യുഎസ്സിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ വംശജനാണ് സൊഹ്‌റാന്‍ മംദാനി. ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിലും പാലസ്തീന്‍ വിഷയത്തിലും മോദിയുടെ കാര്യത്തിലും ഉള്‍പ്പെടെ സ്വീകരിച്ച നിലപാടുകളുടെ പേരിലും മംദാനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിറിയന്‍ വംശജയും കലാകാരിയുമായ റാമ ദുവാജിയും മംദാനിയുമായുള്ള വിവാഹാഘോഷമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

To advertise here,

നേരത്തേ ഫെബ്രുവരിയില്‍ 33-കാരനായ സൊഹ്റാൻ മംദാനിയും 27-കാരിയായ റാമ ദുവാജിയും നിയമപരമായി വിവാഹിതരായിരുന്നു. ന്യൂയോര്‍ക്കില്‍ വെച്ച് മതപരമായ ചടങ്ങുകളില്ലാതെ സിറ്റി ക്ലാര്‍ക്കിന്റെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. മംദാനിയുടെ പിതാവിന്റെ കുടുംബമുള്ള യുഗാണ്ടയിലാണ് ഇപ്പോള്‍ ആര്‍ഭാടമായി വിവാഹാഘോഷങ്ങള്‍ നടന്നത്. 

വിവാഹാഘോഷത്തിനായി സ്വന്തം നാട്ടിലേക്ക് പോകുന്നതായി സൊഹ്‌റാന്‍ മംദാനി സാമൂഹികമാധ്യമങ്ങളിലൂടെ ഞായറാഴ്ച അറിയിച്ചിരുന്നു. യുഗാണ്ടയിലെ കംപാലയ്ക്കടുത്തുള്ള ബുസിഗ ഹില്ലിലെ മംദാനി കുടുംബത്തിന്റെ എസ്റ്റേറ്റിലാണ് മൂന്ന് ദിവസം നീണ്ട ആഘോഷം നടന്നത്. സൊഹ്‌റാന്‍ മംദാനിയുടെ പിതാവ് മഹ്‌മൂദ് മംദാനിയുടെ എസ്റ്റേറ്റാണ് ഇത്. കോടീശ്വരന്മാര്‍ താമസിക്കുന്ന സ്ഥലത്താണ് മംദാനിയുടെ എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. 

ആഘോഷപരിപാടികള്‍ നടക്കുന്ന എസ്റ്റേറ്റിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആയുധമേന്തിയ 20-ലേറെ സ്‌പെഷ്യല്‍ ഫോഴ്‌സസ് കമാന്‍ഡ് യൂണിറ്റ് ഗാര്‍ഡുകളാണ് സുരക്ഷയ്ക്കായി ഇവിടെ ഉണ്ടായിരുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു. കൂടാതെ മൊബൈല്‍ ഫോണ്‍ ജാമറുകളും ഇവിടെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമാണ് ആഘോഷത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത്. 

ആർഭാടം നിറഞ്ഞ ആഘോഷമാണ് മംദാനി എസ്‌റ്റേറ്റില്‍ അരങ്ങേറിയത്. പൂന്തോട്ടത്തിലെ എല്ലാ മരങ്ങളിലും ക്രിസ്മസ് ലൈറ്റുകളുണ്ടായിരുന്നു. മേഴ്‌സഡസ്, റെയ്ഞ്ച് റോവര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ആഡംബര കാറുകളും ആഡംബര ബസ്സുകളും എസ്റ്റേറ്റിലേക്ക് എത്തിയിരുന്നുവെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

Related News: സിറിയൻ കലാകാരി, കണ്ടുമുട്ടിയത് ഡേറ്റിങ് ആപ്പിൽ; സൊഹ്‌റാൻ മംദാനിയുടെ ജീവിതപങ്കാളി റാമ ദുവാജിയെ അറിയാം

വ്യാഴാഴ്ച ആഘോഷത്തിനെത്തിയവരെല്ലാം പ്രാദേശിക ഡിജെയുടെ സംഗീതത്തിന് ചുവടുവെച്ചു. അന്ന് വൈകുന്നേരം സൊഹ്‌റാന്‍ മംദാനി അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പാതിരാവോളം നീണ്ട ശേഷമാണ് പാര്‍ട്ടി അവസാനിച്ചത്. 

രണ്ടേക്കറില്‍ വിശാലമായി പരന്നുകിടക്കുന്ന മംദാനി എസ്റ്റേറ്റ് വിക്ടോറിയ തടാകത്തിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. പത്ത് ലക്ഷം ഡോളറിലേറെ മൂല്യമാണ് എസ്‌റ്റേറ്റിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. സൊഹ്‌റാന്‍ മംദാനിയുടെ മാതാപിതാക്കള്‍ ഇവിടെയാണ് താമസിക്കുന്നത്. സൊഹ്‌റാന്‍ ജനിച്ചത് ഇവിടെയാണ്. 

അതേസമയം മംദാനിയുടെ വിവാഹാഘോഷത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസ്റ്റേറ്റിന് സമീപത്ത് താമസിച്ചിരുന്ന യുഗാണ്ടന്‍ സുപ്രീം കോടതിയുടെ ജഡ്ജിയായിരുന്ന ജോര്‍ജ് കന്യേഹംബ ദിവസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. യുഗാണ്ടന്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഇവിടെയെത്തി മുന്‍ സുപ്രീം കോടതി ജഡ്ജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു. സാഹചര്യം മനസിലാക്കാതെയുള്ള മംദാനിയുടെ വിവാഹാഘോഷം അനുചിതമാണെന്നാണ് പ്രദേശവാസികളായ ചിലര്‍ പറയുന്നത്.