ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ കയറിയ ജോര്‍ജ് അറക്കല്‍ തന്റെ സേവന കാലയളവില്‍ പ്രമാദമായ നിരവധി കൊലപാതകങ്ങള്‍ തെളിയിച്ചുകൊണ്ട് മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡുകള്‍ നിരവധി തവണ നേടിയിട്ടുണ്ട്. പോലീസ് സൂപ്രണ്ടായി വിരമിക്കുമ്പോള്‍ ജോര്‍ജ് അറയ്ക്കലിന്റെ സേവനമികവുകള്‍ പതക്കങ്ങളായും പുരസ്‌കാരങ്ങളായും നിറഞ്ഞുനില്‍പുണ്ടായിരുന്നു. തന്റെ സര്‍വീസ് കാലയളവില്‍ കണ്ടുമുട്ടിയ പ്രമാദമായ കൊലപാതകങ്ങളെക്കുറിച്ച് എഴുതുകയാണ് ഓപ്പൺ ഫയൽ എന്ന പുതിയ കോളത്തിൽ  അദ്ദേഹം. 

To advertise here,

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ താലൂക്കിലെ ചേന്ദമംഗലം പഞ്ചായത്തില്‍ പെട്ട ഗോതുരുത്ത് എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു സ്ഥലമാണ് ഗോതുരുത്ത്. ഇപ്പോള്‍ ഗോതുരുത്തിന്റെ കിഴക്കേ അറ്റത്ത് വടക്കുപുറം എന്ന് സ്ഥലത്തേയ്ക്ക് ഒരു പാലവും പടിഞ്ഞാറു ഭാഗത്ത് മൂത്തകുന്നം എന്ന സ്ഥലത്തേക്ക് മറ്റൊരു പാലവും ഉണ്ട്. ഗോതുരുത്തിന്റെ മദ്ധ്യഭാഗത്തായി സെന്റ് സെബാസ്റ്റ്യന്‍സ് കത്തോലിക്കപള്ളിയും അതിനോട് ചേര്‍ന്ന തന്നെ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളും നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്നു. സമീപ പ്രദേശങ്ങളായ ചാത്തേടം, കോട്ടപ്പുറം, കൂട്ടുകാട്, കൊച്ചുതുരുത്ത് എന്നിവിടങ്ങളിലുള്ള കുട്ടികള്‍ എല്ലാം വിദ്യാഭ്യാസത്തിന് ഗോതുരുത്ത് ഹൈസ്‌കൂളിലാണ് വന്നിരുന്നത്. ഞാനും ഗോതുരുത്ത് സ്‌ക്കൂളിലാണ് പഠിച്ചത്. സ്‌ക്കൂള്‍ പഠനകാലത്ത് എനിക്ക് പോലീസിനെ പേടിയായിരുന്നു. ഒരിക്കല്‍ യൂണിഫോമിട്ട ഒരു പോലീസുകാരന്‍ ഗോതുരുത്തുകാരനായ ഒരു ചേട്ടനെ പിടികൂടുന്നതും അയാളെ വളരെ ക്രൂരമായി മര്‍ദിക്കുന്നതും കാണാന്‍ ഇടയായതോടെ ആ പേടി ഇരട്ടിച്ചു.

 1964-ല്‍ എസ്എസ്എല്‍സി കഴിഞ്ഞശേഷം പ്രീഡിഗ്രി കോഴ്‌സിന് ചേര്‍ന്നത് മൂത്തകുന്നം എസ്.എന്‍.എം ജൂനിയര്‍ കോളേജില്‍ ആയിരുന്നു. പ്രീഡിഗ്രി പൂര്‍ത്തിയാക്കിയശേഷം ബിഎസ്‌സി പഠിക്കാനായി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ എറണാകുളത്ത് പോയി ചേരുകയും അവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠനം തുടങ്ങുകയും ചെയ്തു. ഹോസ്റ്റലില്‍ താമസം തുടങ്ങിയത് മുതലാണ് എല്ലാ കാര്യങ്ങളിലും കൃതൃനിഷ്ടയും ചിട്ടയും ഒക്കെ ഉണ്ടായത്. കോളേജ് വിട്ടുവന്നാല്‍ വൈകിട്ട് വോളിബോള്‍ അല്ലെങ്കില്‍ ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നത് പതിവായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസ് മീറ്റിങ്ങിനൊക്കെ പ്രസംഗിക്കുന്നതിനുള്ള അവസരം ലഭിച്ചിരുന്നതിനാല്‍ കോളേജില്‍ വന്നപ്പോഴും പ്രസംഗ മത്സരത്തിനൊക്കെ പങ്കെടുക്കുമായിരുന്നു. ഈ മനോധൈര്യത്തില്‍ ഹോസ്റ്റല്‍ സെക്രട്ടറിയായി ഞാന്‍ മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ വര്‍ഷം ഹോസ്റ്റല്‍ ദിനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത് അന്നത്തെ സുപ്രീംകോടതി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ സാറിനെയായിരുന്നു. 

 എന്റെ അമ്മച്ചിയുടെ ബന്ധുവായിരുന്ന ജോസഫ് എന്ന അങ്കിള്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആയി എറണാകുളത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ അമ്മച്ചിയ്‌ക്കൊപ്പം പോയപ്പോള്‍ അദ്ദേഹത്തിന്റെ പ്രൗഡിയും എടുപ്പും നടപ്പും എന്നെ വളരെയധികം ആകര്‍ഷിച്ചിരുന്നു. ബി എസ് സി പാസായ ഉടനെ അതായത് 1970 കാലഘട്ടത്തില്‍ തന്നെ കേരള പോലീസിലേക്ക് ഡയറക്ട് റിക്രൂട്ട്‌മെന്റായി സബ്ബ് ഇന്‍സ്പെക്ടര്‍മാരെ എടുക്കുന്നുണ്ടെന്നുള്ള പരസ്യം പത്രദ്വാരാ അറിയുകയും ഞാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ഹൈജമ്പ്, ലോങ്ങ് ജമ്പ്, ഷോട്ട് പൂട്ട്, 100 മീറ്റര്‍ ഓട്ടം, ബാറില്‍ തൂങ്ങിയുള്ള  എക്‌സര്‍സൈസ്, റോപ്പില്‍ കൈപിടിച്ച് കയറല്‍ എന്നിവ പരിശീലിക്കുകയും ഫിസിക്കല്‍ ടെസ്റ്റും എഴുത്തുപരീക്ഷയും പാസാവുകയും ചെയ്തു.  പക്ഷേ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാല്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതെന്നെ നിരാശപ്പെടുത്തിയെങ്കിലും പോലീസില്‍ കയറിയിട്ടുതന്നെയേ ഇനിയെന്ത് കാര്യവുമുള്ളൂ എന്ന തീരുമാനത്തില്‍ ഞാന്‍ അതിനുള്ള പരിശീലനം തുടരുക തന്നെ ചെയ്തു.

 അതിനിടയില്‍ അപ്പച്ചന്റെ കൂടെ പറമ്പില്‍ തേങ്ങയിടീക്കാനും കയര്‍ പിരിക്കുന്ന ജോലിക്കാരുടെ മേല്‍നോട്ടം വഹിക്കാനും ഒക്കെയായി സമയം കണ്ടെത്തി. അപ്പച്ചനും അമ്മച്ചിയും അമ്മൂമ്മയും സഹോദരീസഹോദരന്‍മാരും ഉള്‍പ്പെട്ട ഒമ്പത് പേരടങ്ങുന്ന വീട്ടിലെ ജീവിതം സന്തോഷപ്രദമായിരുന്നു. നിരന്തരമായ ശ്രമവും തുടര്‍ച്ചയായ പരിശീലനവും മുന്നില്‍ പോലീസ് ജോലിയല്ലാതെ മറ്റൊരു ആകര്‍ഷണവും ഇല്ല എന്നതും കാരണം 1973-ലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ സെലക്ഷന്‍ അറ്റന്‍ഡുചെയ്തു. ആ പരീക്ഷണം എളുപ്പം തരണം ചെയ്യാന്‍ കഴിഞ്ഞു. 1974 ജനുവരി മാസം ഒന്നാം തീയതിയാണ് തിരുവനന്തപുരം പോലീസ് ട്രെയിനിങ്ങ് കോളേജില്‍ ചേര്‍ന്നത്. സഹപാഠികളുടെയോ ട്രെയിനര്‍മാരുടെയോ അസംതൃപ്തിയോ അപ്രീതിയോ സമ്പാദിക്കാതെ ട്രെയിനിങ്ങ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പ്രാക്ടിക്കല്‍ ട്രെയിനിങ്ങിനായി തൃശ്ശൂര്‍ ജില്ലയിലേക്കും പാലക്കാട് ജില്ലയിലേക്കുമാണ് എന്നെ അയച്ചത്.  

ആദ്യത്തെ പോസ്റ്റിങ്ങിനായി കോഴിക്കോട് ജില്ലയായിരുന്നു എനിക്ക് അനുവദിക്കപ്പെട്ടത്. എന്റെ ബാച്ചിലെ മറ്റു നാലുപേര്‍ക്കൊപ്പം കോഴിക്കോട് പോലീസ് സൂപ്രണ്ട് ഓഫീസില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം. ആദ്യത്തെ നിയമന ഉത്തരവ് സൂപ്രണ്ട് എനിക്കുനേരെ നീട്ടി. ഹോര്‍മിസ് തരകന്‍ ഐ.പി.എസ് ആയിരുന്നു അക്കാലത്തെ കോഴിക്കോട് പോലീസ് സൂപ്രണ്ട്. ഡി.ജി.പിയായിട്ടാണ് പിന്നീട് അദ്ദേഹം വിരമിച്ചത്. വയനാട് പുല്‍പ്പള്ളി സബ്ബ് ഇന്‍സ്പെക്ടറായിട്ടായിരുന്നു  നിയമനം. അക്കലത്ത് വയനാട് ജില്ല രൂപീകരിച്ചിട്ടില്ല. കോഴിക്കോടും വയനാടും ഒരൊറ്റ ജില്ലയാണ്. മുന്നില്‍ അറ്റന്‍ഷനായി നില്‍ക്കുന്ന യുവപോലീസുകാരെ ഓരോരുത്തരെയും സൂക്ഷ്മമായി നോക്കിക്കൊണ്ട് നിയമന ഉത്തരവ് എനിക്ക് നേരെ നീട്ടി ഹോര്‍മിസ് തരകന്‍ സാര്‍ പറഞ്ഞു: 'യു ആര്‍ ഫിറ്റ് ഫോര്‍ പുല്‍പ്പള്ളി.' ഉത്തരവ് വാങ്ങി ജില്ലാ പോലീസ് ഓഫീസില്‍ നിന്നും ഇറങ്ങുന്നതിനുമുമ്പ് എന്റെ സുഹൃത്തുക്കള്‍ ചുറ്റും കൂടി. 'ജോര്‍ജേ പോകുന്നത് പുല്‍പ്പള്ളിയിലേക്കാണ്. നീ സൂക്ഷിക്കണം.'  ഞാന്‍ പെട്ടെന്ന് പരിഭ്രമിച്ചെങ്കിലും ധൈര്യം ഭാവിച്ചുകൊണ്ട് അവരോട് പറഞ്ഞു: 'ഇപ്പോള്‍ ട്രെയിനിങ് കഴിഞ്ഞ് ഇറങ്ങിയതല്ലേയുള്ളൂ, എന്തുപ്രശ്നം ഉണ്ടായാലും നിയമപരമായി നേരിടും.'  നിയമത്തെ അനുസരിക്കാന്‍ പഠിക്കുന്നതോടൊപ്പം തന്നെ ജീവിക്കാന്‍ നിയമം തരുന്ന പിന്‍ബലത്തിലും എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു.

എന്റെ സുഹൃത്തുക്കള്‍ പറഞ്ഞ വാക്കുകള്‍ ഉള്‍ക്കിടിലം പോലെ എന്റെ മനസ്സില്‍ തന്നെ കിടന്നു. പിറ്റേ ദിവസം, അതായത് 1975 ഏപ്രില്‍ മാസം ഒന്നാം തീയതിയാണ് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്പെക്ടറായി ചാര്‍ജെടുത്തത്. തലേ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ എത്തി ടൂറിസ്റ്റ് ബംഗ്ലാവില്‍ ക്യാമ്പ് ചെയ്ത് പിറ്റേദിവസം വയര്‍ലെസ്സ് സന്ദേശം അയച്ച് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് വരുത്തിച്ചാണ് അങ്ങോട്ട് പോയത്. 

പുല്‍പ്പള്ളിയിലേക്ക് ബസ് സര്‍വീസ് ഇല്ല എന്നാണ് അന്ന് നാട്ടുകാരും പോലീസുകാരും ഒക്കെ പറഞ്ഞത്. പക്ഷേ, അത് തെറ്റാണെന്ന് ഒരു മാസത്തിനുശേഷം ലീവില്‍ വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ എനിക്ക് മനസിലായി. പുല്‍പ്പള്ളിയിലേക്ക് പോകുവാന്‍ കല്ലറ്റയില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ അതാ പുല്‍പ്പള്ളി എന്ന ബോര്‍ഡ് വെച്ച് സിജി എന്നുപേരുള്ള ഒരു പ്രൈവറ്റ് ബസ് മുന്നില്‍ വന്നു നില്‍ക്കുന്നു. ഞാന്‍ ആ ബസ്സില്‍ കയറി ഒഴിഞ്ഞ ഒരു സീറ്റില്‍ ഇരുന്നു. കണ്ടക്ടര്‍ വന്നപ്പോള്‍ പുല്‍പ്പള്ളിക്ക് ഒരു ടിക്കറ്റ് തരാന്‍ പറഞ്ഞു. അപ്പോള്‍ കണ്ടക്ടര്‍ പറഞ്ഞു: ഈ ബസ് ചീയെംമ്പം വരെയേ  പോകുകയുള്ളൂ. സുല്‍ത്താന്‍ ബത്തേരിക്കും പുല്‍പ്പള്ളിക്കും ഇടയ്ക്കുള്ള സ്ഥലമാണ് ചീയെംമ്പം. ഞാന്‍ അയാളോട് ചീയെംമ്പത്തേക്കുള്ള ടിക്കറ്റ് തന്നോളാന്‍ പറഞ്ഞു. ചീയെംബത്ത് ചെന്നിട്ടാവാം ബാക്കി പണികള്‍ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. അങ്ങിനെ ചീയെംമ്പത്ത് എത്തിയപ്പോള്‍  കണ്ടക്ടറോടും ഡ്രൈവറോടുമായി പറഞ്ഞു: ഞാന്‍ പുല്‍പ്പള്ളി സബ്ബ് ഇന്‍സ്പെക്ടറാണ്. നിങ്ങളുടെ പെര്‍മിറ്റ് പുല്‍പ്പള്ളി വരെയുള്ളതല്ലേ, ബസ് പുല്‍പ്പള്ളിക്ക് വിടണം. ഒരു പുതുമുഖക്കാരന്റെ പരിചയമില്ലായ്മ ഇല്ലാതിരിക്കാന്‍ ഗൗരവം വേണ്ടതിലധികം ഞാന്‍ മുഖത്ത് വരുത്താന്‍ ശ്രമിച്ചിരുന്നു. ബസ് ജീവനക്കാര്‍ കൂടുതലൊന്നും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ബസ് പുല്‍പ്പള്ളിയിലേക്ക് വിടാന്‍ തയ്യാറായി. ചീയെംമ്പം മുതല്‍ പുല്‍പ്പള്ളി വരെയുള്ള റോഡ് ബോളര്‍ മാത്രം കൊണ്ട് നിര്‍മിച്ചതായിരുന്നു. അതില്‍ ചാടിച്ചാടി അരമണിക്കൂര്‍ കൊണ്ട് പുല്‍പ്പള്ളി അങ്ങാടിയില്‍ എത്തിയപ്പോള്‍ വര്‍ഷങ്ങളായി ബസ് കടന്നുചെല്ലാതിരുന്ന സ്ഥലത്തേക്ക് ഒരു ബസ് കടന്നുവന്നതിന്റെ സന്തോഷത്തില്‍ ജനങ്ങള്‍ അവിടെ തടിച്ചുകൂടി. ഞാന്‍ ബസില്‍ നിന്നും ഇറങ്ങുകയും ഡ്രൈവറേയും കണ്ടക്ടറേയും ബസില്‍നിന്നും താഴേക്ക് വിളിച്ചിറക്കുകയും ചെയ്തു. എന്നിട്ട് നാട്ടുകാരോടായി ഉച്ചത്തില്‍ പറഞ്ഞു. ''ഈ സിജി ബസ് ഇനി എല്ലാ ദിവസവും പുല്‍പ്പള്ളിയില്‍ വരെ സര്‍വ്വീസ് നടത്തും. നിങ്ങള്‍ ഇനി മേല്‍ അമിതവാടക കൊടുത്ത് ജീപ്പില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യേണ്ട. ഓരോ ട്രിപ്പിന് വരുമ്പോഴും പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കായി സൂക്ഷിക്കുന്ന ടൈമിംഗ് രജിസ്റ്ററില്‍ ഇവര്‍ ഒപ്പുവയ്ക്കുകയും ചെയ്യും''. പറഞ്ഞ് തീരുന്നതിന് മുമ്പായി ജനങ്ങള്‍ കയ്യടിച്ചു. പിന്നാലെ പടക്കം പൊട്ടാന്‍ തുടങ്ങി.

പുല്‍പ്പള്ളി ദേവസ്വം വക കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. അധികം താമസിയാതെ പുല്‍പ്പള്ളി ടൗണില്‍ തന്നെ പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം പണി പൂര്‍ത്തിയാവുകയും അന്നത്തെ  മുഖ്യമന്ത്രി കെ കരുണാകരനാണ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 

പലനാടുകളിൽ നിന്നും പ്രത്യേകിച്ചും തെക്കുനിന്നും കുടിയേറി പാര്‍ത്തവരായിരുന്നു പുല്‍പ്പള്ളിയിലെ ഭൂരിഭാഗം ജനങ്ങളും. ചെറിയ കാടുകളും മറ്റും വെട്ടിത്തെളിച്ചാണ് അവര്‍ ജീവിതം മണ്ണില്‍ വിളയിക്കാന്‍ ശ്രമിച്ചത്. അതിനാല്‍ തന്നെ കാട്ടുമൃഗങ്ങളുടെ ശല്യം എപ്പോഴും അവര്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി ലൈസന്‍സ് ഉള്ളതും ലൈസന്‍സ് ഇല്ലാത്തതുമായ തോക്കുകള്‍ പലരും കൈവശം സൂക്ഷിച്ചിരുന്നു. ലൈസന്‍സുള്ള തോക്കുകള്‍ സമയാസമയങ്ങളില്‍ പരിശോധിച്ചിരുന്നെങ്കിലും ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നില്ല. 

അതിനിടയിലാണ് പഴയ ഒരു വെടിവെപ്പു കേസ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ലൈസന്‍സില്ലാത്ത തോക്കുകളുമായി രണ്ടു കൂട്ടര്‍ കാട്ടിലെ മാനിനെ വെടിവെക്കാന്‍ പോയി. പക്ഷേ, അതില്‍ ഒരാളുടെ ഹെഡ്ലൈറ്റിന്റെ മങ്ങിയ വെളിച്ചം കണ്ട് മാനിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് രണ്ടാമത്തെ ഗ്രൂപ്പില്‍പ്പെട്ടവരില്‍ ഒരാള്‍ മങ്ങിയ ലൈറ്റ് കണ്ട ദിശയിലേയ്ക്ക് കള്ളത്തോക്ക് കൊണ്ട് വെടിവെക്കുകയും ഹെഡ്ലൈറ്റ് വെച്ചിരുന്നയാള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും അയാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നയാള്‍ ആ കേസ് അന്വേഷിക്കുകയും കുറ്റപ്രതം സമര്‍പ്പിക്കുകയും ചെയ്തതാണ്. ഇത്തരം കേസുകള്‍ ഇനിയും പുല്‍പ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഉണ്ടാവരുത് എന്ന് ഉറപ്പിക്കുന്നതിന് വേണ്ടി അടിയന്തരമായി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ എല്ലാ കള്ളത്തോക്കുകളും കണ്ടുപിടിക്കണം എന്ന തീരുമാനത്തോടുകൂടി ഞാന്‍ കീഴുദ്യോഗസ്ഥരുടെ സഹകരണത്തോടുകൂടി നടപടികള്‍ ആരംഭിച്ചു. ലൈസന്‍സുള്ള തോക്കുള്ളവരോട് രഹസ്യമായി അന്വേഷിച്ച് ഏതാനും കള്ളത്തോക്കുകാരെ കണ്ടെത്തി പിടികൂടുകയും അവരെ സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തു മെഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. ആദ്യം പിടിക്കപ്പെട്ടവരെ ഓരോരുത്തരോടും ഞാന്‍ രഹസ്യമായി സംസാരിക്കുകയും കള്ളത്തോക്ക് കൈവശം വെച്ചിരിക്കുന്ന മറ്റുള്ളവരുടെ പേരു വിവരം നല്‍കിയാല്‍ ഇയാള്‍ക്ക് ജാമ്യം കൊടുക്കാമെന്നും പറഞ്ഞു. വിവരം തന്നില്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും പറഞ്ഞു. അപ്പോള്‍ ആദ്യത്തെ യാള്‍ കള്ളതോക്കുള്ള മറ്റൊരാളുടെ വിവരം നല്‍കി. അങ്ങിനെ ആദ്യം പിടിക്കപ്പെട്ട പത്ത് പേരില്‍ നിന്നും മറ്റു പത്ത് പേരുടെ വിവരം ചോര്‍ത്തിയെടുത്ത് അവരെ പിടികൂടുകയും അവരുടെ കൈവശം ഉണ്ടായിരുന്ന കള്ളത്തോക്കുകള്‍ പിടികൂടുകയും ചെയ്തു. ഇപ്രകാരം കളളത്തോക്കുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും പിടികൂടുന്നതും തുടരുകയും അങ്ങിനെ അമ്പത്തിയഞ്ച് തോക്കുകള്‍ പിടികൂടുകയും അവരുടെയെല്ലാം പേരില്‍ Arms Act പ്രകാരം കോടതിയില്‍ കുറ്റപ്രതം സമര്‍പ്പിക്കുകയും ചെയ്തു. 

ഇതിനിടയില്‍ പുല്‍പ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ധാരാളം കളവുകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിന്റെ അടിസ്ഥാനത്തില്‍ ഏതുവിധേനയും ഈ കളവുകള്‍ നടത്തുന്ന കള്ളനെ കണ്ടുപിടിക്കണം എന്ന തീരുമാനത്തോടു കൂടി നടത്തിയ നീക്കങ്ങള്‍ വിജയത്തിലേക്ക് എത്തിക്കാനും കഴിഞ്ഞു. കള്ളന്റെ താവളം കണ്ടെത്തുകയും രാത്രി കള്ളനെ പിടികൂടുന്നതിനായി അയാളുടെ താവളമായ വീട് പോലീസുകാരും ഞാനും കൂടി വളഞ്ഞെങ്കിലും പട്ടികളുടെ കുരകള്‍ കേട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കള്ളന്‍ കുരുമുളക് ചെടികള്‍ വളര്‍ത്തുന്നതിനായി വെച്ചുപിടിപ്പിച്ചിരുന്ന മുരിക്ക് മരങ്ങളുടെ ഇടയിലൂടെ ഓടുകയും ഞങ്ങള്‍  ഓടിച്ചിട്ട് കള്ളനെ പിടികൂടുകയും ചെയ്തു. അയാളെ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളി ആണെന്ന് വ്യക്തമായത്. അയാളുടെ പേരില്‍ ആവശ്യമായ കേസുകള്‍ ചാര്‍ജ്ജ് ചെയ്യുകയും വിവരം കുറവിലങ്ങാട് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. 

പുല്‍പ്പള്ളിയിലെ ഓരോ ദിവസവും അനവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നേറുക തന്നെയായിരുന്നു. എന്റെ യൂണിഫോമിനോടും ഉത്തരവാദിത്തത്തോടും നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടെന്ന ആത്മവിശ്വാസം എനിക്ക് സന്തോഷം തരുന്നതായിരുന്നു. പുല്‍പ്പള്ളിയിലേക്കാണ് സൂക്ഷിച്ചോ എന്നു പറഞ്ഞ സഹപ്രവര്‍ത്തകര്‍ക്ക് ഒരു മോശം വാര്‍ത്തപോലും നല്‍കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 

ഗുരുതരമായി തീര്‍ന്നേക്കാമായിരുന്ന ഒരു ക്രമസമാധാനപ്രശ്‌നം അക്കാലത്ത് പുല്‍പ്പള്ളി ജക്കോബിറ്റ് പള്ളിയില്‍ സംഭവിച്ചു. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു അത്. മരണപ്പെട്ടയാള്‍ മറ്റൊരു വിഭാഗക്കാരനായതിനാല്‍ ശവശരീരം മറവു ചെയ്യുന്നതിന് എതിര്‍ വിഭാഗക്കാര്‍ സമ്മതിക്കാത്തതായിരുന്നു പ്രശ്‌നം. ശവശരീരം വെച്ച് കളിക്കാന്‍ ആരേയും സമ്മതിക്കില്ലായെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയും എല്ലാവരോടും പിരിഞ്ഞുപോകുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഏതിര്‍വിഭാഗക്കാര്‍ ഒഴിഞ്ഞുപോയതോടു കൂടി ശവശരീരം മറവു ചെയ്യുകയും പ്രശ്‌നം തല്‍ക്കാലം അവസാനിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും ഇരുവിഭാഗക്കാരും തമ്മില്‍ ഞായറാഴ്ച ദിവസം തര്‍ക്കത്തിലേര്‍പ്പെടുകയും അത് സംഘര്‍ഷത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നുള്ള അറിവു കിട്ടിയതനുസരിച്ച് ഞാന്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടുകയും Criminal Procedure code 145 പ്രകാരം പള്ളി പൂട്ടുകയും മഹസ്സര്‍ തയ്യാറാക്കി കോഴിക്കോട് ആര്‍ഡിഓയിലേക്ക് അയക്കുകയും ചെയ്തു. റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം പുല്‍പ്പള്ളി വില്ലേജ് ഓഫീസറോട് പള്ളിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനായി ആര്‍ഡിഓ ഉത്തരവ് പുറപ്പെടുവിച്ചു. എന്റെ ഈ നടപടി പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചെങ്കിലും അന്തിമമായി എന്റെ നടപടി മേലുദ്യോഗസ്ഥര്‍ എല്ലാവരും ശരിവെക്കുകയായിരുന്നു.

ഒരു വര്‍ഷമായിരുന്നു പുല്‍പ്പള്ളിയിലെ എന്റെ സേവനകാലയളവ്. മുന്നൂറ്റിയറുപത്തിയഞ്ച് ദിവസത്തിന്റെ ഇരട്ടിയിലധികം പ്രശ്‌നങ്ങള്‍ വലുതും ചെറുതുമായി പുല്‍പ്പള്ളിയില്‍ വെച്ച് കൈകാര്യം ചെയ്യാന്‍ സാധിച്ചത് എന്നിലെ പോലീസ് ഉദ്യോഗസ്ഥനെ തൃപ്തിപ്പെടുത്തിയിരുന്നു. പുല്‍പ്പുളളിയില്‍ നിന്നും നേരെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്കായിരുന്നു എന്റെ ആദ്യത്തെ ട്രാന്‍സ്ഫര്‍. ഓര്‍മ ശരിയാണെങ്കില്‍ 1976 ഏപ്രില്‍ മാസം 20-ാ0 തീയതിയാണ് ഞാന്‍ ബാലുശ്ശേരി പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജ് എടുത്തത്. 

placeholder
ചിത്രന്‍ നമ്പൂതിരി

ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ അവിടത്തെ ബസ്സ്റ്റാന്റിന്റെ പിന്നിലായി ഒരു വാടക കെടിട്ടത്തിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ചാര്‍ജ്ജെജടുത്ത ഉടനെ തന്നെ അവിടെയുള്ള കള്ളന്മാരെ പിടികൂടുവാനായിരുന്നു മുഖ്യ ശ്രദ്ധ കൊടുത്തത്. അത്ര വലിയതോ പ്രമാദമായതോ ആയ കളവുകള്‍ ഒന്നും നടന്നിരുന്നില്ലായെങ്കിലും ടൗണില്‍ പലഭാഗങ്ങളിലും കളവുകള്‍ സ്ഥിരമായി നടന്നിരുന്നു. ബാലുശ്ശേരി സ്റ്റേഷനിലെ തന്നെ കുപ്രസിദ്ധ കുറ്റവാളിയായ ചിത്രന്‍ നമ്പൂതിരി എന്ന മോഷ്ടാവ് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ചിത്രനെ ഏതുവിധേനയും കണ്ടുപിടിക്കണം എന്ന് സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഒളിവില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടുകയാണെങ്കില്‍ പിടിക്കുന്നയാള്‍ക്ക് പാരിതോഷികം ലഭിക്കുന്ന കാര്യവും എല്ലാ കീഴുദ്യോഗസ്ഥരോടും പറഞ്ഞു. ചിത്രന്‍ നമ്പൂതിരിയുടെ വീടിന്റെ പരിസരത്തുള്ള വിശ്വസ്തരായ പലരോടും ചിത്രന്‍ വീട്ടില്‍ വരികയാണെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അറിയിക്കണമെന്ന് ചട്ടം കെട്ടിയിരുന്നു. അങ്ങനെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞുപോയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതിനിടയില്‍ ഞാനും മൂന്ന് പോലീസുകാരും കൂടി യൂണിഫോമില്ലാതെ, രാത്രികാലങ്ങള്‍ ചിത്രന്റെ വീടിന്റെ പരിസരത്ത് പല ദിവസവും ഒളിച്ചിരുന്നെങ്കിലും ചിത്രന്‍ എത്തിയില്ല. അങ്ങനെ ഒരു ദിവസം രാത്രി ചിത്രന്റെ വീട്ടിലേക്ക് കയറിച്ചെന്ന് ചിത്രനെ വിളിച്ചപ്പോള്‍ ചിത്രനതാ  വീട്ടില്‍ നിന്ന് ഇറങ്ങി വരുന്നു! പക്ഷേ, ഞങ്ങളെ കണ്ട മാത്രയില്‍ ചിത്രന്‍ ഇറങ്ങി ഓടി. ഞങ്ങള്‍ പിറകേ ഓടി ചിത്രനെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി. ചിത്രന്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്തതിന് കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ട് അമ്പതു രൂപയാണ് അന്ന് പാരിതോഷികമായി നല്‍കിയത്. 

ബാലുശ്ശേരിയിലെ കളവു കേസുകള്‍ ഒതുക്കിക്കഴിഞ്ഞപ്പോഴാണ് എന്റെ മുന്‍ഗാമിയുടെ കാലത്ത് സംഭവിച്ച ഒരു ബലാത്സംഗക്കേസ് ശ്രദ്ധയില്‍ പെട്ടത്. ആദ്യമായിട്ടായിരുന്നു ഒരു ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ തുടങ്ങുന്നത്. അതിന് മുന്നൊരുക്കമായി ബലാത്സംഗം ചെയ്യപ്പെട്ട കുട്ടിയുടെ Accident Register Cum Wound Certificate -ന്റെ കോപ്പിയുമായി ബാലുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോയി പരിചയമുള്ള ഡോക്ടര്‍മാരോടും ലേഡി ഡോക്ടറോടും ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ യോനിയില്‍ സംഭവിച്ചിരിക്കുന്ന മുറിവുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി ഈ സംഭവത്തിന്റെ സാധ്യതകള്‍ എന്തൊക്കെയാണെന്ന് ചോദിച്ച് മനസിലാക്കി. എന്റെ യൂണിഫോമിന്റെ മധുവിധുകാലം അവസാനിച്ചത് ആ ബലാത്സംഗക്കേസിലായിരുന്നു. അതുവരെ മോഷണവും അതിര്‍ത്തിത്തര്‍ക്കവും പള്ളിത്തര്‍ക്കവും വഴിത്തര്‍ക്കവും പരിഹരിച്ച് സമാധാനം പുലര്‍ത്തിയിരുന്ന ഞാന്‍ ഈ ബലാത്സംഗക്കേസ് പുനരന്വേഷിക്കുക വഴി അന്വേഷണത്തിന്റെ ഏറ്റവും ദുര്‍ഘടമായ വഴികളിലൂടെ നടക്കാന്‍ പരിശീലിക്കുകയായിരുന്നു. എന്റെ യൂണിഫോമില്‍ നക്ഷത്രങ്ങളോടൊപ്പം അഭിമാനവും ചേര്‍ത്തുനിര്‍ത്തിയ ആ വഴികള്‍ക്കുമുന്നില്‍ നിന്നുകൊണ്ട് കാലം മായ്ച്ചുകളയാന്‍ ശ്രമിച്ച തെളിവുകള്‍ വെല്ലുവിളിക്കുന്നുണ്ടായിരുന്നു.

(തുടരും)