തൊട്ടടുത്ത ആഴ്ച അമ്മാവന്മാരുടെയൊപ്പം അമ്മ ഇടുക്കിയിലെ രാജാക്കാടിനടുത്തുള്ള മുല്ലക്കാനത്ത് ചെറുക്കന്‍ വീട് കാണാന്‍ പോയി.
''അങ്ങോട്ടും ഇങ്ങോട്ടും പോയി വെറുതെ കാശു കളയാതെ, ഇക്കുറി കല്ല്യാണം അങ്ങ് ഒറപ്പിച്ചിട്ടു പോന്നാ മതി...' തലേന്ന് വഴിയില്‍വച്ച് കണ്ടപ്പോള്‍ കൊച്ചമ്മാവന്‍ അമ്മയോട് പറഞ്ഞു.
''അതിന് ജെസിക്ക് ചെറുക്കനെ ഇഷ്ടമായില്ലാന്നാ പറഞ്ഞെ...' അമ്മ കൊച്ചമ്മാവനോട് പറഞ്ഞുവത്രെ.
''അതിന് എന്ന് മൊതലാ കല്യാണക്കാര്യത്തില്‍ വീട്ടിലുള്ള പെണ്ണുങ്ങടെ അഭിപ്രായമൊക്കെ ചോദിക്കുന്നത്..?'' 
കൊച്ചമ്മാവന്റെ ചോദ്യത്തിന് മറുപടി നല്‍കാതെയാണ് അമ്മ അന്ന് വീട്ടിലേക്ക് മടങ്ങിയത്. പിറ്റേന്ന് മുല്ലക്കാനത്തെ ചെറുക്കന്‍ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ അമ്മയെ തടഞ്ഞു നിര്‍ത്തി ജെസി കരഞ്ഞത് ഇന്നും മനസ്സിനെ വിട്ടുപോയിട്ടില്ല.
''എന്റെ മാന്‍ വെഷമിക്കാതെ. അമ്മ എല്ലാരുടേം കൂടെ അവിടെ വരെ പോയി നോക്കട്ടെ. കല്ല്യാണമൊന്നും ഉറപ്പിക്കില്ല. ഒന്നു പോയി കണ്ടു എന്ന് കരുതി കല്ല്യാണം നടത്തുകയൊന്നും ഇല്ലാന്നേ.''
നിറയെ പൂത്തുനിന്ന ഗന്ധരാജന്റെ അരികിലൂടെ ഉണ്ടായിരുന്ന നടവഴി ഇറങ്ങി എന്നേയും കൂട്ടിപ്പോകുമ്പോള്‍ അമ്മ ജെസിയോടായി പറഞ്ഞു.

To advertise here,

മുല്ലക്കാനത്തുനിന്ന്‌ ആലോചന വന്ന ചെറുക്കന്‍ സമ്പന്ന കുടുംബത്തില്‍പ്പെട്ട ആളായിരുന്നുവെങ്കിലും അയാള്‍ക്ക് എന്തോ രോഗമാണെന്നും, അതിനാല്‍ത്തന്നെ എത്രയും വേഗം വിവാഹം നടത്തണമെന്നും അയാളുടെ വീട്ടുകാരുടെ ആഗ്രഹമായിരുന്നു. കൊച്ചമ്മാവന് അക്കാര്യം നേരത്തെ അറിയാമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. ചെറുക്കന്‍ വീട്ടിലെ കാപ്പികുടിയും നാട്ടുവര്‍ത്തമാനം പറച്ചിലും ഒക്കെ കഴിഞ്ഞപ്പോള്‍ സ്ത്രീധനത്തുകയെ സംബന്ധിച്ചുള്ള ചര്‍ച്ച ആരംഭിച്ചു.

''അതൊക്കെ നമുക്ക് അല്‍പം കഴിഞ്ഞ് സംസാരിക്കാം..'' എന്ന് പറഞ്ഞുകൊണ്ട് അമ്മ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴും അമ്മാവന്മാരും ചെറുക്കന്റെ കുടുംബക്കാരും ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ജെസിയുടെ കല്ല്യാണം ഉറപ്പിക്കാന്‍ ഏകദേശ ധാരണയില്‍ രണ്ടു കുടുംബങ്ങളും അതിനകം എത്തിച്ചേര്‍ന്നിരുന്നു. പരിചയപ്പെടലും ബന്ധം ചേരാനുള്ള അവതാരികയുമൊക്കെ കാപ്പികുടിയോടെ പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഒരു മണിക്കൂറോളം ഉച്ചയൂണ് ഒരുക്കുന്ന തിരക്ക് അവരുടെ അടുക്കളയില്‍ തുടര്‍ന്നു. ഒരു പുഞ്ചിരി പോലും ഇല്ലാതെ ഒരു മെലിഞ്ഞ പുരുഷരൂപം ആ വലിയ വീടിന്റെ വിരുന്നുമേശയുടെ ഓരം പറ്റിയിരുന്നു.
കുടുംബക്കാര്‍ തമ്മില്‍ പുതിയ ബന്ധം കൂടുന്നതിന്റെ ചര്‍ച്ചകള്‍ തുടരുമ്പോള്‍ അമ്മ മുല്ലക്കാനത്തെ ഏതൊക്കെയോ വീടുകള്‍ കയറിയിറങ്ങി വന്നു. അമ്മാവന്മാരെ മുറ്റത്തേക്ക് വിളിച്ചിറക്കി, ജെസിക്ക് പറ്റിയ ബന്ധമല്ല അതെന്നു പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

''അതെങ്ങനെയാ ശരിയാകുന്നെ. ഞങ്ങളോര്‍ത്തത് നീ അടുക്കളയില്‍ പെണ്ണുങ്ങളൊക്കെ ആയി വര്‍ത്താനം പറഞ്ഞിരിക്കയാന്നാ. ഇത് നീയിപ്പം നാട് നീളെ നടന്ന് ചെറുക്കനെക്കുറിച്ചന്വേഷിക്കയാണ് എന്നാരറിഞ്ഞു?''
വല്യമ്മാവന്‍ നീരസത്തോടെയാണ് പറഞ്ഞത്.
''എന്തായാലും ഈ കല്ല്യാണം നടക്കില്ല. വേറൊന്നും എനിക്ക് പറയാനില്ല.''
ആ വീടിന്റെ മുറ്റത്തു നിന്ന അമ്മ കറുമ്പി മോളു വെളുമ്പിയുടെ കമ്പുകളിലൊന്നു വലിച്ചൊടിച്ചുകൊണ്ടാണ് കൊച്ചമ്മാവന്‍ തന്റെ ദേഷ്യം പ്രകടമാക്കിയത്.
''നീയങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ശരിയാവുക? ഞങ്ങള് വാക്ക് കൊടുത്തുപോയി.''
വലിച്ചൊടിച്ച ചെടിയുടെ ശിഖരം തൊടിയില്‍ പൂത്തുനിന്ന കാപ്പി മരങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കൊച്ചമ്മാവന്‍ പറഞ്ഞു.
''ആര് വാക്ക് കൊടുത്താലും എന്റെ കൊച്ചിന്റെ ജീവിതം വെച്ചുള്ള ഒരു കളിക്കും ഞാനില്ല...'
അമ്മ തീര്‍ത്തു പറയുമ്പോളും അമ്മാവന്മാര്‍ ജെസിയുടെ നല്ല ഭാവിയില്‍ വിശ്വസിച്ചുകൊണ്ട് പുതിയ പല ന്യായവാദങ്ങളും ഉന്നയിച്ചു നോക്കി.
''വെറും എട്ടു പവനും അയ്യായിരം രൂപക്കും വേറേ ആരാ സമ്മതിക്കുക? അതും തന്ത ഒളിച്ചോടിപ്പോയ കുടുംബത്തിലെ ഒരു പെണ്ണിനെ...!''
ജെസിക്ക് നഷ്ടമാകാന്‍ പോകുന്ന ഭാഗ്യത്തെ ഓര്‍ത്ത് കൊച്ചമ്മാവന്‍ നെടുവീര്‍പ്പിട്ടു.
''നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്ന് ഇറങ്ങുന്നുണ്ടോ അതോ ഞാന്‍ തനിയെ പോകണോ...' എന്ന് ചോദിച്ച ശേഷം എന്റെ കൈ പിടിച്ച് അമ്മ അവിടെനിന്ന്‌ ഇറങ്ങിനടന്നു. പൊന്മുടിയും മരക്കാനവും പൂതാളിയും വഴി നടന്ന് ഞങ്ങള്‍ പാറത്തോട്ടില്‍ എത്തിയപ്പോഴേക്കും വൈകുന്നേരമായി.

തൊട്ടടുത്ത ഞായറാഴ്ച കുര്‍ബാനക്ക് ശേഷം പള്ളിയുടെ മൊന്തളത്തിലും മുറ്റത്തുമായി അപ്പന്റെ അമ്മയുടെ അധ്യക്ഷതയില്‍ കൂടിയ ബന്ധുസ്ത്രീകളുടെ നീണ്ട യോഗത്തില്‍, അമ്മയുടെ കുത്തഴിഞ്ഞ ജീവിതം കാരണം ജെസിക്ക് വന്ന വിവാഹാലോചന മുടങ്ങിപ്പോയി എന്ന് ചര്‍ച്ച ചെയ്ത് തീരുമാനമാക്കി. ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് കര്‍ത്താവ് വിരുന്നുവന്ന അവരുടെ നാവുകള്‍ മേരിയുടെ സ്വഭാവവും ജീവിതരീതിയുമൊക്കെ എത്രമാത്രം ക്രൈസ്തവമല്ലാത്തതാണെന്ന് കണ്ടെത്തി ചര്‍ച്ച പൂര്‍ത്തിയാക്കി, കൂട്ടം പിരിഞ്ഞു. ഇതൊന്നും കാര്യമായെടുക്കാതെ അമ്മ കുരിശിന്‍ ചുവടും കടന്ന് വീട്ടിലേക്ക് മടങ്ങി.

പിന്നെയും കുറേകാലം കഴിഞ്ഞ്, അന്ന് ജെസിക്ക് വിവാഹം ആലോചിച്ച ചെറുക്കന്‍ മരണമടഞ്ഞ വാര്‍ത്ത അറിയുന്നതുവരെയും കൊച്ചമ്മാവന്‍ അമ്മയുടെ അഹങ്കാരത്തെ കൂടെക്കൂടെ കുറ്റപ്പെടുത്തി.
''ഇപ്പൊ മനസ്സിലായോ ഞാന്‍ അന്നെടുത്ത തീരുമാനം ശരിയായിരുന്നു എന്ന്....?''
ആ ചെറുപ്പക്കാരന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ അമ്മ കൊച്ചമ്മാവനോട് ചോദിച്ചു.
''നീ നിന്റെ ശരിയും തെറ്റുമൊക്കെ നോക്കി നടന്നോ. ആ ചെക്കന്‍ മരിച്ചാലെന്താ നിന്റെ മകള്‍ക്കിപ്പം റാണിയെപ്പോലെ വാഴാമാരുന്നു. ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം...'
ഒരു വൈകുന്നേരം വീട്ടില്‍ വന്നു മടങ്ങുമ്പോള്‍ കൊച്ചമ്മാവന്‍ പറഞ്ഞതിന് അമ്മ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് കുറേ കാലത്തേക്ക് ജെസിക്ക് വിവാഹലോചന നടത്താനായി കൊച്ചമ്മാവന്‍ വീട്ടില്‍ വന്നതുമില്ല. ജെസി ഉത്സാഹവതിയായി തയ്യല്‍ പഠനം പൂര്‍ത്തിയാക്കി. 

ആ നാളുകളില്‍ കമ്പിളികണ്ടത്തെ സര്‍ക്കാര്‍ ആശുപത്രിക്ക് അടുത്തായി അമ്മ ജെസിക്ക് വേണ്ടി ഒരു ചെറിയ കടമുറി വാടകക്കെടുത്തു. തയ്യല്‍പഠനം പൂര്‍ത്തിയാക്കിയ ജെസി തയ്യല്‍ക്കാരിയും തയ്യല്‍ ടീച്ചറും ആയി മാറിയപ്പോള്‍ വലിയ പാവാടയില്‍നിന്ന് സാരിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി ഒരു വലിയ ചേച്ചിയായി മാറി. ആ നാളുകളിലാണ് കുഞ്ഞിപ്പെണ്ണ് ജെസിയുടെ അടുക്കല്‍ തയ്യല്‍ പഠിക്കാന്‍ വന്നു തുടങ്ങിയത്. 'ഉഷ' വാങ്ങാന്‍ പണം കൂടുതല്‍ ആകുമെന്ന കാരണം പറഞ്ഞ് ഒരു 'റീത്ത'യെയാണ് അമ്മ ജെസിക്കായി വാങ്ങിയത്. അങ്ങനെ ജെസിയും കുടുംബഭാരത്തില്‍ കുറച്ച് അമ്മയോടൊപ്പം വഹിക്കാന്‍ തുടങ്ങി. പതിനഞ്ചുകാരി ലാലി അമ്മയോടൊപ്പം മണല്‍ വരാനും കല്ലു ചുമക്കാനുമൊക്കെ പോയിക്കൊണ്ടിരുന്നു. ശനിയാഴ്ചയും അവധിദിവസങ്ങളിലും ഞാനും അമ്മയോടൊപ്പം കൂടി. വൈകുന്നേരം അമ്മ പാറത്തോട്ടിലെ ബ്രദേഴ്സ് ചായക്കടയില്‍നിന്ന് വാങ്ങിത്തരുന്ന പലഹാരമായിരുന്നു അന്നൊക്കെ കൂലിപ്പണിക്ക് പോകുവാനുള്ള എന്റെ പ്രചോദനം.

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പാറത്തോട്ടിലെ ഞങ്ങളുടെ പള്ളിക്കൂടത്തിലേക്ക് പുതിയതായി വന്ന രാജു സാര്‍ സബ് ജില്ലയിലും ജില്ലയിലുമൊക്കെ ഞങ്ങളുടെ സ്‌കൂളിനെ ചാമ്പ്യന്‍മാരാക്കി. ബീനാമോളും ഡയാനയുമൊക്കെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഞങ്ങളുടെ സ്‌കൂളിന് സമ്മാനങ്ങള്‍ നേടിക്കൊടുത്തു. ബിനിച്ചേച്ചിയും രജിതയുമൊക്കെ പ്രസംഗത്തിനും നൃത്തത്തിനുമൊക്കെ ഞങ്ങളുടെ പള്ളിക്കൂടത്തെ പ്രതിനിധീകരിച്ചുപോയി സമ്മാനങ്ങള്‍ നേടിക്കൊണ്ടു വന്നു. കലയോ സാഹിത്യമോ സ്പോര്‍ട്സോ ഒന്നും കൈമുതലായി ഉണ്ടായിരുന്നില്ല എന്ന കാരണത്താല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ആനിവേഴ്സറിക്കു നടത്തിയ ''വിഷമവൃത്തം'' എന്ന നാടകത്തില്‍ അഭിനയിച്ചതല്ലാതെ വലിയ പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ വികൃതി ചെറുക്കാനായി ഞാന്‍ തുടര്‍ന്നു.

അക്കാലത്ത് എന്റെ ഒപ്പം പഠിച്ചിരുന്ന സാജു മറ്റൊരു ഡിവിഷനില്‍ ആയിരുന്നു. പാറത്തോട്ടില്‍ താമസിച്ചിരുന്ന അവന് ഡാന്‍സിനോട് വലിയ കമ്പമായിരുന്നു. സ്ഥിരം നൃത്തമത്സരങ്ങളില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടികളെ കൂടാതെ ഡാന്‍സ് കളിച്ചിരുന്നത് സാജു മാത്രമായിരുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മത്സരങ്ങള്‍ ഒന്നിച്ചായിരുന്നതിനാല്‍ സാജുവിന് സമ്മാനമൊന്നും ലഭിച്ചിരുന്നില്ല. തലേവര്‍ഷത്തെ യുവജനോത്സവത്തില്‍ ''അഴകോടം നഗരത്തില്‍...' എന്ന് തുടങ്ങുന്ന കുമാരനാശാന്റെ കവിത ചൊല്ലി വാസവദത്തയെ അവതരിപ്പിച്ച എനിക്ക് രണ്ടാം സമ്മാനം കിട്ടിയതിനാല്‍, യുവജനോത്സവത്തിന് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടണം എന്ന മോഹവും എന്നില്‍ മുളച്ച കാലമായിരുന്നു അത്. അങ്ങനെ കലാ മോഹങ്ങളുമായി ഞാന്‍ കഴിഞ്ഞ കാലത്താണ് സാജുവുമായുള്ള സൗഹൃദം ആരംഭിക്കുന്നത്.

അക്കാലത്തു സാജുവിന്റെ മുടി നീണ്ടു വളര്‍ന്ന് അവന്റെ തോളൊപ്പം വിടര്‍ന്നു കിടന്നു. നിറുകംതലയുടെ ഒത്ത നടുക്ക് ഒരു വകച്ചിലിട്ട് അവനതിനെ രണ്ടു വശത്തേക്കും ചീവിയിട്ടു. എല്ലാ വര്‍ഷവും എല്ലാത്തരം നൃത്തങ്ങളിലും മത്സരിച്ച സാജു എന്റെ മനസ്സില്‍ ചെറുപ്പത്തില്‍ ഉപേക്ഷിച്ച നൃത്ത പരിശീലന ക്ലാസ്സുകളുടെ ഓര്‍മകളെ തൊട്ടുണര്‍ത്തി. തനിയെ ചെയ്ത നാടോടിനൃത്തം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവക്കൊന്നും സമ്മാനം ലഭിക്കാത്തത്തില്‍ ഏറെ ദുഃഖിതനായിരുന്ന സാജു അക്കൊല്ലം സംഘനൃത്തത്തിനു മത്സരിച്ചു സമ്മാനം നേടണം എന്ന തീരുമാനത്തിലായി. അതിനായി എന്നെ അവനൊപ്പം ചേര്‍ത്തു. 

ആ സംഘനൃത്തത്തില്‍ സാജുവും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. മലമുകളില്‍ താമസിച്ചിരുന്ന കമിതാക്കളായ രണ്ടു കിളികള്‍ കിളിമലയാറ്റില്‍ കുളിക്കാന്‍ പോയപ്പോള്‍ ആണ്‍കിളി മരിക്കുന്ന കഥ പറയുന്ന പാട്ടിനായിരുന്നു ഞങ്ങള്‍ അന്ന് ഡാന്‍സ് കളിച്ചത്. ആണ്‍കിളിയായ ഞാന്‍ കിളിമലയാറ്റില്‍ മുങ്ങി മരിച്ചതിനാല്‍ ഡാന്‍സിന്റെ അവസാന ഭാഗത്ത് സാജു മാത്രമായിരുന്നു. ഒരോ സ്റ്റെപ്പും അവന്‍ തന്നെ പറഞ്ഞും കളിച്ചു കാണിച്ചും എന്നെ പഠിപ്പിച്ചു. ഡാന്‍സിനുള്ള വേഷങ്ങളും മേക്കപ്പുമൊക്കെ സാജുവാണ് സംഘടിപ്പിച്ചത്. 

''എനിക്ക് ലിപ്സ്റ്റിക്ക് കുറവായതുകൊണ്ട് തന്നെയാ...'
തനിയെ ചെയ്ത നൃത്തങ്ങള്‍ക്കെല്ലാം രജിതയും മറ്റു പെണ്‍കുട്ടികളും സമ്മാനം നേടിയപ്പോള്‍ സ്‌കൂളിന്റെ മെയിന്‍ ഹാളിലെ സ്റ്റേജിന്റെ പിറകിലുള്ള ഗ്രീന്‍ റൂമുകളാക്കി മാറ്റിയ ക്ലാസ്സ്മുറികളില്‍ ഒന്നിലിരുന്ന് സാജു പറഞ്ഞു. ഞങ്ങള്‍ ചെയ്ത സംഘനൃത്തത്തിന് രണ്ടാം സ്ഥാനം ലഭിച്ചു.

''നീ തെറ്റിക്കാതെ കളിച്ചെങ്കില്‍ നമ്മക്ക് ഫസ്റ്റ് കിട്ടിയേനെ...'
മത്സരഫലം മൈക്കിലൂടെ കേള്‍ക്കുമ്പോള്‍ സാജു എന്നോട് പറഞ്ഞു. കയ്യിലിരുന്ന ചോറ്റുപാത്രവുമെടുത്ത് അധ്യാപികമാരുടെ ആപ്പീസിനോട് ചേര്‍ന്നുള്ള പൈപ്പിനടുത്തേക്ക് ഞാന്‍ നടന്നു. സാജു ഊണു കഴിക്കാന്‍ അവന്റെ വീട്ടിലേക്ക് പോകാന്‍ തുടങ്ങുകയായിരുന്നു.
''രണ്ടു പേര്‍ മാത്രമുള്ള ഡാന്‍സിനെ ഗ്രൂപ്പ് ഡാന്‍സ് എന്ന് വിളിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞതാ... അല്ലേലും ആ തേര്‍ഡ് കിട്ടിയ പിള്ളേരുടേത് എത്ര നല്ലതായിരുന്നു.''
സ്പോര്‍ട്സ് മാഷാണെങ്കിലും ഡാന്‍സിനു മാര്‍ക്കിടാന്‍ ഇരുന്ന ജഡ്ജുകളില്‍ ഒരാളായിരുന്ന രാജു സാര്‍ ഞങ്ങളുടെ അടുത്തു വന്ന് അത് പറഞ്ഞത് സാജുവിനെയും എന്നേയും അപമാനിക്കാന്‍ തന്നെ ആയിരുന്നിരിക്കണം. കൂടെ ഉണ്ടായിരുന്ന റീത്താമ്മ ടീച്ചറിനോടാണ് അയാള്‍ അത് പറഞ്ഞത്.
''പിന്നെ സാറെന്തിനാ ഞങ്ങള്‍ക്ക് മാര്‍ക്കിട്ട് സെക്കന്‍ഡ് തന്നത്...?''
കയ്യിലിരുന്ന ചോറ്റുപാത്രത്തില്‍ ദേഷ്യത്തോടെ അമര്‍ത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു.
 ''നീ വന്നേ, ഒന്നും പറയണ്ട..''
സാജു എന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ട് അടക്കം പറഞ്ഞു.
''അതിന് ഞാന്‍ മാത്രമല്ലല്ലോ മാര്‍ക്കിടാന്‍ ഉണ്ടായിരുന്നത്.. വേറേ രണ്ടു പേര്‍ കൂടി ഉണ്ടാരുന്നല്ലോ. അതുകൊണ്ട് അര്‍ഹത ഇല്ലാതിരുന്നിട്ടും നിങ്ങള്‍ക്ക് സെക്കന്‍ഡ് കിട്ടി. ഞാന്‍ അപ്പഴേ പറഞ്ഞതാ കൊടുക്കരുതെന്ന്. ആ വത്സമ്മ ടീച്ചറിന്റെ പിടിവാശി കാരണമാ...'
അതും പറഞ്ഞു അയാള്‍ നടന്ന് നീങ്ങുമ്പോള്‍ പൈപ്പിന്റെ ചുവട്ടില്‍ ചിതറിക്കിടന്ന മെറ്റലുകളില്‍ ഒന്ന് കുനിഞ്ഞെടുത്ത് ആ അധ്യാപകനെ എറിയാത്തതില്‍ ആ പതിമൂന്നുകാരന്‍ ഒത്തിരിക്കാലം വിഷമിച്ചു.

അന്ന് ഉച്ചകഴിഞ്ഞായിരുന്നു കഥാപ്രസംഗ മത്സരം. നേരത്തെ തന്നെ ഞാനും പേരു കൊടുത്തിരുന്നു. ഡാന്‍സല്ലാതെ മറ്റൊന്നിനെയും കലയായി കാണാതിരുന്ന സാജു ഉച്ചകഴിഞ്ഞു വൈകിയാണ് വന്നത്. വി.ഡി. രാജപ്പന്റെ പാരഡി ഗാനങ്ങളും പാരഡി ഗാനങ്ങള്‍ ചേര്‍ത്തുള്ള കഥാപ്രസംഗങ്ങളും ഇറങ്ങിയ കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ ആഴ്ചകളായി ഞാന്‍ എഴുതിയുണ്ടാക്കിയ ഒരു കഥാപ്രസംഗമായിരുന്നു ഞാന്‍ പറയാനിരുന്നത്.

''ചക്കീ നീ കരയരുത്...' രണ്ടു പൂച്ചകളുടെ പ്രണയകഥ സിനിമാപ്പാട്ടുകളുടെ പാരഡി ഗാനങ്ങളുടെ അകമ്പടിയോടെ ഞാന്‍ തയ്യാറാക്കി നന്നായി പഠിച്ചാണ് സ്റ്റേജില്‍ എത്തിയത്. വീട്ടില്‍നിന്ന് പലവട്ടം കട്ടെടുത്തു വിറ്റ കശുവണ്ടി എനിക്കെത്തിച്ച വരുമാനം ഹാര്‍മണിയവും തബലയും വായിക്കുന്നവര്‍ക്കായി വീതിച്ചു നല്‍കിയ ശേഷമാണ് ഞാന്‍ സ്റ്റേജിലേക്ക് കയറിയത്.
''ചക്കീടെ കണ്ണുകള്‍ മാന്‍പേട കണ്ണുകള്‍, ചക്കീടെ പൂട വെളുത്ത പൂട...'
ഞാന്‍ പാടിത്തകര്‍ക്കുമ്പോഴാണ് സ്റ്റേജിനു മുന്നിലേക്ക് രാജു സാര്‍ വരുന്നത്.
''നിര്‍ത്തടാ നിന്റെ അഴിഞ്ഞാട്ടം... ഇത് സ്‌കൂളാ. ഇവിടെ ഇത്തരം അശ്ലീലങ്ങള്‍ ഒന്നും പറ്റത്തില്ല...'
രാജു സാറും വേറേ കുറേ അധ്യാപകരും സ്റ്റേജിനു മുന്നില്‍ വന്നു നിന്നുകൊണ്ട് ഉച്ചത്തില്‍ പറയുമ്പോള്‍. പാടിക്കൊണ്ടിരുന്ന എനിക്ക് എന്ത് ചെയ്യണമെന്നുപോലും അറിയാതായി. കരണ്ട് പോയപോലെ എല്ലാം നിലച്ചു.
''ഇതെന്നാ പണിയാ സാറേ. ആ കൊച്ച് പറഞ്ഞു തീര്‍ക്കട്ടെ. കഥാപ്രസംഗം കൊള്ളത്തില്ലേല്‍ മാര്‍ക്ക് കൊറച്ചോ...'
യു.പി. വിഭാഗത്തിലെ എലിക്കുട്ടി ടീച്ചർ ദേഷ്യപ്പെട്ടുകൊണ്ട് പിറകില്‍നിന്ന് വിളിച്ചു പറഞ്ഞു.
''അവനത് പറഞ്ഞു തീര്‍ക്കട്ടെ സാര്‍. എന്താ ഇത്...?''
എന്നെ രസതന്ത്രം പഠിപ്പിച്ചിരുന്ന വത്സമ്മ ടീച്ചര്‍ അത് പറയുമ്പോള്‍ അവരുടെ സ്വരം ഇടറിയിരുന്നു. രാജു സാറും ജോര്‍ജ് സാറും വേറേ കുറേ മാഷുമ്മാരും ഒരു സിസ്റ്ററും എന്റെ മുന്നില്‍ ഭൂതങ്ങളെപ്പോലെ നിന്നു.
''എറങ്ങിപ്പോടാ...' അവരിലാരുടെയോ അലര്‍ച്ചയോടെ ആ പതിമൂന്നുകാരന് മുന്നില്‍ തികഞ്ഞ ഇരുള്‍ നിറഞ്ഞു. യാന്ത്രികമായി സ്റ്റേജിന്റെ നടകള്‍ ഇറങ്ങി നടക്കുമ്പോള്‍ അപമാനവും വേദനയും പകയുമെല്ലാം എന്റെ മനസ്സില്‍ മുളക്കാന്‍ തുടങ്ങി. മെയിന്‍ ഹാളിനുള്ളില്‍ ഉണ്ടായിരുന്ന കുട്ടികള്‍ എന്നെ അപ്പോഴും കൂക്കി വിളിച്ചു. അവരുടെ കൂക്കിവിളികള്‍ എന്റെ മനസ്സിന്റെ ഭിത്തികളില്‍ ആഴമുള്ള മുറിവുകളാണ് ഏല്‍പ്പിച്ചത്.

പള്ളിക്കൂടത്തിന്റെ മുറ്റവും കടന്ന് കണ്ണാടിപ്പാറയ്ക്കുള്ള മണ്‍വഴിയും മുറിച്ചുകടന്ന് പള്ളിമുറ്റത്ത് എത്തുമ്പോള്‍ എന്റെ പക അധ്യാപകരോടും കുട്ടികളോടും മാത്രമായി ചുരുങ്ങിയില്ല. ദൈവത്തോട് പോലും വെറുപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു. തുറന്നുകിടന്ന വാതിലിലൂടെ ഞാന്‍ ആ പള്ളിക്കകത്തേക്ക് കടന്നു. താഴെ വായ് പിളര്‍ന്നു കിടന്ന ഡ്രാഗണെ കുന്തംകൊണ്ട് കുത്തിതോല്‍പ്പിക്കാന്‍ മെനക്കെട്ട ഗീവര്‍ഗീസ് പുണ്യാളന്‍ എന്നെ കണ്ടതായി ഭാവിച്ചില്ല. സര്‍വ്വസങ്കടങ്ങളും ഉള്ളില്‍ ചുമന്ന കന്യാമറിയത്തിന് എന്റെ ദുഃഖങ്ങള്‍ ഏറെ നിസ്സാരമായി തോന്നിയിരിക്കണം. കൂട്ടിലടച്ച കര്‍ത്താവും കുരിശില്‍ കിടന്ന കര്‍ത്താവും എന്നെ കാണാന്‍ പോലും കൂട്ടാക്കിയില്ല. എന്റെ കൗമാരത്തിന്റെ ഭ്രാന്ത് തുടങ്ങിയത് അന്നാണ്, അവിടെവച്ചാണ്... പൊട്ടിത്തെറിക്കും ലാവ ഒഴുക്കിനും ഉചിതമായ സമയവും കാത്ത് എന്റെ ഭ്രാന്ത് എന്നില്‍ത്തന്നെ ഉറങ്ങിക്കിടന്നു.

(തുടരും)

പാറത്തോട്ടിൽ നിന്ന് പാരീസിലേക്ക് കോളത്തിന്റെ മുൻ ഭാ​ഗങ്ങൾ വായിക്കാം