നടൻ സൊഹൈൽ ഖാന്റെ പെട്ടെന്നുള്ള ശരീരഭാരം കുറയൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നായിരുന്നു ചിലരുടെ ആശങ്ക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ജിഎൽപി-1 വിഭാഗത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചതാണോ എന്ന സംശയവും ചിലർ ഉന്നയിച്ചു. എന്നാൽ തന്റെ ശരീരഭാരം കുറഞ്ഞതിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഭക്ഷ്യവിഷബാധയെത്തുടർന്നാണ് ശരീരഭാരം കുറഞ്ഞതെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ചികിത്സയും ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങളും പാലിക്കേണ്ടിവന്നെന്നും സൊഹൈൽ വ്യക്തമാക്കി.
യൂട്യൂബിൽ സംപ്രേഷണം ചെയ്ത സെനോഫർ ഫാത്തിമയുടെ റിയൽ ടോക്ക് വിത്ത് സെന എന്ന അഭിമുഖത്തിലാണ് സൊഹൈൽ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയായ അലയൻസ് ചിത്രീകരണത്തിനിടെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും തുടർന്നുള്ള ചികിത്സയും ശരീരഭാരം കുറയാൻ കാരണമായെന്ന് താരം പറഞ്ഞു. ശരീരഭാരം കുറഞ്ഞത് വലിയ വാർത്തയായതിൽ തനിക്ക് അദ്ഭുതമുണ്ടെന്നും താരം പ്രതികരിച്ചു.
'ഞാൻ ആ വീട്ടിൽ താമസിച്ചിരുന്ന സമയത്ത് ഭക്ഷ്യവിഷബാധയുണ്ടായി. മരുന്നുകൾ കഴിക്കേണ്ടിവന്നു. ശരീരത്തിലെ ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ചികിത്സയുടെ ഭാഗമായി ഭാരം കുറയ്ക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എന്റെ സ്വാഭാവിക ശരീരഭാരം 83 മുതൽ 85 കിലോവരെയാണ്. എന്നാൽ ഭാരം നോക്കിയപ്പോൾ 78 കിലോ ആയിരുന്നു. അങ്ങനെ ഏകദേശം 5 മുതൽ 7 കിലോ വരെ കുറഞ്ഞുവെന്ന് മനസ്സിലായി', സൊഹൈൽ പറഞ്ഞു.
'പകുതി അറിവ് പലപ്പോഴും കൂടുതൽ അപകടകരമാണ്'
അലയൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥികൾക്ക് പുറംലോകവുമായുള്ള ആശയവിനിമയത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. അതിനാൽ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലവിധ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആശങ്കയിലാക്കിയെന്നും താരം പറഞ്ഞു: 'എനിക്ക് സുഖമില്ലായിരുന്നു എന്നത് മാത്രമാണ് സത്യം. പകുതി അറിവ് ചിലപ്പോൾ അറിവില്ലായ്മയെക്കാൾ അപകടകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടിലെ സൗകര്യങ്ങൾക്കിടയിലായിരുന്നെങ്കിൽ ഇത്ര വേഗത്തിൽ സുഖം പ്രാപിക്കുമായിരുന്നോ എന്ന് അറിയില്ല. എന്നാൽ ആ വീട്ടിൽ തുടരാനും അലയൻസിന്റെ ഭാഗമാകാനും അവിടെയുള്ള ഗെയിമുകളിലും മത്സരങ്ങളിലും പങ്കെടുക്കാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒപ്പം 16 പുതിയ സുഹൃത്തുക്കളെ ലഭിച്ചതും സന്തോഷം നൽകി', സൊഹൈൽ വ്യക്തമാക്കി.
'ഓസെംപിക്കോ ഫാറ്റ് ബേണറുകളോ ഉപയോഗിച്ചിട്ടില്ല'
നേരത്തെ എച്ച്ടി സിറ്റിക്ക് നൽകിയ മറ്റൊരു അഭിമുഖത്തിലും ശരീരഭാരം കുറഞ്ഞതിനെക്കുറിച്ച് സൊഹൈൽ പ്രതികരിച്ചിരുന്നു. അസുഖത്തെത്തുടർന്ന് ഭക്ഷണകാര്യത്തിൽ കൂടുതൽ നിയന്ത്രണം പാലിക്കേണ്ടിവന്നുവെന്നാണ് താരം പറഞ്ഞത്: 'അവസാന ദിവസംവരെ ആ വെല്ലുവിളികളുടെ ഭാഗമാകാനും അവിടെ ലഭിച്ച പുതിയ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം തുടരാനും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഭക്ഷണകാര്യത്തിൽ നിയന്ത്രണം വരുത്തിയത്. ഓസെംപിക്കോ കൊഴുപ്പ് കുറയ്ക്കാനുള്ള മരുന്നുകളോ ഞാൻ ഉപയോഗിച്ചിട്ടില്ല. എല്ലാവരിൽനിന്നും ലഭിക്കുന്ന ശുദ്ധമായ സ്‌നേഹവും വാത്സല്യവും മാത്രമാണ് ഞാൻ സ്വീകരിക്കുന്നത്', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ശരീരഭാരം കുറഞ്ഞതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് ഇതോടെ മറുപടി നൽകിയിരിക്കുകയാണ് സൊഹൈൽ ഖാൻ.
Content Highlights: Sohail Khan denied using Ozempic or fat burners for his weight loss., The actor revealed that food poisoning and subsequent medical treatment caused the sudden drop., He addressed social media rumors and health concerns during a reality show appearance.
Published: 14 Nov 2026, 07:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented