മുകേഷും ലതാ മങ്കേഷ്കറും പാടിയ കഭീ കഭീ മേരെ ദിൽ മേ എന്ന ശീർഷക ഗാനത്തോളം പ്രശസ്തി നേടിയില്ലെങ്കിലും യഷ് ചോപ്രയുടെ ക്ലാസ്സിക് ചിത്രം ഓർമ്മയിൽ അവശേഷിപ്പിക്കുന്ന ഹൃദ്യമായ ശ്രവ്യാനുഭവങ്ങളിൽ മേ പൽ ദോ പൽ കാ ശായർ ഹൂം എന്ന രചനയുമുണ്ട്.

കവിയായ സാഹിർ ലുധിയാൻവിയുടെ മാത്രമല്ല ഈണമിട്ട ഖയ്യാമിന്റേയും ശബ്ദം പകർന്ന മുകേഷിന്റേയും പാടി അഭിനയിച്ച അമിതാഭ് ബച്ചന്റേയുമൊക്കെ കൈയൊപ്പ് പതിഞ്ഞ പാട്ടാണത്: കഭീ കഭീ എന്ന ചിത്രത്തിലെ 'മേ പൽ ദോ പൽ കാ ശായർ ഹൂം പൽ ദോ പൽ മേരി കഹാനി ഹേ....'
ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോനിയും ഹൃദയം കൊണ്ടൊരു കൈയൊപ്പ് ചാർത്തിയിരിക്കുന്നു ആ കാവ്യഗീതത്തിൽ. ഐപിഎല്ലിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപനത്തിന്റെ പശ്ചാത്തല ഗീതമായി ധോണി തിരഞ്ഞെടുത്തത് അര നൂറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ 'കഭീ കഭീ'യിലെ ഗാനമാണ്. സാർത്ഥകമായ ഒരു തിരഞ്ഞെടുപ്പ്.
ജീവിതത്തെ ദാർശനികന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്ന ഒരു കവിയുടെ ആത്മഗതമാണ് ആ കവിത. സാഹിറിന്റെ വരികളുടെ ആശയം ഏതാണ്ട് ഇങ്ങനെ: "നൈമിഷികമാണ് എന്റെ കവിത്വം. എന്റെ കഥ, എന്റെ ചിരി, എന്റെ യൗവനം… എല്ലാം ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമുള്ളത്. എനിക്ക് മുൻപ് എണ്ണമറ്റ കവികൾ നടന്നു മറഞ്ഞിരിക്കുന്നു ഈ വഴിയിലൂടെ; ചിലരൊക്കെ വിങ്ങുന്ന ഹൃദയവുമായി. ചിലരൊക്കെ ആത്മസംതൃപ്തിയോടെ. ഇത്തിരി നേരം ഞാനും ഉണ്ടാകും നിങ്ങൾക്കൊപ്പം. എന്റെ രചനകൾക്ക് ആവശ്യക്കാർ ഏറെയുണ്ടല്ലോ ഇന്ന്. നാളെ എല്ലാം കാലഹരണപ്പെടും... പുതിയ ഗാനരചയിതാക്കൾ വരും. അവരുടെ കവിതകളുടെ സൗന്ദര്യം പഴയവയെ നിഷ്പ്രഭമാക്കും. എന്നെക്കാൾ നല്ല എഴുത്തുകാരും നിങ്ങളെക്കാൾ നല്ല ആസ്വാദകരും ഉണ്ടാകും ഇവിടെ. നാളെ ആരും ഓർക്കില്ല എന്നെ. എന്തിനോർക്കണം? തിരക്കുപിടിച്ച ഈ ലോകത്ത് എന്നെ ഓർത്ത് പാഴാക്കാൻ ആർക്കുണ്ട് സമയം...?''
മുകേഷും ലതാ മങ്കേഷ്കറും പാടിയ കഭീ കഭീ മേരെ ദിൽ മേ എന്ന ശീർഷക ഗാനത്തോളം പ്രശസ്തി നേടിയില്ലെങ്കിലും യഷ് ചോപ്രയുടെ ക്ലാസ്സിക് ചിത്രം ഓർമ്മയിൽ അവശേഷിപ്പിക്കുന്ന ഹൃദ്യമായ ശ്രവ്യാനുഭവങ്ങളിൽ മേ പൽ ദോ പൽ കാ ശായർ ഹൂം എന്ന രചനയുമുണ്ട്. കവിസമ്മേളനത്തിൽ അമിത് (അമിതാഭിന്റെ കഥാപാത്രം) അവതരിപ്പിക്കുന്ന ഈ ഈരടികൾ സിനിമക്ക് വേണ്ടി എഴുതിയതല്ല സാഹിർ. മുൻപൊരു സമാഹാരത്തിനു വേണ്ടി രചിച്ച കവിത കവിയുടെ അനുമതിയോടെ സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു സംവിധായകൻ.
പ്രശസ്തിയോടുള്ള വിരക്തിയുടെ ധ്വനിയുണ്ട് സാഹിറിന്റെ കവിതയിൽ. വരികൾക്കിടയിൽ വായിക്കുമ്പോൾ കഭീ കഭീയിൽ അമിതാഭ് അവതരിപ്പിച്ച അമിത് എന്ന കവിയും സാഹിറും തമ്മിൽ സാമ്യങ്ങൾ പലതും കണ്ടെത്താനാകും നമുക്ക്. സാഹിറിനെ മാതൃകയാക്കിയാവുമോ യഷ് ചോപ്ര 'കഭീ കഭി'യിലെ അമിത്തിന് രൂപം നൽകിയത്? എഴുത്തുകാരി അമൃതാ പ്രീതവുമായും ഗായിക സുധാ മൽഹോത്രയുമായും സാഹിറിന് ഉണ്ടായിരുന്നതായി പറയപ്പെടുന്ന പ്രണയബന്ധം 'കഭീ കഭീ'യുടെ രചനയിൽ യഷ് ചോപ്രക്ക് പ്രചോദനമായിരിക്കുമോ? ഇല്ലെന്നു ചോപ്ര ആണയിട്ടു പറയുന്നുണ്ടെങ്കിലും മറിച്ചു വിശ്വസിക്കുന്നവർ ധാരാളം.
1944 ലാണ് സാഹിർ അമൃതാ പ്രീതവുമായി ആദ്യം കണ്ടുമുട്ടിയത്- ലഹോറിനും അമൃത്സറിനും ഇടയ്ക്കുള്ള പ്രീത്നഗറിൽ നടന്ന കവിസമ്മേളനത്തിനിടെ. പ്രഥമ ദർശനത്തിൽ തന്നെ ഹൃദയം കൊണ്ട് സാഹിറിന്റെ അടിമയായി അമൃത. വർഷങ്ങൾ നീണ്ട പ്രണയബന്ധത്തിന്റെ തുടക്കം. സാഹിർ പുകച്ചു വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ വരെ പ്രണയാവേശത്തോടെ എടുത്തു സൂക്ഷിക്കുമായിരുന്നു താനെന്ന് രശീതി ടിക്കറ്റ് എന്ന ആത്മകഥയിൽ അമൃത എഴുതിയിട്ടുണ്ട്. "ഏകാന്തനിമിഷങ്ങളിൽ ആ കുറ്റികൾ കൊളുത്തി, വിരലുകൾക്കിടയിൽ തിരുകുമ്പോൾ എനിക്ക് തോന്നും സാഹിറിന്റെ കൈകളിൽ സ്പർശിക്കയാണ് ഞാൻ എന്ന്." അമൃതയുടെ വാക്കുകൾ. നിർഭാഗ്യവശാൽ അധികം നീണ്ടുനിന്നില്ല ആ നിശബ്ദ പ്രണയം. സുധാ മൽഹോത്രയെ കണ്ടുമുട്ടിയതോടെ അമൃതയിൽ നിന്ന് സാഹിർ അകന്നു. പുതിയ ബന്ധത്തിനും ഇല്ലായിരുന്നു അധികം ആയുസ്സ്. സുധയുമായുള്ള അകൽച്ചയിൽ മനംനൊന്ത് സാഹിർ രചിച്ചതാണ് ഹംറാസിലെ ചലോ ഏക് ബാർ എന്ന ഗാനമെന്നാണ് ഐതിഹ്യം. കഭീ കഭീയിലെ രചനകളിലും മിന്നിമറയുന്നുണ്ട് നഷ്ടപ്രണയത്തിന്റെ വിരഹധ്വനികൾ.
പുറത്തിറങ്ങി അര നൂറ്റാണ്ടിനിപ്പുറവും തലമുറകളുടെ ഹൃദയഗീതമായി കഭീ കഭീയിലെ ഗാനങ്ങളെ നിലനിർത്തുന്ന മാജിക് എന്തായിരിക്കണം? "അവയിലെ കലർപ്പില്ലാത്ത കവിത തന്നെ"- സംഗീത സംവിധായകൻ ഖയ്യാമിന്റെ വാക്കുകൾ. "സാഹിറിന്റെ വരികൾ ആരെയാണ് പ്രചോദിപ്പിക്കാത്തത്? സത്യത്തിൽ ഞാൻ ആ ഗാനങ്ങൾ കമ്പോസ് ചെയ്യുകയായിരുന്നില്ല. അവയിൽ അന്തർലീനമായ ആശയത്തെ സ്വതന്ത്രമായി ചിറകടിച്ചു പറക്കാൻ വിടുക മാത്രമായിരുന്നു. ആരുടെയൊക്കെയോ ഹൃദയങ്ങളിൽ അത് ചെന്ന് കൂടുകൂട്ടി എന്നറിയുമ്പോൾ സന്തോഷം.''
സാഹിറിന്റെ വരികൾക്കല്ല അവയ്ക്കിടയിലെ ശൂന്യമായ ഇടവേളകൾക്കാണ് ഖയ്യാം സംഗീതം പകർന്നതെന്ന് തോന്നാറുണ്ട് ഇന്നും. മറ്റു പല സംഗീത സംവിധായകരെയും പോലെ ആ ഇടവേളകളെ വാദ്യഘോഷമുഖരിതമാക്കുകയല്ല ഖയ്യാം ചെയ്തത്. സംഗീതം കൊണ്ട് അവയ്ക്ക് നേർത്തൊരു അടിവരയിടുകയാണ്. സാഹിറിന്റെ കവിതയെ സംഗീതം ഒരിക്കലും നിഷ്പ്രഭമാക്കിക്കൂടാ എന്നുണ്ടായിരുന്നു ഖയ്യാമിന്. മുകേഷിന്റെയും ലതാ മങ്കേഷ്ക്കറുടെയും യഷ് ചോപ്രയുടെയും അമിതാഭ് ബച്ചന്റെയും ഒക്കെ ഗാനങ്ങളായി അറിയപ്പെടുമ്പോഴും 'കഭീ കഭീ'യിലെ കാവ്യഗീതികൾ സാഹിർ ലുധിയാൻവിയുടെ കയ്യൊപ്പുള്ള രചനകളായി നിലനിൽക്കുന്നതും അതുകൊണ്ട് തന്നെ. ഖയ്യാമിന് നന്ദി.
Content Highlights: The song 'Main Pal Do Pal Ka Shayar Hoon' from the film 'Kabhi Kabhie' is a collaboration of poet Sahir Ludhianvi, composer Khayyam, and singer Mukesh, with Amitabh Bachchan performing it. Recently, cricket legend Mahendra Singh Dhoni chose this song as the backdrop for his IPL retirement announcement, highlighting its timeless appeal.
Published: 18 Nov 2026, 01:39 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented