ഈശ്വരഭക്തി വ്യക്തിപരമായ ഒരു കാര്യമായി തുടരുമ്പോഴും ഭക്തനും ഭക്തയും ഒരു സംഘസത്തയുടെ അഭിമാനവും ആഹ്‌ളാദവും പങ്കിടുന്ന സാമൂഹ്യാന്തരീക്ഷത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

നന്ദഗോവിന്ദം എന്ന വൃന്ദഗാനസംഘം കേരളത്തിൽ സമീപകാലത്ത് ജനപ്രിയസംഗീതത്തിൽ ഒരുതരം തരംഗമായി മാറി. ആ തരംഗം ചെറുതും വലുതുമായ നിരവധി ഭജനസംഘങ്ങളെ കേരളത്തിലങ്ങോളമിങ്ങോളം പുതുതായി ഉണ്ടാക്കി. കേരളത്തിൽ സർവ്വമതവിഭാഗങ്ങൾക്കും ഭജനസംഘങ്ങൾ പണ്ടേ ഉണ്ടായിരുന്നുവെങ്കിലും നന്ദഗോവിന്ദം അഭൂതപൂർവമായ രീതിയിൽ ജനക്കൂട്ടത്തെ ആകർഷിച്ചു. ഇത്ര വലിയ ആൾക്കൂട്ടം ഭജന കേൾക്കാനെത്തുന്ന രീതി കേരളത്തിന് പരിചയമുള്ളതല്ല. ഭക്തി മലയാളിക്ക് ചിരപരിചിതമെങ്കിലും, വ്യത്യസ്ത ദേവസങ്കല്പങ്ങൾ ചിരന്തനമെങ്കിലും ഈ ആൾക്കൂട്ട ഭക്തിസംഗീതലഹരി പുതുതാണ്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ശബ്ദസാങ്കേതികതയുടെ ആധുനികമേന്മകൾ സ്വംശീകരിക്കുന്നതിൽ നന്ദഗോവിന്ദം സവിശേഷ ശ്രദ്ധ പതിപ്പിച്ചു. രണ്ടാമത്തെ കാരണം കേരളസമൂഹത്തിൽ രൂഢമൂലമായ ദൈവഭക്തി മറ്റുജീവിതസൗകര്യങ്ങളിലുണ്ടായ ഉയർച്ചയോടൊപ്പം ആധുനിക ശബ്ദതരംഗങ്ങൾ ഉയർത്തുന്ന ഇത്തരം ഒരു live ഭക്തിഗാനസാന്ദ്രതയ്ക്ക് തയ്യാറായിനിൽക്കുകയായിരുന്നു എന്നതുമാണ്. പണ്ടേ ഉണ്ടായിരുന്ന ഭക്തി ഇപ്പോൾ വ്യക്തിപരമെന്നതിൽ നിന്നുമാറി സാമൂഹ്യപ്രകാശനമായി അങ്ങനെ മാറുന്നു, സംഘടിത മതബോധത്തിനുള്ള networking നുള്ള മണ്ഡലമായി വ്യക്തിവിശ്വാസത്തിനെ കൂട്ടംകൂടലിലേക്ക് മാറ്റുന്നു.
ഇതൊരു പുതിയ കാര്യമാണോ? യേശുദാസിന്റെ ഗാനമേളകൾ കേൾക്കാൻ പതിനായിരങ്ങൾ പണ്ട് തടിച്ചുകൂടിയിരുന്നു. ഇക്കാലത്ത് വേടൻ എന്ന ഗായകൻ പാടാൻ വരുമ്പോൾ ചെറുപ്പക്കാർ ആയിരക്കണക്കിന് ഒത്തുകൂടുന്നതും ആ റാപ് അന്തരീക്ഷത്തിൽ ആടിയുലയുന്നതും കാണുന്നുണ്ട്. എന്നാൽ അത്തരം ഗാനമേളകളിൽ നിന്നും നന്ദഗോവിന്ദമുളവാക്കുന്ന ആൾക്കൂട്ടയുന്മാദത്തിനുള്ള വ്യത്യസ്തത വ്യക്തിപരമായി ഇന്നും തുടരുന്ന മലയാളി ഹിന്ദുവിന്റെ ഈശ്വരഭക്തിയെ ഒരു സാമൂഹ്യാവിഷ്‌കാരമായി, പ്രകാശനമായി അതുമാറ്റുന്നുണ്ട് എന്നതാണ്. 'പറയരുതേ, രാധ അറിയരുതേ ഗുരുവായൂരപ്പാ ഈ രഹസ്യം' എന്ന വ്യക്ത്യധിഷ്ഠിതമായ ഒരു ഗാനാഭ്യർത്ഥന കേരളത്തിൽ ഒരാൾക്കൂട്ടത്തിന്റെ ഭക്തിപാരവശ്യത്തിന്റെ പരസ്യപ്രകാശനമാകുകയാണ്. അതിലെന്താണ് തെറ്റ്? അത്തരമൊരു ഇടം ഇപ്പോഴുണ്ടയെന്നേയുള്ളൂ, ഈശ്വരഭക്തി വ്യക്തിപരമായ ഒരു കാര്യമായി തുടരുമ്പോഴും ഭക്തനും ഭക്തയും ഒരു സംഘസത്തയുടെ അഭിമാനവും ആഹ്‌ളാദവും പങ്കിടുന്ന സാമൂഹ്യാന്തരീക്ഷത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ആ അന്തരീക്ഷത്തിന്റെ ദൃശ്യ-ശബ്ദ ഏകോപനമാണ് നന്ദഗോവിന്ദം സമർത്ഥമായി നിർവഹിക്കുന്നത്.
ഈ ഏകോപനത്തിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകില്ലെന്നു കരുതിയാണ് ഒരു ക്ഷേത്രോത്സവത്തിൽ അവർ ഒരു കൃസ്തീയഭക്തിഗാനം പാടിയത്. സർവ്വമതസമ്മേളനത്തിൽ അതായിക്കോളൂ ഹിന്ദു ക്ഷേത്രത്തിലെ ഉത്സവത്തിൽ അതുവേണ്ട എന്ന മട്ടിൽ സാമൂഹ്യമാധ്യമങ്ങളിലും തീവ്രഹൈന്ദവ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ചിലരുടെ അഭിപ്രായങ്ങളിലും പ്രതികരണങ്ങളുണ്ടായി. അത്തരം പ്രതികരണങ്ങൾ എന്നെ ഞെട്ടിച്ചില്ല. സർവ്വതോൻമുഖമായ ദിശകളിൽ ചരിത്രപരമായി പരിണമിച്ച ഒരു സാമൂഹ്യബോധമല്ല കേരളത്തിന്റെ പൊതുവേ കൊണ്ടാടപ്പെടുന്ന മതനിരപേക്ഷത എന്നു വിശ്വസിക്കുന്നയൊരാളാണ് ഞാൻ. നന്ദഗോവിന്ദത്തിന് കിട്ടുന്ന ജനപ്രിയതയെ അപ്പാടേ നിരാകരിക്കുകയല്ല ഞാൻ. അവരുടെ സംഘഗാനങ്ങൾ ഭക്തരിൽ ഉണ്ടാക്കുന്ന അനുരണനങ്ങൾ ശുദ്ധഭക്തിയുടെ പ്രതിഫലനങ്ങൾ തന്നെയാണ്. അവരുടെ ഗാനങ്ങൾ കേൾക്കാൻ പോകുന്നവരെല്ലാം ഏതെങ്കിലും സംഘസത്തയുടെ പതാകാവാഹകരുമല്ല. എന്നാൽ ആ ആൾക്കൂട്ടം ഉണ്ടാക്കുന്ന അന്തരീക്ഷത്തിൽ പുതിയ മതബോധത്തിന്റെ നിർണായക ഗതിസൂചനകളുണ്ട്. അത് സംഗീതബാഹ്യമാണ്, ഭക്തിബാഹ്യവുമാണ്.
നന്ദഗോവിന്ദം പോലുള്ള വേദികളിൽ രൂപംകൊള്ളുന്ന ഈ പുതിയ ഭക്തിസാമൂഹികതയെ വെറും സംഗീതസംഭവമായി മാത്രം കാണുന്നത്, ഭക്തമനസ്സെന്ന വ്യക്തിസത്തയെ ആഴത്തിൽ ആഹ്‌ളാദിപ്പിക്കുന്ന ഒന്നായി മാത്രം കാണുന്നത് അപര്യാപ്തമാണ്. ആൾക്കൂട്ടം, ശബ്ദസാങ്കേതികത, ദൃശ്യവിസ്മയം, എല്ലാത്തിന്റേയും കൂട്ടായ അനുഭവലോകം-ഇവയെല്ലാം ചേർന്നുണ്ടാക്കുന്ന ഈ അവസ്ഥ ഒരു ''പൊതു മതാനുഭവം'' (public religiosity) ആയിക്കൂടി വായിക്കേണ്ടതുണ്ട്. ഇവിടെ ഭക്തി വ്യക്തിപരമായൊരു ആത്മാന്വേഷണമെന്ന പരിധി കടന്ന്, പങ്കിടപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥയായി മാറുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ-അതിനെ നേരിട്ട് 'evangelical' എന്ന് വിളിക്കുന്നത് കൃത്യമാകില്ല. പക്ഷേ, ചില evangelical-സദൃശ ഘടകങ്ങൾ അതിൽ ഉണ്ടുതാനും. സാധാരണയായി 'evangelical' എന്നത് (പ്രത്യേകിച്ച് ക്രൈസ്തവ പശ്ചാത്തലത്തിൽ) ഇങ്ങനെ കാണാവുന്നതാണ്:
ഒന്ന്: മതം പൊതുവേദിയിൽ പ്രചരിപ്പിക്കുക.
രണ്ട്: മറ്റുള്ളവരെ മതത്തിലേക്ക് ആകർഷിക്കാൻ/മാറ്റാൻ ശ്രമിക്കുക.
മൂന്ന്: ഒരു സ്പഷ്ടമായ സന്ദേശം + ലക്ഷ്യം (conversion/commitment) ഉണ്ടാകുക.
അതായത് പ്രഖ്യാപനാത്മകമായ മത സ്വഭാവം evangelical ശ്രമങ്ങൾക്കുണ്ട്. അങ്ങനെയൊന്ന് പ്രത്യക്ഷത്തിൽ ഈ പുതിയ ഭജനാന്തരീക്ഷത്തിൽ ഇല്ല. എന്നാൽ ഈ ആൾക്കൂട്ടഭക്തി സൃഷ്ടിക്കുന്ന പൊതു അന്തരീക്ഷത്തിൽ, ഭക്തി ആഹ്വാനാത്മകമാകുകയും വ്യക്തിപരമായ അനുഭവമെന്നതിലുപരി സാമൂഹ്യമായി പങ്കിടപ്പെടുന്ന അനുഭവമായി മാറുകയും ചെയ്യുന്നു.
അതോടൊപ്പം, ഒരു 'അപര മത' ഗാനത്തെ ഉൾക്കൊള്ളുന്നതിനെതിരായ പ്രതികരണങ്ങളിൽ പ്രകടമായ 'ഏകമതമാത്ര' ബോധം, ഇത്തരം ഭക്തിപാരവശ്യങ്ങൾ എല്ലായ്‌പ്പോഴും ആത്മീയാന്വേഷണങ്ങളിലേക്കാണ് നയിക്കുന്നത് എന്ന ധാരണയെ ചോദ്യം ചെയ്യുന്നതുമാണ്.
അതായത്, ഈ പൊതു മതാനുഭവം ഒരേസമയം എല്ലാവരെയും ഉൾക്കൊള്ളുന്ന സർവലോക ദൈവബോധത്തെ ഉയർത്തിപ്പിടിക്കുമ്പോഴും, അപരമതബോധങ്ങളെ പുറന്തള്ളാനുള്ള സാധ്യതകൾ ഉൾക്കൊള്ളുന്ന ഒരു സാമൂഹ്യാവസ്ഥയുമാകുന്നു.
ഈ മാറ്റം ചരിത്രപരമായി പുതിയതല്ല. യൂറോപ്പിൽ ഒരു കാലത്ത് ദൈവവിശ്വാസം വ്യക്തിയുടെ ആത്മപരമായ വിഷയമെന്നതിലുപരി രാജാധികാര-സാമൂഹികാധികാരത്തിന്റെ കേന്ദ്രമായിരുന്നു. എന്നാൽ വ്യവസായവത്കരണവും ആധുനിക രാഷ്ട്രസംവിധാനങ്ങളുടെ വളർച്ചയും അവിടെ മതത്തെ പൊതുഭരണത്തിൽ നിന്ന് ക്രമേണ മാറ്റിനിർത്തി. മതം വ്യക്തിപരമായോ സാംസ്‌കാരികമായോ ആയി നിലനിൽക്കുമ്പോഴും, അതിന്റെ പൊതുമണ്ഡല പ്രകടനങ്ങൾ പിൻവാങ്ങി. മതബോധത്തിന്റെ പുനരാഗമനശ്രമങ്ങളെല്ലാം അവിടെ പരാജിതന്റെ കുറ്റബോധത്തോടെ ആയതിനാൽ ബലവത്തല്ല.
കേരളത്തിൽ എല്ലാ മതവിഭാഗങ്ങളിലും ഇന്ന് കാണുന്ന ഈ ഭക്തിസംഗീതസമ്മേളനങ്ങൾ അത്തരം ഒരു സാമൂഹ്യപരിണാമത്തിന്റെ അഭാവത്തെ ചൂണ്ടുന്നു. കേരളത്തിൽ ഇത് മതത്തിന്റെ പുനരാഗമനമല്ല; മറിച്ച് അതിന്റെ പുതിയ സാമൂഹ്യഭാഷ രൂപംകൊള്ളുന്നതാണ്. മതം പിൻവാങ്ങിയില്ല ഇവിടെ ഒരിക്കലും. അതിനാൽ നന്ദഗോവിന്ദത്തിലും അതിന്റെ മറ്റു മതങ്ങളിലെ സമാന രൂപങ്ങളിലും ഭക്തി ഒരു രാഷ്ട്രീയപ്രഖ്യാപനമാകണമേന്നെയില്ല, മറിച്ച് അത് രാഷ്ട്രീയമായി വായിക്കപ്പെടാൻ കഴിയുന്ന ഒരു പൊതു ദൃശ്യമാവുകയാണ്.
ആൾക്കൂട്ടം എന്നത് എപ്പോഴും നിഷ്പക്ഷമല്ല. അത് ഒരു സമാനവികാരത്തിന്റെ വിപുലീകരണമാണ്. ആ വികാരം ഏത് ദിശയിലേക്ക് ഗമിക്കുന്നു എന്നതാണ് നിർണായകം. ഇന്നത്തെ സാഹചര്യത്തിൽ, മതപരമായ ആൾക്കൂട്ടാനുഭവങ്ങൾ രണ്ട് വഴികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്-ഒന്ന്, സഹവർത്തിത്വത്തെയും പങ്കിടലിനെയും ശക്തിപ്പെടുത്തുന്ന ഒരു സാമൂഹ്യസംസ്‌കാരം; രണ്ടാമത്, വിഭജനങ്ങളെ, തങ്ങളുടെ ദൈവാന്വേഷണം മാത്രമാണ് മഹത്വപ്പെട്ടത് എന്ന രീതിയിൽ കൂടുതൽ കഠിനമാക്കുന്ന ഒരു രാഷ്ട്രീയഭാഷ.
നന്ദഗോവിന്ദം പോലുള്ള നവീന ഭക്തിഗാനാനുഭവം ഉന്മാദമുണ്ടാക്കുന്ന ആൾക്കൂട്ടത്തിൽ ഈ രണ്ട് സാധ്യതകളും ഒരേസമയം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സംഭവത്തെ അതിന്റെ സംഗീതമികവോ ഭക്തിസാന്ദ്രതയോ മാത്രം മുൻനിർത്തി വിലയിരുത്തുന്നത് മതിയാകില്ല. ഇത് ഒരു സാമൂഹികപ്രവർത്തിയാണ്-അതിന്റെ ദിശ നിർണയിക്കുന്നത് അതിൽ പങ്കെടുക്കുന്ന സമൂഹവും അതിനെ ചുറ്റിപ്പറ്റി രൂപംകൊള്ളുന്ന വ്യാഖ്യാനങ്ങളുമാണ്.
ഭക്തി സൃഷ്ടിക്കുന്ന ആൾക്കൂട്ടവും ആൾക്കൂട്ടം സൃഷ്ടിക്കുന്ന ഭക്തിയും ആത്മീയതയെ വിപുലീകരിക്കുമോ, അതോ നാരായണഗുരു നമ്മോടുപറഞ്ഞ 'പലമതസാരവും ഏകം' എന്നതിനെ മറന്ന് സംഘടിത മതങ്ങളുടെ വിഭജനപ്രേരണകളെ കഠിനമാക്കുമോ എന്നതാണ് ഇപ്പോൾ കേരളത്തിലെ ആൾക്കൂട്ട മതബോധത്തിനു മുന്നിലുള്ള യഥാർത്ഥ ചോദ്യം.
സുഗതകുമാരിടീച്ചറിന്റെ പ്രശസ്തമായ കൃഷ്ണകവിതയിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ:
കാടിന്റെ ഹൃത്തിൽ കടമ്പിന്റെ ചോട്ടിൽ നീ ഓടക്കുഴൽ വിളിക്കുമ്പോൾ
അണിയൽ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാൽ ഒഴുകി മറിയുന്നതോർക്കാതെ
വിടുവേല തീർക്കാതെ, ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലെ; പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാൻ വല്ലവികളൊത്തു നിൻ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല
അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ്ത്തി ഞാൻ തിരികെ വന്നു
എന്റെ ചെറു കുടിലിൽ നൂറായിരം പണികളിൽ എന്റെ ജന്മം ഞാൻ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല.
Content Highlights: Transition of personal devotion to public, collective expression., Role of modern sound technology in shaping religious gatherings., Analysis of 'evangelical-like' characteristics in modern Hindu devotional music., The duality of coexistence vs. exclusion in religious crowds., Contextualizing current trends against historical Kerala social consciousness.
Published: 01 May 2026, 11:47 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented