
രണ്ടായിരത്തി പതിനേഴിലാണ് വീടുപണി തുടങ്ങുന്നത്. ചുമര്‍ കെട്ടി. സണ്‍ഷേഡിന്റെ പണി തുടങ്ങാന്‍ വേണ്ടി ഉദ്ദേശിക്കുന്ന സമയത്താണ് ഈ സ്ഥലം റദ്ദുചെയ്തുകൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കുന്നത്. അതിന്റെ ഇടയിലാണ് മുസ്ലീംലീഗുകാരനായ ശുഹൈബിനെ പട്ടുവത്ത് വെച്ചു കൊല്ലുന്നത്. കോണ്‍ഗ്രസ്സുകാര്‍ അതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ജാഥ നടത്തി. സമാപനം കണ്ണൂരായിരുന്നു. അന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍, എം.കെ മുനീര്‍, എം.എം ഹസ്സന്‍, കെ സുധാകരന്‍, കെ.എം. ഷാജി, സതീശന്‍ പാച്ചേനി എന്നിവര്‍ എന്നെ കാണാന്‍ വന്നു. സ്ഥലം റദ്ദു ചെയ്തതോടെ ഞാന്‍ സമരം തുടങ്ങിയപ്പോഴാണ് എന്നെ കാണാന്‍ വന്നത്. സ്ഥലം റദ്ദ് ചെയ്തതിനെതിരെ ഹൈക്കോടതിയില്‍ നിന്നു സ്റ്റേയും വാങ്ങി. കോണ്‍ഗ്രസ് നേതാവായ ലാലി വിന്‍സന്റ് വക്കീലാണ് ഞങ്ങള്‍ക്ക് സ്റ്റേയും പോലീസ് പ്രൊട്ടക്ഷനും വാങ്ങിച്ചുതന്നത്. അതിനുശേഷമാണ് സണ്‍ഷേഡ് വാര്‍ത്തതും മെയിന്‍ വാര്‍പ്പ് കഴിഞ്ഞതും.
ആ സ്ഥലം നല്ല കാടുള്ള സ്ഥലമായിരുന്നു. ജെ.സി.ബി കൊണ്ടുവന്നു കാട് വെട്ടുന്ന സമയം ചിലര്‍ വന്നു അത് തടഞ്ഞു. സ്ഥലം റദ്ദ് ചെയ്ത സമയത്ത് ഞങ്ങള്‍ സമരം ചെയ്തു കഴിഞ്ഞതിനുശേഷം മറ്റൊരു സംഭവമുണ്ടായി. ദിവസവും രാവിലെയും വൈകുന്നേരവും ഞങ്ങള്‍ സണ്‍ഷേഡ് നനയ്ക്കാന്‍ പോകുമായിരുന്നു. വാര്‍പ്പുകാര്‍ പലക ഊരി പോയിട്ടുണ്ടായിരുന്നു. വൈകീട്ട് ഒരു ആറ് മണിയാകുമ്പോള്‍ സണ്‍ഷേഡ് നനക്കാന്‍ പോയപ്പോള്‍ കാണുന്ന കാഴ്ച ഒരു നായയെ കഴുത്തിനു കുടുക്കി കൊന്നു കെട്ടി വലിച്ചു അവിടെ കൊണ്ടുവന്നിട്ടതാണ്. അത് ഞങ്ങള്‍ക്കെതിരെയുള്ള ഭീഷണി തന്നെയായിട്ടാണ് തോന്നിയത്. ഇങ്ങനെയുള്ള അവസ്ഥകളായിരിക്കും ഇനിയും എന്ന ഒരു മുന്നറിയിപ്പ് തന്നെയായിരുന്നു അത്. ഞങ്ങള്‍ പോലീസില്‍ പരാതി കൊടുത്തു. ഞങ്ങള്‍ക്ക് സംശയമുള്ളവരുടെ പേരുകള്‍ പറഞ്ഞു. അവിടെയുള്ള വീട്ടുകാര്‍ക്ക് അത് ആരാണ് ചെയ്തത് എന്ന് അറിയാമായിരുന്നെങ്കിലും ആരും സാക്ഷി പറഞ്ഞില്ല. ഞങ്ങള്‍ക്ക് പോലീസ് പ്രൊട്ടക്ഷന്‍ കൂടുതലാക്കി.
ഞങ്ങളുടെ സ്ഥലം റദ്ദു ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഒരു പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി ഒരു നേതാവ് പറഞ്ഞത്, ചിത്രലേഖയുടെ ചരിത്രം എല്ലാവര്‍ക്കും അറിയാം എന്നാണ്. ആദ്യം പാര്‍ട്ടിയുടെ ചരിത്രം പഠിക്ക് എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. രാത്രി പ്രൊട്ടക്ഷനു വരുന്ന പോലീസുകാരെ വീട്ടില്‍ താമസിപ്പിക്കണം എന്ന വിചിത്രമായ ആവശ്യമാണ് അവര്‍ മുന്നോട്ടു വെച്ചത്. ഞങ്ങളുടെ വീട്ടില്‍ ഒരു റൂമില്‍ ഞാനും ശ്രീഷ്‌കാന്തും ഒരു റൂമില്‍ അമ്മമ്മയും മോളും. ഹാളില്‍ മോനുമാണ് കിടക്കുന്നത്. പിന്നെ ഇവരെ എവിടെയാണ് രാത്രി താമസിപ്പിക്കേണ്ടത്? രാത്രി പോലീസിനെ താമസിപ്പിക്കാനുള്ള സൗകര്യം ഞങ്ങള്‍ക്കില്ല. അതുകൊണ്ട് 'വീടിന്റെ അകത്തു കേറി പ്രൊട്ടക്റ്റ് ചെയ്യണ്ട' എന്ന് വനിതാ പോലീസുകാരോട് പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചുപോയി. പിറ്റേ ദിവസം അവര്‍ വന്നു. രണ്ടു വനിതാ പോലീസുകാരാണ് സംരക്ഷണത്തിനു വരേണ്ടത്. പക്ഷെ ഒരാള്‍ മാത്രമേ വന്നുള്ളൂ. അത് മാത്രമല്ല ഇത് ഒറ്റയ്ക്കുള്ള വീടല്ല ലൈന്‍ ക്വാര്‍ട്ടേഴ്‌സ് ആണ്. അതുകൊണ്ട് രാത്രി അപ്പുറത്തെ വീട്ടിലുള്ളവരൊക്കെ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കെടുക്കാന്‍ പറ്റില്ല. അതുകൊണ്ട് രാത്രിയിലെ വനിതാ പോലീസുകാരുടെ താമസം അനുവദിക്കാന്‍ പറ്റില്ല എന്നു ഞാന്‍ തീര്‍ത്തുപറഞ്ഞു.
ആദ്യത്തെ ദിവസം രാത്രി പോലീസുകാര്‍ തിരിച്ചുപോയി. പിറ്റേ ദിവസം അവര്‍ക്കു താമസിക്കാനുള്ള സൗകര്യം ഇല്ലെങ്കില്‍ രാത്രി സംരക്ഷണം വേണ്ടെന്ന്എഴുതി കൊടുക്കണം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ എഴുതി കൊടുത്തു. പക്ഷേ വക്കീലിനോട് സംസാരിച്ചപ്പോള്‍ അങ്ങനെ എഴുതി കൊടുക്കേണ്ട ആവശ്യമില്ല എന്നായിരുന്നു പറഞ്ഞത്. പിന്നീട് എസ്.പിയും കലക്ടറുമായി സംസാരിച്ചു. രാത്രി പതിനൊന്നു മണി വരെ നില്‍ക്കാനും പിറ്റേന്നു രാവിലെ വരാനുമായി ധാരണയായി.
മകന്‍ മനു ഹെവി വെഹിക്കിള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളും ഓടിക്കുമായിരുന്നു. അവന്റെ സുഹൃത്തുക്കളാണ് നബീലും ആരിഫും. അവര്‍ തമ്മില്‍ വൈകുന്നേരം പീടികയില്‍ കുറെ സമയം സംസാരിച്ചിക്കും. ഒരു ദിവസം മരം കൊണ്ട് പോകാനുണ്ടെന്ന് മനുവിനോട് സുഹൃത്തുക്കള്‍ പറഞ്ഞു. ഇവന്‍ ടിപ്പര്‍ അടക്കമുള്ള വണ്ടി ഓടിക്കാറുണ്ട്. പതിനെട്ടു വീലുള്ള വണ്ടി വരെ ഓടിക്കാറുണ്ട്. അവര്‍ ഒരു സ്ഥലത്തുനിന്ന് പ്ലാവ് മരം മുറിച്ചു ഒരു മില്ലില്‍ കൊണ്ടുപോയി കൊടുത്തു. അത് ഒരു ടീച്ചറുടെ പറമ്പിലെ പ്ലാവ് ആയിരുന്നു. ഒരു ആശാരിയാണ് ഇവരെ മരം കടത്താന്‍ വിളിച്ചത്. മരം കടത്തി ഒരു മില്ലില്‍ കൊണ്ടുപോയി കൊടുത്തു. മനു ഡ്രൈവറുടെ പൈസ വാങ്ങി. പിന്നീട് ടീച്ചര്‍ തങ്ങളുടെ മരം കടത്തി എന്ന രീതിയില്‍ പരാതി കൊടുത്തു. മനുവിനെ ഈ കേസില്‍ ഒന്നാം പ്രതിയാക്കി അറസ്റ്റുചെയ്തു. അവനെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആറില്‍ ഒപ്പുവെപ്പിച്ചു. രണ്ടും മൂന്നും പ്രതികളുടെ വക്കീല്‍ ജാമ്യം എടുക്കാന്‍ ഇരുപത്തിയയ്യായിരം രൂപ വേണമെന്നു പറഞ്ഞു. എന്നോട് സഹകരിക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. കേസില്‍ കുടുക്കിയ ആള്‍ക്കാര്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ അവനും ജാമ്യത്തിലിറങ്ങാം അല്ലാതെ അതിനു ചെലവാക്കാന്‍ എന്റെ കൈയില്‍ പൈസ ഇല്ല എന്നുപറഞ്ഞു. മനു, നബീല്‍, ആരീഫ് പിന്നെ വേറെ ഒരു കുട്ടിയേയുമാണ് അറസ്റ്റ് ചെയ്തത്. ആശാരിയെ അറസ്റ്റ് ചെയ്തില്ല. മനുവിന്റെ മൊഴി മാത്രമേയുള്ളു. വക്കീലിനെ കണ്ടപ്പോള്‍ പിറ്റേ ദിവസം ജാമ്യത്തിനു കൊടുക്കാം എന്നു പറഞ്ഞു. അവന്‍ അതില്‍ നിരപരാധിയാണെന്നാണ് മനു വക്കീലിനോട് പറഞ്ഞത്. വക്കീല്‍ ജാമ്യത്തിനു കൊടുത്തപ്പോള്‍ മറ്റുള്ളവരും ജാമ്യത്തിനു കൊടുത്തു. അവരുടെ ജാമ്യം തള്ളി. അതോടെ മനുവിന്റെ ജാമ്യവും തള്ളി. അവര്‍ പൈസ വാങ്ങി ജയിലില്‍ കിടക്കാന്‍ തീരുമാനിച്ചിട്ടായിരുന്നു ആ കളി. മനുവിന് ജാമ്യം കിട്ടരുത് എന്നതായിരുന്നു പ്ലാന്‍.
സെഷന്‍സില്‍ കൊടുത്തപ്പോഴും ജാമ്യം തള്ളി. മറ്റേ വക്കീല്‍ കുരുട്ടു ബുദ്ധി കാണിച്ച് ഒരുമിച്ചു ജാമ്യത്തിനു കൊടുത്തത് കൊണ്ടാണ് ജാമ്യം തള്ളിയത്. അതോടെ നമ്മുടെ വക്കീല്‍ ഹൈക്കോടതിയില്‍ ജാമ്യത്തിനു കൊടുക്കാം എന്ന് പറഞ്ഞു. പിറ്റേന്ന് തന്നെ അവരുടെ വക്കീല്‍ ജാമ്യത്തിന് അപേക്ഷിച്ചു. അവര്‍ക്ക് ജാമ്യം കിട്ടി. ഞങ്ങളുടെ വക്കീലും സെഷന്‍സ് കോടതിയില്‍ കൂട്ടു പ്രതികള്‍ എല്ലാം ഒരുപോലെയാണ് തന്റെ കക്ഷി മറ്റുള്ളവര്‍ വിളിച്ചിട്ട് വണ്ടി ഓടിക്കാന്‍ പോയതാണെന്ന് വാദിച്ചു. ഞങ്ങളുടെ സത്യസന്ധത തെളിഞ്ഞതോടെ മനുവിന് ജാമ്യം ലഭിച്ചു. അതിനിടയില്‍ ആശാരി ഹൈക്കോടതിയില്‍ പോയി മുന്‍കൂര്‍ ജാമ്യം എടുത്തു വന്നു. അതും കൂടി പരിഗണിച്ചായിരുന്നു മനുവിന് ജാമ്യം കിട്ടിയത്. ഞങ്ങള്‍ അന്നുതന്നെ മനുവിനെ പുറത്തിറക്കി. വൈകുന്നേരം അഞ്ചു മണിക്കായിരുന്നു ഞങ്ങള്‍ക്ക് ജാമ്യ ഹര്‍ജി ഒപ്പിട്ടു കിട്ടിയത്. ഉടനെ അവിടെ നിന്നും ഓടിപ്പിടിച്ചു കണ്ണൂരിലെത്തി മനുവിനെ ജാമ്യത്തിലിറക്കി. അത്രയും കഷ്ടപ്പെട്ടിട്ടാണ് ജാമ്യത്തിലിറക്കുന്നത്. ജിഗ്‌നേഷ് മേവാനിയുടെ കൂടെയുള്ള വക്കീല്‍ ഗ്രീഷ്മ, നിധിഷ്, സൗജന്യ, രകേഷ് റാം തുടങ്ങിയവരാണ് മനുവിന്റെ ജാമ്യം എടുക്കാന്‍ സഹായിച്ചത്.
കേസ് ജാമ്യം കിട്ടി ആറുമാസംകൊണ്ട് വിചാരണയ്ക്കു വെച്ചിരുന്നു. വിചാരണയില്‍ കേസ് നല്‍കിയ ടീച്ചര്‍ എനിക്കിവരെയൊന്നും അറിയില്ല, ഞാന്‍ കേസ് പിന്‍വലിക്കുകയാണെന്നു പറഞ്ഞു കേസില്‍ നിന്നും തടിയൂരി. മനു ആരാണെന്ന് ടീച്ചര്‍ക്ക് അറിയില്ലായിരുന്നു. മനുവിനെ കുടുക്കാനുള്ള പദ്ധതിയായിരുന്നു.
ആ നാട്ടുകാര്‍ക്കു ഞങ്ങളെ എങ്ങനെയെങ്കിലും അവിടെ നിന്നും ഒഴിവാക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഉടമയ്ക്ക് ഞങ്ങള്‍ കൃത്യമായി വാടക കൊടുക്കുന്നതുകൊണ്ട് മാറേണ്ട എന്ന നിലപാടുള്ളയാളായിരുന്നു. അവിടെ ചുറ്റുമുള്ള ചില രാഷ്ട്രീയക്കാര്‍ക്ക് ഞങ്ങള്‍ എന്നും അസ്വസ്ഥതയുള്ളവരായിരുന്നു. ഞങ്ങളുടെ വീട്ടില്‍ തൊട്ടടുത്ത മുസ്ലീം വീട്ടിലെ ഒരു പെണ്‍കുട്ടി വരുമായിരുന്നു. ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുന്ന കുട്ടി. മേഘയോട് നല്ല കൂട്ടുമാണ്. പതിനഞ്ചോ പതിനാറോ വയസ്സു പ്രായം. ഈ കുട്ടി വന്നാല്‍ എല്ലാവരോടും വര്‍ത്തമാനം പറയും. ചിലര്‍ അവരുടെ വീട്ടില്‍ പോയി മനുവും ആ കുട്ടിയും തമ്മില്‍ പ്രേമത്തിലാണ് ഞങ്ങള്‍ ഇല്ലാത്ത സമയത്ത് ആ കുട്ടി വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞുകൊടുത്തു. മനുവിന് അത് കേട്ടതോടെ നല്ല ദേഷ്യം പിടിച്ചു. മനുവും മേഘയും അവരുടെ വീട്ടില്‍ പോയി സംസാരിച്ചു. പക്ഷേ ആ വീട്ടുകാര്‍ പറഞ്ഞത്, നിന്റെ കൂടെ മാത്രമേ ആ പെണ്‍കുട്ടി വരൂ എന്ന് പറയുന്നുണ്ട് എന്നായിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞു ഞാനും ഒരു ആണാണ് എനിക്ക് മാനംകെടാന്‍ പറ്റില്ല. പെണ്ണിന് എന്നോട് താല്പര്യമുണ്ടെങ്കില്‍ അവള്‍ക്ക് പതിനെട്ടു വയസു പൂര്‍ത്തിയായാല്‍ ഞാന്‍ അവളെ കല്യാണം കഴിച്ചോളാം എന്ന്.
Also Read : എന്നോട് അടിവാങ്ങിയ വനിതാപോലീസ് അവിടെ ഉണ്ടായിരുന്നു, അവര്‍ പക തീര്‍ക്കുകയായിരുന്നു.
മനു അങ്ങനെ പറഞ്ഞതോടെ അവിടെയുള്ള ചിലര്‍ അവനെ തല്ലാനോങ്ങി. 'ഇപ്പൊ ഈ വീട്ടില്‍ നിന്നും ഇറങ്ങണം' എന്നായി ഭീഷണി. ഞങ്ങളുടെ മകന്‍ തെറ്റുചെയ്യാത്തിടത്തോളം കാലം നിങ്ങളുടെ ഈ ഭീഷണിക്കു ഞങ്ങള്‍ വഴങ്ങില്ല എന്നുഞാന്‍ തറപ്പിച്ചു പറഞ്ഞു. അവന്‍ അങ്ങനെ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ന്യായീകരിക്കുകയേ ചെയ്യില്ല. പക്ഷെ അതൊന്നും പറഞ്ഞാല്‍ പറ്റില്ല, നിങ്ങള്‍ ഇപ്പോള്‍ ഇവിടെ നിന്നും ഇറങ്ങണം എന്നായി അവരുടെ വാശി. അതോടെ 'ഞങ്ങള്‍ക്ക് ഇറങ്ങാന്‍ മനസ്സില്ല, നിങ്ങള്‍ പോയി പോലീസില്‍ പരാതി കൊടുക്ക്' എന്നു ശ്രീഷ്‌കാന്തും പറഞ്ഞു. അവര്‍ പരാതി കൊടുത്താല്‍ അവര്‍ മാത്രമേ നാറുകയുള്ളൂ. കാരണം മനു ഒരു തെറ്റും ചെയ്തില്ലായിരുന്നു. അതോടെ അവര്‍ ഒതുങ്ങി. അത്തരത്തിലുള്ള ഊരുവിലക്ക് ഭീഷണികളൊക്കെ തരണം ചെയ്താണ് കാട്ടാമ്പള്ളിയിലെ വാടക വീട്ടില്‍ ഞങ്ങള്‍ ജീവിച്ചത്. ഒരുപാടു ശല്യം സഹിക്കാന്‍ വയ്യാതെ അവസാനം മടുത്തിട്ടാണ് അവിടെ നിന്നും മാറി ഞങ്ങള്‍ പള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് മാറിയത്.
2018-ല്‍ പ്രളയത്തിന്റെ കാലത്താണ് വീടു പണിയില്‍ മെയിന്‍ വാര്‍പ്പ് പൂര്‍ത്തിയാക്കിയത്. അതോടെ പണിയും നിന്നു. പ്രളയം കഴിഞ്ഞതോടെ വീടുപണി നിര്‍ത്തിവെച്ചു. അതിനിടയില്‍ മാധ്യമപ്രവര്‍ത്തകയായ മൃദുല ഭവാനി വന്നു ഞങ്ങളുടെ വീടു പണി പൂര്‍ത്തിയാക്കത്തതിനെ കുറിച്ചു ഒരു വാര്‍ത്ത കൊടുത്തിരുന്നു. മൃദുല, കെ.എം. ഷാജി എം.എല്‍. എയെ വിളിച്ചു ചോദിച്ചപ്പോള്‍ ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് വീട് പണി നിന്നു പോയത് എന്നാണ് പറഞ്ഞത്. ഗ്രീന്‍ വോയ്‌സ് അബുദാബിക്കാരെ വിളിച്ചു കിട്ടിയതുമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം ഞങ്ങളുടെ വീട് സന്ദര്‍ശിച്ചു വീട് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
സ്ഥലം റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ടു മാതൃഭൂമി ടി.വിയില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സ്മൃതി പരുത്തിക്കാട് ആയിരുന്നു ചര്‍ച്ച നയിച്ചത്. ആദ്യമായിട്ടാണ് ഞാന്‍ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ആ സ്റ്റുഡിയോവിലെ ശബ്ദത്തിന്റെ എക്കോ കാരണം എനിക്ക് കൃത്യമായി സംസാരിക്കാനും പറ്റിയില്ല. ആ സമയത്ത് മേഘ കെല്‍ട്രോണില്‍ ജോലി ചെയ്യുകയായിരുന്നു.
മേഘ ആദ്യത്തെ ശമ്പളം അവളുടെ സുഹൃത്തുക്കള്‍ക്കുവേണ്ടി ചിലവഴിച്ചിരുന്നു. രണ്ടാം മാസത്തെ ശമ്പളം അവളെനിക്ക് കൊണ്ടു വന്നുതന്നു. ആ പൈസയ്ക്കു ഞാന്‍ തന്നെ അവള്‍ക്കൊരു ഫോണ്‍ വാങ്ങിച്ചു കൊടുത്തു. അത് നല്ല ക്ലാരിറ്റി ഉള്ള ഒരു ഫോണായിരുന്നു. അവള്‍ എന്റെ കൂടെ നിന്ന് ആ പരിപാടിയില്‍ വെച്ച് ഒരു ഫോട്ടോ എടുത്തു. അവള്‍ തന്നെ അത് എന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെയാണ് ഞാന്‍ മേഘയുടെ അമ്മയാണെന്ന് കണ്ണൂരിലെ പാര്‍ട്ടിക്കാര്‍ അറിയുന്നത്. അതിന്റെ അടുത്ത മാസം തന്നെ മേഘയെ കെല്‍ട്രോണിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അവള്‍ ഒരു വര്‍ഷത്തിനു ശേഷം ഇന്‍ഡസ് മോട്ടോര്‍സില്‍ അപ്രന്റീസ് ആയി ജോലിക്കുകയറി.
(തുടരും)
Content Highlights: Chithralekha Autobiogrphy Oru Dalit Autodrivarude Jeevitham
Published: 12 Sept 2025, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented