മേഘ മൂന്നു വര്‍ഷം പ്രണയിച്ച് ജിജീഷ് എന്ന ചാലിയ സമുദായത്തില്‍പെട്ട യുവാവിനെയാണ് വിവാഹം ചെയ്തത്. ജിജീഷ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. അവന്‍ വീട്ടില്‍ വന്നു പെണ്ണന്വേഷിച്ചു. ഞങ്ങള്‍ സമ്മതിച്ചു. അവരുടെ വീട്ടുകാര്‍ക്ക് കല്യാണമായി നടത്തണം എന്നുണ്ടായിരുന്നു. ഞങ്ങളുടെ സാമ്പത്തികസ്ഥിതിയാണെങ്കില്‍ വളരെ മോശവും. ജാതീയമായ ഒരു എതിര്‍പ്പും അവര്‍ക്കില്ലായിരുന്നു. ജിജീഷ് ഗള്‍ഫില്‍ പോയതിനു ശേഷമാണ് അവരുടെ വീട് ഉയര്‍ത്തിക്കൊണ്ടുവന്നത്. അവന്‍ ഗള്‍ഫില്‍ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ അവന്‍ ഗള്‍ഫില്‍ നിന്ന് വന്നു. ഞങ്ങളുടെ സാമ്പത്തികാവസ്ഥ വെച്ചു നോക്കി ഒരു വിവാഹം എന്നതു വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതെല്ലാം മനസ്സിലാക്കിയിട്ടായിരിക്കാം അവര്‍ അമ്പലത്തില്‍ പോയി കല്യാണം കഴിച്ചു. പിന്നീട് വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. രണ്ടു മാസം കഴിഞ്ഞു അവരുടെ വീട്ടിലേക്കു ഞങ്ങളും ഞങ്ങളുടെ വീട്ടിലേക്ക് അവരും വന്നു. അങ്ങനെ രണ്ടു കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായി. പിന്നെ ഒരു നാലു മാസത്തിനുശേഷം അവന്‍ തിരിച്ചുപോയി.  മേഘ ഗര്‍ഭിണിയായി എന്റെ കൂടെ താമസിച്ചു ജോലി ചെയ്യുകയാണ്. അതിന്റെ ഇടയില്‍ മനുവും കല്യാണം കഴിച്ചു. മേഘ കല്യാണം കഴിക്കുന്നതിനു മുന്നേ അവന്‍ കല്യാണം കഴിച്ചിരുന്നു. അതും പ്രണയവിവാഹമായിരുന്നു. അശ്വതി എന്നാണ് പേര്. അവള്‍ തീയസമുദായത്തില്‍പെട്ട കുട്ടിയാണ്.

To advertise here,

പശുവിന്റെ പേരില്‍ ഗുജറാത്തില്‍ ദളിത് യുവാക്കളെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ജിഗ്നേഷ് മേവാനിയെ ഒരു പൊതുപരിപാടിക്കായി പാര്‍ട്ടിക്കാര്‍ കണ്ണൂരിലേക്ക് ക്ഷണിച്ചു. അതില്‍ ഇരയായവര്‍ വന്നിട്ടുണ്ടായിരുന്നു. ജിഗ്നേഷ് വരാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് നിധിഷ് സൗജന്യ വഴിയോ മറ്റോ ഞങ്ങള്‍ ആക്രമിക്കപ്പെട്ട വിവരം അറിയുകയും അതോടെ താന്‍ ചിത്രലേഖയുടെ കൂടെ ആണെന്നും അതുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ല എന്നും അറിയിച്ചത്. അങ്ങനെ ആ പരിപാടിയില്‍ ജിഗ്നേഷ്  മേവാനി പങ്കെടുത്തില്ല. ഗുജറാത്തില്‍ നടത്തിയ 'ചലോ റെയില്‍' എന്ന റെയില്‍ തടയല്‍ സമരത്തിനു ജിഗ്നേഷ് മേവാനി എന്നെ ക്ഷണിച്ചു. അവര്‍ തന്നെയായിരുന്നു ടിക്കറ്റൊക്കെ ബുക്ക് ചെയ്തുതന്നത്. അന്ന് ജിഗ്‌നേഷിന്റെ വീട്ടിലാണ് താമസിച്ചത്. അതിനുമുമ്പേ പരിചയമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ മിട്ടുവും അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ജെ.എന്‍.യുവിലെയും ഹൈദരബാദിലെയും കുട്ടികളും എല്ലാവരും ഉണ്ടായിരുന്നു. ഫോണിലൂടെയും മറ്റും മിട്ടു മുന്നേ ഞങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ജിഗ്‌നേഷ് മേവാനിയുടെ വീട്ടില്‍ വെച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ഞാനടക്കം എല്ലാവരും പങ്കെടുത്തു. അവരൊക്കെ ഹിന്ദിയില്‍ സംസാരിച്ചതുകൊണ്ട് എനിക്കധികം കാര്യങ്ങള്‍ മനസ്സിലായില്ല. ഇന്ത്യയിലാകമാനം ദളിതര്‍ അനുഭവിച്ചു വരുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് എല്ലാവരും സംസാരിച്ചത്. അന്ന് റെയില്‍ തടയാന്‍ പോയപ്പോള്‍ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ ആ പരിപാടിയില്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ ആ സമരം തടയാന്‍ മുതിര്‍ന്നപ്പോള്‍ ജനങ്ങള്‍ പോലീസുകാരെ വളഞ്ഞു. ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജീവിതം എന്ന രീതിയിലാണ് എല്ലാവരും സമരമുഖത്ത് ഉറച്ചു നിന്നത്.

Also Read നായയെ കഴുത്തുകുടുക്കി കൊന്ന് പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍ കെട്ടിയിട്ടു;അതൊരു മുന്നറിയിപ്പായിരുന്നു.

ഒന്നുകില്‍ നീതി കിട്ടണം; അല്ലെങ്കില്‍ മരിക്കണം. പോലീസുകാര്‍ക്ക് സമരം നിയന്ത്രിക്കാന്‍ പറ്റില്ല എന്ന് മനസ്സിലായി. അതോടെ, ഗുജറാത്തിലെ ആഭ്യന്തരമന്ത്രി ഞങ്ങളുടെ ആവശ്യം അംഗീകരിക്കാം സമരം അവസാനിപ്പിക്കണം എന്നുപറഞ്ഞു. അന്ന് ജിഗ്നേഷ് മേവാനിയുടെ വീട്ടിലാണ് താമസിച്ചത്. യാത്ര കഴിഞ്ഞ് മേവാനിയുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ എന്നോട്, 'നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും കുളിച്ചല്ലേ വന്നത്?' എന്ന് ചോദിച്ചു. 'അല്ല, എനിക്കു കുളിക്കണം' എന്ന് ഞാന്‍ പറഞ്ഞു. അകത്ത് കുളിമുറി ഉണ്ടായിട്ടും അവര്‍ എന്നോടു പുറത്തെ കുളിമുറിയില്‍ പോയി കുളിക്കാന്‍ പറഞ്ഞു.

ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളാണ് അജിത് കുമാര്‍ എ.എസ്. സെക്രട്ടേറിയേറ്റില്‍ സമരം നടക്കുമ്പോഴാണ് ഞാന്‍ അജിത്തേട്ടനുമായി അധികം അടുക്കുന്നത്. അജിത്തേട്ടനാണ് ഞങ്ങളുടെ സമരം ഉദ്ഘാടനം ചെയ്തത്. അദ്ദേഹം വളരെ നല്ല ഒരു സംഗീതജ്ഞനുമാണ്.  സമരം തുടങ്ങുന്നതുമുതല്‍ അവസാനം വരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അതുപോലെ ഞങ്ങളുടെ കൂടെ നിന്ന മറ്റൊരു മനുഷ്യനാണ് പ്രശാന്ത് കോളിയൂര്‍. രണ്ടായിരത്തി പതിനേഴില്‍ മെസഞ്ചറില്‍ ഷീബ ചൗഹാന്‍ എന്നൊരാളുടെ മെസേജ് വന്നു. പത്ത് ലക്ഷം രൂപ തരാം, നിങ്ങളുടെ ജീവിതം സിനിമ ആക്കുവാന്‍ ആഗ്രഹമുണ്ട്. ശ്രീഷ്‌കാന്ത് ആയിരുന്നു അതുകണ്ടത്. അതൊക്കെ തട്ടിപ്പായിരിക്കും എന്ന് പറഞ്ഞു ഞാനത് വിട്ടു. പിന്നീട് അവരുടെ ഭര്‍ത്താവ് ഫ്രേസര്‍ സ്‌കോട്ട് എന്ന ഒരു ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകന്‍ സിനിമ എടുക്കാന്‍ താല്പര്യമുണ്ട് എന്നുപറഞ്ഞ് മെസേജ് ചെയ്തു. അയാള്‍ ഇന്ത്യയിലെ ദളിതരായ ബിസ്സിനസുകാരെക്കുറിച്ച് ഇന്റര്‍നെറ്റില്‍ അന്വേഷിച്ചപ്പോള്‍ അവിചാരിതമായാണ് എന്നിലേക്കെത്തുന്നത്. എന്നെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടു താല്‍പര്യപ്പെട്ടാണ് അയാള്‍ സിനിമയുടെ പ്ലാനുമായി വന്നത്. ശ്രീഷ്‌കാന്ത് ഞങ്ങള്‍ സംസാരിക്കാന്‍ തയ്യാറാണ് എന്ന് മേഘ വഴി മെസേജ് അയപ്പിച്ചു. ഞാന്‍ അജിത്തേട്ടനോടും രാകേഷിനോടും കാര്യങ്ങള്‍ പറഞ്ഞു. രാകേഷ് നിങ്ങള്‍ ആലോചിച്ചു കാര്യങ്ങള്‍ മുമ്പോട്ടുകൊണ്ട് പോകൂ എന്നുപറഞ്ഞു. അയാളോട് സംസാരിക്കാന്‍ പരിഭാഷയ്ക്ക് ഒരാളെ വേണം എന്നുപറഞ്ഞപ്പോള്‍ അജിത്തേട്ടനെ സമീപിച്ചു. അജിത്തേട്ടന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് വരേണ്ടതുകൊണ്ട് കണ്ണൂര്‍ തന്നെ ഉള്ള ആരെയെങ്കിലും ഒന്നന്വേഷിക്കൂ എന്നുപറഞ്ഞു. എങ്കില്‍ പിന്നെ വിട്ടേക്ക്, കുറെ ദിവസം അവരോടു സംസാരിക്കുക എന്നൊക്കെ പറഞ്ഞാല്‍ മെനക്കേടാണ് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ നമുക്ക് രൂപേഷേട്ടനോട് സംസാരിച്ചു നോക്കാമെന്ന്. രൂപേഷേട്ടന്‍ തയ്യാറായി.

സിനിമയും ചര്‍ച്ചകളും തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടേതായ അഭിപ്രായത്തിലെത്തി. ആദ്യം ഒരു ആറ് മാസത്തിനുള്ളില്‍ കോണ്‍ട്രാക്റ്റ് ഒപ്പിടാം എന്ന തീരുമാനത്തില്‍ ഫ്രേസര്‍ സ്‌കോട്ട് കണ്ണൂരിലെത്തി. കണ്ണൂര്‍ ബ്ലൂ നെയില്‍ ഹോട്ടലില്‍ വെച്ചു ഞാനും ശ്രീഷ്‌കാന്തും രൂപേഷേട്ടനും ഫ്രേസര്‍ സ്‌കോട്ടുമായി ചര്‍ച്ച ചെയ്തു. കഥ സംസാരിച്ച് അയാള്‍ക്കുവേണ്ടത് എഴുതിയെടുത്തു. ഹിന്ദിയിലാണ് ചെയ്യുന്നതെങ്കില്‍ അമ്പത് ലക്ഷം രൂപ തരാമെന്ന് പറഞ്ഞു. പിന്നീട് അതെല്ലാം തകിടം മറിഞ്ഞു. പിന്നീട് കഥയുടെ റൈറ്റ്‌സ് എല്ലാ ഭാഷയിലേക്കും വേണം, അതുപോലെ പുസ്തകമെഴുതേണ്ട അവകാശം അങ്ങനെ എല്ലാ അവകാശങ്ങളും അവര്‍ക്കുവേണം എന്ന് പറഞ്ഞു. അവര്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അതുപോലെ അംഗീകരിക്കാത്തതു കൊണ്ടും ഓരോ അവകാശങ്ങള്‍ക്ക് വേറെ വേറെ പണം വേണ്ടി വരും എന്നു രൂപേഷേട്ടന്‍ പറഞ്ഞതു കൊണ്ടും രൂപേഷേട്ടനോട് അവര്‍ പിണങ്ങി. അവര്‍ പിന്നീട് വീണ്ടും കരാറൊപ്പിടാന്‍ വേണ്ടി വന്നു. അതിന്റെ ഇടനിലക്കാരനായി അനൂപ് വി. ആര്‍ വന്നു. രൂപേഷ് ഏട്ടന്‍ സംസാരിച്ച രീതിയില്‍ തന്നെ ആയിരുന്നു അനൂപും സംസാരിച്ചത്. കാര്യങ്ങള്‍ അതുപോലെയേ നടക്കൂ എന്ന് ഞാനും പറഞ്ഞു. 

Also Read : ചിത്രലേഖയെ നാടുകടത്താന്‍ പ്രകടനവും പൊതുയോഗവും; ദയാവധം അനുവദിക്കാനായി മുഖ്യമന്ത്രിക്ക് നിവേദനം.

സ്‌ക്രിപ്റ്റില്‍ രൂപേഷ് ഏട്ടന്റെ പേര് വെക്കണം സംഗീതം അജിത്തേട്ടനെ കൊണ്ട് ചെയ്യിക്കണം എന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ സംഗീതം അയാള്‍ തന്നെയാണ് ചെയ്യുന്നത് എന്നാണ് പറഞ്ഞത്. പിന്നീട് കോണ്‍ട്രാക്ടില്‍ എന്റെ പേര്‍ പോലും എവിടെയും പറയാന്‍ പറ്റില്ല എന്ന രീതിയിലാണ് അവര്‍ തയ്യാറാക്കിയത്. അവര്‍ മുഴുവന്‍ കോണ്‍ട്രാക്റ്റും മുപ്പതു ലക്ഷം രൂപയ്ക്കാണ് എഴുതിയത്. പക്ഷേ അത് വെള്ള പേപ്പറില്‍ എഴുതിയ കോണ്‍ട്രാക്റ്റ് ആയിരുന്നു. അതിനു നിയമസാധ്യത ഇല്ല എന്ന് വക്കീലായ ഹാഷിര്‍ കെ. മുഹമ്മദ് പറഞ്ഞു. പക്ഷെ ആ കോണ്‍ട്രാക്ടിന്റെ പരിധി രണ്ടായിരത്തി ഇരുപതു ജനുവരി വരെ മാത്രമേ ഉള്ളൂ. പിന്നെ ഈ കമ്പനി രജിസ്റ്റര്‍ ചെയ്തതുതന്നെ പിന്നീടാണെന്നാണ് ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അറിഞ്ഞത്. അങ്ങനെ ആ സിനിമയും വെള്ളത്തില്‍ വരച്ച വരയായി. 

ജീവിതം ഇപ്പോഴും മുന്നോട്ട് പോവുകയാണ്. 

എന്റെ ജീവിതം ഈ പുസ്തകത്തിലൂടെ ലോകം അറിയണം എന്ന് ആഗ്രഹമുണ്ട്. ഇത് ജാതിക്കെതിരെ വംശീയതക്കെതിരെ പൊരുതുന്ന അനേകം കീഴാളസ്ത്രീകള്‍ക്ക്, ജനങ്ങള്‍ക്ക് ഒരു ഊര്‍ജ്ജമാകുമെങ്കില്‍ അതിനുവേണ്ടിയാണു ഞാനിത് ലോകത്തിനോടു പറയുന്നത്. എന്റെ ഈ ജീവിതം ഒരു സിനിമ ആയി കാണണം എന്നും ആഗ്രഹമുണ്ട്. ഈ യാത്രയില്‍ എന്റെ കൂടെ നിന്ന് എന്നേക്കാള്‍ കൂടുതലായി അനുഭവിച്ചത് ശ്രീഷ്‌കാന്ത് ആയിരുന്നു. ഇനിയും ഞങ്ങള്‍ ഒരുമിച്ചു മുന്നോട്ടു പോകും. ഞാന്‍ ജനിച്ചു വളര്‍ന്ന എടാട്ട് തന്നെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം അന്തസ്സോടെ അഭിമാനത്തോടെ ഇനിയും ജീവിക്കണം എന്നും ആഗ്രഹമുണ്ട്. 

 (തുടരും)