
ഷക്കീറിന് അമ്പതുരൂപ പണം കൊടുത്തതിനുശേഷം ഞാന്‍ നേരെ ലോഡ്ജിലേക്ക് ചെന്നു. ഷക്കീര്‍ക്കാ ചന്ദ്രേട്ടനെ വിരട്ടിയ വിരട്ടലില്‍ രണ്ടുദിവസത്തിനകം റൂം വാടക ലോഡ്ജില്‍ എത്തിക്കാമെന്നും ചന്ദ്രേട്ടന്‍ പറഞ്ഞതായി ഞാന്‍ കോയക്കായെ പറഞ്ഞുവിശ്വസിപ്പിച്ചു. പിറ്റെ ദിവസം രാവിലെ തന്നെ ഞാന്‍ പെരുമണ്ണയിലെത്തി ഉസ്മാന്റെ അനിയത്തി അഫ്‌സത്തിനെയും കൂട്ടി ചന്ദ്രേട്ടന്റെ പുതിയ വാടകവീട്ടിലേക്ക് ചെന്നു.
അഫ്‌സത്ത് എനിക്ക് വീട് കാണിച്ചുതന്നതിനുശേഷം അവളുടെ വീട്ടിലേക്ക് തിരിച്ചുപോയി. ഞാന്‍ ചന്ദ്രേട്ടനോട് ഷക്കീറുമായി പാലാഴിയില്‍ പോയ കഥയൊക്കെ ചന്ദ്രേട്ടനോട് പറഞ്ഞു. 'രണ്ടുദിവസത്തിനകം റൂം വാടക കൊടുത്തേക്കാം, നീ ബേജാറാവേണ്ട' എന്നു പറഞ്ഞ് ചന്ദ്രേട്ടന്‍ എന്നെ സമാധാനിപ്പിച്ചു.
ഇന്ന് നീ വന്നതുനന്നായി. തുളസിയുടെ വീട്ടുകാര്‍ വിരുന്നുവരുന്നുണ്ട്. നീ കുറച്ചുകഴിഞ്ഞ് പോയാല്‍ മതി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അംബികചേച്ചിയും അവരുടെ മകനും മകള്‍ ജെന്‍സിയും തുളസിച്ചേച്ചിയുടെ മൂത്തചേച്ചി മല്ലികയും അവരുടെ മകനും മകളും രണ്ടാമത്തെ ചേച്ചി മാനസിയും അവരുടെ മകളുമാണ് വിരുന്നിനെത്തിയത്. ജെന്‍സിയെ കണ്ടപാടെ എനിക്ക് നെഞ്ചിടിപ്പ് കൂടി.
അവള്‍ ഇവിടെവെച്ച് എന്നെ മലയാളം പഠിപ്പിച്ച് നാണം കെടുത്തുമോ? എന്ന് ഞാന്‍ ആലോചിച്ച് ടെന്‍ഷനടിച്ചിരുന്നു. പക്ഷെ, കളിക്കാന്‍ വേറെ കുട്ടികള്‍ ഉണ്ടായിരുന്നതുകൊണ്ട് അവള്‍ എന്റെ കാര്യം മറന്നു. തുളസിചേച്ചി വിരുന്നുകാര്‍ക്കൊക്കെ ബ്രഡും മുട്ടറോസ്റ്റും കൊടുത്തു. ഞാന്‍ ആദ്യമായിട്ടാണ് മുട്ടറോസ്റ്റു കൂട്ടി ബ്രഡ് കഴിക്കുന്നത്.
കുറച്ചുകഴിഞ്ഞ് ഞാന്‍ അവിടെ നിന്ന് ലോഡ്ജിലേക്ക് പുറപ്പെട്ടു. ഒരാഴ്ച കഴിഞ്ഞിട്ടും ചന്ദ്രേട്ടന്‍ വാടക തരാന്‍ വന്നില്ല. ചന്ദ്രേട്ടനെ വിരട്ടാനായി ഇത്തവണ ലോഡ്ജിന്റെ പരിസരത്ത് കാണാറുള്ള സുരേഷേട്ടന്‍, മുസ്തഫ, ജയരാജന്‍ എന്നീ മൂന്നുപേരോടൊപ്പമാണ് കോയക്കാ എന്നെ ചന്ദ്രേട്ടന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്.
ഞാന്‍ മൂന്നുപേരെയും കൂട്ടി പെരുമണ്ണയിലെ ചന്ദ്രേട്ടന്റെ വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. വന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലാക്കിയ തുളസിചേച്ചി ചന്ദ്രേട്ടനെ അകത്തേക്ക് വിളിച്ച് അവരുടെ കഴുത്തില്‍ കിടന്ന താലി മാല ഈരിക്കൊടുത്തു. അതുകണ്ടുകൊണ്ടിരുന്ന മൂന്നു പേര്‍ക്കും സങ്കടമായി. ചന്ദ്രേട്ടന്‍ ആ താലിമാല സുരേഷേട്ടന്റെ കൈയ്യിലേക്ക് കൊണ്ടുവന്ന് നീട്ടി. അപ്പോള്‍ സുരേഷേട്ടന്‍ പറഞ്ഞു. നിങ്ങളുടെ കല്യാണം ഇപ്പോള്‍ കഴിഞ്ഞിട്ടല്ലേയുള്ളൂ. ഈ മാല അവരുടെ കഴുത്തില്‍ തന്നെ കിടന്നോട്ടെ. കോയക്കാക്ക് കൊടുക്കാനുള്ള വാടകപണം എപ്പോള്‍ തരുമെന്ന് പറഞ്ഞാല്‍മതി.
നാളെ ഇരുട്ടുന്നതിന് മുമ്പ് പണവുമായി ലോഡ്ജില്‍ എത്തിയിരിക്കും എന്ന് ചന്ദ്രേട്ടന്‍ വാക്കുകൊടുത്തു. ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ട് ലോഡ്ജിലെത്തി. കോയക്കാ ആ രാത്രിയില്‍ വീട്ടിലേക്ക് പോകാതെ ഓഫീസില്‍ ഞങ്ങളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. കോയക്കായോട് സുരേഷേട്ടന്‍ 'നല്ല ഒരു സുന്ദരി പാവം പെണ്ണാണ്, ഇവന്റെയടുത്ത് കുടുങ്ങിപ്പോയി' എന്ന് സങ്കടത്തോടെ പറഞ്ഞു. 'പണം ഉടന്‍ എത്തും കോയക്കാ' എന്നുപറഞ്ഞ് കോയക്കായെ സുരേഷേട്ടന്‍ സമാധാനിപ്പിച്ചു.
ചന്ദ്രേട്ടന്‍ പറഞ്ഞതു പോലെതന്നെ പിറ്റെദിവസം തൊള്ളായിരം രൂപ കോയക്കായ്ക്ക് കൊണ്ടുവന്നുകൊടുത്തു. ചന്ദ്രേട്ടന്റെ കുറച്ചു സാധനങ്ങള്‍ റുമിലുണ്ടായിരുന്നു. അതും എടുത്ത് ചന്ദ്രേട്ടന്‍ റൂം വെക്കേറ്റ് ചെയ്തു. ഞാന്‍ ചന്ദ്രേട്ടന്റെ റൂമില്‍ നിന്ന് എന്റെ ബാഗും എടുത്ത് ബെഞ്ചിനു താഴെ കൊണ്ടുവന്നുവെച്ചു. വീണ്ടും ബെഞ്ചിലെ കിടപ്പുതുടങ്ങി. പെരുമണ്ണയില്‍ ഉസ്മാന്റെ ഉമ്മയ്ക്കും തുളസിചേച്ചിക്കും എന്തോ സൗന്ദര്യ പിണക്കമുണ്ടായി. ഇനിയും അവിടെ താമസം തുടര്‍ന്നാല്‍ പ്രശ്‌നം വഷളാകും എന്നുതോന്നിയതുകൊണ്ട് ആ വാടക വീട് ചന്ദ്രേട്ടന്‍ ഒഴിഞ്ഞു. ആ വീട്ടുടമസ്ഥന്റെ മകളുടെ വീട് മെഡിക്കല്‍ കോളേജിനടുത്ത് മുണ്ടിക്കല്‍ത്താഴം എന്ന സ്ഥലത്തായിരുന്നു. അവരുടെ വീടിന്റെ പിറകുവശത്ത് ഒരു റൂമും അത്രയും വലിപ്പമുള്ള ഒരു അടുക്കളയും മാത്രമുള്ള ചെറിയൊരു വീട്ടിലേക്ക് ചന്ദ്രേട്ടനും തുളസിച്ചേച്ചിയും താമസം മാറ്റി.
എല്ലാ ദിവസവും എനിക്ക് ലോഡ്ജില്‍ നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാവിലെ ചില ദിവസങ്ങളില്‍ നൂണ്‍ഷോ സിനിമ കാണാന്‍പോകുമായിരുന്നു. ഉച്ചയ്ക്ക് കിടന്നുറങ്ങാന്‍ നോക്കുമ്പോള്‍ ദിവസ വാടകയ്ക്ക് റൂമെടുത്തവര്‍ക്ക് ഭക്ഷണം വാങ്ങാനോ, മദ്യം വാങ്ങാനോ ലത്തീഫ്ക്കാ എന്നെ തട്ടി എഴുന്നേല്‍പിക്കും. അതുകൊണ്ട് പകല്‍ സമയത്തുള്ള ഉറക്കമൊക്കെ കണക്കാണ്. രാത്രി പന്ത്രണ്ടുമണിക്ക് ലോഡ്ജിന്റെ ഷട്ടര്‍ അടച്ച് കിടന്നാല്‍ ഉടനെ ഉറങ്ങിപ്പോകും. ഇടക്ക് ആരെങ്കിലും റൂം ചോദിച്ച് വരുന്നവര്‍ ഷട്ടറില്‍ മുട്ടിവിളിച്ച് ഉണര്‍ത്തും. ഞാന്‍ ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് അവര്‍ക്ക് റൂം കൊടുത്തിട്ട് വീണ്ടും കിടന്നുറങ്ങും. മാതൃഭൂമി പ്രസ്സില്‍ ജോലിക്ക് പോയിരുന്നവര്‍ വരുമ്പോള്‍ അവര്‍ തന്നെ ഷട്ടര്‍ തുറന്ന് അകത്തേക്ക് വന്ന് ഷട്ടര്‍ വീണ്ടും താഴ്ത്തുകയുമായിരുന്നു പതിവ്.
ഒരു ദിവസം രാവിലെ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ചെന്ന് കാബേജിന്റെ തൊലി ചാക്കില്‍ നിറച്ച് കോയക്കായുടെ വീട്ടിലെത്തിച്ചതിനുശേഷം തിരിച്ച് ലോഡ്ജിലേക്കെത്തിയപ്പോള്‍ കോയക്കാ ഭയങ്കര ദേഷ്യത്തില്‍ റിസപ്ഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
ഞാന്‍ അടുത്തുചെന്നപ്പോള്‍ കോയക്കാ 'ഇവിടെ ഉണ്ടായിരുന്ന ട്യൂബ് ലൈറ്റ് എവിടെടാ?' എന്ന് മേലെ ട്യൂബ് ലൈറ്റുണ്ടായിരുന്ന സ്ഥലത്തേക്ക് കൈ ചൂണ്ടി ചോദിച്ചു.
ഇന്നലെ രാവിലെ ഇലക്ട്രീഷ്യന്‍ വന്ന് പുതിയ ട്യൂബ് ലൈറ്റ് അവിടെ മാറ്റിയിട്ടിട്ടുണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ അവിടെ കരിപിടിച്ച പഴയ ട്യൂബ് ലൈറ്റാണ് കാണുന്നത്.
ഞാന്‍ അറിയില്ല എന്ന ഭാവത്തില്‍ തലയാട്ടി. 'നായിന്റെ മോനെ, നീ ഇവിടെ സുഖമായി കിടന്നുറങ്ങാനാണോ ഞാന്‍ ശമ്പളം തന്ന് നിന്നെ ജോലിക്ക് വെച്ചിരിക്കുന്നത്' എന്ന് ചോദിച്ചുകൊണ്ട് കോയക്കാ എന്റെ കവിളില്‍ കൈവീശി അടിച്ചു.
പെട്ടെന്ന് കിട്ടിയ അടിയുടെ ആഘാതത്തില്‍ ഞാന്‍ പോലുമറിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ആരെടാ എന്റെ ട്യൂബ് ലൈറ്റ് എടുത്തത് എന്ന് ചോദിച്ചുകൊണ്ട് കോയക്കാ വീണ്ടും എന്റെ നേരെ കൈ പൊക്കി. കോയക്കായുടെ അടുത്ത് റിസപ്ഷനിസ്റ്റ് സുരേഷ് നില്‍പുണ്ടായിരുന്നു. ഇവനെ തല്ലിയിട്ട് കാര്യമില്ല. ഏതെങ്കിലും റൂമിലെ മാസവാടകക്കാര്‍ എടുത്തുകൊണ്ടുപോയതാവാം എന്നൊക്കെ പറഞ്ഞ് കോയക്കായെ സുരേഷ് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.
ഞാന്‍ പതുക്കെ റിസപ്ഷനില്‍ നിന്നും പുറത്തേക്കിറങ്ങി. മാസവാടകയ്ക്ക് താമസിക്കുന്നവരുടെ റൂമില്‍ ബള്‍ബോ ട്യൂബ് ലൈറ്റോ ഫ്യൂസ് പോയാല്‍ കോയക്കാ ഉടനെ മാറ്റിക്കൊടുക്കാറില്ല. അതുകൊണ്ട് ഇന്നലെ രാത്രി ഞാന്‍ നന്നായി ഉറങ്ങിയതിനുശേഷം ആരോ വന്ന് പുതിയ ട്യൂബ് എടുത്തുകൊണ്ടുപോവുകയും അവരുടെ റൂമിലെ ഫ്യൂസ് പോയ ട്യൂബ് ലൈറ്റ് തിരിച്ചുകൊണ്ടുവന്ന് അതിലിടുകയും ചെയതിട്ടുണ്ടാവാം.
ഞാന്‍ ഒരു നിമിഷം ലോഡ്ജിന്റെ മുന്നില്‍ നിന്ന് ആലോചിച്ചു. ഞാനല്ലല്ലോ ട്യൂബ് ലൈറ്റ് കട്ടത്. എന്നിട്ടും കോയക്കാ എന്നെ തല്ലിയല്ലോ... ഇങ്ങനെ ആലോചിച്ചപ്പോള്‍ സങ്കടം കൊണ്ട് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
ഞാന്‍ അവിടെനിന്ന് പതുക്കെ നടന്ന് പാളയം ബസ്സ്റ്റാന്‍ഡിലെത്തി. അവിടെ നിന്ന് ബസ്സില്‍ കയറി മുണ്ടിക്കല്‍ താഴത്തെ ചന്ദ്രേട്ടന്റെ വീട്ടിലെത്തി.
കോയക്കാ എന്നെ തല്ലി എന്ന വിവരം അറിഞ്ഞതോടെ ചന്ദ്രേട്ടനും തുളസിച്ചേച്ചിക്കും സ്വന്തം മകനെ ഒരാള്‍ തല്ലിയാല്‍ അവര്‍ക്ക് എത്ര വേദനിക്കുമോ അത്രയും വേദന അവര്‍ക്കും ഉണ്ടായതായി തോന്നി. അവര്‍ എന്നെ ആശ്വസിപ്പിച്ചു. അതിനുശേഷം ചന്ദ്രേട്ടന്‍ എന്നോട് പറഞ്ഞു. ഇനി നീ ആ ലോഡ്ജിലെ പണിക്ക് പോകേണ്ട. നീ തല്‍ക്കാലം ഇവിടെ നില്‍ക്ക്. എന്തുചെയ്യാമെന്ന് നമുക്ക് പിന്നീട് ആലോചിക്കാം എന്നും പറഞ്ഞിട്ട് ചന്ദ്രേട്ടന്‍ തുണിക്കച്ചവടത്തിന് പോയി.
ഞാന്‍ കുളിയൊക്കെ കഴിഞ്ഞ് ഡ്രസ് അലക്കാന്‍ നോക്കിയപ്പോള്‍ തുളസിചേച്ചി സമ്മതിച്ചില്ല. ഇവിടെ ആണുങ്ങള്‍ ആരും അലക്കാറില്ലെടാ. എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെടാ എന്നും പറഞ്ഞ് എന്റെ ഡ്രസ്സൊക്കെ അലക്കി അവര്‍ ഉണക്കാനിട്ടു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ തൊട്ടടുത്തവീട്ടിലെ ഇത്താത്ത വന്നു. അവര്‍ രണ്ടുപേരുംകൂടി പല തമാശകഥകളും പറഞ്ഞ് രാവിലത്തെ എന്റെ സങ്കടങ്ങളൊക്കെ മാറ്റി.
അവരോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇടക്കൊക്കെ 'എന്റെ പടച്ചോനെ' എന്നു ഞാന്‍ പറയുന്നത് കേട്ട തുളസി ചേച്ചി പറഞ്ഞു. നീ ഇക്കാമാരോടൊപ്പംകൂടി അവരുടെ പടച്ചോനെ വിളിക്കാന്‍ തുടങ്ങിയല്ലോ. ഇക്കമാരാണ് 'എന്റെ പടച്ചോനെ' എന്നു വിളിക്കാറുള്ളത്.
നീ ഹിന്ദുചെക്കനല്ലേ. അതുകൊണ്ട് നീ എന്റെ ദൈവമേ എന്നു വിളിച്ചാല്‍ മതീട്ടോ, എന്നു പറഞ്ഞുതന്നു. മാത്രവുമല്ല, തുളസിചേച്ചി തിയ്യസമുദായക്കാരിയാണ്. ചന്ദ്രേട്ടന്‍ തമിഴ്‌നാട്ടിലെ നാടാര്‍ എന്ന സമുദായക്കാരനുമാണ്. തിയ്യന്‍മാരുടെ കുലത്തൊഴില്‍ കള്ളുചെത്താണല്ലോ.
അതുപോലെ തമിഴ്നാട്ടിലെ നാടാരുടെ കുലത്തൊഴിലും കള്ളുചെത്തലാണ്. അവര്‍ പനങ്കള്ളാണ് ചെത്താറുള്ളത്. ഇതൊക്കെ മനസ്സിലാക്കിയ ചന്ദ്രേട്ടന്‍ തുളസിച്ചേച്ചിയുടെ വീട്ടുകാരോട് ഞാനും നിങ്ങളുടെ തിയ്യസമുദായക്കാരനാണ് എന്നൊക്കെ പറഞ്ഞാണ് തുളസിചേച്ചിയെ കല്യാണം കഴിച്ചത്.
ചന്ദ്രേട്ടന്‍ പറഞ്ഞത് സത്യം തന്നെയായിരുന്നു. കേരളത്തില്‍ തിയ്യ / ഈഴവ എന്നു പറയുന്ന ജാതി തമിഴ്‌നാട്ടില്‍ നാടാര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുളസി ചേച്ചിയോട് സംസാരിച്ച് സംസാരിച്ച് അവരുടെ സമുദായക്കാര്‍ പ്രയോഗിക്കുന്ന പാപ്പന്‍, മൂത്തമ്മ, ഇളയമ്മ എന്നീ വാക്കുകള്‍ ഞാന്‍ പഠിച്ചു.
പിന്നീട് ഞാന്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കളോടൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ 'എന്റെ മാതാവേ,' അപ്പച്ചന്‍, അമ്മച്ചി, അച്ചായന്‍, ചാച്ചന്‍ തുടങ്ങിയ വാക്കുകളൊക്കെ അവരില്‍ നിന്നും പഠിച്ചു. കുറച്ചു കഴിഞ്ഞ് നായര്‍ സമുദായക്കാരോടൊപ്പം താമസിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇളയച്ഛന്‍, കുഞ്ഞമ്മ, ചിറ്റപ്പന്‍, മൂത്തച്ഛന്‍ ഇങ്ങനത്തെ ചില വാക്കുകളും പഠിച്ചു. കേരളത്തിലുള്ള എല്ലാ മതത്തില്‍പ്പെട്ടവരുമായും ഹിന്ദുക്കളില്‍ ഒട്ടുമിക്ക ജാതിക്കാരുമായും ഞാന്‍ ഇടപഴകിയിട്ടുണ്ട്. അവരോടൊപ്പം ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ അവരുടെതായ ശീലങ്ങളും സ്വഭാവങ്ങളും കുറച്ചൊക്കെ പഠിച്ചുവെച്ചിട്ടുണ്ട്. ചന്ദ്രേട്ടനും അംബികച്ചേച്ചിയും മമ്മൂട്ടി ഫാന്‍സാണ്. ഞാനും തുളസിച്ചേച്ചിയും മോഹന്‍ലാല്‍ ഫാന്‍സാണ്. പിന്നീട് ഞാന്‍ മമ്മൂട്ടിയുടെയും ഫാനായി. പിറ്റേ ദിവസം ചന്ദ്രേട്ടന്‍ എന്നെയും തുളസിചേച്ചിയെയും സംഗം തിയേറ്ററിലേക്ക് മമ്മൂട്ടിയുടെ അനശ്വരം എന്ന സിനിമ കാണിക്കാന്‍ കൊണ്ടുപോയി.
കാമുകിയെ കൊന്നവരോട് നായകന്‍ പ്രതികാരം ചെയ്യുന്ന ഒരു സാധാരണസിനിമയായിരുന്നു അനശ്വരം. എസ്.പി.ബിയുടെ എക്കാലത്തെയും ഒരേ ഒരു മലയാളം ഹിറ്റ് ഗാനമായ 'താരാപഥം ചേതോഹരം...' എന്ന ഗാനം അന്നുമാത്രമല്ല ഇന്നും ഞാന്‍ കേട്ട് ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
ഞാന്‍ ചന്ദ്രേട്ടന്റെ വീട്ടിലെത്തിയിട്ട് മൂന്നാം ദിവസം രാവിലെ ചന്ദ്രേട്ടന്‍ എന്നോട് സംസാരിച്ചു. 'കോയക്കാ നിന്നെ തല്ലിയത് തെറ്റുതന്നെയാണ്. പക്ഷെ, നീ ഡ്യൂട്ടി സമയത്ത് ഉറങ്ങിപ്പോയതുകൊണ്ടാണല്ലോ ട്യൂബ് ലൈറ്റ് കളവു പോയത്. അപ്പോള്‍ നിന്റെ ഭാഗത്തും തെറ്റുപറ്റിയിട്ടുണ്ട്. നമ്മള്‍ മൂന്നുപേരും മംഗലാപുരത്തേക്കു ചെന്ന് അവിടെ കച്ചവടമൊക്കെ ചെയ്ത് രക്ഷപ്പെടാനുള്ള പദ്ധതിയൊക്കെ എന്റെ മനസ്സിലുണ്ട്. ഒരു മാസത്തിനുള്ളില്‍ നമ്മള്‍ മംഗലാപുരം പോയിരിക്കും. തല്‍ക്കാലം നീ ലോഡ്ജിലേക്ക് ചെന്ന് റൂംബോയ് പണി തന്നെ തുടരൂ.' എന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍, എനിക്ക് സമാധാനമായി. ചന്ദ്രേട്ടന്‍ എന്തു കച്ചവടമായിരിക്കും മംഗലാപുരത്ത് തുടങ്ങാന്‍ പോകുന്നത് എന്ന ആകാംക്ഷയും എനിക്കുണ്ടായി.
ഞാന്‍ അവിടെ നിന്ന് ഉച്ചയൂണും കഴിച്ച് കോഴിക്കോട്ടേക്ക് ബസ്സ് കയറി. വൈകിട്ട് നാലരമണിയായപ്പോള്‍ ലോഡ്ജിന്റെ മുന്നിലെത്തി. റെയില്‍ പാളത്തിനടുത്ത് ഓടയുണ്ട്. ആ ഓടയുടെ പടിഞ്ഞാറുഭാഗത്ത് ഒരു ചെറിയ മതിലുണ്ട്. ഞാന്‍ ആ മതിലില്‍ കയറിയിരുന്നു. നിങ്ങള്‍ക്ക് റൂം ബോയ് പണിക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിക്കാം, എന്ന അലക്ഷ്യഭാവത്തില്‍ ഞാന്‍ കാല്‍ ആട്ടിക്കൊണ്ട് മതിലില്‍ ഇരിക്കുന്നത് ലത്തീഫ്ക്കാ കണ്ടു.
ലത്തീഫ്ക്കാ എന്റെ അടുത്തുവന്ന് ഇവിടുത്തെ മാസവാടകക്കാരാണ് ട്യൂബ് ലൈറ്റ് അടിച്ചുമാറ്റിയതെന്ന് കോയക്കാ മനസ്സിലാക്കിയിട്ടുണ്ട്. നീ ഇവിടെ ഇരിക്ക്. ഞാന്‍ ഇപ്പോള്‍ വരാം. എന്നും പറഞ്ഞ് ലത്തീഫ്ക്കാ ഓഫീസ് മുറിയിലേക്ക് ചെന്നു. ഓഫീസ് മുറിയില്‍ നിന്ന് കോയക്കാ എന്റെ അടുത്തേക്ക് വന്നു 'ഇനി നീ ഡ്യൂട്ടി സമയത്ത് ഉറങ്ങാതെ മര്യാദയ്ക്ക് പണിയെടുക്കുമോ?' എന്ന് എന്നോട് ചോദിച്ചു. ഞാന്‍ ചുമ്മാ തലകുലുക്കി. എന്നാല്‍പ്പിന്നെ ഇപ്പോള്‍ത്തന്നെ പണിക്ക് കയറിക്കോ. എന്ന് കോയക്കാ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ലോഡ്ജില്‍ റൂംബോയ് പണിക്ക് കയറി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചന്ദ്രേട്ടനെ കാണാന്‍ പോയി. ''നമ്മള്‍ ദീപാവലിയുടെ അന്ന് മംഗാലാപുരത്തേക്ക് പുറപ്പെട്ടേക്കാം, നീ ദീപാവലി ദിവസം രാവിലെ ഇങ്ങോട്ട് വന്നേക്ക്. ബാക്കി കാര്യങ്ങളൊക്കെ അപ്പോള്‍ തീരുമാനിക്കാം. പിന്നെ നീ കോയക്കായോട് ഇപ്പോള്‍ തന്നെ ദീപാവലി അന്ന് നാട്ടിലേക്ക് പോയി വരാം എന്ന് പറഞ്ഞ് അനുവാദം വാങ്ങിയേക്ക്.'' എന്നുംകൂടി ചന്ദ്രേട്ടന്‍ പറഞ്ഞുതന്നു. ഞാന്‍ മുണ്ടിക്കല്‍ താഴത്തുനിന്ന് ലോഡ്ജില്‍ തിരിച്ചെത്തി. കോയക്കായോട് ഞാന്‍ ദീപാവലിക്ക് നാട്ടില്‍പോകുന്ന കാര്യം സൂചിപ്പിച്ചു. ഞാന്‍ ചന്ദ്രേട്ടന്‍ പറഞ്ഞതനുസരിച്ച് ദീപാവലി ദിവസം ഞാന്‍ ചന്ദ്രേട്ടന്റെ വീട്ടിലെത്തി.
തുളസിചേച്ചി കടുക്കാഫ്രൈയും ചോറും ഉണ്ടാക്കി വെച്ചിരുന്നു. ജീവിതത്തിലാദ്യമായിട്ടാണ് ഞാന്‍ കടുക്കഫ്രൈ കഴിക്കുന്നത്. ചോറ് കഴിച്ചതിനുശേഷം ചന്ദ്രേട്ടന്‍ എന്നോട് രാത്രി 12.30 മണിക്കുള്ള വെസ്റ്റ്കോസ്റ്റ് എക്‌സ്പ്രസ്സില്‍ നമുക്ക് മംഗലാപുരത്തേക്ക് പുറപ്പെടാം എന്നു പറഞ്ഞപ്പോള്‍ 'അവസാനമായി കോഴിക്കോട് നിന്ന് ഒരു സിനിമ കണ്ട് പോയാലോ. ദീപാവലി പ്രമാണിച്ച് കോഴിക്കോട് അപ്‌സര തിയേറ്ററില്‍ മണിരത്‌നത്തിന്റെ ദളപതി സിനിമ റിലീസായി ട്ടുണ്ട്. രജനീകാന്തും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ്. തിയേറ്ററില്‍ നല്ല തിരക്കുണ്ടാകും. രാത്രി ഒമ്പതുമണിക്കാണ് സെക്കന്റ് ഷോ. നിങ്ങള്‍ രണ്ടുപേരും കുറച്ചുനേരത്തെ അപ്‌സര തിയേറ്ററില്‍ എത്തുകയാണെങ്കില്‍ നമുക്ക് ദളപതി സിനിമയും കണ്ട് ട്രെയിനില്‍ കയറാം. എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ചന്ദ്രേട്ടനും സമ്മതിച്ചു. അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം എടുത്തിട്ട് ബാക്കിയുള്ള സാധനങ്ങളൊക്കെ പാലാഴിയിലെ തുളസിചേച്ചിയുടെ വീട്ടില്‍ കൊണ്ടുപോയി വെച്ചിട്ട് ഞങ്ങള്‍ എട്ടരമണിക്കു മുമ്പുതന്നെ അപ്‌സര തിയേറ്ററിലേക്ക് എത്തിയേക്കാം. നീയും കോയക്കായോട് പറഞ്ഞിട്ട് നിന്റെ ബാഗുമെടുത്ത് എട്ടരമണിക്ക് അപ്‌സരതിയേറ്ററിലേക്ക് എത്തിക്കോ.' എന്ന് ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ പുതിയവനം പുതിയ ഭൂമി പുതിയ ജീവിതം എന്ന് പാടിക്കൊണ്ട് അവിടെ നിന്ന് പുറപ്പെട്ടപ്പോള്‍, എന്റെ സന്തോഷം കണ്ട് ചന്ദ്രേട്ടനും തുളസിചേച്ചിയും പൊട്ടിച്ചിരിച്ചു.
ലോഡ്ജില്‍ എത്തി നാട്ടില്‍ പോയിവരാമെന്ന് കോയക്കായോട് പറഞ്ഞപ്പോള്‍ കോയക്കാ, പോയിട്ട് വേഗം തിരിച്ചുവന്നേക്കണം എന്ന് പറഞ്ഞു. ഞാന്‍ വന്നേക്കാമെന്ന് പറഞ്ഞു. രാത്രി എട്ടുമണിക്ക് എന്റെ ബാഗുമെടുത്ത് ഹോട്ടല്‍ ചിരാഗില്‍ ചെന്ന് ഭക്ഷണം കഴിച്ചതിനുശേഷം അപ്‌സരാ തിയേറ്ററിലെത്തി. അന്നത്തെക്കാലത്ത് പുതിയ സിനിമ റിലീസാകുന്ന ദിവസങ്ങളില്‍ ആണുങ്ങള്‍ക്ക് ഒരു ടിക്കറ്റേ കിട്ടത്തുള്ളൂ. പക്ഷെ പെണ്ണുങ്ങള്‍ക്ക് രണ്ടും മൂന്നും ടിക്കറ്റുകള്‍ വരെ കൊടുക്കും. എട്ടരമണികഴിഞ്ഞ് സിനിമാവിട്ടതും അപ്‌സര തിയേറ്ററില്‍ ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി.
ചന്ദ്രേട്ടനും തുളസിചേച്ചിയും പത്തുമിനിറ്റിനകം എത്തിക്കഴിഞ്ഞാല്‍ തുളസിചേച്ചിയെക്കൊണ്ട് മൂന്ന് ടിക്കറ്റ് വാങ്ങിച്ച് സുഖമായി ദളപതി സിനിമ കണ്ട് ആസ്വദിക്കാം എന്ന പ്രതീക്ഷയോടെ ഞാന്‍ അവരെയും കാത്തുനില്‍ക്കാന്‍ തുടങ്ങി. സമയം രാത്രി എട്ട് നാല്‍പതായിട്ടും ചന്ദ്രേട്ടന്‍ എത്തിയില്ല. അപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. സ്വന്തം കല്യാണത്തിന് ഒരാഴ്ച കഴിഞ്ഞ് എത്തിയ ആളാണല്ലോ ചന്ദ്രേട്ടന്‍.
ഇത് ഓര്‍മ്മയില്‍ വന്നപ്പോള്‍ ദളപതി സിനിമകാണാനുള്ള എന്റെ ആവേശമൊക്കെ കുറയാന്‍ തുടങ്ങി. എട്ട് അമ്പതായപ്പോള്‍ ബാല്‍ക്കണി ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. ഒമ്പതു മണിയായപ്പോള്‍ നാലുരൂപയുടെ ടിക്കറ്റും തീര്‍ന്നു. ഒമ്പത് അഞ്ചിന് ഫസ്റ്റ്ക്‌ളാസ് ടിക്കറ്റ് തീര്‍ന്ന് ഹൗസ്ഫുള്‍ ബോര്‍ഡ് തൂക്കി ഗെയിറ്റ് അടച്ചു. സമയം ഒമ്പത് പത്ത് ആയപ്പോള്‍ ചന്ദ്രേട്ടനും തുളസിചേച്ചിയും എത്തി. ഞാന്‍ വിഷമത്തോടെ ടിക്കറ്റ് എല്ലാം തീര്‍ന്നു എന്നുപറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ സംഗം തിയേറ്ററില്‍ ഏതു സിനിമയാണ് കളിക്കുന്നത് എന്ന് ചോദിച്ചു.
''കിഴക്കുണരും പക്ഷി. പക്ഷെ, ആ സിനിമ ഞാന്‍ കണ്ടതാ.'' എന്നു ഞാന്‍ പറഞ്ഞു. അതുസാരമില്ല, ഒന്നുകൂടി കാണാമെന്നു എന്നും പറഞ്ഞ് ചന്ദ്രേട്ടന്‍ സംഗം തിയേറ്ററിലേക്ക് നടന്നപ്പോള്‍ ഞാനും തുളസിചേച്ചിയും പിറകെ നടന്നു. ലാലേട്ടന്‍ അഭിനയിച്ച കിഴക്കുണരും പക്ഷി സിനിമ രണ്ടു പ്രാവശ്യം കാണാന്‍ മാത്രം ഒന്നുമില്ല. പക്ഷെ, ഐ.എ.എസ്സുകാരനായ ജയകുമാര്‍ എഴുതിയ 'സൗപര്‍ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങള്‍' എന്ന പാട്ട് ഒരുപാട് ഇഷ്ടപ്പെട്ട ഒന്നാണ്.
ആ പാട്ട് ഞാന്‍ വര്‍ഷങ്ങളോളം മൂളിനടന്നിരുന്നു. സംഗം തിയേറ്ററില്‍ സിനിമ കഴിഞ്ഞ് റെയില്‍വേസ്റ്റേഷനിലേക്ക് ചെന്നു. മംഗലാപുരത്തേക്ക് ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് നടന്നു.
ഒരു മണിയായപ്പോഴാണ് വെസ്റ്റ് കോസ്റ്റ് ട്രെയിന്‍ എത്തിയത്. ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു. എന്നാലും തുളസിചേച്ചിക്ക് ഇരിക്കാന്‍ ഇത്തിരി സ്ഥലം ഒപ്പിച്ചുകൊടുത്തു. കണ്ണൂര്‍ എത്തിയപ്പോള്‍ എനിക്കും ചന്ദ്രേട്ടനും ഇരിക്കാന്‍ സീറ്റുകിട്ടി. രാവിലെ 6.30-ന് ഞങ്ങള്‍ മംഗളൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഒരു ഹോട്ടലില്‍ കയറി ബ്രേയ്ക്ക്ഫാസ്റ്റ് കഴിച്ചു. 1990 കാലഘട്ടത്തില്‍ കേരളത്തില്‍ ബസ് സര്‍വ്വീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ജീപ്പ് ട്രിപ്പ് അടിക്കുമായിരുന്നു.
അതുപോലെ തന്നെ മംഗളൂരിലും ജീപ്പ് ട്രിപ്പ് അടിക്കുന്നുണ്ടായിരുന്നു. ഒരു ജീപ്പുകാരനോട് ചന്ദ്രേട്ടന്‍ കന്നഡഭാഷയില്‍ സംസാരിച്ചപ്പോള്‍ ഞാനും തുളസിച്ചേച്ചിയും മിഴിച്ചു നിന്നു. അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ജീപ്പില്‍ ഞങ്ങളോട് കയറിയിരിക്കാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ കയറിയിരുന്നു. ചന്ദ്രേട്ടനും ഞങ്ങളോടൊപ്പം കയറിയിരുന്നു. ചന്ദ്രേട്ടന്‍ എങ്ങനാ കന്നഡ പഠിച്ചത്? എന്നു ഞാന്‍ ചോദിച്ചു.
''ഞാന്‍ ഇപ്പോള്‍ സംസാരിച്ചത് കന്നഡ അല്ല മോനെ, തുളു ഭാഷയാണ്. ഇവിടെ ഈ മംഗളൂരിലാണ് ഞാന്‍ ആദ്യമായി തുണിക്കച്ചവടം ചെയ്തിരുന്നത്. അപ്പോഴാണ് തുളു ഭാഷ പഠിച്ചത്. മംഗളൂരിലെ തൊണ്ണൂറു ശതമാനം ആളുകളും തുളുഭാഷയാണ് സംസാരിക്കാറുള്ളത്. തുളുഭാഷയ്ക്ക് ലിപിയില്ല എന്ന വിവരവും ചന്ദ്രേട്ടന്‍ പറഞ്ഞുതന്നു. ജീപ്പ് പതിനഞ്ചു കി.മീ. ദൂരത്തോളം ഓടി ഒരു കുന്നിന്‍പുറത്തുകയറി നിന്നു.
ഞങ്ങള്‍ ആ ജീപ്പില്‍നിന്നും ഇറങ്ങി കുറച്ചുദൂരം നടന്നപ്പോള്‍ ഒരു ചെറിയ വീടെത്തി. ആ വീട്ടില്‍ ഒരു പ്രായമായ ഉമ്മയും ഒരു ഇത്താത്തയും ഉണ്ടായിരുന്നു. ഇത്താത്ത ബീഡി തെരയ്ക്കുന്ന ജോലി ചെയ്യുകയായിരുന്നു. ചന്ദ്രേട്ടനെ കണ്ടപ്പോള്‍ അവര്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. എന്നെയും തുളസിചേച്ചിയേയും ആ വീട്ടില്‍ നിര്‍ത്തിയിട്ട് ചന്ദ്രേട്ടന്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ വാടക വീടുനോക്കാനായി പുറത്തേക്ക് പോയി. പ്രായമായ ഉമ്മ കിടക്കുകയായിരുന്നു. ബീഡിചുറ്റിക്കൊണ്ടുതന്നെ ഇത്താത്ത തുളസിചേച്ചിയോട് തുളുഭാഷയിലും തുളസിചേച്ചി മലയാളത്തിലും കഥകള്‍ പറയാന്‍
തുടങ്ങി.
അല്പനേരം കഴിഞ്ഞപ്പോള്‍ തലേന്ന് ഉച്ചക്ക് ഞാന്‍ കഴിച്ച കടുക്കാഫ്രൈ പണി തരാന്‍ തുടങ്ങി. എന്റെ വയറിന് ഒരു പ്രത്യേകതയുണ്ട്. ചില ഭക്ഷണങ്ങള്‍ എന്റെ വയറിന് പിടിക്കില്ല. ഹോട്ടലില്‍ മായം ചേര്‍ത്തതോ പഴകിയ ഭക്ഷണമോ ആണെങ്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെത്തന്നെ എന്റെ വയറില്‍ കടപടാ എന്ന ഒച്ച തുടങ്ങും.
ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധനയ്ക്ക് എന്നെയും കൂട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ കേടായ ഭക്ഷണം ടെസ്റ്റിനൊന്നും അയക്കേണ്ടിവരില്ല. ഞാന്‍ കഴിച്ചു നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ ഏകദേശം പിടികിട്ടും. ചില ഭക്ഷണം കഴിച്ചു ഉടനെ പണികൊടുക്കും.
ചില ഭക്ഷണം ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാലേ പണിതരത്തുള്ളൂ. ആ കുന്നുംപുറത്ത് ആരുടെ വീട്ടിലും കക്കൂസ് ഇല്ല. ഞാന്‍ എന്റെ നാട്ടില്‍ അന്നത്തെ കാലത്ത് പറമ്പിലൊക്കെ ചെന്നാണ് വെളിക്കിരിക്കാറ്. അതുകൊണ്ട് ഞാന്‍ ഇത്താത്തയുടെ വീട്ടില്‍ നിന്ന് നോക്കിയപ്പോള്‍ ആളൊഴിഞ്ഞ കുന്ന് മാത്രമേ കണ്ടുള്ളൂ. ഞാന്‍ ആ കുന്നിന്‍ പുറത്ത് ഒരു മൂലയിലേക്ക് ഓടി.
മംഗളൂര്‍ എത്തിയപാടെ നല്ല ശുഭലക്ഷണമാണല്ലോ. എന്തായാലും മംഗളൂരുവിലെ ജീവിതം അടിപൊളിയാകും എന്ന് അതോടെ ഉറപ്പായി.
(തുടരും)
Content Highlights: elenko odai autobiogrphy malayalathamizhan column
Published: 07 Jul 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented