2001 സെപ്റ്റംബർ 11. ന്യൂയോർക്കിലെ അംബരചുംബികളായ കെട്ടിടങ്ങളിലൊന്നിൽ ആദ്യത്തെ ബോംബ് വീഴുന്ന സമയത്ത് ഞാൻ സെനറ്റ് ഓഫീസിലെ ഒരു കോൺഫറൻസ് മുറിയിൽ മീറ്റിംഗിലായിരുന്നു. സെനറ്റ് ഫ്ളോറിൽ നടക്കുന്ന തൽസമയ ദൃശ്യങ്ങൾ ചുവരുകളിൽ ഉടനീളം സ്ഥാപിച്ചിരിക്കുന്ന ടി.വികളിൽ കാണിക്കുന്നത് പതിവായിരുന്നു. പെട്ടെന്നാണ് സെനറ്റ് ഫ്ളോറിലെ ദൃശ്യങ്ങൾ മാറിയത്. ഒരു വിമാനം ന്യൂയോർക്കിലെ കൂറ്റൻ കെട്ടിടത്തിനുമേൽ ഇടിക്കുന്ന കാഴ്ച! അതുകണ്ട് കോൺഫറൻസ് റൂമിൽനിന്ന്‌ ഞങ്ങൾ പെട്ടെന്ന് ഹാളിലേക്ക് ഇറങ്ങി. അതൊരു അപകടമാണെന്നാണ് ആദ്യം കരുതിയത്. അപകടത്തിന്റെ വിശദാംശങ്ങൾ അറിയാനായി എല്ലാവരും ടെലിവിഷന് ചുറ്റും കൂടി നിൽക്കുകയാണ്. അഞ്ചുനിമിഷത്തിനുള്ളിൽ സെനറ്റ് ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റത്തിൽനിന്ന്‌ അറിയിപ്പ് വന്നു എല്ലാവരും ഓഫീസിൽനിന്ന്‌ ഉടൻ ഇറങ്ങണം.

To advertise here,

കൈയിൽ കിട്ടിയ സാധനങ്ങളെല്ലാമെടുത്തു ഞങ്ങൾ കെട്ടിടത്തിനു പുറത്തിറങ്ങി. അപ്പോൾ ക്യാപിറ്റോളിന്റെ മുകളിൽ കൂരിരുട്ട് പകർന്നതുപോലെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒരു കൂറ്റൻ വിമാനം താഴ്ന്നുപറക്കുകയായിരുന്നു. ആദ്യം എല്ലാവരും കരുതിയത് അതൊരു ശത്രുവിമാനമാണെന്നായിരുന്നു. അതല്ല, നമ്മുടെ വിമാനമാണെന്ന് കൂട്ടത്തിലാരോ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും ആയിരക്കണക്കിനാളുകൾ ക്യാപിറ്റോളിനു ചുറ്റും തടിച്ചുകൂടിയിരുന്നു. പെട്ടെന്ന് ഭയാനകമായ ഇടിവെട്ടുശബ്ദം, ഒപ്പം ആകാശത്തേക്ക് അനിയന്ത്രിതമായി പുകച്ചുരുളുകൾ ഉയർന്നുപൊങ്ങി. അധികം വൈകാതെ തന്നെ വിവരമറിയാനായി. അടുത്തുള്ള പെന്റഗണിൽ വേറൊരു വിമാനം ഇടിച്ചിറങ്ങിയതാണ്! ആ ശബ്ദമാണ് കേട്ടത്. ക്യാപിറ്റോളിന്റെ ചുറ്റുമുള്ള പാർക്കുകളിൽ ആളുകൾ തിങ്ങിക്കൂടിക്കൊണ്ടേയിരിക്കുന്നു. എങ്ങോട്ടു പോകണമെന്ന് ആർക്കുമൊരു നിശ്ചയവുമില്ല. അംബരചുംബികളായ കെട്ടിടങ്ങൾ തകർന്നടിയുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാവുന്നില്ല.

ക്യാപിറ്റൽ ഹില്ലിൽ തന്നെ പതിനായിരത്തിൽപരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ചുറ്റും അനവധി ഓഫീസുകൾ. യൂണിയൻ സ്റ്റേഷനെന്ന വലിയ ട്രെയിൻ സ്റ്റേഷൻ, കടകൾ, റെസ്റ്റോറന്റുകൾ... ഇതിലെല്ലാം നിറയേ ആളുകളാണ്. അവരെല്ലാവരും തടിച്ചുകൂടിയപ്പോൾ ഒരു ജനപ്രളയമായി മാറി. പോരാത്തതിന് അന്ന് രണ്ടു നിയമസഭകളും കൂടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാനും കുറേ കൂട്ടുകാരും ട്രെയിൻ സ്റ്റേഷനിലേക്ക് ഓടി. ഭൂഗർഭ പാളത്തിലൂടെ ഓടുന്ന ട്രെയിൻ എല്ലാ അഞ്ചു മിനിറ്റ് കൂടുമ്പോഴും സർവീസ് നടത്തുന്നുണ്ടായിരുന്നു. സ്റ്റേഷനിൽ ചെന്നപ്പോൾ നിന്നുതിരിയാൻ സ്ഥലമില്ല. പക്ഷെ, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരുസംഭവമായി ഞാൻ ഓർത്തുവെച്ചിരിക്കുന്ന ഒന്നുണ്ട്; അവിടെ അപ്പോൾ ഉണ്ടായിരുന്ന പുരുഷന്മാർ ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കാതെ സ്ത്രീകളെയെല്ലാം കയറ്റിവിടുകയാണ്! ട്രെയിനിൽ നിന്നു തിരിയാൻ ഇടമില്ലാത്തവണ്ണം ആളുകളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. ട്രെയിനകത്തുനിന്ന് പുറത്തേക്ക് നോക്കുമ്പോൾ കാണാമായിരുന്നു, പുരുഷന്മാർ മാത്രം രക്ഷപ്പെടാൻ പഴുതുകൾ നോക്കാതെ അവസാനത്തെ സ്ത്രീയെയും കയറ്റിവിടുന്ന ആ കാഴ്ച. അരമണിക്കൂർ കഴിഞ്ഞപ്പോൾ ട്രെയിൻ സർവീസ് നിലച്ചു. ഞങ്ങളായിരുന്നു അവസാനത്തെ ട്രെയിനിൽ കയറിയവർ.

അവശേഷിച്ച ആളുകളിൽ മിക്കവരും രാത്രി അവിടെ പാർക്ക് ബെഞ്ചുകളിൽ ഉറങ്ങുകയോ അടുത്തുള്ള ഹോട്ടലുകളിൽ തങ്ങുകയോ ചെയ്തു എന്നാണറിഞ്ഞത്. ചിലർ പത്തു മൈലിൽ കൂടുതൽ നടന്നു വീടുകളിൽ എത്തി. ഞാൻ വീട്ടിൽ എത്തിയപ്പോൾ ശേഖറും കുട്ടികളും വീട്ടിൽ എത്തിയിരുന്നു. വീട്ടിലെത്തിയ ശേഷമാണ് രണ്ടാമത്തെ കൂറ്റൻ കെട്ടിടവും നിലംപതിക്കുന്നത് ടി.വിയിൽ കാണുന്നത്. സെനറ്റ് കുറച്ചു ദിവസത്തേക്ക് അടച്ചുവെന്നത് ഇ-മെയിൽ അറിയിപ്പായി ലഭിച്ചു. തികച്ചും അനിശ്ചിതാവസ്ഥ. ശേഖറിനും അവധിയാണ്. കുട്ടികൾക്കും പോകാനില്ല. അമേരിക്കയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണോ? ഇവിടുത്തെ പ്രതിരോധം ഏതുവിധത്തിലും രൂക്ഷമായിരിക്കും. ആരൊക്കെ, എപ്പോൾ മരിച്ചുവീഴുമെന്ന് പറയാനാവില്ല. ഇനി നാട്ടിലുള്ളവരെ കാണാൻ പറ്റുമോ? എന്തിനാണ് ഞാനിവിടേക്ക് വന്നത്? കുട്ടികളെ ഇവിടെ വളർത്തിയതെന്തിനായിരുന്നു. അവരുടെ ജീവിതം വെച്ചുള്ള കളിയായിപ്പോയോ എന്നൊക്കം ചിന്തിച്ചുകൂട്ടിക്കൊണ്ടേയിരുന്നു. അമ്മയെയും സഹോദരങ്ങളെയും ഇനി കാണാൻ കഴിയില്ലേ എന്നൊക്കെ ഓരോന്നും എണ്ണിപ്പെറുക്കി ഞാൻ ദിവസങ്ങൾ കഴിച്ചുകൂട്ടുകയായിരുന്നു.

അമേരിക്കൻ ഭരണകൂടത്തിന്റെ അത്രയും കാലത്തെ അഭിമാനത്തിനു മുകളിലായിരുന്നു ആ വിമാനങ്ങൾ ഇടിച്ചിറങ്ങിയത്. അതുകൊണ്ടുതന്നെ ജനജീവിതവും ഭരണകാര്യങ്ങളും വളരെ പെട്ടെന്നുതന്നെ സാധാരണഗതിയിലേക്ക് കൊണ്ടുവരാൻ സർക്കാർ അഹോരാത്രം പണിയെടുത്തു. സെനറ്റ് ജോലിക്കാരെ തിരികെ വിളിച്ചു. തിരികെ പ്രവേശിച്ച ഞങ്ങളെ കാത്തുനിന്നത് ഹിമാലയൻ ടാസ്‌കുകളായിരുന്നു. അതുവരെയുണ്ടായിരുന്ന ജോലിയുടെ കാലാവസ്ഥതന്നെ പാടേ മാറിയിരുന്നു. സെനറ്റ് വേറൊരു ലോകമായിക്കഴിഞ്ഞു. ക്യാപിറ്റോൾ പോലീസിനെക്കൂടാതെ മിലിറ്ററി, സുരക്ഷാ ഏജൻസികളിൽ നിന്നൊക്കെയുള്ള ആയുധധാരികളായ അനേകം ഉദ്യോഗസ്ഥർ ഓരോ പോയിന്റിലും നിലയുറപ്പിച്ചിരുന്നു. ജോലിയെടുക്കുന്ന സാഹചര്യത്തിന്റെ സംഘർഷം വേറെ. രാവും പകലും വേർതിരിച്ചറിയാനാവാത്ത വിധം ജോലിഭാരം കൂടി. പലപ്പോഴും വീട്ടിലെത്താൻ കഴിയാതെയായി. മക്കളോട് വിശേഷങ്ങൾ പറയാതെയായി. അവരെ കാണുന്നതുപോലും അപൂർവമായി. എന്നിരുന്നാലും തിരിഞ്ഞുനോക്കുമ്പോൾ അത്ഭുതമാണ്. എത്രവേഗമാണ് അമേരിക്ക ആ വലിയ ആക്രമണത്തെ അതിജീവിച്ചത്. രാഷ്ട്രമെന്നത് ഒരു സിസ്റ്റം കൂടിയാണെന്ന് ഞാൻ നേരിട്ടുകാണുകയായിരുന്നു. പക്ഷേ, ഞങ്ങളെ ദുരന്തത്തിലാഴ്ത്തിയും ദുഃഖത്തിലാഴ്ത്തിയും ശത്രു ആക്രമണം തുടരുക തന്നെയായിരുന്നു.

സെപ്തംബർ 11 സംഭവം കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ആന്ത്രാക്‌സ് എന്ന മാരകമായ വിഷം കവറിലാക്കി അജ്ഞാതർ സെനറ്റിലേക്കയച്ചു. ആ കവർ തുറന്നവരും കൈകാര്യം ചെയ്തവരുമായ അഞ്ചുപേർ കൊല്ലപ്പെട്ടു. ഇരുപതിൽപരം സെനറ്റ് ജോലിക്കാർ രോഗബാധിതരായി. സെനറ്റ് വീണ്ടും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയെ എനിക്ക് നന്നായി പരിചയമുണ്ടായിരുന്നു. ആ മരണം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. എനിക്ക് പരിചിതരായവരിൽ ചിലരുടെ ജീവനെടുക്കുകയും ചിലരെ എക്കാലത്തേക്കും രോഗബാധിതരാക്കുകയും ചെയ്ത ആന്ത്രാക്സ് സംഭവം നടന്നശേഷം ഞാൻ വളരെയധികം ചിന്തിച്ചു- ഇനി ജോലിയിൽ തുടരണോ? തലസ്ഥാനനഗരി മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥലം തന്നെ അപകടം പിടിച്ചതാണ്. പക്ഷേ, എന്റെ സാഹചര്യം പ്രതികൂലമായിരുന്നു. രണ്ടു മക്കളുടെ പഠനം പൂർത്തിയായിട്ടില്ല.

പെൺകുട്ടികളെ ഒരു നിലയിൽ എത്തിക്കാതെ എന്തു തീരുമാനമാണ് ഈ ജോലി സംബന്ധിച്ച് എനിക്ക് എടുക്കാൻ സാധിക്കുക? മുന്നോട്ടുള്ള വഴിയല്ലാതെ മറ്റെല്ലാം അടഞ്ഞുകിടക്കുകയാണ്. രണ്ടാഴ്ച കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചെങ്കിലും ആരുടെയും മുഖത്തുനിന്നും ആശങ്കകൾ ഒഴിഞ്ഞിട്ടില്ലായിരുന്നു. സെനറ്റിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരുടെ മാനസിക സ്ഥിതിയും പ്രസരിപ്പും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഒരു ആക്രമണം ഏൽപ്പിക്കുന്ന പ്രത്യാഘാതം ഞാൻ നേരിട്ടനുഭവിച്ച നാളുകളായിരുന്നു അത്. അന്ധാളിച്ചുനിൽക്കാൻ മുന്നിൽ സമയമില്ലായിരുന്നു. സെപ്തംബർ പതിനൊന്നുശേഷം ഇവിടേക്ക് വരുന്ന ആളുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ് സർക്കാർ ആദ്യം ചെയ്തത്. നമ്മുടെ സീരിയലിന്റെ അണിയറ സജ്ജമായിരിക്കുകയാണ്. പക്ഷേ, വിദേശികൾക്ക് ഇപ്പോൾ ഇവിടേക്ക് പ്രവേശിക്കാൻ അനുമതിയില്ല! കാത്തിരിക്കുക തന്നെയേ വഴിയുണ്ടായിരുന്നുള്ളൂ.

2002-ജനുവരി ആയപ്പോഴേക്കും അമേരിക്കയിലെ സ്ഥിതിഗതികൾ ശാന്തമായിത്തുടങ്ങി. ഭരണസംവിധാനവും ജനജീവിതവും സാധാരണഗതിയിലായി. താരാ ആർട്സ് സ്പോൺസർ ചെയ്ത ആർടിസ്റ്റുകൾക്ക് വിസ കിട്ടി. രവി വള്ളത്തോൾ, ഷാജി എം. ശരത് ദാസ്, രഞ്ജിത് ശങ്കർ, മല്ലിക സുകുമാരൻ, ഇന്ദ്രജിത്ത് എന്നിവർ അമേരിക്കയിലെത്തി. ഇവിടെ ഞാൻ സജ്ജമാക്കി നിർത്തിയിരിക്കുന്ന നാടക അഭിനേതാക്കളുടെ വേഷം തീരുമാനിക്കാനായി സംവിധായകൻ ഓരോരുത്തരെയും നേരിൽ കണ്ടു.  അവരിലാരും തന്നെ യോജിച്ചതായി സംവിധായകന് കണ്ടെത്താനായില്ല. അത് ഇവിടത്തെ അഭിനേതാക്കൾക്ക് വലിയ വിഷമമായി. ഞാൻ കാര്യമായി ഇടപെട്ടില്ലെന്ന്‌ അവർ ചിന്തിച്ചു. ഏറെ നാളത്തെ പ്രതീക്ഷയായിരുന്നു ഒരു സ്‌ക്രീനിൽ മുഖം കാണിക്കുക എന്നത്. ഞാനായിട്ട് കൊടുത്ത ആശ എനിക്ക് പൂർത്തീകരിച്ചുകൊടുക്കാനായില്ല.

സംവിധായകന് തന്റെ കഥാപാത്രങ്ങൾക്ക് വേണ്ട എല്ലാ സവിശേഷതകളും തികഞ്ഞവരെയാണ് തിരഞ്ഞെടുക്കുക. അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. ആ കാര്യത്തിൽ ഞാൻ സംവിധായകന്റെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. എനിക്ക് വ്യക്തിപരമായി ഏറെ വിഷമം നേരിട്ട ഒന്നായിരുന്നു അത്. മാലിനിയും അനൂപും കുറച്ചു ഇന്ത്യൻ കുട്ടികളുമൊക്കെ ചേർന്ന് അവിടെ ഒരു കലാസംഘം ഉണ്ടാക്കിയിരുന്നു. പാട്ടും ഡാൻസുമൊക്കെയാണ് പ്രധാന പരിപാടി. അനൂപ് ക്ലാസിക് സംഗീതം പഠിച്ചതാണ്. അവർ ഓരോ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ ഒരിക്കൽ അനൂപ് മാലിനിയെ ഡ്രോപ് ചെയ്യാൻ വീട്ടിൽ വന്നു. അങ്ങനെ അനൂപിനെ കണ്ടപ്പോൾ സംവിധായകൻ ഒരു റോൾ ചെയ്യാമോ എന്നുചോദിച്ചു. അനൂപിന് സമ്മതമായിരുന്നു.

ഷൂട്ട് ഏതാണ്ട് തീരുമാനമായി. ഇവിടത്തെ ലോക്കൽ ടെലിവിഷനിൽ ക്യാമറാമാനായിരുന്ന ഒരു മലയാളിയെക്കൊണ്ട് ക്യാമറ ചെയ്യിക്കാം എന്നായിരുന്നു പ്ലാൻ. പക്ഷേ, ഒരു ചാനൽ സ്റ്റുഡിയോയുടെ ക്യാമറ കൈകാര്യം ചെയ്യുന്നതുപോലെയായിരുന്നില്ല സീരിയലിന്റെ കാര്യം. സീരിയലിന് ക്യാമറ ചെയ്ത് പരിചയം ആവശ്യമായി വന്നു. അതോടെ ക്യാമറയുടെ കാര്യം പ്രതിസന്ധിയായി. ഉടൻ തന്നെ വിജയൻ മേനോനെ അറിയിച്ചു; ഒരു ക്യാമറാമാനെക്കൂടി. ഒരു തെലുങ്കു പടത്തിന് ക്യാമറ ചെയ്യാൻ വന്ന ചന്ദ്രമൗലി അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ വിജയൻ തപ്പിപ്പിടിച്ച് കൊണ്ടുവന്നു. അദ്ദേഹം ഒരു ക്യാമറാമാൻ മാത്രമായിരുന്നില്ല. സീരിയൽ പ്രൊഡക്ഷന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടായിരുന്നു. ആത്മാർപ്പണത്തോടെ അദ്ദേഹം ഒപ്പം നിന്നു. ഇത്രയും ആളുകളെ സീരിയൽ പൂർത്തിയാക്കുന്നതുവരെ താമസിപ്പിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. മല്ലികയും ഷാജിയും രഞ്ജിത്തും ശരത്തും എന്റെ വീട്ടിൽ താമസിച്ചു. അയൽപക്കത്തെ മലയാളി സുഹൃത്തുക്കളുടെ വീടുകളിൽ രണ്ടുപേരെ വീതം താമസിപ്പിച്ചു. അങ്ങനെ താമസപ്രശ്നവും പരിഹരിച്ചു.

കഥയും തിരക്കഥയും സംവിധായകനും നായകനുമെല്ലാം റെഡിയാണ്. ഇനി നായികയെ വേണം. വീണ്ടും വിജയൻ മേനോൻ തന്നെ ശരണം. അന്ന് നടി മോഹിനി ഇവിടെയുണ്ടായിരുന്നു. നായികയായി വരാമോ എന്നന്വേഷിച്ചു. ഒരു ദിവസം മുന്നൂറു ഡോളർ ശമ്പളമായി അവർ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ വഴിയില്ല. നദിയ മൊയ്തു കാനഡയിലുണ്ട്. അവരുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യങ്ങൾ വളരെ കൂടുതലായിരുന്നു. വീട്ടിൽ താമസിക്കില്ല, സ്വന്തമായി റൂം വേണം... അങ്ങനെ നമുക്ക് താങ്ങാൻ പറ്റാത്ത ഡിമാന്റുകൾ. നടി എന്ന നിലയിൽ അതെല്ലാം അവർ അർഹിക്കുന്നതാണ്. നൽകാൻ നമുക്ക് ശേഷിയില്ല. വിജയൻ വീണ്ടും നടിമാരെ തേടിയിറങ്ങി. ഗീതയുടെ വിവാഹത്തിന് മുൻകൈയെടുത്തത് വിജയനായിരുന്നു. ഗീതയുടെ ഭർത്താവുമായി വിജയന് നല്ല ബന്ധമാണ്. ആ വഴിക്ക് ഗീതയോട് സംസാരിച്ചുനോക്കാം എന്നായി. ഗീതയ്ക്ക് മകൻ വളരെ ചെറുതാണ് അന്ന്. കുഞ്ഞിനെയും കൊണ്ടാണ് ഷൂട്ടിന് വന്നിരുന്നത്. ഗീതയുടെ ബന്ധുവിന്റെ വീട്ടിൽ താമസിച്ചാണ് ഷൂട്ടിന് വന്നിരുന്നത്. ഗീത ഷൂട്ടിങ്ങിനുവരുമ്പോൾ മകനെ ആ വീട്ടുകാരെ ഏൽപിച്ചു. ഞങ്ങളുടെ വീടും മറ്റൊരു വീടുമായിരുന്നു പ്രധാന ലൊക്കേഷൻ.

മാലിനി അന്ന് ബി.എ. കഴിഞ്ഞ് ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. സോണിയ ഹൈസ്‌കൂളിൽ പഠിക്കുകയാണ്. ഡ്രൈവിങ് പഠിച്ചിറങ്ങിയതേയുള്ളൂ. ഇവിടെ പതിനാറു വയസ്സിൽ ലൈസൻസ് എടുക്കാം. സീരിയൽ സെറ്റിലെ ഡ്രൈവർ പണികൾ മുഴുവൻ സോണിയയുടെ ഉത്തരവാദിത്തമായിരുന്നു. എനിക്ക് സെനറ്റിൽ അതുവരെയില്ലാത്തവണ്ണം തിരക്കുകൾ വന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയവും ദിവസവുമെടുത്ത് തയ്യാറാക്കപ്പെട്ട ബില്ലുകളിൽ ഒന്നായ പാട്രിയറ്റ് ബില്ല് പാസ്സായ സമയമായിരുന്നു. തീവ്രവാദി ആക്രമണത്തിനുശേഷം വരുന്ന ബില്ലാണ്. സെനറ്റിലെ ചില സെക്ഷനുകൾ അഴിച്ചുപണിയേണ്ടി വന്നു. എന്റെ സർവീസ് കാലയളവിൽ ഇത്രയും ബൃഹത്തായൊരു ബിൽ ഞാൻ കണ്ടത് പാട്രിയറ്റ് ബില്ലാണ്. മൂന്നു ദിവസമെടുത്തിട്ടാണ് ബില്ല് പാസ്സായത്. രാവും പകലും ഫ്ളോറിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയാണ്. അത്രയും സമയം ഞങ്ങൾ ജോലിക്കാരും അവിടെ ഉണ്ടായിരിക്കണം. സെനറ്റർമാരുടെയും സെനറ്റ് ജോലിക്കാരുടെയും ശ്രദ്ധ ഒരു തരിമ്പും പാളിപ്പോകാൻ പാടില്ല. ബില്ലിലെ മാറ്റങ്ങൾ ഡ്രാഫ്റ്റ് ചെയ്തുവരുന്നതിനനുസരിച്ച് വീണ്ടും സെനറ്റർമാർ വോട്ട് ചെയ്ത് പാസ്സാക്കണം. വോട്ടു റെക്കോഡ് ചെയ്ത് ഡാറ്റ ബേസ് അപ്‌ഡേറ്റ് ചെയ്യേണ്ടത് ഞങ്ങളാണ്. അതുകൊണ്ട് ഫ്ളോറിൽനിന്നു മാറാൻ പാടില്ല.

പാട്രിയറ്റ് ആക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് അഭിമാനമാണ്. പാട്രിയറ്റ് ആക്ട് നിലവിൽ വന്നാലും അതിൽ എന്തെങ്കിലും മാറ്റങ്ങൾ (അമന്റമെന്റ്) വരുത്തണമെങ്കിലും വോട്ടു ചെയ്ത് പാസ്സായി പ്രസിഡന്റ് അനുമതി നൽകണം. ഏതെങ്കിലും ഒരു സെനറ്റർക്ക് അഭിപ്രായവ്യത്യാസമുണ്ടായാൽ എല്ലാം മാറ്റി ഡ്രാഫ്റ്റ് ചെയ്യണം. വളരെ വലിയ ഉത്തരവാദിത്തമാണ് നിറവേറ്റേണ്ടത്. തീവ്രവാദി ആക്രമണത്തിനുശേഷം ഹോംലാന്റ് സൈക്യൂരിറ്റി എന്ന പേരിൽ പുതിയ ഡിപ്പാർട്ടുമെന്റ് നിലവിൽ വന്നു. ചില വകുപ്പുകളെ രണ്ടാക്കി. അങ്ങനെ കുറേ അഴിച്ചുപണികൾ വന്നതോടെ ജോലിയുടെ സമ്മർദ്ദം ജീവനക്കാരെ വല്ലാതെ ബാധിച്ചിരുന്നു. പക്ഷേ, എല്ലാവരും തികഞ്ഞ അർപ്പണബോധത്തോടെ വിശ്രമമില്ലാതെ ജോലി ചെയ്തു. സെനറ്റർമാർക്കും അവരുടെ സ്റ്റാഫിനും വേണ്ട സപ്പോർട്ട് സ്റ്റാഫാണ് ഞങ്ങൾ. ഒരു കോമ മാറ്റണമെങ്കിൽ മാറ്റം വരുത്തിയ ശേഷം അത് സെനറ്റ് കംപ്യൂട്ടർ സിസ്റ്റത്തിൽ ലോഡ് ചെയ്യണം. ഞാൻ ലെജിസ്ലേറ്റീവ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ആയതുകാരണം ഒരു ബില്ല് വരുമ്പോൾ ആദ്യം അതെല്ലാം കുത്തിയിരുന്ന് പഠിച്ച് എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ സെനറ്റേഴ്സിന്റെ സ്റ്റാഫിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ട് മാറ്റം വരുത്തിക്കണം. ഓഫീസിൽ എടുത്താൽ പൊങ്ങാത്ത ഭാരവുമായി നിൽക്കുകയാണ്. പുറത്ത് അതിലും വലിയ കഷ്ടപ്പാടുകൾ തങ്ങളുടെ ഊഴവും കാത്ത് നിരനിരയായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

നിർമാണം എത്ര തലവേദന പിടിച്ച ഏർപ്പാടാണെന്ന് വൈകാതെ ഞാൻ അറിഞ്ഞു. വീട്ടിൽ താമസിക്കുന്നവർക്ക് എന്റെ ജോലിത്തിരക്കിനിടയിലും ആഹാരം ഉണ്ടാക്കിക്കൊടുക്കണമായിരുന്നു. റസ്റ്റോറന്റ് നടത്തിയിരുന്ന സുകുവാണ് കുറേ സഹായിച്ചത്. എന്റെ സമയപരിധിയിൽ നിൽക്കില്ല എന്നുകണ്ടപ്പോൾ ഭക്ഷണക്കാര്യം സുകുവിനെ ഏൽപിക്കുകയായിരുന്നു. അമേരിക്കയിൽ സിനിമാ സാങ്കേതിക പ്രവർത്തകർക്ക് അസിസ്റ്റന്റുമാർ കുറവായിരിക്കും. സിനിമയിലെന്നല്ല എല്ലാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അസിസ്റ്റന്റുമാരോ അറ്റൻഡർമാരോ ഉണ്ടാവില്ല. സെനറ്റിലെ കാര്യം നോക്കുകയാണെങ്കിൽ സെനറ്റർ തന്നെയാണ് കാറോടിച്ചുവരിക. നിയമസഭാ സാമാജികർക്ക് ഡ്രൈവർമാർ ഉണ്ടാവാറില്ല. അവർ സ്വയം കാറോടിച്ചു വരികയാണ് പതിവ്. കസേരയിലിരുന്ന് ബെല്ലടിച്ച് അറ്റൻഡറെ വരുത്തി കാര്യങ്ങൾ നിർദ്ദേശിക്കുന്ന ശീലവും ഇവിടെയില്ല. സെനറ്റർക്ക് ആവശ്യമുള്ളിടത്തേക്ക് അദ്ദേഹം തന്നെ പോയി കാര്യങ്ങൾ പറയും. അതെനിക്ക് വലിയ അത്ഭുതവും സന്തോഷവും തോന്നിയ കാര്യമായിരുന്നു. ആളുകൾ തമ്മിൽ വലിപ്പച്ചെറുപ്പം പെരുമാറ്റത്തിലില്ല. 'സർ' എന്ന അഭിസംബോധനയില്ലാത്ത ഒരു സമത്വം എന്റെ ജോലിയിൽ ഉടനീളം എനിക്കാസ്വദിക്കാനായിട്ടുണ്ട്. ജോലിയിൽ പ്രവേശിച്ച കാലത്ത് എന്റെ ഉയർന്ന ഓഫീസറെ ഞാൻ 'സർ' എന്ന് വിളിച്ചപ്പോൾ അദ്ദേഹം കരുതിയത് ഞാൻ കളിയാക്കുകയെന്നായിരുന്നു. നമ്മുടെ 'സർ' സിസ്റ്റം ബ്രിട്ടീഷുകാരുടെ സംഭാവനയാണ്.

അമേരിക്കയിൽ സിനിമാ സാങ്കേതിക പ്രവർത്തകർക്ക് അസിസ്റ്റന്റുമാർ കുറവായിരിക്കുമെന്ന് പറഞ്ഞല്ലോ. ഓരോ ടെക്‌നീഷ്യന്റെയും ഉപകരണങ്ങൾ അവരവർ തന്നെ ഭദ്രമായി കൈകാര്യം ചെയ്യുകയാണ് പതിവ്. പക്ഷേ, നമ്മുടെ സീരിയൽ ഷൂട്ടിന് അസിസ്റ്റന്റുമാർ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ വന്നു. മലയാളമറിയുന്ന, സാധനങ്ങൾ എടുത്തുവെക്കാൻ സന്നദ്ധതയുള്ള ഒരു സഹായിയെ വേണം. ഇന്ത്യൻ ഗ്രോസറി വിൽക്കുന്ന പട്ടേൽ ബ്രദേഴ്‌സിൽ ജോലിക്കു നിൽക്കുന്ന ഒരു മലയാളിയെ കണ്ടെത്തി. സീരിയൽ കഴിയുന്നതുവരെ ദിവസം 100 ഡോളറിന് അദ്ദേഹം സഹായിയായി നിൽക്കാൻ മുതലാളി അനുവദിച്ചു, പക്ഷേ, സീരിയലിലെ ഒരു സീനിലെങ്കിലും പട്ടേൽ ബ്രദേഴ്‌സിന്റെ കട കാണിക്കണം. അങ്ങനെ ചെയ്യാമെന്ന ധാരണയിൽ കടയിലെ ജോലിക്കാരൻ സീരിയൽ സഹായിയായി.

സീരിയലിനുവേണ്ട ഷൂട്ടിങ്ങ് സാമഗ്രികൾ അന്വേഷിച്ചു കണ്ടെത്താൻ സഹായിച്ചതും വിജയൻ മേനോനായിരുന്നു. 300 ഡോളർ ദിവസവാടകയ്ക്ക് ക്യാമറയും അനുബന്ധ സംഗതികളും കിട്ടി. ചന്ദ്രമൗലി വന്നതോടുകൂടി പകുതി സമ്മർദ്ദം എനിക്ക് ഒഴിവായിക്കിട്ടിയിരുന്നു. സീരിയൽ യാഥാർഥ്യമാകുന്നു എന്ന തോന്നൽ എനിക്കുണ്ടായത് അദ്ദേഹത്തിന്റെ ഇടപെടലോടുകൂടിയാണ്. അതിനിടയിൽ വലിയ രണ്ടു സംഭവങ്ങൾ എന്റെ ജീവിതത്തിലും ജോലിയിലും സംഭവിച്ചുകഴിഞ്ഞിരുന്നു. ഒന്നാമതായി പ്രമോഷൻ, രണ്ടാമതായി ജീവൻ ബാക്കിയുണ്ടാകുമോ എന്നുശങ്കിച്ച നാളുകളിലൂടെ കടന്നുപോയ സെപ്തംബർ 11. ആ സംഭവത്തോടെ സെനറ്റിന് അകത്തും പുറത്തും നിതാന്ത ജാഗ്രതയായിരുന്നു. ഒരില അധികം പാറിപ്പറന്നാൽ ദേശീയതലത്തിലുള്ള വലിയ സുരക്ഷാസംഘം പറന്നെത്തുന്ന കാലം. ഒരു ദിവസം ആ സംഘം വീട്ടിലുമെത്തി.

സീരിയൽ ഷൂട്ടിങ്ങിനായി വീടിന്റെ ജനലെല്ലാം കറുത്ത തുണികൊണ്ട് മറച്ച് ലൈറ്റ് അഡ്ജസ്റ്റ് ചെയ്തിരിക്കുകയായിരുന്നു. അയൽപക്കത്തെ വീട്ടിലെ ജനലും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നുവെന്നും പുതുതായി വന്ന കുറച്ചുപേർ അകത്ത് ദുരൂഹമായ എന്തോ ചെയ്യുകയാണെന്നും പോലീസിന് അജ്ഞാതസന്ദേശം ലഭിച്ചിരിക്കണം. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആജാനുബാഹുക്കളായ രണ്ട് സായ്പ്പുമാർ കോട്ടും സ്യൂട്ടുമൊക്കെയിട്ട് വീടിനു ചുറ്റും നടക്കുന്നു. ശേഖർ പുറത്തിറങ്ങി കാര്യമന്വേഷിച്ചു. ഇവിടെയൊരു വീട്ടിൽ റൂഫ് ഡാമേജായി എന്നു കോൾ വന്നു. വീട് ഏതാണെന്ന് നോക്കുകയായിരുന്നു എന്നവർ മറുപടി പറഞ്ഞു. തങ്ങൾ വിളിച്ചുപറഞ്ഞിട്ടില്ലല്ലോ എന്നായി ശേഖർ. പിന്നീടാണ് അറിഞ്ഞത് എഫ്ബിഐയിൽ പരാതി കിട്ടിയതുപ്രകാരം രണ്ടു ഉദ്യോഗസ്ഥർ സ്ഥലവും പരിസരവും നിരീക്ഷിക്കാൻ വന്നതായിരുന്നുവെന്ന്. പിന്നീടങ്ങോട്ട് സമാന അനുഭവങ്ങളുടെ തുടർച്ചകളും തരണം ചെയ്യേണ്ടതുണ്ടായിരുന്നു.

അനവധി കടമ്പകൾ തരണം ചെയ്തുവരുമ്പോഴേക്കും അണിയറയിലെ പ്രതിസന്ധി വേറെ കിടപ്പുണ്ടായിരുന്നു. ചിലർക്ക് അഭിനയം അത്രമതി. ചിലർ അന്നത്തെ ഷെഡ്യൂൾ കാൻസൽ ചെയ്യും. അതേസമയം, ചില റോളുകൾ ചെയ്യാൻ ആളെ കിട്ടാതെ സമയം പാഴായിക്കൊണ്ടിരിക്കുന്നു. സീരിയൽ നിർമാണത്തിന്റെ എബിസിഡി എനിക്കറിയാൻ പാടില്ലല്ലോ. മൊത്തം ഷെഡ്യൂളിന്റെ എത്ര ശതമാനം ഇവർ ഒരു ദിവസം തീർക്കുന്നുവെന്നോ, എത്രമാത്രം കൃത്യതയോടെ മുന്നോട്ടുപോകുന്നുണ്ടെന്നോ എനിക്കറിവില്ലായിരുന്നു. സെനറ്റിലെ തിരക്കുകളും അടിയന്തരമായി വന്നുചേരുന്ന മീറ്റിങ്ങുകളുമെല്ലാം മറ്റൊരുവശത്ത് നടന്നുകൊണ്ടേയിരിക്കുകയാണ്. അതിനിടയിൽ സീരിയലിലെ അമ്മ റോളിലേക്ക് വിജയൻ മേനോൻ കാസ്റ്റ് ചെയ്ത പേര് പ്രഖ്യാപിക്കപ്പെട്ടു. പദ്മിനി. ലളിത, പദ്മിനി, രാഗിണി ത്രയത്തിലെ സാക്ഷാൽ പദ്മിനി! ഞാൻ ജീവിതത്തിൽ കണ്ടുമുട്ടിയ മറ്റൊരു അമൂല്യരത്നം.

(തുടരും)