
റിട്ട. എസ്.പി ജോര്‍ജ് അറക്കല്‍ എഴുതുന്ന പംക്തി 'ഓപ്പണ്‍ ഫയല്‍'
(ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇരയുടെയും പ്രതിയുടെയും ബന്ധുക്കളുടെയും പേരുകള്‍ യഥാര്‍ഥമല്ല. സാങ്കല്‍പികമാണ്)
ചിത്രന്‍ നമ്പൂതിരിയെ പൂട്ടിയതിനുശേഷം കോഴിക്കോട് പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ചുനടന്ന Monthly Crime Conference-ല്‍ അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണ ഐപിഎസ് ആണ് പൂനൂരിലെ മൂന്നാംക്ലാസുകാരിയുടെ ബലാത്സംഗക്കേസിന്റെ പുരോഗതിയെപ്പറ്റി അന്വേഷിച്ചത്.
Also Read
പൂനൂരിലെ വലിയൊരു മുതലാളിയുടെ വീട്ടുജോലിക്കാരിയായ സുകുമാരി എന്ന സ്ത്രീയുടെ എട്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ശാരിക എന്ന കുട്ടിയായിരുന്നു ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസ് റീഓപ്പണ്‍ ചെയ്യുമ്പോള്‍ മുന്നില്‍ കുറേ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സുകുമാരി അതിരാവിലെ തന്നെ വീട്ടുജോലികള്‍ ചെയ്യുന്നതിനായി മുതലാളിയുടെ വീട്ടിലെത്തുമായിരുന്നു. സുകുമാരിയുടെ ഭര്‍ത്താവ് കുമാരന്‍ കൂലിപ്പണിക്കാരനായിരുന്നു. അയാളും രാവിലെ വീട്ടില്‍ നിന്നിറങ്ങും. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ശാരികയാവട്ടെ അമ്മ രാവിലെ അമ്മയുണ്ടാക്കിവെച്ചിരിക്കുന്ന കഞ്ഞി കഴിച്ചിട്ടാണ് സ്‌കൂളിലേക്ക് പോകുക. എഫ്‌ഐആര്‍ ഭാഷയില്‍ പറഞ്ഞാല്‍: ഉച്ചയ്ക്ക് തന്റെ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ഊണുകഴിക്കാനായി അടുത്ത് തന്നെയുള്ളതും അമ്മ സുകുമാരി ജോലി ചെയ്തിരുന്നതുമായ മുതലാളിയുടെ വീട്ടില്‍ചെന്ന് അവിടെ നിന്നും ഭക്ഷണം കഴിച്ചശേഷം വീണ്ടും സ്‌കൂളിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്യുക പതിവായിരുന്നു.
ഇങ്ങനെ മുതലാളിയുടെ വീട്ടില്‍ ദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ ചെല്ലുന്നത് പതിവായപ്പോള്‍ മുതലാളിയുടെ മൂത്ത മകന്‍ വിനു എന്നയാള്‍ ശാരികയുടെ കൈകളിലും ദേഹത്തും പിടിക്കുകയും തടവുകയുമൊക്കെ ചെയ്യുന്നത് പതിവായിരുന്നു. ശാരികയ്ക്ക് വിനുവിന്റെ ഈ പ്രവര്‍ത്തികള്‍ ഒട്ടും ഇഷ്ടമില്ലായിരുന്നു. എങ്കിലും ഭയം മൂലം ആരോടും ഒരു കാര്യവും പറയില്ലായിരുന്നു. അങ്ങനെ ഒരു ദിവസം വിനു ശാരികയുടെ ദേഹത്ത് വേണ്ടത്തിടത്തെല്ലാം പിടിച്ചപ്പോള്‍ അവള്‍ പിടിവിടുവിച്ച് ഓടിപ്പോയി അമ്മയോട് പറഞ്ഞെങ്കിലും സുകുമാരി ഇതു കേട്ടഭാവം പോലും നടിച്ചില്ല. അമ്മയുടെ അവഗണന തിരിച്ചറിഞ്ഞ ശാരിക ഉച്ചഭക്ഷണം കഴിക്കാതെ തിരിച്ച് സ്‌കൂളിലേക്ക് പോകുകയും ചെയ്തു.
അന്ന് വൈകീട്ട് സുകുമാരി ജോലി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ശാരിക പിന്നെയും അമ്മോട് ഇതേപ്പറ്റി പറഞ്ഞു. സുകുമാരിയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. വിനുവിന്റെ വീട്ടില്‍ പണി ചെയ്ത് കിട്ടുന്ന കാശ് കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. അച്ഛന് കിട്ടുന്നത് കള്ള് കുടി കഴിഞ്ഞാല്‍ ബാക്കി എന്താണുള്ളത്? അതുകൊണ്ട് മോള് ഇനി ഉച്ചയ്ക്ക് കഴിക്കാന്‍ വരുമ്പോള്‍ മുതലാളിയുടെ വീട്ടിന്റെ പിന്‍വശത്തുള്ള വഴിയിലൂടെ വന്നാല്‍ മതി. അപ്പോള്‍ അവിടെ അമ്മ ഉണ്ടാവുമല്ലോ, വിനുവിന്റെ ശല്യം ഉണ്ടാവില്ലെന്നും മറ്റും പറഞ്ഞ് ശാരികയെ ആശ്വസിപ്പിച്ചു. ശാരിക അത് സമ്മതിക്കുകയും കുറെ നാളുകള്‍ വീടിന്റെ പിന്‍വശത്തുള്ള വഴിയിലൂടെ മുതലാളിയുടെ വീട്ടിലേക്ക് പോവുകയും ഉച്ചഭക്ഷണം കഴിച്ച ഉടനെ തന്നെ സ്‌കൂളിലേക്ക് തിരിച്ചുപോവുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചയ്ക്ക് ശാരിക ഭക്ഷണം കഴിക്കുന്നതിനായി ചെന്നപ്പോള്‍ മുതലാളിയുടെ വീടിന്റെ പിന്‍വശത്തെ ഗേറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടു. അമ്മയെ ഏറെ നേരം ഉച്ചത്തില്‍ വിളിച്ചെങ്കിലും വിളികേട്ടില്ല. വലിയ തൊടി ആയതുകൊണ്ട് ആരെയും കാണാനും സാധിക്കുന്നുണ്ടായിരുന്നില്ല. ശാരികയ്ക്കാണെങ്കില്‍ വിശന്നിട്ടു വയ്യായിരുന്നു. അത് കൊണ്ട് തന്നെ ശാരിക മുന്‍വശത്തെ ഗേറ്റ് കടന്ന് മുതലാളിയുടെ വീട്ടിലേക്ക് നടന്നപ്പോള്‍ വിനു അവളെ ബലമായി പിടിച്ചുനിര്‍ത്തി. ശാരികയെ വട്ടംപിടിച്ച് പൊക്കിയെടുത്ത് മിണ്ടിപ്പോകരുത് എന്ന് പറഞ്ഞു അവളെ ഭീഷണിപ്പെടുത്തി. പേടിച്ച് വിറച്ചുപോയ ശാരികയുടെ ശബ്ദം പുറത്തേക്ക് വന്നില്ല. വിനുവിന്റെ അച്ഛനും അമ്മയും വിരുന്ന് പോയിരിക്കുകയായിരുന്നു. ആ അവസരം മുതലാക്കിക്കൊണ്ടാണ് വിനു ഈ ആക്രമത്തിന് മുതിര്‍ന്നത്. കാലിത്തൊഴുത്തില്‍ കിടന്നിരുന്ന പഴയ തുണികളില്‍ ശാരികയെ ബലമായി പിടിച്ച് കിടത്തുകയും വിനു ശാരികയുടെ അടിവസ്ത്രമെല്ലാം പറിച്ചെറിഞ്ഞ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.
ശാരികയുടെ യോനിയില്‍ കീറലും മുറിവുകളും ഏല്ക്കുകയും വിനുവിന്റെ പിടിത്തം വിട്ടശേഷം രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ കരഞ്ഞുകൊണ്ട് ശാരിക അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. പിറകെ വിനു ഓടിയെത്തിക്കൊണ്ട് ഇപ്പോള്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ് സുകുമാരിയെയും ശാരികയെയും പറഞ്ഞുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചെന്ന ഉടനെ ഒരു ലേഡി ഡോക്ടര്‍ ശാരികയെ പരിശോധിക്കുകയും സ്വകാര്യഭാഗങ്ങളിലും യോനിയിലും ഏറ്റിട്ടുള്ള മുറിവുകള്‍ എല്ലാം Accident Register Cum Wound Certificate-ല്‍ രേഖപ്പെടുത്തുകയും പോലീസിന് ഇന്റിമേഷന്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ എന്റെ മുന്‍ഗാമി കേസന്വേഷണ വേളയില്‍ Wound Certificate വാങ്ങി പരിശോധിച്ചതില്‍ ശാരികയുടെ യോനിയില്‍ സംഭവിച്ചിരിക്കുന്ന മുറിവുകള്‍ 'അടച്ചൂറ്റി'യിലേക്ക് കമഴ്ന്നടിച്ചു വീണ് സംഭവിച്ചതാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
കോഴിക്കോട്ടുകാര്‍ 'അടച്ചൂറ്റി' എന്ന് പറയുന്നത് ചോറുവാര്‍ക്കാനായി കലത്തിനുമുകളില്‍ വെക്കുന്ന ഉപകരണമാണ്. മരം കൊണ്ട് പാത്രത്തിന്റെ വട്ടത്തില്‍ നിര്‍മിക്കുന്ന അടച്ചൂറ്റിക്ക് കഞ്ഞിക്കലവുമായി ചോറ്റുകലത്തെ അടച്ചുനിര്‍ത്താനായി ഒരു നിശ്ചിതനീളത്തില്‍ മരംകൊണ്ടൊരു പിടിയുണ്ടായിരിക്കും. വീണപ്പോള്‍ ആ പിടി യോനിയില്‍ കുത്തിക്കയറിയതുകൊണ്ട് സംഭവിച്ച ക്ഷതമാണെന്നാണ് ആശുപത്രിയിലെ സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്നത്. പിടിയിലേക്ക് ശാരിക തന്റെ യോനിക്ക് മുറിവ് ഏല്‍ക്കത്തക്ക രീതിയില്‍ നഗ്നയായി വീഴുകയും അടിച്ചൂറ്റി കൃത്യമായി യോനിയിലേക്ക് തുളഞ്ഞ് കേറുകയും വേണം. ഈ Wound Certificate കിട്ടിയതോടുകൂടി എന്റെ മുന്‍ഗാമി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാതെ കേസ് ഫയല്‍ ഒന്നും ചെയ്യാതെ വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് എന്റെ മുന്‍ഗാമിക്ക് സ്ഥലം മാറ്റം ആയതും ഞാന്‍ ബാലുശ്ശേരി സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുത്തതും.
ഞാന്‍ ചാര്‍ജെടുത്തതിന് ശേഷം ആദ്യമായി നടന്ന ജില്ലാ ക്രൈം കോണ്‍ഫറന്‍സില്‍ ഈ കേസിന്റെ കാര്യം അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ലക്ഷ്മണ സാര്‍ ചോദിച്ച് മനസ്സിലാക്കുകയും എന്നോട് ത്വരിതഗതിയില്‍ ഇതിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൂനൂരും പരിസരങ്ങളിലും നടത്തിയ രഹസ്യ അന്വേഷണങ്ങളില്‍ നിന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൈകൂലി നല്‍കിയാണ് ശാരികയുടെ Wound Certificate-ല്‍ അടിച്ചൂറ്റിയില്‍ വീണാണ് ശാരികയുടെ രഹസ്യഭാഗങ്ങളില്‍ മുറിവ് സംഭവിച്ചത് എന്ന് ഡോക്ടറെ കൊണ്ട് തിരുത്തി എഴുതിച്ചത് എന്നും മറ്റും വിശ്വസ്തരായ വ്യക്തികള്‍ വിവരം നല്‍കി. ഈ വിവരം ഞാന്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ഡോക്ടര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ എടുക്കുന്നതിന് അദ്ദേഹം ഗവണ്‍മെന്റിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
കേസന്വേഷണത്തിന്റെ തുടര്‍നടപടിയുടെ ഭാഗമായി ശാരികയുടെ Wound Certificate കാണിച്ച് കൊടുത്ത് കൊണ്ട് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ പോലീസ് സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയതില്‍ ശാരികയുടെ യോനിക്ക് ഏറ്റിരിക്കുന്ന മുറിവുകള്‍ റേപ്പ് കൊണ്ട് മാത്രം സംഭവിച്ചിരിക്കുന്ന ഒന്നാണെന്ന് മൊഴി തന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതി വിനുവിനെ ഞാന്‍ അറസ്റ്റ് ചെയ്യുകയും അയാളുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണയ്ക്ക് ശേഷം ബഹുമാനപ്പെട്ട കോടതി വിനുവിന് തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഈ കേസില്‍ ഞാന്‍ എടുത്ത കര്‍ശനമായ നിലപാടുകള്‍ക്ക് അംഗീകാരമെന്നോണം കോഴിക്കോട് ജില്ലാപോലീസ് സൂപ്രണ്ട് D.O.405/77 dated 28.04.1977 പ്രകാരം ഒരു Good Sevice Entry നല്‍കുകയും ഉണ്ടായി.
ഈ സംഭവം നടന്നിട്ട് നാല്‍പത്തിയെട്ട് വര്‍ഷം തികയുകയാണ്. തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ ശാരിക അതിജീവിച്ചുവെന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രതിക്ക് തക്കതായ ശിക്ഷ നല്‍കിക്കൊടുക്കുക എന്നതാണല്ലോ യൂണിഫോം എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം. പിന്നീട് ആ കുട്ടിക്കെന്തു സംഭവിച്ചു എന്ന് അറിഞ്ഞുകൂടാ. ഒരു സ്‌റ്റേഷനില്‍ നിന്നും മറ്റൊന്നിലേക്കുള്ള നിരന്തര പ്രയാണങ്ങള്‍ സന്തോഷപൂര്‍വം ഏറ്റുവാങ്ങാന്‍ നിയോഗിക്കപ്പെട്ടവരാണ് പോലീസുകാര്‍.
ഈ കാലഘട്ടത്തില്‍ തന്നെ ബാലുശ്ശേരി പോലീസ് സ്റ്റേഷനുവേണ്ടി പുതുതായി നിര്‍മ്മാണം നടത്തിക്കൊണ്ടിരുന്ന കെട്ടിടത്തിന്റെ പണികള്‍ എല്ലാം പൂര്‍ത്തിയാവുകയും അതിന്റെ ഉദ്ഘാടനകര്‍മ്മം വടകര ഡി.വൈ.എസ്.പി ആയിരുന്ന ബാബുരാജ് സാര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. അങ്ങനെ രണ്ടാമതായി ഞാന്‍ ചാര്‍ജെടുത്ത പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങിലും പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അധികം താമസിയാതെ അതായത് 1978 മാര്‍ച്ച് മാസത്തില്‍ എന്നെ ആറുമാസക്കാലത്തേക്ക് വി.വി.ഐ.പി സെക്യൂരിറ്റി ഡ്യൂട്ടിക്കായി ഡല്‍ഹി പാര്‍ലമെന്റ് ഹൗസിനോട് ചേര്‍ന്നുള്ള പോലീസ് സെക്യൂരിറ്റി വിങ്ങിലേക്ക് ഡെപ്യൂട്ടേഷനില്‍ അയച്ചു. അഭിമാനത്തോടെ ചേര്‍ത്തണിഞ്ഞ കേരളാ പോലീസ് യൂണിഫോമിന് കൂടുതല്‍ തിളക്കമേകുന്ന അനുഭവങ്ങളായിരുന്നു അവിടെ എന്നെയും കാത്തുനിന്നത്.
(തുടരും)
Content Highlights: george arakkal service story open file kozhikode punoor rape case 1976
Published: 11 Nov 2024, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented