ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' നവംബർ പത്തിന് പുറത്തിറക്കുമെന്ന്  പുസ്തക പ്രസാധനരംഗത്തെ പ്രമുഖരായ ഹാർപ്പർ കോളിൻസ്. വിവാദപരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് പെൻഗ്വിൻ റാന്റം ഹൗസ് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടർന്ന് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾക്ക് രാഷ്ട്രീയമാനം കൈവരികയും ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന തീരുമാനത്തിൽ സോണിയ ഗാന്ധി ഉറച്ചുനിന്നതിനാൽ പെൻഗ്വിൻ പ്രസാധനത്തിൽനിന്നു പിന്മാറുകയുമായിരുന്നു. നവംബർ പത്തിനുതന്നെയായിരുന്നു പെൻഗ്വിനും പുസ്തകമിറക്കാൻ തീരുമാനിച്ചിരുന്നത്.

To advertise here,

ഇറ്റലിയിലെ കുട്ടിക്കാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, രാജീവ് വധത്തെത്തുടർന്ന് രാഷ്ട്രീയപ്രവേശം തുടങ്ങി സംഭവബഹുലമായ ജീവിതം സോണിയ വെളിപ്പെടുത്തുമെന്ന് കരുതപ്പെടുന്ന പുസ്തകം അതിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടെ തന്നെ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പുസ്തകത്തിൽനിന്നു ചില പ്രത്യേകഭാഗങ്ങൾ നീക്കം ചെയ്യാൻ പെൻഗ്വിൻ ബുക്‌സ് ആവശ്യപ്പെട്ടത് ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയസമ്മർദ്ദം മൂലമാണെന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ആർഎസ്സിഎസ്സിനെയും മോദിയെയും പരാമർശിക്കുന്ന ഭാഗങ്ങളാണ് പ്രസാധകർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും മോദി ഭരണകാലത്ത് ഇന്ത്യൻ പ്രദേശത്ത് ചൈന അധിനിവേശം നടത്തിയതിനെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം പുസ്തകത്തിൽനിന്നു നീക്കം ചെയ്യാൻ സമ്മർദ്ദമുണ്ടായതായും ഇത് ജനാധിപത്യത്തെ രക്തസാക്ഷിയാക്കുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോത്ത്‌ ആരോപിച്ചിരുന്നു.

അതേസമയം, ബിജെപി ഈ വാദങ്ങളെ വെല്ലുവിളിക്കുകയും പുസ്തകത്തിന്റെ ഉള്ളടക്കത്തെ സംശയിക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.. സോണിയ ഗാന്ധി എഴുതിയ പുസ്തകം ആത്മകഥയാണോ അതോ സാങ്കല്പികകഥയാണോ എന്നത് എഴുത്തുകാരിയും പ്രസാധകരും തമ്മിൽ തീരുമാനത്തിലെത്തേണ്ട കാര്യമാണെന്നും ഓർമക്കുറിപ്പ് എന്ന ലേബലിൽ എഴുതപ്പെട്ട ഒരു പുസ്തകം സാങ്കല്പികകഥയായി മാറുമ്പോൾ തീരുമാനമെടുക്കുംമുമ്പേ പ്രസാധകർ അത് തീർച്ചയായും പരിശോധനയ്ക്കുവിധേയമാക്കുമെന്നുമായിരുന്നു ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം.

ഓർമക്കുറിപ്പിനെച്ചൊല്ലി വിവാദം മുറുകിനിൽക്കവേ തങ്ങൾ സ്വാഭാവികമായും പിന്തുടരുന്ന എഡിറ്റോറിയൽ പ്രക്രിയകളിലൂടെയാണ് സോണിയ ഗാന്ധിയുടെ പുസ്തകത്തിന്റെ കാര്യത്തിലും കടന്നുപോയതെന്നും പലഘട്ടങ്ങളിലും എഴുത്തുകാരിയുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തേണ്ടി വന്നുവെന്നും പെൻഗ്വിൻ വ്യക്തമാക്കിയിരുന്നു.