ണ്ടവരെല്ലാം ഒരേയൊരു കാര്യം ശ്രദ്ധിച്ചു: യൂട്യൂബിൽ മൂന്നും നാലും മണിക്കൂർ നീളുന്ന പോഡ്കാസ്റ്റുകൾ ചെയ്യുന്ന ഒരാൾ. എന്നാൽ, സംസാരിക്കുമ്പോൾ അയാളുടെ ചുണ്ടുകളല്ലാതെ കൈകളോ തോളോ നെഞ്ചോ ഒട്ടും അനങ്ങുന്നില്ല. ശ്വാസമെടുക്കുന്നുണ്ടോ എന്നുപോലും സംശയം. മരിച്ച ഒരാളാണോ ഈ വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്? പ്രേക്ഷകരിൽ സംശയം പടർന്നു.

To advertise here,

ഈഗോൺ ചോളാക്യൻ (Egon Cholakian) എന്നായിരുന്നു അയാളുടെ പേര്. 'Earth Save Science Collaborative' എന്ന യൂട്യൂബ് ചാനലിലൂടെ ആഗോള നാശത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചും ഭീതി പരത്തുന്ന നൂറുകണക്കിന് വീഡിയോകളാണ് ഇയാൾ പങ്കുവെച്ചിരുന്നത്.

സംശയം തോന്നിയ യൂട്യൂബ് പ്രേക്ഷകർ ഇയാളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. ഒരേസമയം ഹാർവാർഡിലും സ്റ്റാൻഫോർഡിലും പഠിച്ചുവെന്ന തരത്തിലുള്ള ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളും, പ്രമുഖ വ്യക്തികൾക്കൊപ്പം നിൽക്കുന്ന വ്യാജമായി നിർമ്മിച്ച ചിത്രങ്ങളും പ്രേക്ഷകർ ചുവന്ന കരങ്ങളോടെ തൂക്കി. ഇയാൾ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തിയാണോ അതോ 'ഡെഡ് ഇന്റർനെറ്റ് തിയറി' (Dead Internet Theory) അടിസ്ഥാനമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിച്ചെടുത്ത കഥാപാത്രമാണോ എന്നായിരുന്നു ആദ്യ സംശയം.

തുടക്കത്തിൽ ഇതൊരു ഡീപ് ഫേക്ക് വീഡിയോ ആണെന്ന് കരുതിയെങ്കിലും, ഇയാൾ യഥാർത്ഥ വ്യക്തിയാണെന്ന് തെളിയിക്കുന്ന രേഖകൾ പിന്നീട് പുറത്തുവന്നു. മുൻപ് കേംബ്രിഡ്ജിൽ പാർക്കിംഗുമായി ബന്ധപ്പെട്ട് എഫ്.ബി.ഐക്കെതിരെ കേസ് കൊടുത്ത ചരിത്രമുള്ള ആളാണ് ചോളാക്യൻ. ഹാർവാർഡ്, എം.ഐ.ടി, നാസ, സേൺ (CERN) തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നുവെങ്കിലും, അതൊക്കെ ചില കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ പേരിൽ ചമച്ചെടുത്ത വ്യാജ യോഗ്യതാ നിർമിതി (Credential laundering) മാത്രമാണെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.

Read More: പാവം ഇല്ലുമിനാറ്റിയും, വില്ലൻ ഡീപ് സ്റ്റേറ്റും

അമേരിക്കൻ ഫെഡറൽ രേഖകൾ പ്രകാരം, 'അല്ലാട്രാ ഇന്റർനാഷണൽ പബ്ലിക് മൂവ്മെന്റ്' (AllatRa International Public Movement) എന്ന സംഘടനയുടെ ഔദ്യോഗിക പ്രതിനിധിയായാണ് ചോളാക്യൻ രജിസ്റ്റർ ചെയ്തിരുന്നത്. ഇയാളുടെ വീഡിയോകൾക്ക് താഴെ 'ക്രിയേറ്റീവ് സൊസൈറ്റി' (Creative Society) എന്ന സംഘടനയെ പ്രൊമോട്ട് ചെയ്തുകൊണ്ട് ബോട്ട് അക്കൗണ്ടുകളുടെ കമന്റുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു.

ഇത്തരം സംഘടനകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് 'അല്ലാട്രാ' എന്ന യുക്രേനിയൻ കൾട്ടും അതിന്റെ സ്ഥാപകനായ ഇഗോർ മിഖൈലോവിച്ച് ഡാനിലോവുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഘടനയിലേക്ക് വൻതോതിൽ പണം എത്തിച്ചിരുന്നതും ഇയാളായിരുന്നു.

2014-ൽ യുക്രെയ്‌നിലാണ് അല്ലാട്രാ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത്. ധ്യാനം, ആത്മീയത എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു രഹസ്യ കൂട്ടായ്മയായിരുന്നു ഇത്. എന്നാൽ യുക്രെയ്‌നിലെ ഓർത്തഡോക്‌സ് സഭയുടെയും സർക്കാരിന്റെയും നിയന്ത്രണങ്ങൾ കടുത്തതോടെ, 2017-ൽ ഇവരുടെ ആസ്ഥാനം അമേരിക്കയിലെ അറ്റ്‌ലാന്റയിലേക്ക് മാറ്റി. യുഎസിലെ പ്രവർത്തന സ്വാതന്ത്ര്യം മുതലെടുത്ത് മിഷിഗണിലും അറ്റ്‌ലാന്റയിലും കേന്ദ്രങ്ങൾ ആരംഭിച്ച് 'ക്രിയേറ്റീവ് സൊസൈറ്റി' എന്ന പേരിൽ പ്രസ്ഥാനം വിപുലീകരിച്ചു. സ്ലാവിക് സംസ്‌കാരത്തിൽ നിന്നുള്ള ചില ഘടകങ്ങളും തിയോസഫിക്കൽ ആശയങ്ങളും കൂട്ടിക്കലർത്തിയാണ് ഇവർ ചിന്താധാര രൂപപ്പെടുത്തിയത്.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തങ്ങൾ, നാനോപ്ലാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ആളുകളിൽ കുത്തിവെക്കുകയും, ഒപ്പം സമാധാനപരമായ പുതിയ ലോകക്രമം, എല്ലാവർക്കും സാമ്പത്തിക സഹായം, കടങ്ങൾ എഴുതിത്തള്ളൽ തുടങ്ങിയ മോഹന വാഗ്ദാനങ്ങൾ നൽകിയുമാണ് ഇവർ അനുയായികളെ ആകർഷിക്കുന്നത്.

പ്രമുഖ ശാസ്ത്രജ്ഞരെ ഓൺലൈൻ കോൺഫറൻസുകളിലേക്ക് ക്ഷണിക്കുകയും, പിന്നീട് അവരുടെ അഭിമുഖങ്ങൾ എഡിറ്റ് ചെയ്ത് സ്വന്തം അജണ്ടകൾക്ക് അനുകൂലമായി പ്രചരിപ്പിക്കുകയും ചെയ്യുക ഇവരുടെ പതിവായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സംഘടനയിൽ വർഷങ്ങളോളം വോളന്റീയറായി പ്രവർത്തിച്ച് പിന്നീട് പുറത്തുവന്ന ഷോൺ എന്ന വിസിൽബ്ലോവറുടെ വെളിപ്പെടുത്തലുകൾ കൾട്ടിന്റെ യാഥാർത്ഥ്യം തുറന്നുകാട്ടി. ബോധത്തെ ശരീരത്തിൽ നിന്ന് വേർപെടുത്തി ടെലിപതിയിലൂടെ ചിന്തകൾ കൈമാറാൻ കഴിയുമെന്ന് അവകാശപ്പെട്ട് ലക്ഷങ്ങൾ മുടക്കി ഇവർ ഒരു പ്രത്യേക 'പിരമിഡ് ഉപകരണം' നിർമ്മിച്ചിരുന്നു. ഭൂമി മനുഷ്യരുടെ യഥാർത്ഥ ഗ്രഹമല്ലെന്നും, മനുഷ്യർ അന്യഗ്രഹ ജീവികളാണെന്നും ഇവർ വാദിക്കുന്നു. ഭൂമിയുടെ ഉൾക്കാമ്പിൽ മാറ്റങ്ങൾ വരുന്നുണ്ടെന്നും, മൈക്രോ-നാനോ പ്ലാസ്റ്റിക്കുകൾ കാരണം മനുഷ്യർ കൂട്ടത്തോടെ നശിക്കുമെന്നും പരസ്പരം ഭക്ഷിക്കുന്ന 'സോംബി'കളായി മാറുമെന്നുമൊക്കെയാണ് ഇവരുടെ വിചിത്രമായ പ്രവചനങ്ങൾ. ചോദ്യങ്ങൾ ചോദിക്കുന്നവരെയും യുക്തിചിന്തയുള്ളവരെയും 'ആനിമൽ മൈൻഡ്' ഉള്ളവരെന്നു വിളിച്ച് ഇവർ മാറ്റിനിർത്തുന്നു.

അല്ലാട്രാ ഒരു മതപരമായ കൾട്ട് ആണെന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും മാധ്യമങ്ങളിലും യുഎസ് ഭരണകൂടത്തിലും സംഘടനയ്ക്ക് അനുകൂല പ്രതിച്ഛായ ഉണ്ടാക്കാനുമാണ് ഈഗോൺ ചോളാക്യനെ മുന്നിൽ നിർത്തിയത്.

2003-ൽ അനസ്‌തേഷ്യ നോവിക് എന്ന തൂലികാനാമത്തിൽ പുറത്തിറങ്ങിയ 'Sensei: The Original of Shambhala' എന്ന പുസ്തകമാണ് ഇവരുടെ ആശയ അടിത്തറ. ഗാലിന യബ്ലോക്കിന രചിച്ചതെന്ന് കരുതപ്പെടുന്ന ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രമായ 'റിഗ്‌ദെൻ' യഥാർത്ഥത്തിൽ ഇഗോർ ഡാനിലോവ് തന്നെയാണെന്നാണ് അനുയായികൾ വിശ്വസിക്കുന്നത്. പറക്കാനും മരിച്ചവരെ ജീവിപ്പിക്കാനും ഡാനിലോവിന് കഴിയുമെന്ന തരത്തിലാണ് പ്രചാരണം. കൂടാതെ, സംഘടനയ്ക്കുള്ളിൽ ഇയാൾ സ്ത്രീകളെ ആത്മീയ ഭീഷണി മുഴക്കി ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഷോൺ വെളിപ്പെടുത്തുന്നു. ലൈവ് സ്ട്രീമുകളിലും വീഡിയോകളിലും കാഴ്ചക്കാരെ ആകർഷിക്കാൻ സ്ത്രീകളെ പ്ലാസ്റ്റിക് സർജറികൾക്കും അമിത മേക്കപ്പിനും നിർബന്ധിച്ചിരുന്നതായും മുൻ അനുയായികൾ ചൂണ്ടിക്കാണിക്കുന്നു.

2019-ൽ ഇവർ തുടക്കമിട്ട 'ക്രിയേറ്റീവ് സൊസൈറ്റി' ലോകാവസാനത്തെക്കുറിച്ചുള്ള ഭീതി വിതച്ച് ആഗോളതലത്തിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കത്തോലിക്കാ സഭാ സമ്മേളനങ്ങളിലും യു.എൻ കാലാവസ്ഥാ ഉച്ചകോടികളിലും വരെ ഇവരുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അമേരിക്കൻ രാഷ്ട്രീയക്കാരൻ റോബി വെൽസ്, ഇവാഞ്ചലിക്കൽ നേതാവായ പാസ്റ്റർ മാർക്ക് ബേൺസ് എന്നിവരൊക്കെ അല്ലാട്രയ്ക്ക് വേണ്ടി സംസാരിച്ചവരിൽ ഉൾപ്പെടുന്നു.

2017-ൽ യുക്രെയ്‌നിയൻ ഓർത്തഡോക്‌സ് സഭ ഇതിനെ 'സൈക്കോ-കൾട്ട്' എന്ന് വിശേഷിപ്പിച്ചു. തുടർന്ന് 2023-ൽ യുക്രെയ്ൻ സുരക്ഷാ സേന ഇവരുടെ താവളങ്ങളിൽ റെയ്ഡ് നടത്തി. തോക്കുകൾ, വ്യാജ പാസ്പോർട്ടുകൾ, പുടിൻ അനുകൂല പ്രചാരണ സാമഗ്രികൾ, 'MAGA' തൊപ്പികൾ എന്നിവ ഇവിടെനിന്ന് പിടിച്ചെടുത്തു. ഡാനിലോവിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. ചെക്ക് റിപ്പബ്ലിക് ആഭ്യന്തര മന്ത്രാലയവും റഷ്യയും ഈ സംഘടനയെ നിരോധിച്ചിട്ടുണ്ട്.

അല്ലാട്രയ്ക്ക് എതിരെ ശബ്ദമുയർത്തുന്നവരെ വേട്ടയാടാൻ വൻ ട്രോൾ ഫാമുകളാണ് പ്രവർത്തിക്കുന്നത്. ഇവരുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന യൂട്യൂബ് വീഡിയോകൾക്ക് വ്യാജ പകർപ്പവകാശ പരാതികൾ നൽകി നീക്കം ചെയ്യിക്കുകയും, വിമർശകരെ സൈബർ ഇടങ്ങളിൽ കൂട്ടത്തോടെ ആക്രമിക്കുകയും ചെയ്യുന്നു. അല്ലാട്രയെക്കുറിച്ച് അന്വേഷണം നടത്തിയ യുക്രെയ്‌നിയൻ മാധ്യമപ്രവർത്തക ക്രിസ്റ്റീന സ്രക്കോവയെ 'ആന്റി-കൾട്ട് മാഫിയ' എന്ന് മുദ്രകുത്തി വേട്ടയാടി. ഇവരുടെ ഒളിത്താവളങ്ങൾ പുറത്തുകൊണ്ടുവന്ന ചെക്ക് മാധ്യമപ്രവർത്തകൻ ജാക്കോബ് ജാലിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കരിയർ തകർക്കാനും ശ്രമമുണ്ടായി.

ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ലോകരക്ഷയുടെയും വ്യാജ മുഖംമൂടിയണിഞ്ഞ് പ്രവർത്തിക്കുന്ന ഇത്തരം അന്താരാഷ്ട്ര കൾട്ടുകൾ ഇന്ന് കൂടുതൽ സങ്കീർണ്ണമായ രൂപങ്ങളിലാണ് പൊതുസമൂഹത്തിലേക്ക് കടന്നുകയറുന്നത്. വിവരസാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും ഒരു മറയായി ഉപയോഗിക്കുമ്പോൾ, ഡിജിറ്റൽ യുഗത്തിൽ ഒരു കൾട്ടിനും പൂർണ്ണമായി അദൃശ്യമായി തുടരാനാവില്ലെന്ന് ഇത്തരം വെളിപ്പെടുത്തലുകൾ അടിവരയിടുന്നു.