രീരഭാരം കുറച്ച് ഫിറ്റ്‌നസ് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണെങ്കിലും അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ജീവിതശൈലി നന്നായി അഴിച്ചുപണിയുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണത്. ചിട്ടയോടെ ഇക്കാര്യം പാലിക്കുകയാണെങ്കില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യമാണ് ഇത്.

To advertise here,

ആയാസരഹിതമായി ശരീരഭാരം കുറയ്ക്കാനുള്ള വഴികള്‍ പങ്കുവെക്കുകയാണ് സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറായ സിദ്ധാര്‍ഥ സിങ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നാ ഭാട്യ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ ഫിറ്റ്‌നസ് പരിശീലകനാണ് സിദ്ധാര്‍ഥ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

'ഒരിക്കല്‍ ശരീരഭാരം കുറച്ചശേഷം പിന്നേയും ഭാരം കൂടിയിട്ടുണ്ടോ? ആരോഗ്യകരമായ ശീലങ്ങള്‍ കെട്ടിപ്പടുക്കാനായി നിങ്ങള്‍ പരിശ്രമിക്കാത്തതിനാലാണ് അത്. ശീലങ്ങള്‍ കെട്ടിപ്പടുക്കാനായി സമയം കണ്ടെത്തൂ. എങ്കില്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പാര്‍ക്കില്‍ നടക്കുന്നത് പോലെയൊരു കാര്യമാകും.' -സിദ്ധാര്‍ഥ സിങ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം കുറിച്ചു. 90 ദിവസങ്ങള്‍ കൊണ്ട് അഞ്ച് മുതല്‍ പത്ത് കിലോ വരെ ശരീരഭാരം കുറയ്ക്കാനുള്ള മൂന്ന് ലളിതമായ ശീലങ്ങളാണ് അദ്ദേഹം വീഡിയോയില്‍ പങ്കുവെച്ചത്.

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളിലും പ്രോട്ടീനുണ്ടെന്ന് ഉറപ്പാക്കണം. അത് നിങ്ങളെ വിശക്കാതെ ദീര്‍ഘനേരം തുടരാന്‍ സഹായിക്കും. പ്രോട്ടീന്‍ പേശികളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല, ഭക്ഷണത്തോടുള്ള കൊതി നിയന്ത്രിക്കാനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം ഇതുവഴി നിങ്ങള്‍ക്ക് പിന്തുടരാമെന്ന് സിദ്ധാര്‍ഥ സിങ് പറയുന്നു.

ധാരാളമായി വെള്ളം കുടിക്കണമെന്നതാണ് അദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാര്യം. വിശക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്ന 90 ശതമാനം സമയങ്ങളിലും യഥാര്‍ഥത്തില്‍ നിങ്ങള്‍ക്ക് ദാഹിക്കുകയാണ് എന്നതാണ് വസ്തുത. അതിനാല്‍ എപ്പോഴെല്ലാം നിങ്ങള്‍ക്ക് വിശപ്പ് തോന്നുന്നുവോ അപ്പോഴെല്ലാം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അപ്പോള്‍ 90 ശതമാനം സമയത്തും എന്തെങ്കിലും കഴിക്കണം എന്ന് നിങ്ങള്‍ക്ക് തോന്നില്ല. വെള്ളം കുടിക്കുന്നതിലൂടെ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ മാത്രമല്ല, ഉപാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യായാമമാണ് അടുത്തതായി സിദ്ധാര്‍ഥ സിങ് പറഞ്ഞ കാര്യം. വ്യായാമം ചെയ്താലേ നിങ്ങളുടെ ശരീരം കരുത്തുറ്റതാകൂ. ഓരോ ദിവസവും കണ്ണാടി നോക്കുമ്പോള്‍ നിങ്ങള്‍ 'ദൈവമേ, എന്നെ കാണാന്‍ അടിപൊളിയായിട്ടുണ്ടല്ലോ' എന്ന് പറയും. നിങ്ങളുടെ വസ്ത്രങ്ങള്‍ കൂടുതല്‍ ഫിറ്റാകും. ഓഫീസിലാണെങ്കില്‍ പോലും ദിവസം മുഴുവന്‍ സോഫയിലിരിക്കുന്ന 'ഉരുളക്കിഴങ്ങാ'കരുത് എന്നും സിദ്ധാര്‍ഥ സിങ് ഉപദേശിക്കുന്നു.

'ഉയര്‍ന്ന അളവില്‍ പ്രോട്ടീനുള്ള ഭക്ഷണക്രമം ശീലിക്കൂ. ആരും നിങ്ങളെ ഗൗരവത്തിലെടുക്കില്ല. അതുകൊണ്ട് എഴുന്നേറ്റ് വ്യായാമം ചെയ്യൂ. പ്രോട്ടീന്‍, വെള്ളം, വ്യായാമം. നിങ്ങളുടെ ജീവിതം മാറിമറിയും.' -ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സിദ്ധാര്‍ഥ സിങ് വീഡിയോ അവസാനിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ന്യൂട്രീഷ്യനിസ്റ്റിന്റെ ഉപദേശം തേടുക. വ്യായാമം വിദഗ്ധ പരിശീലകന് കീഴില്‍ മാത്രം ചെയ്യുക)