
രണ്ടായിരത്തിപത്ത്. കുട്ടികള്‍ക്കു വേനലവധിയുടെ കാലം. അന്ന് മകന് കൂട്ടുകാരുടെ കൂടെ പുഴയ്ക്കരയില്‍ ഒരു തേനീച്ചക്കൂട് കണ്ടു. അതില്‍ നിന്നും തേനെടുക്കാന്‍ പോയി. തേനെടുക്കുമ്പോള് തേനീച്ച കുത്തി. പിറ്റേ ദിവസമാകുമ്പോഴേക്കും അവന്റെ കണ്ണിന്റെ അടിയില്‍ നീര് വന്നുവീര്ത്തു. ആശുപത്രിയില്‍ കാണിച്ചു. പെരുമ്പയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി അവനുവേണ്ടി ഞങ്ങള്‍ മരുന്നു വാങ്ങിക്കുകയായിരുന്നു. മെഡിക്കല്‍ ഷോപ്പിനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വേറെ വണ്ടിയൊന്നുമില്ലാത്തതോണ്ട് എന്റെ ഓട്ടോ അവിടെ നിര്‍ത്തിയിട്ടാണ് ശ്രീഷ്കാന്ത് മരുന്ന് വാങ്ങിക്കാന്‍ മെഡിക്കല്‍ ഷോപ്പില്‍ കയറിയത്. ഞാന്‍ ഓട്ടോയുടെ അടുത്തുതന്നെ നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ പിന്നില്‍ വേറൊരു ഓട്ടോ ഡ്രൈവര്‍ വന്നു വണ്ടി കൊണ്ട് വന്നു നിര്‍ത്തി, ഞങ്ങളുടെ വണ്ടി എടുത്തു മാറ്റുവാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ 'ഏട്ടാ ഞാന്‍ പോവുകയാണ് നിങ്ങളുടെ വണ്ടി മുന്നില്‍ കയറ്റി വെച്ചോ' എന്ന് പറഞ്ഞു. പക്ഷെ അയാള്‍ ഉടനെ 'വണ്ടി എടുത്തു മാറ്റെടീ' എന്ന് ആക്രോശിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും വെള്ളമടിച്ചിട്ടാണ് വര്‍ത്താനം പറയുന്നത്, പോലീസിനെ വിളിക്കണം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഉടനെ തന്നെ അയാളും കൂട്ടരും പോലീസിനെ വിളിച്ചു.
പെട്ടെന്ന് പോലീസ് വന്നു. പോലീസ് ശ്രീഷ്കാന്തിനെ പിടിച്ചു പോലീസ് ജീപ്പിലേക്കിട്ടു. എന്തിനാണ് എന്നെ പിടിച്ചുകൊണ്ട് പോകുന്നതെന്നറിയാതെ പോലീസ് ജീപ്പില്‍ കയറില്ല എന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതോടെ ഒരു വനിതാ പോലീസ് എന്നെ തല്ലി. ഞാന്‍ ആ വനിതാ പോലീസിന്റെ കരണം പുകച്ച് ഒന്നു കൊടുത്തു. ഞാന്‍ അവരുടെ അരയിലെ ബെല്‍റ്റില്‍ കയറി പിടിച്ചിട്ടാണ് കരണക്കുറ്റിക്ക് അടിച്ചത്. അത്രക്ക് ദേഷ്യമുണ്ടായിരുന്നു എനിക്ക്. വീണ്ടും ആ പോലീസുകാരി എന്നെ തല്ലാന്‍ വന്നപ്പോള്‍ ഞാന്‍ പിടിച്ച ആ ബെല്‍റ്റ് ഊരി ഞാന്‍ വീണ്ടും തല്ലും എന്ന് പറഞ്ഞു. അതുകൊണ്ട് കാര്യം പറഞ്ഞിട്ട് അടിക്കാന്‍ ഞാന്‍ പറഞ്ഞു. കാര്യം പറഞ്ഞാലേ കയറുകയുള്ളോ എന്നുചോദിച്ച് അവര്‍ ബലമായി പിടിച്ച് പോലീസ് ജീപ്പില്‍ കയറ്റി. എന്നെയും ശ്രീഷ്കാന്തിനെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അന്നു രാവിലെ കൊണ്ടുപോയ ഞങ്ങളെ വൈകുന്നേരം ആറുമണി വരെ പച്ചവെള്ളം തരാതെ ലോക്കപ്പിലിട്ടു. അതിനിടയില്‍ ആശുപത്രിയില്‍ കൊണ്ടുപോകാനായി ശ്രീഷ്കാന്തിനെ ജീപ്പിലേക്കു പിടിച്ചുകയറ്റി. എന്നെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഞാന്‍ ജീപ്പില്‍ കയറിയില്ല. പോലീസുകാര്‍ക്ക് എത്ര ശ്രമിച്ചിട്ടും എന്നെ ജീപ്പില്‍ കയറ്റാന്‍ പറ്റുന്നില്ല. ഞാന്‍ ജീപ്പിന്റെ കമ്പി മുറുക്കെ പിടിച്ചു നിന്നു. പോലീസുകാരുടെ കൈ അയഞ്ഞതോടെ ഞാന്‍ നിലത്തു കിടന്നു. എന്നെ നിലത്തുനിന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അവിടെ കൂടെ നിന്നവര്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. ഇവിടെ വീഡിയോ ഷൂട്ട് ചെയ്യാന്‍ പാടില്ല എന്ന് ആക്രോശിച്ചുകൊണ്ട് പോലീസ് അവരുടെ കൈയില്‍ നിന്നും മൊബൈല്‍ വാങ്ങി. വീഡിയോ ഡിലീറ്റ് ചെയ്താണ് ഫോണുകള്‍ തിരിച്ചു കൊടുത്തത്. അപ്പോഴേക്കും അവിടെ ചാനലുകാരും എത്തി ഷൂട്ട് ചെയ്യാന്‍ തുടങ്ങിയിരുന്നു. പോലീസുകാര്‍ ചാനലുകാരോട് ഞങ്ങള്‍ രണ്ടുപേരും നല്ല നിലയില്‍ മദ്യപിച്ചിട്ടാണുള്ളത് അതുകൊണ്ട് അവര്‍ ഷൂട്ട്ചെയ്താല് അവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് പറഞ്ഞു. അതോടെ ചാനലുകാരും മടങ്ങിപ്പോയി. പോലീസുകാര്‍ എന്റെ കാലില്‍ ഷൂ ഇട്ടു ചവിട്ടി. നിലത്തുനിന്നും പിടിച്ച് എഴുന്നേല്പിച്ചാണ് പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Also Read
അന്നുതന്നെ ഉച്ചപത്രത്തിലൊക്കെ വാര്‍ത്ത വന്നു. വാര്‍ത്തയുടെ തലക്കെട്ട് 'ചിത്രലേഖയുടെ അടി കിട്ടാത്ത എത്ര പോലീസുകാരുണ്ട്?' എന്ന രീതിയിലായിരുന്നു. ചിത്രലേഖ മദ്യപിച്ചു ബഹളമുണ്ടാക്കി അറസ്റ്റ് ചെയ്യപ്പെട്ടു എന്നതാണ് വാര്‍ത്ത. എന്നെ അനുകൂലിച്ചും പത്രങ്ങളില്‍ വാര്‍ത്ത ഉണ്ടായിരുന്നു. അന്നു വൈകുന്നേരം വരെ ഒരു തുള്ളി വെള്ളം തരാതെ പോലീസുകാര്‍ ഞങ്ങളെ ലോക്കപ്പില്‍ കിടത്തി. അന്ന് എന്റെ പേഴ്സ് വണ്ടിയിലുണ്ടായിരുന്നു. അതിനകത്ത് പതിനായിരം രൂപയുമുണ്ടായിരുന്നു. എന്റെ വണ്ടി പോലീസ് സ്റ്റേഷനില്‍ എത്തിക്കണം അതിനകത്ത് പൈസയുണ്ട്, അത് പോയാല്‍ പോലീസുകാരായിരിക്കും ഉത്തരവാദികള്‍ എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ അവസാനം ബഹളം വെച്ചപ്പോള്‍ പോലീസുകാര്‍ പേഴ്സ് എടുത്തുകൊണ്ട് വന്നു തന്നു. പക്ഷെ പേഴ്സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പതിനായിരം രൂപ ഉണ്ടായിരുന്നില്ല.
വൈകുന്നേരം ഒരു അഞ്ചര മണിയാകുമ്പോഴേക്കും അയ്യപ്പന് മാഷ് പോലീസ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും വനിതാ സെല്ലിലെ സി.ഐയും എത്തിയിരുന്നു. വനിതാ പോലീസുകാരെ തല്ലി കൃത്യനിര്‍വഹണത്തില്‍ നിന്നും തടസ്സപ്പെടുത്തി എന്നൊക്കെ എഴുതി കോടതിയില്‍ ഹാജരാക്കാനുള്ള റിമാന്‍ഡ് ചെയ്യാനുള്ള പേപ്പറുകള്‍ പോലീസ് അപ്പോഴേക്കും തയ്യാറാക്കിവെച്ചിരുന്നു. നിങ്ങള്‍ക്ക് ഇവര്‍ക്ക് നീതി വാങ്ങിച്ചു കൊടുക്കാനോ പറ്റുന്നില്ല എന്തിനാണ് ഇവരെ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്നു ചോദിച്ച് അയ്യപ്പന് മാഷ് പോലീസുകാരോട് പൊട്ടിത്തെറിച്ചു. അതിന്റെ ഇടയില്‍ ശ്രീഷ്കാന്തിനെ ഡോക്ടറെ കാണിച്ച്, മദ്യപിച്ചിരുന്നു എന്ന് പറഞ്ഞുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. അതാണ് പോലീസുകാര്‍ മാധ്യമങ്ങള്‍ക്ക് കാണിച്ചു കൊടുത്തത്.

കൈയ്യില്‍ പൈസ ഉണ്ടാകുമ്പോള്‍ ശ്രീഷ്കാന്തിനു മദ്യപിക്കാനുള്ള പൈസ ഞാന്‍ കൊടുക്കുമായിരുന്നു. അന്ന് തലേദിവസം ഈ പതിനായിരം രൂപ ഉണ്ടായിട്ടും ശ്രീഷ്കാന്തിനു വലിയ താല്പര്യമില്ലാത്തതുകൊണ്ട് മദ്യപിച്ചിട്ടില്ലായിരുന്നു. പിറ്റേദിവസം രാവിലെയാണ് മോന് മരുന്ന് വാങ്ങാന്‍ ഞങ്ങള്‍ പോകുന്നതും. വീടിന്റെ പണിക്കു വേണ്ടി സാധനം എടുക്കാനുള്ളതായിരുന്നു ആ പതിനായിരം രൂപ. വൈകുന്നേരം ആറു മണിക്ക് അയ്യപ്പന് മാഷുടെ ഇടപെടലോടെ ഞങ്ങളെ പോലീസുകാര്‍ കേസെടുക്കാതെ വിട്ടയച്ചു. വനിതാ സെല്ലിലെ സി.ഐയുടെ ജീപ്പിലാണ് ഞങ്ങളെ വീട്ടില്‍ തിരിച്ചുകൊണ്ട് വിടുന്നത്. അയ്യപ്പന് മാഷ് പോലീസുകാരെ വിളിച്ചു അന്വേഷിച്ചതിനുശേഷമാണു ഓട്ടോ വീടിന്റെ മുന്നിലെ റോഡില്‍ കാണുന്നത്. ആരാണ് വണ്ടി അവിടെ കൊണ്ടുവെച്ചത് എന്നത് ഒരു പിടുത്തവുമില്ല.
മോന് ഞങ്ങള്‍ക്ക് അറിയാവുന്ന ഒരു രാജീവേട്ടന്റെ വര്‍ക്ക് ഷോപ്പില്‍ പണി പഠിക്കാനായി പോയി തുടങ്ങി. ആദ്യം കുറച്ചു കാലം അവന് പോയെങ്കിലും പിന്നെ മടി പിടിച്ചു വീട്ടിലിരുന്നു. അത് കഴിഞ്ഞ് അപ്പുറത്തുള്ള ഒരു വെല്‍ഡിങ്ങിന്റെ പീടികയില്‍ കൊണ്ട് ചെന്നാക്കി. അവിടെ നിന്നും അവന് പണി പഠിച്ചു. പണി പഠിച്ചു കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും അവന് മാറി വര്‍ക്ഷോപ്പില്‍ തന്നെ വീണ്ടും പണിക്കു പോയി.
എനിക്കെതിരെയുള്ള അക്രമങ്ങളെകുറിച്ച് അന്വേഷിക്കാനായി ജെനിയേച്ചിയും ഒരു ടീമും പയ്യന്നൂരിലെത്തി. ജെനിയേച്ചി, ക്രിസ്റ്റി, നിവേദിത മേനോന്, ചരിത്രകാരിയായ ഡോക്ടര്‍ ഗെയില്‍ ഓംവേദത്ത് എന്നിവരായിരുന്നു ആ ടീമിലുണ്ടായിരുന്നത്. അവര്‍ പോലീസ് സ്റ്റേഷനിലും പാര്‍ട്ടി ഓഫീസിലും വീട്ടിലും ഓട്ടോ കോടതിയിലും എല്ലായിടത്തും പോയി അന്വേഷിച്ചു. മെഡിക്കല്‍ ഷോപ്പില്‍ പോയി ഒരു ഓട്ടോ ഡ്രൈവറും ഭാര്യയും മരുന്ന് വാങ്ങാന്‍ വന്നിരുന്നോ എന്ന് ചോദിച്ചു. മരുന്ന് വാങ്ങാന്‍ വന്നിരുന്നു. പക്ഷെ പൈസ തരുന്നതിനുള്ളില് അവരെ പോലീസ് കൊണ്ടുപൊയെന്നു എന്നു പറഞ്ഞു. മദ്യപിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍, അവരെ കണ്ടപ്പോള്‍ അങ്ങനെ തോന്നിയില്ല എന്നു സത്യം, സത്യം പോലെ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ അവിടെ സി.ഐ. ഉണ്ടായിരുന്നു എന്ന് ജെനിയേച്ചി പറഞ്ഞു. അതുപോലെ പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ 'പൊലച്ചിക്ക് വേണ്ടി ആള്ക്കാര് വന്നല്ലോ, നിങ്ങളെന്തിനാണ് അവരെ ന്യായീകരിക്കുന്നെ?' എന്നൊക്കെയുള്ള ചോദ്യങ്ങളും പറച്ചിലുകളുമൊക്കെ ആയാണ് വരവേറ്റത്. അവര്‍ക്കുവേണ്ടി വക്കാലത്ത് പറയാന്‍ ആളുണ്ടെന്നു കേട്ടിട്ടാണ് അവര്‍ ഇത്രയും നെഗളിക്കുന്നതെന്ന് കുറേയധികം പറഞ്ഞു. ഓട്ടോ തൊഴിലാളികള്‍ എനിക്കെതിരെയുള്ള ക്രൂരതകള്‍ തുറന്നുപറയുകതന്നെ ചെയ്തു. മോളെയും ശ്രീഷ്കാന്തിനെയും എന്നെയും ഹര്‍ത്താലിന്റെ അന്ന് തല്ലിയ കാര്യങ്ങളെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജനങ്ങള്‍ തുറന്നു പറഞ്ഞു. അതിനു ശേഷം ഈ ടീം കണ്ണൂരില്‍ ഒരു പത്രസമ്മേളനം വിളിച്ചു. പത്രക്കാര് പത്രസമ്മേളനം ബഹിഷ്കരിച്ചു. അവര്‍ കോഴിക്കോട് പോയാണ് പത്രസമ്മേളനം നടത്തിയത്. അങ്ങനെ ആ റിപ്പോര്‍ട്ടിന്റെ പുറത്ത് ഷിബി പീറ്റര്‍ വന്ന് ഒരു ഡോക്യുമെന്ററി തയ്യാറാക്കി.
രണ്ടായിരത്തി പത്തില്‍ തൃശൂരിലെ വിബ്ജിയോര്‍ ഫിലിം ഫെസ്റ്റിവലില്‍ ഷിബി പീറ്റര്‍ സംവിധാനം ചെയ്ത 'ഓട്ടോ കോര്‍ട്ട്' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനത്തിനുശേഷം എല്ലാവരും ചോദിച്ചത് ഇപ്പോഴും ഈ ജാതി വിവേചനം ഉണ്ടോ എന്നായിരുന്നു. ജാതി പറയലും വിളിക്കലും ഇപ്പോഴും ഉണ്ടോ എന്നായിരുന്നു ഏറ്റവും വലിയ സംശയം. ജാതി ഇല്ലാതെ ഇത്തരം അനുഭവങ്ങള്‍ എനിക്കുണ്ടാകില്ലല്ലോ എന്ന് ഞാന്‍ തിരിച്ചുപറഞ്ഞു.
നിങ്ങള്‍ക്ക് ജാതി മനസ്സിലാകണമെങ്കില്‍ ഒരു പുലയസ്ത്രീ ആയി അവിടെ താമസിച്ചു നോക്കണം. എനിക്ക് അത്രയേ പറയാന്‍ കഴിയൂ. നിങ്ങളൊക്കെ ഏതു സമുദായത്തില്‍ പെട്ടവരാണെന്നോ എങ്ങനെയാണ് ചിന്തിക്കുന്നതെന്നോ എനിക്കറിയില്ല. അവര്‍ തെറ്റായ ധാരണയാണ് വെച്ചു പുലര്‍ത്തുന്നത്. ജാതി എന്തെന്നു മനസ്സിലാക്കണമെങ്കില്‍ ആ ഒരു സമുദായത്തില്‍ ആ ഒരു ഭൂപ്രദേശത്ത് ജീവിച്ചാലേ മനസ്സിലാകൂ. അതിന് എത്രയോ തെളിവുകളുണ്ട്. ആദിവാസി മേഖലകളില്‍, വടയമ്പാടി, തളിപ്പറമ്പ് ഒരു ക്ഷേത്രക്കുളത്തില്‍ പുലയര്‍ പോയി കുളിച്ചതിനു കുളം വറ്റിച്ചത്, പേരാമ്പ്രയില്‍ സ്കൂളില്‍ ദളിത് കൂട്ടികള്‍ക്കെതിരെയുള്ള വിവേചനം, അട്ടപ്പാടിയിലെ മധു, വിനായകന്... ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെയാണ് ജാതിയുണ്ടോ എന്ന് കേരളം ഇന്നും അത്ഭുതപ്പെട്ടു ചോദിക്കുന്നത്. കമ്മ്യൂണിസം വന്നതോടെ ജാതി എല്ലാം പോയില്ലേ എന്നാണ് അവരുടെ ചിന്ത. എനിക്കെതിരെ ജാതി അക്രമങ്ങള്‍ നടത്തിയത് കമ്യൂണിസ്റ്റുകാരാണെന്നു പറഞ്ഞപ്പോഴാണ് അവര്‍ക്ക് കൂടുതല്‍ അത്ഭുതം.
ജാതിയില്ല മതമില്ല എന്ന് കേരളം വിളിച്ചു പറയുമ്പോഴും ഓരോ അവസരമുണ്ടാകുമ്പോഴും ജാതിയിലേക്കുതന്നെയാണ് തിരിച്ചുവരുന്നത്. ട്രാഫിക് പോലീസുകാരിയായ പദ്മിനിയുടെ അനുഭവം എന്തായിരുന്നു? പോലീസുകാരിയായ വിനീത കൊട്ടായിയുടെ അനുഭവം എന്തായിരുന്നു? പിന്നെ ഇങ്ങനെ ഒരു സംഭവം ഉണ്ടായതില്‍ വിഷമം ഉണ്ടെന്നും ഞങ്ങളൊന്നും ഇതൊന്നും അറിഞ്ഞില്ല എന്നുമായിരുന്നു അടുത്ത സംസാരം. രണ്ടായിരത്തിനാല് മുതല്‍ പത്രങ്ങളില്‍ എന്റെ വാര്‍ത്തകള്‍ വന്നിട്ട് കേരളം അറിഞ്ഞില്ല എന്ന് പറയുന്നതു കളവാണ്. കേരളം അറിഞ്ഞില്ല എന്ന് നടിക്കുകയായിരുന്നു. മഹാ കഷ്ടമാണത്.
പിന്നീടു കുറേപേര്‍ വന്നു പരിചയപ്പെട്ടു. എന്തു സഹായങ്ങളാണ് വേണ്ടതെന്നു പറയണമെന്നുപറഞ്ഞു.
ആ സമയത്ത് ഡോക്യുമെന്ററി സംവിധായകനായ ശ്രീമിത് ശ്രീധറും എലിസബത്തും കൂടി വേറൊരു ഡോക്യുമെന്ററി ചെയ്തിരുന്നു. കണ്ണൂരിലെ തെയ്യം, ജാതി എന്നിവയൊക്കെ ഉള്പെടുത്തിയ ഒരു ഡോക്യുമെന്ററി ആയിരുന്നു. ഈ ഡോക്യുമെന്ററികളൊന്നും പയ്യന്നൂരില്‍ അധികം കാണിച്ചിട്ടില്ല. അതുകൊണ്ട് ഡോക്യുമെന്ററികള്‍ കൊണ്ട് വലിയ ഭീഷണി ഉണ്ടായില്ല. അവരും വണ്ടി, ഓട്ടോസ്റ്റാന്‍ഡ്, വെള്ളത്തിന്റെ വിഷയങ്ങള്‍ എന്നിവയൊക്കെ ഷൂട്ട് ചെയ്തു. ആ ഡോക്യുമെന്ററിയുടെ കോപ്പി എനിക്കുകിട്ടിയിട്ടുമില്ല. രണ്ടായിരത്തി ഒമ്പതില്‍ രേഖാ രാജ് തേന്മൊഴി എന്ന ഒരു ഡോക്യുമെന്ററി സംവിധായികയെയും കൂട്ടിക്കൊണ്ട് വന്നു. തേന്മൊഴിക്ക് തമിഴ് മാത്രമേ അറിയാവൂ. അവരുടെ ഭര്‍ത്താവ് സായിപ്പുമാണ്. അവര്‍ അമേരിക്കയില്‍ നിന്നാണ് വരുന്നത്. ജെനിയേച്ചിയാണ് അവര്‍ വരുന്ന കാര്യം വിളിച്ചു പറയുന്നത്. അവര്‍ക്കും എനിക്കും ഇടയില്‍ ഭാഷ പരിഭാഷ ചെയ്യാനാണ് രേഖാരാജ് വരുന്നത്. തേന്മൊഴി ഡോക്യുമെന്ററി പൂര്‍ത്തിയാക്കി. എനിക്ക് നാലായിരം രൂപ തന്നു.
(തുടരും)
ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം
Content Highlights: chitralekha autobiography oru dalit autodrivarude jeevitham
Published: 29 Aug 2025, 06:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented