ന്യൂഡൽഹി: രാജ്യത്ത് ഉത്സവകാലത്തിന് തുടക്കമായതോടെ പഞ്ചസാര വില കുതിച്ചുയരുകയാണ്. ജൂലൈ 20-ന് കിലോഗ്രാമിന് 48.18 രൂപ ആയിരുന്ന പഞ്ചസാരയുടെ ശരാശരി ചില്ലറവിൽപ്പന വില ഓഗസ്റ്റ് 20 ആയപ്പോഴേക്കും 55.70 രൂപ ആയി കുതിച്ചുർന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇത് 65 രൂപയ്ക്ക് മുകളിലാണ്. പഞ്ചസാരയുടെ ഉപഭോഗം കുത്തനെ കൂടുന്ന ഉത്സവസീസൺ കാലത്ത് ഈ വിലക്കയറ്റം സാധാരണക്കാർക്ക് തിരിച്ചടിയാകുകയാണ്.

To advertise here,

ഇതിനിടെ, പഞ്ചസാര വിലക്കറ്റം രാഷ്ട്രീയ ഏറ്റമുട്ടലുകൾക്കും വഴിതുറന്നിട്ടുണ്ട്. ഇ-20 പെട്രോളിനായി കരിമ്പ് വൻതോതിൽ എഥനോൾ ഉൽപ്പാദനത്തിലേക്ക് തിരിച്ചുവിടുന്നത് പഞ്ചസാരയുടെ ആഭ്യന്തര ക്ഷാമത്തിന് കാരണമായെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ, ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും വിളനാശം മൂലം ഉത്പാദനം കുറഞ്ഞതും ഉത്സവകാലത്തെ വർധിച്ച ആവശ്യവും ആഗോളവിപണിയിലെ പ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കേന്ദ്രസർക്കാരും പറയുന്നു.

കാരണം എഥനോൾ ഉദ്പാദനമോ?

കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച ഇ-20 പെട്രോളിനായി എഥനോൾ ഉദ്പാദിപ്പിക്കാൻ വൻതോതിൽ കരിമ്പ് ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിക്കുന്നു. എണ്ണ ഇറക്കുമതി കുറയ്ക്കാൻ എഥനോൾ ഉപയോഗിക്കുന്നതിലൂടെ ലാഭിക്കുന്ന വിദേശനാണ്യം ഒടുവിൽ പഞ്ചസാര ഇറക്കുമതി ചെയ്യാനായി വിദേശ രാജ്യങ്ങൾക്ക് നൽകേണ്ടിവരുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചിരുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഈ വിലക്കയറ്റത്തിന് കാരണമെന്ന് ബിഹാറിലെ ആർജെഡി വക്താവ് ഇജാസ് അഹമ്മദും വിമർശിച്ചു.

എന്നാൽ, ഈ ആരോപണങ്ങൾ കേന്ദ്രസർക്കാർ തള്ളി. കരിമ്പിൽനിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ പങ്ക് മുൻവർഷങ്ങളിലെ 12 ശതമാനത്തിൽനിന്ന് ഒൻപത് ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും രാജ്യത്തെ എഥനോളിൻ്റെ മുക്കാൽ ഭാഗവും നിർമിക്കുന്നത് ചോളമുൾപ്പെടെയുള്ള ധാന്യങ്ങളിൽനിന്നാണെന്നമാണ് സർക്കാർ പറയുന്നത്. എഥനോൾ സംഭരണത്തിന്റെ 18.21 ശതമാനം മാത്രമാണ് കരിമ്പിൽനിന്ന് ശേഖരിക്കുന്നതെന്നും ബാക്കി 81.79 ശതമാനവും ചോളം(35.53 ശതമാനം), എഫ്‌സിഐയുടെ അരി (25.55 ശതമാനം) എന്നിവയിൽനിന്നാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ വിശദീകരിക്കുന്നു.

ആഭ്യന്തര ഉത്പാദനം കുറഞ്ഞെന്ന് സർക്കാർ

പഞ്ചസാര വിലവർധനവിന് മറ്റുചില കാരണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ സീസണിൽ രാജ്യത്തെ പഞ്ചസാര ഉത്പാദനത്തിൽ ഉണ്ടായ കനത്ത ഇടിവാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സർക്കാർ പറയുന്നു. 343 ലക്ഷം ടൺ പഞ്ചസാര ഉത്പാദനം പ്രതീക്ഷിച്ചിരുന്ന സംസ്ഥാനങ്ങൾ നിലവിൽ 306 ലക്ഷം ടൺ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രാഥമിക കണക്കുകൂട്ടലുകളെക്കാൾ ഏകദേശം 11 ശതമാനത്തോളം കുറവാണിത്. കരിമ്പ് കൃഷിയെ സാരമായി ബാധിച്ച രോഗങ്ങളും കീടബാധകളുമാണ് ഈ ഉത്പാദനക്കുറവിലേക്ക് നയിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളാണ് കരിമ്പ് കൃഷിയെ ബാധിച്ചത്. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ഉണ്ടായ അമിത മഴയും കനത്ത വെള്ളപ്പൊക്കവും കൃഷി നശിപ്പിച്ചു. ദീർഘനാൾ കൃഷിയിടങ്ങളിൽ വെള്ളം കെട്ടിക്കിടന്നത് കരിമ്പിന്റെ സ്വാഭാവിക വളർച്ചയെയും അതിലെ സുക്രോസിന്റെ (പഞ്ചസാരയുടെ അളവ്) ശേഖരണത്തെയും പ്രതികൂലമായി ബാധിക്കുകയുണ്ടായി. കൂടാതെ ഉത്തർപ്രദേശിലെ പ്രധാന കരിമ്പ് കൃഷിയെ 'റെഡ് റോട്ട്' എന്ന ചീയൽ രോഗവും കീടബാധയും ബാധിച്ചത് വിളനാശത്തിന് കാരണമായതായും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഉത്സവകാലത്തെ വർധിച്ച ആവശ്യം

ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലെയും ഉത്സവകാലമാണ്. ഓണം, വിനായക ചതുർഥി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷ സമയങ്ങളിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്നതിനായി പഞ്ചസാരയുടെ ആവശ്യം വിപണിയിൽ വർധിക്കാറുണ്ട്. ബിസ്‌കറ്റ് നിർമാതാക്കളും ബേക്കറികളും മറ്റ് വ്യാവസായിക ഉപഭോക്താക്കളും ഉത്സവകാലം മുന്നിൽക്കണ്ട് പഞ്ചസാര വൻതോതിൽ വാങ്ങി സൂക്ഷിക്കുന്നത് വിപണിയിലെ ഉപഭോഗ സമ്മർദം കൂടാനും വില വീണ്ടും ഉയരാനും കാരണമാകാറുണ്ട്.

ആഗോള വിപണിയിലെ പ്രതിസന്ധി

പഞ്ചസാരയുടെ ലഭ്യതക്കുറവ് ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും വലിയൊരു പ്രതിസന്ധിയായിട്ടുണ്ട്. ആഗോള വിപണിയിൽ 2026-27 വർഷത്തിൽ ഏകദേശം 33 ലക്ഷം ടൺ പഞ്ചസാരയുടെ ദൗർലഭ്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ പഞ്ചസാരയുടെ വില രണ്ടുമാസത്തിനിടയിൽ 16 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്. ജൂൺ 30-ന് ടണ്ണിന് 474 ഡോളറായിരുന്നത് ഓഗസ്റ്റ് 20 ആയപ്പോഴേക്കും 552 ഡോളറായി ഉയർന്നത് ആഭ്യന്തര വിപണിയിലെ വിലയെയും ബാധിച്ചു.

വിപണിയിലെ പൂഴ്ത്തിവെപ്പും ഊഹക്കച്ചവടങ്ങളും

ചില പഞ്ചസാര മില്ലുകളും വ്യാപാരികളും നടത്തിയ പൂഴ്ത്തിവെപ്പും ഊഹക്കച്ചവടങ്ങളും കൃത്രിമ ആഭ്യന്തര ക്ഷാമം സൃഷ്ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. കനത്ത കടബാധ്യതയുള്ള ചില മില്ലുകൾ തങ്ങളുടെ യഥാർഥ സ്റ്റോക്കിനേക്കാൾ കൂടുതൽ മുൻകൂട്ടി വിറ്റഴിച്ചതും വിപണിയിൽ പ്രതിസന്ധിക്ക് കാരണമായി. ഇത്തരത്തിൽ പൂഴ്ത്തിവെപ്പിലൂടെ ലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ കണ്ടെത്താൻ മില്ലുകളിൽ നേരിട്ടുള്ള ഫിസിക്കൽ സ്റ്റോക്ക് വെരിഫിക്കേഷൻ സർക്കാർ ശക്തമാക്കിയിട്ടുണ്ട്.

കാലാവസ്ഥാ പ്രവചനങ്ങളിലെ പാളിച്ച

എൽ നിനോ പ്രതിഭാസം ശക്തമായതിനെത്തുടർന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിൻ്റെ കാലവർഷ പ്രവചനം അനുസരിച്ച്, രാജ്യത്ത് 70 ശതമാനം വരൾച്ചാ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് 90 ശതമാനം വരൾച്ചാ ഭീഷണിയാണ് രാജ്യത്ത് പ്രവചിച്ചിരുന്നത്. ഈ കാലാവസ്ഥാ പ്രവചനങ്ങളിലെ വ്യതിയാനങ്ങൾ ഭാവിയിൽ പഞ്ചസാര ഉത്പാദനം ഇനിയും കുറയുമെന്ന ആശങ്ക പരത്തുകയും ഇത് വിപണിയിൽ കൂടുതൽ മുൻകൂർ വാങ്ങലുകൾക്കും ഊഹക്കച്ചവടങ്ങൾക്കും വഴിവെക്കുകയും ചെയ്തു.

സർക്കാർ നടപടികൾ

ആഭ്യന്തര വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി പത്ത് ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര നികുതിരഹിതമായി ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതോടൊപ്പം പൂഴ്ത്തിവെപ്പ് തടയാനായി വിതരണക്കാർക്കും ബൾക്ക് ഉപഭോക്താക്കൾക്കും സ്റ്റോക്ക് പരിധിയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.