
കോവളം: പതിനാറുകാരിയെ കോവളത്തെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശിനി അറസ്റ്റിലായി. ബെംഗളൂരുവിലെ ചുഞ്ചനക്കുപ്പൈയിൽ ലിംഗദേവരു എന്നയാളുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണവേണിയെ(38) ആണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. കുട്ടിയെ ബെംഗളൂരുവിൽനിന്ന് കോവളത്തെത്തിക്കാൻ ഇടനിലക്കാരിയായത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തമിഴ്നാട് നാഗപട്ടണത്ത് രാമൻകോട്ടഗം മേലവാഴക്കരൈ കോളനി തെരുവിൽ നിന്നാണ് കൃഷ്ണവേണി ബെംഗളൂരുവിൽ എത്തിയത്. അവിടെ വിവിധ സ്പാകളിൽ ജോലിചെയ്തിരുന്നു.
തമിഴ്നാട്ടിലെ ഗഡുവാഞ്ചേരിയിലുള്ള സ്പായിൽ കുട്ടിയെ അമ്മയുടെ സഹോദരിയും ഭർത്താവും എത്തിച്ചപ്പോഴാണ് അവിടത്തെ ജീവനക്കാരിയായ കൃഷ്ണവേണിയെ ഇവർ പരിചയപ്പെട്ടത്. കോവളത്ത് സജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആയുർകേരള എന്ന സ്പായിലും കൃഷ്ണവേണി ജോലിചെയ്തിരുന്നു. ഈ പരിചയം വെച്ചാണ് കൃഷ്ണവേണി കുട്ടിയെ അവിടെ എത്തിച്ചത്. കുട്ടിയെ എത്തിച്ചശേഷം അമ്മയുടെ സഹോദരി സജിത്തിൽ നിന്ന് ഒരുലക്ഷത്തോളം പണം വാങ്ങിയെന്നും കണ്ടെത്തി.
എസ്.ഐ. വി.എൽ.ഷിജു, സി.പി.ഒ.മാരായ താര, കെ.കെ.ഷിജു, ഡോൺ എസ്.കുമാർ എന്നിവർ ബെംഗളൂരുവിലുള്ള വാടക വീട്ടിൽനിന്ന് കൃഷ്ണവേണിയെ കസ്റ്റഡിയിലെടുത്ത് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിച്ചു. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി അസിസ്റ്റന്റ് കമ്മിഷണർ എസ്. ചന്ദ്രകുമാർ അറിയിച്ചു. ഇവരെ റിമാൻഡ് ചെയ്തു.
രണ്ടാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
കോവളം: ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ കോവളത്തെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെ തെളിവെടുപ്പിനെത്തിച്ചു. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ.
സ്പാ നടത്തിപ്പുകാരായ നിഷാന്തിന്റെ കോവളത്തുള്ള ഡ്രീംസ്, സജിത്ത്കുമാറിന്റെ വിഴിഞ്ഞം ചപ്പാത്തിലുള്ള കേരള ആയുർവേദാ സെന്ററിലുമാണ് തെളിവെടുപ്പിനെത്തിച്ചത്.
സ്പാകളിലെ മുറികളിലെത്തിച്ചും കുട്ടി പീഡിപ്പിക്കപ്പെട്ട വിവരങ്ങളടക്കം അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എന്നാൽ പ്രതി മുഴുവൻ കാര്യങ്ങളും പറയാൻ തയ്യാറായില്ല. ഇതേ തുടർന്ന് ദ്വിഭാഷിയുടെ സഹായത്തോടെ ഇയാളെ വീണ്ടും ചോദ്യം ചെയ്തു. നെയ്യാറ്റിൻകര ജയിലിൽനിന്ന് ഇയാളെ അഞ്ചുദിവസത്തേക്കാണ് എസ്.ഐ.ടി. കസ്റ്റഡിയിൽ എടുത്തത്. മറ്റു പ്രതികളെ അടുത്ത ദിവസങ്ങളിൽ സ്പാകളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
എസ്.ഐ.ടി. സംഘത്തിലെ സി.ഐ. വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
Content Highlights: Tamil Nadu native Krishnaveni arrested by SIT in Bengaluru for her role in trafficking a 16-year-old girl to Kovalam spas., Total arrests in the high-profile abuse case have now reached seven., The second accused was brought to various spas in Kovalam and Vizhinjam for evidence collection by police., Human trafficking charges have been filed against the accused.
Published: 30 Oct 2026, 06:45 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented