രാതി കൊടുത്തതിന് ഒരു നടപടിയുമില്ലാതായപ്പോഴാണ് കലക്ടറേറ്റിനു മുന്നിലുള്ള സമരത്തിനൊരുങ്ങിയത്. അടുപ്പമുള്ളവരോടൊക്കെ ആലോചിച്ചാണ് സമരത്തിലേക്കു നീങ്ങിയത്. 

To advertise here,

ഞങ്ങള്‍ ഒരാഴ്ച കലക്റ്ററേറ്റിനു മുന്നില്‍ സമരം ചെയ്തു. ഒരാഴ്ചയ്ക്കുശേഷം കേസുകളെല്ലാം പുനരന്വേഷിക്കാമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ആ സമയത്ത് ഗീതാനന്ദന്‍ മാഷും തെക്കന്‍ സുനില്‍ കുമാറും സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ജസീല തുടങ്ങിയ എല്ലാവരും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കാം എന്നുപറഞ്ഞു. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഒരു അനക്കവുമുണ്ടായിരുന്നില്ല. ആ സമയത്ത് ദളിതര്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ കേരള പട്ടികജാതി സമാജത്തിന്റെ നേതൃത്വത്തില്‍ തെക്കന്‍ സുനില്‍ കുമാര്‍ പതിനാല് ദിവസം നിരാഹാരം കിടന്നിരുന്നു. പിന്നെ സമരം ഏറ്റെടുക്കാന്‍ ആരുമില്ലാതായതോടെ ഞാന്‍ നിരാഹാരം കിടക്കാന്‍ തയ്യാറായി. അതോടെ കലക്ടര്‍ വീണ്ടും ചര്‍ച്ചയ്ക്കു തയ്യാറായി. ആ സമരം നല്ല രീതിയില്‍ തന്നെ വിജയിച്ചു എന്ന് പറയാം. 

ആ സമയത്ത് ആറളം ഫാമിലെ ആദിവാസികള്‍ ഭൂമിക്കുവേണ്ടി ഗീതാനന്ദന്‍ മാഷിന്റെയും സി.കെ. ജാനുവിന്റെയും നേത്യത്വത്തില്‍ കണ്ണൂര്‍ കലക്ടട്രേറ്റിനു മുന്നില്‍ സമരം തുടങ്ങിയിരുന്നു. അത് പിന്നീട് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റി. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു അനക്കവുമില്ല. എനിക്ക് ആ സമയത്ത് ആ സംഘടനയില്‍ മെമ്പര്‍ഷിപ്പ് ഇല്ലായിരുന്നു. ആ സമരത്തെപ്പറ്റി ഒരു വാര്‍ത്തപോലും വന്നിരുന്നില്ല. ആ സമയത്താണ് ഓഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്താന്‍ കണ്ണൂര്‍ പോലീസ് മൈതാനത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി വരുന്നത്. പരിപാടി തുടങ്ങുന്നതിനുമുമ്പേ ഞാന്‍, തെക്കന്‍ സുനില്‍ കുമാര്‍, പ്രസീത, ശ്രീജിത്ത്, മാട്ടുല്‍ പവിത്രന്‍ തുടങ്ങിയവര്‍ ഗ്രൗണ്ടില്‍കയറി. മന്ത്രി സല്യൂട്ട് എല്ലാം സ്വീകരിച്ചു പ്രസംഗം തുടങ്ങിയ സമയത്ത് കരിങ്കൊടി ഉയര്‍ത്തിക്കാട്ടി നില്‍പ്പുസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു. ഉടനെ പോലീസുകാരെല്ലാം ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെന്ന് കരുതി അറസ്റ്റ് ചെയ്തു. പക്ഷേ, എസ്.പിക്ക് എന്നെയും തെക്കന്‍ സുനില്‍ കുമാറിനെയും അറിയാവുന്നതുകൊണ്ട് 'നിങ്ങളെക്കൊണ്ട് ഒരു സ്വൈര്യമില്ലല്ലോ?' എന്ന് തമാശ പറഞ്ഞ് സ്വന്തം ജാമ്യത്തില്‍ വിട്ടു. അങ്ങനെയാണ് മീഡിയ വണ്ണില്‍ ആദ്യമായി നില്‍പ്പുസമരത്തിന്റെ ഒരു വാര്‍ത്ത വരുന്നത്. അങ്ങനെയാണ് മുഴുവന്‍ മാധ്യമങ്ങളും നില്‍പ്പുസമരത്തെ ഏറ്റെടുക്കുന്നതും ആ സമരത്തിന്റെ ഗതി തന്നെ മാറിപ്പോകുന്നതും.

എനിക്ക് നില്‍പ്പുസമരത്തിനു തിരുവനന്തപുരത്തേക്ക് പോകാന്‍ പറ്റിയില്ല. പൊരുതുന്ന ദളിത് സ്ത്രീകളുടെ സമ്മേളനം എന്ന ഒരു പൊതുസമ്മേളനവും മാര്‍ച്ചും സംഘടിപ്പിക്കാനുള്ള ചര്‍ച്ച നടന്നു. ഞാന്‍, ശ്രീഷ്‌കാന്ത്, ഗീതാനന്ദന്‍ മാഷ് തെക്കന്‍ സുനില്‍കുമാര്‍ അങ്ങനെ കുറേ പേര്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഞങ്ങളുടെ പ്രശ്‌നത്തില്‍ വീണ്ടും ഒരു പരിഹാരം ആകാത്തതുകൊണ്ട് ഒക്ടോബര്‍ പതിനാലിന് വീണ്ടും ഞങ്ങള്‍ കലക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു. അതിനിടയില്‍ പാര്‍ട്ടിക്കാര്‍ ഞങ്ങള്‍ക്കെതിരെ പയ്യന്നൂരില്‍ പ്രകടനം നടത്തി. ഞങ്ങള്‍ വീടുകള്‍ തോറും കയറി അക്രമം നടത്തുകയാണെന്നും അതുകൊണ്ട് ചിത്രലേഖയെ നാടുകടത്തുക എന്ന് ബാനറും വെച്ചുകൊണ്ട് പ്രകടനവും പൊതുയോഗവും നടത്തി. ഒരു പട്ടികജാതി  സ്ത്രീയെ നാടുകടത്താനുള്ള മാര്‍ച്ച് ആണ് നടന്നത്. മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. ആ പ്രദേശത്തുള്ള മുഴുവന്‍ വീട്ടുകാരെയും അറിഞ്ഞവരെയും അറിയാത്തവരെയും എല്ലാവരെയും കൂട്ടി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുകയായിരുന്നു. വീടുകേറി ആക്രമിക്കുന്നു, കള്ളപ്പരാതി കൊടുക്കുന്നു, ഞങ്ങളെക്കൊണ്ടു ജീവിക്കാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ട് നാടുകടത്തുക എന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്താമെന്ന് കലക്ടര്‍ ഉറപ്പു തന്നെങ്കിലും ഉറപ്പുകളൊന്നും പാലിക്കാത്തതിനാല്‍ ഒക്ടോബര്‍ പതിനാലാം തീയതി മുതല്‍ ഞങ്ങള്‍ കലക്ടറേറ്റിനു മുന്നില്‍ വീണ്ടും സമരം ചെയ്തു തുടങ്ങി.

സമരം തുടങ്ങി നാലു മാസം കഴിഞ്ഞിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. ആ സമയത്തും ഞങ്ങളെ സഹായിച്ചത് ജെനിയേച്ചിയും ബെംഗളൂരുവിൽ നിന്ന് രാകേഷ് റാം, ജീ ഇമാന്‍ സെമ്മലര്‍, നിധിന്‍ സൗജന്യ എന്നിവരൊക്കെ ആയിരുന്നു. പിന്നെ ബക്കറ്റ് പിരിവു നടത്തിയ പൈസ കൊണ്ടുമാണ് മുന്നോട്ടുപോയത്. രാകേഷ് റാം, കോഴിക്കോട്ട് നിന്ന് ഹാഷിര്‍ മുഹമ്മദ് എല്ലാം വന്നിരുന്നു. പല പാര്‍ട്ടിയിലെ ആളുകളും ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവന്നു. അയ്യപ്പന്‍ മാഷ് ഉണ്ടായിരുന്നു. അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒരുപാടു പേര്‍ ആ സമരത്തില്‍ വന്നു ഞങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. എന്നിട്ടും അക്രമം തടയാനുള്ള ഒരു നടപടിയും പോലീസിന്റെയും കലക്ടറുടെയും ഭാഗത്തു നിന്നുമുണ്ടായില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ വന്നപ്പോള്‍ ഗസ്റ്റ്ഹൗസില്‍ പോയി ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു. ഞങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പറ്റില്ലെങ്കില്‍ ദയാവധം അനുവദിച്ചുതരണം എന്നു ഞങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി കൊടുത്തു. ദയാവധം അനുവദിക്കാനൊന്നും എനിക്ക് പറ്റില്ല നിങ്ങളുടെ ആവശ്യം എന്താണെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാം എന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞങ്ങളുടെ ആവശ്യം അംഗീകരിച്ച്, അത്, എഴുതി കലക്ടര്‍ക്ക് ഓര്‍ഡര്‍ കൊടുത്താലേ ഞങ്ങള്‍ പിരിഞ്ഞുപോവുകയുള്ളു എന്നു ഞാനും പറഞ്ഞു. അതിന്‍പ്രകാരം മുഖ്യമന്ത്രി കലക്ടറേയും എസ്.പിയെയും വിളിച്ചു ഞങ്ങളുടെ കേസുകള്‍ പിന്‍വലിക്കാനും പുനരധിവാസം നല്‍കാനും ഉത്തരവിട്ടു. ഞങ്ങള്‍ക്ക് പയ്യന്നൂരില്‍ ജീവിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് ഞങ്ങളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും അതിനു ഭൂമി അനുവദിക്കണമെന്നും അതില്‍ വീട് വെക്കാനുള്ള സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. ആ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം തന്നെ മുഖ്യമന്ത്രി ഉറപ്പു തന്നു.

പക്ഷേ, ഞങ്ങള്‍ക്ക് പുതുതായി വീട് പണിയാനുള്ള സ്ഥലം കണ്ടുപിടിച്ചത് ചേലോറ എന്ന സ്ഥലത്തായിരുന്നു. അത് പാര്‍ട്ടിയുടെ കോട്ട ആയിരുന്നു. അതിന്റെ നടുക്കാണ് ഞങ്ങള്‍ക്കുള്ള സ്ഥലം അധികൃതര്‍ തീരുമാനിച്ചത്. ഞങ്ങള്‍ ആ സ്ഥലം വേണ്ടെന്നു പറഞ്ഞു. അങ്ങനെ ഞങ്ങളോടുതന്നെ ഒരു സ്ഥലം കണ്ടുപിടിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ കാട്ടാമ്പള്ളിയില്‍ ഒരു അഞ്ചുസെന്റ് സ്ഥലം കണ്ടുപിടിക്കുന്നത്. അവിടത്തെ രാഷ്ട്രീയാന്തരീക്ഷം കൂടി മനസ്സിലാക്കിയാണ് ആ സ്ഥലം തീരുമാനിച്ചത്. കാരണം ഞങ്ങളെ പെട്ടെന്ന് കയറി ആക്രമിക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്ഥലമായിരുന്നു കാട്ടാമ്പള്ളി എന്നാണ് ഞങ്ങള്‍ കരുതിയത്.

ശ്രീഷ്‌കാന്തിന്റെ പേരിലുള്ള ഗുണ്ടാലിസ്റ്റിലുള്ള കേസുകളും ബാക്കിയുള്ള കേസുകളും പിന്‍വലിച്ചു. ആ നേപ്പാളിയെ അക്രമിച്ചു എന്ന മുന്നൂറ്റി എട്ടാം വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. കാട്ടാമ്പള്ളിയിലെ സ്ഥലം കണ്ടുപിടിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തു. സ്ഥലം കിട്ടാന്‍ തന്നെ ഒരു വര്‍ഷം സമയമെടുത്തിരുന്നു. കലക്ടറെ ചെന്നുകാണുമ്പോള്‍ ഫയല്‍ സെക്രട്ടറിയേറ്റിലേക്ക് അയച്ചിട്ടുണ്ട് എന്നു പറയും. അതേസമയം സെക്രട്ടേറിയറ്റില്‍ പോയി അന്വേഷിച്ചാല്‍ ഫയല്‍ അവിടെ എത്തിയിട്ടില്ല എന്നുമായിരുന്നു മറുപടി. അപ്പോഴേക്കും ഞങ്ങള്‍ കാട്ടാമ്പള്ളിയില്‍ വാടക വീടെടുത്ത് താമസം മാറിയിരുന്നു. ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകാത്തതുകൊണ്ട് രണ്ടായിരത്തിപ്പതിനാറില്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സമരമിരിക്കാന്‍ തീരുമാനിച്ചു. രണ്ടായിരത്തി പതിനാറു ജനുവരി അഞ്ചിനാണ് ഞങ്ങള്‍ സമരം തുടങ്ങുന്നത്. ഞാന്‍ സമരം തുടങ്ങി ഒരാഴ്ച കഴിഞ്ഞതിനുശേഷമാണ് സെക്രട്ടേറിയേറ്റിനു മുന്നില്‍ ഫയല്‍ എത്തുന്നത്. അവിടെ ഞങ്ങള്‍ നാല്പത്തിയേഴു ദിവസം സമരം ചെയ്തു. ആ സമരത്തിന്റെ ഇടയില്‍ ഞങ്ങള്‍ തന്നെ ശ്രമിച്ചാണ് പേപ്പറുകള്‍ ഓരോ സെക്ഷനുകളിലേക്കും മാറി മാറി ചീഫ് സെക്രട്ടറിയുടെ മുന്നിലെത്തുന്നത്.

ആ സമരത്തില്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ വന്നിരുന്നു. ഞങ്ങളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച ഏക എം.എല്‍.എ വി.ടി ബല്‍റാമായിരുന്നു. ബല്‍റാം മുഖ്യമന്ത്രിയോടു സംസാരിച്ച് പെട്ടെന്ന് കാര്യങ്ങള്‍ നീക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാം എന്ന് ഉറപ്പുതന്നു. ഞാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ആ ഗസ്റ്റ്ഹൗസില്‍ പോയാല്‍ എന്റെ പേരു കണ്ടാല്‍ മുഖ്യമന്ത്രി തമാശയായി 'ആ പയ്യന്നൂരുകാരിയായ ഓാട്ടോറിക്ഷക്കാരത്തിയെ വേഗം വിട്ടോളൂ' എന്ന് പറയും. ബൽറാം നിങ്ങളുടെ കാര്യം പറഞ്ഞിരുന്നുവെന്നും മന്ത്രിസഭയുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു കാര്യങ്ങള്‍ ശരിയാക്കാം എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതുവരെ ക്ഷമിക്കാന്‍ പറഞ്ഞു. പക്ഷേ ഇതിന് ഒരു തീരുമാനമായാല്‍ മാത്രമേ ഞങ്ങള്‍ സമരം നിര്‍ത്തുകയുള്ളു അല്ലെങ്കില്‍ ഞങ്ങള്‍ മുമ്പുപറഞ്ഞപോലെ ഞങ്ങള്‍ക്ക് ദയാവധം അനുവദിച്ചുതരണം എന്നും പറഞ്ഞു. രണ്ടായിരത്തി പതിനാറ് ഫെബ്രുവരി ഇരുപത്തിയാറിന് ആണ് ആ സമരം അവസാനിക്കുന്നത്. അതിന്റെ തലേദിവസത്തെ മന്ത്രിസഭാ യോഗത്തിലാണ് ഞങ്ങള്‍ക്ക് അഞ്ചു സെന്റ് സഥലം അനുവദിച്ചു കൊണ്ട് ഉത്തരവായത്. ഞങ്ങള്‍ക്ക് വീടിന്റെ പൈസ കൂടി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. പട്ടികജാതി വികസന വകുപ്പ് മന്ത്രിയെ കണ്ടാല്‍ മതി. അദേഹത്തെ ഞാന്‍ വിളിച്ചു പറയാം എന്നു മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി വികസന വകുപ്പു വഴി നിങ്ങള്‍ക്ക് ആ പൈസ അനുവദിച്ചു തരാമെന്നും പറഞ്ഞു. അനില്‍കുമാര്‍ ആയിരുന്നു അന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി. അനില്‍കുമാര്‍ ഞങ്ങള്‍ക്കു വീട് വെക്കാനുള്ള ധനസഹായവും അനുവദിച്ചു. അഞ്ചു ലക്ഷം രൂപ. അത് പട്ടികജാതി വികസന ഓഫീസില്‍ കൊടുത്തു. പക്ഷേ, അത് ഭരണം മാറുന്നതുവരെ പൂഴ്ത്തിവെച്ചു. ഭരണം മാറിയതോടെ ആ പൈസ റദ്ദു ചെയ്തു കൊണ്ട് ഉത്തരവുമിറക്കി.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസമാണ് ഞങ്ങള്‍ക്ക് സ്ഥലത്തിനുള്ള പട്ടയം പോലും അനുവദിച്ചു തരുന്നത്. അതുവരെ ഞങ്ങളുടെ ഫയല്‍ പൂഴ്ത്തിവെച്ചു. മന്ത്രിസഭയുടെ ഉത്തരവുണ്ടായിട്ടും കലക്ടര്‍ പട്ടയം തരാന്‍ വൈകിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒരു ദിവസം കണ്ണൂരില്‍ വന്നപ്പോള്‍ ഞങ്ങള്‍ നേരിട്ടു കണ്ടു ഞങ്ങള്‍ക്ക് ഇതുവരെ പട്ടയം അനുവദിച്ചില്ല എന്ന് ബോധിപ്പിച്ചു. അപ്പോള്‍ അതെന്തേ ഇതുവരെ പട്ടയം അനുവദിക്കാത്തത് എന്ന ചോദ്യം മുഖ്യമന്ത്രി ചോദിച്ചപ്പോഴാണ് കലക്ടര്‍ പട്ടയം അനുവദിച്ചത്. അതും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേ ദിവസം. അതുകൊണ്ട് മാത്രമാണ് ആ സ്ഥലം ഞങ്ങള്‍ക്ക് കിട്ടിയത്.

ആ സമരം വിജയിച്ചു. അങ്ങനെ ആ സ്ഥലത്തിന്റെ തന്നെ ആധാരം ബാങ്കില്‍ പണയം വെച്ചു വീടിന്റെ പണി തുടങ്ങി. തറ കെട്ടാന്‍ തന്നെ കുറച്ചു അധികം പൈസ ചെലവായി. തറ കെട്ടിക്കഴിഞ്ഞതിനു ശേഷമാണ് സര്‍ക്കാര്‍ ഞങ്ങള്‍ക്കുള്ള പൈസ റദ്ദാക്കിയത്. ഞങ്ങള്‍ക്ക് പയ്യന്നൂരില്‍ വാസയോഗ്യമായ സ്ഥലമുണ്ട്, അതുകൊണ്ട് ഞങ്ങള്‍ക്ക് പൈസ അനുവദിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാണ് റദ്ദാക്കിയത്. 

(തുടരും)

ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം ഇതുവരെയുള്ള അധ്യായങ്ങള്‍ വായിക്കാം