കോവളം: കോവളത്തെ സ്പാകളിൽ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം വയനാട്ടിലേക്കും. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം വയനാട്ടിലെത്തി. കേസിലെ മൂന്നാംപ്രതിയും മുഖ്യസൂത്രധാരനുമായ ആലപ്പുഴ നൂറനാട് സ്വദേശി സജിത്ത് കുമാർ(47) വയനാട്ടിലെ വൈത്തിയിരിയിലെ വൻകിട ഹോട്ടലിൽ വാടകയ്ക്കു മുറിയെടുത്ത് സ്പാ നടത്തിയിരുന്നുവെന്ന് കണ്ടെത്തി. മൂന്നുദിവസത്തിനുശേഷം സംഘം അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോർട്ട് നൽകും.

To advertise here,

ബെംഗളൂരുവിലെ ലോഡ്ജിലുണ്ടായിരുന്ന കുട്ടിയെ സജിത്തിന്റെ കോവളത്തെ ആയുർകേരള എന്ന സ്പായിലെത്തിച്ചശേഷം, അടുത്ത ദിവസം സജിത്തും ജീവനക്കാരനായ കിരണും ചേർന്ന് കാറിൽ കുട്ടിയെ വയനാട്ടിലെത്തിച്ചു. അവിടെ നാലുദിവസം കുട്ടിയെ പാർപ്പിച്ചു.

കുട്ടിയെ എത്തിക്കാൻ സഹായിച്ചത് ഇടനിലക്കാരി കൃഷ്ണവേണി

വയനാട്, തമിഴ്‌നാട് എന്നിവിടങ്ങളിൽ സ്പാ നടത്തുന്ന സംഘങ്ങളുമായി സജിത്തിന് ബന്ധമുണ്ട്. ഇതിന്റെ ഭാഗമായാണ് ഇയാളുടെ സ്പായിൽ ഏറെക്കാലം ജോലിചെയിരുന്ന തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയുടെ സഹായം തേടിയത്. കഴിഞ്ഞ ജൂൺ പകുതിയോടെയാണ് കുട്ടിയെ സജിത്തിന്റെ ആയുർകേരള എന്ന സ്പായിലെത്തിച്ചത്. ഇതിനു കുട്ടിയുടെ മാതൃസഹോദരിക്കും ഇവരുടെ രണ്ടാംഭർത്താവ്‌ ജെല്ലാ ഗോപിക്കും ഒരുലക്ഷം രൂപ നൽകിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനും അസി. കമ്മിഷണറുമായ എസ്.ചന്ദ്രകുമാർ പറഞ്ഞു.

കേസിലെ രണ്ടാംപ്രതി ജെല്ലാ ഗോപിയെ തമിഴ്‌നാട് വണ്ടല്ലൂർ എസ്.എച്ച്.ഒ. ടി.പി.ഗൗതമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പിനായി ചെന്നൈയിലേക്കു കൊണ്ടുപോയി. കസ്റ്റഡിയിലുള്ള നിഷാന്ത്, സജിത്ത് എന്നിവരുടെ ചോദ്യംചെയ്യൽ തുടരുന്നു. നടപടികൾ പൂർത്തിയാക്കിയശേഷം ശനിയാഴ്ച നടത്തേണ്ടിയിരുന്ന തെളിവെടുപ്പ് തിങ്കളാഴ്ച നടത്തുമെന്നും അസി. കമ്മിഷണർ പറഞ്ഞു.