രീരഭാരം കുറച്ച് ഫിറ്റ്‌നെസ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അതിനായുള്ള പ്രക്രിയയിലെ പ്രധാപ്പെട്ട ഭാഗമാണ് ഷുഗര്‍ കട്ട് അഥവാ പഞ്ചസാരയെ ഭക്ഷണത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നത് എന്നാണ് പൊതുവേയുള്ള ധാരണ. ഇതിന് കഴിയില്ലെന്ന ചിന്തകൊണ്ട് മാത്രം തങ്ങള്‍ക്ക് ഫിറ്റ്‌നെസ് നേടാന്‍ കഴിയില്ലെന്ന് കരുതുന്നവര്‍ നിരവധിയാണ്. എന്നാല്‍ അങ്ങനെയുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തമന്ന ഉള്‍പ്പെടെയുള്ളവരുടെ ഫിറ്റ്‌ന‌സ് പരിശീലകനായ സിദ്ധാര്‍ഥ സിങ്.

To advertise here,

പഞ്ചസാര ഡയറ്റില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുന്നത് ഫിറ്റ്‌നസ് ലക്ഷ്യം നേടാനുള്ള കാര്യക്ഷമമായ മാര്‍ഗമായേക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ദിവസവും ഭക്ഷണത്തില്‍ അല്‍പ്പം പഞ്ചസാരയും ഉള്‍പ്പെടുത്തണം. ഇതിനായി മൂന്ന് കാരണങ്ങളാണ് സിദ്ധാര്‍ഥ സിങ് വിശദീകരിക്കുന്നത്. നിര്‍ബന്ധപൂര്‍വം പഞ്ചസാര ഒഴിവാക്കുന്നത് അതിനോടുള്ള കൊതി കൂടാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

Also Read: ശരീരഭാരം കുറയ്ക്കാം, ലളിതമായ ഈ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ മതി; തമന്നയുടെ ഫിറ്റ്‌നസ് പരിശീലകന്‍ പറയുന്നു

ഭക്ഷണത്തിലെ സ്ഥിരതയാണ് അദ്ദേഹം പറയുന്ന ഒന്നാമത്തെ കാരണം. നിയന്ത്രിതമായ അളവില്‍ പഞ്ചസാര ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഡയറ്റ് പ്ലാനിന് സ്ഥിരത നല്‍കുമെന്ന് സിദ്ധാര്‍ഥ പറയുന്നു. നിര്‍ബന്ധപൂര്‍വം സ്വയം നിയന്ത്രിക്കുകയും പിന്നീട് അമിതമായി കഴിക്കുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യായാമത്തിന് ശേഷം പഞ്ചസാര പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രോട്ടീനിനൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഗ്ലൈക്കോജന്‍ ശേഖരം സമ്പന്നമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്നതാണ് രണ്ടാമതായി സിദ്ധാര്‍ഥ പറയുന്ന കാരണം. ഇത് ഭാരം കുറയ്ക്കലിനേയും ഫിറ്റ്‌നസിനായുള്ള മൊത്തം പ്രക്രിയയേയും ഉത്തേജിപ്പിക്കും. 'വ്യായാമത്തിന് ശേഷമുള്ള പ്രോട്ടീന്‍ ഷേക്കിനൊപ്പം നിങ്ങള്‍ ഒരു വാഴപ്പഴം കൂടെ കഴിക്കുന്നത് മികച്ചൊരു ആശയമാണ്' എന്ന് സിദ്ധാര്‍ഥ പറയുന്നു.

Don’t Miss: വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാം; രാവിലെ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ പങ്കുവെച്ച് വിദഗ്ധന്‍

ആരോഗ്യകരമായ ഭക്ഷണശീലം സുസ്ഥിരമായി നിലനിര്‍ത്താല്‍ ദിവസവും ഭക്ഷണത്തില്‍ അല്‍പ്പം പഞ്ചസാര അത്യാവശ്യമാണെന്നാണ് മൂന്നാമതായി സിദ്ധാര്‍ഥ പറയുന്നത്. ഇത് കാരണമാണ് താന്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ അല്‍പ്പം പഞ്ചസാരയും ഉള്‍പ്പെടുത്തുന്നത്. കൊട്ടിഘോഷിച്ച് തുടങ്ങുന്ന ഡയറ്റുകള്‍ പലതും പൊളിഞ്ഞുപോകാന്‍ കാരണം അവ 'പെര്‍ഫെക്ഷന്‍' തേടുന്നത് കൊണ്ടാണ്. നിയന്ത്രിതമായ അളവില്‍ പഞ്ചസാര ദിവസേനയുള്ള ഭക്ഷണത്തിലുണ്ടെങ്കില്‍ അത് ഫിറ്റ്‌നെസ് യാത്രയെ തടസപ്പെടുത്താതെ തന്നെ ജീവിതം ആസ്വദിക്കാനുള്ള അനുവാദം നിങ്ങളുടെ തലച്ചോറിന് നല്‍കുന്നുവെന്നും സിദ്ധാര്‍ഥ സിങ് പറയുന്നു.

ശ്രദ്ധിക്കുക: ആഹാരശീലങ്ങളില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ന്യൂട്രീഷ്യനിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്‌