കോട്ടയം: അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ വെറുമൊരു ചികിത്സ എന്നതിലുപരി, അവയവസ്തംഭനം മൂലം നിരന്തരം ആശുപത്രിവാസത്തിനായി ബുദ്ധിമുട്ടുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ഉയർന്ന ജീവിതനിലവാരം തിരിച്ചുനൽകുന്ന ജീവരക്ഷാ പദ്ധതിയെന്ന് മാതൃഭൂമി 'ഇവോൾവ് ഹെൽത്ത്' മെഡിക്കൽ കോൺക്ലേവ് വിലയിരുത്തി. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനത്തോടൊപ്പം മസ്തിഷ്‌ക മരണത്തിന് ശേഷമുള്ള അവയവദാനവും അത്യന്തം പ്രധാനമാണെന്ന് 'ഓർഗൻ ട്രാൻസ് പ്ലാൻറ്റേഷൻ ഫ്രം ഡോണേഷൻ ടു ലൈഫ് സേവിംഗ് കെയർ' എന്ന പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കോട്ടയം ഗവ. മെഡിക്കൽ കോളേജ് പ്രൊ ഫസർ, മുൻ ഹൃദേൃാഗ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാർ, കോട്ടയം ഗവ. മെഡിക്കൽ കോളേജ് വൃക്കരോഗ വിഭാഗം അസിസ്റ്റന്റ പ്രൊഫസർ ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ, സീനിയർ കൺസൾട്ടന്റ്, വൃക്കരോഗ വിഭാഗം മേധാവി, മാർ സ്ലീവാ മെഡിസിറ്റി പാലാ, ഡോ. മഞ്ജുള
രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മാതൃഭൂമി ന്യൂസിലെ ചീഫ്
പ്രൊഡ്യൂസർ ഓഫ് പ്രോഗ്രാംസ് മഞ്ജുഷ ജോർജ്ജ് മോഡറേറ്ററായി.
ഡോ. ടി.കെ.ജയകുമാർ
(കോട്ടയം ഗവ. മെഡിക്കൽ കോളേജ് പ്രൊഫസർ, കാർഡിയോ തൊറാസിക് ആൻഡ് വാസ്‌കുലാർ സർജറി വിഭാഗം മുൻ മേധാവി)
ഹൃദയസംബന്ധമായ അസുഖങ്ങളോ മറ്റ് അവയവസ്തംഭനമോ ഉള്ള രോഗികൾക്ക് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഏറ്റവും മികച്ച ചികിത്സ. മറ്റ് പല ശസ്ത്രക്രിയകളുമായി താരതമ്യം ചെയ്യുമ്പോൾ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ താരതമ്യേന എളുപ്പമുള്ളതാണ്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികളുടെ ആദ്യ വർഷത്തെ അതിജീവന നിരക്ക് 90 ശതമാനത്തിലധികമാണ്. അന്താരാഷ്ട്ര റിവ്യൂവിങ് ഗ്രൂപ്പുകളുടെ കണക്കുപ്രകാരം അഞ്ച് വർഷത്തെ അതിജീവന നിരക്ക് 80- 85 ശതമാനം വരെയും. ശസ്ത്രക്രിയയുടെ വിജയത്തിന് പ്രധാനം അവയവദാനവും 18 - 24 മണിക്കൂർ നീളുന്ന ശക്തമായ ഒരു ടീം വർക്കുമാണ്.
ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ
(നെഫ്രോളജി വിഭാഗം അസിസ്റ്റന്റ പ്രൊഫസർ,കോട്ടയം ഗവ. മെഡിക്കൽ കോളേജ്)
അവയവ മാറ്റിവെക്കൽ രംഗത്ത് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയൊരു അന്തരം നിലനിൽക്കുന്നുണ്ട്. 2012-2017 വരെയുള്ള കാലയളവിൽ കേരളത്തിൽ അവയവദാന രംഗത്ത് നല്ല പുരോഗതിയുണ്ടായിരുന്നെങ്കിലും, പിന്നീട് പ്രകടമായ ഇടിവ് ഉണ്ടായി. മസ്തിഷ്‌ക മരണത്തെക്കുറിച്ചും അവയവദാനത്തെക്കുറിച്ചുമുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ സംശയങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ് പോലുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തിയതോടെ കഴിഞ്ഞ മൂന്ന് വർഷത്തിൽ നേരിയ പുരോഗതിയുണ്ട്. കേരളത്തിലെ കഴിഞ്ഞ വർഷത്തെ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ഭൂരിഭാഗവും ജീവിച്ചിരിക്കുന്നവരിൽ നിന്നാണ്. മസ്തിഷ്‌ക മരണാനന്തര ദാനങ്ങൾ വളരെ കുറവാണ്. ചെറിയൊരു ശതമാനം മാത്രമേ മസ്തിഷ്‌ക മരണങ്ങളായി സ്ഥിരീകരിക്കപ്പെടുന്നുള്ളൂ.
ഡോ.മഞ്ജുള രാമചന്ദ്രൻ
(സീനിയർ കൺസൾട്ടന്റ്, വൃക്കരോഗ വിഭാഗം മേധാവി, മാർ സ്ലീവാ മെഡിസിറ്റി പാലാ)
മരണപ്പെട്ടവരുടെയോ, ജീവിച്ചിരിക്കുന്നവരുടെയോ, ഡി.സി.ഡി ദാതാക്കളുടെയോ അവയവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതും, അവയവ മാറ്റിവെക്കലുകളിൽ ജോഡിയാകാത്ത ഡോണേഴ്‌സിനായി സ്വാപ്പ് ഡൊണേഷൻ പോലുള്ള സംവിധാനങ്ങൾ കൂടുതൽ സജീവമാക്കേണ്ടതും അനിവാര്യമാണ്. അവയവ ലഭ്യതയിൽ പൊതു-സ്വകാര്യ മേഖലകൾ ഒരുപോലെ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ പ്രത്യേക സാഹചര്യമായ ക്രൗഡ് ഫണ്ടിംഗും സർക്കാർ പദ്ധതികളും സാധാരണക്കാർക്ക് വലിയ തുണയാണ്. പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സയും ദീർഘകാല ഫോളോ-അപ്പ് കെയറും ഉറപ്പാക്കാൻ സ്ഥാപനങ്ങളുടെ പിന്തുണയും അത്യന്താപേക്ഷിതമാണ്.
Content Highlights: Organ transplantation provides a higher quality of life for patients suffering from organ failure., Brain death organ donation needs more awareness to bridge the gap between demand and availability in Kerala., Heart transplant has a first-year survival rate of over 90 percent with proper team effort., Government schemes and crowd funding are crucial in supporting financially backward patients for transplants.
Published: 13 Nov 2026, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented