ബംഗാളി മധുരപലഹാരങ്ങളിൽ വളരെ പ്രശസ്തമായ ഒന്നാണ് രസ് മലായ്. കട്ടിയുള്ള പാലിൽ തയ്യാറാക്കുന്ന ഈ പലഹാരം മുതിർന്നവർക്കും കുട്ടികൾക്കും ഏറെ പ്രിയങ്കരമാണ്. നാവിൽ അലിഞ്ഞുചേരുന്ന രുചിയാണ് ഇതിനെ ഇത്ര പ്രിയങ്കരമാക്കുന്നത്.

To advertise here,

പതിനേഴാംനൂറ്റാണ്ടിൽ ബംഗാളിലാണ് രസ് മലായ് ആദ്യം ഉണ്ടാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ജന്മാഷ്ടമി ആഘോഷവേളയിൽ ആചാരപരമായി വിളമ്പിയിരുന്ന മധുരപലഹാരമായിരുന്നു ഇത്.

ആവശ്യമായ സാധനങ്ങൾ:
പാൽ (മലായ് പാറ്റി ഉണ്ടാക്കാൻ) - ഒരുലിറ്റർ

നാരങ്ങനീര്- രണ്ട് ടേബിൾ സ്പൂൺ

പഞ്ചസാര- ഒന്നര കപ്പ്

വെള്ളം -നാല് കപ്പ്

കോൺഫ്ളോർ- ഒരു ടീസ്പൂൺ

റബ്രി എന്നറിയപ്പെടുന്ന പാനീയം തയ്യാറാക്കാൻ:
പാൽ - ഒരുലിറ്റർ

പഞ്ചസാര- മൂന്ന് ടേബിൾ സ്പൂൺ

കുങ്കുമപ്പൂവ് - ഒരു നുള്ള്

ഏലയ്ക്കാപ്പൊടി- കാൽ ടീസ്പൂൺ

പിസ്ത, ബദാം (ചെറിയ കഷണങ്ങളാക്കിയത്) - മൂന്ന് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
പനീർ പാറ്റിയുണ്ടാക്കാനുള്ള പാൽ തിളപ്പിച്ച് അതിലേക്ക് നാരങ്ങനീര് ഒഴിക്കണം. പാൽ പിരിഞ്ഞുവരും. ഇത് പതിയെ ഇളക്കി മുഴുവനായും പിരിച്ചെടുക്കണം. ഈ മിശ്രിതം ഒരു വൃത്തിയുള്ള തുണിയിലേക്ക് ഒഴിച്ച് അരിച്ചെടുക്കാം.

ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നാരങ്ങയുടെ രുചി നീക്കംചെയ്യാം. വെള്ളം പോകാനായി തുണിയിൽ അരിച്ചെടുക്കാം. ശേഷം, ഇത് തുണിയിൽനിന്ന് പുറത്തെടുത്ത് കോൺ ഫ്ളോറും ചേർത്ത് ചെറിയ ബോളുകളാക്കിയശേഷം പാറ്റിയുടെ രൂപത്തിൽ പരത്തിയെടുക്കണം.

റബ്രിക്കായി, പാൽ തിളപ്പിച്ച് ഇതിലേക്ക് പഞ്ചസാര, കുങ്കുമപ്പൂവ്, പിസ്ത, ബദാം എന്നിവ ചേർക്കണം. പാൽ തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചെടുക്കണം.

ഒരുകപ്പ് പഞ്ചസാര രണ്ടര കപ്പ് വെള്ളത്തിൽ പാനിയാക്കി രണ്ട് ഏലക്കയും ചേർത്തുവയ്ക്കണം. ഇതിലേക്ക് പനീർ പാറ്റി ഇട്ട് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കണം. ശേഷം, അടുപ്പത്തുനിന്ന് മാറ്റി 15 മിനിറ്റ് അടച്ചുവയ്ക്കാം.

ചൂട് കുറയുമ്പോൾ പാറ്റിയെടുത്ത് അതിലധികമുള്ള വെള്ളം അമർത്തി കളയണം. ഇവ ഒരു പാത്രത്തിൽ നിരത്തിയശേഷം റബ്രി (കുറുക്കിയെടുത്ത പാൽ) ഒഴിച്ച് ഫ്രിഡ്ജിൽ നാലുമണിക്കൂർ തണുക്കാൻ വയ്ക്കുക. രുചിയോടെ വിളമ്പാം.