രീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്കവരും കഠിനമായ ഡയറ്റും ജിം വർക്കൗട്ടുകളുമാണ് പിന്തുടരാറുള്ളത്. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്ക് ക്ഷീണവും വേദനയും കൊണ്ട് ഇത് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യും. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ഭാരം കുറച്ച അനുഭവം പങ്കുവെയ്ക്കുകയാണ് ഫിറ്റ്‌നസ് ഇൻഫുളവൻസറായ അഞ്ജലി സച്ചൻ.

To advertise here,

അഞ്ച് മാസത്തിനുള്ളിൽ 30 കിലോയാണ് കുറച്ചതെന്ന് അഞ്ജലി അവകാശപ്പെടുന്നു. 84 കിലോ ഭാരമുണ്ടായിരുന്ന താൻ ഇപ്പോൾ 54 കിലോയിലെത്തിയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു. കഠിനധ്വാനത്തേക്കാൾ സ്ഥിരതയ്ക്കാണ് താൻ പ്രാധാന്യം നൽകിയതെന്ന് അഞ്ജലി വ്യക്തമാക്കുന്നു. പെട്ടെന്നുള്ള മാറ്റത്തിനുവേണ്ടി കഠിനമായ വർക്കൗട്ടുകൾക്ക് പകരം ശരീരത്തിന് മാറ്റവുമായി പൊരുത്തപ്പെടാൻ ആവശ്യമായ സാവകാശം നൽകിയെന്നും അവർ പറയുന്നു.

കാർഡിയോ മാത്രം ചെയ്താൽ ഭാരം കുറയുമെന്ന് പറയുന്നത് തെറ്റാണെന്ന് അഞ്ജലി പറയുന്നു. കാലറി കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ശരീരഭാരം കുറയ്ക്കുന്നതിന്റെ അടിസ്ഥാനമെന്നും കാർഡിയോ ചെയ്യുന്നത് കൂടുതൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. ഇതിന്റെ കൂടെ കൃത്യമായ വ്യായാമം, ഭക്ഷണക്രമം, വിശ്രമം, ഉറക്കം എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ മീഡിയയിൽ പറയുന്നതുപോലെ ആദ്യ ദിവസം തന്നെ 10000 ചുവടുകൾ നടക്കുക എന്നത് അധികഭാരമുള്ള ഒരാളെ സംബന്ധിച്ച് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. തുടക്കത്തിൽ ചെറിയ ചുവടുകൾ വെയ്ക്കുന്നതാണ് ഏറ്റവും നല്ലത്. താൻ തുടക്കത്തിൽ 4000 ചുവടുകൾ മാത്രമാണ് നടന്നതെന്നും അഞ്ജലി പറയുന്നു. കാൽമുട്ട് വേദന, അമിതമായ ക്ഷീണം എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കും. വർക്കൗട്ടുകൾ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.