
ഷേക്‌സ്പിയര്‍ക്ക് ശേഷം ഏതിടത്തും ഷേക്‌സ്പിയര്‍ എന്ന് പറഞ്ഞതുപോലെ ആശാനുശേഷം അപ്രതീക്ഷിതമായ ഇടങ്ങളില്‍പ്പോലും ആശാന്‍. ഒരുദ്ദേശത്തിലേക്ക് മാത്രമായി നിജപ്പെട്ടവയല്ല, ആശാന്റെ വരികളെന്നതാവാം അതിന് കാരണം. അവ കൂടുതല്‍ മുഴങ്ങുന്ന സന്ദര്‍ഭങ്ങള്‍ നമുക്കിടയില്‍ ഈ പുതിയ കാലത്തും സുലഭം. ദുഃഖത്തില്‍പ്പെട്ടുഴലുന്ന ഒരു മിത്രത്തിന് ആശ്വാസസന്ദേശം അയക്കാന്‍ ഈ വരിയെക്കാള്‍ പോന്നതെന്തുണ്ട്?'' ഇരുളും മെല്ലെ വെളിച്ചമായ് വരാം.' സമഗ്രാധിപത്യത്തിന്റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ എന്റെ ഉല്‍ക്കണ്ഠയെ പറയാന്‍ 'ഭയമെന്ന് നിനയ്ക്ക ഭാവി നിര്‍ഭയമെന്നാലത് ഭാഗ്യമെന്നുമേ' എന്ന വരികള്‍ക്കുള്ള ശേഷി മറ്റൊരിടത്ത് കിട്ടുമോ? പുതിയ ഒരു തീരുമാനത്തിന്റെ ഉമ്മറച്ചുവരില്‍ എഴുതി വെക്കാന്‍ ഈ വരിയല്ലേ അനുയോജ്യം, ഇതുവരെ എടുത്ത തീരുമാനങ്ങളില്‍ പശ്ചാത്തപിക്കുന്നൊരാള്‍ക്ക് വിശേഷിച്ചും.' നിനയാഗുണപുഷ്പവാടി ഞാനിനിയക്കാട്ടു കുരങ്ങിനേകുവാന്‍.' ഏത് കാലത്തിന്റെ മതിലിന്മേലും എഴുതിവെച്ചുകൂടെ ഈ വരികള്‍? 'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമതുമല്ലെങ്കില്‍/മാറ്റുമതുകളീ നിങ്ങളെത്താന്‍.' നിരാകരിക്കപ്പെട്ട ഒരുവള്‍ക്ക് ഭൂമിയുടെ സംഗൃഹീത പുരുഷപ്പതിപ്പായ ലോകത്തേപ്പറ്റി ഇങ്ങനെ ചിന്തിച്ചുകൂടെ?
'നിറയും രതി, ലോകസംഗ്രഹം കുറിയാക്കാ സഖി കൂസലാര്‍ന്നിടാ'. ഇനിനാം കാണാനിടയില്ലെന്ന് കരുതി വിരമിച്ച വരികളും പറഞ്ഞുതീര്‍ന്നെന്ന് കരുതിയ വാക്കുകളും അവിചാരിതമായി ഇനിയും മുന്നില്‍ പ്രത്യക്ഷപ്പെടും. ഇവിടേയ്ക്ക് കൂടുതല്‍ ഉചിതമാകുക ഇതല്ലേ എന്ന് ചോദിച്ചുകൊണ്ട്.'കഠിന താന്‍ ഭവിതവ്യത' പോലെ 'പിച്ചനടന്നുകളിപ്പൂ നീ/ യിപ്പിച്ചകമുണ്ടോ നടപ്പു' പോലെ. പിന്തുടരുന്ന വരികള്‍ കൂടുതലുമെഴുതിയത് ആശാനാണെന്നതില്‍ എനിക്ക് സന്ദേഹമില്ല. ആശാന്റെ വരികള്‍ക്കും കാവ്യങ്ങള്‍ക്കു തന്നേയും സന്ദര്‍ഭാന്തരപ്രസക്തി നല്‍കുന്ന കാവ്യശക്തിയെന്താവാം?
നളിനി നിന്നിടത്തേക്ക് തിരിയുന്ന ദിവാകരനെ മുന്‍നിര്‍ത്തി ആശാന്‍ പറയുന്ന വാക്യത്തിന്റെ വ്യാപ്തി നോക്കുക.'' ഏക കാര്യമഥവാ ബഹൂത്ഥമാം/ ഏക ഹേതു ബഹു കാര്യകാരിയാം.' ഒന്നിന് അനവധി കാരണങ്ങള്‍, ഒന്നില്‍ നിന്നനവധി ഫലങ്ങള്‍. അവയിലേതേതിന്റെ പ്രവര്‍ത്തനമാവാം ഈ പ്രവൃത്തിയില്‍ എന്നാണ് കവി ആശ്ചര്യപ്പെടുന്നത്. ഏത് കാരണത്തേയും കാരണങ്ങളിലേക്കും ഏത് ഫലത്തേയും ഫലങ്ങളിലേക്കും ചേര്‍ക്കുന്ന ഉള്‍ക്കൊള്ളല്‍ (inclusiveness) ആണ് ഈ കാവ്യശക്തിയുടെ മുഖ്യ സവിശേഷത. ആഖ്യാനത്തെ ഇത് നിസ്സീമമാക്കുന്നു.
കാരണത്തില്‍ നിന്ന് കാരണങ്ങളിലേക്കുള്ള, ഫലത്തില്‍ നിന്ന് ഫലങ്ങളിലേക്കുള്ള വളര്‍ച്ച എന്ന് ആശാനിലൂടെയുണ്ടായ വളര്‍ച്ചയെ നമുക്ക് പറയാം. മലയാളി അന്നോളം പരിചയിച്ചിട്ടില്ലാത്ത ഒരു ദര്‍ശനത്തിന്റെ അന്തര്‍ഗ്ഗതമാണ് ആ'' ഏകാകാര്യ....കാരിയാം.' ആശാന്‍ സാക്ഷാത്ക്കരിച്ച ഒരു പലമയുടെ, നാനാത്വത്തിന്റെ, നീതി വാക്യമാണത്. തന്റെ കഥാപാത്രങ്ങളിലൂടെ ആശാനുന്നയിച്ച ധാരണയുടെ (understanding) നിലപാടു തറയുമാണത്. ആശാന്‍ എഴുതിയ ഓരോ വരിയുടേയും അന്തര്‍ഗ്ഗതമാണത്.
ഭഗവദ്ഗീതയില്‍ മുന്നൂറ്റമ്പതോളം 'ച' പ്രയോഗങ്ങളുണ്ടെന്നും അതാണ് ആ കൃതിയുടെ ബഹുവിതാനങ്ങളുടെ അടിസ്ഥാനമെന്നും നിത്യ ചൈതന്യയതി ഗീതാവ്യാഖ്യാനത്തില്‍പ്പറയുന്നു. പരസ്പര വിരുദ്ധങ്ങള്‍ പോലുമായ വ്യാഖ്യാനങ്ങള്‍ അത് സാദ്ധ്യമാക്കി. മഹാത്മാഗാന്ധിയുടേയും ബാലഗംഗാധര തിലക്കിന്റേയും വ്യാഖ്യാനങ്ങള്‍ തമ്മിലുള്ള അന്തരം ഓര്‍ക്കുക. ആശാന്റെ കാവ്യഭാഷയിലെ ഒരു സവിശേഷത ഈ 'ച' പ്രയോഗത്തിന് സമാന്തരമായ ഭാഷാ പ്രയോഗങ്ങളുടെ നിരന്തര സാന്നിധ്യമാണ്. അഥവാ, അന്യഥാ, അതും, അതുമല്ല, എന്നും, എന്നല്ല, എന്നുമല്ല, അല്ലെങ്കില്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ആശാനെ അതിരറ്റതാക്കുന്നു .
അതുകൊണ്ടാണ് ഇതു സംഭവിച്ചത് എന്നല്ല ആശാന്‍ പറയുക, അതുകൊണ്ടുമാണ് ഇത് സംഭവിച്ചത് എന്നാണ്. എന്നല്ല പറയേണ്ടത് എന്നല്ല ആശാന്‍ പറയുക, എന്നുമല്ല പറയേണ്ടത് എന്നാണ്. അതുകൊണ്ടാണോ എന്നു ചോദിച്ചാല്‍ അതുകൊണ്ടും എന്നാണ് ആശാന്‍ പറയുക. അതു മാത്രമാണോ ഇതിന്റെ പിന്നിലെന്ന് ചോദിച്ചാല്‍ അതും എന്ന്. അതോ ഇതോ എന്ന അസന്ദിഗ്ധത (either/ or)യ്ക്ക് പകരം അതും ഇതും എന്ന്.'' എന്നല്ല ദൂരമതില്‍ നിന്നനുരാഗമോതി വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്‍.'' '' അല്ലെങ്കില്‍ നിന്നരികില്‍ വന്നിഹ വട്ടമിട്ട് / വല്ലാതി വന്‍ കരയുകയില്ലിദാനീം.' 'എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു.' 'പോകട്ടതൊക്കെ യഥവാ യുവലോകമേലു,/മേകാന്തമാം ചരിതമാരറിയുന്നു പാരില്‍.' ഏകുന്നു വാക്പടുവിനാര്‍ത്തി വൃഥാപവാദം/ മൂകങ്ങള്‍ പിന്നിവ പഴിക്കുകില്‍ മോശമല്ലേ.' 'സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം.' വീണപൂവില്‍ത്തന്നെ കാണാം ഇങ്ങനെ നിസ്സീമമാക്കുന്ന കലയുടെ ഒഴിയാത്ത സാന്നിദ്ധ്യം. 'ഞാന്‍ മനസ്സിലാക്കുന്നു 'എന്നാണീ ഓരോ വരി യുടെയും അന്തരംഗം ആര്‍ദ്രതയോടെ മൊഴിയുന്നത്. സന്ദിഗതയുടെ ഈ മൊഴി അകാലത്ത് ഞെട്ടറ്റുവീണപൂവ് ഹൃദയാലുവായ ഒരു മനസ്സിലുണ്ടാക്കുന്ന അനുതാപത്തേക്കാള്‍ വ്യാപ്തി കാവ്യത്തിന് നല്‍കുന്നു. അതിനെ 'ഒരെക്‌സെസ്സറീവ് സിഗ്‌നീഫയര്‍' ആക്കുന്നു. വീണപൂവ് പതിതരായ പതിതരേയെല്ലാം പ്രതിപാദിക്കുന്നു. വീണപൂവ് വീണ പൂവിനെക്കുറിച്ചല്ല വീണ പൂവിലൂടെയാണ് എന്ന് വരുന്നു. ഈ ഘടന തുടരുന്നതിനാല്‍ നളിനി നളിനിയല്ലാ നളിനിയിലൂടെയാണ്, ലീല ലീലയിലൂടെയാണ്, സീത സീതയിലൂടെയാണ്, മാതംഗി മാതംഗിയിലൂടെയാണ്, സാവിത്രി സാവിത്രിയിലൂടെയാണ്, വാസവദത്ത വാസവദത്തയിലുടെയാണ്. ഇതിനിവയെ അര്‍ഹമാക്കുന്നത് കവിയുന്ന (transcend ചെയ്യുന്ന ഈ വാക്ഘടനയും.
ഒറ്റക്കാരണവും ഒറ്റഫലവും ഉള്ള ലഘുവായ ആഖ്യാനത്തിനാണ് ഒറ്റക്കഥ (single story) എന്ന് പറയാവുന്നത്. അവിചാരിതമായ തിരിവുകള്‍ അതിനില്ല. പല അടരുകള്‍ അതിനില്ല. അനുതാപമില്ലാത്തവരുടെ ദൃഷ്ടിയില്‍ അപരന്റെ കഥ മിക്കപ്പോഴും ഒറ്റക്കഥയാണ്. തന്റെ ജീവിതത്തിന്റെ സങ്കീര്‍ണ്ണതയൊന്നും അപരന്റെ ജീവിതത്തിനില്ല. വ്യക്തി അവനവനെ ആത്മനിഷ്ഠമായും അന്യനെ വസ്തുനിഷ്ഠമായും കാണുന്നു. 'ഇക്കാണുന്നതില്‍പ്പരമൊന്നും അന്യനിലില്ല.' ഓ, പെണ്ണുങ്ങളൊക്കെയും അങ്ങനെയാണ്.' സ്ത്രീ ഒരുവളാണെന്ന്, ഭാര്യമാരെല്ലാം ഒരുവളാണ് എന്ന് നിഷ്‌ക്കരുണം കരുതുന്നു സാമാന്യമനുഷ്യന്‍. തമിഴരല്ലെങ്കിലും വിഡ്ഢികളാണ്, കുട്ടികള്‍ക്കത് മനസ്സിലാവില്ല എന്നെല്ലാമുള്ള സാമാന്യവല്‍ക്കരണങ്ങള്‍ കൊണ്ട് സാമാന്യര്‍ അന്യരെ ഒതുക്കുന്നു. എല്ലാ ദളിതരും അപരനാണ്. അവനൊരുവനാണ്. അവന്റെ ചെയ്തികള്‍ക്ക് കാരണങ്ങളില്ല, കാരണമേ ഉള്ളൂ. അതാകട്ടെ ഊഹിക്കാവുന്നതാണ്. 'കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം, പിന്നെയും തുള്ളിയാല്‍ ചട്ടിയോളം.' ഒരാള്‍ക്കും ജീവിക്കാന്‍ മതിയല്ലാത്ത ഈ ലഘുകഥയില്‍ നിന്ന് ജീവിതത്തെ മോചിപ്പിക്കുകയായിരുന്നു ആശാന്‍. ശാന്റെ മനുഷ്യര്‍, സ്ത്രീകളാകട്ടെ, ദളിതരാകട്ടെ സങ്കീര്‍ണ്ണമായവ്യക്തിത്വമുള്ളവരാണ്. ഒന്നിനൊന്ന് വ്യത്യസ്തരാണ്. പ്രതിജനഭിന്നവിചിത്രമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവരാണ്. ' വിവിധഹൃദയവൃത്തി'കളാണ്.
ഒറ്റത്തെളിവ് പോര, പല തെളിവുകള്‍ വേണം ആശാനിലെ ന്യായാധിപന്‍. ആശാനൊറ്റക്കാരണത്തില്‍ വിശ്വസിക്കുന്നില്ല. ലീല വിവാഹത്തിന് സമ്മതം മൂളുന്നത് ഒറ്റക്കാരണത്താലല്ല. 'ഗുരുജനവചനം കുലക്രമം/ തരുണികള്‍ തന്നുടെയസ്വതന്ത്രത/ കരുതിയിവ മറച്ചു കാമിതം/ കരുമന പൂണ്ടിവള്‍ കാട്ടിലാകികം ', ആത്മഹത്യ ചെയ്യാതിരിക്കാന്‍ നളിനിക്ക് ഒന്നല്ല കാരണം.'' പ്രാണന്‍ വെടിഞ്ഞീല ഞാനന്നഹോ/ മാനത്രാണ പരായണയാകയാലോ ക്ഷീണഹൃദയത മൂലമോ ജീവനില്‍, പ്രാണിസഹജമാം പ്രീതി കൊണ്ടോ.' സാവിത്രിയുടെ വിശദീകരണത്തിലുമുണ്ട് പല ന്യായങ്ങള്‍. 'ഇന്നതു ചെയ്യുവാനത്ര താന്‍ തോന്നുന്നി / ല്ലെന്നായ് ദിനങ്ങളുമേറെയായി/' പുത്തന്‍ വ്രണത്തിന്റെ പീഡ കുറഞ്ഞു പോ/ യുത്തേജകവുമില്ലിങ്ങ് വേറെ / അല്ലെങ്കിലും ആത്മഹത്യ വന്‍പാപമെ /ന്നല്ലോ പറ വതുധര്‍മ്മജ്ഞന്മാര്‍/ എന്നല്ലെനിക്ക് തുണയ്ക്കും ജനത്തോട്/ നന്ദിയില്ലെന്നുമാമിന്നു ചെയ്താല്‍. ' മാധവി ലീലയോട് ചെയ്യുന്ന ന്യായവാദം കേള്‍ക്കുക.'' പ്രിയ തോഴിയിതോര്‍ത്തുമിന്നുനിന്‍ / പ്രിയനസ്വസ്ഥനതോര്‍ത്തുമൊക്കെനാം/ ഭയമെന്ന് നിനയ്ക്ക ഭാവി നിര്‍ഭയമെന്നാലത് ഭാഗ്യമെന്നുമേ.' എത്ര ന്യായങ്ങളാണ്. എത്ര തെളിവുകളാണ്, എത്ര കാ രണങ്ങളാണ് സീതയ്ക്ക് ' ചിന്താവിഷ്ടയായ സീതയില്‍ '. അവളെ അറിയാത്ത രാമന് അവനെ അറിയുന്ന അവളുടെ മറുപടി. വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ച രാമന്‍ വീണ്ടുവിചാരങ്ങള്‍ കൊണ്ടൊരു ഹാരാര്‍പ്പണം.' ഉരപേറിയ കീഴ്‌നടപ്പിലായ്/ മറയാം മാനവനാത്മ വൈഭവം / ചിരബന്ധനമാര്‍ന്ന പക്ഷി തന്‍ ചിറകിന്‍ ശക്തി മറന്നുപോയിടാം' എന്ന് സീത രാമനില്‍ കരുണയോടെ പൊറുക്കുന്നു. എന്നിലങ്ങ് എന്നെപ്പോലും കണ്ടില്ല, ഞാനങ്ങയില്‍ അങ്ങയില്‍പ്പരവും കാണുന്നു. ഉപഗുപ്തന്റെ കണ്ണുകളിലൂടെ ഈര്‍ന്നുവീണത് ഹൃദയത്തില്‍ നിന്ന് പുറപ്പെട്ട കണ്ണുനീര്‍ത്തുള്ളികളാണെന്നും അവയെ എന്തല്ലെന്നും എന്താണെന്നും നേതി നേതി എന്ന ക്രമത്തില്‍ ആശാന്‍ പറയുന്നു.
'ഉല്‍ക്കട ശോകതിക്തമല്ലോര്‍ക്കുകിലന്നയ നാംബു/ദുഃഖസത്യഞ്ജനദ്ധീരന്‍ കരകയില്ല / തല്‍ കൃതജ്ഞതാ സുഖത്തേന്‍ തുള്ളിയല്ലത്, ജന്തുവി/ന്നുല്‍ക്രമണത്തില്‍ മോദിക്കാ ഹൃദയാലുക്കള്‍ / ക്ഷിപ്രസിദ്ധികണ്ടു തൂര്‍ന്നവിസ്മയരസവുമല്ല,/ തദ്ഭുതചാപലം ഹേതു ദര്‍ശിയാതെടോ/ കരുതാം മറ്റൊന്നല്ല' കരുണ' തന്‍ കയത്തിലേ/ പ്പരിണതോജജ്യലമുക്താഫലമല്ലാതെ.'
കേവലമായ, അത് അത് മാത്രമായ, നിലപാടുകളോട് ആശാന് പ്രിയമില്ല. അതിലെ ധാരണയില്ലായ്മയോട് ആശാനപേക്ഷിക്കുന്നു' ഹാ ഹസിക്കരുത് ചെയ്തു കേവലം / സാഹസിക്യമിവളെന്ന് സാധ്വിയാള്‍ ', കേവലമായ, അത് അത് മാത്രമായ ഗാനത്തില്‍ ദിവാകരന് പ്രിയം തോന്നുന്നില്ല.' ഇന്നിനി കൂവിടേണ്ട കുയിലേയനക്ഷരം.' വാക്കിലും പൊരുളിലും രസസ്രവം വായിക്കുന്ന, അത് അത് മാത്രമല്ലാത്ത മര്‍ത്ത്യഗീതിയിലാണ് അയാള്‍ക്ക് പ്രിയം. തന്നേയോ ആണോ പോലെയുള്ള ചോദ്യങ്ങളിലവസാനിക്കുന്ന സന്ദിഗ്ദാര്‍ത്ഥകമായ വാക്യങ്ങളാണ് ആശാന്‍ പ്രിയം.'' അത്ഭുതാംഗിയുടെ ചന്ദ്രനോ യതി? '. ഭാവാത്മകമാണാശാന്റെ വായന, ' കാലം കുറഞ്ഞ ദിനമെങ്കിലുമര്‍ത്ഥദീര്‍ഘം,/ മാലേറെയെങ്കിലുമതീവ മനോദഭി രാമം; ചാലേ കഴിഞ്ഞരിയയാവ്വനമെന്നു നിന്റെ, യീലോലമേനി പറയുന്നനുകമ്പനീയം.' അനുകമ്പനീയവും അര്‍ത്ഥദീര്‍ഘവും. മറ്റു ചിലതിന് കൂടി പാകമായ വിശേഷണപദങ്ങളുപയോഗിക്കുന്നതിന്റെ അഴക്, മലയാള കാവ്യലോകത്തിലെ തന്നെ ഏറ്റവും ധ്വന്യാത്മകമായ സീതാവിയോഗവാക്യങ്ങളില്‍ നമുക്ക് കാണാം.'' ഇനി യാത്ര പറഞ്ഞിടട്ടെ ഹാ! ദിനസാമ്രാജ്യപതേ! ദിവസ്പതേ!/ അനിയന്ത്രിത ദീപ്തിയാംകതിര്‍-/ കനകാസ്ത്രാവ്യതനാം ഭവാനു ഞാന്‍ സുസിതാംബരനായി വൃദ്ധനായ് / ബിസിനിതന്തുമരീചി കേശനായ് / ലസിതസ്മിതനായ ചന്ദ്രികാ- / ഭസിത സ്‌നാത മൃഗാങ്കകൈതൊഴാം... '' ഓരോ വാക്യത്തിലൂടെയും സ്മരണയില്‍ മുങ്ങി നിവര്‍ന്ന് നന്ദി പറയുന്നുണ്ട് സീത.'' ഇനി യാത്ര പറഞ്ഞിടട്ടെ ഞാന്‍' എന്ന് തുടങ്ങുന്ന ഈ വിയോഗവാക്യങ്ങളിലെ ആര്‍ദ്രതയും അഴകും ഒ.വി.വിജയനെ തീണ്ടിയതിന്റെ ഫലം ഖസാക്കിന്റെ ഇതിഹാസത്തില്‍ക്കാണാം. ''സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ കൂടുവിട്ട് രവി യാത്രയാവുകയാണ്. 'പത്മയും രവിയുമൊക്കെ എവിടെ നിന്നു വന്നു എന്ന് സംശയമുള്ളവര്‍ക്കും ഈ വിയോഗവാക്യങ്ങളില്‍ പതിഞ്ഞ ആര്‍ദ്രത എവിടെ നിന്ന് വന്നു എന്ന് സംശയമുണ്ടാവില്ല.
ഏകപക്ഷീയമായിപ്പോവാതിരിക്കാനുള്ള ആശാന്റെ നിഷ്‌ക്കര്‍ഷ ലോകോക്തികളെ നോക്കിയാലറിയാം. ''പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം ' എന്നാണെങ്കിലതൊരു സാമാന്യവല്‍തക്കരണമാവും. സാമാന്യവല്‍ക്കരണങ്ങള്‍ നുണകളാണ്. ആശാന്‍ കരുതലോടെ എഴുതുന്നു,'' പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം'. മധുരിക്കാ സഖി സത്യഭാഷിതം എന്നല്ല ആശാനെഴുതുന്നത്, 'സദാ, മധുരിക്കാ സഖി സത്യഭാഷിതം ' എന്നാ ണ്.' അപരയെയോര്‍ത്തതുമില്ല നാരിയായ് ' എന്നതിലെ അപരയെ കാണാതിരിക്കരുത്. നാരികള്‍ക്ക് നയനം സുസൂക്ഷ്മമാം എന്നല്ല 'പാരമിഷ്ടജന രൂപമോരുവാന്‍ നാരികള്‍ക്ക് നയനം സുസൂഷ്മമാം 'എന്നാണ്. ഈ നിഷ്‌ക്കര്‍ഷ വാക്യം പ്രതിയല്ലാ അക്ഷരംപ്രതി പാലിക്കുന്നുണ്ടാശാന്‍ .' ആപ്തസത്യനവി യോഗമാംസുഖം പ്രാപ്തമാം ' എന്നതുപോലുള്ള ഉയര്‍ത്തുന്ന വാക്യങ്ങള്‍ സഹജമാണാശാനില്‍.
ഡാര്‍വ്വിന്റേതിനേക്കാള്‍ ബുദ്ധനില്‍ വേരുള്ള ഒരു പരിണാമസങ്കല്‍പ്പമാണ് ആശാനെ നയിക്കുന്നത്.'' എല്ലാറ്റിനും മുമ്പണുവായതില്‍ നിന്നു മെല്ലെ പുഴുവായ് പറവയായ് പാമ്പായി/ മീനായ് മൃഗമായ് ക്രമേണ മനുഷ്യനായ്, ദാനവനായ് ദേവനായ് സ്വയമങ്ങനെ/ പൊങ്ങിയൊടുവില്‍ മഹേശനായ് പിന്നെയുമിങ്ങോട്ടു താഴുന്നു ജീവിയണുവരെ ' (ശ്രീബുദ്ധചരിതം). ഇങ്ങനെ ജന്മത്തിലും കര്‍മ്മത്തിലും പ്രവര്‍ത്തിക്കുന്ന ഒരു ചാക്രികക്രമമാണ് ആശാന്‍ പരിണാമം. ഇത് ആശാനെ കേവലമായ യുക്തിപരതയില്‍ നിന്ന് മോചിപ്പിക്കുന്നു. 'പരന്ന' ശുഭാപ്തിവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കുന്നു. മാനവീയതാവാദത്തിന്റെ പരിമിതികളില്‍ നിന്ന് രക്ഷിക്കുന്നു. പാശ്ചാത്യാധുനികത 'നോ മോര്‍ മിത്ത്‌സ് ' എന്ന് പറഞ്ഞുവെങ്കില്‍ ആശാന്‍ മിത്തുകളോട് ഒരു വൈമുഖ്യവും കാണിച്ചില്ല. മതബോധങ്ങളെ നിരാകരിക്കുമെന്നല്ല, പരിഷ്‌കരിക്കുമെന്നാണ് ആശാന്‍ സാവിത്രിയിലൂടെ പറയുന്നത്.' അങ്ങനെ സംസ്‌ക്കരിക്കും ഞാനവനില്‍ മങ്ങിയെഴുന്ന മതബോധങ്ങള്‍.' പിന്നിട്ട കാലത്തെ മുഴുവന്‍ പ്രാകൃതവും അപരിഷ്‌കൃതവുമാക്കീ പാശ്ചാത്യാധുനികതയിലെ ഋജുവായ പുരോഗമനസങ്കല്‍പ്പമെങ്കില്‍ പോയകാലത്തിന്റെ ചൈതന്യങ്ങള്‍ ബലങ്ങളാക്കി മാറ്റിയവര്‍ ആശാനില്‍ ആരാദ്ധ്യരായി.'' ഇതിഹാസപുരാണ സല്‍ക്കക്കഥാ -/ ശ്രുതിയാല്‍ ജീവിതഭൂനനച്ചിവര്‍, ചിതമായരുളുന്നു ചേതനാ/ലതയില്‍ പുഷ്പ ഫലങ്ങളാര്‍ക്കുമേ'. പാശ്ചത്യാധുനികത വിധിവിലാസങ്ങളെന്ന് കരുതിയവയെ 'ഡീ മിസ്റ്റി ഫൈ ' ചെയ്ത് യാദ്യച്ഛികങ്ങളാക്കിയെങ്കില്‍ യാദ്യച്ഛികതകളെ ' മിസ്റ്റിഫൈ' ചെയ്തു ആശാന്‍. ' മന്ദമര്‍ത്ത്യാ നീ തടുക്കായ്ക യീശേച്ചാ./ സുന്ദരമാമിസ്സമാഗമങ്ങള്‍.' സാഹോദരര്യം മനുഷ്യനായ അടിമയോളമേ എത്തിയുള്ളൂ ആധുനികതയില്‍, ആശാനില്‍ അത് പൂവിലും പുഴുവിലുമെത്തി.'' ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ, ഒന്നല്ലി കയ്യിഹരചിച്ചിതു നമ്മെയെല്ലാം'. പാശ്ചാത്യാധുനികതയില്‍ പരിണാമം നിര്‍മ്മമമായിരുന്നെങ്കില്‍, സര്‍വ്വാന്തര്യാമിയുമായ അത് വികാരനിര്‍ഭരമായീ ആശാനില്‍.'ഗുണമാണ് വിധിക്ക് ലാക്കതില്‍.' 'ഗുണപരിണാമ പരീക്ഷകന്‍ വിധി''. തള്ളുവാനല്ല (exclusion) കൊള്ളുവാനാണ് (inclusion) ആശാന്റെ തത്ത്വചിന്ത നിരന്തരം ശ്രദ്ധിച്ചത്. പല പുതിയ ഉണര്‍വ്വുകള്‍ക്കും ബുദ്ധനോളം ഉപനിഷത്തുകളോളം പഴക്കമുണ്ടെന്നുള്ളത് ആശാന്റെ ആത്മബോധത്തിന് ഉന്മേഷകരമായി. വിശ്വാസങ്ങളോടൊന്നും അയിത്തം പാലിച്ചില്ല, അയിത്തങ്ങളോട് വിമുഖനായിരുന്ന ആശാന്‍.'' ഓരോന്നിങ്ങനെയൂഹമോ നിഗമമോ ലാക്കാക്കിയോതാം ചിലര്‍ / ക്കാരോാരുന്നിതു തത്ത്വ? മെങ്ങനെയൊരാള്‍കാണുന്നിതമങ്ങേപ്പുറം?/ നേരോ പ്രേതകഥാ പ്രസക്തി? പൊളിയോ? മസ്തിഷ്‌ക്ക വൈകല്യമോ, വേരോടിങ്ങ് കരിഞ്ഞുപോയ തരുവിന്‍ ഛായയ്ക്ക് നില്‍ക്കാവതോ ?/ അല്ലെങ്കില്‍ പ്രതിഭയ്ക്കു ദുരഗതമാമക്കാര്യമൂഹത്തിനാ-/ലില്ലെന്നെങ്ങനെ നിര്‍ണ്ണയിക്കുമിരുളില്‍ത്തങ്ങുന്നുവല്ലോ പൊരുള്‍! കില്ലെന്തിന്നതുമല്ലനന്ത നിയമം വിശ്വം വരാമേതുമേ,/ തെല്ലെന്നാകിലു മര്‍ത്ഥമെന്നി നിലനില്‍ക്കില്ലോര്‍ക്കില്‍ വിശ്വാസവും. 'അനന്തനിയമം വിശ്വം ' എന്ന ജ്ഞാനം ആശാനെ എല്ലാ മുള്‍ക്കൊള്ളുന്ന 'ആള്‍ ഇന്‍ക്‌ളൂസീവായ ' കവിയാക്കി.
ബഹുവചനങ്ങളുടെ കവിയാണാശാന്‍.' ഗുണികളൂഴിയില്‍ നീണ്ടുവാഴ്ക', 'ഭൂരിജന്തുഗമനങ്ങള്‍, പൂത്തെഴും ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍ ' ,' ദൂരദര്‍ശനകൃശങ്ങള്‍ ', 'നിജഗതാഗതങ്ങള്‍ തന്നീശനിശ്ചയം '' നികന്നിടട്ടെ വാരിരാശി നിന്റെ തേര്‍ത്തടങ്ങളില്‍'... ഏകാന്തവൃത്താന്തങ്ങളില്‍ നിന്ന് ബഹുലവൃത്താന്തങ്ങളിലേക്ക് മര്‍ത്ത്യജന്മത്തെ - സ്ത്രീജന്മത്തെ സവിശേഷമായും- ഉയര്‍ത്തിയ ആശാന്റെ ഓരോ കാവ്യത്തിലും കാവ്യങ്ങള്‍. വിമര്‍ശകന്‍ തുമ്പിയേയോ കൊമ്പിനേയോ പള്ളയേയോ വാലിനേയോ തൊട്ടിടയുന്നെങ്കില്‍ ഇടയട്ടെ. ആശാനെ പരിക്കുപറ്റാതെ 'ആന'യിക്കാനാണ് ഇവിടെ ശ്രമം. ' അനന്തനിയമം വിശ്വം' എന്ന് തിരിച്ചറിഞ്ഞ ഒരു പ്രാജ്ഞനേ അറിയാന്‍ ശ്രമിക്കുമ്പോള്‍ ' അത് ' പോര 'അതും' വേണം. അല്ലെങ്കിലും അതല്ല, അതുമാണ് വിവേകം.
Content Highlights: kalpetta narayanan adaradarayiasan kumaranasan and shakespeare
Published: 18 Apr 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented