മൂന്നു മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ റിലീസായ കിഴക്കു വാസല്‍ സിനിമ കോഴിക്കോട് പുഷ്പാ തീയേറ്ററില്‍ ദീപാവലി പ്രമാണിച്ച് റിലീസ് ആയിരിക്കുകയാണ്. അന്നത്തെ കാലത്ത് രജനീകാന്തിന്റെയും കമലഹാസന്റെയും സിനിമകള്‍ ഒഴികെയുള്ള സിനിമകള്‍ തമിഴ്നാട്ടില്‍ റിലീസായതിനുശേഷം കുറച്ചുകഴിഞ്ഞാണ് കേരളത്തില്‍ റിലീസിന് എത്തുക. കാർത്തിക്കും രേവതിയും ഖുഷ്ബുവുമാണല്ലോ ചിത്രത്തിൽ.

To advertise here,

പരോക്ഷമായാണെങ്കിലും ഖുശ്ബു കാരണമാണല്ലോ എന്റെ പട്ടുക്കോട്ടൈ കലൈമഹല്‍ ഫൈനാന്‍സ് ജോലി നഷ്ടമായത്. അതേ ഖുശ്ബുവിന്റെ പോസ്റ്ററിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ഞാന്‍ പ്രൈസ് ബോര്‍ഡ് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പ്രൈസ് ബോര്‍ഡുമെടുത്ത് ഞാന്‍ പുഷ്പ തീയേറ്ററിലേക്ക് നടന്നു. 1990 കാലഘട്ടത്തില്‍ എന്നെപ്പോലെതന്നെ കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപാട് പേര്‍ ഖുശ്ബുവിനെ ആരാധിച്ചിരുന്നു. അതുകൊണ്ടുതന്നെ പതിനൊന്നര മണിയുടെ നൂണ്‍ഷോയ്ക്ക് പുഷ്പയില്‍ നല്ല തിരക്കുണ്ടായിരുന്നു.

പുഷ്പയുടെ പടിഞ്ഞാറുഭാഗത്ത് രണ്ട് രൂപയുടെയും നാലു രൂപയുടെയും ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരുന്നു. കൗണ്ടറിനടുത്തായി എന്റെ പ്രൈസ് ബോര്‍ഡ് തറയില്‍ വിരിച്ച് 'വെറും അമ്പതു പൈസയ്ക്ക് ഇരുനൂറു രൂപ ഫസ്റ്റ് പ്രൈസ്. വാങ്കോ...വന്നു പ്രൈസ് ബോര്‍ഡ് പാരുങ്കോ...' എന്ന് ഞാന്‍ വിളിച്ചു പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന കുറച്ചു പിള്ളേര്‍ ഓടിയെത്തി. അമ്പതു പൈസ തന്ന് പ്രൈസ്‌ ബോര്‍ഡിലെ സ്റ്റിക്കര്‍ കീറാന്‍ തുടങ്ങി.

ആ പ്രൈസ് ബോര്‍ഡ് കേരളാ ലോട്ടറി പോലെയാണ്. കേരളാ ലോട്ടറിയില്‍ ഒന്നാം സമ്മാനം മുതല്‍ അവസാനത്തെ സമ്മാനം വരെ ടിക്കറ്റ് വാങ്ങുന്നവര്‍ക്കുള്ളതാണ്. പക്ഷേ, ഇളങ്കോ ലോട്ടറിയില്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഇളങ്കോയ്ക്കുള്ളതാണ്. പെട്ടെന്ന് എന്റെ മുമ്പില്‍ കുറെ ആളുകള്‍ വന്നിരുന്നു. പ്രൈസ് ബോര്‍ഡ് കച്ചവടം ഉഷാറാക്കി. രാവിലെ പതിനൊന്ന് ഇരുപത്തിയഞ്ച് ആയപ്പോഴേക്കും പുഷ്പയില്‍ സിനിമ തുടങ്ങാനുള്ള ബെല്ലടിച്ചു. എന്റെ അടുത്തുണ്ടായിരുന്നവരൊക്കെ സിനിമ കാണാനായി തീയേറ്ററിലേക്ക് ഓടി.

എന്റെ കീശയിലുണ്ടായിരുന്ന പണമെടുത്ത് ഞാന്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 75 രൂപയുണ്ടായിരുന്നു. ഇരുപത്തിയഞ്ചു രൂപ പ്രൈസ്‌ ബോര്‍ഡിനുള്ള മുതല്‍ പോയാലും അമ്പതു രൂപയുടെ ലാഭം! അന്ന് ദീപാവലിയാണല്ലോ. അതുകൊണ്ട് അതോടെ അന്നത്തെ കച്ചവടം മതിയാക്കി ദീപാവലി ആഘോഷിക്കാന്‍ തീരുമാനിച്ചു.

എന്റെ കൈയ്യില്‍ അമ്പതു രൂപയുണ്ട്. പെട്ടെന്ന് ഞാന്‍ രാജാവായതുപോലെ തോന്നി. രണ്ടു രൂപയുടെയും നാലു രൂപയുടെയും ടിക്കറ്റ് കൗണ്ടറിനെ പുച്ഛത്തോടെ നോക്കിയതിനുശേഷം ഞാന്‍ നേരെ ചെന്ന് ഏഴ് രൂപയുടെ ബാല്‍ക്കണി ടിക്കറ്റെടുത്ത് ഖുശ്ബുവിനെ കാണാനായി തീയേറ്ററില്‍ കയറി ആര്‍ഭാടമായി ഇരുന്ന് 'കിഴക്കു വാസല്‍' കാണാന്‍ തുടങ്ങി.

ഉച്ചയ്ക്ക് രണ്ടുമണിക്ക് സിനിമ വിട്ടതിനുശേഷം നേരെ ലോഡ്ജിലേക്ക് ഓടിച്ചെന്നു. കൈയ്യിലുണ്ടായിരുന്ന പ്രൈസ് ബോര്‍ഡ് ബെഞ്ചിനു താഴെയുണ്ടായിരുന്ന ബാഗില്‍ വെച്ചു. തലേദിവസം പണിയെടുത്ത ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍ ചെന്ന് ചോറു കഴിച്ചു. ആ ഹോട്ടലില്‍ മൂന്നു രൂപയായിരുന്നു അന്ന് ചോറിന്റെ വില.

അവിടെ നിന്ന് ഞാന്‍ കോറണേഷന്‍ തീയേറ്ററിലേക്ക് ഒറ്റ ഓട്ടം വെച്ചുകൊടുത്തു. കോറണേഷന്‍ തീയേറ്ററില്‍ വി.എം.സി. ഹനീഫ സംവിധാനം ചെയ്ത പകലില്‍ പൗര്‍ണ്ണമി എന്ന സിനിമയാണ് കളിച്ചിരുന്നത്. കൊച്ചിന്‍ ഹനീഫ തമിഴ് സിനിമാലോകത്ത് വി.എം.സി. ഹനീഫ എന്നാണ് അറിയപ്പെട്ടിരുന്നത്. സിനിമ കഴിഞ്ഞ് കോറണേഷന്‍ തീയേറ്ററിനു മുന്നിലുള്ള നിമിഷ ഹോട്ടലില്‍ നിന്ന് ചായ കഴിച്ചു. (ആ ഹോട്ടല്‍ ഇന്നും അതേ സ്ഥലത്തുതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.)

നിമിഷ ഹോട്ടലില്‍ നിന്ന് ഡേവിസണ്‍ തീയേറ്ററിലേക്ക് ചെന്നു. അവിടെ മോഹന്‍ലാലിന്റെ ഇന്ദ്രജാലം എന്ന സിനിമയാണ് കളിച്ചിരുന്നത്. മുമ്പ് ചങ്ങരംകുളം അങ്ങാടിയിലും അയനിച്ചോട്ടിലും വെച്ച് രണ്ട് മലയാളഗാനങ്ങള്‍ കേള്‍ക്കുകയും ആ ഗാനങ്ങള്‍ എനിക്ക് ഇഷ്ടമാവുകയും ചെയ്തിരുന്നു.

'' സുന്ദരീ...സുന്ദരീ... ഒന്നൊരുങ്ങിവാ... എന്ന പാട്ടും, കുഞ്ഞിക്കിളിയേ.... കൂടെവിടെ...''എന്ന പാട്ടുമാണ് കേട്ടിരുന്നത്. ഇന്ദ്രജാലം സിനിമയില്‍ കുഞ്ഞിക്കിളിയേ പാട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

ആദ്യമായിട്ടാണ് ഞാന്‍ ഒരു മോഹന്‍ലാല്‍ സിനിമ കാണുന്നത്. അക്കാലത്തെ സിനിമകളിൽ  രജനീകാന്തിനെ പോലെ തന്നെ തലമുടിയൊക്കെ ഒതുക്കി സ്‌റ്റൈലായി നടന്നാണ് ലാലേട്ടന്‍ ഇന്ദ്രജാലത്തില്‍ അഭിനയിച്ചിരുന്നത്.

 സിനിമ കഴിഞ്ഞ് വീണ്ടും നിമിഷ ഹോട്ടലില്‍ ചെന്ന് മൂന്നുരൂപാ അമ്പതു പൈസ കൊടുത്ത് ടോക്കണ്‍ വാങ്ങി ചോറു കഴിച്ചു. അവിടെ നിന്ന് ബ്ലൂഡയമണ്ട് തീയേറ്ററിലേക്ക് ഓടി. കമലഹാസന്‍ നാലുവേഷത്തില്‍ അഭിനയിച്ച മൈക്കല്‍ മദന കാമരാജന്‍ എന്ന സിനിമയായിരുന്നു ദീപാവലി പ്രമാണിച്ച് അവിടെ കളിച്ചിരുന്നത്.

കമലഹാസന്റെ പുതിയ സിനിമയ്ക്ക് ടിക്കറ്റ് കിട്ടുമോ എന്തോ എന്ന് ആലോചിച്ച് തീയേറ്റര്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ ഒറ്റ മനുഷ്യനെയും കണ്ടില്ല! ബ്ലൂഡയമണ്ടിലെ ബാല്‍ക്കണി ടിക്കറ്റ് എട്ടു രൂപയാണ്. എട്ടു രൂപയുടെ ടിക്കറ്റെടുത്ത് തീയേറ്ററിനുള്ളില്‍ ചെന്നിരുന്നപ്പോള്‍ പടം തുടങ്ങി. സ്‌ക്രീനില്‍ പേരുകളൊക്കെ മലയാളത്തില്‍ എഴുതിക്കാണിച്ചു. എനിക്കെന്തോ അബദ്ധം പറ്റിയതുപോലെ തോന്നി. തൊട്ടടുത്തിരിക്കുന്ന ആളോട് 'ഇത് കമലഹാസന്റെ തമിഴ് പടം താനേ' എന്നു ചോദിച്ചു. അപ്പോള്‍ അയാള്‍ 'ഏയ്... ഇതു മലയാളം സിനിമയാണ് കൗതുക വാര്‍ത്തകള്‍...' 'കമലഹാസന്റെ തമിഴ സിനിമയുടെ പെട്ടി എത്തിയില്ലെന്നും അതുകൊണ്ട് സിനിമയുടെ റിലീസ് നാളത്തേക്കു മാറ്റിവെച്ചു' എന്നും അയാള്‍ എന്നോട് പറഞ്ഞു.

അന്നത്തെ കാലത്ത് സിനിമാപെട്ടി കൊണ്ടുവരുന്നതു തന്നെ രഥോത്സവം പോലെയായിരുന്നു. തുളസീദാസ് ഡയറക്ട് ചെയ്ത കൗഴതുക വാര്‍ത്തകള്‍ നല്ലൊരു കോമഡി സിനിമയായിരുന്നു. രാത്രി 12 മണിക്ക് സിനിമാ കഴിഞ്ഞ് ലോഡ്ജിലെത്തി ദീപാവലി ആഘോഷങ്ങള്‍ അവസാനിപ്പിച്ച് എന്റെ ബെഞ്ചില്‍ കിടന്ന് സുഖമായി ഉറങ്ങി. ഒന്നുരണ്ട് ആഴ്ചകള്‍ കൂടി പുഷ്പാ തീയേറ്ററില്‍ പ്രൈസ്‌ ബോര്‍ഡ് വെച്ച് കച്ചവടം ചെയ്തു. അവിടെ ചെറുതായി കൂനുള്ള ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. അയാള്‍ എന്റെ അടുത്ത് വന്ന് 'ഇവിടെ പ്രൈസ്‌ ബോര്‍ഡ് ഇടാന്‍ പാടില്ല' എന്നും പറഞ്ഞ് വിരട്ടി ഓടിക്കുമായിരുന്നു. അടുത്ത ഷോയ്ക്കിടയില്‍ അയാളുടെ കണ്ണില്‍പ്പെടാതെ ഞാന്‍ വീണ്ടും കച്ചവടം ചെയ്തിരുന്നു.

അങ്ങനെ ഒരു ദിവസം കച്ചവടം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ഏട്ടന്‍ എന്റെ അടുത്തുവന്ന് പ്രൈസ്‌ ബോര്‍ഡിന് മുന്നിലിരുന്നു. 'പ്രൈസ്‌ ബോര്‍ഡിനേക്കാളും വരുമാനമുള്ള ഒരു ജോലി പറഞ്ഞു തന്നാല്‍ ചെയ്യുമോ' എന്നു ചോദിച്ചു.

ഞാന്‍ എന്തു ജോലിയാണെന്ന് അയാളോട് ചോദിച്ചു. 'ഒരു സ്ഥലത്തെത്തിയാല്‍ ഒരു ബാഗ് നിറയെ കഞ്ചാവ് തരും. അത് നീ കോഴിക്കോട്ടേക്ക് എത്തിച്ചു തരണം. നിനക്ക് നല്ല ഒരു തുക കൂലിയായി കിട്ടും' എന്നും പറഞ്ഞ് അയാള്‍ എന്നെ കഞ്ചാവ് വില്പനയ്ക്ക് വിളിച്ചു.

കഞ്ചാവ് എന്ന വാക്കു കേട്ടപ്പോള്‍ത്തന്നെ എനിക്ക് പേടിയായി. അടുത്ത സെക്കൻഡിൽ തന്നെ 'എനിക്ക് താല്പര്യമില്ല ചേട്ടാ' എന്നു ഞാന്‍ പറഞ്ഞപ്പോള്‍, 'ആയിക്കോട്ടെ... ഞാന്‍ ഇപ്പോള്‍ നിന്നോട് ചോദിച്ച ഈ കാര്യം നീ മനസ്സില്‍ നിന്നും മായ്ച്ചു കളഞ്ഞേക്ക്' എന്നും പറഞ്ഞ് അയാള്‍ അവിടെ നിന്ന് പോയി.

പ്രശ്‌നക്കാരനായ പുഷ്പാ തീയേറ്ററിലെ ആ സെക്യൂരിറ്റി ചേട്ടന്‍ വീണ്ടും വീണ്ടും വന്ന് എന്നെ വിരട്ടിക്കൊണ്ടേയിരുന്നു. അയാള്‍ വിരട്ടുമ്പോള്‍ ഞാന്‍ അവിടുന്ന് മാറിയിരുന്നെങ്കിലും അടുത്ത ഷോയ്ക്ക് വീണ്ടും ചെന്ന് പ്രൈസ് ബോര്‍ഡ് വിരിച്ച് കച്ചവടം നടത്തുമായിരുന്നു. ഒരു ദിവസം അയാള്‍ വന്ന് എന്റെ പ്രൈസ് ബോര്‍ഡ് വാരിച്ചുരുട്ടി എടുത്തുകൊണ്ടുപോയി. 'ഇനി വരമാട്ടേന്‍ ചേട്ടാ. ആ പ്രൈസ് ബോര്‍ഡ് താ ചേട്ടാ...' എന്ന് ഞാന്‍ കരഞ്ഞു പറഞ്ഞിട്ടും അയാളുടെ മനസ്സ് ഇളകിയില്ല.

വര്‍ഷങ്ങളോളം ആ ചേട്ടന്‍ പുഷ്പാ തീയേറ്ററില്‍ പണിയെടുത്തിരുന്നു. ഞാന്‍ സിനിമ കാണാന്‍ പോകുമ്പോഴൊക്കെ അയാളെ കാണുമായിരുന്നു. കൗണ്ടറില്‍ നിന്നു കൊണ്ട് എന്റെ കച്ചവടം മുടക്കിയ ദുഷ്ടാ എന്ന് ഞാന്‍ പിറുപിറുക്കുമായിരുന്നു. തമിഴ സിനിമ കളിച്ചിരുന്ന പുഷ്പയില്‍ പിന്നീട് ഷക്കീല സിനിമകള്‍ കളിക്കാന്‍ തുടങ്ങി.

പിന്നീട് ഷക്കീല തരംഗം അവസാനിച്ചപ്പോള്‍ വീണ്ടും നല്ല തമിഴ് സിനിമകള്‍ പുഷ്പയില്‍ കളിക്കാന്‍ തുടങ്ങി. പക്ഷേ, പഴയതുപോലെ സിനിമ കാണാന്‍ ആളുകള്‍ വരാതായി. ആ കാലഘട്ടത്തിലും ആ സെക്യൂരിറ്റി ചേട്ടന്‍ അവിടത്തന്നെ ഉണ്ടായിരുന്നു. ആളുകള്‍ കുറഞ്ഞതോടെ പുഷ്പാ തീയേറ്റര്‍ പൂട്ടി. പിന്നെ അത് പൊളിച്ചു. എന്നാലും ഇന്നും പുഷ്പ ജംഗ്ഷന്‍ അവിടെ പ്രൗഡിയോടെ നില്‍ക്കുന്നുണ്ട്. 

പ്രൈസ് ബോര്‍ഡ് നഷ്ടമായ വിഷമത്തില്‍ ഞാന്‍ ലോഡ്ജിലേക്ക് തിരിച്ചുവന്നു. റിസപ്ഷനില്‍ ഡ്യൂട്ടിയില്‍ നൗഷാദാണ് അപ്പോള്‍ ഉണ്ടായിരുന്നത്. 'എന്റെ പ്രൈസ് ബോര്‍ഡ് കച്ചവടം ആ സെക്യൂരിറ്റി ചേട്ടന്‍ പൂട്ടിച്ചു. ഇനി ഞാന്‍ എന്തു ചെയ്യും?' എന്റെ സങ്കടം നൗഷാദിനോടു പങ്കുവെച്ചപ്പോള്‍ നിനക്ക് സിനിമാ തീയേറ്ററില്‍ ബ്ലാക്കില്‍ ടിക്കറ്റ് വിറ്റുകൂടെ എന്നു അവന്‍ ചോദിച്ചു.

ആ ചോദ്യം എന്റെ ജീവിതത്തില്‍ വലിയ കുടുക്കിലേക്കാണ് എത്തിക്കാന്‍ പോകുന്നതെന്ന് അപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. സിനിമാ തീയേറ്ററില്‍ ടിക്കറ്റ് വാങ്ങി ബ്ലാക്കില്‍ വില്‍ക്കുന്നത് എങ്ങനെ എന്ന് നൗഷാദ് എന്നെ പഠിപ്പിക്കാന്‍ തുടങ്ങി.

1990 കാലഘട്ടത്തില്‍ കോഴിക്കോട്ടുള്ള ഒരു തീയേറ്ററിലും റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പുതിയ സിനിമ റിലീസാകുന്ന ദിവസങ്ങളില്‍ തീയേറ്ററില്‍ നല്ല തിരക്കുണ്ടാവും. തീയേറ്ററിന്റെ ഗേറ്റ് തുറന്നപാടെ ബാല്‍ക്കെണി ടിക്കറ്റ് വാങ്ങാന്‍ കൗണ്ടറില്‍ ഓടിച്ചെന്ന് ക്യൂവില്‍ നില്‍ക്കണം.

അവിടെ ഒരാള്‍ക്ക് ഒരു ടിക്കറ്റേ കിട്ടുകയുള്ളൂ. ആ ഒരു ടിക്കറ്റ് വാങ്ങണം. അവിടുന്ന് നേരെ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് കൗണ്ടറില്‍ ചെന്ന് ക്യൂ നില്‍ക്കണം. ടിക്കറ്റ് കൊടുക്കുന്ന ആളിനു മുന്നില്‍ മുഖം കാണിക്കാതെ ഇടതുകൈ ഉള്ളിലേക്കിട്ട് ഒരു ടിക്കറ്റ് എടുക്കണം.

അന്നത്തെ കാലത്ത് ടിക്കറ്റ് കൗണ്ടറിലിരിക്കുന്ന ആളിന്റെ മുഖം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ കഴിയുകയില്ല. ടിക്കറ്റ് കൗണ്ടറില്‍ ഒരു കുഞ്ഞു ജനലും ഒരു കൈ ഉള്ളിലേക്ക് ഇടാനുള്ള തുളയേ ഉണ്ടാവുകയുള്ളൂ. ഇടതുകൈ കൊണ്ട് ടിക്കറ്റ് വാങ്ങിയതിനുശേഷം വലതുകൈയില്‍  വേറെ പണമെടുത്ത് വീണ്ടും ഒരു ടിക്കറ്റെടുക്കാന്‍ ശ്രമിക്കണം. അപ്പോള്‍ ഒരു ഷോയ്ക്ക് മൂന്നു ടിക്കറ്റുകള്‍ നിന്റെ കൈവശമാകും. അപ്പോഴേക്കും ബാല്‍ക്കണി ടിക്കറ്റുകള്‍ തീര്‍ന്നിട്ടുണ്ടാവും. ചിലര്‍ ബാല്‍ക്കണിയിലിരുന്നേ സിനിമ കാണുകയുള്ളൂ. അവര്‍ക്ക് ആ ബാല്‍ക്കണി ടിക്കറ്റ് വില്‍ക്കാം. 

ടിക്കറ്റുകള്‍ തീരുമ്പോള്‍ ഹൗസ്ഫുള്‍ എന്ന ബോര്‍ഡ് തീയേറ്ററില്‍ തൂക്കിയിടും. അപ്പോള്‍ നേരത്തെ വാങ്ങിവെച്ചിട്ടുള്ള ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുകള്‍ വില്‍ക്കാന്‍ തുടങ്ങണം. ബ്ലാക്ക് ടിക്കറ്റ് കച്ചവടത്തെ കുറിച്ച് വിശദമായി പറഞ്ഞുതന്നിട്ട്, നാളെ രാവിലെ മോഹന്‍ലാല്‍ അഭിനയിച്ച അപ്പു എന്ന സിനിമ സംഗം തീയേറ്ററില്‍ റിലീസാകുന്നുണ്ട്. അപ്പോള്‍ത്തന്നെ കച്ചവടം തുടങ്ങിക്കോ, എന്നും ഉപദേശിച്ചു.

പിറ്റേ ദിവസം രാവിലെ ഞാന്‍ കുളിച്ച് റെഡിയായി ലോഡ്ജില്‍ നിന്ന് ഇറങ്ങി. ലോഡ്ജിന്റെ നേരെ മുന്നില്‍ റെയില്‍പാളത്തില്‍കൂടി മൂന്ന് മിനിറ്റ് നടന്നപ്പോള്‍ സംഗം തീയേറ്ററിലെത്തി. രാവിലെ പത്തു മണിക്ക് ഗേറ്റ് തുറന്നപ്പോള്‍ നേരെ ഓടിച്ചെന്ന് ബാല്‍ക്കണി ടിക്കറ്റ് കൗണ്ടര്‍ ക്യൂവില്‍ നിന്നു. ഒരു ടിക്കറ്റെടുത്തു. അവിടുന്ന് തീയേറ്ററിന്റെ പുറത്ത് തെക്കുഭാഗത്തുള്ള കൗണ്ടറിലെ ക്യൂവില്‍ പോയി നിന്നു.

ടിക്കറ്റ് കൊടുക്കുന്ന ആളുടെ അടുത്തെത്തിയപ്പോള്‍ നൗഷാദ് പറഞ്ഞതുപോലെ ഇടതുകൈ ഉള്ളിലേക്കിട്ടു ഒരു ടിക്കറ്റെടുത്തു. ഇടതുകൈ വലിച്ചതിനുശേഷം വലതുകൈ ഉള്ളിലേക്കിട്ടു. ടിക്കറ്റ് കൊടുക്കുന്നയാള്‍ എന്റെ വലതുകൈ പിടിച്ചൊടിക്കുവാന്‍ തുടങ്ങി. ചേട്ടാ...ചേട്ടാ...വിടൂ ചേട്ടാ...വിടു ചേട്ടാ... എന്ന് ഞാന്‍ ഉച്ചത്തില്‍ ബഹളം വെച്ചു. ഒടുവില്‍ അയാള്‍ എന്റെ കൈ വിട്ടപ്പോള്‍ വേദനകൊണ്ട് പുളയുകയായിരുന്നു. ഭാഗ്യംകൊണ്ട് കൈ ഒടിഞ്ഞില്ല. ഞാന്‍ പുറത്തേക്ക് ഓടിച്ചെന്ന് എട്ടുരൂപക്ക് വാങ്ങിയ ബാല്‍ക്കണി ടിക്കറ്റ് 25 രൂപക്കും ആറുരൂപക്ക് വാങ്ങിയ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് 20 രൂപയ്ക്കും വിറ്റു. ഒറ്റ ഷോകൊണ്ട് എനിക്ക് 31 രൂപയുടെ ലാഭം കിട്ടി. ഞാന്‍ ലോഡ്ജിലേക്ക് ഓടിച്ചെന്ന് നാഷാദുമായി സന്തോഷം പങ്കുവെച്ചു.

വീണ്ടും അടുത്ത ഷോയ്ക്ക് പോയി ബാല്‍ക്കണിയുടെ ടിക്കറ്റും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റും എടുത്തു. രണ്ടാമത്തെ കൈ ഇടാന്‍ എനിക്ക് ധൈര്യം വന്നില്ല. അപ്പു സിനിമയ്ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നല്ല തിരക്കുണ്ടായിരുന്നു. അതിനുശേഷം അഭിപ്രായം മോശമായതോടെ തിങ്കളാഴ്ച തൊട്ട് തീയേറ്ററില്‍ ആളില്ലാതെയായി.

പിറ്റേ വെള്ളിയാഴ്ച രഘുവരന്‍ അഭിനയിച്ച വ്യൂഹം എന്ന സിനിമ ഡേവിസണ്‍ തീയേറ്ററില്‍ റിലീസായി. അവിടെ ടിക്കറ്റുവാങ്ങി വിറ്റുകൊണ്ടിരുന്നപ്പോള്‍ ലോഡ്ജിലെ ജീവനക്കാരനായ സുരേഷും സിനിമ കാണാന്‍ അവിടെ എത്തി. അപ്പോള്‍ തീയേറ്ററില്‍ ടിക്കറ്റൊക്കെ തീര്‍ന്നിരുന്നു. ബാല്‍ക്കണി ടിക്കറ്റ് വില എട്ടു രൂപയാണ്. സുരേഷ് എന്നോട് പത്തൂ രുപയ്ക്ക് ടിക്കറ്റ് തരണം എന്ന് നിര്‍ബന്ധിച്ചു. ബന്ധത്തിന്റെ പേരില്‍ ഞാന്‍ ഇരുപത് രൂപയ്ക്ക് വില്‍ക്കുന്ന ടിക്കറ്റ് പതിനഞ്ചു രൂപയ്ക്ക് നല്‍കാമെന്ന് സുരേഷിനോട് പറഞ്ഞു. പക്ഷേ, സുരേഷ് പത്തു രൂപയ്ക്ക് ടിക്കറ്റ് ചോദിച്ചു. ഇതു കച്ചവടമാണ്. കച്ചവടത്തില്‍ സുഹൃദ്ബന്ധങ്ങള്‍ക്കൊന്നും വിലകൊടുക്കാന്‍ പാടില്ല എന്ന് തീരുമാനം എടുത്തത് അപ്പോഴാണ്.

ഡേവിസണ്‍ തീയേറ്ററില്‍ വ്യൂഹം സിനിമ കാരണം ഒരാഴ്ച നല്ല കച്ചവടം കിട്ടി. പിന്നെ രാധാ തീയേറ്ററില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മാലയോഗം എന്ന സിനിമ റിലീസായി. ഒരു ബാല്‍ക്കണി ടിക്കറ്റ് വില്‍ക്കാനായി ഞാന്‍ വാങ്ങിയിരുന്നു. പക്ഷേ, ആ ടിക്കറ്റ് വാങ്ങാന്‍ തന്നെ ആളെ കിട്ടിയില്ല. ആ ടിക്കറ്റുമായി ചെന്ന് മാലയോഗം സിനിമ കണ്ടു.

ഞാന്‍ വീണ്ടും ഒരു പ്രൈസ് ബോര്‍ഡ് വാങ്ങി. ആ പ്രൈസ് ബോര്‍ഡ് അപ്‌സര തീയേറ്ററിലും കോറണേഷൺ തീയേറ്ററിലും വിരിച്ചിട്ട് കച്ചവടം ചെയ്തു നോക്കി. പുഷ്പ തീയേറ്ററിനടുത്ത് നിന്ന് കിട്ടിയ കച്ചവടം മറ്റു തീയേറ്ററുകളില്‍ നിന്ന് കിട്ടിയില്ല.

ഒരാഴ്ച പ്രൈസ്‌ ബോര്‍ഡ് കച്ചവടവുമായി നടന്നു. ഒരു ദിവസം വൈകീട്ട് പ്രൈസ് ബോര്‍ഡ് കച്ചവടം കഴിഞ്ഞ് ലോഡ്ജിലേക്ക് തിരിച്ചെത്തിയപ്പോള്‍ നൗഷാദ് എന്നോട് വിളിച്ചുപറഞ്ഞു. ഇളങ്കോ, നാളെ കൈരളി തീയേറ്ററില്‍ മമ്മൂട്ടി അഭിനയിക്കുന്ന ഈ തണുത്ത വെളുപ്പാന്‍കാലത്ത് എന്ന സിനിമ റിലീസാകുന്നുണ്ട്. നീ കാലത്തേ പൊയ്‌ക്കോ. നല്ല കോളു കിട്ടും. ആയിക്കോട്ടെ, ഞാന്‍ പോകാം എന്നു സന്തോഷത്തോടെ പറഞ്ഞിട്ട് എന്റെ ബെഞ്ചില്‍ ചെന്ന് കിടന്നുറങ്ങി.

മമ്മൂട്ടി എന്ന നടനെക്കുറിച്ച് ഞാന്‍ നാട്ടില്‍ നിന്നും കേട്ടിട്ടുണ്ടായിരുന്നു. പട്ടുക്കോട്ടൈ കലൈമഹല്‍ ഫൈനാന്‍സില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ തൊട്ടടുത്ത മുറിയില്‍ അരുണ്‍ ഫൈനാന്‍സും ഉണ്ടായിരുന്നു. ആ അരുണ്‍ ഫൈനാന്‍സിലെ മാനേജിംഗ് പാര്‍ടണറാണ് ബാലു അണ്ണന്‍. അദ്ദേഹവുമായി ഒരു ദിവസം സിനിമാവിശേഷങ്ങള്‍ സംസാരിച്ചു നിന്നപ്പോള്‍ ബാലു അണ്ണനോട് ഞാന്‍ ചോദിച്ചു.
'ഉങ്കള്‍ക്ക് റൊമ്പ പിടിച്ച നടികര്‍ യാര്‍?'

അപ്പോള്‍ത്തന്നെ ബാലു അണ്ണന്‍ പറഞ്ഞു: മമ്മൂട്ടി. മമ്മൂട്ടി അഭിനയിച്ച ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് പറ്റുമെങ്കില്‍ നീ ഒന്നു കണ്ടു നോക്കണം. ഇപ്പോള്‍ പട്ടുക്കോട്ടെ ദേവാ തീയേറ്ററില്‍ സിബിഐ ഡയറിക്കുറിപ്പിന്റെ സെക്കന്റ് പാര്‍ട്ട് ജാഗ്രതൈ എന്ന സിനിമ കളിക്കുന്നുണ്ട്. നീ അതു കണ്ടുനോക്ക്. അപ്പോള്‍ നിനക്ക് മനസ്സിലാവും മമ്മൂട്ടി എത്ര വലിയ മഹാനടനാണ് എന്ന്.

ഇങ്ങനെ ബാലു അണ്ണന്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ അടുത്തേക്ക് ഇളങ്കോ അണ്ണനും എവിടെ നിന്നോ എത്തി. എനിക്ക് ജോലിത്തിരക്കുണ്ടായിരുന്നതുകൊണ്ട് ഇളങ്കോ അണ്ണനോട് ജാഗ്രത സിനിമ കണ്ടു വരാന്‍ പറഞ്ഞു. ടീനേജ് പ്രായക്കാരായ ഞങ്ങള്‍ക്ക് അടിപ്പ ടങ്ങളോടായിരുന്നു കൂടുതല്‍ ഇഷ്ടം. ജാഗ്രത സിനിമയില്‍ ഒരു ഫൈറ്റുപോലും ഇല്ലത്രെ. അതുകൊണ്ട് ഇളങ്കോ അണ്ണന് ആ സിനിമ ഇഷ്ടപ്പെട്ടില്ല. എന്നോടും ആ സിനിമ കാണാന്‍ പോകേണ്ടടാ, എന്നാണ് പറഞ്ഞത്. 

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ദുബായിലേക്ക് പോയ ഇളങ്കോ അണ്ണന്‍ അവിടുന്ന് ഒരുപാട് മമ്മൂട്ടി സിനിമ കാണുകയും കൗരവര്‍ എന്ന സിനിമയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മമ്മൂട്ടിയുടെ ഫാനായി മാറുകയും ചെയ്തു. 1990 നവംബര്‍ 30ന് രാവിലെ പത്തു മണിക്ക് കോഴിക്കോട് കൈരളി തീയേറ്ററിലേക്ക് ചെന്ന് ബാല്‍ക്കണി ടിക്കറ്റ് കൗണ്ടര്‍ ക്യൂവില്‍ നിന്ന് ഒരു ടിക്കറ്റെടുത്തു.

അവിടെ നിന്നും ഫസ്റ്റ് ക്ലാസ്സ് കൗണ്ടറിലേക്ക് ഓടിച്ചെന്ന് ക്യൂ നിന്ന് ഒരു ടിക്കറ്റുകൂടി എടുത്തു. ആ രണ്ടു ടിക്കറ്റും വിറ്റതിനുശേഷം എതിര്‍വശത്തുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാൻഡിൽ ചെന്ന് യാത്രക്കാര്‍ വിശ്രമിക്കാനിരിക്കുന്ന സിമന്റ് ബെഞ്ചിലിരുന്ന് ടി.വി കണ്ടു.

കുറച്ചു കഴിഞ്ഞ് വീണ്ടും ഞാന്‍ കൈരളി തീയേറ്ററില്‍ ചെന്ന് മാറ്റിനി ഷോയ്ക്കുള്ള രണ്ട് ടിക്കറ്റ് വാങ്ങി ബ്ലാക്കില്‍ വിറ്റു. വൈകീട്ട് ആറുമണി ഷോയ്ക്ക് ഒരു ബാല്‍ക്കണി ടിക്കറ്റും ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റും എടുത്തു. ബാല്‍ക്കണി ടിക്കറ്റ് വേഗം വിറ്റുപോയി. പക്ഷേ, , ഫസ്റ്റ് ക്ലാസ് ടിക്കറ്റ് വില്‍ക്കാന്‍ ആളെ കിട്ടിയില്ല. കാരണം എന്നെപ്പോലെ ബ്ലാക്കില്‍ വില്പന നടത്തുന്ന മൂന്നുനാലു പിള്ളേര്‍ വേറെയും ഉണ്ടായിരുന്നു.

കൈരളി തീയേറ്ററിന്റെ മെയിന്‍ എന്‍ട്രന്‍സില്‍ പടിഞ്ഞാറെ ഭാഗത്തെ മതിലും ചാരി ഒരു ഏട്ടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ അടുത്തുചെന്ന് ചേട്ടാ... മമ്മൂട്ടി സിനിമാ ടിക്കറ്റ് ഉണ്ട്. വേണമാ? എന്നു ചോദിച്ചു. ടിക്കറ്റ് വില എത്രയാ എന്ന് അയാള്‍ എന്നോട് ചോദിച്ചു.

ഇരുപത്തിയഞ്ചു രൂപയെന്ന് ഞാന്‍ പറഞ്ഞു. കുറവുണ്ടോ...? അയാള്‍ ചോദിച്ചു. ഒരു രൂപപോലും കുറയ്ക്കമാട്ടേന്‍ എന്നു ഞാന്‍ പറഞ്ഞു.
ടിക്കറ്റ് എടുക്ക് എന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ കാശെടുക്ക് ചേട്ടാ... എന്ന് ഞാനും പറഞ്ഞു.

അയാള്‍ പെട്ടെന്ന് എന്റെ കൈയ്യില്‍പിടിച്ച് എടുക്കെടാ ടിക്കറ്റ് എന്ന് വിരട്ടലോടെ എന്നോട് പറഞ്ഞു. ടിക്കറ്റ് പോക്കറ്റില്‍ ഇര്‍ക്കത് ചേട്ടാ, കാശ് കൊടുങ്കോ - ഞാന്‍ ടിക്കറ്റ് തരാം എന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ അയാള്‍ എന്റെ കൈ ബലമായി പിടിച്ച് വലിച്ചുകൊണ്ടുപോകാന്‍ തുടങ്ങി.

ചേട്ടാ- നീങ്കെ ടിക്കറ്റ് വാങ്ങണ്ട. ഉങ്കള്‍ക്ക് ഞാന്‍ ടിക്കറ്റ് വില്‍ക്കിണില്ല എന്നെ വിടൂ... എന്ന് ഞാന്‍ പറഞ്ഞതിനൊന്നും അയാള്‍ ചെവികൊടുത്തില്ല. അയാള്‍ എന്നെ ബലം പ്രയോഗിച്ച് വലിച്ചുകൊണ്ടുപോയി. ഇയാള്‍ എവിടേക്കാണ് എന്നെ വലിച്ചുകൊണ്ടുപോകുന്നത് എന്ന് ഞാന്‍ തിരിഞ്ഞ് തെക്കുഭാഗത്തേക്ക് നോക്കി ഞെട്ടി. അവിടെ ഒരു പോലീസ് ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു. 

(തുടരും)