ലോഡ്ജിന്റെ രണ്ടാം നിലയില്‍ ഒരു ഹാള്‍ ഉണ്ടായിരുന്നു. ആ ഹാളില്‍ ഒരു ഫാനും ഫാനിന്റെ ചുവട്ടിലായി ഒരു കട്ടിലിന്റെ വലിപ്പത്തിലുള്ള ബെഞ്ചും 
അതിനുമേലെ ഒരു തലയിണയും കിടപ്പുണ്ടായിരുന്നു.

To advertise here,

ആ ബെഞ്ചിനു മുകളില്‍ നസീര്‍ ബെഡ്ഷീറ്റ് വിരിച്ചപ്പോള്‍ ഞാന്‍ ബാത്ത് റൂം എവിടെയാണെന്ന് ചോദിച്ചു. റൂം നമ്പര്‍ 308-ന്റെ തൊട്ടടുത്തായി ഒരു കോമണ്‍ ബാത്ത്‌റൂം ഉണ്ടായിരുന്നു. നസീര്‍ ആ ബാത്ത്‌റൂം എനിക്ക് കാണിച്ചുതന്നു. ബാത്‌റൂമിനുള്ളില്‍ യൂറോപ്യന്‍ ക്ലോസറ്റാണ് കണ്ടത്. ഞാന്‍ അന്തംവിട്ടു. ആദ്യമായിട്ടാണ് ഒരു യൂറോപ്യന്‍ ക്ലോസറ്റ് കാണുന്നത്. ഞാന്‍ നസീറിനോട് ഇതില്‍ എങ്ങിനെയാ വെളിക്കിരിക്കുന്നതെന്ന് ചോദിച്ചു.

അവന്‍ ചിരിച്ചുകൊണ്ട് എന്തോ മലയാളത്തില്‍ പറഞ്ഞു. അത് എനിക്ക് മനസ്സിലായില്ല. ഞാനവനോട് ബാത്ത്‌റൂമിനുള്ളില്‍ കയറി ഇരുന്ന് കാണിച്ചുതരാന്‍ പറഞ്ഞു. അവന്‍ നാണംകൊണ്ട് അവിടെ നിന്ന് പോയി.

അവിടെ വേറെ ആരേയും കണ്ടില്ല. പിന്നെ ഞാന്‍ എന്തുചെയ്യാന്‍! ആ യൂറോപ്യന്‍ ക്ലോസറ്റിനു മുകളില്‍ ഇരുന്നാണ് വെളിക്കിരുന്നത്. പിന്നീട് മൂന്നാലു മാസം കഴിഞ്ഞ് വയനാട്ടില്‍ നിന്ന് മൂന്നു ചെറുപ്പക്കാര്‍ മാസവാടകക്ക് താമസിക്കാന്‍ വന്നു. അതിലൊരു പയ്യന്‍ യൂറോപ്യന്‍ ക്ലോസറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഞാനതിന്റെ മുകളില്‍ കയറിയിരുന്നാണ് പോകുന്നതെന്നു പറഞ്ഞു.

അപ്പോള്‍ വേറൊരു പയ്യന്‍ പറഞ്ഞു: 'ഹേയ്...അങ്ങനല്ല... കസേരയിലിരിക്കുന്നതുപോലെ ഇരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു.
ഞങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.

307-ലെ താമസക്കാരനും ആലപ്പുഴക്കാരനുമായ രജീവേട്ടന്റെയടുക്കല്‍ പോയി ചോദിക്കാന്‍ തീരുമാനിച്ചു. അദ്ദേഹവും കസേരയില്‍ ഇരിക്കുന്നതുപോലെതന്നെ ഇരുന്ന് പോകണമെന്നു പറഞ്ഞു.

അതിനുശേഷമാണ് ഞാനും കസേരയില്‍ ഇരിക്കുന്നതുപോലെ ഇരുന്ന് യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.

നസീര്‍ നാണത്തോടെ പോയതിനുശേഷം ഞാന്‍ ബാത്ത്‌റൂമില്‍ കയറി കുളിച്ചു. അത്താഴം കഴിക്കാനായി ലോഡ്ജില്‍ നിന്ന് പുറത്തേക്കിറങ്ങി. ഇരുനൂറു മീറ്റര്‍ ദൂരം നടന്നപ്പോള്‍ എ.കെ.ജി ഫ്‌ളൈ ഓവര്‍ കണ്ടു. ബ്രിഡ്ജിനു താഴെ റെയില്‍പാളം മുറിച്ചുകടന്നപ്പോള്‍ അവിടെ പി.വി.എസ്. ഹോസ്പിറ്റല്‍ കണ്ടു. പി.വി.എസ്. ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ ഒരു കാന്റീൻ ഉണ്ടായിരുന്നു. അവിടേയ്ക്ക് ചെന്നപ്പോള്‍ പതിവിലും വലിയ ശരീരപ്രകൃതമുള്ള ഒരു ഏട്ടന്‍ ക്യാഷ് കൗണ്ടറില്‍ ഇരിക്കുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വീടും തൊട്ടടുത്ത് തന്നെ ഫ്രാന്‍സിസ് റോഡിലായിരുന്നു. അദ്ദേഹത്തിന് മൂന്നുരൂപ അമ്പതു കാശ് കൊടുത്ത് ഒരു ഊണിന് ടോക്കന്‍ വാങ്ങി ഊണുകഴിച്ചു. ഇന്ന് ആ പി.വി.എസ്.കാന്റീന്‍ ഉണ്ടായിരുന്ന സ്ഥലത്ത് കാന്റീന്‍ പൊളിച്ചുമാറ്റി കാര്‍പാര്‍ക്കിങ്ങിനുള്ള ഏരിയയായി മാറ്റി.

ഇപ്പോള്‍ പി.വി.എസ്. ഹോസ്പിറ്റലിന് പിറകുവശത്ത് പുതിയ ബില്‍ഡിംഗിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഊണുകഴിച്ച് ലോഡ്ജിലേക്ക് തിരിച്ചുവന്നു. ഫാന്‍ ഇട്ട് സുഖമായിട്ട് ബെഞ്ചില്‍ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ ആറുമണിയായപ്പോള്‍ ഹാളിലുണ്ടായിരുന്ന വടക്കുവശത്തെ ജനലിലൂടെ കിളികളുടെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. പെട്ടെന്നു തന്നെ കുളിച്ച് റെഡിയായി പുതിയ ബസ്സ്റ്റാന്‍ഡിലെത്തി ലോട്ടറി കച്ചവടം തുടങ്ങി. ചൊവ്വാഴ്ചകളില്‍ നറുക്കെടുക്കുന്നത് പെരിയാര്‍ ലോട്ടറിയാണ്. ടിക്കറ്റ് വില മൂന്ന് രൂപ. ഫസ്റ്റ് പ്രൈസ് അഞ്ചുലക്ഷം രൂപയായിരുന്നു. വെള്ളിയാഴ്ച്ച നറുക്കെടുക്കുന്നത് കൈരളി ലോട്ടറിയാണ്. ടിക്കറ്റ് വില 5 രൂപയും ഫസ്റ്റ് പ്രൈസ് പത്തു ലക്ഷവുമായിരുന്നു.

ബാക്കിയുള്ള അഞ്ചുദിവസങ്ങളില്‍ നറുക്കെടുക്കുന്നത് ഒരു രൂപയുടെ മാവേലി ലോട്ടറിയാണ്. അതിന്റെ ഒന്നാം സമ്മാനം ഒരു ലക്ഷമാണ്.

1990 കാലഘട്ടത്തില്‍ ഒരു ദിവസത്തെ ഭക്ഷണച്ചെലവിനായി എനിക്ക് ചുരുങ്ങിയത് പത്തു രൂപ വേണമായിരുന്നു. ലോഡ്ജിന്റെ വാടകയ്ക്ക് അഞ്ചുരൂപയും വേണം. ഒരു ദിവസം കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞുകൂടാന്‍ എനിക്ക് 15 രൂപ ആവശ്യമായിരുന്നു. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ലോട്ടറി വില്പനയില്‍ നിന്ന് ഇരുപതു രൂപയ്ക്ക്  മേലെ വരുമാനം കിട്ടുമായിരുന്നു.

പക്ഷേ, , ബാക്കിയുള്ള അഞ്ചു ദിവസങ്ങളില്‍ അത്രയും വരുമാനം കിട്ടിയിരുന്നില്ല. കാരണം ഒരു രൂപയുടെ മാവേലി ലോട്ടറി വിറ്റാല്‍ 20 പൈസയാണ് കമ്മീഷനായി കിട്ടുക. വൈകീട്ട് ഏഴുമണിവരെ ഓടി നടന്ന് മാവേലി ലോട്ടറി വില്പന നടത്തിയാല്‍ 35 ടിക്കറ്റുവരെ വില്‍ക്കാനേ കഴിയുമായിരുന്നുള്ളൂ. അതിന് ഏഴ് രൂപയേ കമ്മീഷനായി കിട്ടിയിരുന്നുള്ളൂ.

എന്റെ ഒരു ദിവസത്തെ ചെലവിന് പോലും ആ പണം തികയുമായിരുന്നില്ല. വേറെ വരുമാനത്തിന് ഞാന്‍ എന്തു ചെയ്യുമെന്നാലോചിച്ചു. അപ്പോഴാണ് പുതിയ ബസ്സ്റ്റാന്‍ഡിന്റെ മെയിന്‍ എന്‍ട്രന്‍സ് ഭാഗത്ത് തറയില്‍ പത്രങ്ങളും മാസികകളും ഒരു ഏട്ടന്‍ വില്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. (ഇന്നും ആ സ്ഥലത്ത് വേറൊരു ഇക്ക പത്രങ്ങളും മാസികകളും കച്ചവടം നടത്തുന്നുണ്ട്).

അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഞാന്‍ 'ചേട്ടാ... കാലൈയില്‍ പത്തുമണി വരെ ഉങ്ക പേപ്പര്‍ ഞാന്‍ സെയില്‍സ് പണ്ണട്ടുമാ...' (രാവിലെ പത്തുമണി വരെ നിങ്ങളുടെ പത്രം വിറ്റുതരട്ടെ?) എന്നു ഞാന്‍ ചോദിച്ചു. ആ ഏട്ടന്‍ ഞാന്‍ ചോദിക്കാന്‍ കാത്തിരുന്നതുപോലെ 'ആയിക്കോട്ടെ, നാളെ രാവിലെ ആറരയ്ക്ക് ഇവിടെ എത്തിക്കോ' എന്ന് പറഞ്ഞു.

പിറ്റേ ദിവസം രാവിലെ കുറച്ച് നേരത്തെ എഴുന്നേറ്റ് കുളിച്ച് റെഡിയായി കൃത്യം ആറരയ്ക്കുതന്നെ പുതിയ സ്റ്റാന്‍ഡിലെത്തി. പതിനഞ്ച് മാതൃഭൂമി പത്രവും പതിനഞ്ച് മനോരമ പത്രവും എനിക്ക് എടുത്തു തന്നു.

അഡ്വാന്‍സായി ഞാന്‍ അമ്പതുരൂപാ എടുത്തുകൊടുത്തപ്പോള്‍ 'വേണ്ട മോനെ... നീ വെച്ചോ... പത്രം വിറ്റതിനു ശേഷം തന്നാമതി' എന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം രാവിലെ പത്തുമണി ആയപ്പോഴേക്കും ആ മുപ്പതു പത്രങ്ങളും ഞാന്‍ വിറ്റുതീര്‍ത്തു. വിറ്റ പത്രത്തിന്റെ പണം ഞാന്‍ ആ ഏട്ടന് കൊണ്ടുപോയി കൊടുത്തപ്പോള്‍ അദ്ദേഹം കമ്മീഷനായി അഞ്ചുരൂപ എനിക്ക് തന്നു. അതിനുശേഷം ഞാന്‍ എല്ലാദിവസത്തെയും പോലെ ലോട്ടറി വില്പന തുടങ്ങി.

വൈകുന്നേരമായപ്പോള്‍ ലോട്ടറി വിറ്റ കമ്മീഷനും പത്രം വിറ്റ കമ്മീഷനുമായി ഏകദേശം 15 രൂപയുടെ അടുത്ത് കിട്ടിയിരുന്നു. നാലുദിവസം കുഴപ്പമില്ലാതെ അങ്ങനെ പോയി. അഞ്ചാം ദിവസം രാവിലെ ഞാന്‍ ഒരു ബസ്സില്‍ കയറി മൂന്നു പത്രം വിറ്റു പുറത്തേക്കിറങ്ങാന്‍ നേരത്ത് ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു വെള്ളമുണ്ടുടുത്ത് കയ്യില്‍ അമ്പതോളം പത്രങ്ങളും പിടിച്ച് എന്നെ ദേഷ്യത്തോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.

ആ ഏട്ടനെ ഞാന്‍ മുമ്പ് ബസ്സ്റ്റാന്‍ഡില്‍ വെച്ച് കണ്ടിട്ടുണ്ട്. രാവിലെ ഞാന്‍ ലോട്ടറി വില്‍ക്കുമ്പോള്‍ അയാള്‍ പത്രം വില്‍ക്കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടിട്ടില്ലെങ്കിലും കണ്ടപരിചയം ഉണ്ടായിരുന്നു. ഞാന്‍ പത്രം വില്പന തുടങ്ങിയപ്പോള്‍ അയാള്‍ക്ക് പത്രം വില്പന കുറഞ്ഞെന്നാണ് തോന്നുന്നത്. അതുകൊണ്ടുള്ള ദേഷ്യത്തോടെ 'എടാ, നിനക്ക് ലോട്ടറി മാത്രം വിറ്റാല്‍ പോരെ' എന്നുചോദിച്ചു.

ഞാനതിന് മറുപടിയൊന്നും പറയാതെ നടന്നപ്പോള്‍ അവന്‍ എന്റെ കൈയില്‍ കയറിപ്പിടിച്ച് 'മര്യാദയ്ക്ക് ഈ നിമിഷം പത്രം വില്‍പന നിര്‍ത്തിക്കൊള്ളണം, അല്ലെങ്കില്‍ ബസ്സില്‍ കയറാന്‍ നിനക്ക് കാലുണ്ടാവില്ല, നിന്റെ കാല് ഞാന്‍ തല്ലി ഒടിക്കും' എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ ഞാന്‍ ചെറുതായൊന്ന് ഭയന്നു.

ഞാന്‍ അവിടെ നിന്ന് കുറച്ചുദൂരം നടന്നപ്പോള്‍ കല്യാണ ഓടൈ ഗ്രാമത്തിലെ ആണുങ്ങളുടെ ദേഷ്യം എന്റെ ശരീരത്തിലേക്ക് പാഞ്ഞുകയറി. ഞാന്‍ തിരിഞ്ഞ് നിന്ന് അവനെ നോക്കി. അവന്‍ മറ്റൊരു ബസ്സില്‍ പത്രം വില്‍ക്കാന്‍ കയറി. ഞാന്‍ തിരിച്ച് അവന്‍ പത്രം വില്‍ക്കാന്‍ കയറിയ ബസ്സിലേക്ക് കയറി പത്രം വില്‍ക്കാന്‍ തുടങ്ങി.

അവന്‍ പത്രം വില്‍ക്കുന്നതു നിര്‍ത്തി എന്നെ നോക്കി പേടിപ്പിക്കുകയായിരുന്നു. ഞാന്‍ അതു കാര്യമാക്കാതെ അടുത്ത ബസ്സില്‍ കയറി കച്ചവടം ചെയ്യാന്‍ തുടങ്ങി. അരമണിക്കൂര്‍ കൂടി കച്ചവടം ചെയ്തതിനുശേഷം നേരെ തിരിച്ച് പത്രം വില്‍ക്കാന്‍ തന്ന ഏട്ടന്റെ അടുത്തേക്ക് ചെന്നു.

ഞാന്‍ ബാക്കിയുണ്ടായിരുന്ന പത്രങ്ങളും വിറ്റ പത്രങ്ങളുടെ പണവും ആ ഏട്ടന് തിരിച്ചു കൊടുത്തു. ഇനി മുതല്‍ ഞാന്‍ പത്രം വില്‍ക്കാന്‍ വരുന്നില്ലെന്നും പറഞ്ഞു. ആ ഏട്ടന്‍ എന്തുപറ്റ, എന്തുപറ്റി? എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിനൊന്നും മറുപടി പറയാതെ ലോട്ടറി വാങ്ങി വില്പന തുടങ്ങി.

ബസ് സ്റ്റാൻഡിൽ ലോട്ടറി വില്‍ക്കുന്നവരായി വേറെയും മൂന്നുനാലുപേരുണ്ടായിരുന്നു. അവര്‍ക്കൊക്കെ ലോട്ടറിക്കച്ചവടം ചെയ്ത് പരിചയമുള്ളതുകൊണ്ട് നല്ല വരുമാനവും കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ അവരാരും എന്റെ ലോട്ടറി വില്‍പനയെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടില്ല.

പക്ഷേ, പത്രവില്പനക്കാരനായി ഇവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ കച്ചവടത്തിന് ഞാന്‍ ഭീഷണിയാകുമെന്ന് അവന്‍ കരുതി. അവന്റെ വരുമാനം കുറഞ്ഞിട്ടുണ്ടാവുമെന്നത് തീര്‍ച്ച. എന്തായാലും അന്യനാട്ടില്‍ നിന്നും ജീവിതം തേടിവന്ന എനിക്ക് അവനുമായി അടികൂടാന്‍ ഒക്കില്ലല്ലോ (ഇന്നാണെങ്കില്‍ ബസ്സ്റ്റാന്‍ഡിലെ വില്‍പനക്കാരുടെ യൂണിയന്‍കാര്‍ എന്നെ അടിച്ച് ഓടിച്ചേനെ.)

അതുകൊണ്ട് പത്രവില്പന ഞാന്‍ അവിടെ വെച്ച് അവസാനിപ്പിച്ചു. ലോട്ടറി വില്പനയില്‍ക്കൂടി ചെലവൊക്കെ കിഴിച്ച് ചില ദിവസങ്ങളില്‍ രണ്ടോ മൂന്നോ രൂപ മിച്ചം കിട്ടുമായിരുന്നു. ആ കാശ് ലോഡ്ജിലെ ഞാന്‍ കിടന്നുറങ്ങാറുള്ള ബെഞ്ചിന്റെ താഴെ വെച്ച ബാഗിന്റെ അറയില്‍ സൂക്ഷിച്ചു വെച്ചിരുന്നു. ഒരു ദിവസം ആ കാശ് എത്രയുണ്ടെന്ന് പരിശോധിച്ചപ്പോള്‍ കുറേ കാശ് കാണാനില്ല. ആ ലോഡ്ജിന്റെ മുതലാളിയുടെ പേര് കോയക്ക എന്നായിരുന്നു. അദ്ദേഹത്തിന്റെ വീട് തിരുവണ്ണൂര്‍ ആണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോയക്കയും അയാളുടെ സുഹൃത്ത് ആലിക്കോയയും കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജിലെ പണിക്കാരായിരുന്നു. പിന്നീട് ആ ലോഡ്ജ് കോയക്കാ ലീസിനെടുത്ത് നടത്തി.

കേരളത്തിലുള്ള ഇക്കാമാരും തമിഴ്‌നാട്ടിലുള്ള ഇക്കാമാരും എന്തു കച്ചവടം തുടങ്ങിയാലും അവര്‍ അതുമിടുക്കായി ചെയ്യാന്‍ കഴിവുള്ളവരാണ്. അങ്ങനെ കോയക്കായും തന്റെ മിടുക്കുകൊണ്ട് ലീസിനെടുത്ത ലോഡ്ജില്‍ കൂടി പണമുണ്ടാക്കി ഫ്രാന്‍സിസ് റോഡില്‍ ഒരു സ്ഥലം സ്വന്തമായി വാങ്ങി. 35 റൂമുകളുള്ള മൂന്നുനില കെട്ടിടം പണി കഴിപ്പിച്ച് ലോഡ്ജ് തുടങ്ങി. ഹൈവേ ടൂറിസ്റ്റ് ഹോം എന്നായിരുന്നു പേര്. (കോഴിക്കോട് റെയില്‍ വേസ്റ്റഷനില്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്ന് പടിഞ്ഞാറെ ഭാഗത്ത് വലതുവശത്ത് ഇന്നും ആ ലോഡ്ജ് കാണാം. റെയില്‍ വ്യൂ എന്ന പേരിലാണെന്ന് മാത്രം.)

റെയില്‍പാളത്തിനപ്പുറം ആയതുകൊണ്ട് അഞ്ചോ ആറോ റൂമുകള്‍ മാത്രമേ ദിവസവാടകയ്ക്ക് പോയിരുന്നുള്ളൂ. ബാക്കിയുള്ള റൂമുകളൊക്കെ മാസവാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങി. രാത്രിയില്‍ റിസപ്ഷനിസ്റ്റായ സുരേഷും താല്ക്കാലിക റൂംബോയി ആയ നസീറുമാണ് ഉണ്ടായിരുന്നത്. പകലില്‍ റിസപ്ഷനിസ്റ്റായി നൗഷാദും റൂംബോയ് കം മാനേജരായി ലത്തീഫ്ക്കായും ചെറിയ സഹായങ്ങള്‍ക്കൊക്കെ കോയക്കയുടെ സുഹൃത്ത് ആലിക്കോയയും ഉണ്ടായിരുന്നു.

ഞാന്‍ ലത്തീഫ്ക്കായോട് എന്റെ കാശ് കാണാതായ കാര്യം പറഞ്ഞു. അദ്ദേഹം എന്നെയും കൂട്ടി ഫസ്റ്റ് ഫ്‌ളോറിലേക്ക് ചെന്നു. പുതിയാപ്പയില്‍ നിന്ന് ഒരു ചേച്ചി ലോഡ്ജിലേക്ക് സ്വീപ്പര്‍ പണിക്ക് വരാറുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും പോയപ്പോള്‍ ഫസ്റ്റ്ഫ്‌ളോറിലെ കോമണ്‍ ബാത്്‌റൂം കഴുകിക്കൊണ്ടിരിക്കയായിരുന്നു.

ലത്തീഫ്ക്കാ എന്നെ അവര്‍ക്ക് കാണിച്ചുകൊടുത്ത് 'ഇവന്‍ ലോട്ടറി കച്ചവടം ചെയ്യുന്ന ഒരു പാവം പയ്യനാണ്. ഇവന്റെ ബാഗാണ് ബഞ്ചിനു ചുവട്ടിലുള്ളത്. ആ ബാഗിലുണ്ടായിരുന്ന കാശ് കാണാനില്ലെന്നാണ് ഇവന്‍ പറയുന്നത്. നിങ്ങളെടുത്തോ?' എന്നു ചോദിച്ചപ്പോള്‍ അവര്‍ അലക്ഷ്യഭാവത്തില്‍ ഞാനെടുത്തില്ലെന്ന് പറഞ്ഞു.

'ഇനി എടുക്കരുത്.'ലത്തീഫ്ക്കാ ദേഷ്യഭാവത്തില്‍ അവരോട് പറഞ്ഞു.

പിന്നീട് ലത്തീഫ്ക്കാ എന്നെയും കൂട്ടി രണ്ടാം നിലയില്‍ ഞാന്‍ കിടക്കുന്ന ബെഞ്ചില്‍ ചെന്നിരുന്നു. എന്നിട്ട് പറഞ്ഞു: 'അവര്‍ തന്നെയാണ് ആ കാശ് എടുത്തിട്ടുണ്ടാവുക. തൊട്ടടുത്തായി ഒരു പട്ടച്ചാരായ ഷാപ്പുണ്ട്. അവിടെ അഞ്ചുരൂപ കൊടുത്താല്‍ ഒരു കുപ്പി ചാരായം കിട്ടും. ആ ചാരായം വാങ്ങാനായി എടുത്തതായിരിക്കും നിന്റെ കാശ്. ഈ ജോലിക്ക് വേറെ ആളെ കിട്ടുന്നില്ല. അതുകൊണ്ടാണ് മുതലാളി അവരെ പറഞ്ഞുവിടാതിരിക്കുന്നത്. ഇനി നീ ഇവിടെ കാശൊന്നും വെക്കരുത്' എന്ന് എന്നെ സ്‌നേഹത്തോടെ ഉപദേശിച്ചു. ഞാന്‍ അതിനുശേഷം ചില്ലറ കാശൊന്നും ബാഗില്‍ വെക്കാറില്ല. എന്നാലും എന്റെ അല്ലാത്ത പണം അമ്പതുരൂപ ഞാന്‍ ആ ബാഗില്‍ത്തന്നെ ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു.
 
ആ പണം എവിടെയാണ് ബാഗില്‍ ഒളിപ്പിച്ചുവെച്ചത് എന്ന് പിന്നീട് ഞാന്‍ പറഞ്ഞുതരാം.

എന്റെ അല്ലാത്തപണം എന്നു പറഞ്ഞാല്‍ പെട്ടെന്ന് ഒരത്യാവശ്യം വന്നാല്‍ ഞാന്‍ ആരുടെ അടുത്തുചെന്ന് പണം ചോദിക്കും?

അതുകൊണ്ട് എന്റേതല്ലാത്ത പണം എന്ന് സ്വയം പറഞ്ഞ് ഞാന്‍ അമ്പതു രൂപ മാറ്റിവെക്കാന്‍ ആ കാലഘട്ടത്തില്‍ തുടങ്ങി. ആ നല്ല ശീലം ഇന്നും എന്റെ കൂടെയുണ്ട്. അന്ന് അമ്പതു രൂപയാണെങ്കില്‍ ഇന്ന് രണ്ടായിരം രൂപയാണ് ഞാന്‍ മാറ്റിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ മുപ്പത്തിനാലു വര്‍ഷങ്ങളില്‍ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കായി നൂറോ അഞ്ഞൂറോ കടം ചോദിക്കേണ്ടി വന്നിട്ടില്ല.

ഞാനിങ്ങനെ എന്റേതല്ലാത്ത പണം സൂക്ഷിക്കുന്ന വിവരം എന്നോടൊപ്പം താമസിച്ചിരുന്ന ചില സുഹൃത്തുക്കള്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് ആവശ്യം വരുമ്പോള്‍ എടാ നിന്റെ കൈയ്യില്‍ നിന്റേതല്ലാത്ത പണം ഉണ്ടല്ലോ. ആ പണം കടമായിട്ടുതാടാ എന്നു ചോദിക്കുമായിരുന്നു. അവര്‍ക്ക് അത്രയും അത്യാവശ്യമാണെങ്കില്‍ മാത്രം ഞാന്‍ ആ പണം കൊടുക്കുമായിരുന്നു. അല്ലെങ്കില്‍ കൊടുക്കുകയുമില്ല. ഇതു വായിക്കുന്ന നിങ്ങളും ഇതുപോലെ തന്നെ നിങ്ങളുടേതല്ലാത്ത പണം കുറച്ച് മാറ്റിവെക്കുന്നത് നല്ല ശീലമായിരിക്കും. 

ലോട്ടറി കച്ചവടം നടക്കുന്നു, എന്റെ ചെലവ് കഴിഞ്ഞുപോകുന്നു എന്നല്ലാതെ വേറെ മെച്ചമൊന്നുമില്ല. അതുകൊണ്ട് ഞാന്‍ വേറെ എന്തെങ്കിലും കച്ചവടം ചെയ്താലോ എന്ന ചിന്തയിലായി ഞാന്‍. അങ്ങനെ ആലോചിച്ച് അവസാനം വറുത്ത നിലക്കടല കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പാളയം ബസ്സ്റ്റാന്‍ഡിലെ മാരിയമ്മന്‍ കോവിലിന് മുന്നിലുള്ള കടയില്‍ ഒരു ചാക്ക് വറുത്ത നിലക്കടല രാവിലെ തന്നെ കൊണ്ടുവന്നുവെക്കും. ആ ചാക്ക് കടല വിറ്റുതീരുമ്പോള്‍ വീണ്ടും ഒരു ചാക്ക് വറുത്ത കടലകൊണ്ടുവന്നു വെക്കും.

 അങ്ങനെ ഒരു ദിവസം കൊണ്ടുതന്നെ വറുത്ത ചൂടുള്ള കടല അഞ്ചോ ആറോ ചാക്ക് വിറ്റുതീരുമായിരുന്നു. ഇന്നും അങ്ങനെ വറുത്ത ചൂടുള്ള നിലക്കടല പാളയത്ത് കിട്ടാറുണ്ട്. ഇപ്പോള്‍ പുതിയ ബസ്സ്സ്റ്റാന്‍ഡ് ഭാഗത്തും വറുത്ത നിലക്കടല കിട്ടുന്നുണ്ട്.

ചാമുണ്ഡേശ്വരി ഹോട്ടലിനു മുന്നിലുള്ള കടയില്‍ ചെന്ന് ഒന്നര കിലോ വറുത്ത നിലക്കടല ഞാന്‍ വാങ്ങി. അവിടുന്നു തന്നെ ചെറിയ പ്ലാസ്റ്റിക് കവറും വാങ്ങി. പാളയത്ത് നിന്ന് നേരെ പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് നടന്നെത്തി. കുമാരേട്ടനോട് 'ഞാനിന്നുമുതല്‍ നിലക്കടല വ്യാപാരം പണ്ണപ്പോറേന്‍' എന്നും പറഞ്ഞ് ഒരു മെഴുകുതിരിയും ഒരു തീപ്പെട്ടിയും അവിടെ നിന്ന് വാങ്ങിയതിനുശേഷം നേരെ ബുഹാരി ഹോട്ടലിന്റെ തൊട്ടടുത്തുള്ള സ്റ്റെയര്‍ കെയ്‌സില്‍ കയറി ബസ്സ്റ്റാന്‍ഡിന് മുകളിലെത്തി. അവിടെ ഒരു സ്ഥലത്തിരുന്ന് ഒരു മെഴുകുതിരി കത്തിച്ചുവെച്ചു. ചെറിയ പ്ലാസ്റ്റിക് കവറെടുത്ത് ഉള്ളം കൈ അളവില്‍ വറുത്ത കടലയെടുത്ത് ആ പ്ലാസ്റ്റിക് കവറിലിട്ട് കത്തിച്ചുവെച്ച മെഴുകുതിരിയില്‍ കവറിന്റെ വായ്ഭാഗം മടക്കി ചൂടാക്കി ഒട്ടിച്ചു.

പാളയത്തില്‍ നിന്ന് വരുമ്പോള്‍ തന്നെ ഞാന്‍ ഒരു ചെറിയ പ്ലാസ്റ്റിക്ക് കൊട്ട വാങ്ങിവെച്ചിരുന്നു. ആ കൊട്ടയിലേക്ക് കടല പാക്കറ്റുകള്‍ നിറച്ചുവെച്ച കൊട്ടയെടുത്ത് ബസ് സ്റ്റാന്‍ഡിനുമുകളില്‍ നിന്ന് താഴേക്കിറങ്ങി. കണ്ണൂര്‍ ബസ്സില്‍ കയറി ചൂടുള്ള വറുത്ത കടല... ചൂടുള്ള വറുത്ത കടല... എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കച്ചവടം തുടങ്ങി.

രാവിലെ 11 മണിക്ക് വില്പന തുടങ്ങി വൈകീട്ട് ഏഴുമണിയായിട്ടും കടല പാക്കറ്റ് വിറ്റുതീര്‍ന്നില്ല. ഞാന്‍ ആ കടലകൊട്ടയുമെടുത്ത് നേരെ എന്റെ ലോഡ്ജിലേക്ക് ചെന്ന് കിടന്നുറങ്ങി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് പാളയം ബസ്സ്റ്റാന്‍ഡിലേക്ക് ചെന്നു. അവിടെ പാലക്കാട്, മാവൂര്‍ ഭാഗത്തേക്കുപോകുന്ന ബസ്സുകളിലൊക്കെ കയറി ബാക്കി വന്ന കടല വിറ്റുതീര്‍ക്കാന്‍ ശ്രമം തുടങ്ങി.

തലേദിവസം രാവിലെ വാങ്ങിയ വറുത്തകടല വിറ്റുതീര്‍ക്കാന്‍ പിറ്റേദിവസം വൈകുന്നേരം നാലുമണിയായി. പാളയം ബസ്സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തായി യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി നാലഞ്ചു സിമന്റ് ബെഞ്ചുകള്‍ അന്നത്തെക്കാലത്ത് ഉണ്ടാക്കിവെച്ചിരുന്നു. പിന്നീട് കോഴിക്കോട് കോര്‍പ്പറേഷന്‍ പണത്തോടുള്ള ആര്‍ത്തി കാരണം ആ സിമന്റ് ബെഞ്ച് പൊളിച്ചുമാറ്റി അവിടെ നാലഞ്ചു കടകള്‍ പണിത്, ആ കടകള്‍ വാടകയ്ക്ക് കൊടുത്ത് കോര്‍പ്പറേഷന്‍ പണം സമ്പാദിക്കാന്‍ തുടങ്ങി.

ആ സിമന്റ് ബെഞ്ചില്‍ ചെന്ന് ഞാനിരുന്നു. നിലക്കടല വില്പനയുടെ കണക്ക് നോക്കിയപ്പോള്‍ കാര്യമായ ലാഭമൊന്നുമുണ്ടായിരുന്നില്ല. എന്തായാലും ഇനി കടല കച്ചവടം ചെയ്യുന്നില്ല എന്ന് ഞാന്‍ അപ്പോള്‍ തന്നെ തീരുമാനിച്ചു.

ഇനി എന്തു കച്ചവടം ചെയ്യും? ഞാന്‍ അവിടെ ഇരുന്ന് ആലോചിച്ചു. തലേ ദിവസം രാവിലെ നിലക്കടല വാങ്ങാനായി പാളയത്തെത്തിയപ്പോള്‍ പാളയം ജംഗ്ഷനില്‍ മൂന്നു നാല് അക്കാമാര്‍ ഇരുന്ന് പൂക്കച്ചവടം നടത്തുന്നുണ്ടായിരുന്നു. പക്ഷേ, പുതിയ ബസ്റ്റാന്‍ഡില്‍ പൂക്കച്ചവടക്കാര്‍ ആരെയും കണ്ടിരുന്നില്ല. അതുകൊണ്ട് പിറ്റേ ദിവസം മുതല്‍ പൂക്കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ, പൂക്കച്ചവടം ചെയ്യാന്‍ പണത്തിന് ഞാനെന്തു ചെയ്യും?

ഇങ്ങനെ ഓരോന്നാലോചിച്ചിരുന്നപ്പോഴാണ് ചങ്ങരംകുളത്തെ ഇക്കയുടെ കട ഓര്‍മ്മയില്‍ വന്നത്. ആ ഇക്ക എനിക്ക് പണിയെടുത്ത കൂലിയായ നൂറ്റമ്പത് രൂപ തരാനുള്ള കാര്യം അപ്പോഴാണ് ഓര്‍മ്മയില്‍ വന്നത്. അയാള്‍ എനിക്ക് പണം തരാമെന്ന് പറഞ്ഞ ഡേറ്റും അന്നുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ പിറ്റേദിവസം രാവിലെ ഞാന്‍ ചങ്ങരം കുളം പോകാന്‍ തീരുമാനിച്ചു. ഇക്കായുടെ കൈയില്‍ നിന്ന് ആ 150 രൂപ വാങ്ങി വന്ന് പൂക്കച്ചവടം തുടങ്ങാന്‍ തീരുമാനിച്ചു.

ഞാനവിടുന്ന് എഴുന്നേറ്റ് പാളയം ജംഗ്ഷനിലെത്തിയപ്പോള്‍ ഒരു അക്കാ പൂക്കച്ചവടം ചെയ്തുകൊണ്ട് റോഡരികില്‍ ഇരിപ്പുണ്ടായിരുന്നു.

'അക്കാ-ഇന്ത പൂ എങ്കിരുന്ത് വാങ്ക്നീങ്കേ?' (ചേച്ചീ, ഈ പൂവ് എവിടെ നിന്നാ വാങ്ങിയത്?) എന്നു ചോദിച്ചു.

ആ അക്കാ തിരിഞ്ഞ് ചാമുണ്ഡേശ്വരി ഹോട്ടലിന്റെ ഭാഗത്തേക്ക് കൈചൂണ്ടികാണിച്ച് 'അന്ത ഹോട്ടല്‍ മേലേ ഒരു ലോഡ്ജ് ഇരുക്ക്, അന്ത ലാഡ്ജിലെ 104-ാം റൂമിലെ ഗണേഷ് എന്നയാള്‍ ഇരുക്ക്. അന്ത ആളെ പോയി പാര്.' എന്നു പറഞ്ഞു.

ഞാന്‍ നേരെ ചാമുണ്ഡേശ്വരി ലോഡ്ജിലെ 104-ാം നമ്പര്‍ റൂമിലെത്തി. അവിടെ ഗണേശനണ്ണന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. റൂമിന്റെ താഴെ കൊട്ടയില്‍ പൂക്കള്‍ നിറച്ചുവെച്ചിട്ടുണ്ട്.

ഞാന്‍ ഗണേഷ് അണ്ണനോട് എനിക്ക് കച്ചവടം ചെയ്യാന്‍ പൂ വേണം എന്നു പറഞ്ഞപ്പോള്‍, 'കാലെയിലെ വാ തമ്പീ... ഉനക്ക് നാന്‍ പൂ തറേന്‍' എന്നു പറഞ്ഞു.

'നാളെ ഞാന്‍ കുറ്റിപ്പുറം പോറേന്‍, നാളെ മറുനാള്‍ (മറ്റന്നാള്‍) വന്ത് പൂ വാങ്ങിക്കിറേന്‍...'എന്ന് ഞാന്‍ ഗണേഷണ്ണനോട് പറഞ്ഞിട്ട് ഞാന്‍ വീണ്ടും പാളയം ബസ് സ്റ്റാന്‍ഡിലെ സിമന്റു ബെഞ്ചില്‍ ചെന്നിരുന്നു. ഈ പൂക്കച്ചവടമെങ്കിലും മിടുക്കായി ചെയ്ത് കാശുകാരനാവണം എന്ന ഒരേയൊരു ചിന്ത മാത്രമായിരുന്നു മനസ്സുനിറയെ. എന്നോടൊപ്പം സിമന്റ് ബെഞ്ചില്‍ ഒരു ബസ് ഡ്രൈവര്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞാനദ്ദേഹത്തോട് ചോദിച്ചു.

'ഇവിടെ നിന്ന് കുറ്റിപ്പുറത്തേക്ക് രാവിലെ ആദ്യത്തെ ബസ്സ് എത്ര മണിക്കാണ് പുറപ്പെടുക?'

 രാവിലെ ആറുമണിക്ക് ബസ്സുണ്ടെന്ന് ആ ഡ്രൈവര്‍ എന്നോട് പറഞ്ഞു. ലോഡ്ജില്‍ ഒരു രാത്രി ബെഞ്ചില്‍ കിടക്കുന്നതിനാണ് ഞാന്‍ അഞ്ചുരൂപ വാടകകൊടുക്കുന്നത്. ഇന്നത്തെ രാത്രി പാളയത്തെ സിമന്റു ബെഞ്ചില്‍ത്തന്നെ കിടന്നുറങ്ങിയാല്‍ അഞ്ചുരൂപ ലാഭിക്കാമല്ലോ, ഞാന്‍ നേരെ ലോഡ്ജിലേക്കു ചെന്നു. റിസപ്ഷനിസ്റ്റ് സുരേഷിനെ കണ്ടു. ഇന്നു ഞാന്‍ കുറ്റിപ്പുറത്തേക്ക് പോവുകയാണ് അതുകൊണ്ട് ഇന്ന് ഞാനിവിടെ കിടക്കുന്നില്ല. ആയതുകൊണ്ട് ഇന്നത്തെ വാടക തരുന്നില്ല എന്നു പറഞ്ഞപ്പോള്‍ സുരേഷും ആയിക്കോട്ടെ എന്നുപറഞ്ഞു.

ഞാന്‍ ലോഡ്ജില്‍ നിന്ന് കുളി കഴിഞ്ഞ് പുഷ്പ ജംഗ്ഷന് അടുത്തുള്ള സംഗം ഹോട്ടലില്‍ ചെന്നു. അക്കാലഘട്ടത്തില്‍ സംഗം ഹോട്ടലില്‍ ബോട്ടിക്കറി പ്രശസ്തമായിരുന്നു. ഞാന്‍ അവിടെ ചെന്ന് ബോട്ടിക്കറിയും പൊറോട്ടയും കഴിച്ചു. (ഇന്ന് ആ ഹോട്ടല്‍ ഉണ്ടായിരുന്ന സ്ഥലത്ത് വേറെ വ്യാപാര സ്ഥാപനങ്ങള്‍ വന്നു.)

സംഗം ഹോട്ടലില്‍ നിന്ന് ഞാന്‍ നേരെ പാളയം ബസ് സ്റ്റാന്‍ഡിലെത്തി സിമന്റു ബെഞ്ചില്‍ കിടന്നുകൊണ്ട് ആലോചിച്ചു. ചങ്ങരംകുളത്തെ ഇക്കാ എനിക്ക് തരാനുള്ള പണം തന്നില്ലെങ്കില്‍ ഞാനെങ്ങനെ പൂക്കച്ചവടം തുടങ്ങും? എങ്ങനെ കോഴിക്കോട് ജീവിക്കും? ഇങ്ങനെ ഓരോന്നും ആലോചിച്ചപ്പോള്‍ ടെന്‍ഷനായി. എന്നാലും അത് കാര്യമാക്കാതെ, ദൈവം ഏതെങ്കിലുമൊരുവഴി കാണിച്ചുതരുമായിരിക്കും എന്ന ശുഭ വിശ്വാസത്തോടെ ഞാന്‍ ഉറങ്ങാന്‍  തുടങ്ങി.

(തുടരും)