മ്മമ്മയായിരുന്നു എന്റെ ജീവിതത്തിലെല്ലാം. എരമംഗലത്ത് നാരായണിയെന്ന എന്റെ അമ്മമ്മ വിശുദ്ധയായിരുന്നു. 105 വയസ്സുവരെ ജീവിച്ച വിശുദ്ധ. പുലയന്മാരെ നാട്ടില്‍, അതായത് പയ്യന്നൂരിലെ എടാട്ട്, 'വിരന്തി'യെന്നാണ് വിളിക്കുന്നത്. അമ്മമ്മയും ഈ പേരിലാണറിയപ്പെട്ടിരുന്നത്. വിരന്തി നാരായണിയെന്ന വിളിപ്പേരിന്റെ ജാതീയത ഞാന്‍ വളര്‍ന്നപ്പോഴാണ് തിരിച്ചറിയുന്നത്. എനിക്ക് എന്നോടുതന്നെ അറപ്പുതോന്നിയ ദിവസങ്ങളായിരുന്നു അത്. പോറ്റി വളര്‍ത്തിയ അമ്മമ്മയുടെ ഓര്‍മകളിലായിരുന്നു ബാക്കി ജീവിതം.

To advertise here,

കാട്ടാമ്പളളിയിലെ വീട്ടില്‍ എന്റെ കൂടെയായിരുന്നു അമ്മമ്മയുടെ അവസാന കാലഘട്ടം. 2021-ല്‍ വീട്ടില്‍ താമസമാരംഭിച്ചപ്പോള്‍ തന്നെ അമ്മമ്മയ്ക്കു വാര്‍ധക്യസഹജമായ അസ്വസ്ഥതകള്‍ പ്രകടമായിരുന്നു.

ആറുമാസം അമ്മമ്മ കിടന്നു. ഒരേ കിടപ്പ്. തീട്ടവും മൂത്രവുമെല്ലാം കോരിയത് ഭര്‍ത്താവ് ശ്രീഷ്‌കാന്തും ഞാനുമായിരുന്നു. 2021 ആഗസ്ത് 26-നായിരുന്നു അമ്മമ്മയുടെ മരണം. ഞാനലിഞ്ഞുപോയ നിമിഷങ്ങള്‍. വല്ലാത്ത ശൂന്യത. അമ്മമ്മ എന്റെ ധൈര്യമായിരുന്നു. എന്റെ എല്ലാം... പോയകാലത്തിന്റെ ഉറവ വറ്റാത്ത സ്നേഹത്തിന്റെ നിറകുടമായിരുന്നു എന്റെ സ്വന്തം അമ്മമ്മ.

2002-ല്‍ തന്നെ എടാട്ടുള്ള വീടും ഭൂമിയുമൊക്കെ എന്റെ പേരില്‍ എഴുതിവെച്ചിരുന്നു. മറ്റു മക്കളുണ്ടെങ്കിലും അമ്മമ്മയെ പൊന്നുപോലെ നോക്കിയതു ഞാനായിരുന്നു. എന്നെയും അമ്മമ്മ പൊന്നുപോലെ നോക്കി.

അമ്മമ്മയുടെ മൃതദേഹം കാട്ടാമ്പള്ളി കുതിരത്തടത്തുള്ള പുലയ ശ്മശാനത്തില്‍ സംസ്‌കരിക്കാനനുവദിക്കാത്തത് എനിക്ക് അസഹനീയമായ അനുഭവമായിരുന്നു. 2016 മുതല്‍ ഈ ശ്മശാനത്തിനു വേണ്ടി ഞാന്‍ വരിസംഖ്യ അടയ്ക്കാറുണ്ടായിരുന്നു.  മാസം പ്രതി 500 രൂപയാണ് അടച്ചുകൊണ്ടിരുന്നത്. എന്നിട്ടും അമ്മമ്മയെ ശ്മശാനത്തില്‍ സംസ്‌കരിക്കാനനുവദിച്ചില്ല.

Also Read: 'അകത്ത് കുളിമുറി ഉണ്ടായിട്ടും ജിഗ്നേഷ് മേവാനിയുടെ അമ്മ പുറത്തെ കുളിമുറിയില്‍ പോവാന്‍ പറഞ്ഞു'

അമ്മമ്മയെ കുളിപ്പിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. ഒരുതരം ഉപരോധം തന്നെ. അപ്രഖ്യാപിത ഊരുവിലക്ക്. ഞാന്‍ തന്നെ ഒറ്റയ്ക്കു കുളിപ്പിച്ചു. വസ്ത്രങ്ങള്‍ ധരിപ്പിച്ചു. എവിടെ സംസ്‌കരിക്കുമെന്ന ചിന്ത ഒടുവിലെത്തിയത് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ടി.ഒ.മോഹനനിലേക്കായിരുന്നു. ടി.ഒ.മോഹനന്‍ അപ്പോള്‍ തന്നെ കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കാനുള്ള ഏര്‍പ്പാടാക്കി. പയ്യാമ്പലത്തെ തീരം അമ്മമ്മയെ ഏറ്റുവാങ്ങി. എന്നെ ഏറ്റവുമധികം വേദനിപ്പിച്ച ദുരനുഭവമായിരുന്നു അത്. വന്‍വൃക്ഷം വേരറ്റു വീണപ്പോഴുണ്ടായ ഏകാന്തതയിലായിരുന്നു ഞാന്‍. മൃതദേഹങ്ങളോടു പോലും വൈരം കാണിക്കുന്ന രാഷ്ട്രീയത്തെ അമ്പരപ്പോടെ ഞാന്‍ നോക്കിനിന്നു.

ജീവിതം വലിയ പ്രതിസന്ധിയിലൂടെ ഇഴഞ്ഞു നീങ്ങുകയായിരുന്നു. 2019 എനിക്ക് ഏറ്റവും മാനസിക പീഡനമുണ്ടായ വര്‍ഷമായിരുന്നു. ഒരു വിധത്തിലും മുന്നോട്ടുപോകാനാകില്ലെന്ന നിലയിലെത്തിയപ്പോഴാണ് ഞാന്‍ ഇസ്ലാംമതം സ്വീകരിക്കാന്‍ തിരുമാനിച്ചത്. പാര്‍ട്ടി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേറെ മാര്‍ഗമില്ലെന്ന തിരിച്ചറിവിലായിരുന്നു ഈ തീരുമാനം. കാട്ടാമ്പള്ളി കുതിരത്തടം റോഡില്‍ തന്നെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മുസ്ലിംകളായ ചില സുഹൃത്തുക്കളുടെ ഉപദേശ-നിര്‍ദേശങ്ങളും  ഇസ്ലാം മതം സ്വീകരിക്കാനുള്ള എന്റെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. മാന്യമായ ജോലി, ജീവിക്കാനുള്ള സംരക്ഷണം തുടങ്ങിയവക്കെയായിരുന്നു ഞാനുദ്ദേശിച്ചത്.

പക്ഷേ, ഈ തീരുമാനം ഞാന്‍ വിചാരിക്കാത്ത തലങ്ങളിലേക്കെത്തി. ചില സംഘടനകള്‍ എനിക്ക് പിന്തുണയുമായെത്തി. കടുത്ത മാനസിക സംഘര്‍ഷമനുഭവിച്ച നാളുകളിലൂടെയായിരുന്നു ഞാന്‍ കടന്നുപോയിരുന്നത്. എന്റെ തീരുമാനത്തെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും രണ്ടു ചേരികളിലായി നിന്നു. പരസ്പരം വാക്‌പോരും കൈയ്യാങ്കളിയുമായി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 

ഇതിനിടയിലാണ് ഒരു ടെലിവിഷന്‍ ചാനല്‍ സംഘം എന്റെ മതം മാറാനുള്ള തീരുമാനത്തെക്കുറിച്ചറിയാന്‍ ക്വാര്‍ട്ടേഴ്‌സിലെത്തുന്നത്.

ഒളിക്യാമറയുമായാണവരെത്തിയതെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്നെ മനഃപൂര്‍വം മതംമാറ്റാന്‍ ശ്രമം നടത്തുന്നുവെന്ന തരത്തിലാണവര്‍ വാര്‍ത്ത നല്‍കിയത്. ഇതോടെ ഞാന്‍ തളര്‍ന്നു. മതം മാറാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല. നല്ലവരായ മുസ്ലിം സുഹൃത്തുക്കളോട് മാപ്പുപറഞ്ഞ് ഇസ്ലാംമതം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നു ഞാന്‍ പിന്‍മാറി. അവരുടെ അഭിപ്രായവും അതു തന്നെയായിരുന്നു. വിവാദമായ ഒരു മതംമാറ്റം വേണ്ടെന്നു വെച്ചു. 

ജീവിതത്തിലെ സംഘര്‍ഷഭരിതമായ ദിനങ്ങളായിരുന്നു അത്. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസങ്ങള്‍...എന്നാല്‍ എന്നും മനസ്സില്‍ തികട്ടി വരുന്ന ദിനങ്ങള്‍. അപ്പോഴും വീട് എന്ന സ്വപ്നം ചോദ്യചിഹ്നമായി നില്‍ക്കുകയായിരുന്നു. കുതിരത്തടം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു സ്വന്തം വീട്ടിലേക്കുള്ള മാറ്റം നടക്കാത്ത മോഹം മാത്രമായി അവശേഷിക്കുമോയെന്ന ആശങ്കക്കിടയിലാണ് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പൊട്ടിമുളയ്ക്കുന്നത്.

വീട്ടിലെ സ്വസ്ഥജീവിതം എനിക്കും കുടുംബത്തിനും ലഭിച്ചുവെന്ന് കരുതിയതാണ്. കൈയെത്തും ദൂരത്തെത്തിയ ശാന്തിയും സമാധാനവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിത്തെറിപ്പിക്കുന്ന അഭിശപ്ത കാഴ്ചയാണ് കണ്ടത്. അതും വീട്ടില്‍ താമസം തുടങ്ങി രണ്ടു മാസമാകും മുമ്പ്.

പുതിയ വീട്ടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു. 2021 മാര്‍ച്ച് 23നായിരുന്നു ഇരുട്ടിന്റെ മറവില്‍ അക്രമികളെത്തിയത്. 2001-ല്‍ പയ്യന്നൂരിലെ എടാട്ട് നിന്നുതുടങ്ങിയ അക്രമം ഇരുപത് വര്‍ഷത്തിനപ്പുറം കാട്ടാമ്പള്ളിക്കുന്നിലും തുടരുകയായിരുന്നു. വീടെറിഞ്ഞു തകര്‍ക്കുകയായിരുന്നു അക്രമികള്‍. വളപട്ടണം പോലീസ് സ്റ്റേഷനിലും മറ്റും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.

ഇതുകഴിഞ്ഞ് രണ്ടു വര്‍ഷമാകുമ്പോഴേക്കും വീണ്ടും അക്രമമുണ്ടായി. 2023 ആഗസ്ത് 25നായിരുന്നു സംഭവം. നിത്യ വരുമാനമാര്‍ഗമായിരുന്ന ഓട്ടോറിക്ഷ വീട്ടിനു മുന്നില്‍വെച്ച് കത്തിക്കുകയായിരുന്നു. കെ.എല്‍ 13 എ.പി 740 ഓട്ടോറിക്ഷ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് അനുവദിച്ചത്. പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അക്രമം. അക്രമികളെ നേരില്‍ കണ്ടിരുന്നു. സ്ഥലത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു അവര്‍. ഇത് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരാളെപ്പോലും പിടികൂടിയിട്ടില്ല. പട്ടികജാതി-വര്‍ഗ നിയമമനുസരിച്ച് കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. തീവെച്ചു നശിപ്പിക്കപ്പെട്ട ഓട്ടോറിക്ഷ വളപട്ടണം പോലീസ് സ്റ്റേഷന്‍ വളപ്പിലാണുള്ളത്. കേസെടുക്കണമെന്നാവശ്യപ്പെട്ട് വീടിന്റെ മുറ്റത്ത് തന്നെ പന്തല്‍ കെട്ടി രണ്ടാഴ്ച്ച പ്രക്ഷോഭം നടത്തിയെങ്കിലും പോലീസ് അനങ്ങിയില്ല. കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.ആര്‍.അനൂപാണ് സമരം ഉദ്ഘാടനം ചെയ്തിരുന്നത്.

ഞങ്ങളുടെയൊക്കെ വിരലടയാളം പോലീസ് ശേഖരിച്ചതാണ് വിരോധാഭാസം. നമ്മള്‍ തന്നെ കത്തിച്ച് പരാതി നല്‍കുന്നതാണോ എന്നറിയാനായിരുന്നുവത്രെ ഇത്. സമരം കലക്റ്ററേറ്റ് പടിക്കലേക്ക് മാറ്റാനായിരുന്നു തീരുമാനം. പിഞ്ചുകുട്ടികളുള്‍പ്പെടെ പട്ടിണിയിലായപ്പോള്‍ നെഞ്ചകം നീറിപ്പുകയുകയായിരുന്നു. കലക്റ്ററേറ്റിലേക്ക് സമരം മാറ്റുന്നതിന്റെ തലേദിവസമാണ് മകന്‍ മനുവിന്റെ ഭാര്യ അശ്വതി മറ്റൊരാളുടെ കൂടെ ഒളിച്ചോടുന്നത്. ഒന്നും മൂന്നരയും വയസായ കുട്ടികളെ വളര്‍ത്തേണ്ട ചുമതലയും എന്റെ തലയിലായി. കുടുംബത്തിലെ ഈ സംഭവവും ഓട്ടോറിക്ഷ കത്തിക്കലുമൊക്കെയായപ്പോള്‍ ആകെ പിടിവിട്ടു പോകുന്ന അവസ്ഥ. ഇതോടെ കലക്റ്ററേറ്റിനു മുന്നില്‍ നടത്താനിരുന്ന സമരം മുന്നോട്ടു കൊണ്ടു പോകാനായില്ല. വാടകയ്ക്ക് ഓട്ടോറിക്ഷയോടിക്കാന്‍ ആരും തന്നുമില്ല. പട്ടിണിയും പരിവട്ടവും. സൗദി അറേബ്യയിലെ കെ.എം.സി.സി ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും റംസാന്‍ തുടങ്ങിയതിനാല്‍ അവര്‍ക്ക് വാഗ്ദാനം പാലിക്കാനായില്ല. വിവിധ സംഘടനകളുമായും വ്യക്തികളുമായും ബന്ധപ്പെട്ടുവെങ്കിലും ആരും ഒരു ദളിത് സ്ത്രീയെ സംരക്ഷിക്കാനെത്തിയില്ല.

ഏറ്റവുമൊടുവില്‍ ആം ആദ്മി മഹിളാ വിഭാഗം സഹായഹസ്തങ്ങളുമായെത്തി. പുതിയ ഓട്ടോറിക്ഷയിറക്കാനുള്ള ഡൗണ്‍ പേയ്‌മെന്റും മറ്റുമടക്കം അരലക്ഷത്തോളം രൂപ അവര്‍ നല്‍കി. വായ്പ മാസത്തവണയായി ഞങ്ങളടക്കണം. തിരിച്ചടവു മുടങ്ങിയിരിക്കുകയാണ്. കെ.എല്‍ 13 എ. വൈ. 0836 ഓട്ടോറിക്ഷ കണ്ണൂര്‍ നഗരത്തില്‍ ഓടിക്കാനുമായില്ല. നേരത്തെയുണ്ടായ കെ.എം.സി നമ്പര്‍ മാറ്റിനല്‍കാത്തതാണ് പ്രശ്‌നം. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ആര്‍.ടി.ഒ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു വൈകിപ്പിക്കുകയാണ്. ഇതും ഒരുതരം അക്രമം തന്നെ. മാനസികമായ അക്രമം. 2689, 2690 കെ.എം.സി നമ്പറുകളിലേതെങ്കിലുമൊന്ന് മകള്‍ മേഘയുടെ പേരിലുള്ള പുതിയ ഓട്ടോറിക്ഷയ്ക്ക് മാറ്റി നല്‍കുകയേ വേണ്ടതുള്ളൂ.

ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങളും അക്രമങ്ങളും തുടരുന്നതിനിടയിലാണ് ദൈവത്തിന്റെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നത്. ദൈവത്തിന്റെ വികൃതികള്‍. അതെന്റെ ജീവനെടുക്കുമെന്ന വിചാരം വല്ലാതെ സങ്കടപ്പെടുത്തി.