ടി.വി. വാങ്ങിയെങ്കിലും ഞങ്ങള്‍ക്കു കേബിള്‍ കണക്ഷന്‍ കിട്ടിയില്ല. മുമ്പുതന്നെ ഞങ്ങളുടെ വീട്ടില്‍ മാത്രം പത്രം ഇടാറുമില്ലായിരുന്നു. ഞങ്ങള്‍ക്കു മാത്രം കേബിള്‍ കണക്ഷന്‍ വലിച്ചു തരുന്നില്ല. ഞങ്ങളുടെ വീടിനു പിറകില്‍ അങ്ങ് തുരുത്തി എന്ന സ്ഥലത്തൊക്കെ കേബിള്‍ കൊടുത്തിരുന്നു. കേബിള്‍ തരാതായതോടെ ഞങ്ങള്‍ പിന്നെ സി.ഡി വാങ്ങി സിനിമ കാണാന്‍ തുടങ്ങി. ഡി.വി.ഡി വലിയമ്മയുടെ വീട്ടില്‍ നിന്ന് എടുത്തു കൊണ്ടുവന്നതാണ്. ഞങ്ങളുടെ വീട്ടിലേക്കു അത്രയും വയര്‍ തരാന്‍ പറ്റില്ല എന്നാണ് കേബിള്‍ ടിവിക്കാര്‍ കാരണം പറഞ്ഞത്. ആകെ മുപ്പതു മീറ്റര്‍ കേബിള്‍ മാത്രം മതിയാകും. കേബിളിന്റെ പൈസ ഞങ്ങള്‍ കൊടുക്കാം എന്നും പറഞ്ഞിരുന്നു. ഞങ്ങളുടെ വീടിന്റെ മുന്നില്‍ അനിയത്തിയുടെ ഭര്‍ത്താവിന്റെ ഏട്ടന്‍ താമസിക്കുന്നുണ്ടായിരുന്നു. അവിടത്തേക്ക് കേബിള്‍ വലിച്ചു കൊടുത്തിരുന്നു. പിന്നെ അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് കേവലം പത്ത് മീറ്ററിന്റെ കേബിള്‍ മതിയാകും.പക്ഷേ, അവര്‍ വലിച്ചു തന്നില്ല. കാരണം മറ്റൊന്നുമല്ല. ജാതി തന്നെ.

To advertise here,

വീടുപണിക്കായി പട്ടികജാതി വകുപ്പില്‍ നിന്നും കുറച്ചു പൈസ അനുവദിച്ചിരുന്നു. വീടിന്റെ പണി ഒരു വിധം പൂര്‍ത്തിയാക്കി.പക്ഷേ, തേപ്പുപണി കഴിഞ്ഞിട്ടില്ലായിരുന്നു. അതിനിടയില്‍, രണ്ടായിരത്തി എട്ടില്‍ എന്റെ ദേഹത്തേക്ക് വണ്ടി ഓടിച്ചുകയറ്റിയ കേസും വണ്ടി കത്തിച്ച കേസും വിചാരണയ്ക്കെടുത്തു. ആദ്യം കേസിനു പോയപ്പോള്‍ എതിര്‍പക്ഷക്കാര്‍ 'കേസ് കോംപ്രമൈസ് ചെയ്യാം, ഞങ്ങള്‍ വണ്ടി വാങ്ങിത്തരാം' എന്നു ഞങ്ങളോടു പറഞ്ഞു. അവര്‍ കുടുങ്ങും എന്നു മനസ്സിലായപ്പോഴാണ് അങ്ങനെ പറഞ്ഞത്. അവര്‍ക്കെതിരെ പോലീസുകാരുടെയും ഡോക്ടറുടെയും മൊഴി ശക്തമായുണ്ടായിരുന്നു. അതില്‍ ഡോക്ടറുടെ മൊഴിയായിരുന്നു ശിക്ഷ വിധിക്കാനുള്ള ഏറ്റവും വലിയ കാരണവും. കേസ് കോംപ്രമൈസ് ചെയ്യുന്നുണ്ടോ എന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നോടു ചോദിച്ചു. ഞങ്ങള്‍ കോംപ്രമൈസിന് തയ്യാറല്ല എന്നുതന്നെ പറഞ്ഞു. രണ്ടു കേസും ഒരേ സമയത്ത് വന്നതുകൊണ്ട് ഞങ്ങള്‍ക്ക് വണ്ടി വാങ്ങിത്തരാം എന്നവര്‍ വീണ്ടും പറഞ്ഞു. 'വണ്ടി വാങ്ങിത്തരാം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?' എന്ന് ശ്രീഷ്‌കാന്ത് ചോദിച്ചു. സെക്കന്റ് ഹാന്‍ഡ് വണ്ടി വാങ്ങിത്തരാം എന്നവര്‍ പറഞ്ഞു. സെക്കന്റ് ഹാന്‍ഡ് വണ്ടിക്കുവേണ്ടി ഞങ്ങള്‍ കേസ് പിന്‍വലിക്കില്ല എന്നും ഞങ്ങളുടേത് പുതിയ വണ്ടി ആയിരുന്നുവെന്നും അത് കൊണ്ടുതന്നെ പുതിയ വണ്ടി വാങ്ങിത്തന്നാല്‍ കേസ് പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്നും ശ്രീഷ്‌കാന്ത് പറഞ്ഞു. അതിന് അവര്‍ക്കും സമ്മതമല്ലാത്തത് കൊണ്ട് വിചാരണ നടക്കട്ടെ എന്ന് ഞങ്ങളും പറഞ്ഞു.

കേസിന്റെ വിചാരണ രസകരമായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ ഞങ്ങള്‍ക്കുവേണ്ടി ഒരക്ഷരം മിണ്ടിയില്ല. മൂന്നു ദിവസം വിചാരണ ഉണ്ടായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഞങ്ങളുടെ കേസിന്റെ വിചാരണയായിരുന്നു. എതിര്‍ഭാഗം വക്കീല്‍ ഞങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍: നിങ്ങളുടെ അമ്മ എത്ര കല്യാണം കഴിച്ചിരുന്നു? നിങ്ങളുടെ അച്ഛന്‍ ആരാണ്? നിങ്ങളെത്ര വിവാഹം കഴിച്ചിരുന്നു? അല്ലാതെ കേസിനാസ്പദമായ കാര്യങ്ങളൊന്നുമല്ല ചോദിക്കുന്നത്. അവര്‍ ജൂനിയര്‍, സീനിയര്‍ അടക്കം അഞ്ച് വക്കീലന്മാര്‍ ഉണ്ടായിരുന്നു. അവരൊക്കെ ഈ ചോദ്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിക്കുന്നത്. ഞങ്ങളുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആകട്ടെ ഒരു ഒബ്ജക്ഷനും പറഞ്ഞതുമില്ല. 'എന്റെ അച്ഛനാരാണെന്ന് അന്വേഷിക്കാനും എനിക്കെത്ര ഭര്‍ത്താക്കന്മാരുണ്ടെന്ന് എണ്ണമെടുക്കാനുമല്ല ഞാന്‍ കേസ് കൊടുത്തത്. എന്നെ അക്രമിച്ചതിനും ഓട്ടോ കത്തിച്ചതിനും നീതി കിട്ടാനുമാണ്' ഞാന്‍ പറഞ്ഞു. അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുമെങ്കില്‍ മാത്രമേ ഞാന്‍ ഇനി ഉത്തരം പറയുകയുള്ളൂ എന്നും. അപ്പോള്‍ ജഡ്ജി ഇടപെട്ടു. ഇത്തരത്തിലുള്ള ചോദ്യം ചോദിക്കാന്‍ പറ്റില്ല, വേറെ എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ചോദിച്ചു. അവര്‍ക്ക് വേറെ ഒന്നും ചോദിക്കാനില്ലായിരുന്നു. കേസിനാസ്പദമായ ഒരു ചോദ്യവും ചോദിച്ചില്ല. അതില്‍ ഡോക്ടറുടെ മൊഴി മാത്രം എടുത്തുകൊണ്ടാണ് പ്രതിക്ക് ഒരു മാസം കഠിനതടവും ഇരുപത്തിയയ്യായിരം രൂപ പിഴയും വിധിച്ചത്. പിഴത്തുക ഞങ്ങള്‍ക്കു തരണം. അല്ലെങ്കില്‍ വീണ്ടും ഒരു മാസം കഠിനതടവു കൂടി അനുഭവിക്കണം. എന്നാല്‍ പിന്നീട് ഞങ്ങള്‍ അറിഞ്ഞത് കേസ് ഹൈക്കോടതിയില്‍ എത്തിയെന്നാണ്. അതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി കക്ഷി ചേരണമെങ്കില്‍ ഞങ്ങളുടെ പരാതി കൂടി വേണം. പബ്ലിക് പ്രോസിക്യൂട്ടര്‍ ആകട്ടെ ഞങ്ങളോട് അത് പറഞ്ഞുതന്നതുമില്ല. ആ സമയത്ത് ഞങ്ങള്‍ക്കുവേണ്ടി വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ പാര്‍ട്ടിയുടെ ആളായിരുന്നു. അതിനുശേഷം വണ്ടി കത്തിച്ച കേസില്‍ തെളിവില്ല എന്നുപറഞ്ഞു പ്രതികളെ മുഴുവന്‍ വെറുതെവിടുകയും ചെയ്തു.

വിചാരണ തുടങ്ങിയതിനുശേഷം വണ്ടി കത്തിച്ചവന്റെ അച്ഛന്‍ വീണ്ടും ഞങ്ങളുടെ വീട്ടിലേക്ക് വന്നു. ഇന്നു വരെ ഞങ്ങളുടെ വീടിന്റെ മുറ്റത്തു പോലും വരാത്ത മനുഷ്യനായിരുന്നു! ഞാന്‍ ചായ ഉണ്ടാക്കി. അതു വരെ ഞങ്ങളുടെ വീട്ടില്‍നിന്നു തുള്ളിവെള്ളം കുടിക്കാത്ത അയാള്‍ അന്ന് ഞാനുണ്ടാക്കിയ കട്ടന്‍ചായ കുടിച്ചു. കേസ് കോംപ്രമൈസ് ആക്കാന്‍ വേണ്ടി അയാള്‍ക്ക് എന്റെ കട്ടന്‍ചായ കുടിക്കേണ്ടതായി വന്നു. ഇയാളെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല എന്ന് ശ്രീഷ്‌കാന്ത് എന്നോട് രഹസ്യമായി പറഞ്ഞു. അയാളോട് ചായ കുടിക്കാന്‍ പറഞ്ഞു.പക്ഷേ, പുതിയ വണ്ടി വാങ്ങിച്ചു തരാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് ശ്രീഷ്‌കാന്ത് അയാളോടും തറപ്പിച്ചു പറഞ്ഞു. അവസാനം കേസിന്റെ വിധി വന്നപ്പോള്‍ രമേശന് ശിക്ഷ വിധിച്ചു. അതേസമയം ഓട്ടോ കത്തിച്ച കേസിലുള്ളവരെ തെളിവില്ല എന്നുപറഞ്ഞു വെറുതെ വിട്ടു. 

placeholder
ചിത്രലേഖ

അനിയന്‍ മഹേഷ് വണ്ടി കത്തിച്ച കേസില്‍ സാക്ഷി പറയാന്‍ വന്നിരുന്നു. അവന്‍ കോളേജില്‍ പോകുന്ന സമയത്ത് ആ ഓട്ടോ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന സമയത്താണ് എന്റെ ദേഹത്ത് ഓട്ടോ കയറ്റി കൊല്ലാന്‍ ശ്രമിച്ചത്. ആ സമയത്ത് അനിയന്‍ അവിടെ യൂണിറ്റ് സെക്രട്ടറി ആണല്ലോ. കോടതിയില്‍ വെച്ച് വക്കീല്‍ അനിയനോട് നിങ്ങള്‍ക്ക് ചിത്രലേഖയെ അറിയാമോ എന്നു ചോദിച്ചു. ചിത്രലേഖ എന്റെ ചേച്ചിയാണെന്ന് അവന്‍ മറുപടി പറഞ്ഞു. അടുത്ത ചോദ്യം ചിത്രലേഖ എന്ന വ്യക്തിയെ അറിയാമോ എന്നായിരുന്നു. അതിന് 'എനിക്കറിയില്ല' എന്ന വിചിത്രമായ മറുപടി ആയിരുന്നു. അത് കേട്ടതോടെ കോടതിയില്‍ ജഡ്ജി അടക്കമുള്ള സകലരും ചിരിച്ചു. എനിക്കും ചിരി അടക്കാന്‍ വയ്യാതെ ആയി. അതോടെ ജഡ്ജി വരാന്തയില്‍ നില്‍ക്കുന്നവരൊക്കെ പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. പിന്നീട് അവന്‍ പറഞ്ഞതൊന്നും കോടതി മുഖവിലയ്ക്കെടുത്തില്ല. അങ്ങനെ ആ കേസ് എനിക്ക് അനുകൂലമായി. അവന്‍ സാക്ഷി പറഞ്ഞുപോയി. കോടതി എനിക്കനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ അവനെ യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തു. വണ്ടി കത്തിച്ച കേസില്‍ അവന്‍ സാക്ഷി പറയാനും വന്നില്ല. അത് കൊണ്ടാണ് സാക്ഷികളില്ല എന്ന പേരും പറഞ്ഞ് ആ കേസ് തള്ളിപ്പോയത്. 

Also Read: അതിനിടയില്‍ ഞാന്‍ ഷോള്‍ കുരുക്കി കഴുത്തിലിട്ട് മുകളില്‍ പിടിച്ചിരുന്നു, ഓര്‍ക്കാതെ കൈവിട്ടുപോയി!

ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതി ഗള്‍ഫിലേക്ക് മുങ്ങി. പട്ടികജാതിക്കാരെ ആക്രമിച്ച കേസുള്ളവര്‍ക്ക് അതൊക്കെ കൃത്യമായി അന്വേഷിച്ചതിനുശേഷം മാത്രമേ പാസ്പോര്‍ട്ട് കൊടുക്കുവാന്‍ പാടുള്ളൂ. രണ്ടു കേസിലും അയാളെ പ്രത്യേകം വിചാരണ ചെയ്തിരുന്നു. ആ വിചാരണയില്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ഞങ്ങള്‍ക്കുവേണ്ടി കുറേ സംസാരിച്ചു.പക്ഷേ, ആ രണ്ടു കേസിലും തെളിവും സാക്ഷിയും ഇല്ല എന്നുകണ്ട് വെറുതെ വിടുകയായിരുന്നു. രണ്ടായിരത്തി പതിമൂന്നിലായിരുന്നു ഈ വിചാരണ നടന്നത്. ഈ വിചാരണ നടക്കുന്നതിന്റെ ഇടയില്‍ അയാള്‍ ഞങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കി. അനിയന്‍ അനുകൂലമായി സാക്ഷി പറഞ്ഞുവെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. പാര്‍ട്ടി അവനെ ചതിക്കുകയായിരുന്നു എന്നവന് മനസ്സിലായി. സാക്ഷി പറഞ്ഞതിനുശേഷം അവനെ യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കിയതോടെ അവനു കാര്യങ്ങള്‍ ബോധ്യമായി. ഞാന്‍ ഓടിനടന്നു കഷ്ടപ്പെടുന്നതു കാണുമ്പോഴും അവനു വല്ലാത്ത മാനസികവിഷമം ഉണ്ടായിത്തുടങ്ങിയിരുന്നു. ഞങ്ങളൊരിക്കല്‍ വീട്ടില്‍ എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ അതു തുറന്നുപറയുകയും ചെയ്തു. ഞങ്ങള്‍ വീട്ടില്‍ എല്ലാവരും വട്ടത്തിലിരുന്നു വര്‍ത്തമാനം പറഞ്ഞാണ് ഭക്ഷണം കഴിക്കാനിരിക്കുക. അങ്ങനെ ഒരിക്കല്‍ അത്താഴം കഴിക്കുമ്പോള്‍ 'അന്ന് ഞാന്‍ കൃത്യമായി സാക്ഷി പറഞ്ഞിരുന്നുവെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമായിരുന്നു'വെന്ന് ഞങ്ങളുടെ മുന്നില്‍ അവന്‍ കുറ്റസമ്മതം നടത്തി.

ഞാന്‍ ശ്രീഷ്‌കാന്തിനെ കല്യാണം കഴിക്കുന്ന കാലത്ത് മഹേഷ് പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു. ആ സമയത്ത് അവനു പുസ്തകം വാങ്ങിച്ചു കൊടുത്തതും പത്താം ക്ലാസ് കഴിഞ്ഞു വി.എച്ച്.എസ്.ഇയില്‍ കൊണ്ടുപോയി ചേര്‍ത്തതുമെല്ലാം ശ്രീഷ്‌കാന്തായിരുന്നു. അന്ന് തേങ്ങ പറിച്ചും ചൂലുണ്ടാക്കി വിറ്റും മീന്‍ പിടിച്ചു വിറ്റുമായിരുന്നു അവന്റെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിയത്. അമ്മയെ സഹായിക്കാന്‍ കൂടി ആയിരുന്നു അത്. തൃക്കരിപ്പൂര്‍ വി.എച്ച്.എസ്.ഇയിലെ പഠനത്തിനു ശേഷമാണ് ഡിഗ്രിക്ക് അവന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്നു പഠിക്കുന്നത്. പയ്യന്നൂര്‍ കോളേജില്‍ ചേര്‍ത്തതും ശ്രീഷ്‌കാന്ത് ഓട്ടോ ഓടിച്ച പൈസ കൊണ്ടായിരുന്നു. പിന്നെ അവന്റെ പഠനങ്ങള്‍ക്കു വേണ്ടിയുള്ള കാര്യങ്ങള്‍ എങ്ങനെയെങ്കിലും ഉണ്ടാക്കിക്കൊടുക്കുന്നതും ഞങ്ങള്‍ തന്നെ ആയിരുന്നു. ഈ കാര്യങ്ങളൊക്കെ ഓര്‍ത്തപ്പോള്‍ ഒരു മനസ്സാക്ഷിക്കുത്ത് അവനും തോന്നിയിട്ടുണ്ടാകാം. 

കോടതിയില്‍ വിചാരണയ്ക്കിടയിലാണ് പ്രതി മഹേഷിനെ ഭീഷണിപ്പെടുത്തുന്നത്. കോടതിയില്‍ നിന്നുതന്നെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞു ഭീഷണികള്‍ തുടങ്ങിയിരുന്നു. ഞങ്ങളുടെ വീടിന്റെ പുറകുവശത്ത് കണ്ണൂര്‍ ധനലക്ഷ്മി ആശുപ്രതിയുടെ ഒരു എസ്റ്റേറ്റ് ഉണ്ട്. നൂറേക്കറിനു മുകളില്‍ ഉള്ള തെങ്ങിന്‍തോപ്പാണവിടെ. അവിടെ കള്ളു ചെത്താന്‍ വരുന്ന സുരേഷ് പ്രതിയുടെ സുഹൃത്താണ്. സുരേഷ് ഒരു ദിവസം പ്രതിയുടെ ബൈക്കിന്റെ പിറകിലിരുന്നു വന്നു. റോഡിന്റെ മുന്നില്‍ നിന്നും 'നായിന്റെ മോനെ ഇങ്ങോട്ടു വാടാ നിനക്ക് കാണിച്ചു തരാടാ' എന്ന് പറഞ്ഞു തെറിവിളി തുടങ്ങി. മഹേഷ് പുറത്തുതന്നെ ഉണ്ടായിരുന്നു. ഞാന്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ പുറത്തുനിന്നുമുള്ള ബഹളം കേട്ടു പുറത്തേക്കിറങ്ങി. ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ മഹേഷും പ്രതിയും സുരേഷുമായി നല്ല വാക്കുതര്‍ക്കം നടക്കുന്നതാണ് കണ്ടത്. മഹേഷ് ദേഷ്യം വന്ന് അങ്ങോട്ടും വെല്ലുവിളിച്ചു. അവന്‍ ഇറങ്ങിപ്പോകാന്‍ തുനിഞ്ഞെങ്കിലും അവിടെ കമ്പിവേലി ഉണ്ടായിരുന്നതുകൊണ്ട് പെട്ടെന്ന് പോകാന്‍ പറ്റിയില്ല. സുരേഷിന്റെ  കത്തിയുമെടുത്തു 'ഞാന്‍ അങ്ങോട്ട് വരാടാ' എന്ന രീതിയില്‍ പ്രതിയും മുന്നോട്ടു വരാനുള്ള പരിപാടി ആയിരുന്നു. 'നിനക്കിപ്പോ എന്താ വേണ്ടത്' എന്ന് ഞാന്‍ ചോദിച്ചു. 'ഓനെ വേണം' എന്ന് പറഞ്ഞ് അവനും മുന്നോട്ടാഞ്ഞു. 'ഓന്‍ സാക്ഷി പറയുന്നത് എനിക്കൊന്നു കാണണം' എന്ന് അവന്‍.

പിറ്റേദിവസം കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ ഒരു വനിതാ ജഡ്ജി ആയിരുന്നു. ഈ സംഭവം ജഡ്ജി അറിഞ്ഞതോടെ പ്രതിയുടെ ജാമ്യം ഉടനെ തന്നെ റദ്ദ് ചെയ്തു. അവനെ അറസ്റ്റു ചെയ്തു രണ്ടു ദിവസത്തേക്ക് ജയിലിലടച്ചു. അവിടെനിന്ന് ജാമ്യമെടുത്തിട്ടാണ് അവന്‍ വീണ്ടും വിചാരണയ്ക്കു വരുന്നത്. ഞങ്ങള്‍ അവനെ ആക്രമിക്കുകയായിരുന്നു എന്നൊരു കൗണ്ടര്‍ കേസ് കൊടുത്തിരുന്നെങ്കിലും ആ കേസ് തള്ളിപ്പോവുകയായിരുന്നു.

പ്രതി ഗള്‍ഫിലേക്കു കടന്നുകളഞ്ഞതിനുശേഷം വേറെ ആര്‍ക്കോ പാസ്‌പോര്‍ട്ട് അന്വേഷണത്തിനു വേണ്ടി പോലീസ് എന്നെ വിളിച്ചു. അയാള്‍ക്കെതിരെ നിങ്ങള്‍ക്കെന്തെങ്കിലും കേസുണ്ടോ എന്ന് എന്നോട് ചോദിച്ചു. 'നിങ്ങള്‍ക്ക് നിരപരാധികളുടെ കാര്യത്തില്‍ എന്നെ വിളിച്ചു ചോദിക്കാം, എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളിയെ ഗള്‍ഫില്‍ പോകാന്‍ സഹായിക്കുകയും ചെയ്യും' എന്ന് തിരിച്ചു ഞാന്‍ പറയുകയും ചെയ്തു. ഗള്‍ഫില്‍ പോയി മൂന്ന് വര്‍ഷക്കാലവും അവന്‍ ഒളിവിലായിരുന്നു. ആള്‍ സ്ഥലത്തുണ്ടെന്ന് ഞങ്ങള്‍ കോടതിയില്‍ പറഞ്ഞതിനു ശേഷമാണ് അവനു വാറന്റ് ഉണ്ടായത്.പക്ഷേ, അതിന്റെ വിചാരണയിലും പബ്ലിക് പ്രോസിക്യൂട്ടര്‍ നിങ്ങളുടെ അച്ഛന്‍ കൂത്തുപറമ്പിലാണല്ലോ താമസം തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്. ഞാന്‍ എന്റെ അച്ഛനെ കണ്ട ഓര്‍മ്മ പോലും എനിക്കില്ല. എന്നിട്ടാണ് അച്ഛന്‍ കൂത്തുപറമ്പിലാണെന്ന പുതിയ വിചിത്രവാദവുമായി വരുന്നത്. 'നിങ്ങളിതൊക്കെ വിട്ടുപിടി, പകരം കേസിന്റെ കാര്യങ്ങള്‍ ചോദിക്കൂ' എന്ന് വീണ്ടും എനിക്കു പറയേണ്ടതായി വന്നു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത് എന്ന് ജഡ്ജി താക്കീത് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേസ് പിന്‍വലിച്ച് ഞാന്‍ എന്റെ പാട്ടിനു പോകും എന്നും പറഞ്ഞു. ജഡ്ജിയുടെ മുമ്പില്‍ വെച്ച് ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നിനക്കു ഫൈന്‍ കിട്ടും എന്ന് ശ്രീഷ്‌കാന്ത് എനിക്ക് താക്കീതും നല്‍കി. കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ എന്നു ഞാനും. ഇതൊക്കെ ജഡ്ജിയും കേള്‍ക്കുന്നുണ്ടായിരുന്നു. ജഡ്ജി എന്നെ നോക്കി ചിരിക്കുകയായിരുന്നു. ആ കേസില്‍ ആ വനിതാ ജഡ്ജി മാറുന്നതുവരെ വക്കീല്‍ ഹാജരാകാതെ കേസ് മാറ്റി വെച്ചു കൊണ്ടേയിരുന്നു. ആ ജഡ്ജി മാറിപ്പോയതിനുശേഷമാണ് ഇവര്‍ ആ കേസിന്റെ വിചാരണക്ക് വേണ്ടി ഹാജരാകുന്നത്.

മകന്റെ പഠിപ്പ് പാടെ നിന്നുപോയി. ഞങ്ങള്‍ തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരേക്ക് താമസം മാറ്റിയതിനു ശേഷം മകനെ എട്ടാം ക്ലാസില്‍ പയ്യന്നൂരില്‍ തന്നെ കൊണ്ടുപോയി ചേര്‍ത്തു. ഞങ്ങള്‍ക്ക് ആ സമയത്ത് കേസിന് പോകേണ്ടതുകൊണ്ട് നിരന്തരം പയ്യന്നൂരില്‍ നിന്നും തലശ്ശേരിയിലേക്ക് സഞ്ചരിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അതിന്റെ ഇടയില്‍ കളക്ടറെ കാണാനും മറ്റുമായി വേറെയും കാര്യങ്ങള്‍ക്കായി പോകേണ്ടതായിവന്നു. ആ സമയത്ത് മകന്‍ സ്‌കൂളില്‍ പോകുന്നു എന്നും പറഞ്ഞ് യൂണിഫോമെല്ലാം ഇട്ടു പോകും. പകുതി വഴി വരെ എത്തി തിരിച്ചു വീട്ടിലേക്കുതന്നെ വരും. അതേസമയം ഞങ്ങള്‍ ഓരോരോ കാര്യങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കി വീട്ടില്‍ വരാന്‍ വൈകുന്നേരവുമാകും. ഒരു ദിവസം അവന്‍ വീട്ടില്‍ വന്ന് അമ്മ വന്നാലേ അവനെ ക്ലാസില്‍ കയറ്റുകയുള്ളൂ എന്നുപറഞ്ഞു. എനിക്ക് അപ്പോഴും തിരക്കായതു കൊണ്ട് ഞാന്‍ അനിയനെ സ്‌കൂളിലേക്ക് പറഞ്ഞയച്ചു. അനിയന്‍ പോയി അവനെ ക്ലാസില്‍ കയറ്റിയിരുത്തിവന്നു.പക്ഷേ, തുടര്‍ന്നും അവന്‍ ഒന്നും പഠിക്കുന്നില്ല. അന്നുവരെ അവനു ക്ലാസ്സില്‍ മൂന്നോ നാലോ റാങ്കെല്ലാം ഉണ്ടായിരുന്നു. അവനു കാര്യങ്ങള്‍ ഒരു പ്രാവശ്യം കേട്ടാല്‍ മനസ്സിലാകുമായിരുന്നു. പക്ഷേ ആ സമയങ്ങളില്‍ അവന്‍ ഒന്നിനോടും ഒരു ശ്രദ്ധയുമില്ലാത്ത പെരുമാറ്റമായി. പിന്നെയും അവന്‍ ക്ലാസ്സില്‍ പോകാതെയായി. പത്ത് മണി ആകുമ്പോഴേക്കും ഞങ്ങള്‍ക്ക് കണ്ണൂരെത്തേണ്ടതുകൊണ്ട് അവനെ സ്‌കൂളിലേക്ക് പറഞ്ഞയച്ചിട്ടാണ് പോവുക. അവന്‍ എപ്പോഴും 'അമ്മ വരണം സ്‌കൂളിലേക്ക് അമ്മ വരണം' എന്നുപറഞ്ഞു കരയും. പിന്നെ അവന്‍ മനപ്പൂര്‍വം ചളിയൊക്കെ വാരി യൂണിഫോമില്‍ ഉരയ്ക്കും. 'യൂണിഫോമില്‍ ചളി ആയി, ചളി ആയ യൂണിഫോം ഇട്ടിട്ടു പോകില്ല' എന്ന് പറയും. അവനിങ്ങനെ കളിക്കുന്നത് കണ്ടു ഞാന്‍ ഒരിക്കല്‍ സ്‌കൂളിലേക്കുപോയി. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പ്രിന്‍സിപ്പലിന് അറിയാവുന്നതാണ്. 'സാരമില്ല അവന്‍ ക്ലാസിലിരിക്കട്ടെ. അവന്‍ കൃത്യമായി ക്ലാസില്‍ വന്നാല്‍ മതി' എന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നെയും ഇതേ പല്ലവി പറഞ്ഞുകൊണ്ട് അവന്‍ ക്ലാസില്‍ പോകുന്നില്ല. ഞാന്‍ അവനോട് എന്താണ് അവന്റെ പ്രശ്‌നമെന്നു ചോദിച്ചു. 

'എല്ലാവരും പറയുന്നു അമ്മ ചീത്തയാണെന്ന്.'  അതോടെ അവന്റെ പഠിപ്പ് അവസാനിച്ചു.

ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം