പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം. ഇന്ത്യയില്‍ ഷാജഹാന്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി അഭിഷിക്തനായ വര്‍ഷം ഇംഗ്ലണ്ടില്‍ നിന്നും ഇരുപതിനായിരം പേര്‍ വടക്കേ അമേരിക്കയിലെ മസച്ചുസെറ്റ്‌സ് ഉള്‍ക്കടലിന്റെ തീരത്തെത്തി ഒരു കോളനി ഉണ്ടാക്കി. അപ്പോള്‍ മലയാളനാട്ടില്‍ എഴുത്തച്ഛന്‍ മരിച്ചിട്ട് അന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഇംഗ്‌ളീഷുകാര്‍ മസച്ചുസെറ്റ്‌സില്‍ കാലുകുത്തുമ്പോഴേക്കും കുറഞ്ഞത് രണ്ടു തലമുറയിലെ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കൊല്ലത്തെ തങ്കശ്ശേരി സെമിത്തേരിയില്‍ അന്ത്യനിദ്ര നടത്തുന്നുണ്ടായിരുന്നു. മുസിരിസ് തുറമുഖത്തെ കടലെടുത്തിട്ട് രണ്ടര നൂറ്റാണ്ടു കഴിഞ്ഞിരുന്നു. കുബ്ലാ ഖാന്റെ ദര്‍ബാറില്‍ നിന്നും കൊച്ചിക്കുവന്ന ഷെങ് ഹെ എന്ന യാത്രികന്‍ കൊണ്ടുവന്ന ചീനവലക്കെണി വെച്ച് കൊച്ചിക്കാര്‍ രണ്ടരനൂറ്റാണ്ടുകളുടെ മീന്‍ പിടിച്ചുകഴിഞ്ഞിരുന്നു.

To advertise here,

അതിനാല്‍ ഹാര്‍വാഡ് സര്‍വകലാശാലയ്ക്ക് അത്രയ്ക്ക് പഴക്കം പറയാനും മേനി നടിയ്ക്കാനുമൊന്നുമില്ല. മസച്ചുസെറ്റ്‌സ് തീരത്തെ കോളനിവല്‍ക്കരണത്തിന്റെ ബാക്കിയാണ് 1636 ലുണ്ടായ Harvard University. മലയാളമണ്ണിലിരുന്ന് ചരിത്രഗതിയിലെ വേലിയേറ്റവും  വേലിയിറക്കവും കണ്ട എഴുത്തച്ഛന്‍ അതിനും മുന്‍പേ എഴുതി:

'ബ്രാഹ്‌മണോഹം നരേന്ദ്രോഹമാഢ്യോഹമെ-
ന്നമ്രേഡിതം കലര്‍ന്നീടും ദശാന്തരേ
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം'.

ഇപ്പോള്‍ രാവണപ്രഭുവിനെപ്പോലെ മഹാമോഹിതനായി, അധികാരദശാനനനായി ഡൊണാള്‍ഡ് ട്രംപ് ഹാര്‍വാഡ് സര്‍വകലാശാലയ്‌ക്കെതിരേ അട്ടഹസിക്കുമ്പോള്‍ ചരിത്രനിരപേക്ഷമായ, നിരാനന്ദമയമായ, ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ചിരിയ്ക്ക് സാധ്യതയും സാധുതയുമുണ്ട്.

ഇതേ സര്‍വകലാശാലയില്‍ Derrick Bell എന്നൊരാള്‍ ഒരു സത്യഗ്രഹസമരം നടത്തിയിരുന്നു. 1991 ല്‍ . അന്ന് ഡൊണാള്‍ഡ് ട്രമ്പിന് നാല്പത്തിയഞ്ചുവയസ്സുണ്ട്. തന്റെ ആറു ബിസിനസ്സ് കമ്പനികള്‍ 'പാപ്പരായിപ്പോയി' എന്ന സെര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുവാന്‍ അയാള്‍ വേവലാതിപ്പെട്ടു നടന്ന കാലമായിരുന്നു അത്. അന്ന് ബറാക് ഒബാമയ്ക്കാകട്ടെ മുപ്പതുവയസ്സായിരുന്നു പ്രായം. 1988ല്‍ ഒബാമ ഹാർവാഡ് സര്‍വകലാശാലയിലെ ലോ സ്‌കൂളില്‍ ചേര്‍ന്നിരുന്നു. ഡെറിക് ബെല്‍ നടത്തിയ സത്യഗ്രഹസമരത്തെ പിന്തുണച്ച് ഒബാമ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊന്തിവന്നിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല സ്വതന്ത്രമായ സാമൂഹ്യവിമര്‍ശനത്തിന് അവസരം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ഹാര്‍വാഡിനു കൊടുത്തുപോരുന്ന ഫെഡറല്‍ ധനസഹായം ട്രമ്പ് മരവിപ്പിച്ചതിനെത്തുടര്‍ന്നുള്ള പ്രതികരണങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ പഴയ ഒബാമ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കാലം അണയ്ക്കാത്ത അഗ്‌നി എന്നു പറയാന്‍ തോന്നി ആ വീഡിയോ കണ്ടപ്പോള്‍. 1991ല്‍ ഒബാമയിലുണ്ടായിരുന്ന ഊര്‍ജം അയാള്‍ ഇപ്പോഴും എങ്ങനെ സൂക്ഷിക്കുന്നു എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടു.

അമേരിക്കന്‍ മണ്ണിലേക്ക് അധിനിവേശം നടത്തിയ വെള്ളക്കാരന്റെ അഹങ്കാരത്തെ വീണ്ടും തുയിലുണര്‍ത്തുക എന്നതാണ് ട്രമ്പിന്റെ രാഷ്ട്രീയം. ഏപ്രില്‍ പതിനഞ്ചാം തീയതി അന്തരിച്ച ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ 2010 ല്‍ നോബല്‍ സമ്മാനം വാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തില്‍ യൂറോപ്പ് അമേരിക്കയില്‍ നടത്തിയ അധിനിവേശത്തിലെ അഹങ്കാരത്തെക്കുറിച്ച് പറഞ്ഞിരുന്നു:

'അമേരിക്കയെ (വെള്ളക്കാര്‍) കീഴടക്കിയ ചരിത്രം ക്രൂരമാണ്. ചരിത്രത്തിലെ എല്ലാ അധിനിവേശങ്ങളേയും പോലെ അതിനേയും നാം വിമര്‍ശിക്കണം. അവിടെ കൊള്ളയും കൊള്ളിവെയ്പ്പും കൂറ്റകൃത്യങ്ങളും ചെയ്തവര്‍ ഭൂരിഭാഗവും നമ്മുടെ മുതുമുത്തച്ഛന്മാരായിരുന്നു. അമേരിക്കയില്‍ വന്നിട്ട് അത്തരം രീതികള്‍ സ്വീകരിച്ചവര്‍ സ്‌പെയിന്‍കാരുമായിരുന്നു. പണ്ടുചെയ്ത തെറ്റുകള്‍ക്ക് ആരും പ്രായശ്ചിത്തം ചെയ്തില്ല. പകരം അവരെ വീണ്ടും വീണ്ടും ചൂഷണം ചെയ്തുകൊണ്ടേയിരുന്നു. ആദ്യത്തെ അധിനിവേശക്കാരുടെ അതേ ആര്‍ത്തിയും വീര്യവും പിന്നീടുള്ളവരും കാണിച്ചു'. യോസ പറയുന്ന ആര്‍ത്തിയും വീര്യവുമാണ് ട്രമ്പ് ഭരണകൂടം ഇപ്പോള്‍ കാണിയ്ക്കുന്നത്.

ഈ ലക്കം ആഴ്ചപ്പാടുകള്‍ക്ക് ഹേതുവായ ഒബാമ വീഡിയോയിലേക്ക് തിരിച്ചുപോകാം. ഓര്‍മപുതുക്കലിനേക്കാള്‍ ഫലപ്രദമായ ധാര്‍മ്മികമര്യാദ മറ്റൊന്നില്ല. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ടതില്ല എന്ന് സ്ത്രീകള്‍ തന്നെ കേരളത്തില്‍ ആവശ്യപ്പെടുന്നതിലെ വിപരീതയാത്ര നമുക്ക് വ്യക്തമാകുന്നത്. അത്തരമൊരു ഓര്‍മ്മപുതുക്കലാണ് 1991 ലെ  ഒബാമ വീഡിയോ പുറത്തുവന്നതുവഴി നടക്കുന്നത്. ഒബാമയല്ല നായകന്‍. ഡെറിക് ബെല്‍ ആണ്. അദ്ദേഹം ഹാര്‍വാഡ് സര്‍വകലാശാലയില്‍ നടത്തിയ സമരത്തെയാണ് നമ്മള്‍ ഇപ്പോള്‍ ഓര്‍ക്കേണ്ടത്. 

placeholder
ബാരക് ഒബാമ

മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന Derrick Albert Bell Jr.സര്‍വകലാശാലയില്‍ നിയമവകുപ്പില്‍ പ്രൊഫസറായിരുന്നു. അദ്ദേഹം ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയിരുന്നു. ഹാര്‍വാഡ് ലോ സ്‌കൂളിലെ കറുത്തവര്‍ഗക്കാരനായ ആദ്യത്തെ പ്രൊഫസറായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ ബഹുഭൂരിപക്ഷവും വെള്ളക്കാരായിരുന്നു. പ്രാതിനിധ്യരീതിയില്‍ കൂടുതല്‍ കറുത്തവര്‍ഗക്കാര്‍ ലോ സ്‌കൂളില്‍ പ്രൊഫസര്‍മാര്‍ ആകണമെന്നും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രൊഫസര്‍ ഡെറിക് ബെല്‍ നിരാഹാരസമരം തുടങ്ങിയത്. മാര്‍ട്ടിന്‍ ലൂതര്‍ കിങ് (ജൂനിയര്‍) കൊല്ലപ്പെട്ടതിന് 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹാര്‍വാഡ് സര്‍വകലാശാലയെ ഇളക്കിമറിച്ച ആ നിരാഹാരസമരം നടന്നത്. കൂടെയുള്ള കറുത്തവര്‍ഗത്തിലെ അദ്ധ്യാപികയ്ക്ക് പ്രൊഫസര്‍ സ്ഥാനം കിട്ടുവാന്‍ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയും പിന്നീടൊരിക്കലും പുകള്‍കൊണ്ട ആ സര്‍വകലാശാലയിലേക്ക് തിരിച്ചുവരാതിരിക്കുകയും ചെയ്തു. 

ബരാക് ഒബാമയുടെ 1991 വീഡിയോ പുറത്തുവന്നതോടെ അമേരിക്കന്‍ സമൂഹത്തിലും നിയമവ്യവസ്ഥയിലും ഭരണത്തിലും നിലനില്‍ക്കുന്ന വംശീയ അസമത്വങ്ങളെ കുറിച്ചുള്ള ഡെറിക് ബെല്‍ നിരീക്ഷണങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അദ്ദേഹം 1930ല്‍ പെന്‍സില്‍വാനിയയിലെ തൊഴിലാളി കുടുംബത്തില്‍ ജനിച്ചു. അതിന് മൂന്നുകൊല്ലങ്ങള്‍ക്കു മുന്‍പാണ് ഡോ. അംബേദ്കര്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ കത്തിച്ചത്. ഡെറിക് ബെല്‍ ജനിക്കുന്നതിനും ഏഴുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് അംബേദ്കര്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയത്.

placeholder
ഡെറിക് ആൽബർട്ട് ബെൽ

1970 ലാണ് Derrick Albert Bell Jr അദ്ദേഹത്തിന്റെ പ്രശസ്തമായ Critical Race Theory അവതരിപ്പിച്ചത്. വംശീയതയും വെള്ളക്കാരന്റെ അപ്രമാദിത്വവും എങ്ങനെയാണ് അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്നത് എന്നദ്ദേഹം അന്വേഷിക്കുകയായിരുന്നു. ഗാന്ധിയും അംബേദ്കറും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുമെല്ലാം പ്രത്യക്ഷമോ അദൃശ്യമോ ആയി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ സ്വാധീനിച്ചു. വെള്ളക്കാരുമായി നിതാന്തമായ സംഘര്‍ഷത്തിലൂടെ സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ കഴിയില്ല എന്നും കറുത്തവന്റെ ഉയര്‍ച്ച വെള്ളക്കാരന് എതിരല്ല എന്ന സമന്വയദര്‍ശനമായിരുന്നു Critical Race Theory മുന്നോട്ടുവെച്ചത്. അദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ റോബന്‍ ദ്വീപിലെ ജയിലില്‍ നെല്‍സണ്‍ മണ്ടേല തടവിലായിരുന്നു. എന്നാല്‍, ജയിലില്‍ നിന്നും പുറത്തുവന്ന മണ്ടേല ഡെറിക്ക് ബെല്ലിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് ആദരപൂര്‍വമായിട്ടാണ് നിരീക്ഷിച്ചത്. മണ്ടേലയുടെ Truth and Reconciliation കമ്മീഷനില്‍ അതിന്റെ അംശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

സര്‍വകലാശാലാ കാമ്പസില്‍ ഇസ്രയേല്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടക്കുന്നതില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടം ധനസഹായം മരവിപ്പിച്ചത്. സര്‍വകലാശാല പറയുന്നത് ഭരണകൂടത്തിന്റെ ഒരു സമ്മര്‍ദത്തിനും തങ്ങള്‍ വഴങ്ങില്ല എന്നാണ്. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമ്പോള്‍ ഇസ്രയേല്‍ വിഷയത്തിലുള്ള അഭിപ്രായം നോക്കിയിട്ടേ പ്രവേശനം നല്‍കാവൂ എന്നുപോലും ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇവിടെയാണ് Derrick Albert Bell അമേരിക്കന്‍ സമൂഹത്തിന്റെ അസ്തിവാരം തന്നെ വൈജാത്യമാണെന്നും അതിനെ ശക്തിയാക്കി മാറ്റുകയാണ് വേണ്ടതെന്നുമുള്ള വാദം പ്രസക്തമാകുന്നത്. Faces at the Bottom of the Well: The Permanence of Racism എന്ന പുസ്തകത്തില്‍ അദ്ദേഹം പറഞ്ഞ ഒരു വാചകമുണ്ട്, 'വിദ്യാഭ്യാസം എന്നാല്‍ ബോധോദയമാണ് (enlightenment). അത് അനുതാപം ഉണ്ടാക്കേണ്ടതാണ്. അനുതാപമാണ് നവോഥാനങ്ങളെ സൃഷ്ടിച്ചത്'. 

ഹാര്‍വാഡ് സര്‍വകലാശാല ശക്തമായി ചെറുത്തുനില്‍ക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍. മറ്റു സര്‍വകലാശാലകളും പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, അക്കാദമിക് മേഖലയുടെ പിന്തുണ ആവശ്യമുള്ള ഉന്മാദമല്ല ട്രംപിന്റെ നയത്തിന്റെ ഇന്ധനം എന്നതും നാമോര്‍ക്കണം. വിദ്യാര്‍ഥികളുടെയും അക്കാദമിക്കുകളുടേയും എതിര്‍പ്പുകളെ വകവെയ്ക്കാതെ ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ സ്വഭാവം മാറ്റുവാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ശ്രമിച്ചതും വലിയൊരളവുവരെ വിജയിച്ചതും ശ്രമം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതും നമുക്കോര്‍ക്കാം. സന്ദര്‍ഭം പൂര്‍ണമായും  സമാനമാണെന്നല്ല സൂചിപ്പിക്കുന്നത്. ഹാര്‍വാഡ് സര്‍വകലാശാല ഒരു സ്വകാര്യസ്ഥാപനമാണ്. നരേന്ദ്ര മോദി Demonetization ചര്‍ച്ചകളുമായി ബന്ധപ്പെട്ട് 2017ല്‍ പി. ചിദംബരത്തെ (ഹാര്‍വാഡില്‍ നിന്നും MBA) ഉന്നംവെച്ചു പറഞ്ഞ വാചകം ഓര്‍മ്മയില്‍ വരുന്നു: 'hard work is more powerful than Harvard'

നൂറ്റിയന്‍പത് നോബല്‍ സമ്മാനാര്‍ഹരെ സമ്മാനിച്ച ഹാര്‍വാഡ് സര്‍വകലാശാലയെ പ്രസിഡണ്ട് ട്രംപ് കഴിഞ്ഞ ദിവസം വിളിച്ചത് 'ഒരു തമാശ' എന്നാണ്. അത്രതന്നെ പുലിറ്റ്‌സര്‍ സമ്മാനാര്‍ഹരെ സമ്മാനിച്ച ഈ സര്‍വകലാശാലയെക്കുറിച്ച് പ്രസിഡണ്ട് ട്രമ്പ് പറഞ്ഞത്, 'അവിടെ പഠിപ്പിക്കുന്നത് വെറുപ്പും മണ്ടത്തരവുമാണെ'ന്നാണ്. തങ്ങള്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കില്ല എന്ന് The US Department of Homeland Security സര്‍വകലാശാലയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ഉറപ്പായും ആശങ്ക ഉയര്‍ത്തുന്ന ഒന്നാണ്. വരും ദിവസങ്ങളില്‍ കാത്തിരിക്കേണ്ടതുണ്ട് ഈ സംഭവവികാസങ്ങള്‍ ഏതൊക്കെ വഴികളിലേക്ക് തിരിയുമെന്നതറിയുവാന്‍.

ട്രേസി കെ സ്മിത്ത് (1972 ല്‍ ജനിച്ചു) അമേരിക്കയിലെ പ്രധാന കവികളില്‍ ഒരാളാണ്. 2017 മുതല്‍ 2019 വരെ അവര്‍ Poet Laureate of the United States ആയിരുന്നു. ഹാര്‍വാഡ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിയാണ് ട്രേസി. 2023 മുതല്‍ അവര്‍ അമേരിക്കന്‍ ഫിലോസോഫിക്കല്‍ സൊസൈറ്റിയില്‍ അംഗമാണ്. അവര്‍ എഴുതിയ ഒരു കവിത ഈ അവസരത്തില്‍ പ്രസക്തമാണ്.

അയാള്‍ 
കുറേ ഉദ്യോഗസ്ഥന്മാരെ അയച്ചിട്ടുണ്ട് 
ഞങ്ങളെ ഉപദ്രവിക്കാന്‍ .

അയാള്‍ കൊള്ളയടിച്ചു , ഞങ്ങളുടെ— 
നശിപ്പിച്ചു, ഞങ്ങളുടെ— 
തകര്‍ത്തു ജീവിതങ്ങള്‍, ഞങ്ങളുടെ— 
കവര്‍ന്നെടുക്കുന്നു, ഞങ്ങളുടെ — 
ഇല്ലാതാക്കി, ഞങ്ങളുടെ വിലയേറിയ — 
അടിമുടി മാറ്റുന്നു ഞങ്ങളുടെ — ന്റെ അടിസ്ഥാനങ്ങളെ 
ഈ അടിച്ചമര്‍ത്തലിന്റെ ഓരോ ഘട്ടത്തിലും 
ഞങ്ങള്‍ താഴ്മയോടെ പരിഹാരത്തിനായി 
അപേക്ഷകള്‍ സമര്‍പ്പിച്ചു.
ആവര്‍ത്തിച്ചുള്ള ഞങ്ങളുടെ അപേക്ഷകള്‍ക്ക് 
മറുപടി ആവര്‍ത്തിക്കുന്ന മുറിവുകളാണ്.
ജീവിതത്തില്‍ ഏതു സാഹചര്യത്തിലാണ് ഞങ്ങള്‍ 
ഇവിടേയ്ക്ക് കുടിയേറിയതെന്ന് 
ഞങ്ങള്‍ വിശദമാക്കുന്നു.
തടവില്‍ കിടന്ന്

(സത്യവാങ്മൂലം, ട്രേസി കെ സ്മിത്ത്)

1991ല്‍ ഹാര്‍വാഡില്‍ ഒബാമ ചെയ്ത പ്രസംഗം :