മാഡി ഡൈല്‍സ് എന്ന യുവതിയുടെ അമിതവണ്ണത്തില്‍ നിന്ന് ഫിറ്റ്‌നെസിലേക്കുള്ള യാത്ര ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രചോദനമാണ്. കടുപ്പമേറിയ ഭക്ഷണക്രമം ഹ്രസ്വകാലത്തേക്കുള്ള ഫലമേ നല്‍കൂവെന്നാണ് മാഡി പറയുന്നത്. ദീര്‍ഘകാലം നിലനില്‍ക്കുന്നതും സന്തുലിതവുമായ സമീപനമാണ് സ്വീകരിക്കേണ്ടത്.

To advertise here,

ഇതിനുശേഷം സുസ്ഥിരമായ മാറ്റത്തിന് സഹായിക്കുന്ന പ്രായോഗികമായ മാര്‍ഗങ്ങളും മാഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വെറും 14 ദിവസം അഞ്ച് കാര്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് താന്‍ ശരീരഭാരം കുറച്ചതെന്ന്‌ മാഡി അഭിമാനത്തോടെ പറഞ്ഞു. 

മാഡിയുടെ 'ടിപ്പ്‌സ്'

വളരെയധികം പ്രൊസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി പ്രോട്ടീനില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതാണ് മാഡിയുടെ ആദ്യത്തെ ടിപ്പ്. പാക്ക് ചെയ്ത് വരുന്ന അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പകരം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ചിക്കന്‍, മത്സ്യം, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം. അനാവശ്യമായ 'കൊതി' നിയന്ത്രിക്കുന്നതിലും ശരീരഭാരം കുറയുമ്പോള്‍ പേശീകലകളെ സംരക്ഷിക്കുന്നതിലുമെല്ലാം പ്രോട്ടീന് നിര്‍ണായകമായ പങ്കുണ്ടെന്നും മാഡി ഓര്‍മ്മിപ്പിക്കുന്നു. 

Related Content: ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവർ വിഷമിക്കേണ്ട; 10 കിലോ ഭാരം കുറയ്ക്കാൻ ഇതാ എളുപ്പ വഴി

ഭാരം ഉയര്‍ത്തുന്ന വ്യായാമം കൊഴുപ്പ് കുറവുള്ള പേശികളുടെ (ലീന്‍ മസില്‍) വളര്‍ച്ചയ്ക്ക് സഹായിക്കും. അതിനാല്‍ ഇത്തരം സ്‌ട്രെങ്ത് ട്രെയിനിങ്ങുകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യണമെന്നാണ് മാഡി രണ്ടാമതായി പറയുന്നത്. വിശ്രമസമയത്തെ ഉപാപചയപ്രവര്‍ത്തനവും മൊത്തത്തിലുള്ള ശരീരഘടനയും ഇതുവഴി മെച്ചപ്പെടുത്താം. കലോറി കുറയുന്ന സമയത്ത് കൊഴുപ്പിനൊപ്പം പേശികള്‍ക്കും നഷ്ടം സംഭവിക്കും. അതിനാല്‍ ഈ ട്രെയിനിങ് അത്യാവശ്യമാണ്. 

ഭാരം കുറയല്‍ പ്രക്രിയ നടക്കുന്ന ദിവസങ്ങളില്‍ നടത്തം, സ്‌ട്രെച്ചിങ്, യോഗ പോലുള്ള കാര്യങ്ങള്‍ ചെയ്ത് ചുറുചുറുക്കോടെ നിലനില്‍ക്കണമെന്നാണ് മാഡിയുടെ മൂന്നാമത്തെ ഉപദേശം. അധികം ആയാസപ്പെടാതെ തന്നെ ശരീരത്തിന് പേശികളിലെ തകരാറ് പരിഹരിക്കുന്നതിനെ സഹായിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും  ഇത് ആവശ്യമാണ്. 

ഉറക്കം അനിവാര്യമായ ഘടകമാണെന്നാണ് ഫിറ്റ്‌നെസ് ട്രെയിനര്‍ കൂടിയായ മാഡി നാലാമതായി പറയുന്നത്. എല്ലാദിവസവും രാത്രി ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണം. ഇത് വിശപ്പിനും പിരിമുറുക്കത്തിനുമെല്ലാം കാരണമായ ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കും. മതിയായ ഉറക്കമില്ലെങ്കില്‍ അത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ഭക്ഷണക്രമത്തെ താളം തെറ്റിക്കുകയും ചെയ്യും. 

Don't Miss: 120 കിലോയിൽ നിന്ന് 71 കിലോയിലേക്കൊരു ഫിറ്റ്നെസ് യാത്ര; 49 കിലോ കുറച്ച രഹസ്യം പങ്കുവെച്ച് യുവതി

കഴിക്കുന്നത് മാത്രമല്ല, കുടിക്കുന്നതും ശ്രദ്ധിക്കണമെന്ന് മാഡി അഞ്ചാമതായി പറയുന്നു. ഭക്ഷണക്രമത്തിന് പ്രാധാന്യം നല്‍കുമ്പോഴും പലരും പാനീയങ്ങളിലൂടെ അകത്തെത്തുന്ന കലോറി ശ്രദ്ധിക്കാറില്ല. പഞ്ചസാര നിറഞ്ഞ പാനീയങ്ങള്‍ക്ക് പകരം വെള്ളം, ഹെര്‍ബല്‍ ടീ, കട്ടന്‍ കാപ്പി എന്നിവ കുടിക്കുന്നതാണ് നല്ലതെന്ന് മാഡി പറയുന്നു. സോഫ്റ്റ് ഡ്രിങ്കുകളും മദ്യവുമെല്ലാം കൊഴുപ്പ് കുറയ്ക്കുന്നതിനെ തടസപ്പെടുത്തും. ഈ അഞ്ച് കാര്യങ്ങള്‍ പാലിക്കുന്നതിനൊപ്പം സ്ഥിരതയോടെ മുന്നോട്ടുപോകുകയും കൂടി ചെയ്താലേ ഫലം ലഭിക്കൂവെന്നാണ് മാഡിയുടെ അഭിപ്രായം. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. പരിശീലകനുകീഴിൽ വ്യായാമം ചെയ്യുക)