അരികത്തേക്കിട്ട അരിവാൾ അമ്മ കുനിഞ്ഞെടുക്കുന്നത് കുഞ്ഞാഗസ്തിച്ചേട്ടൻ കണ്ടു. ലാലിയും ഞാനും അമ്മയുടെ പിറകിലായി ഇരുവശത്തും പേടിച്ചരണ്ടു നിന്നു. അക്കരെ പുളിക്കക്കണ്ടങ്കാരുടെ വീടിന്റെ തിണ്ണയിലെ വെളിച്ചം പണ്ടേ അണഞ്ഞിരുന്നു. 'നീ എന്താ മേരി ഈ കാണിക്കുന്നത്? ഞാൻ നിന്നെയോ പിള്ളേരെയോ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല. ഈ തണുപ്പത്തു നീയും പിള്ളേരും ഈ തെങ്ങിൻ ചുവട്ടിൽ കിടക്കുന്നല്ലോ എന്നോർത്ത് വന്നതാ. നീ അതിന് അരിവാളും വാക്കത്തിയുമൊന്നും എടുക്കണ്ട.' വളരെ സൗമ്യതയോടെയാണ് കുഞ്ഞാഗസ്തിച്ചേട്ടൻ പറഞ്ഞത്. 

To advertise here,

'അതൊക്കെ ശരിയായിരിക്കാം. പക്ഷേ, ഈ രാത്രിയിൽ ഇങ്ങോട്ട് ഇറങ്ങി വരാൻ നിങ്ങൾക്ക് എങ്ങനാ ധൈര്യം വന്നത്? നിങ്ങൾ കടയിലേക്ക് പോയപ്പോ, പകലുള്ള നേരത്ത് വന്നുകൂടാരുന്നോ? വല്ലവരും കണ്ടാൽ നാളെ മുതൽ വീട്ടുകാരും നാട്ടുകാരും ചേർന്ന് എന്നെ കെടത്തി പൊറുപ്പിക്ക്യേല. നിങ്ങളിപ്പം പൊയ്ക്കേ...' അമ്മ അരിവാൾ വീണ്ടും നിലത്തേക്കിട്ടുകൊണ്ട് പറഞ്ഞു.'ആളുകൾ അവരുടെ വായിൽ തോന്നിയത് പറഞ്ഞെന്നോർത്ത് എനിക്ക് വല്യ പ്രശ്‌നം ഉള്ളതു കൊണ്ടൊന്നുമല്ല. ഞാനായിട്ട് അവർക്കു വായിട്ടടിക്കാൻ അവസരം കൊടുക്കണ്ടല്ലോ എന്ന് കരുതിയാ. കുഞ്ഞാഗസ്തിച്ചേട്ടൻ ഇപ്പോൾ പൊയ്ക്കേ.' ശാന്തത വീണ്ടെടുത്ത് അമ്മ പറഞ്ഞു. 

'ഞാൻ കടയിലേക്ക് പോയപ്പോൾ നോക്കിയതാ. മേരി പണി കഴിഞ്ഞു വന്നില്ലാരുന്നു. ജെസ്സിയും കൊച്ചുകൊച്ചും താഴെ പറമ്പിൽ വിറകു പെറുക്കിക്കൂട്ടുവാരുന്നു. ആരെയും ഇവിടെ കണ്ടില്ല. അല്ലേൽത്തന്നെ ഇങ്ങനെ ഒരു കാര്യം ഞാൻ നിന്റെ പിള്ളേരോടല്ലല്ലോ പറയേണ്ടത്. രണ്ടുമൂന്നു ദിവസമായി വൈകുന്നേരം നിങ്ങൾ ഈ തെങ്ങിന്റെ ചോട്ടിൽ കെടക്കുന്നതു കണ്ടു വിഷമിച്ചാണ് ഞാൻ പൊയ്‌ക്കൊണ്ടിരുന്നത്. മേരിയെ ഞാൻ കമ്പിളികണ്ടത്ത് വെച്ചു കണ്ടിരുന്നു. അപ്പോ ഇത് വന്നു നിന്നോട് പറഞ്ഞാൽ നീ ആൾക്കാരുടെ മുന്നിൽവെച്ച് കടിച്ചു കീറാൻ വരുമല്ലോ എന്നോർത്താ മിണ്ടാൻ വരാതിരുന്നത്...' കുഞ്ഞാഗസ്തിച്ചേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

placeholder
പ്രതീകാത്മക ചിത്രം

'എന്തേലും ആകട്ടെ... നിങ്ങള് വലിച്ചു നീട്ടാതെ വന്ന കാര്യം പറഞ്ഞിട്ട് വേഗം സ്ഥലം വിട്ടേ.' കുഞ്ഞാഗസ്തിച്ചേട്ടൻ പിന്നേയും ഏറെ സംസാരിക്കും എന്നു തോന്നിയതിനാലാകണം അദ്ദേഹം വീണ്ടും എന്തെങ്കിലും പറയും മുൻപേ അമ്മ പൊടുന്നനെ പറഞ്ഞു.'ഞങ്ങടെ വീട്ടിന്റെ ചായിപ്പിനോട് ചേർന്നുള്ള കൊച്ചു മുറിയിൽ ഒരു ചെറിയ കട്ടിലുണ്ട്. മേരിയും പിള്ളേരും വൈകുന്നേരം അത്താഴം കഴിഞ്ഞു അവിടെ വന്നു കിടന്നോ. ഒരു പായിട്ട് പിള്ളേര് നിലത്തു കിടന്നോളും. ഇത് പറയാനാ ഞാൻ വന്നത്....' ഇത്രയും പറഞ്ഞിട്ട് കുഞ്ഞാഗസ്തിച്ചേട്ടൻ ഇടവഴി കയറി നടന്നു. എന്ത് മറുപടി പറയണം എന്നറിയാതെ അമ്മ കുറച്ചുനേരം മിണ്ടാതെ നിന്നു. 'ഈ തണുപ്പത്ത് കിടന്ന്, നീയീ പിള്ളേരെ കൊലയ്ക്ക് കൊടുക്കരുത് കേട്ടോ...' മഞ്ഞക്കശുമാവിന്റെ അടുക്കൽ നടന്നെത്തിയപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു. 'അതൊക്കെ നമുക്ക് പകലുള്ളപ്പോൾ സംസാരിക്കാം. നിങ്ങളിപ്പോൾ പൊയ്ക്കേ...' തെങ്ങിൻ ചുവട്ടിലേക്കു നടക്കുമ്പോൾ അമ്മ പറഞ്ഞു.  'പകല് മുഴുവൻ പണിയെടുത്തിട്ട് ഈ പറമ്പിൽ കിടന്നു ഉറങ്ങിയാൽ പെരപണി തീർക്കുന്നതിന് മുൻപ് നീ ചത്തുപോകും എന്നോർക്കുന്നത് നല്ലതാ...' ഞങ്ങളുടെ പറമ്പിനു മുകളിലൂടെയുള്ള മൂന്നടിപ്പാതയിൽ എത്തി, നടന്നു നീങ്ങുമ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു. അക്കരെ പുളിക്കക്കണ്ടങ്കാരുടെ തിണ്ണയിലെ ലൈറ്റുകൾ തെളിഞ്ഞു. 

'ആരാ മേരിച്ചേടത്തി ഈ രാത്രിയിൽ ടോർച്ചൊക്കെ തെളിച്ചോണ്ട്...?' ലില്ലിച്ചേടത്തി അവരുടെ തിണ്ണയിലെ അരപ്ലെസിൽ വന്നിരുന്നുകൊണ്ട് വിളിച്ചു ചോദിച്ചു. ആകാംക്ഷാ ഭരിതമായ ആ ചോദ്യത്തിന് അമ്മ മറുപടി കൊടുത്തില്ല. തെങ്ങിന്റെ മുകളിൽ നിന്ന ഈയൽ വാകയുടെ, കാറ്റത്ത് ഒടിഞ്ഞു വീണ ശിഖരം, മരത്തിൽനിന്ന് അറ്റുപോകാതെ ഒരോ കാറ്റിനൊപ്പവും വിചിത്രമായ സ്വരങ്ങൾ കേൾപ്പിച്ചു. കട്ടിലിൽ വിരിച്ചിരുന്ന കുട്ടിച്ചാക്കുകളുടെ മേലേ ഇട്ടിരുന്ന കീറിയ പായയിൽ കിടന്ന്, ഞാൻ അകലെ തെളിഞ്ഞ ഏകാന്ത സഞ്ചാരികളായ നക്ഷത്രങ്ങളെ നോക്കി. വിവിധ രൂപങ്ങളിലുള്ള പേടിപ്പെടുത്തുന്ന കാർമേഘങ്ങൾ നിലാവെളിച്ചത്തിൽ മാനത്തലഞ്ഞു നടന്നു. പെയ്തിറങ്ങാൻ വിരുന്നിനെന്നപോലെ തേങ്ങോലകൾ ആ മേഘങ്ങളെ മാടിവിളിച്ചു.

placeholder
mothers day 2024
പ്രതീകാത്മക ചിത്രം

അമ്മയും ജെസ്സിയും നല്ല ഉറക്കത്തിലാണ്. ഈയൽ വാകമരത്തിന്റെ ഒടിഞ്ഞതും ഓടിയാത്തതുമായ ശിഖരങ്ങൾ ഉണ്ടാക്കിയ ശബ്ദങ്ങൾ രാത്രിയുടെ നിശബ്ദതയെ പേടിപ്പെടുത്തും വിധം ഇടയ്ക്ക് മുറിച്ചു. പകൽ മുഴുവൻ പണിയെടുത്തു മടുത്തിട്ടാകണം ലാലി കൂർക്കം വലിച്ച് ഉറങ്ങുകയാണ്. തൊട്ടടുത്ത പറമ്പിലെ ഈറ്റക്കാട്ടിൽ നിന്ന് മൂങ്ങയുടെ മുരടിച്ച മൂളൽ കേട്ടു. അതിനും താഴെ പാറയിൽ നിന്ന് ഒലിച്ചൊഴുകുന്ന വെള്ളംപോലും പേടിപ്പെടുത്തുന്ന ഒച്ചയുണ്ടാക്കി. പറമ്പിനു താഴെ ഈറ്റക്കാട്ടിൽ പതുങ്ങിയിരിക്കുന്ന ഭൂതങ്ങൾ രാത്രിയുടെ മറവിൽ പതുങ്ങിപ്പതുങ്ങി വന്ന് എന്നെ ഞെക്കിക്കൊല്ലുമോ എന്നോർത്ത്, ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ഈ ദുരിതങ്ങളെല്ലാം മരണത്തോടെയെ തീരൂ എന്ന് തോന്നിയ ഒരു രാത്രി ആയിരുന്നു അത്. മുകളിൽ നിന്ന ഈയൽ വാകമരമൊടിഞ്ഞു ഞങ്ങളുടെ ദേഹത്തേക്ക് വീണ് എല്ലാവരും മരിച്ചാൽ എല്ലാ പ്രശ്‌നങ്ങളും തീരുമല്ലോ എന്ന് ഒരു പതിനൊന്നുകാരൻ ആശിച്ച രാത്രി ആയിരുന്നു അത്. സ്വഭാവികമായ ഒരു മടുപ്പ് ജീവിതത്തോട് മുഴുവൻ തോന്നിയ ഒരു രാത്രി.

കുറേ കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിപ്പോയി. ആ ഉറക്കത്തിൽ എപ്പോഴോ മഴ ആർത്തു പെയ്തു. മഴയിൽ നനഞ്ഞു കുതിർന്ന ഞാൻ ഉറക്കത്തിൽ കിടന്ന് മുള്ളിയത് ആരും അറിഞ്ഞില്ല. അമ്മ ബിന്ദുവിനെയും എടുത്തുകൊണ്ടു ഒരു ഭിത്തി ഇടിഞ്ഞു വീണ ഞങ്ങളുടെ വീട്ടിലേക്കോടി. ജെസ്സി എന്റെ കൈപിടിച്ചു നടന്നു. പൊടുന്നനെ ഉറക്കത്തിൽ നിന്നുണർന്ന ലാലി വീട്ടിലേക്കോടി. മുറ്റത്തിനോട് ചേർന്നുനിന്ന പ്ലാവിന്റെ ചുവട്ടിലെ വഴുവഴുത്ത മണ്ണിൽ തെന്നി തലയിടിച്ചു വീണിട്ടും അവൾ കരഞ്ഞില്ല. രണ്ടു മുണ്ടെടുത്തു ഞങ്ങളെ പുതപ്പിച്ചിട്ടു അമ്മ ഞങ്ങൾക്കു കാവലിരുന്നു. ഗന്ധരാജന്റെ വശത്തുണ്ടായിരുന്ന ഒരു മരത്തൂണ് കാറ്റിലും മഴയിലും മറിഞ്ഞു വീഴുമോ എന്ന പേടിയായിരുന്നു അമ്മക്ക്.  കുഞ്ചിരാക്കാട്ടുകാരുടെ വീട്ടിലെ പട്ടി ആരെയോ കൂട്ടിക്കൊണ്ടു പോകാൻ വന്ന അന്തകനെ കണ്ടിട്ടെന്നപോലെ കാലൻ കൂവി. എല്ലാവരും പെട്ടന്ന് ഉറങ്ങിപ്പോയി. കാലൻ വന്നു ഞങ്ങളെയെല്ലാം മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും പ്രതീക്ഷിച്ചു, പിന്നേയും കുറേനേരം കൂടി ഞാൻ ഉറങ്ങാതെ ചുരുണ്ടു കിടന്നു. അമ്മ ആ രാത്രി മുഴുവൻ ഉറങ്ങാതെ ഞങ്ങൾക്ക് കാവലിരുന്നു. രാവിലെ ഞങ്ങൾ ഉണർന്നപ്പോൾ ജെസ്സി അടുക്കളയിൽ എന്തോ പണിയിലായിരുന്നു. തെള്ളിത്തോട് പള്ളിയിൽ ഉണർത്തുമണി അടിച്ചു.

'ബാബു മോനെ, കൊച്ച് എഴുന്നേറ്റ് വന്നേ. നമുക്ക് പള്ളിയിൽ വരെ ഒന്ന് പോയിട്ട് വരാം...' മുണ്ട് പുതച്ചു ചുരുണ്ടുകൂടിയ എന്നെ അമ്മ തട്ടി വിളിച്ചു. എഴുന്നേറ്റ് അമ്മയുടെ പിറകെ നടക്കുമ്പോഴും ഞാൻ ഉറക്കച്ചടവിലായിരുന്നു.  'നിങ്ങൾ എങ്ങോട്ടാ ഈ വെളുക്കാപ്പുറത്ത്?' തോട് മുറിച്ചു കടന്ന്, പാറയുടെ മുകളിലെ കവുങ്ങിൻ തോട്ടത്തിലൂടെ വഴിയിലേക്ക് നടക്കുമ്പോൾ ലില്ലിച്ചേടത്തി വിളിച്ചു ചോദിച്ചു. 'ഞാൻ അച്ചനെ ഒന്ന് കാണാൻ പോകുവാ...' അമ്മ പറഞ്ഞു. ഞങ്ങൾ വഴിയിൽ എത്തിയപ്പോൾ ലില്ലിച്ചേടത്തി അവരുടെ വീടിന്റെ മുറ്റത്തുനിന്ന് വഴിയിലേക്ക് ഇറങ്ങി വന്നു....  'അതിനു കുർബാന ആറേമുക്കാലിനല്ലേ? മേരിച്ചേടത്തി സാരി ഉടുക്കാതെയാണോ പള്ളീൽ പോണത്?' ഞങ്ങളുടെ അടുക്കലേക്കു വന്ന ചേടത്തി ചോദിച്ചു. 'ഞാൻ കുർബാനക്ക് പോകുവല്ല. എനിക്ക് അച്ചനെ ഒന്ന് കാണണം. അച്ചൻ കുർബാനക്ക് കയറും മുൻപ് ചെല്ലണം...' അൽപ്പം ധൃതി പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു.

'ഇന്നലെ രാത്രിയിൽ ആരാ ലൈറ്റ് അടിച്ചോണ്ട് നിങ്ങടെ അടുത്തേക്ക് വന്നത്?ആണുങ്ങളുടെ ഒച്ചയാ കേട്ടത്...' ചോദ്യവും നീതീകരണവും ലില്ലിച്ചേടത്തി ഒന്നിച്ചു വച്ചു. 'അത് നമ്മുടെ കുഞ്ഞാഗാസ്തിച്ചേട്ടനാ. പിള്ളേരോടും എന്നോടും വേണേൽ പെരപണി തീരും വരെ അവരുടെ വീട്ടിൽ ചെന്നു കിടന്നോളാൻ പറയാനാ വന്നത്...' അതും പറഞ്ഞു കൊണ്ട് അമ്മ എന്റെ കൈ പിടിച്ചു നടന്നു. 'എന്നിട്ട് നിങ്ങളെന്നാ പറഞ്ഞേ?' ചേടത്തി പിറകിൽനിന്ന് വിളിച്ചു ചോദിച്ചു. 'ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അയാളെ പറഞ്ഞുവിട്ടു.' കുഞ്ചിരക്കാട്ടുകാരുടെ വഴിപറ്റിനിന്ന കോമാവും മൂവാണ്ടൻ മാവും കടന്നു വേഗത്തിൽ നടക്കുമ്പോൾ അമ്മ തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു. 'മേരിച്ചേടത്തി, നിങ്ങൾ അവിടെയൊന്ന് നിന്നേ....' മുണ്ടിന്റെ അറ്റം കാലിൽ തട്ടാതെ ഉയർത്തി പിടിച്ചുകൊണ്ട് ലില്ലിച്ചേടത്തി ഞങ്ങളുടെ അടുക്കലേക്ക് ഓടി വന്നു. 'ഈ രാത്രിയിൽ ഇടിവെട്ടി മഴ പെയ്തപ്പോൾ ഞാൻ എഴുന്നേറ്റതാ. തിണ്ണേൽ വന്നു ലൈറ്റ് ഇട്ട് നോക്കിയപ്പോൾ നിങ്ങൾ തെങ്ങിന്റെ ചുവട്ടീന്ന് പിള്ളേരേം ആയിട്ട് വീട്ടിലേക്ക് കേറുന്നത് കണ്ടു. രാത്രി മുഴുവൻ വിളക്ക് കത്തിച്ചു വച്ചിരുന്നതിനാൽ മേരിച്ചേടത്തി ഉറങ്ങീട്ടില്ലെന്ന് മനസ്സിലായി...' അമ്മയുടെ തോളത്തു ഒരു കൈ പിടിച്ചുകൊണ്ട് അവർ പറഞ്ഞു. 'നിങ്ങള് അരപ്ലസിൽ വന്നിരിക്കുന്നത് ഞാനും കണ്ടാരുന്നു.' അത് പറഞ്ഞു കൊണ്ട് അമ്മ നടക്കാൻ തുടങ്ങി.

'നിങ്ങള് നിന്നേ. എനിക്ക് നിങ്ങളേം പിള്ളേരേം വീട്ടിൽ വിളിച്ചു കിടത്തണം എന്നുണ്ട്. ഞാനത് ജോസുചേട്ടനോടും പറഞ്ഞതാ. പേക്ഷേ അങ്ങേർക്ക് നാട്ടുകാരെ പേടിയാ. പിന്നെ ഞാനെന്നാ ചെയ്യാനാ മേരിച്ചേടത്തി...' അത് പറയുമ്പോൾ അവരുടെ കണ്ണുകളിലെ നിസഹായത ഞാൻ കണ്ടു. അമ്മ മറുപടിയൊന്നും പറഞ്ഞില്ല. വാറ്റുവര പണിക്കത്തിയുടെ വീടും കടന്ന് കുഞ്ചിരക്കാട്ട് പാറയിൽ എത്തുമ്പോൾ ഞാൻ അമ്മയുടെ കയ്യിൽ പിടിച്ചു നിർത്തി. കുമാരൻ ചേട്ടന്റെ കാശാപ്പുകടയിൽ മങ്ങിയ വെളിച്ചത്തിൽ വെളുപ്പിനെ വെട്ടിയ പോത്തിന്റെ കാലുകൾ തൂങ്ങിയാടി. 'അമ്മേ, നമ്മളെ ആർക്കും ഇഷ്ടമല്ലല്ലോ. ആർക്കും നമ്മളെ വേണ്ടല്ലോ ....' എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നൊന്നും എനിക്കറിയില്ല. അമ്മ കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കിയിട്ട് നടക്കാൻ തുടങ്ങി.  'അമ്മ നിന്നേ. ആർക്കും വേണ്ടാത്ത നമ്മളെന്നാ അമ്മേ ചത്തു പോകാത്തത്? കഴിഞ്ഞ ആഴ്ച ഭിത്തി ഇടിഞ്ഞു വീണപ്പോൾ നമ്മൾ എല്ലാരും ചത്തു പോയാരുന്നേൽ ഇങ്ങനെ മഴേം നനഞ്ഞ് കെടക്കേണ്ടി വരത്തില്ലാരുന്നു.' അരുതാത്തതെന്തോ പറഞ്ഞിട്ടെന്നപോലെ അമ്മ എന്നെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് വേഗത്തിൽ നടന്ന് റോഡിലെത്തി. ആ അടുത്ത നാളുകളിൽ നട്ട കൊല്ലറക്കക്കാരുടെ റബ്ബർ തൈകൾ വഴിക്കു വളർന്നു നിന്നു. 

placeholder
എഐ നിർമിത പ്രതീകാത്മക ചിത്രം

'എന്നെ ഇന്നലെ പള്ളിക്കൂടത്തിൽ വച്ച് ഒരുത്തൻ കളിയിൽ തോറ്റപ്പോൾ തന്ത ഇല്ലാത്തവൻ എന്നു പറഞ്ഞു എല്ലാരുടെയും മുന്നിൽ വെച്ചു കളിയാക്കി. എന്റെ കുണ്ടി കീറിയ നിക്കറ് പറഞ്ഞും അവരെല്ലാം കൂടെ എന്നെ നാണം കെടുത്തി. അല്ലേലും ആർക്കും വേണ്ടാത്ത നമ്മൾ എല്ലാരൂടേം അങ്ങ് ചത്താൽ എല്ലാ പ്രശ്‌നവും തീരത്തില്ലേ....' തലേന്ന് പള്ളിക്കൂടത്തിൽ ഉണ്ടായ അടിപിടിയും മഴ നനഞ്ഞുള്ള ഉറക്കവും ഒക്കെയാവാം എന്നെ അങ്ങനെ പറയിച്ചത്. തലേന്ന് തെങ്ങിന്റെ ചുവട്ടിൽ ഉറങ്ങാൻ പറ്റാതെ പേടിച്ചു വിറച്ച്, അകലെ പട്ടി കാലൻ കൂവുന്നത് കേട്ടു മരണം കാത്തു കിടന്നതാണ് ഞാൻ. വീട്ടിൽ മഴ നനഞ്ഞ്, അമ്മയുടെ ഒരു മുണ്ട് പുതച്ചു അതിൽ ചുരുണ്ടു കൂടുമ്പോൾ ആ രാത്രി മഴയിൽ വീട് ഇടിഞ്ഞു വീണ് ഞങ്ങൾ അഞ്ചുപേരും മരിച്ചുപോകുന്നതാണ് നല്ലതെന്ന് ആ പതിനൊന്നു വയസുകാരൻ വെറുതെ ആശിച്ചുപോയി.

പാപ്പച്ചൻ ചേട്ടന്റെ വീട്ടിലേക്ക് കയറുന്ന വഴിയുടെ അടുത്തു വച്ചാണ് ഞാനത് അമ്മയോട് പറഞ്ഞത്. 'നീ എന്നതാ പറഞ്ഞത്....?' എന്റെ ഒരത്തിൽ കൈകൾ പിടിച്ച് ഉലച്ചുകൊണ്ട് അമ്മ ചോദിച്ചു. അമ്മയോട് മറുപടി പറയാൻ ഞാൻ മടിച്ചു. കത്തുന്ന ആ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് പേടിയായി.  'നിന്നോടാ ചോദിച്ചത്... നീ എന്നതാ ഇപ്പം പറഞ്ഞത്?' അമ്മ ദേഷ്യപ്പെട്ട് അലറിയപ്പോൾ പറഞ്ഞ വാചകങ്ങൾ ആവർത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയായി മാത്രമേ ഞാൻ മരണത്തെ കണ്ടിരുന്നുള്ളൂ. പള്ളിയിൽ ചൊല്ലുന്ന ചെറിയ ഒപ്പീസ് കൂടുന്നതല്ലാതെ ആക്കാലമത്രയും ഒരു മരിച്ചടക്ക് പോലും ഞാൻ കൂടിയതായി ഓർമ്മയില്ല. കൊല്ലറക്കക്കാരുടെ വീട്ടിലേക്ക് കയറുന്ന വഴിയോട് ചേർന്നുനിന്ന ചീമക്കൊന്നയുടെ കമ്പൊടിച്ച് അമ്മ എന്നെ അടിച്ചു.'നിനക്ക് ചാകണോടാ...' എന്ന് ഇടയ്ക്കിടെ ചോദിച്ചുകൊണ്ട് അടിക്കുമ്പോഴും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പതിവുപോലെ അലറിക്കരയാൻ എനിക്ക് കഴിഞ്ഞില്ല. കുറ്റബോധം എന്നെ പൊതിഞ്ഞിരുന്നു. വേദനിച്ചു പുളഞ്ഞപ്പോൾ ഞാൻ ഉറക്കെ കരഞ്ഞു. രാവിലെയുള്ള കുർബാനക്ക് പോകാനൊരുങ്ങി മുറ്റത്തിനരുകിൽ ഹോസിൽ വെള്ളം വരുന്നതിനോടടുത്ത് വച്ചിരുന്ന അലക്കു കല്ലിൽ തന്റെ കാലിന്റെ ഉപ്പൂറ്റി ഒരച്ചു കഴുകുകയായിരുന്ന കൊല്ലറക്കലെ ചേടത്തി എന്റെ കരച്ചിൽ കേട്ട് വഴിയിലേക്ക് ഓടി വന്നു.

'എന്റെ പോന്നു മേരിച്ചേടത്തി, ഈ കൊച്ചിനെ അതിരാവിലെ ഇങ്ങനെ അടിയ്ക്കാൻ അതെന്നാ ചെയ്തിട്ടാ....' അമ്മയെ വട്ടം കെട്ടിപ്പിടിച്ചു ചേടത്തി കൊന്നവടി വാങ്ങി താഴെ റബ്ബർ തൈകൾക്ക് ഇടയിലേക്കെറിഞ്ഞു. 'ചേടത്തിക്ക് അറിയാവോ ഈ ചെറുക്കൻ എന്നാ പറഞ്ഞതെന്ന്.... അവൻ പറയുവാന്നേ, എല്ലാരും കൂടെ അങ്ങ് ചാകാന്ന്. അപ്പൊ പ്രശ്‌നങ്ങൾ എല്ലാം തീരൂന്ന്.... ഞാൻ പിന്നെ എങ്ങനെയാ ഇവനിട്ട് കൊടുക്കാതിരിക്കുന്നെ....' വടി നഷ്ടപ്പെട്ട അമ്മ ബാക്കി നിന്ന കലിപ്പ് തീർക്കാൻ എന്റെ പുറത്ത് കൈകൊണ്ട് ഒരടികൂടി തന്നു. 'മേരിച്ചേടത്തി നിർത്തിക്കേ...' എന്നു പറഞ്ഞുകൊണ്ട് കൊല്ലറക്കൽ ചേടത്തി എന്നെ വട്ടം പൊതിഞ്ഞു പിടിച്ചു. 'മേരിച്ചേടത്തി എങ്ങോട്ടാ ഈ അതിരാവിലെ...?' വിഷയം മാറ്റാനാവണം അവർ അമ്മയോട് അങ്ങനെയൊരു ചോദ്യം ചോദിച്ചത്. 'ഞാൻ അച്ചനെ ഒന്ന് കാണാൻ പോകുവാ.' അതും പറഞ്ഞുകൊണ്ട് കുരിശടി കടന്നു അമ്മ പള്ളിയിലേക്ക് നടന്നു. 'ഇതുപോലെ കഷ്ടപ്പെട്ടു നിങ്ങളെ വളർത്തുന്ന അമ്മയുടെ മനസ്സിന്  വിഷമം ഉണ്ടാകുന്ന വർത്താനമാണോ കൊച്ചേ നീ പറയുന്നത്....' കൊല്ലറക്കൽ ചേടത്തി കുറ്റപ്പെടുത്തിക്കൊണ്ട് എന്നോട് ചോദിച്ചു. മടിച്ചു മടിച്ചു നിന്ന ഞാൻ അമ്മയുടെ പിറകെ ഓടിയെത്തി. 

രാവിലെ എത്തിയ കാപ്യാര് ഉണർത്തുമണി അടിച്ച ശേഷം പള്ളിയുടെ വാതിലുകൾ എല്ലാം തുറന്നിരുന്നു. കർട്ടൺ അണിയാത്ത അൾത്താരയിൽ കർത്താവ് പ്രകാശത്തിൽ മുങ്ങി തൂങ്ങിക്കിടന്നു. മാതാവും യൗസേപ്പിതാവുമൊക്കെ ഞങ്ങളെ കണ്ടില്ലെന്നു നടിച്ചുകൊണ്ടാവണം, അകലേക്ക് കണ്ണും നട്ട് അൾത്താരയുടെ ഇരുവശവും നിന്നു. യൗസേപ്പിതാവിന്റെ പിന്നിലായി അൾത്താരയുടെ ഇടതു വശത്ത് മുട്ടിൽനിന്ന് പ്രാർത്ഥിച്ചിരുന്ന ജേക്കബ് അച്ചനെ അമ്മ ജനാലയിൽ തട്ടി വിളിച്ചു. 'എന്താ മേരി. എന്തുപറ്റി....' എന്നു ചോദിച്ചുകൊണ്ടാണ് അച്ചൻ പുറത്തേക്ക് വന്നത്. 'ഒന്നുമില്ല അച്ചാ. ഞാൻ അച്ചനോട് ഒരഭിപ്രായം ചോദിക്കാൻ വന്നതാ.' അമ്മ പറഞ്ഞു. പള്ളി മുറിയുടെ വാതിൽ തുറന്ന ജേക്കബ് അച്ചൻ ഞങ്ങളെ അകത്തേക്ക് വിളിച്ചു. 'മേരി ഇരിക്ക്...'തലേന്ന് കുഞ്ഞാഗസ്തിച്ചേട്ടൻ വന്നതും, പുരയുടെ പണി തീരുന്നതു വരെയും ഞങ്ങളെക്കൂട്ടി വൈകുന്നേരങ്ങളിൽ അവരുടെ വീട്ടിൽ കിടന്നുകൊള്ളാൻ പറഞ്ഞതും അമ്മ വിവരിച്ചു. 'അത് നല്ല കാര്യമല്ലേ മേരി. കുഞ്ഞാഗസ്തിച്ചേട്ടൻ ഒരു നല്ല മനുഷ്യനാ. നീ എന്തിനാ രണ്ടാമതൊന്ന് ആലോചിക്കുന്നത്...?' അച്ചനോട് മറുപടി ഒന്നും പറയാതെ അമ്മ കുറേനേരംകൂടി ആലോചിച്ചിരുന്നു. 'നാട്ടുകാരും കുടുംബക്കാരുമൊക്കെ എന്ത് പറയും എന്നോർത്തിട്ടാ അച്ചോ.'അമ്മ പറഞ്ഞു. 'അവരോടൊക്കെ പോയി പണി നോക്കാൻ പറ. നീ പിള്ളേരേം കൂട്ടി വൈകീട്ട് കുഞ്ഞാഗാസ്ത്തിച്ചേട്ടന്റെ വീട്ടിൽ പോയി കിടക്കാൻ നോക്ക്. ബാക്കി ആലോചിക്കപോലും വേണ്ടാത്ത കാര്യമാ.'

placeholder
പ്രതീകാത്മക ചിത്രം

ജേക്കബ് അച്ചനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ ഒരു കൈ തോളത്തിട്ട് അമ്മ എന്നെ ചേർത്തു പിടിച്ചു. അടിയുടെ വേദന പോയെങ്കിലും അരുതാത്തതെന്തോ പറഞ്ഞ് അമ്മയെ വിഷമിപ്പിച്ചു എന്ന കുറ്റബോധം കൊണ്ടാകണം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചമ്പക്കരക്കാരുടെ വീടിന് അടുത്തു നിന്ന് വീട്ടിലേക്കുള്ള മൂന്നടിപ്പാതയിലേക്ക് തിരിയുമ്പോൾ അമ്മ എന്നെ ചേർത്തു പിടിച്ച് എന്റെ നെറ്റിയിൽ ഉമ്മ വച്ചു. അമ്മയുടെ കണ്ണുനീർ എന്റെ മുഖം നനച്ചു.'മരിക്കാൻ ഭയങ്കര എളുപ്പമാ മോനെ. ജീവിക്കാനാ പാട്.' തെള്ളിത്തോട്ടിൽ ചായക്കട നടത്തുന്ന അമ്മാവന്റെ വീടിന് മുകളിലെ വഴിയിൽവച്ച് എന്നെ ചേർത്തു പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു. 'നിന്നെ തന്തയില്ലാത്തവൻ എന്ന് ഒരാൾ വിളിച്ചാൽ നീ അങ്ങനെ ആകില്ല. വീട് ഇടിഞ്ഞു വീണ്, പറമ്പിൽ കിടക്കുന്നതു കൊണ്ട് നമ്മൾ മരിക്കണ്ട. നന്നായി വയറു നിറച്ചു കഴിക്കാൻ ചോറില്ല എന്നു കരുതി നമ്മൾ മരിക്കണ്ട. എന്ത് വന്നാലും കരകയറാനുള്ള വഴിയാണ് നമ്മൾ ചുറ്റും നോക്കേണ്ടത്. ജീവിക്കാൻ നല്ല ബുദ്ധിമുട്ടാ മോനെ. പക്ഷേ മരിക്കാൻ എളുപ്പമാ. നിന്നെ കളിയാക്കുന്നവരോട് നീ വഴക്കുണ്ടാക്കിയിട്ട് കാര്യമൊന്നും ഇല്ല. നീ വിജയിച്ചു കാണിക്കുമ്പോൾ അവർ വായടക്കും. കീറിയ നിക്കറും ഉടുപ്പും ഒക്കെ മാറി നമുക്ക് എല്ലാം ഉണ്ടാകുന്ന ഒരു കാലം വരും. ഇന്നു നിന്നെ കളിയാക്കുന്നവർ അന്ന് നിന്നെ കാണുമ്പോൾ മുഖം താഴ്ത്തണം. അതിനു നീ നന്നായി പഠിക്കണം. പണിയെടുക്കണം.... ഈ ലോകത്തെ കാണിച്ചു കൊടുക്കണം. നമ്മൾ ഭീരുക്കൾ ആകുമ്പോളാ മരിക്കാൻ തോന്നുന്നത്. അമ്മയ്ക്കും അങ്ങനൊക്കെ തോന്നീട്ടുണ്ട്.... എന്റെ മക്കൾ ഒരിക്കലും അങ്ങനെ ചിന്തിക്കപോലും ചെയ്യരുത്.' കൈക്കുമ്പിളിൽ എന്റെ മുഖം എടുത്തു അമ്മ മുഖം ചേർത്തമർത്തിക്കൊണ്ട് പറഞ്ഞു.... ഗോവിന്ദൻ ചേട്ടന്റെ വീട് കടന്നു നടന്ന് പോകുമ്പോൾ രമണിച്ചേച്ചി മുറ്റമടിച്ചുവാരി കാപ്പിച്ചുവട്ടിലേക്ക് കൂട്ടുന്നുണ്ടായിരുന്നു. പൊടുന്നനെ വീശിയ കാറ്റിൽ എത്തിനോക്കിയ മരണമോഹങ്ങൾ എന്നെ വിട്ടുപോയി. ആ കാറ്റ് പിന്നീടൊരിക്കലും എന്നെത്തേടി മടങ്ങി വന്നില്ല.