കാട്ടാമ്പള്ളികുന്നില്‍ മെയിന്‍ റോഡില്‍ നിന്ന് ഏതാനും മീറ്ററേയുള്ളൂ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീടിനായി അനുവദിച്ച അഞ്ചു സെന്റ് ഭൂമിയിലേയ്ക്ക്. കണ്ണായ വസ്തു. ടാറിട്ട റോഡിനരികില്‍ തന്നെ. ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി കുറേ വീടുകള്‍ ഇതിനു പിറകില്‍ വരുന്നുണ്ട്. ഇവിടെ നിന്ന് കമ്പിയും കല്ലുമടക്കം കവര്‍ച്ച ചെയ്യപ്പെട്ടുവെന്നത് യാഥാര്‍ഥ്യം; പദ്ധതി തുടങ്ങിയേടത്തു തന്നെ.

To advertise here,

 2016-ലാണ് രണ്ടു മുറി മാത്രമുള്ള വീടിന്റെ നിര്‍മാണമാരംഭിക്കുന്നത്. വലിയ കുഴിയായിരുന്നു സ്ഥലം. കല്ലെടുത്ത കപ്പണ. ഭൂമി വൃത്തിയാക്കിയെടുക്കാനും തറ കെട്ടാനുമൊക്കെയായി അഞ്ചു ലക്ഷം രൂപ ചെലവായി. അര്‍ബന്‍ ബാങ്കില്‍ നിന്ന് പത്തു വര്‍ഷത്തെ കാലയളവില്‍ വായ്പയെടുത്താണ് ഈ തുക കണ്ടെത്തിയത്. മുഖപുസ്തകത്തിലെ സുഹൃത്തുക്കള്‍ നല്‍കിയ തുക കണ്ടപ്പോഴാണ് വീട് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷക്ക് കൂടുതല്‍ തിളക്കം വന്നത്. എം.എല്‍.എയായിരുന്ന കെ.എം.ഷാജിയും അബുദാബിയിലെ സന്നദ്ധ സംഘടനയായ ഗ്രീന്‍ വോയ്‌സുമൊക്കെ സഹായിച്ചതിനാല്‍ ലിന്റൽ വരെ പണി പൂര്‍ത്തിയായപ്പോള്‍ വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാകുമെന്ന് ഉറപ്പായി. അപ്പോഴേക്കും രണ്ടു വര്‍ഷം കഴിഞ്ഞ് 2018 ആയി.

ഡി.സി.സി പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനിയെ വളരെ നന്ദിയോടെ മാത്രമേ സ്മരിക്കാനാവുകയുള്ളൂ. കുടിവെള്ളം ഞങ്ങള്‍ക്ക് കിട്ടാക്കനിയായിരുന്നു. വീടിന്റെ പണിക്കും വെള്ളം കിട്ടിയേ തീരുവെന്നായി. ഇക്കാര്യം സതീശന്‍ പാച്ചേനിയോട് നേരില്‍ കണ്ട് പറഞ്ഞു. ഉടനെ അദ്ദേഹം സ്വന്തം കീശയില്‍ നിന്ന് പണം ചെലവഴിച്ച് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കി. പാര്‍ട്ടിയില്‍ നിന്നോ മറ്റാളുകളില്‍ നിന്നോ സമാഹരിച്ചതല്ല ഈ തുക. അദ്ദേഹത്തോട് ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കും.

 ഇതിനിടയിലാണ് ബോളിവുഡ് സംവിധായകനായ ഫൈസര്‍ സ്‌കോട്ട് എന്റെ പോരാട്ടജീവിതം സിനിമയാക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നത്. 2018-ല്‍ ബന്ധപ്പെട്ടുവെങ്കിലും പിന്നീട് ഇതേക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. 2020-ലാണ് ഫൈസര്‍ സ്‌കോട്ട് വീണ്ടും ബന്ധപ്പെടുന്നത്. ചര്‍ച്ചകളായി. ഇ-മെയില്‍ സന്ദേശങ്ങളിലൂടെ തുടര്‍പ്രക്രിയ നടത്തി. ഇതിനൊക്കെ അങ്ങേയറ്റം സഹായിച്ചതു കണ്ണൂര്‍ കാല്‍ടെക്‌സിലെ കാസര്‍ കോംപ്ലക്‌സിലുള്ള ഐനെറ്റ് എം.ഡി. അമിതാഭ് ചാലോടാണ്. ഫൈസര്‍ സ്‌കോട്ട് ചെറിയ തുക അഡ്വാന്‍സായി നല്‍കി. തുടര്‍ന്ന് ഫെയ്​സ്ബുക്ക് സുഹൃത്തുക്കളായ പി.ടി.ജാഫര്‍, പ്രസന്നന്‍ ധര്‍മപാലന്‍, രൂപേഷ് എന്നിവര്‍ കൂടി തുക സമാഹരിച്ചു. ഇതോടെ കൊച്ചുവീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി. നിര്‍വൃതിയുടെ നിമിഷങ്ങളും നാളുകളും. സിനിമ ഇറക്കിയോ എന്നറിയില്ല. ഫൈസര്‍ സ്‌കോട്ട് പിന്നീട് എന്നെ വിളിച്ചിട്ടില്ല.

 2021 ജനുവരി 30-നാണ് വീട്ടില്‍ പാലുകാച്ചി താമസമാരംഭിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് അസുഖമായതിനാല്‍ വരാനായില്ല. അദ്ദേഹത്തിന്റെ മരണകാരണമായ അസുഖത്തിന്റെ ആരംഭമായിരുന്നു അത്. മുന്‍ എം.എല്‍.എ എ.ഡി. മുസ്തഫ സാറാണ് പാലുകാച്ചലിന് മുന്നില്‍ നിന്നത്.

സ്വന്തം വീട് എനിക്ക് കൊട്ടാരമായിരുന്നു. ഭര്‍ത്താവിനോടും മക്കളോടും പേരക്കുട്ടികളോടുമൊപ്പം ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു വീണ്ടും അക്രമമുണ്ടാകുന്നത്. നിന്നെയും കുടംബത്തെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമുണ്ടായപ്പോള്‍ ഞാന്‍ ശരിക്കും തളര്‍ന്നുപോയി. ഒരു താങ്ങിനു വേണ്ടി നിലവിളിക്കുകയായിരുന്നു ഞാന്‍.

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചപ്പോള്‍ എല്ലാത്തിനും ഞങ്ങള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ചിലര്‍ വഞ്ചിച്ചു. അപ്പോള്‍ കൂടെയുണ്ടായത് കേരള പുലയ മഹാസഭ തിരുവനന്തപുരം ജില്ല പ്രസിഡന്റ് ചെറുവക്കല്‍ അര്‍ജുനന്‍, മദനന്‍ മാധവപുരം, എസ്.ഡി.പി.ഐ നേതാവ് പരുത്തുക്കുഴി നിസാര്‍ തുടങ്ങിയവരൊക്കെയാണ് തുണയായത്.

കണ്ണൂര്‍ സമരത്തിന് പ്രാഥമികാവശ്യങ്ങള്‍ക്ക് സഹായിച്ചത് ഡി.സി സി സെക്രട്ടറി മാധവന്‍ മാസ്റ്റര്‍, വി.വി പ്രഭാകരന്‍ തുടങ്ങിയവരായിരുന്നു. അതു മാത്രമല്ല, ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ലതീത ഫര്‍സാനയെ ഒരിക്കലും വിസ്മരിക്കാനാകില്ല. ആദ്യമായായിരുന്നു ഒരു മുസ്ലിം വനിത എനിക്കു വേണ്ടി സംസാരിക്കാനെത്തിയത്. ആറു തവണ അവര്‍ കണ്ണൂരിലെത്തി ധീരമായി എനിക്കുവേണ്ടി സംസാരിച്ചു. കലര്‍പ്പില്ലാത്ത സ്നേഹമായിരുന്നു അത്.

 കണ്ണൂര്‍ സമരത്തില്‍ രാത്രി ഏകയായി നിന്നപ്പോള്‍ കൂടെനിന്ന ട്രാന്‍സ്​ജെൻഡർ ജി മാന്‍ ആഷിര്‍ കെ.മുഹമ്മദിനെ മറക്കുന്നതെങ്ങിനെ? 2016-ല്‍ അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നു. ആനയായിരുന്നു ചിഹ്നം. ബഹുജന്‍ സമാജ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ഞാന്‍. മായാവതിയുമായി അടുപ്പമുണ്ടായിരുന്ന പ്രഭാകരന്‍ വാരപ്പുറത്തായിരുന്നു, ഇതിനെല്ലാം എന്നെ സഹായിച്ചത്. 

എന്റെ പോരാട്ടങ്ങള്‍ ഡോക്യുമെന്ററിയായി ചെയ്തത് ഷിബി പീറ്റര്‍, തേന്‍മൊഴി, ശ്രീമിത്ത് എന്നിവരായിരുന്നു. മൂന്നു ഡോക്യുമെന്ററികളാണ് ചെയ്തത്.

എന്റെ പോരാട്ടം സിനിമയാക്കിയ ജയന്‍ ചെറിയാനെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. 'പാപ്പിലേയോ ബുദ്ധ'യെന്ന് പേരിട്ട സിനിമയില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടനായിരുന്നു നായകന്‍.

ഞാന്‍ രണ്ടു പ്രാവശ്യം ഹൈദരബാദ് യൂണിവേഴ്സിറ്റിയില്‍ ചില പരിപാടികള്‍ക്ക് ക്ഷണിതാവായി പോയിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനായിരുന്നു (എ.എസ്.എ) സംഘാടകര്‍. ഹൈദരബാദി ബിരിയാണിയും രാമറാവു ഫിലിം സിറ്റിയുമൊക്കെ കാണുന്നതും അനുഭവിക്കുന്നതുമൊക്കെ ആ ദിവസങ്ങളിലായിരുന്നു.

കാലടി ശങ്കരാചാര്യ സര്‍വകലാശാലയില്‍ ഗസ്റ്റായി ക്ഷണിച്ചത് സാദിഖായിരുന്നു. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും പല പ്രാവശ്യങ്ങളിലായി കവര്‍ സ്റ്റോറികളും അഭിമുഖങ്ങളും ചെയ്ത മാധ്യമ പ്രവര്‍ത്തകരെ മറക്കാനാകില്ല. വേണു കള്ളാര്‍, കെ.സുജിത്ത്, തിരുവനന്തപുരത്തെ ഫസറുദ്ദീന്‍ തുടങ്ങിയവരെയും ഓര്‍മിക്കുന്നു. ഫസറുദ്ദീന്‍ എല്ലാ ദിവസവും സമരപ്പന്തലിലെത്തുമായിരുന്നു. മാത്രമല്ല, തന്റെ പത്രത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിരന്തരം വാര്‍ത്ത നല്‍കുകയും ചെയ്തു. 

പാന്‍ക്രിയാസ് അര്‍ബുദം ബാധിച്ച് സാമ്പത്തികമായി അമ്പേ തകര്‍ന്നപ്പോള്‍ റെനയര്‍ പനങ്ങാട്ട്, സുധേഷ് എം.രഘു, കെ.കെ.ബാബുരാജ് തുടങ്ങിയവരാണ് തുണയായത്. 

സമരങ്ങള്‍ക്ക് തുണയായി നിന്ന അനു രാംദാസ് (യു.എസ്.എ), ദീപ വാസുദേവ് (കാനഡ), അഫ്ത്താബ് ഇല്ലത്ത് (യു.എ.ഇ), എച്ച്.എം.ശ്രുതി (യു.കെ), ഇഞ്ചിപ്പെണ്ണ് (യു.എസ്.എ), ഹാനിബാബു (പ്രൊഫ. ഡല്‍ഹി യൂണിവേഴ്സിറ്റി), സുദീപ് മുഹമ്മദ് (പ്രൊഫ. എന്‍.ഐ.ടി, കോഴിക്കോട്, ഗീതം യൂണിവേഴ്സിറ്റി,ഹൈദരബാദ്), സി.സജി (ലോക്കോ പൈലറ്റ്, ആലപ്പുഴ). വര്‍ഷ ബഷീര്‍, മൈത്രി പ്രസാദ്....ഇവരെയെല്ലാം ഒരിക്കലും മറക്കാനാകില്ല.

വയറുവേദനയിലൂടെയാണ് ദൈവം പരീക്ഷണം തുടങ്ങിയത്. അതുവരെയില്ലാത്ത വേദന ആരംഭിച്ചത് അവിചാരിതമായാണ്. പിന്നെയത് കുറഞ്ഞുമില്ല. മനസ്സില്‍ ആധിയായിരുന്നു. പോരാട്ടവഴിയില്‍ ഇട്ടെറിഞ്ഞു പോകേണ്ട ദുരവസ്ഥ നിരാശാജനകമായിരുന്നു. എന്തു ചെയ്യണമെന്നു നിശ്ചയമില്ല. 2024 ജൂലായിലാണ് വേദന തുടങ്ങിയത്. 

വീടിനു തൊട്ടടുത്തുള്ള ദാറുല്‍ ഹസനാത്ത് ആശുപത്രിയില്‍ ഡോ.നസീബിനെ കണ്ടു. അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്യാനായി നിര്‍ദേശം. തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ നിന്ന് സ്‌കാന്‍ ചെയ്തു. റിസല്‍ട്ടുമായി പോയത് കണ്ണൂര്‍ ശ്രീ ചന്ദ് ആശുപത്രിയിലെ ഗ്യാസ്ട്രോഎന്റോളജിസ്റ്റ് സനീഷ് പത്മനാഭന്റെയടുക്കലായിരുന്നു. സി.ഡി കാണിച്ചു. അവിടെ നിന്ന് നേരെ കണ്ണൂര്‍ ചാലയിലെ ആസ്റ്റര്‍ മിംസിലെ ഓങ്കോളജിസ്റ്റിനടുക്കലേക്ക്. പാന്‍ക്രിയാസില്‍ കാന്‍സറായിരുന്നു. അത് കരളിലേക്കും വ്യാപിച്ചിരുന്നു. മിംസില്‍ ബയോപ്സി ചെയ്യാനുള്ള മുപ്പതിനായിരം രൂപയ്ക്കു വേണ്ടിയുള്ള പെടാപ്പാട് എനിക്കു മാത്രമേ അറിയൂ. ഒരാഴ്ച്ച മിംസില്‍ കഴിഞ്ഞു. 

എന്റെ പോരാട്ടവീഥികളില്‍ ഒന്നിച്ചുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെയും വിവിധ മേഖലകളിലെ ബഹുമാന്യ വ്യക്തികളെയും വിസ്മരിക്കാനാകില്ല. ആരുടെയും പേരു പറയുന്നില്ല. ഒരുപാടു പേരുണ്ട്. നന്ദിയോടെ സ്മരിക്കുന്നു, എല്ലാവരെയും.

അഡിനോ കാസിനോ എന്ന പാന്‍ക്രിയാസ് കാന്‍സറാണ് എന്നെ പിടികൂടിയത്. അതും അവസാന ഘട്ടം. പല സംഘടനകളെയും സമീപിച്ചെങ്കിലും സഹായിക്കാനാരുമുണ്ടായിരുന്നില്ല. തിരുവനന്തപുരം ആര്‍.സി.സിയിലേക്കായിരുന്നു അവിടെ നിന്ന് യാത്ര. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററിലും ഇതിനിടയില്‍ പോയി. എല്ലായിടങ്ങളിലും പോയി അവസാനമെത്തിപ്പെട്ടത് തലശ്ശേരി കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലായിരുന്നു. മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയിലും പോയി. എങ്ങനെയെങ്കിലും ജീവിക്കണമെന്നായിരുന്നു ആഗ്രഹം. അക്രമികള്‍ക്കെതിരെയുള്ള പോരാട്ടം സ്വശരീരത്തിലെ വൈറസുകളോടും ബാക്ടീരിയകളോടുമായി. നിരവധി പരിശോധനകള്‍. 

 ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ക്ലിനിക്കില്‍ പോലും രാഷ്ട്രീയപ്പക കണ്ടു. ഒരാള്‍ പോലും വീട്ടിലെത്തിയില്ല. ചിറക്കല്‍ പഞ്ചായത്തില്‍ നിന്ന് ഒരന്വേഷണവുമുണ്ടായില്ല. 

ഈ കടുത്ത അസുഖങ്ങള്‍ക്കിടയിലും മകള്‍ മേഘയുടെ പേരിലുള്ള പുതിയ ഓട്ടോറിക്ഷയ്ക്ക് കെ.എം.സി നമ്പര്‍ മാറ്റി നല്‍കാനായി ആര്‍.ടി.ഒ.യുടെ ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു. അതെന്റെ വിധി, നിയോഗം എന്നൊക്കെ കരുതി ആശ്വസിക്കാനേ ആയുള്ളൂ.

ജീവിതത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതായി എനിക്ക് സ്വയമേ ബോധ്യം. മരണത്തെ എനിക്കു പേടിയില്ല. 

(അവസാനിച്ചു)