാവശ്യമാണ്. ഒരു മോശമായ ഉദാഹരണം ഞാന്‍ ഇവിടെ പറയാം. ജാട്ട് റെജിമെന്റല്‍ സെന്ററില്‍ ഉള്ളപ്പോള്‍ അവിടെവന്ന കുറച്ച് പുതിയ ഓഫീസര്‍മാരെ പരിചയപ്പെട്ടു. പ്രായംകൊണ്ട്  മറ്റുള്ളവരെക്കാള്‍ കുറച്ച് അധികം തോന്നിയ ഒരു ഓഫീസറുമായി സംസാരിച്ചു. നല്ല വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്ന അദ്ദേഹം ആര്‍മിയില്‍ വെറും ഒരു പാചകക്കാരനായ ജവാനായിരുന്നു. ഓഫീസര്‍ ആകാനുള്ള ടെസ്റ്റ് എഴുതാന്‍ കുറെ പ്രാവശ്യം ശ്രമിച്ചതാണ്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ റെജിമെന്റില്‍ പാചകക്കാര്‍ കുറവാണ് എന്നതുകൊണ്ട് അദ്ദേഹത്തെ ടെസ്റ്റിന് പോകാന്‍ അനുവദിച്ചില്ല. പിന്നീട് പുതുതായി വന്ന കമാന്‍ഡിങ്  ഓഫീസര്‍ അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിയുകയും ഓഫീസര്‍ ആകാനുള്ള ടെസ്റ്റിന് വിടുകയും ചെയ്തു. കുറെ താമസിച്ചാണെങ്കിലും അതുകൊണ്ട് ഇന്ന് അദ്ദേഹത്തിന് ഒരു ഓഫീസറാകാന്‍ സാധിച്ചു.

ഇന്ന് ഉത്തരവാദിത്വങ്ങളൊക്കെ നിറവേറ്റി എന്ന ഒരു സംതൃപ്തിയുണ്ട്. ശ്രദ്ധക്ക് എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി കിട്ടി. അന്താരാഷ്ട്ര സര്‍വീസ് ആയതുകൊണ്ട് ഇതിനിടെ തന്നെ അവള്‍ ഒരുപാട് രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞു. രണ്ടുമാസം മുമ്പ് അവളുടെ കല്യാണവും കഴിഞ്ഞു. ഒരു ആര്‍മി ഓഫീസറെ തന്നെ അവള്‍ക്ക് വരനായി കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. മേജര്‍ അനിരുദ്ധിന്റെ അച്ഛനും അമ്മയും ശാസ്ത്രജ്ഞന്മാരാണ്. ആര്‍മിയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഏതായാലും കുടുംബത്തില്‍ ഒരാള്‍ ആയല്ലോ. ശ്രീരാഗ് പലപ്രാവശ്യം ശ്രമിച്ചിരുന്നെങ്കിലും അവന് കമ്മീഷന്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അച്ഛന്റെയും അച്ചാച്ചന്റെയും വഴി പിന്തുടരാന്‍ അവന് വലിയ ആഗ്രഹമായിരുന്നു.

ഇന്ന് ഇതെഴുതുമ്പോള്‍ ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ചില കാര്യങ്ങളെ ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ്. പ്രത്യേകിച്ചും ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ഒരു മുതിര്‍ന്ന പൗരന്റെ പുതിയ തലമുറക്കായുള്ള ഉപദേശം എന്ന് കരുതുക. ആദ്യമായി പറയാനുള്ളത് 'വിശ്വാസം അതല്ലേ എല്ലാം' എന്ന് ഒരു സ്വര്‍ണക്കടയുടെ പരസ്യത്തില്‍ കണ്ടതുപോലെ ആദ്യമായി സ്വയം വിശ്വസിക്കുക. സ്വന്തം കഴിവ് തിരിച്ചറിയുക. നിങ്ങള്‍ എങ്ങനെ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ് മറ്റാരുമല്ല. സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. നമ്മള്‍ പുരാണങ്ങളില്‍ പഠിച്ചിട്ടുള്ള ഒരു കാര്യമാണ് യോഗികളും മഹര്‍ഷിമാരും തപസ്സിരുന്നു കൊണ്ട്, ദൈവം പ്രത്യക്ഷപ്പെട്ട് അവര്‍ ചോദിച്ച വരം നല്‍കി എന്നൊക്കെ. ഇതില്‍ എനിക്ക് എന്റേതായ ഒരു ന്യായീകരണം ഉണ്ട്. അത് ദൈവം പ്രത്യക്ഷപ്പെട്ട് കൊടുത്ത വരമല്ല, സ്വന്തം മനസ്സിന്റെ ശക്തിയിലൂടെ നേടിയെടുത്ത ആഗ്രഹസഫലീകരണം ആണത്. സ്വന്തം കഴിവ് തിരിച്ചറിയുന്നതിനോടൊപ്പം കഠിനപ്രയത്‌നം ചെയ്യാന്‍ ശീലിക്കുക. പരിശ്രമത്തിന്റെ  ഫലം എപ്പോഴും മധുരമുള്ളതാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. 

മുതിര്‍ന്നവര്‍ പറയുന്നത് പലപ്പോഴും നിങ്ങള്‍ക്ക് അരോചകമായി തോന്നാം. പക്ഷേ ജീവിതം കണ്ട അവര്‍ പറയുന്നത് അംഗീകരിക്കാന്‍ ശ്രമിക്കുക. ഇന്നത്തെ ജീവിത രീതിയിലും ഭക്ഷണരീതിയിലും ഉള്ള മാറ്റം, ഇന്റര്‍നെറ്റിന്റെ സ്വാധീനം എന്നിവ പുതിയ തലമുറയെ ഒരുപാട് പ്രശ്‌നങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവും താല്‍ക്കാലിക സുഖത്തിനുവേണ്ടി മോശം കൂട്ടുകെട്ടില്‍ നിന്നും കിട്ടുന്ന ഉപദേശങ്ങളും പിന്നീടുള്ള ഭാവിജീവിതത്തെ നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ഇന്ന് യുവാക്കള്‍ക്കിടയിലുള്ള വിവാഹമോചനം കൂടിവരുന്നതിന്റെയും കാരണം ഇതുതന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം നോക്കാതെ സ്വാദിന്റെ പിന്നാലെ പോകുമ്പോള്‍ അത് ആശുപത്രിയിലേക്ക് പോകാനുള്ള തുടക്കയാത്രയാണെന്ന് മനസ്സിലാക്കുക. ഇന്ന് നാടുമുഴുവന്‍ ഹോട്ടലുകള്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ ആശുപത്രികളും ഒരുപാട് ഉയര്‍ന്നുവന്നു. ഒരു വ്യക്തിയെ രോഗിയാക്കുന്നത് അയാള്‍ കഴിക്കുന്ന ഭക്ഷണം, വെള്ളം, ശ്വാസം, ചുറ്റുപാട്, ചിന്ത, കൂടാതെ പാരമ്പര്യം എന്നതിലുപരി വേറെ ഒരു കാരണവുമില്ല. വേണ്ട രീതിയിലുള്ള ശരീരവ്യായാമമില്ല. മൊബൈലിന്റെയും, ലാപ്‌ടോപ്പിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിലുള്ള ജീവിതം. എല്ലാവരും ഭാവി സുരക്ഷിതമാക്കണം എന്ന ചിന്തയില്‍ ശരീരം നോക്കാതെ സമ്പാദിക്കാന്‍ മാത്രം ശ്രമിക്കുന്നു. എന്നാല്‍ കുറച്ചു പ്രായമാകുമ്പോഴേക്കും ആ സമ്പാദ്യം മുഴുവന്‍ സ്വന്തം ചികിത്സയ്ക്കായി ഉപയോഗിക്കേണ്ടിവരുന്നു. 

ദിവസവും ഒരു മണിക്കൂര്‍ എങ്കിലും സ്വന്തം ആരോഗ്യപരിപാലനത്തിനായി നീക്കിവെക്കാന്‍ ശ്രമിക്കുക. കാരണം പ്രകൃതിയെ നമ്മള്‍ പരമാവധി ചൂഷണം ചെയ്തുകഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷം കലര്‍ന്ന പച്ചക്കറികളും ഫലവര്‍ഗങ്ങളുമാണ് ഇന്ന് നമ്മുടെ ആഹാരം. ശുദ്ധമായ കുടിവെള്ളം എന്ന പേരില്‍ കുപ്പികളില്‍ വരുന്ന വെള്ളം നമ്മുടെ മുമ്പുള്ള തലമുറ കണ്ടിരുന്നില്ല. എന്നാല്‍ ശുദ്ധജലം മാത്രമല്ല, വായു മലിനീകരണത്തിന്റെ തോത് കൂടിയപ്പോള്‍ ശ്വസിക്കാനുള്ള ഓക്‌സിജന്‍ പോലും കുപ്പികളിലാക്കി വരുന്നത് ഈ തലമുറ കണ്ടുതുടങ്ങി. നമ്മുടെ ജീവിതം നമുക്ക് നന്നായി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. ജീവിച്ചാല്‍ ഒരിക്കല്‍ മരിക്കും എന്നത് യാഥാര്‍ഥ്യമാണ്. അതുപോലെതന്നെ ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ജനിക്കുന്നതില്‍ മാത്രമേ 'സീനിയോറിറ്റി' ഉള്ളൂ, മരിക്കുന്ന കാര്യത്തില്‍ അതില്ല. 

മരണം നമ്മുടെ ആരുടെയും കൈയിലല്ല എന്ന് എല്ലാവരും പറയാറുണ്ടെങ്കിലും കുറെയൊക്കെ നമുക്ക് അതിനെ നിയന്ത്രിക്കാം എന്നാണ് എന്റെ അഭിപ്രായം. എന്റെ കാന്‍സര്‍ എന്നോടൊപ്പം തന്നെ വളര്‍ന്നു കഴിഞ്ഞു. ശ്വാസകോശത്തിലെ മുഴ ഇപ്പോള്‍ തുടങ്ങിയ സമയത്തിന്റേതിനേക്കാള്‍ ഇരട്ടിയില്‍ കൂടുതല്‍ ആയിട്ടുണ്ട്. 75-ല്‍ കൂടുതല്‍ കീമോതെറാപ്പിയെ സഹിച്ച അപൂര്‍വം ചില ശരീരങ്ങളില്‍ ഒന്ന്. ഇതില്‍ നിന്നും ഇനി ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയില്ല എന്ന് എനിക്കറിയാം. എങ്കിലും എന്നും വ്യത്യസ്തനായി ജീവിക്കാന്‍ ആഗ്രഹിച്ച ഞാന്‍ ഇന്നെന്റെ ജീവിതത്തിലൂടെ അത് തെളിയിച്ചിരിക്കുന്നു. കോഴിക്കോട്ട് നിന്നും കൊച്ചിയിലേക്കെത്തുന്നത് പോലും സംശയമാണ് എന്ന് പറഞ്ഞ ഡോക്ടറേയും ആറുമാസത്തെ ജീവിത ഗ്യാരണ്ടി തന്ന ഡോക്ടറേയും ഒക്കെ മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ട് തന്നെ ഞാനെന്റെ ജീവിതകഥ പൂര്‍ത്തിയാക്കട്ടെ.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ ഒരു രോഗി, അതും നാലാം സ്റ്റേജ് എന്ന് അറിയുമ്പോള്‍, മരണത്തെ മാത്രം മുന്നില്‍ കാണുമ്പോള്‍, ഇല്ല, സയന്‍സിനെ അതിജീവിച്ച് അഞ്ചുവര്‍ഷം തികഞ്ഞിട്ടേ ഈ കാന്‍സര്‍ യാത്രയ്ക്ക് അന്തിമമുള്ളൂ എന്ന് തീരുമാനിക്കാന്‍ മാത്രം മനഃശക്തിയുള്ള എത്രപേര്‍ കാണും. അതില്‍ ഒരാളാണ് ഞാന്‍. വേറെ ആരെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല. ഇന്ന് ഞാന്‍ എന്റെ പ്രതിജ്ഞ നിര്‍വഹിച്ചിരിക്കുന്നു. അഞ്ച് കൊല്ലം എന്ന ആ ലക്ഷ്യത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. പക്ഷേ, വളരെ ദുസ്സഹമായ ഒരു ജീവിതമാണ് ഞാന്‍ ഇന്ന് നയിക്കുന്നത്. ഞാനെന്റെ ജീവിതം വല്ലാത്തൊരു രീതിയില്‍ ജീവിച്ച് തീര്‍ത്തു. പക്ഷേ, എന്റെ ഈ കഥ വായിക്കുന്ന പുതിയ തലമുറ ഇതില്‍ നിന്നും എന്തെങ്കിലും പ്രചോദനം ഉള്‍കൊള്ളുന്നുണ്ടെങ്കില്‍ അതാണെന്റെ സംതൃപ്തി, സന്തോഷം. 

മുംബൈ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പോയി, വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ മാഗസിനില്‍ എഴുതിയ പ്രതിജ്ഞ ഞാന്‍ നിര്‍വഹിച്ചിരിക്കുന്നു എന്ന് അവരോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ മുംബൈ വരെ പോകാനുള്ള സ്ഥിതി അല്ലാത്തതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. മുംബൈ ഹോസ്പിറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആണ്. ഞാനെന്ന വ്യക്തിയുടെ പുതിയ കണക്ക് അവരുടെ സ്റ്റാറ്റിസ്റ്റിക്‌സില്‍ ഇതുവരെ വന്നില്ല. ശൈശവവും വാര്‍ധക്യവും ഒരുപോലെ തന്നെയാണ് എന്ന് ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു. ശൈശവത്തില്‍ പായയിലോ കട്ടിലിലോ നിര്‍വികാരനായി കിടന്നു മലമൂത്ര വിസര്‍ജനം ചെയ്തിരുന്നു. അവിടെനിന്ന് ചെരിയാനും കമിഴാനും ഇഴയാനും മെല്ലെ നടക്കാനും തുടങ്ങി. ചുറ്റുപാടുകളെ തിരിച്ചറിയാന്‍ തുടങ്ങി. മനസ്സില്‍ വികാരങ്ങള്‍ ഉദിച്ചു. ഇന്ന് ആ അവസ്ഥയിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ന് അവസാന നാളുകള്‍ എണ്ണിത്തുടങ്ങി. നിര്‍വികാരമായ മനസ്സ്, ലൗകിക ചിന്തകള്‍ അസ്തമിച്ചു. ചെറുപ്പത്തില്‍ വാക്കര്‍ വെച്ചുകൊണ്ടാണ് നടക്കാന്‍ പഠിച്ചിരുന്നെങ്കില്‍ ഇന്ന് വീണ്ടും വാക്കറിലേക്ക് എത്തിയിരിക്കുന്നു. 

വലതുകൈയ്ക്ക് സ്വാധീനം ഇല്ലാത്തതുകൊണ്ട് തന്നെ ഒരു കൈ കുത്തി എഴുന്നേല്‍ക്കാനും മറ്റും പ്രയാസം തന്നെ. അന്ന് കുളിക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നതുപോലെ തന്നെ ഇന്നും ആ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്റെ അസ്തമയം ഞാന്‍ മുന്നില്‍ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ ഇതൊക്കെ എഴുതിത്തീര്‍ക്കാനുള്ള ശക്തിയെങ്കിലും ഉണ്ട്. അത് ഇല്ലാതാകുന്നതിന് മുമ്പ് ഞാന്‍ ഏതായാലും എന്റെ ജീവിതകഥ നിങ്ങളെ അറിയിച്ചു കഴിഞ്ഞു. പെട്ടെന്നുള്ള ഒരു മരണമായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത് പക്ഷേ, കഷ്ടതകള്‍ നിറഞ്ഞ അന്ത്യനാളുകളാണ് ഇനി എന്റെ മുന്നില്‍ വരാന്‍ പോകുന്നത്. ജീവിതം എന്ന തീക്കടല്‍. അത് നീന്തിക്കടന്നേ പറ്റൂ. ഒറ്റ ദുഃഖമേ ഉള്ളൂ. അവയവദാനത്തിന് വേണ്ടുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും വര്‍ഷങ്ങള്‍ക്കു മുമ്പേ കൊടുത്തതാണ്. ഭൗതികശരീരം മെഡിക്കല്‍ കോളേജിന് കൊടുക്കണമെന്നുള്ള ആഗ്രഹവും ഉണ്ടായിരുന്നു. എന്നാല്‍ അതുപോലും ഇനി നടക്കില്ലെന്നാണ്  ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഞാന്‍ എന്ന ഒരാള്‍ ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന്റെ തെളിവായി ഈ എഴുത്ത് അവശേഷിക്കും. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന് പറയാറില്ലേ. 'തലവിധി' എന്ന ഒരു സാങ്കല്‍പ്പികത, അത് മറ്റാരും എഴുതുന്നതല്ല, സ്വയം തീരുമാനിക്കുന്നതാണ് എന്ന് ഞാനെന്റെ ജീവിതത്തിലൂടെ തെളിയിച്ചുകഴിഞ്ഞു. അതെ, അതുതന്നെയാണ് എനിക്ക് പറയാനുള്ളത്. 'സ്വയം വിധി സ്വയം എഴുതൂ.'

(അവസാനിച്ചു)