ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന തീരുമാനത്തിനുപിന്നിൽ യാതൊരുവിധ ബാഹ്യസമ്മർദവുമില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ (പി.ആർ.എച്ച്.ഐ.)യുടെ വിശദീകരണം. ഉള്ളടക്കവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഒരു പ്രത്യേക വിഷയത്തിലുണ്ടായ തർക്കമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രസാധകർ പറഞ്ഞു. എന്നാൽ, തർക്കവിഷയം എന്താണെന്ന് വെളിപ്പെടുത്തിയില്ല.

To advertise here,

പ്രസാധകർ പിന്മാറിയതിനുപിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് ആരോപിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പുസ്തകത്തിൽനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ്., ചൈനയുടെ ഇന്ത്യൻ അതിർത്തി കൈയേറ്റം തുടങ്ങിയ ഭാഗങ്ങൾ നീക്കംചെയ്യാൻ സമ്മർദമുണ്ടായതായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആരോപിച്ചിരുന്നു.

എന്നാൽ, ഈ ആരോപണങ്ങൾ പെൻഗ്വിൻ ഇന്ത്യ പൂർണമായും തള്ളി. സാധാരണ എഡിറ്റോറിയൽ പരിശോധനകൾമാത്രമാണ് നടന്നതെന്നും ഒരു പ്രത്യേക വിഷയത്തിൽ ഇരുപക്ഷത്തിനും ധാരണയിലെത്താൻ സാധിച്ചില്ല. സോണിയയുടെ ഓർമക്കുറിപ്പ് പുറത്തിറക്കാൻ പെൻഗ്വിൻ ഇന്ത്യയ്ക്ക് വളരെയധികം താത്പര്യമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അത് ഞങ്ങൾ നേടിയതെന്നും കമ്പനി വക്താവ് പല്ലവി നാരായൺ പറഞ്ഞു.

നവംബർ 10-നാണ് ആത്മകഥ വിപണിയിലെത്തുന്നത്. യു.എസിൽ പ്രവർത്തിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രകാശനം മുൻപ് പ്രഖ്യാപിച്ചിരുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറുന്ന പശ്ചാത്തലത്തിൽ, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

നരേന്ദ്രമോദി മുമ്പ് നടത്തിയ 'ജേഴ്‌സി പശു' പരാമർശം, മോദിയുമായുള്ള കൂടിക്കാഴ്ച, ഇന്ത്യ-ചൈന ബന്ധം, ഇന്ത്യയുടെ അതിർത്തിയിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം, ആർഎസ്എസ്സിനേക്കുറിച്ചുള്ള ഭാഗം എന്നിവ പുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്ന് പെൻഗ്വിൻ ഇന്ത്യ ആവശ്യപ്പെട്ടതാണ് പ്രസിദ്ധീകരണം തടസപ്പെടാൻ കാരണമായതെന്നാണ് അനൗദ്യോഗികമായി പുറത്തുവന്ന വിവരം. ഈ ഭാഗങ്ങൾ ഒഴിവാക്കാൻ സോണിയ ഗാന്ധി വിസമ്മതിച്ചതോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ ഇന്ത്യ പിന്മാറിയതെന്നാണ് റിപ്പോർട്ട്.