
ഇടിഞ്ഞു വീണ ഭിത്തിക്കു പകരമായി വലിച്ചുകെട്ടിയ പരമ്പ്, തൊട്ടടുത്ത ദിവസങ്ങളില്‍ വീശിയ കാറ്റില്‍ പറിഞ്ഞുപോയി. വീടിനു മുകള്‍വശത്തായി നിന്ന ഈയല്‍ വാകമരത്തിന്റെ ചില്ലകളില്‍ ഒന്ന് ആ ദിവസങ്ങളിലെ കാറ്റില്‍ ഒടിഞ്ഞു വീണപ്പോള്‍ ഇനിയും വീടിനകത്തുള്ള താമസം അപകടകരമാണ് എന്ന് അമ്മക്ക് മനസ്സിലായതുകൊണ്ടാകണം, അധികം വൈകാതെ, വീടുപണി ആരംഭിച്ചില്ല എങ്കിലും, ഞങ്ങളുടെ താമസം പാതിയിടിഞ്ഞ ഞങ്ങളുടെ വീടിനു മുകളിലുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് മാറ്റി. അല്ലെങ്കില്‍ത്തന്നെ ഒന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ പുതിയ വീടിനുള്ള തറകെട്ടാനുള്ള കല്ല് സംഘടിപ്പിക്കാനുള്ള കാര്യങ്ങളെല്ലാം അമ്മ ചെയ്തിരുന്നു. പന്നിക്കൂടിനോട് ചേര്‍ന്നുള്ള പാറയില്‍ കല്ലു പൊട്ടിക്കുന്നവര്‍ തമരടിച്ചു തുടങ്ങിയിരുന്നു. അമ്മയും ജെസ്സിയും കിടക്കുന്ന കയറു പാകിയ കട്ടിലും ഞങ്ങള്‍ ഇളയ കുട്ടികള്‍ കിടക്കുന്ന ഒരു കാല്‍ ഒടിഞ്ഞ കട്ടിലും വീടിനു പിറകിലുള്ള മണ്‍തിട്ടയുടെ മുകളില്‍ വലതു വശം ചേര്‍ന്നുള്ള തെങ്ങിന്‍ ചുവട്ടില്‍ കൊണ്ട് ചെന്നിട്ടത് ഞങ്ങള്‍ മക്കള്‍ നാലുപേരും ചേര്‍ന്നാണ്. വീടിന്റെ പിന്‍ഭാഗത്തെ ഭിത്തി ഇടിഞ്ഞു വീണപ്പോള്‍ ലാലിയും ഞാനും കിടന്ന കട്ടിലിന്റെ രണ്ടാമതൊരു കാല്‍ കൂടി ആടാന്‍ തുടങ്ങിയിരുന്നു. അമ്മയുടെ കട്ടില്‍ തെങ്ങിന്റെ ഒരു വശത്തും കാലൊടിഞ്ഞതിനെ മറുവശത്തുമാണ് ഇട്ടത്.
അതിനും കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് വീടിന്റെ മുറ്റത്തിന് മുകളിലും താഴെയുമായി ചൊട്ടയിട്ട നാല് തെങ്ങുകളും അമ്മ കള്ളുചെത്താന്‍ കൊടുത്തത്. ആ നാലു തെങ്ങുകളെയും ഞങ്ങള്‍ നാലു കുട്ടികളും ഓരോന്നായി വീതിച്ചെടുത്തിരുന്നു. തേങ്ങയും കരിക്കുമൊക്കെ അയല്പക്കത്തെ മറ്റു കുട്ടികളെപ്പോലെ കഴിക്കാനുള്ള ഞങ്ങളുടെ കൊതിക്കനുസരിച്ച്, അവയിലോരൊന്നും നിറയെ കായ്ക്കാനായി ഞങ്ങള്‍ നാലുപേരും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിപ്പോന്നു. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ നന്നായി കായ്ക്കാത്ത തെങ്ങുകള്‍ കള്ളിനുവേണ്ടി ചെത്താന്‍ കൊടുക്കുന്നത് ഒരു പതിവായിരുന്നു. ഒരു വര്‍ഷം ചെത്തിക്കഴിഞ്ഞാല്‍ തെങ്ങുകളില്‍ നന്നായി കായ്പിടിക്കുമെന്ന ഒരു നാട്ടുവര്‍ത്തമാനം കമ്പിളികണ്ടത്ത് ഉണ്ടായിരുന്നു. അതൊക്കെ ഷാപ്പില്‍ പോകാതെത്തന്നെ, രാവിലെ മുതല്‍ കള്ളു കുടിക്കാനുള്ള തന്ത്രമായിരുന്നു എന്ന് പില്‍ക്കാലത്ത് എനിക്ക് തോന്നിയിട്ടുണ്ട്. രാവിലെയും വൈകീട്ടും തെങ്ങു ചെത്താന്‍ വന്ന സുകുച്ചേട്ടന്റെ വീട് കമ്പിളികണ്ടത്തെ ഹെല്‍ത്ത് സെന്ററിന് അടുത്തായിരുന്നു. സുകുച്ചേട്ടന്‍ ഞങ്ങള്‍ക്ക് പങ്ക് കള്ള് തന്നിരുന്നില്ല. അമ്മ നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ, ആ വിഹിതക്കള്ളിന് ഷാപ്പില്‍ കിട്ടുന്ന വില പണമായി നല്‍കണം എന്നായിരുന്നു കരാര്‍.
ഒരു ദിവസം അമ്മ ഇല്ലാത്ത സമയത്ത്, സുകുച്ചേട്ടന്‍ ഒരു ചെറിയ സ്റ്റീല്‍ മൊന്തയില്‍ ഒഴിച്ച് ഞങ്ങള്‍ക്ക് കുറച്ച് കള്ള് തന്നു. ലാലിയും ജെസിയും ബിന്ദുവും ഒരോ കവിള്‍ കുടിച്ചു. അപ്പനെക്കുറിച്ചുള്ള ഓര്‍മകള്‍ക്കൊണ്ടാണോ എന്നറിയില്ല ഞാനത് രുചിച്ചു നോക്കാന്‍ പോലും തുനിഞ്ഞില്ല. വൈകുന്നേരം പതിവുപോലെ അമ്മ വന്നപ്പോള്‍ സുകുച്ചേട്ടന്‍ കള്ളു തന്ന കാര്യം ഞങ്ങള്‍ അമ്മയോട് പറഞ്ഞു. മുറ്റത്തുനിന്ന കാപ്പിവടി ഒടിച്ചുള്ള അടി അന്ന് രാത്രിത്തന്നെ ഞങ്ങള്‍ നാലാള്‍ക്കും കിട്ടി.
''ഞാന്‍ ഒരു തുള്ളിപോലും കുടിച്ചില്ല അമ്മേ...'എന്ന് വിളിച്ചു പറഞ്ഞെങ്കിലും അമ്മ അടി തുടര്‍ന്നു.
''അയാള്‍ തന്ന കള്ള് നിങ്ങള്‍ വാങ്ങരുതായിരുന്നു. അങ്ങനെ പലതും തരാമെന്നൊക്കെ പലരും പറയും. അങ്ങനെ വാങ്ങാനാണേല്‍ പലതും വെച്ചുനീട്ടുന്ന ഒത്തിരിപ്പേര്‍ നമ്മുടെ ചുറ്റുമുണ്ട്. പക്ഷേ അവര്‍ക്കൊക്കെ ഉള്ളില്‍ എന്ത് ഉദ്ദേശമാണെന്ന് നമുക്കറിയില്ല.''
അന്ന് ആദ്യമായാണ് ജെസിക്ക് ഞങ്ങളെക്കാള്‍ ഏറെ അടി കിട്ടിയത്.
''ഒരു ഇത്തിരി തെങ്ങിന്‍ കള്ള് കുടിച്ചാല്‍ കൊഴപ്പമുള്ളത് കൊണ്ടല്ല. ഏതെങ്കിലും ഒരുത്തന്‍ തരുന്നത് നീ ഇന്നു മേടിച്ചാല്‍ നിന്റെ പിറകെ വളര്‍ന്നു വരുന്ന ഈ പിള്ളേരും അത് പോലെ ആകില്ലേ...' എന്ന് പറഞ്ഞു അമ്മ ആ വടി ഒടിഞ്ഞു തീരുന്നതുവരെയും ജെസ്സിയെ അടിച്ചു. പിറ്റേന്ന് സുകുച്ചേട്ടന്‍ തെങ്ങു ചെത്താന്‍ വന്നതിനു ശേഷമാണ് അമ്മ പണിക്ക് പോയത്.
''തന്നോട് ആരാടോ പിള്ളേര്‍ക്ക് കള്ളു കൊടുക്കാന്‍ പറഞ്ഞത്...?'' അമ്മ മുണ്ട് കയറ്റിക്കുത്തി ദേഷ്യത്തോടെ ചോദിക്കുമ്പോള്‍ സുകുച്ചേട്ടന് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.
''അവര് പിള്ളേരല്ലേ മേരിച്ചേടത്തി. ഞാന്‍ ഒരല്പം മാത്രവേ കൊടുത്തൊള്ളൂ. മൊത്തം ഒരു ഒന്നൊന്നര ഗ്ലാസ്സ് കാണും...' അരയില്‍ ചെത്തുകത്തിയൊക്കെ ഉണ്ടായിരുന്നെങ്കിലും അമ്മയെ അഭിമുഖീകരിക്കാന്‍ അദ്ദേഹം ഏറെ പണിപ്പെട്ടു..
''ഇതു മേലില്‍ ആവര്‍ത്തിച്ചാല്‍ സുകു തെങ്ങ് ചെത്തുകേല എന്ന് മാത്രമല്ല എന്റെ കയ്യുടെ ചൂടറിയുകേം ചെയ്യും...' അമ്മയുടെ മുഖത്തേക്ക് നോക്കാന്‍പോലും സുകുച്ചേട്ടന്‍ മുതിര്‍ന്നില്ല.
''ഇനി ഒരിക്കലും ഉണ്ടാകില്ല മേരിച്ചേടത്തി...' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കടലാസ് റോസാച്ചെടികളോട് ചേര്‍ന്ന് നിന്നിരുന്ന തെങ്ങിന്‍ ചുവട്ടിലേക്ക് നടന്നു.
''ഉണ്ടാകരുത്...' ഒന്നമര്‍ത്തി മൂളിയിട്ട് അമ്മ നടവഴി ഇറങ്ങി പോകുമ്പോള്‍ സുകുച്ചേട്ടന്‍ ദീര്‍ഘനിശ്വാസം വിട്ടു.
''എന്റെ പിള്ളേരെ എന്നെ കൊലക്കു കൊടുക്കല്ലേ. നിങ്ങള്‍ ചോദിച്ചിട്ടല്ലേ ഞാന്‍ കള്ളു തന്നത്? എന്നാപ്പിന്നെ അമ്മ ചോദിച്ചപ്പോള്‍ അതൊന്ന് പറയാന്‍ മേലാരുന്നോ...'
സുകുച്ചേട്ടന്‍ പരിഭവം പറഞ്ഞുകൊണ്ടാണ് തെങ്ങു കയറിയത്. ചൊട്ടായൊരുക്കി, ചെത്തി ദിവസവും കള്ളും ചുമന്നുപോയ സുകുച്ചേട്ടന്‍ പിന്നീടൊരിക്കലും ഞങ്ങള്‍ക്ക് കള്ളു തന്നില്ല.
വീടിന്റെ ഭിത്തികളില്‍ ഒന്ന് ഇടിഞ്ഞു വീണുകഴിഞ്ഞ് ഞങ്ങള്‍ കിടന്ന തെങ്ങിന്‍ ചുവട് സുകുച്ചേട്ടന്‍ ചെത്തിക്കൊണ്ടിരുന്ന നാലെണ്ണത്തില്‍ ഒന്നിന്റേത് ആയിരുന്നു. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഏറ്റവും അവസാനമായാണ് അദ്ദേഹം ആ തെങ്ങ് ചെത്തിയത്. ചെത്തുകാരന്‍ സുകുച്ചേട്ടന്‍ കാലത്തും വൈകീട്ടും വീട്ടില്‍ വരുന്നത് കുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും ചെറുതല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. ഒരു സ്ത്രീ മൂന്നു പെണ്‍കുട്ടികളെയും, പേരിന് ഒരാണിനെയുമായി താമസിച്ചിരുന്നിടത്ത് ചെത്തുകാരന്‍ സുകുച്ചേട്ടന്റെ വന്നുപോക്ക്, കുടുംബത്തില്‍പ്പെട്ടവരുടെയും അല്ലാത്തവരുടെയും ഉറക്കം കെടുത്തി. സദാചാര പോലീസ് എന്ന നിലയിലേക്ക് വളര്‍ന്നില്ലെങ്കിലും, അമ്മയും ഞങ്ങളും പാപകരമായ ഒരു ചാലിലും വീഴുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ഒത്തിരിപ്പേര്‍ ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്നു. തെങ്ങു ചെത്താന്‍ വരുന്ന സുകുച്ചേട്ടന്‍ അമ്മയോട് സംസാരിക്കുന്നുണ്ടോ, പതിവിലേറെ സമയം തൊടിയില്‍ ചിലവഴിക്കുന്നുണ്ടോ, എന്നൊക്കെ അറിയാന്‍ പരിസരത്തെ സ്ത്രീകളെക്കാളേറെ താല്പര്യവും ഉത്തരവാദിത്ത ബോധവും പുരുഷന്മാര്‍ക്കായിരുന്നു. മേരിയുടെ അടുക്കല്‍ എന്തെങ്കിലും സാധ്യത തങ്ങള്‍ക്ക് ഉണ്ടോ എന്ന് കണ്ടറിഞ്ഞ് ഉറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു അവര്‍ എന്ന് അന്നത്തെ ആറാം ക്ലാസ്സുകാരന് അറിയില്ലായിരുന്നു. ഞായറാഴ്ച്ചകളില്‍ കുര്‍ബാന കഴിഞ്ഞ് കുടുംബക്കാരില്‍ ചിലര്‍ ചെത്തുകാരന്‍ സുകുവിനെക്കുറിച്ചറിയാന്‍ ഞങ്ങള്‍ ഇളയ കുട്ടികളോട് പതിവില്ലാതെ സംസാരിക്കുമായിരുന്നു.
''ഞങ്ങടെ വീട് ഇടിഞ്ഞു വീണപ്പോ നിങ്ങളെ ആരേം അങ്ങ് കണ്ടില്ലല്ലോ. നിങ്ങള് ഇങ്ങനെ ചോദിച്ച കാര്യം ഏതായാലും ഞാന്‍ അമ്മയോട് പറയും.'' വേദപാഠ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോള്‍ ലാലി ബന്ധുവായ സ്ത്രീയോട് പറഞ്ഞു.
''എന്റെ കൊച്ചേ ഞാന്‍ വെറുതെ ചോദിച്ചതല്ലേ, നിന്റെ തള്ളയോട് ഒന്നും പറഞ്ഞേക്കല്ലേ. അവള്‍ എന്റെ വീട്ടില്‍ വന്ന് തെറി വിളിക്കും...'
ബന്ധുവായ ആ അമ്മച്ചി ഏറെ നേരം കാത്തു നിന്നിട്ടാണ് അന്ന് ഞങ്ങളോട് സംസാരിച്ചത്. പിന്നീടൊരിക്കലും ആ സ്ത്രീ അമ്മയുടെ സ്വഭാവത്തേക്കുറിച്ചോ, വീട്ടില്‍ വരുന്നവരുടെ ലിസ്റ്റോ ഞങ്ങളോട് തേടിയിട്ടില്ല. ഞങ്ങള്‍ വഴിയേ നടന്നു പോകുമ്പോള്‍, തെള്ളിത്തോട് കുഞ്ചിരാക്കാട്ട് പാറയില്‍ പതയുണ്ടാക്കി ഒഴുകുന്നതും നോക്കി ആ സ്ത്രീ അങ്ങനങ്ങു നില്‍ക്കും. ചിലപ്പോഴൊക്കെ അവരുടെ അടുക്കിട്ടുടുത്ത മുണ്ടിലൊ ചട്ടയിലോ അവരുടെ കൈ മാറിമാറി തൂക്കും.
വീടിന്റെ പിന്‍ ഭിത്തി ഇടിഞ്ഞുവീണു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ ഒരു ഞായറാഴ്ച്ച ചെമ്പകപ്പാറയില്‍നിന്ന് കുഞ്ഞമ്മയും അങ്കിളും ഞങ്ങളെ കാണാന്‍ വന്നു. രാവിലെ കുര്‍ബാന കഴിഞ്ഞ് അമ്മ ജെസ്സിയെയും കൂട്ടി കല്ലാര്‍കുട്ടി അടുത്തെവിടെയോ അറുത്തു വച്ചിരുന്ന പുതിയ വീടിനുള്ള തടിയെടുക്കാന്‍ പോയിരുന്നു. ലാലിയും ബിന്ദുവും ഞാനും ഉച്ചക്കുര്‍ബാന കഴിഞ്ഞ് വേദപാഠവും കൂടി വീട്ടിലെത്തുമ്പോള്‍ കുഞ്ഞമ്മയും അങ്കിളും അവരുടെ രണ്ടു കൊച്ചു കുട്ടികളുമായി വീട്ടിലുണ്ട്. ചെമ്പകപ്പാറയില്‍നിന്ന് നടന്നു വരുന്ന വഴിയില്‍ എവിടെ നിന്നോ വാങ്ങിക്കൊണ്ടുവന്ന എണ്ണപ്പലഹാരങ്ങളും അവര്‍ക്കൊപ്പം ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പിന്‍വശം തുറന്നു കിടന്ന വീട്ടിനുള്ളില്‍ കയറി അരിയെടുത്ത് കുഞ്ഞമ്മ ഉച്ചയ്ക്കത്തേക്കുള്ള ചോറ് തയ്യാറാക്കിയിരുന്നു. കുഞ്ചിരക്കാട്ട് പാറയോട് ചേര്‍ന്നുള്ള കശാപ്പ് കടയില്‍ പോയി വാങ്ങിക്കൊണ്ടുവന്ന ഒന്നരക്കിലോ ഇറച്ചി അങ്കിള്‍ മുറ്റത്തിരുന്നുകൊണ്ടുതന്നെ നുറുക്കി ചട്ടിയിലാക്കി. മുളകും മല്ലിയുമെല്ലാം വറുത്തരച്ചു ചേര്‍ത്ത കറി വീടിന്റെ മുകളിലെ തെങ്ങിന്‍ ചുവട്ടിലെ തത്കാലത്തേക്ക് ഉണ്ടാക്കിയ മൂന്നുകല്ല് അടുപ്പില്‍ തിളച്ചു മറിഞ്ഞു. ആ കറി പരത്തിയ മണം ഞങ്ങളുടെ വീട്ടില്‍ കാലം തെറ്റിവന്ന ക്രിസ്മസിന്റെ പ്രതീതി ഉണ്ടാക്കി. കുഞ്ഞമ്മയുടെ പെണ്‍മക്കള്‍ രണ്ടുപേരും മുറ്റത്തുനിന്ന ഗന്ധരാജന്റെ പൂക്കള്‍ പറിച്ച് പൂക്കളങ്ങള്‍ തീര്‍ത്തു.
പിന്നേയും കുറേ കഴിഞ്ഞാണ് അമ്മയും ജെസ്സിയും വന്നത്. അതിനു മുന്‍പേതന്നെ, കുഞ്ഞമ്മ ഞങ്ങള്‍ കുട്ടികള്‍ക്കും അങ്കിളിനും ചോറു വിളമ്പി. അമ്മയും ജെസ്സിയും വന്നപ്പോഴേക്കും ഞങ്ങള്‍ എല്ലാവരും വയറുനിറയെ കഴിച്ചു കഴിഞ്ഞിരുന്നു. ചുമന്ന് കൊണ്ടുവന്ന തടി, കടപ്ലാവിനോട് ചേര്‍ന്നുള്ള കന്നുകാലിത്തൊഴുത്തിന്റെ അരികില്‍ അടുക്കി വച്ചിട്ട് അമ്മയും ജെസ്സിയും ചോറുണ്ടു. വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ്, ഒരാഴ്ചക്കക്കം പുതിയ വീട് പണിയാനുള്ള ധനശേഖരണത്തിന്റെ ഭാഗമായി അമ്മ ഉണ്ടായിരുന്ന രണ്ട് എരുമകളെയും വിറ്റിരുന്നതിനാല്‍ തൊഴുത്ത് തടികള്‍ ശേഖരിക്കാനുള്ള ഇടത്താവളമായി. അക്കാലത്ത്‌തെള്ളിത്തോട്ടില്‍ കന്നുകാലി കച്ചവടം നടത്തിയിരുന്ന ചാക്കോച്ചേട്ടനും കൂട്ടാളിയും വന്നു എരുമകളെ രണ്ടിനെയും കൊണ്ടുപോകുമ്പോള്‍ പിറ്റേന്നുമുതല്‍ പാല്‍ചായ ഉണ്ടാകില്ല എന്ന വിഷമമായിരുന്നു എനിക്ക്.
''ചേച്ചി ഞാന്‍ എന്നാല്‍ ഈ പിള്ളേരെ രണ്ടുപേരെ ചെമ്പകപ്പാറയ്ക്ക് കൊണ്ടുപോയാലോ....? ഇതുങ്ങള്‍ ഈ പറമ്പില്‍ കിടന്നുറങ്ങുന്നതിലും ഭേദമല്ലേ അത്...?''
അമ്മ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റ് കൈ കഴുകുമ്പോള്‍ കുഞ്ഞമ്മ ചോദിച്ചു.
''വേണ്ട മാനെ...അവര്‍ ഇവിടെ ഉണ്ടേല്‍ എനിക്ക് ഒരു കൈത്താങ്ങ് കൂടിയാ...'
അന്ന് വൈകുന്നേരം കുഞ്ഞമ്മയെയും കുടുംബത്തേയും അമ്മ നിര്‍ബന്ധിച്ചാണ് പറഞ്ഞയച്ചത്. പോകുന്നതിനു മുന്‍പ് അങ്കിള്‍ അമ്മയുടെ കയ്യില്‍ നൂറു രൂപ കൊടുത്തു. ഒന്നിന്റെയും രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും നോട്ടുകള്‍. തെങ്ങിന്‍ ചുവട്ടിലെ കട്ടിലില്‍ ഇരുന്നുകൊണ്ട് മുഷിഞ്ഞ നോട്ടുകള്‍ എണ്ണിക്കൊടുക്കുമ്പോള്‍ ആ മനുഷ്യന്റെ മുഖത്ത് സംതൃപ്തിയുടെ ഒരു സന്തോഷം നിറഞ്ഞു നിന്നു.
അങ്കിള്‍ അക്കാലത്ത് ചെമ്പകപ്പാറയിലെ ആറ്റില്‍, തെറ്റാലിക്കടയോട് ചേര്‍ന്ന് വള്ളം കടത്തുന്ന പണിയാണ് ചെയ്തിരുന്നത്. വള്ളം സ്വന്തമൊന്നും ആയിരുന്നില്ല. കൂലിക്ക് പണിയുന്നതാണ്. കുരുമുളക് കൃഷിയും കന്നുകാലികളും ഒക്കെ ആയപ്പോള്‍ കുടുംബം നന്നായി നോക്കാനുള്ള വരുമാനം അങ്കിള്‍ കണ്ടെത്തി. മടങ്ങി പോകുമ്പോള്‍ കുഞ്ഞമ്മ അങ്കിള്‍ പോലും അറിയാതെ അമ്മയുടെ കയ്യിലേക്ക് ഇരുപതിന്റെ ഒരു നോട്ടുകൂടി കൊടുത്തിട്ടാണ് പോയത്. കുഞ്ഞമ്മയും അങ്കിളും പോയപ്പോള്‍ അവരുടെ കൂടെ ഞങ്ങള്‍ മക്കളെ ആരെയെങ്കിലും അയച്ചാല്‍ അവര്‍ക്കെങ്കിലും വയറു നിറച്ചു ഭക്ഷണം കിട്ടും എന്നറിയാമായിരുന്നു എങ്കിലും അമ്മ അതിന് തുനിഞ്ഞില്ല.
പിറ്റേന്ന് വൈകുന്നേരം അമ്മ പണികഴിഞ്ഞെത്തിയപ്പോള്‍ പുളിക്കക്കണ്ടംകാരുടെ തോട്ടില്‍ പോയി വള്ളിക്കൊട്ടകളില്‍ മണല്‍ വാരി ചുമന്ന് ഞങ്ങള്‍ വീട്ടിലെത്തിച്ചു. തീരെ ചെറിയ തോടാണ്. അതുകൊണ്ടുതന്നെ അധികം മണലുമില്ല. അവിടുന്ന് കയറി, കുര്യാക്കോച്ചേട്ടന്റെ കണ്ടത്തിനോട് ചേര്‍ന്നുള്ള തോട്ടിലും കൊല്ലറക്കക്കാരുടെ തോട്ടിലും നിന്ന് ഞങ്ങള്‍ മണല് വാരി ചുമന്ന് വീടിന്റെ മുറ്റത്ത് കൂട്ടി. ചാമ്പക്കരക്കാരുടെ വീടിന് അടുത്തുവരെ ജീപ്പില്‍ കൊണ്ടുവന്നു വച്ചിരുന്ന നാലു ചാക്ക് സിമന്റ് ചുമന്ന് കൊണ്ടുവരാന്‍ ലാലിയും ഞാനും അമ്മയോടൊപ്പം പോയിരുന്നു. ലാലിയും ഞാനും ചേര്‍ന്ന് അമ്മയുടെ തലയില്‍ അത് പിടിച്ചുയര്‍ത്തി വച്ചു കൊടുക്കും. അമ്മയോടൊപ്പം വീടുവരെ നടന്നു വരും. അങ്ങനെ നാലു ചാക്ക് സിമന്റും കൊണ്ടുവന്നപ്പോഴേക്കും നേരം നന്നായി ഇരുട്ടി.
അക്കാലത്താണ് കിഴക്കേ തെള്ളിടത്തോടിന് പോകുന്ന വഴിയില്‍ ചാമ്പക്കരക്കാരുടെ വീടിനടുത്തുനിന്നും, ചായക്കടക്കാരന്‍ അമ്മാവന്റെ പറമ്പും കടന്ന് ഗോവിന്ദന്‍ ചേട്ടന്റെ തൊടിയിലൂടെ വന്ന് ഞങ്ങളുടെ തൊടിയും കടന്നു പോകുന്ന ഒരു മൂന്നടി വഴി നാട്ടുകാര്‍ ചേര്‍ന്നു വെട്ടിയത്. മീശ വര്‍ക്കിച്ചേട്ടന്റെ പറമ്പൊക്കെ കടന്ന് ഇറച്ചിക്കടയുള്ള കുമാരന്‍ ചേട്ടന്റെ വീടുവരെ എത്തുന്ന ഒരു കുറുക്കുവഴി ആയിരുന്നു അത്. ചുരുക്കം ജീപ്പുകളും പൂങ്കുടിക്കാരുടെ ലോറിയും മാത്രം വാഹനങ്ങളായി ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടില്‍, കൃഷിയോ കൂലിപ്പണിയോ ഒക്കെ കഴിഞ്ഞ്, ആളുകള്‍ കടയില്‍ പോയി വന്നിരുന്നത് ആ കുറുക്കു വഴിയിലൂടെയാണ്. അങ്ങനെയൊരു വഴി വന്നതുകൊണ്ട്, വഴിയരികില്‍ ഇറക്കിവച്ച സിമന്റ് ചാക്കുകള്‍ വീട്ടിലേക്ക് ചുമന്ന് കൊണ്ടുവരാന്‍ അമ്മക്ക് ദൂരം കുറഞ്ഞുകിട്ടി.
അമ്മ നാലു ചാക്ക് സിമന്റ് ചുമന്നെത്തിച്ചപ്പോഴേക്കും ജെസ്സി അത്താഴം തയ്യാറാക്കിക്കഴിഞ്ഞിരുന്നു. അന്ന് വൈകുന്നേരം പതിവു പോലെ അത്താഴത്തിന് കഞ്ഞി ആയിരുന്നില്ല. ചോറും ചക്കക്കുരു മാങ്ങാക്കറിയും ഉണക്കകണ്ണയല വറുത്തതും വാളം പുളി ചമ്മന്തിയുമൊക്കെ ആയി ഒരു വമ്പന്‍ വിരുന്നായിരുന്നു. പതിവുപോലെ ജെസ്സിയാണ് അമ്മയ്ക്കും ഞങ്ങള്‍ക്കും ഭക്ഷണം വിളമ്പിയത്. മീന്‍ വറുത്തതും ചമ്മന്തിയും പെട്ടന്ന് അകത്താക്കിയതിനു ശേഷം, ചക്കക്കുരുമാങ്ങാക്കറി ഉണ്ടായിരുന്ന ഭാഗത്തെ ചോറുകൂടി പെട്ടന്നു വാരിക്കഴിച്ചതിനു ശേഷം പെങ്ങന്മാരുടെ പാത്രത്തിലേക്കു കണ്ണും നട്ടിരുന്ന എനിക്ക്, തന്റെ പാത്രത്തില്‍ അവശേഷിച്ച ചോറും കറികളും അമ്മ തന്നു. സ്വതസിദ്ധമായി വികൃതിക്കും അടിപിടിക്കും വിരുതനായിരുന്ന ഞാന്‍ വിശപ്പടങ്ങാതെ സഹോദരിമാരുടെ പാത്രത്തില്‍ കണ്ണുവെച്ചിരുന്നു. അവരുടെ ശ്രദ്ധ ഒന്ന് മാറിയപ്പോള്‍ അവരുടെ മൂന്നു പേരുടെയും ചോറിനരികില്‍ ഇരുന്ന മീന്‍ കഷണങ്ങള്‍ എടുത്ത് വായിലിട്ടു.
കലി കയറിയ ലാലി, മീന്‍ വറുത്ത ശേഷം അടുപ്പിനരികില്‍ മാറ്റിവച്ചിരുന്ന ചീനച്ചട്ടി എടുത്ത് എനിക്കിട്ട് ഒരടി തന്നു. അധികം വേദനയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നാടകീയതയും അല്‍പം പൊലിപ്പും നല്‍കി ഞാന്‍ ഉച്ചത്തില്‍ അലറി വിളിച്ചു.
''എന്താ മേരിച്ചേടത്തി ഈ രാത്രിയില്‍...' എന്ന് വയലിന് അക്കരെയുള്ള അയല്പക്കത്തെ ലില്ലിച്ചേടത്തി വിളിച്ചു ചോദിച്ചു.
''ഓ ഒന്നുമില്ല ലില്ലിച്ചേടത്തി....'' എന്ന് അമ്മ മറുപടിയും പറഞ്ഞു.
ഞാന്‍ ഉച്ചത്തില്‍ കാറിക്കൊണ്ടിരുന്നു. അപ്പോളാണ് വീടിന് മുകളിലുള്ള, അക്കാലത്ത് വെട്ടിയ മൂന്നടിപ്പാതയില്‍നിന്ന് ആരോ ചുമയ്ക്കുന്നത് കേട്ടത്. കയ്യിലിരുന്ന ടോര്‍ച്ചും തെളിച്ചുകൊണ്ട് പൊക്കം കുറഞ്ഞ ഒരാള്‍ ഞങ്ങളുടെ വീട്ടിലേക്കുള്ള നടവഴി ഇറങ്ങി വരുന്നത് ഞങ്ങള്‍ കണ്ടു. ഈയല്‍ വാകമരത്തിനോട് ചേര്‍ന്നുനിന്ന മഞ്ഞ കശുമാവിന്റെ ചുവടുവരെ അയാള്‍ എത്തിക്കഴിഞ്ഞിരുന്നു. പൊതുവേ ധൈര്യവതിയായ അമ്മ പരിഭ്രമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കരച്ചില്‍ നിര്‍ത്തി. ഞങ്ങള്‍ മൂന്നു പേരെയും ജെസ്സിയുടെ അടുക്കലേക്ക് മാറ്റി നിര്‍ത്തിയിട്ട്, ഒരു അരിവാളെടുത്ത് അമ്മ തെങ്ങിന്റെ ചുവട് കടന്ന് നടവഴിയിലേക്ക് ചെന്നു. അടുക്കിട്ടുടുത്ത മുണ്ടിന് പിറകില്‍ അരിവാള്‍ മറച്ചു പിടിച്ചുകൊണ്ടാണ് അമ്മ നടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ട് മണ്ണെണ്ണ വിളക്കുകളും കാറ്റില്‍ കെട്ടുപോയില്ല. ജെസ്സി ബിന്ദുവിനെ ചേര്‍ത്തു പിടിച്ചു. ലാലിയും ഞാനും പേടിയോടെ എങ്കിലും അമ്മയുടെ തൊട്ടു പിറകിലായി നിന്നു.
''ആരാടാ അത്...?'' അമ്മ അലറി.
''പേടിക്കേണ്ട മേരി. ഇത് ഞാനാ കുഞ്ഞാഗസ്തി...' അയാള്‍ സൗമ്യനായി പറഞ്ഞു. ആളെ മനസ്സിലായതുകൊണ്ടാകണം അമ്മ അരിവാള്‍ അയാള്‍ കാണാതെത്തന്നെ അരികിലേക്കിട്ടു.
''അതിന് ആര്‍ക്കാ പേടി? നിങ്ങള്‍ എന്താ ഈ രാത്രിയില്‍ ഇവിടെ...?'' അമ്മ ദേക്ഷ്യം വെടിയാതെ പറഞ്ഞു.
''ഞാന്‍ കടയില്‍ പോയി വരുവാരുന്നു. നിങ്ങള്‍ ഈ പറമ്പിലാണല്ലോ കിടക്കുന്നത് എന്ന് കണ്ടുകൊണ്ട് ഇറങ്ങി വന്നതാ...' അല്‍പ്പം മടിച്ചിട്ടാണ് കുഞ്ഞാഗസ്തിച്ചേട്ടന്‍ മറുപടി പറഞ്ഞത്.
''അത് സാരമില്ല. ഞാന്‍ പിള്ളേരുമായി എന്റെ സ്വന്തം പറമ്പിലല്ലേ കിടക്കുന്നത്...? നിങ്ങള്‍ ഇവിടുന്നു പൊയ്‌ക്കേ.'' അമ്മയുടെ സ്വരം കടുക്കുന്നത് ഞാനറിഞ്ഞു. അക്കരെ അയല്പക്കത്തെ ലില്ലിച്ചേടത്തിയുടെ വീടിന്റെ മുന്‍ വാതിലിന്റെ കട്ടിളപ്പടിയിലെ തെളിഞ്ഞ ബള്‍ബിന് മുകളില്‍ മലയില്‍ പ്രാര്‍ത്ഥിക്കുന്ന ഈശോയുടെ രൂപം ഞങ്ങളെ നോക്കിയില്ല. പൊടുന്നനെ അയല്‍വീടിലെ മലയില്‍ പ്രാര്‍ത്ഥിക്കുന്ന കര്‍ത്താവിനെപ്പോലും ഇരുട്ടിലാക്കി വെളിച്ചം അണഞ്ഞുപോയി. നിലത്തേക്കിട്ട അരിവാള്‍ അമ്മ കുനിഞ്ഞെടുത്തു.
( തുടരും..)
Content Highlights: From Parathot to Paris heartfelt memoir by Babu Abraham, reflecting childhood struggles,family bonds
Published: 05 Mar 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented