ബാലേട്ടന്റെ വീടിന് ചുറ്റുമതിലില്ല. പക്ഷേ, കവാടം പോലൊന്നുണ്ട്. അതിന് കാവലെന്നപോലെ സിംഹങ്ങളുടെ ശില്പം. വീട്ടിലേക്കെത്താൻ രണ്ട് വഴികളാണ്. വയലിനെ മുറിച്ചുള്ള നടവഴി. അതാണ് കൂടുതൽപ്പേരും ഉപയോഗിക്കുക. മറ്റൊന്ന് വീതിയുള്ള പൊതുവഴിയാണ്. ആ ചെമ്മൺപാതയിൽനിന്നും ബാലേട്ടന്റെ വീട്ടിലേക്കു കടക്കാം.
അടുത്തൊരു അമ്പലമുണ്ട്. ഉത്സവത്തിന് ചെമ്മൺപാത ആളുകളെക്കൊണ്ട് നിറയും. ഘോഷയാത്ര ആരംഭിക്കുന്നത് കാവിൽനിന്നാണ്. അത് ‘പുസ്തകാലയം’ വീടിന്റെ പറമ്പിനുള്ളിലാണ്. കാവിനോടു ചേർന്ന് വലുപ്പത്തിലുള്ള കുളമുണ്ട്. അതിലാണ് പ്രേമേട്ടനും ഞാനും കുളിക്കുന്നത്. കുളത്തിന് അക്കരെയും ഇക്കരെയും അഞ്ചുവട്ടം നീന്തും. പിന്നെ ശരീരം തേച്ചൊരു കുളി.
ഘോഷയാത്രക്കാർക്ക് ഭക്ഷണമുണ്ട്. അത് ബാലേട്ടന്റെ വീട്ടുകാർ നൽകുന്നതാണ്. ഭക്ഷണപ്പുര തലേന്നേ തിരക്കിലായി. കുരുത്തോലയും വാഴയുംകൊണ്ട് അമ്പലവഴി അലങ്കരിച്ചു. നാടു മുഴുവൻ അവിടെ ഒത്തുചേർന്നു. പക്ഷേ, ബാലേട്ടനെ പുറത്തൊന്നും കണ്ടില്ല. അയാൾ പുസ്തകത്തിലൂടെ മറ്റെവിടേക്കോ സഞ്ചരിക്കുകയാവും. ബാലേട്ടൻ ശരീരംകൊണ്ടുമാത്രമാണ് ഇവിടെ ജീവിക്കുന്നത്. മനസ്സ് ലോകമെമ്പാടും ചുറ്റിക്കറങ്ങുകയാണ്.

To advertise here,

Read also:ഞാനും എന്റെ അപ്പനപ്പൂപ്പൻമാരും വേട്ടയാടിയ ഈ കാടുകൾക്ക് ആരാണ് അതിരുകൾ... 
കഴിഞ്ഞദിവസം ബാലേനെ സങ്കടപ്പെട്ടുകണ്ടു. അവൻ സമീപം
ചെന്നു.
‘‘എന്തുപറ്റി?’’ അവൻ തൊട്ടുവിളിച്ചു.
‘‘വാൻഗോഗ് മരിക്കണ്ടായിരുന്നു. എന്തോരു ഭാവിയുള്ള ചിത്രകാരനായിരുന്നു. എന്തിനാണാവോ വെടിവെച്ചു മരിച്ചത്. തിയോയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല.’’
രാമകൃഷ്ണന് വാൻഗോഗിനെയോ തിയോയെയോ പിടികിട്ടിയില്ല. ബാലേട്ടന്റെ കൈയിലെ ലസ്റ്റ് ഫോർ ലൈഫ് ശ്രദ്ധയിൽപ്പെട്ടു. അതിലെ കഥാപാത്രങ്ങളാവുമെന്ന് തീർച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം വാങ്ങിയതിൽപ്പെട്ട പുസ്തകമാവും. ഇത്രേം സങ്കടപ്പെടുത്തുന്നതൊക്കെ വായിക്കുന്നത് എന്തിനാണ്? രാമകൃഷ്ണൻ വ്യാകുലപ്പെട്ടു.
ഉത്സവത്തിന്റെ അടുത്തനാൾ, ബാലേട്ടൻ താഴെയുണ്ട്. ബാലേട്ടനെ കാണാൻ കാക്ക പാറി വന്നു. കൈവരിയിൽ ഇരുന്നു. പക്ഷിയും ബാലേട്ടനും എന്തോ മിണ്ടിപ്പറഞ്ഞു. ആ ഭാഷ അവനു മനസ്സിലാകുന്നതല്ല. അവൻ അടുത്തേക്കു ചെന്നു.
‘‘രാമകൃഷ്ണനല്ലേ?’’
‘‘അതേ.’’
‘‘എന്റെ മുറിയിൽനിന്നും ഏതേലും പുസ്തകമെടുത്തോ?’’
മുകളിലെ ശബ്ദംകേട്ട് ഓടിച്ചെന്ന ദിവസം. പുസ്തകങ്ങളുടെ കൂന. ചാഞ്ഞിരിക്കുന്ന അലമാര. ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ. അതിനിടയിൽ ബാലേട്ടൻ. കൂജയിലെ വെള്ളം, ശ്രമപ്പെട്ട് കസേരയിലേക്കുള്ള ഇരിക്കൽ, വാതിൽ ചാരാനുള്ള ആജ്ഞാപിക്കൽ–എല്ലാം ഓർമ്മയിൽ വീണ്ടുമെത്തി. മടങ്ങുംനേരം ഹക്കിൾബറി ഫിൻ കാലിൽ തടഞ്ഞു. ടോം സൊയർ അവൻ വായിച്ചതാണ്. അവൻ തിരിഞ്ഞുനോക്കി. ബാലേട്ടൻ കണ്ണടച്ചിരിപ്പായിരുന്നു. അതുറപ്പാണ്. ഹക്കിൾബറി ഫിൻ ആഗ്രഹിച്ചിട്ടേയുള്ളൂ. എടുത്തിട്ടില്ല. അവൻ നിശ്ശബ്ദനായി നിന്നു.
‘‘പുസ്തകങ്ങൾ ഏതേത് അലമാരിയിലാണെന്നും അത് എത്രയെണ്ണമുണ്ടെന്നും എനിക്കറിയാം. താഴെ വീണത് എണ്ണിനോക്കുമ്പോ ഒരെണ്ണത്തിന്റെ കുറവ്. അത് ഹക്കിൾബറി ഫിനാണ്.’’
ഞെട്ടിത്തരിച്ചുപോയി. അവൻ അതുതന്നെയാണ് ആഗ്രഹിച്ചത്. പക്ഷേ, തൊട്ടിട്ടില്ല.


‘‘ഇല്ല. ഞാൻ എടുത്തിട്ടില്ല,’’ അവൻ ബാലേട്ടന്റെ കൈയിൽ തൊട്ടു.
‘‘പിന്നെ അത് എവിടെപ്പോയി?’’ ബാലേട്ടൻ പരിഭ്രാന്തനായി മുകളിലേക്കു പാഞ്ഞു. അവൻ അനുഗമിച്ചു. തറയിൽ കമിഴ്ന്നുകിടന്ന് അവൻ അലമാരികളുടെ താഴേക്ക് കണ്ണെത്തിച്ചു. ‘‘ഇതാ പതുങ്ങിക്കിടക്കുന്നു.’’ അവൻ വിളിച്ചുപറഞ്ഞു. അലമാരിക്കടിയിൽനിന്നും വികൃതിയായ ഹക്കിൾബറിയെ പുറത്തേക്കെടുത്തു.
‘‘നിന്നെ തെറ്റിദ്ധരിച്ചു,’’ ബാലേട്ടന്റെ ശബ്ദം നേർത്തു.

Read also:‘ഇടതിങ്ങിയ എൻ്റെ മുടിയാണ് ഏറ്റവും കൂടുതലായി എന്നെ പാറ്റയാക്കി മാറ്റിയത്’ 
‘‘ബാലേട്ടാ, എനിക്കിത് വായിക്കണമെന്നുണ്ട്.’’
അയാൾ അത് രാമകൃഷ്ണനു നീട്ടി.
ഹക്കിൾബറി ഫിനിൽ ലയിച്ചിരിക്കേ, ആരോ വരുന്നത് ശ്രദ്ധയിലെത്തി. പതിവുകാർ ആരുമല്ല. അഞ്ചലോട്ടക്കാരൻ കുറച്ചായി വരാറില്ല. കാലിന് പരിക്കുപറ്റിയിരിക്കയാണ്. രാമകൃഷ്ണനാണ് തപാലാപ്പീസിലേക്ക് പോവുന്നത്. ബാലേട്ടന് ചില പ്രസിദ്ധീകരണങ്ങൾ പതിവായി വരും. പോയട്രി റിവ്യു, എൻകൗണ്ടർ, യേൽ റിവ്യു തുടങ്ങിയവയൊക്കെ അക്കൂട്ടത്തിലുണ്ട്. അതിൽനിന്നൊക്കെയാണ് പുതിയ പുസ്തകങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ബാലേട്ടൻ ശേഖരിക്കുന്നത്.
ആഗതനെ ഇതിനുമുമ്പ് കണ്ടിട്ടില്ല. അയാൾ മുറ്റത്തേക്കു പ്രവേശിച്ചു. ചെറുപ്പക്കാരനാണ.് മെലിഞ്ഞിട്ടാണ്. കുറ്റിത്താടിയുണ്ട്. അയാൾ അവനെ പരിഗണിച്ചേയില്ല. ബാലേട്ടന് പരിചിതനായ ഒരാളാണ.് അയാളുടെ സ്വാതന്ത്ര്യം അതാണ് കാണിക്കുന്നത്.
‘‘ബാലേട്ടാ... ഹോയ്... ജോർജാണേ...’’ താഴെനിന്ന് അയാൾ വിളിച്ചുകൂവി.
ബാലേട്ടൻ മുകൾനിലയിൽ പ്രത്യക്ഷപ്പെട്ടു.
‘‘ജോർജേ ഞാനാകെ പരിഭ്രമിച്ചിരിക്കയായിരുന്നു. ഇന്നലെ എത്തുമെന്നല്ലേ പറഞ്ഞത്.’’
‘‘ചില കാര്യങ്ങളിൽപ്പെട്ടുപോയി ബാലേട്ടാ. ഒന്നും പറയണ്ട. അതൊരു കഥയാ. പിന്നെപ്പറയാം. ബാലേട്ടൻ റെഡിയായിക്കോ.’’
ഉറക്കെയുള്ള സംസാരം ജോർജിന്റെ ശീലമാവും.
മുകളിൽനിന്നും താക്കോൽക്കൂട്ടം താഴേക്കു പാറിവന്നു. ജോർജേട്ടൻ അതിനെ കൈക്കുമ്പിളിലാക്കി. മൂളിപ്പാട്ടുംപാടി അയാൾ നടന്നു. എവിടേക്കാണ് ഇയാൾ പോകുന്നത്? രാമകൃഷ്ണൻ പിന്നാലെ ചെന്നു.
വീടിനു പിന്നിലായി, ഓടിട്ട കെട്ടിടം കാണപ്പെട്ടു. കാവിന് അടുത്തായാണ്. ഇതുവരെ അതിനെ വേണ്ടരീതിയിൽ ശ്രദ്ധിച്ചിരുന്നില്ല. മരങ്ങൾ അതിനെ ഒളിപ്പിച്ചുപിടിച്ചിരിക്കയായിരുന്നു. ചില കാര്യങ്ങൾ അവിടെയുണ്ടാവും; എത്രയോ കാലമായി. ചിലരിലൂടെയാവും മുന്നിലവ വെളിപ്പെടുക.

Read also:ബാറ്റൺ ബോസിന്റെ ആത്മകഥ 
‘‘നിന്റെ പേരെന്താ?’’ അയാൾ തിരിഞ്ഞുനിന്ന് ചോദിച്ചു. ഞാൻ പേര് പറഞ്ഞു.
‘‘ജോർജേട്ടൻ എവിടുന്നാ?’’
‘‘കുറച്ചു ദൂരേന്നാ രാമാ.’’
ആ വിളി എനിക്കിഷ്ടപ്പെട്ടു. പ്രേമേട്ടൻ സ്‌നേഹത്തോടെ രാമാന്ന് വിളിക്കാറുണ്ട്.
കെട്ടിടത്തിന്റെ വാതിലുകളെ ചങ്ങലചേർത്ത് ബന്ധിപ്പിച്ചിരുന്നു. പൂട്ട് പിണങ്ങിയതോടെ ജോർജേട്ടൻ സഞ്ചി തുറന്നു. കുപ്പിയിലെ എണ്ണ താക്കോൽദ്വാരത്തിലേക്ക് ഇറ്റിച്ചു. ക്ഷമയോടെ നിന്നു. പിന്നത്തെ ശ്രമത്തിൽ പൂട്ട് അനുസരണ കാട്ടി. വാതിലിനുള്ളിൽ അത്‌ഭുതമുണ്ടായിരുന്നു. ഫിയറ്റ് 1100 മോഡൽ കാർ! ഇത്രയും സമീപത്തായി അവൻ കാറ് കണ്ടിട്ടില്ല. ജോർജേട്ടൻ വാഹനത്തെ ഉണർത്താൻ ശ്രമിച്ചു. അത് വഴങ്ങിക്കൊടുത്തില്ല. ഇരച്ചും തുമിച്ചും വിരോധം പ്രകടിപ്പിച്ചു. ജോർജേട്ടൻ കാറിൽനിന്നുമിറങ്ങി. മുൻവശത്തെ ബോണറ്റ് ഉയർത്തി. അവിടെ വീണ്ടും ചില കൈവേലകൾ കാട്ടി. എന്നിട്ടും ശകടം അനങ്ങിയില്ല.
‘‘രാമാ നീ പോയി രണ്ടാളെ വിളിച്ചിട്ട് വന്നേടാ. ഇതൊന്ന് തള്ളേണ്ടിവരും. കുറേ നാളായി പുറത്തിറക്കീട്ട്. അതിന്റെ ഏനക്കേടാണ്.’’
അവൻ പറമ്പിലേക്ക് ഓടി. പ്രേമേട്ടനെ കാണാനില്ല. അവിടെ നിന്നവരെ കാര്യം ധരിപ്പിച്ചു. അവർ അനുസരണയോടെ പിന്നാലെ വന്നു.
‘‘പുറകേന്ന് ഒന്ന് തള്ളിയേടാ,’’ വന്നവരോട് ജോർജേട്ടൻ ആജ്ഞാപിച്ചു
അവനും അവരോടൊപ്പം കൂടി. ജോർജേട്ടൻ വാഹനത്തിനകത്താണ്. കാർ താഴേക്കു ചലിച്ചു. അത് പുകതുപ്പി, ഇരച്ചും തുമിച്ചും ഇറക്കമിറങ്ങി. തങ്ങൾകൂടി ഇടപെട്ടിട്ടാണ് ഇത് സംഭവിച്ചതെന്നമട്ടിൽ എല്ലാവരുടെ മുഖത്തും കൃതാർത്ഥതയുണ്ടായി.
‘‘ഇതിനുമുമ്പ്, ജോർജേട്ടനെ കണ്ടിട്ടില്ലല്ലോ?’’ അവൻ കുശലം ചോദിച്ചു.
‘‘ഞാനങ്ങനെ വരാറില്ല. ഇവിടെ ബാലേട്ടന് യാത്രയുള്ളപ്പോ വരും. ഇതിപ്പോ കഴിഞ്ഞയാഴ്ചയേ പറഞ്ഞിരുന്നു.’’
‘‘എവിടാ പോണത് ബാലേട്ടൻ?’’
‘‘എപ്പോഴും ഒരിടത്തുതന്നെ.’’
‘‘അതെവിടാ?’’
അതു നീ അറിയേണ്ടതില്ലെന്ന മട്ടിൽ ജോർജേട്ടൻ നിശ്ശബ്ദനായി, ‘‘അതു പറയാൻ പാടില്ല. രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ് ഡ്രൈവർമാർ. അത് ജോലിയുടെ ഭാഗമാണ്,’’ ജോർജേട്ടൻ വെളിപ്പെടുത്തി. അപ്പോ, എത്രപേരുടെ രഹസ്യങ്ങൾ ജോർജേട്ടനിലുണ്ടാവും!
ജോർജേട്ടൻ വന്നാൽ സാധാരണ ഇവിടെത്തന്നെയാണ് തങ്ങുക. കാർ സൂക്ഷിക്കുന്ന മുറിയോടൊപ്പം ചായ്പ്പുകൂടിയുണ്ട്.
‘‘കാറുമാത്രമേ ഓടിക്കുവൊള്ളോ?’’
‘‘ബസ്സും ലോറീം ഓടിക്കും. എന്റെ മുതലാളിക്ക് രണ്ടും ഉണ്ട്. ബാലേട്ടന്റെ ഓട്ടം വല്ലപ്പോഴുമേ ഉള്ളൂ. അപ്പോ ലീവെടുക്കും. ബസ്സിന്റെ മുതലാളി ബാലേട്ടന്റെ സ്‌നേഹിതനാ. ആവശ്യമുള്ളപ്പോ, അങ്ങേരെ ബാലേട്ടൻ വിളിക്കും. ഈ നാട്ടിൽ കാറൊക്കെ ഉള്ളോര് കുറവാ, രാമാ. വളരെ കുറവ്.’’
പല ദേശങ്ങളിലേക്കും ജോർജേട്ടൻ സഞ്ചരിച്ചിട്ടുണ്ട്.
‘‘ചില യാത്രകൾ മാസം മുഴുവൻ നീളും. മുംബൈയിലും കൊൽക്കത്തയിലും വണ്ടിയിൽ പോയിട്ടുണ്ട്. അത് രസമാണ്.’’
ദൂരെ യാത്ര ചെയ്യാൻ അവനും ആഗ്രഹമുണ്ട്. അത് ജീവിതത്തിലുണ്ടാവുമോ എന്നൊന്നും അറിയില്ല.
‘‘നീ കാറിൽ കയറീട്ടുണ്ടോ?’’
അവൻ ഇല്ലെന്നു തലയാട്ടി.
‘‘ആ നോക്കട്ടെ,’’ ജോർജേട്ടൻ അർദ്ധോക്തിയിൽ നിർത്തി.
ഉച്ചയോടെ വാഹനം വീടിന്റെ മുറ്റത്തേക്ക് വന്നു. ബാലേട്ടൻ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. പുതിയ വേഷം ധരിച്ചിട്ടുണ്ട്. മുഖം ഷേവ് ചെയ്ത് മിനുക്കിയിരുന്നു. കൈയിലുണ്ടായിരുന്ന ബാഗ് ജോർജേട്ടൻ കാറിലേക്കു വെച്ചു. മറ്റൊരു ബാഗ് ഡിക്കിയിലേക്കു മാറ്റി. അതിനകത്ത് പുസ്തകങ്ങളായിരുന്നു.
അയാൾ, ബാലേട്ടന്റെ ചെവിയിൽ എന്തോ രഹസ്യമായി പറഞ്ഞു. ബാലേട്ടൻ അത് ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. ആവട്ടെ എന്നമട്ടിൽ തലകുലുക്കുന്നതും കണ്ടു.
മുറ്റത്തുനിന്ന എന്നെ ജോർജേട്ടൻ അടുത്തേക്ക് വിളിച്ചു.
‘‘പോയി ഉടുപ്പിട്ടു വാ. ഒന്നുരണ്ടെണ്ണം കൈയിലെടുത്തോ. നമുക്ക് ഒരിടംവരെ പോകാനുണ്ട്.’’
കാറിലാണ് ആ യാത്രയെന്ന് അവന് അറിയാം. പറമ്പിലേക്ക് ഓടി. പ്രേമേട്ടനോട് അത് പറയേണ്ടതുണ്ട്.
‘‘ബാലേട്ടൻ സമ്മതിച്ചിട്ടാണോ?’’ പ്രേമേട്ടന് വിശ്വാസംവന്നിട്ടില്ല.
‘‘അതെ.’’
‘‘എന്നാ പൊയ്‌ക്കോ,’’ പ്രേമേട്ടൻ സമ്മതംമൂളി.
കാറ് ചലിച്ചുതുടങ്ങി.
‘‘ജോർജേ വേഗത്തിൽ പോകൂ. നമ്മൾ ലേശം വൈകി,’’ ബാലേട്ടൻ വെപ്രാളപ്പെട്ടു.
എവിടേക്കാണ് ധൃതിയിലുള്ള ഈ യാത്ര?