മനോഹരമായ ശബ്ദത്തിലൂടെ ആരാധകരു‌ടെ മനംകവർന്ന ഗായകനാണ് അദ്നാൻ സാമി. 230 കിലോ ഭാരത്തിൽ നിന്ന് 130 കിലോ കുറച്ചതിനേക്കുറിച്ചു തുറന്നുപറഞ്ഞും താരം വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ ഒരു പോഡ്കാസ്റ്റ് ഷോയ്ക്കിടെ വീണ്ടും തന്റെ വണ്ണംകുറയ്ക്കൽ യാത്രയേക്കുറിച്ചു പങ്കുവെച്ചിരിക്കുകയാണ് അദ്നാൻ സാമി.

To advertise here,

2005-ൽ അച്ഛനൊപ്പം ലണ്ടനിലെ ഒരു ആശുപത്രിയിൽ പോയതിൽ നിന്നാണ് തന്റെ വണ്ണംകുറയ്ക്കൽ യാത്ര ആരംഭിച്ചതെന്ന് അദ്നാൻ സാമി പറയുന്നു. അന്ന് 230 കിലോയായിരുന്നു തന്റെ ഭാരം. അച്ഛനൊപ്പം ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഇതേ ജീവിതരീതി പിന്തുടർന്നാൽ ആറുമാസത്തിനുള്ളിൽ ഹോട്ടൽമുറിയിൽ മരിച്ചുവീണാലും അത്ഭുതപ്പെടില്ല എന്ന് ഡോക്ടർ പറഞ്ഞത്. അന്ന് തനിക്ക് വണ്ണം കുറയ്ക്കാൻ താൽപര്യം ഇല്ലായിരുന്നെങ്കിലും അച്ഛൻ വളരെ വൈകാരികമായി തന്നോട് അഭ്യർഥിക്കുകയായിരുന്നു.

‘’ഒരച്ഛനും മകനെ അടക്കം ചെയ്യുന്ന അവസ്ഥയുണ്ടാകരുത്. എന്നെ അടക്കേണ്ടത് നീയാണ്. എന്നെക്കൊണ്ട് നിന്നെ അടക്കം ചെയ്യാനുള്ള അവസ്ഥയുണ്ടാക്കരുത്. മറ്റെന്തും എന്നോടു ചോദിച്ചോളൂ’’- എന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് അദ്നാൻ സാമി ഓർക്കുന്നു.

അതു തന്നെ വല്ലാതെ സ്പർശിക്കുകയും അന്നുമുതൽ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയുമായിരുന്നു. വണ്ണംകുറയ്ക്കാനുള്ള ഡയറ്റിങ് ആരംഭിക്കുന്നതിനു മുമ്പ് സ്റ്റീക്കും ചീസ്കേക്കും ഉൾപ്പെടെ ധാരാളം ഭക്ഷണം കഴിച്ചു. ബ്രെഡ്, ചോറ്, പഞ്ചസാര, എണ്ണ, മദ്യം തുടങ്ങിയവ പാടെ ഒഴിവാക്കി ഹൈ പ്രോട്ടീൻ ഡയറ്റാണ് ആരംഭിച്ചത്. ചെറിയ തോതിൽ നടന്നായിരുന്നു തുടക്കം. പിന്നാലെ വ്യായാമങ്ങളും ആരംഭിച്ചു. രണ്ടുവർഷമെടുത്താണ് 130 കിലോ കുറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വണ്ണം കുറയ്ക്കൽ പ്രക്രിയയിലേക്ക് തിരിഞ്ഞ സമയത്ത് പലർക്കും തനിക്ക് അത് പൂർത്തീകരിക്കാൻ കഴിയുമോ എന്ന് സംശയമായിരുന്നുവെന്നും അദ്നാൻ സാമി നേരത്തേ പറഞ്ഞിട്ടുണ്ട്. തനിക്കതിന് കഴിയില്ലെന്നു തന്നെ പലരും ചിന്തിച്ചു. അവരെ കുറ്റപ്പെടുത്താനുമില്ല. കാരണം അതൊരു കഠിനമായ ജോലിയായിരുന്നു. തനിക്ക് പോലും പലപ്പോഴും അസാധ്യമെന്നു തോന്നിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറിയ ചുവടുകൾ വച്ചാണ് താൻ തുടങ്ങിയത്. ഇത്രത്തോളം വണ്ണം കുറയ്ക്കാൻ കഴിയുമെന്ന് ചിന്തിച്ചതേയില്ല. അനവധി ഡയറ്റുകൾ താൻ പരീക്ഷിച്ചിരുന്നെങ്കിലും ജീവിതരീതിയിൽ പാടേ വരുത്തിയ മാറ്റമാണ് ഈ യാത്ര എളുപ്പമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കാം ഇവ

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.