
അക്കരെയിക്കരെയായി നിൽക്കുന്ന സംസ്കാരങ്ങൾക്കിടയിൽ സംഗീതം കൊണ്ട് പാലം പണിയുന്നവരാണ് പാട്ടുകാർ. അത്തരത്തിലൊരു വലിയ പാട്ടുകാരൻ്റെ പേരിൽ നദിക്ക് മുകളിലൂടെയുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം അറിയപ്പെടുമ്പോൾ അതിനൊരു കാൽപ്പനിക ഭംഗി കൈവരുന്നു.
അസം - അരുണാചൽ പ്രദേശ് അതിർത്തിയിലുള്ള സദിയാ ഗ്രാമത്തിൽ നിന്ന് ഇന്ത്യയാേളം വളർന്ന സംഗീതജ്ഞനാണ് ഭൂപെൻ ഹസാരിക . ഭാഷകളുടെയും സംസ്ഥാനങ്ങളുടെയും അതിർവരമ്പുകളെ ലംഘിച്ച് അദ്ദേഹത്തിൻ്റെ അതീന്ദ്രിയ ശബ്ദം മനസ്സുകളെ കോർത്തെടുത്ത പൊൻനൂലായി. അസമിലെ തീൻസുക്കിയ ജില്ലയിലുള്ള ഭോല ഗ്രാമത്തെയും ഹസാരികയുടെ ജന്മസ്ഥലമായ സദിയ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലം ആ സംഗീതത്തിനുള്ള ആദരവാണ് - ഭൂപേൻ ഹസാരിക സേതു. രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്നത്തിന് പുറമെ മറ്റൊരാദരം.
1993-ൽ പുറത്തിറങ്ങിയ കൽപ്പന ലാജ്മിയുടെ 'രുദാലി ' എന്ന ചലച്ചിത്രത്തിലെ 'ദിൽ ഹൂം ഹൂം കരേ...' എന്ന പാട്ടിലൂടെയാണ് ഹസാരികയ്ക്ക് രാജ്യവ്യാപകമായ ജനപ്രീതി കിട്ടിയത്. ആ ചിത്രത്തിൻ്റെ സംഗീതവും ഹസാരികയുടേതായിരുന്നു. അതിനും എത്രയോ മുമ്പ് തന്നെ അദ്ദേഹം അസമിയ നാടൻ ഈണങ്ങളുടെ പതാകാവാഹകനായിരുന്നു. പൊരുതുന്ന മനുഷ്യരുടെ വ്യഥകൾ ചാലിച്ചെഴുതിയ വരികൾക്ക് ഹസാരിക സംഗീതത്തിലൂടെ ജീവൻ പകർന്നു. ' ഇപ്റ്റ ' പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്ന പാട്ടുകളായി അവ മാറി.
ജാതി വരേണ്യതയോട് കലഹിച്ച ഹസാരിക കറുത്ത വംശജരുടെ ദുഃഖങ്ങൾ ആവാഹിച്ച പോൾ റോബ്സണുമായി സൗഹൃദം സ്ഥാപിച്ചപ്പോൾ ഒരേ തരംഗദൈർഘ്യമുള്ള മനസ്സുകൾ സംഗീതത്താൽ ബന്ധിതരാവുകയായിരുന്നു. 'ഓൾ മാൻ റിവർ ' എന്ന റോബ്സൻ്റെ ഗാനം 'ബിസ്തീർണ പാരോരെ' എന്ന ഹസാരികയുടെ ഗാനത്തിന് പ്രേരണയായി. 'മാനുഹ് മാനുഹേർ ഭാബെ ', 'ഗംഗാ മോർ മാ', 'പ്രതിദ്ധ്വനി ഷുനി' എന്നിങ്ങനെ മാനവികതയുടെ മുദ്രയുള്ള അസംഖ്യം ഗാനങ്ങളുണ്ട് ഹസാരികയുടേതായി. പുളക് ബന്ദോപാദ്ധ്യായ ബംഗാളിയിലേക്ക് മൊഴിമാറ്റം ചെയ്ത് ഹസാരിക പാടിയ ഈ പാട്ടുകൾ ബംഗാളിൽ വ്യാപക ജനപ്രീതി നേടി. വടക്കു കിഴക്കൻ സംഗീതത്താൽ ഹസാരിക പണിത ഈ പാട്ടിൻ്റെ പാലങ്ങൾ കാലപ്പഴക്കത്തെ അതിജീവിച്ച് ഇന്നും നിൽക്കുന്നു.
ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിതിന് മുകളിലൂടെയാണ് ഭൂപേൻ ഹസാരിക പാലം പോകുന്നത്. 9.15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാലാണ് പാലത്തിൻ്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തെത്തുക. പക്ഷെ നേർരേഖയിലല്ല പാലത്തിൻ്റെ കിടപ്പ്.' എസ് ആകൃതിയിലാണ്. 183 സ്പാനുകളുണ്ട്. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്. പാലം വന്നതോടെ അപ്പർ അസം - അരുണാചൽ യാത്രയ്ക്ക് ലാഭം കിട്ടിയത് 165 കിലോമീറ്ററാണ്. തന്ത്രപരമായും വലിയ പ്രാധാന്യമുള്ള പാലമാണിത്. അരുണാചലിൽ ഒളികണ്ണുള്ള ചൈന എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ പ്രതിരോധത്തിന് എത്താൻ ഇന്ത്യൻ സൈന്യത്തിന് ഉപകരിക്കുക എന്ന ഉദ്ദേശവും പാലം കൊണ്ട് ഉണ്ട്. അങ്ങിനെ വന്നാൽ സംഗീതജ്ഞൻ്റെ പേരിലുള്ള പാലത്തിൽ മുഴങ്ങുക ടാങ്കുകളുടെ ഇരമ്പമാകും. അർജുൻ, ടി- 72 ടാങ്കുകളെ വഹിക്കാനുള്ള ബലം പാലത്തിനുണ്ട്. അനർത്ഥങ്ങൾ സംഭവിക്കാതിരിക്കട്ടെ. 'ബ്രഹ്മപുത്രയുടെ കളഹംസ 'മായ ഭൂപേൻ ഹസാരികയുടെ പേരിലുളള പാലം മനുഷ്യരെ, മനസ്സുകളെ കൂട്ടിയിണക്കി നിൽക്കുമാറാകട്ടെ.
Content Highlights: Bhupen Hazarika Setu, India’s longest river bridge stretching 9.15 km over the Lohit river, connects Assam and Arunachal Pradesh.
Published: 04 Feb 2026, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented